2010, ജൂലൈ 29, വ്യാഴാഴ്‌ച

' ഓര്‍മ്മയുടെ ഒരു നുറുങ്ങ്‌ '

കയറിപ്പോയ പടവുകളിലൂടെ തിരികെയിറങ്ങുന്നു , തേയ്ച്ചു
മിനുക്കി തിളക്കത്തോടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നുറുങ്ങ്‌
ഓര്‍മയിലെയ്ക്ക് . വീട്ടില്‍ അന്ന് ഒരു ആഘോഷത്തിന്‍റെ
അന്തരീക്ഷം . ഫോട്ടോ പിടിക്കാനുള്ള സംവിധാനം വീട്ടിനുള്ളില്‍
ഇല്ലാതിരുന്ന കാലമായിരുന്നതുകൊണ്ട് കുടുംബഫോട്ടോ
എടുക്കണമെങ്കില്‍ ദൂരെ സ്റ്റുഡിയോയില്‍ തന്നെ പോകണം .
അന്ന് അതിനുള്ള ഒരുക്കങ്ങളാണ് അവിടെ നടക്കുന്നത് .

എല്ലാവരും നല്ല വേഷങ്ങളൊക്കെ തിരഞ്ഞെടുത്ത്അണിഞൊരുങ്ങുന്നു . ഞാനും ചേട്ടനും തല്ലുണ്ടാക്കുന്നു , അത്
കഴിഞ്ഞ് ഇണങ്ങുന്നു . ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന
കാര്യങ്ങളല്ല എന്ന മട്ടില്‍ നടക്കുന്നു . അതിനിടയില്‍ ചേട്ടനും
അണിഞ്ഞു പുതിയ നിക്കറും ഷര്‍ട്ടും .വെളുത്തുകൊലുന്നനെയുള്ള
എന്‍റെ ചേട്ടന് ഏതു നിറവും ചേരുമെന്ന് ആരോ പറയുന്നത്
കേട്ടു . പറഞ്ഞത് ചെട്ടനെക്കുറിച്ചായാതുകൊണ്ട് ദേഷ്യം തോന്നിയില്ല .

അടുത്ത യജ്ഞം എന്നെ ഒരുക്കുക എന്നതാണ് .കണ്മഷിയെഴുതി
ശീലമില്ലാത്ത എനിക്ക് ഏറ്റവും വെറുപ്പും അത് തന്നെ .
അതിന്‍റെ നീറ്റല്‍ അസഹനീയം . ചേച്ചിയായിരുന്നു ആ സാഹസം
ഏറ്റെടുത്തത് .എങ്ങനെയെങ്കിലും അത് സാധിച്ചെടുത്തു , പിന്നെ
മുടിയിലേയ്ക്ക് കൈവച്ചു . മുടിയുടെ ഞെരുക്കവും പേനിന്റെ
ശല്യവും കാരണം എന്‍റെ തലമുടി ചെവിക്കു മുകളില്‍ വച്ച്
മുറിക്കുക പതിവായിരുന്നു . അച്ഛനും അമ്മയും കൂടി തര്‍ക്കം
നടത്തുന്നതും അതിനായിരുന്നു . തലമുടി നീട്ടി വളര്‍ത്തുന്നതായിരുന്നു
അച്ഛനിഷ്ടം. മുകളില്‍ കുറച്ച് മുടി കെട്ടിവച്ച് അതില്‍ പൂക്കളും
തിരുകിത്തന്നു . ആകെ അസ്വസ്ഥത . ബാക്കിയുള്ളവരൊക്കെ
ഒരുങ്ങുന്നതും നോക്കി കസേരയില്‍ കയറി ഇരുപ്പുറപ്പിച്ചു .
ഒരുങ്ങി കഴിഞ്ഞാല്‍ പിന്നെ കളിക്കാന്‍ പാടില്ലല്ലോ .

ചേച്ചി പൊട്ടൊക്കെ തൊട്ട് , വലിയ പാവാടയും ബ്ലൗസുമൊക്കെയിട്ട്
നീണ്ട തലമുടി രണ്ടായി പകുത്തു പിന്നിയിട്ട്പൂവും ചൂടി
മനോഹരിയായിരിക്കുന്നു . നല്ല അനുസരണയുള്ള , ഉറക്കെ
ചിരിക്കുക പോലും ചെയ്യാത്ത പാവം പെണ്‍കുട്ടി .

അമ്മ വെള്ള ഖദര്‍സാരി ഭംഗിയായി ഉടുത്തിരിക്കുന്നു .
അമ്മ വളരെ വേഗത്തില്‍ സാരി ഉടുക്കുന്നതും ചുളിവൊന്നും
വരുത്താതെ സ്കൂളില്‍ നിന്നു തിരിച്ചു വരുന്നതും അയലത്തെ
പെണ്ണുങ്ങള്‍ അസൂയയോടെ നോക്കിയിരുന്നു . അവര്‍ അത്
മറച്ചുവയ്ക്കാതെ അമ്മയോട് പറയുന്നത് പലപ്പോഴും ഞാന്‍
കേട്ടിട്ടുണ്ട് . അമ്മ പൊട്ടു കുത്തിയില്ല , പകരം ചന്ദനക്കുറി
ശ്രദ്ധയോടെ തൊട്ടു . അതായിരുന്നു പതിവും .

അടുത്ത നോട്ടം അച്ഛനിലേയ്ക്ക്.. പശയിട്ട്, അലക്കി തേയ്ച്ച
വെള്ള മുണ്ടും തൂവെള്ള ഷര്‍ട്ടും . അച്ഛന്‍ നടക്കുമ്പോള്‍
കട്ടിയുള്ള മുണ്ട് ശബ്ദമുണ്ടാക്കിയിരുന്നു . നടന്നെത്തുന്നത്തിനു
മുന്പേ ആ ശബ്ദം ചെവിയിലെത്തുമായിരുന്നു . ആ പ്രദേശത്ത്
അത്ര സുന്ദരനായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ്
എന്‍റെ ഓര്മ , അച്ഛനെപ്പോലെ പേടിയും ആദരവും സ്നേഹവും
നേടിയെടുത്ത മറ്റൊരധ്യാപകനും. വീടിനു മുന്നില്‍ നിന്നാണ്
വണ്ടിയിലേയ്ക്ക് കയറുന്നതെങ്കിലും തന്‍റെ സന്തതസഹചാരിയായ
വടിക്കുട എടുക്കാന്‍ അച്ഛന്‍ അന്നും മറന്നില്ല .

വാഹനം സ്വന്തമായി ഉണ്ടായിരുന്നില്ലെങ്കിലും കുടുംബസമേതമുള്ള
യാത്രകള്‍ക്ക് ടാക്സി വിളിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും
പിശുക്ക് കാണിച്ചിരുന്നില്ല . വണ്ടി വന്ന് നിന്നതും ചേട്ടന്‍ അറ്റത്ത്‌
സ്ഥാനം പിടിക്കാനായി ഓടി . എനിക്കും അതാണിഷ്ടമെങ്കിലും ഞാന്‍
ചേട്ടന്‍റെ അടുത്തേ ഇരിക്കൂ . വണ്ടിയില്‍ കയറിയ നേരത്ത് ഞങ്ങള്‍
നല്ല കുട്ടികളായിരുന്നു . എങ്ങനെയെന്നറിയില്ല പെട്ടെന്ന് വികൃതികള്‍
കാണിക്കാന്‍ തുടങ്ങി , അവസാനം പിച്ചലും മാന്തലുമൊക്കെയായി .
അച്ഛന്‍ തൊട്ടു മുന്നിലുണ്ടെന്ന അമ്മയുടെ ഓര്‍മ്മപ്പെടുത്തലൊന്നും
ഞങ്ങള്‍ കാര്യമാക്കിയില്ല . കരയാന്‍ വലിയ കാര്യങ്ങളൊന്നും
ആവശ്യമില്ലാത്ത ഞാന്‍ അന്നും പതിവ് തെറ്റിച്ചില്ല .

സ്റ്റുഡിയോയുടെ മുന്നിലെത്തി . പുറത്തിറങ്ങിയപ്പോഴാണ് എന്‍റെ
മുഖം എല്ലാവരും ശ്രദ്ധിച്ചത് . ഒലിച്ചിറങ്ങിയ കണ്മഷി കൈകൊണ്ട്‌
തുടച്ച് മുഖമാകെ പടര്‍തിയിരിക്കുന്നു. പിന്നെ അകത്തു കയറി
വൃത്തിയാക്കലും ഒരുക്കലുമായി . ചേട്ടന്‍ മാറി നില്‍ക്കുന്നു ,
ഞാനോന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ . ഇതിനിടയിലും ഞാന്‍
അച്ഛനെ ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ടു നോക്കി . അച്ഛന്‍ വല്ലാത്ത
ദേഷ്യത്തിലാണ് , അച്ഛന്റെ പല്ലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു
എന്നാണ് എന്‍റെ ഓര്‍മ്മ .

ഫോട്ടോ എടുക്കാന്‍ സമയമായി . എല്ലാവരും അനുസരണയുള്ള
കുട്ടികളെപ്പോലെ നിന്നും ഇരുന്നും സഹകരിച്ചു . ഫോട്ടോ പിടിക്കുന്ന
ഉപകരണം നന്നായി ശ്രദ്ധിക്കാന്‍ പറ്റിയില്ല . ഒരു കറുത്ത പുതപ്പ്
മാറ്റുകയും നേരെയാക്കുകയും ഒക്കെ ചെയ്യുന്നത് മാത്രം കണ്ടു .
തിരികെ പോരുമ്പോള്‍ കാറിനകത്ത്‌ അച്ഛന്‍ മാത്രം ഒന്നും
മിണ്ടാതെ ഇരുന്നു . ഞാനും ചേട്ടനും ഭയങ്കര സ്നേഹത്തിലായിരുന്നു
വൈകുന്നേരം കൂട്ടുകാര്‍ കളിക്കാനെത്തുമ്പോള്‍ ഫോട്ടോ എടുത്ത
വിശേഷങ്ങളൊക്കെ ഗമയില്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനെ
കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍ രണ്ടുപേരും .

വീട്ടിലെത്തി , അച്ഛന്‍ മുറിക്കകത്ത് കയറി തിരച്ചില്‍ തുടങ്ങി .
ആരുടെ സഹായവും ആവശ്യപ്പെടാതെ , സഹായം നിരസിച്ചുകൊണ്ട്
തന്നെ കണ്മഷി ചെപ്പ്‌ കണ്ടുപിടിച്ചു. അതുമെടുത്ത് മുറ്റത്തെയ്ക്കിറങ്ങി ,
ആഞ്ഞ് ഒരേറ് . കാട് പിടിച്ചു കിടന്ന അടുത്ത പറമ്പിലേയ്ക്ക് അത്
ഒരു അസ്ത്രത്തിന്റെ വേഗതയില്‍ പാഞ്ഞു പോയി . ആരും ഒന്നും
മിണ്ടിയില്ല . എനിക്ക് വല്ലാത്ത സങ്കടം വന്നു ഞാനാണല്ലോ അതിനൊക്കെ
കാരണക്കാരി എന്നോര്‍ത്ത് . ഒരു മൂലയില്‍ പോയി ഒതുങ്ങി നിന്ന്വിതുമ്പലോടെ അച്ഛനെ നോക്കി . അച്ഛന്‍ ചിരിച്ചു , അടുത്തു വന്ന്
എന്നെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ഉമ്മ വച്ചു ,അച്ഛനറിയാമായിരുന്നു
അച്ഛന്റെ മോള്‍ക്ക്‌ കണ്മഷി വെറുപ്പുള്ള ഒരു സാധനമാണെന്ന് .
അതുകൊണ്ടുതന്നെയാവാം എന്‍റെ അച്ഛന്‍ അത് ദൂരേയ്ക്ക്
വലിച്ചെറിഞ്ഞത് .

ആ കുടുംബചിത്രം ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാനിന്നും .
ഗൌരവ ഭാവത്തില്‍ ഇരിക്കുന്ന അച്ഛനും എല്ലാവരോടും
പിണക്കം ഭാവിച്ച് ചിരിക്കാന്‍ എനിക്കിപ്പോള്‍ മനസ്സില്ല എന്ന
മട്ടില്‍ നില്‍ക്കുന്ന ആറുവയസ്സുകാരിയായ ഞാനും ഉള്‍പ്പെടുന്ന ആ
മനോഹര ചിത്രം .

( എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ വിണ്ണിലെ തിളക്കമുള്ള ഒരു നക്ഷത്രമായി
പുനര്‍ജനിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു . എന്‍റെ എല്ലാമായിരുന്ന
അച്ഛനുവേണ്ടി എന്‍റെ ഈ അക്ഷരങ്ങള്‍ ഞാന്‍ സമര്‍പ്പിക്കുന്നു .
അനുഗ്രഹത്തിനായി കൈകൂപ്പിക്കൊണ്ട്‌ . )
*********************************************************

2010, ജൂലൈ 25, ഞായറാഴ്‌ച

' വൈരുദ്ധ്യം '

#

തെരുവിലുറങ്ങുന്നോരമ്മതന്‍ ചിത്രം തെല്ലും
അടരാതിരിക്കുന്നെന്‍ കണ്‍കോണിലൊരിടത്തായ്
തളര്‍ന്നു മയങ്ങുന്നൊരമ്മതന്‍ മാറില്‍ നിന്ന്
മധുരം നുണയുവാനാര്‍ത്തി പൂണ്ടൊരു ശിശു .

പട്ടിണി മാറ്റാനൊട്ടു നടന്ന് കുഴഞ്ഞവള്‍
ഇരുട്ടിന്‍ സമ്മാനമായ്‌ കിട്ടിയ തുടിപ്പിനും
ഊരുപേരറിയില്ലെന്നാകിലും ജീവിക്കണം
ഭൂമിതന്‍ അവകാശിയവളെന്നതും സത്യം .

നിറഭേദമില്ലവള്‍ക്കിരവും പകലുമായ്
താളഭേദമില്ലൊട്ടും ആരവങ്ങള്‍ക്കൊന്നുമേ
ഉച് ഛീഷ്ടം ഭക്ഷിക്കാനായലയും നാവിന്‍ തുമ്പില്‍
എത്തുകില്ലൊരിക്കലും രുചിഭേദങ്ങള്‍ പോലും .

പൊരിയും വയറിനെ മറന്നിട്ടവള്‍ തന്‍റെ
ഒക്കത്തെ ശിശുവിനെയൂട്ടുവാനുഴറുന്നു
നന്മതിന്മകള്‍ ചികഞ്ഞെടുക്കാനാവാതെയാ
തിണ്ണയില്‍ മയങ്ങുന്നൊരസ്ഥിപഞ്ജരമായി .

പുഴുവിന്‍ സമാനമായ്‌ ഇഴയുന്നൊരു ജന്മം
ദേവനു സമനായി മരുവുന്നവനൊപ്പം
സൃഷ്ടിയില്‍ വൈരുധ്യങ്ങളെന്തിനു കാട്ടീടുന്നു ?
ചിന്തിക്കിലെല്ലാം പരംപൊരുളിന്‍ മായാലീല .


#

2010, ജൂലൈ 7, ബുധനാഴ്‌ച

'സഖി '

 #

അക്ഷരങ്ങളായ്‌ മുന്നിലെത്തി ഞാന്‍
ഹൃദന്തഭാഷ പകര്‍ത്തുവാന്‍
വന്നു നീ മനക്കണ്ണിതിന്‍ ചാരെ
മാരിവില്ലിന്റെ ശോഭ പോല്‍ .

കാത്തുനിന്നു ഞാനേകനായ് ദിനം
നീ വരുന്നത് കാണുവാന്‍
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്നേഹ
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ
ജീവിതപ്പെരു വീഥിയില്‍
മന്ദഹാസം പൊഴിച്ചണയുന്നു
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ
മോദവും ദുഃഖ ഭാരവും
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍ .


കണ്ടെടുത്തൊരു വാക്ക് ഞാനെന്‍റെ
നെഞ്ചിനുള്ളിലായ് കാത്തത്
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ
സുന്ദരപദം മല്‍ 'സഖീ '...

#