2009, ഡിസംബർ 9, ബുധനാഴ്‌ച

ഓര്‍മ്മത്തുരുത്തിലൂടെ........

പ്രഭാതത്തെ വര്‍ണങ്ങളില്‍ ചാലിച്ച് സൂര്യന്‍ അണയുമ്പോള്‍ ഞാന്‍
കൌതുകത്തോടെ നോക്കി
നില്‍ക്കുമായിരുന്നു . വികാരങ്ങള്‍ കൊണ്ട്
ഞാന്‍ നെയ്തെടുത്ത അവന്‍റെ രൂപം എന്‍റെ കൌമാരസ്വപ്നങ്ങളില്‍
തേജസ്സോടെ നിറഞ്ഞു നിന്നിരുന്നു. ഇളം ചൂടായും പിന്നെ തീഷ്ണത
ഏറിയും പിന്നെ
കുളിരായും അവന്‍ എന്നിലേയ്ക്ക്
ഒഴുകിയിറങ്ങിയിരുന്നു . വായനയിലൂടെ ഞാനറിഞ്ഞ , കുന്തീദേവി
ഒളിപ്പിച്ച രഹസ്യം എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവന്‍റെ
നോട്ടം എന്നില്‍ പതിയാതെ
ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി . പിന്നീട്
അതിലെ കഥയില്ലായ്മ തിരിച്ചറിഞ്ഞപ്പോള്‍ , പ്രകൃതിയില്‍ വര്‍ണ
വിസ്മയം ഒരുക്കുന്ന അവനെ പഴയതിനേക്കാള്‍ തീവ്രതയോടെ
പ്രണയിക്കാന്‍ തുടങ്ങി .


വൈകുന്നേരങ്ങളില്‍ പുസ്തകവുമെടുത്ത്‌ അതിനുള്ളില്‍ കഥയുടെ
കനിയും ഒളിപ്പിച്ച്
ഞാന്‍ പുഴക്കരയില്‍ പോയിരുന്നത് ,
നിറക്കൂട്ടുകളുമായി മറയാനൊരുങ്ങുന്ന ആ വട്ട മുഖത്തിന്‍റെ ഭംഗി
ആസ്വദിക്കാനായിരുന്നു , എനിക്ക് കൂട്ടായി , എന്‍റെ പ്രണയത്തിന്
സാക്ഷിയായി , ഒറ്റത്തടിയായി ഒരാള്‍
പുഴയിലേയ്ക്ക് ചാഞ്ഞ്,
മണലില്‍ തലയുടെ നിഴല്‍ പരത്തി എന്നും കാത്തിരിപ്പുണ്ടാവും .
അവന്റെ പുറത്ത് ചാരിക്കിടന്നായിരുന്നു എന്‍റെ വായനയും
സ്വപ്നം കാണലും . മയക്കത്തില്‍ അവനെന്നെ താഴെ
വീഴാതെ
ചേര്‍ത്തു പിടിച്ചിരുന്നു എന്നും . നിറം നഷ്ടപ്പെട്ടു തുടങ്ങുന്ന
മുള ങ്കൂട്ടവും പരുത്തിചെടിയും
ഓണപ്പുല്ലും നിറഞ്ഞ , എന്‍റെ
ആ സ്വര്‍ഗത്തില്‍ നിന്ന്‌ കൂടണയാന്‍ ഒരുക്കം തുടങ്ങുമ്പോള്‍
അമ്മയുടെ ഉച്ചത്തിലുള്ള വിളി കേള്‍ക്കാം , സന്ധ്യാനാമം
ജപിക്കാന്‍ നേരമായി എന്ന ഓര്‍മപ്പെടുത്തലുമായി .


പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ്, പ്രീ ഡിഗ്രി യ്ക്കുള്ള
തയ്യാറെടുപ്പിനായി പഠിക്കാന്‍
പോകുന്ന കാലം .ഒരു ദിവസം
അച്ഛന്‍ എന്‍റെ മുറിയില്‍ കയറിയിട്ട് തിരികെ വന്നത് ഭംഗിയായി
മടക്കിയ ഒരു വെള്ള കടലാസ്സുമായിട്ടായിരുന്നു . അത് നിവര്‍ത്തി
വായിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക്
പോയി അമ്മയോട്
എന്തൊക്കെയോ അടക്കിയ സ്വരത്തില്‍ പറയുന്നതും കേട്ടു .
ഞാനൊന്നും മനസ്സിലാകാതെ
മുറിയില്‍ കയറി കസേരയില്‍
തലയും കുമ്പിട്ടിരുന്നു , അച്ഛന്‍ മുറിയിലെത്തി , കട്ടിലില്‍ ഇരുന്നു ,
വളരെ ഗൌരവത്തോടെ ചോദ്യങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു ,
അങ്ങനെയൊരു കടലാസ്സ്‌ ബുക്കിനകത്ത്‌ വന്നുപെട്ട
കാര്യം പോലും
അറിയാതിരുന്ന ഞാന്‍ കരയുക മാത്രം ചെയ്തു . പിന്നീട്
ഉപദേശങ്ങളുടെ പെരുമഴയായി .
പ്രേമ ലേഖനം എഴുതുന്നതും
കൊടുക്കുന്നതും വാങ്ങുന്നതും ഏറ്റവും വലിയ അപരാധമാണെന്ന്
മനസ്സിലാക്കുകയായിരുന്നു ഞാന്‍ ആ ദിവസം .അന്ന് രാത്രി ഞാനുറങ്ങിയില്ല , ആ വെള്ളക്കടലാസിലെ അക്ഷരങ്ങളും
അതിനുള്ളില്‍ ഒളിപ്പിച്ച വികാരങ്ങളും അതെഴുതിയ ആളും എന്നെ
ശല്യപ്പെടുത്തിക്കൊന്ടിരുന്നു .ഒപ്പമിരുന്നു പഠിക്കുന്ന
ആരുമാകാന്‍
സാധ്യതയില്ല , എപ്പോഴും ചേട്ടന്‍റെ നിഴലായി നടന്നിരുന്ന എനിക്ക്
അധികവും ആണ്‍കുട്ടികള്‍
ആയിരുന്നു കൂട്ടുകാര്‍ . പലപ്പോഴും
അവരോടൊപ്പം കളിക്കാന്‍ ചെല്ലുന്നത് തടയാനായി ഗോലികൊണ്ട്
എന്‍റെ കൈവിരലുകള്‍ നന്നായി വേദനിപ്പിക്കുക , കോലുകൊണ്ടു
കാല്‍മുട്ടില്‍ , അറിഞ്ഞില്ലെന്ന മട്ടില്‍
സാമാന്യം ഭംഗിയായി അടിക്കുക
മുതലായ വിക്രിയകളൊക്കെ അവര്‍ പതിവാക്കിയിരുന്നു . എന്‍റെ
പിണക്കത്തിന് ആയുസ്സ് തീരെ കുറവാണെന്ന് അവര്‍ക്കറിയാമായിരുന്നു .
ആ കാലത്തില്‍ നിന്ന്‌ ഞാന്‍
വളരെയൊന്നും മുന്നോട്ടു പോയിട്ടില്ലല്ലോ .
അങ്ങനെയുള്ള എനിക്ക് ആരാണ് പ്രണയ ലേഖനം എഴുതുക ....
പ്രണയിക്കാന്‍ യോഗ്യതയുള്ള പെണ്‍കുട്ടിയായി എന്നെ ആദ്യമായി
അംഗീകരിച്ചത് ആരാകാം ? ഒന്നിന് പിറകെ മറ്റൊന്നായി ചോദ്യങ്ങള്‍
വന്നുകൊണ്ടേയിരുന്നു . ക്ലോക്കിലെ സൂചികള്‍ ഒച്ചിനെപ്പോലെ
ഇഴയുന്നതും നോക്കി ഞാന്‍ ഉറക്കം വരാതെ കിടന്നു .

പിറ്റേ ദിവസ്സം നേരത്തെ തന്നെ ക്ലാസ്സിലെത്തി , എല്ലാവരും
ഹാജരായിരുന്നു .ആണ്‍കുട്ടികളില്‍ ആരുടേയും മുഖത്ത് പതിവിനു
വിപരീതമായി യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല . അന്ന്
പഠിപ്പിച്ചതൊന്നും ഞാന്‍ കേട്ടില്ല . നിവര്‍ത്തി വച്ചിരുന്ന
പുസ്തകത്തിന്‍റെ താളുകളില്‍ ഓരോരോ മുഖങ്ങള്‍ തെളിഞ്ഞു
വന്നുകൊണ്ടിരുന്നു .കണ്ണില്‍ കവിതയുടെ തിളക്കവുമായി ,
സ്നേഹത്തിന്റെ പാരവശ്യത്തോടെ ഒരു മുഖം , പിന്നെ ഭീതിയുടെ
നിഴലില്‍ ദൈന്യതയോടെ നോക്കുന്ന മറ്റൊരു മുഖം പിന്നെ വെറുപ്പ്‌
തോന്നിക്കുന്ന ഒരു മുഖം , അങ്ങനെ പുസ്തകത്താളുകളില്‍ മുഖങ്ങള്‍
മാറിമാറി തെളിഞ്ഞു കൊണ്ടിരുന്നു . അന്ന് ആദ്യമായി ചോദ്യങ്ങളെ
ഭയപ്പെട്ടു കൊണ്ടു ഞാനിരുന്നു .

പരീക്ഷാഫലം വന്നു , ഉന്നതവിജയത്തിനുള്ള ശിക്ഷയായി നഗരത്തിലെ
പേരുകേട്ട കോളേജിലേയ്ക്കും ഹോസ്ടലിലേയ്ക്കും പറിച്ചുനടീല്‍ .
എന്‍റെ സ്വര്‍ഗത്തില്‍ നിന്ന് താല്‍ക്കാലികമായ ഒരിടവേള .ഊര്‍ജത്തിന്റെ
ഉറവിടങ്ങളും മൂലകങ്ങളുടെ ഘടനയും ജന്തുശരീരത്തിലെ വ്യവസ്ഥകളും
പഠിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചങ്ങമ്പുഴയുടെയും ആശാന്‍റെയും
ബഷീറിന്റെയും എം . ടി യുടെയും ഒക്കെ കഥാനായികമാര്‍ക്കൊപ്പം
നടക്കാനായിരുന്നു , അവരായി വേഷപ്പകര്‍ച്ച നടത്തിയപ്പോഴൊക്കെ
ഞാന്‍ ഒപ്പം കൂട്ടിയിരുന്നത് ആ പ്രേമ ലേഖനത്തിന്റെ രചയിതാവിനെ
ആയിരുന്നു . അപ്പോഴൊക്കെ ഞാന്‍ അവനു കൊടുത്തത് കണ്ണില്‍
കവിതയൊളിപ്പിച്ച , സ്നേഹത്തിന്‍റെ പാരവശ്യം തുളുമ്പുന്ന,
സൂര്യനെപ്പോലെ തേജസ്സുറ്റ മുഖമായിരുന്നു .

കലാലയ ജീവിതം ഭംഗിയായിത്തന്നെ അവസാനിപ്പിച്ച് , ഞാനെന്റെ
സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങിയെത്തി , എന്നെ കാത്തിരിക്കുന്നവരുടെ
അടുക്കലേയ്ക്ക് . വീണ്ടും അവിടെ നിന്ന് ഒരു പറിച്ചുനടീല്‍
ഉണ്ടാകാന്‍ പോകുന്നു , ഇഷ്ടങ്ങളും പൊരുത്തങ്ങളും എല്ലാം
ഒത്തുവരുന്നഏതു ഘട്ടത്തിലും പോകേണ്ടി വരും പുതിയ ഒരു
കൂട്ടിലേയ്ക്ക്‌ .തലേദിവസം വായിച്ചു പകുതിയില്‍ നിര്‍ത്തിയ
നോവലുമെടുത്തു പുഴക്കരയിലേയ്ക്ക്‌ നടന്നു . പുതുമയുള്ള
എന്തെങ്കിലും കൊണ്ടുചെന്നിട്ടുണ്ടോ എന്ന ആകാംഷയോടെ
എന്‍റെ കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു . പതിവുപോലെ ,
കൈകളില്ലാതെ എന്നെ താങ്ങുന്നവന്റെ പുറത്ത് ചാരിക്കിടന്ന്
ഞാന്‍ സൂര്യനെ നോക്കി , കണ്ണുകള്‍ മെല്ലെ അടച്ചു , എന്‍റെ മുഖത്ത്
അവന്‍ നിറങ്ങള്‍ പകരുന്നതും കവിളിലേയ്ക്ക്‌ അടര്‍ന്നു വീണ
മുത്തുകള്‍ സ്വന്തമാക്കുന്നതും ഞാനറിഞ്ഞു . ഒരു മയക്കത്തില്‍ നിന്ന്
ഉണരുകയായിരുന്നു ഞാനപ്പോള്‍ , മനസ്സെന്ന പുസ്തകത്തില്‍ നിന്ന് ,
പല മുഖങ്ങള്‍ വരച്ചിട്ട ആ വെള്ളക്കടലാസു ഞാന്‍ ചീന്തിയെടുത്തു .
ഇറ്റിറ്റു വീഴുന്ന ചുവന്ന തുള്ളികള്‍ക്കിടയിലൂടെ അപ്പോള്‍
ഞാനതില്‍ കണ്ട മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായയായിരുന്നു.
അഞ്ചു വര്‍ഷങ്ങള്‍ എന്‍റെ മുന്നില്‍ വരാതെ മാറി നിന്ന ഒരു
ഭീരുവിന്‍റെ മുഖം . ഉത്സവങ്ങളും പൂക്കാലങ്ങളും എനിക്ക് നഷ്ടമാക്കിയ
ഒട്ടും ദയ അര്‍ഹിക്കാത്ത മുഖം . ഞാന്‍ ശക്തിയോടെ വലിച്ചെറിഞ്ഞ
ആ കടലാസ്സ്‌പുഴയിലെ വെള്ളത്തില്‍ നനയുന്നതും കുതിര്‍ന്നു
ഇല്ലാതാകുന്നതും നോക്കി ഞാന്‍ നിന്നു . എനിക്ക് സാക്ഷിയായി
എന്‍റെ വായനയെ സുഖമുള്ള അനുഭവമാക്കി തരുന്നവനും ,
അസ്തമയത്തിനു തെല്ലിടകൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ്‌ , മറയാന്‍
മടിച്ചു നില്ക്കുന്ന എന്‍റെ ആദ്യത്തെ പ്രണയത്തിലെ നായകനായ
സൂര്യനും മാത്രം .
**********************************************