2011, നവംബർ 12, ശനിയാഴ്‌ച

പകുത്തുതരാനാവാത്തത് ...

ഇടയ്ക്കിടയ്ക്ക്
വയറ്റില്‍ നിന്ന്
നെഞ്ചിലൂടെ
രണ്ടു മുനകള്‍
കണ്ണിലെത്താറുണ്ട് ,
പുഴകളായൊഴുകാന്‍ .
ചിലപ്പോള്‍
മുനകളൊടിഞ്ഞ്
രണ്ടു കുളങ്ങളായ്‌
നിറഞ്ഞു നില്‍ക്കും .
ഒരു മിന്നാമിനുങ്ങായ്
കൂട്ടിനെത്തുന്ന അച്ഛന്‍ ,
ഒരു വഴിയോരക്കാഴ്ച ,
കുഞ്ഞിന്‍റെ നിലവിളി ,
കരഞ്ഞുകൊണ്ടിരിക്കുന്ന
വാര്‍ത്താചിത്രം ,
വിറങ്ങലിച്ചു കിടക്കുന്ന
നിശാശലഭം ,
ചങ്ങായി തന്നിട്ടു പോയ
ഒരു നുണക്കഥ ,
ഇണയെക്കാണാതെ
താളം മുറിഞ്ഞു പാടുന്ന
കുയില്‍
ഇതൊക്കെ മതി
മുനകള്‍ക്ക് മുളപൊട്ടാന്‍ .

#

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒന്ന്‌ ഒഴുകാനായെങ്കില്‍ .........

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഞാനവളെ കാണാന്‍പോവുകയാണ് .അടുത്തിരിക്കണം ,
ഒത്തിരി നേരം. പറയാന്‍ ഒരുപാടൊരുപാട് കഥകള്‍ , ഓരോന്നും അവളുടെ ഓരോ മൂളലിലും അലിഞ്ഞുചേരുന്നത് നോക്കിയിരിക്കണം .

ഒരാൾപ്പൊക്കമുള്ള പുല്‍ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്ന്
ഒരോർമ്മപ്പെടുത്തല്‍ , ''അധികനേരം ഇരിക്കണ്ട ,പഴയപോലല്ല ,സൂക്ഷിക്കണം.''
ഒറ്റക്കുതിപ്പിന് അടുക്കളവാതിലിലെത്താം,പിന്നെയെന്തിനീ ഓര്‍മ്മപ്പെടുത്തല്‍ ?!
കാര്യമില്ലാതെ നൊമ്പരപ്പെട്ടു .

ഒന്നേ നോക്കിയുള്ളൂ ,ഞാനെന്തേ ഇത്രയും വൈകി?കരഞ്ഞുകലങ്ങികുഴിയിലാണ്ട കണ്ണുകള്‍ .ചെവികള്‍ എത്ര തുറന്നുപിടിച്ചിട്ടും അവള്‍ പറയുന്നതൊന്നും എനിക്ക്
കേള്‍ക്കാനാവുന്നില്ല .അതോ മിണ്ടാത്തതോ! അവളുടെ ഉള്ളം എനിക്കിപ്പോള്‍
കാണാനാവുന്നില്ല .

അവളെ തൊടാനാവാതെ നോക്കിയിരുന്നു .എനിക്കെല്ലാം പറഞ്ഞേ തീരൂ .
ചങ്ങാത്തംകൂടിയതുമുതല്‍ ...

''ഞാനെറിഞ്ഞു തന്ന ചെറിയകല്ലുകള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് വട്ടത്തില്‍ചുഴറ്റി
എന്നെ പൊട്ടിച്ചിരിച്ചദിവസം നീയെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി .സമ്മാനമായി
നീ തന്ന പലനിറത്തിലുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ എന്‍റെ വെള്ളിച്ചിമിഴില്‍ ഇന്നും
ഉടയാത്ത കുപ്പിവളകള്‍ക്കൊപ്പം കിന്നാരം പറഞ്ഞിരിപ്പുണ്ട് .

പാദസരം തൊട്ടുനോക്കാന്‍ ആദ്യമായി അനുവദിച്ചത് നിന്നെയായിരുന്നു .എന്‍റെ കണങ്കാലുകള്‍ നിന്നിലൂടെ കണ്ടപ്പോൾ അവയിലൊരെണ്ണം ഒരു നാൾ നീ കൈക്കലാക്കുമെന്ന് ചിന്തിച്ചതേയില്ല .ഒട്ടും സങ്കടം തോന്നിയില്ല ,കാരണം നീയും എന്നെപ്പോലെ ആയിരുന്നല്ലോ .

കറങ്ങുന്നപമ്പരം കൊതിയോടെ നോക്കുന്നതു കണ്ട് ,നിനക്ക് തന്നതും ചേട്ടന്‍
ചെവിയില്‍ പിച്ചിനോവിച്ചതും നമ്മളൊരുമിച്ച് കരഞ്ഞതും ഞാന്‍ മറന്നിട്ടില്ല ,നീയും
മറന്നിട്ടുണ്ടാവില്ല അതൊന്നും .

നെയ്യപ്പത്തിന്റെ മണവും രുചിയും കാറ്റിനുമുന്പേ ഓടിയെത്തി നിനക്ക് തന്നിട്ട് ,
കൈയില്‍ പടര്‍ന്ന വെളിച്ചെണ്ണ ഉടനെ ആരും കാണാതെ കുഞ്ഞുപാവാടയില്‍
തുടയ്ക്കുന്നതു കണ്ട് നീ ഒളികണ്ണിട്ടു ചിരിച്ചു .

കളിച്ചുരസിച്ച് ,കുളിരുംപുതച്ച് ,അമ്മയുടെപിറകെ തിരിഞ്ഞുനോക്കിനടക്കുമ്പോള്‍
നീ എന്തൊക്കെയോ പറയുകയും പാടുകയും ചെയ്തു .

അന്നെനിക്കെന്തിഷ്ടമായിരുന്നു നിന്‍റെപുറത്ത് മലര്‍ന്നുകിടന്ന് സൂര്യനെ നോക്കാന്‍ .
ഞാനൊരു മിടുക്കികുട്ടിയാണെന്ന് നീയും അവനും ഒരുപോലെ സമ്മതിച്ചിരുന്നു .

അമ്പരപ്പോടെ ,വയസ്സറിയിച്ച കാര്യം പറഞ്ഞപ്പോൾ നീ ചിരിച്ചത് 

രണ്ടു കൈകളിലെയും കുപ്പിവളകള്‍ ഒരുമിച്ച് കിലുങ്ങുന്നതുപോലെ .
നിന്നോടൊപ്പമുള്ള
കുളി നിരോധിച്ച അന്ത്യശാസനം ഓടിവന്ന് വേദനയോടെ പറഞ്ഞപ്പോൾ
നീ ചിരിച്ചത് പൊട്ടിവീണ മാലയിലെ മുത്തുകള്‍ ചിതറുന്നത്‌ പോലെയും .

കഥയിൽ,കവിതയിൽ നമ്മൾ സന്ധ്യകൾ പകുത്തതും,ചിരിച്ചുംകരഞ്ഞും 

 നിന്നിൽ നനഞ്ഞ് ..ഒടുവിലൊരുനാൾ '' നിൻറെ പ്രണയമാണോ അനേകം
കാതങ്ങൾക്കപ്പുറം നില്ക്കുന്ന അവൻറെ ചുണ്ടുകളെ ഇത്രയും ചുവപ്പിക്കുന്നത് '' 
എന്ന് , കഥയിൽ
ചോദ്യമില്ലെന്ന് നിന്നെ പഠിപ്പിച്ച എന്നോട് , എണ്ണമില്ലാത്ത ചുണ്ടുകൾകൊണ്ട്‌
കൊലുസ്സില്ലാത്തകാലുകളിൽ മുത്തി നീ ചോദിച്ചതും, കൂടണയാൻ പറന്നുപോയ
കിളികളെ സാക്ഷിയാക്കി എന്റെ കണ്ണീരിൽ നീ ന
ഞ്ഞതും നമ്മൾ പിരിഞ്ഞതും ...''

ഇന്ന് ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ,ചിരിക്കാനാവാതെ,പാടാനാവാതെ 

ഒരു നെടുവീര്‍പ്പായി നീ !വികൃതമാക്കപ്പെട്ട ഉടലിൽ സാന്ത്വനം പോലെ തലോടുന്ന ,
കർമസാക്ഷിയായവന്റെ വിരലുകൾ ....

നീ നനച്ചു വളര്‍ത്തി , ഞാന്‍ അടര്‍ത്തിയെടുത്ത തെച്ചിപ്പഴങ്ങള്‍ ,കാറ്റില്‍ തലയാട്ടി
താളംപിടിച്ചുനിന്ന ഓണപ്പുല്ലുകള്‍,കാവല്‍ നിന്ന മുളംകൂട്ടങ്ങള്‍ എല്ലാം ഓര്‍മകള്‍ക്ക്
വഴിമാറിത്തന്നിരിക്കുന്നു .പഴയചിത്രത്തിലെ നിന്നെ കാണാനാവാതെ, നെഞ്ചിലെ
ഭാരമൊന്നിറക്കിവയ്ക്കാനാവാതെ ഉഴലുമ്പോള്‍ ഞാനറിയുന്നു , ഇന്നും നിന്നെ
ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നു .

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സത്രം .


വന്നുപോയവരാരും
പിന്നീട് വന്നില്ല .
ഭാണ്ഡം തുറന്ന്
വിഴുപ്പുകളെടുത്ത്
നെഞ്ചില്‍ തുറന്നുവച്ച്
വിയര്‍പ്പുതുള്ളികള്‍
മുഖത്ത് വടിച്ചെറിഞ്ഞ്
കുളിര് പുതച്ച്
സുഖമായുറങ്ങിയത്
അവര്‍ മറന്നിരിക്കും .
കരയാന്‍ പാടില്ല
പറയാനും പാടില്ല
കേള്‍ക്കുക മാത്രം
അതാണ്‌ , ധര്‍മ്മം .
ഓര്‍ക്കാതിരിക്കുന്നത്
മറവികൊണ്ടാവില്ല
തുറന്നുവയ്ക്കാന്‍ ഒരു
ഭാണ്ഡം ഇല്ലാഞ്ഞിട്ടുമാവില്ല
എനിക്കൊരു പേരില്ല ,
അതുതന്നെയാവാം !



2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

...ദേവസ്പര്‍ശം ...

അവരെ കാണാന്‍ പുറപ്പെടുമ്പോള്‍ മനസ്സ് നിറഞ്ഞുനില്‍ക്കുകയായിരുന്നു
എന്‍റെ ബാല്യകാലം . ഞാന്‍ ആര്‍ത്തുരസിച്ചു കുളിച്ച പുഴയും ഞാന്‍ കേട്ട
കുയില്‍പ്പാട്ടും ഞാന്‍ രുചിച്ച പായസത്തിന്റെ മധുരവും സ്വപ്നമായ്
കണ്ടുപോലും മനസ്സ് നിറയ്ക്കാനാവാത്ത കുട്ടികള്‍ .

ചിത്രം വരയ്ക്കുന്നതിനിടയില്‍ മഷി തീര്‍ന്നുപോയത്‌ ഈശ്വരന്‍ എന്തേ
അറിയാതെപോയി ? അശ്രദ്ധയായിരുന്നോ കാരണം ? അനാഥത്വത്തില്‍
നിന്ന് അവരെ കൈപിടിക്കാന്‍ ദൂതരെ അയച്ച് പ്രായശ്ചിത്തം ചെയ്തത്
അവന്‍റെ കാരുണ്യം .

പടികടന്ന്‌ അകത്തേയ്ക്ക് കയറുമ്പോള്‍ അവിടെ ഒരുപാട് കണ്ണുകള്‍
ഉറ്റുനോക്കുന്നുണ്ടായിരുന്നു . ഒച്ചയുണ്ടാക്കാതെ , ഒരുമയോടെ എല്ലാവരും
വിശാലമായ മുറിയില്‍ അനുസരണയോടെ വന്ന് , നിലത്തിരുന്നു . ഞാനും
അവര്‍ക്കൊപ്പം കൂടി .

ചിരിക്കുന്ന മുപ്പത് മുഖങ്ങള്‍ . ഒരമ്മ പെറ്റവരെപ്പോലെ . മുഖത്ത് പടര്‍ത്താന്‍
ഒരു ചിരിക്കുവേണ്ടി പാടുപെട്ട എന്‍റെ ദൈന്യത അവരെങ്ങനെ അറിയാന്‍ .
കൊട്ടിയടയ്ക്കപ്പെടുന്ന വാതിലിന് മുന്നില്‍ ചിന്തകള്‍ പിന്‍വാങ്ങുന്നതു
കൊണ്ടാവാം അവര്‍ക്കെപ്പോഴും ചിരിക്കാന്‍ കഴിയുന്നത്‌ .

ഞാന്‍ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന മട്ടില്‍ അവര്‍ ചിരിക്കുകയും
പറയുകയും ഒക്കെ ചെയ്തു . അതിന് നേര്‍ക്ക്‌ ചെവി നന്നായ് കൂര്‍പ്പിച്ച്
ഇരിക്കുന്നതിനിടയില്‍ പിറകില്‍ നിന്ന് '' അമ്മേ ന്ന് ഒരു വിളി . എന്‍റെ സാരി
ബലമായി പിടിച്ചുവലിച്ച് , മൂന്നു വയസ്സ് വരുന്ന ഒരു പെണ്‍കുഞ്ഞ് . നേരത്തെ
ഞാനവളെ ശ്രദ്ധിച്ചിരുന്നു . ഇരട്ട കുട്ടികളില്‍ ഒരുവള്‍ . അമ്മയുണ്ട്‌ അവള്‍ക്ക് .
കാണാന്‍ കിട്ടുന്നില്ല എന്ന് മാത്രം .

അവളുടെ കണ്ണുകള്‍, നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ വെമ്പുന്ന ഒരു പുഴ.
അവള്‍ എന്തോ എന്നോട് യാചിക്കുംപോലെ . അവളുടെ വിരലുകള്‍
ഞാനെന്റെ കൈകൊണ്ടു പൊതിഞ്ഞു. ചിരിയും നോട്ടവും അവള്‍ക്ക്
മാത്രമായി കിട്ടിയപ്പോള്‍ അവള്‍ സാരിയിലെ പിടിവിട്ട് എന്‍റെ മടിയില്‍
കയറിയിരിപ്പായി . സാരിയിലെ വര്‍ണപ്പൊട്ടുകള്‍ നുളളി എടുക്കാന്‍
അവളുടെ വിരലുകള്‍ പണിപ്പെട്ടുകൊണ്ടിരുന്നു . അതിനിടയിലും അവള്‍
'അമ്മ , അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു . ഇളകി വരാത്ത പൊട്ടുകളോട്
പിണക്കം ഭാവിച്ച് വിരലുകള്‍ തിരിച്ചെടുത്ത്‌ ,അവള്‍ എന്‍റെ മുഖത്ത് സൂക്ഷിച്ച്
നോക്കി . മുഖത്ത് പരതിനടന്ന വിരലുകള്‍ അവസാനം ചുവന്ന പൊട്ട്
കണ്ടെത്തി . നെറ്റിയില്‍ നഖമാഴ്ത്തി ഇളക്കാന്‍ നോക്കിയപ്പോഴേയ്ക്കും
ആ പൊട്ട് അവളുടെ വിരലില്‍ ഒട്ടിപ്പിടിച്ചു . അവളുടെ മുഖത്ത് ലോകം
കീഴടക്കിയ സന്തോഷം . അവള്‍ എന്‍റെ നെഞ്ചിലേയ്ക്ക് പതുക്കെ
ചാഞ്ഞു . ഞാനവളെ കെട്ടിപ്പിടിച്ചു . എന്‍റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗം
എന്നപോലെ അവള്‍ എന്നിലേയ്ക്ക് പറ്റിച്ചേര്‍ന്നു .

ആ നിമിഷം ഈശ്വരന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു .
ഞാനൊരു സുഖകരമായ മയക്കത്തിലേയ്ക്കു വഴുതി വീണതുപോലെ .
അപ്പോള്‍ എന്‍റെ കണ്ണുകള്‍ കവിളില്‍ രണ്ട് സമാന്തരരേഖകള്‍
വരയ്ക്കുകയായിരുന്നു ..................

*******************************************************

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മോചനം .

ഏകാന്തയുടെ തടവറയാണിപ്പോൾ എന്റെയീ ഒറ്റമുറി വീട്. എന്‍റെ വാക്ക് നിന്‍റെ വാക്കുമായിണചേര്‍ന്ന് ചാപിള്ള ജനിച്ച ദിവസമാണ് ഞാനെന്‍റെ മുറിക്ക് ചുവരുകള്‍ കെട്ടിയത്. വാതിലിന്‍റെ നെഞ്ചില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന കനമുള്ള ഒരു താഴ് അകത്ത്. സ്പര്‍ശമേറ്റ് തുറക്കാതിരിക്കാന്‍ ഞാന്‍ മുറിച്ചെറിഞ്ഞ എന്‍റെ വിരലുകള്‍ പുറത്ത്. ഇരുളും വെളിച്ചവും മാറിമാറി പുണര്‍ന്ന് കട്ടപിടിച്ച നിശബ്ദത. നീണ്ട പല്ലുകളും കൂര്‍ത്ത നഖങ്ങളും വെട്ടിമാറ്റി പതുങ്ങിയെത്തുന്നു, നെറികെട്ട വാക്കുകളുടെ ആത്മാക്കള്‍. അവരുടെനേര്‍ക്ക്‌ ഉയര്‍ത്തിപ്പിടിക്കുന്നു ഞാനീ വിരലുകളില്ലാത്ത കൈകള്‍. എന്‍റെ ചിരി മുഴങ്ങുന്നതറിയാതെ പുഴുക്കളുപേക്ഷിച്ച അസ്ഥികള്‍ തിരയുകയാണവര്‍.

2011, ജൂലൈ 19, ചൊവ്വാഴ്ച

ഒറ്റത്തുള്ളിമഴ !



ചിത്രത്തില്‍
നിറമടര്‍ന്ന കൈകളും
വിണ്ടുകീറിയ ഉടലും
എന്‍റെ അടയാളങ്ങള്‍.

മണ്ണിനെ പുണര്‍ന്ന്
ഒരു മിടിപ്പായ്
നെഞ്ചിലാഴ്ന്നിറങ്ങി
പ്രാര്‍ഥനയുടെ
മയക്കത്തിലാണിന്ന്.

കേള്‍ക്കുന്നുണ്ട്
ഭൂഗര്‍ഭത്തില്‍
ഒരു പുഴ കരയുന്നത്
തെളിനീരായ്‌
പരന്നൊഴുകാന്‍.

നിങ്ങളെന്നെ മുറിച്ച്
അഗ്നിശുദ്ധി വരുത്തരുത്
തേയ്ച്ചു മിനുക്കി
മോഹവില പറയരുത്
ഹൃദയം തുടിക്കുന്നുണ്ട്.

ഞാന്‍ ഉണരും
എന്‍റെ സ്വപ്‌നങ്ങള്‍
നിറങ്ങളായ്‌
ഉടലാകെ നിറയും
മഴ പെയ്യണം

ഒരു ഒറ്റത്തുള്ളി മഴ.


2011, ജൂലൈ 12, ചൊവ്വാഴ്ച

നനഞ്ഞ് ...നനഞ്ഞ് ........

ആദ്യമായ്  കണ്ടതോർമ്മയില്ല , അറിഞ്ഞതെന്നാണെന്നോർമയുണ്ട് !
പോകാൻ മടിച്ചുനിന്ന നിന്നെ സ്കൂൾവരാന്തയിലൂടെ നോക്കിനോക്കിനോക്കി
നടന്ന ഒരു ദിവസം .
വൈകുന്നേരവും നീ എന്‍റെകൂടെ വീട്ടില്‍ വന്നു.ചേര്‍ത്തുനിര്‍ത്തി തലതുടച്ച്
രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ,
നീയൊരു ഭീകരനാണെന്ന് .

മണ്ണിന്‍റെ നിറമായിക്കിടന്ന നിന്റെമേലെ പാദസരങ്ങളിളക്കിയപ്പോൾ
കുഞ്ഞുപാവാട നിറയെ പൂക്കൾ വിരിയിച്ച്  നീ ചിരിച്ചു , അല്ല നമ്മൾ ചിരിച്ചു .
അലക്കുകല്ലിൽ അമ്മയുടെ തല്ലുകൊണ്ട്  കരഞ്ഞുപിഴിഞ്ഞ്  വെയിലിൽ
കിടന്ന എന്റെ പാവാടയെ  വീണ്ടും കള്ളച്ചിരിയോടെ നീ എത്തിനോക്കി .

മാനം നോക്കിക്കിടന്ന നിന്റെ വിരിഞ്ഞ മാറിലൂടെ ഒരു വെളുത്തവഞ്ചിയിൽ
ഞാൻ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് അന്ന്  നീ
അക്കരെയെത്തിച്ചത് !

പശുക്കൾ കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കംകൂട്ടുന്നതുംകണ്ട് നിന്നെ
കാത്തുനിന്നൊരെന്നെ പറ്റിച്ച് ,നീയൊളിച്ചുകളിച്ചതും കാണാൻ  മോഹം
തോന്നിയപ്പോഴൊക്കെ ഓടിവന്നതും വിശാലമായ ആകാശത്തേക്ക് വിടർന്ന
എന്റെ മുഖത്ത് നിറങ്ങളായ്‌ നീ ചിന്നിച്ചിതറിയതും ഒരു കള്ളനെപ്പോലെ
ഇരുട്ടിനെ വകഞ്ഞുമാറ്റി,പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ സ്വപ്നമായ് ഉറങ്ങിയതും
വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ വച്ച്   ആവേശത്തോടെ നീയെന്നെ പുണർന്നതും
അന്ന് ' നീീയൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു' എന്ന് നിലക്കണ്ണാടി അടക്കം
പറഞ്ഞതും ........

പിൻകഴുത്തിലെ സ്പർശം അറികെ, ശ്രുതിമധുരമായ നിൻറെ പാട്ടിനുനേരെ
മനസ്സില്ലാമനസ്സോടെ ജനൽപ്പാളികൾ അടച്ചപ്പോൾ നിന്റെ മുഖം
വിളറിയോ .. ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ .......

ഇന്ന് ,
ഈ ജനവാതിലിലൂടെ നോക്കിയിരിക്കുമ്പോൾ ഞാനറിയുന്നു നമ്മൾ,പരസ്പരം
വായിക്കപ്പെട്ട രണ്ടു സന്ദേശങ്ങൾ .

2011, ജൂലൈ 6, ബുധനാഴ്‌ച

തത്ത്വമസി

കണ്ടു ..... !
എന്‍റെ ഇടതു കണംകൈയിലെ ചെറിയ കാക്കപ്പുള്ളിയുടെ മുകളിലൂടെ  
വിരല്‍ത്തുമ്പുകൊണ്ട്  മൃദുവായി ഒരു നേര്‍രേഖ വരച്ച് , മടങ്ങി.
രണ്ടു ക്ഷണം കഴിഞ്ഞ് വരാമെന്ന്  ഉറപ്പു പറഞ്ഞുകൊണ്ട് .
ആ 'ക്ഷണം'എത്ര നാഴികയും വിനാഴികയും ആണെന്നറിയാതെ ഞാന്‍
നോക്കിനിന്നു ,പെയ്തൊഴിയാത്ത കണ്ണുകളുമായി ,
അത് മറ്റാരും കാണാതെ മറച്ചുപിടിക്കാന്‍ പാടുപെട്ടുകൊണ്ട്.

പ്രത്യക്ഷമായ നേരത്ത് അപ്രിയമായതെന്തെങ്കിലും പറഞ്ഞുവോ ഞാന്‍ ?  
കാതിന് കുളിര്‍മ പകരേണ്ട സമയത്ത് പരാതികളുടെയും പരിഭവങ്ങളുടെയും
പട്ടിക നിരത്തിയത് നിന്നെ വല്ലാതെ അലോസരപ്പെടുത്തിയോ ?
അതുകൊണ്ടാണോ എന്‍റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന പ്രണയാഗ്നിയുടെ 
താപം നീ അറിയാതെ പോയത് ?

തപംചെയ്ത് ഞാന്‍ വെടിപ്പാക്കിയ പാതയിലൂടെ നമ്മൾ നടന്നു .
സൂര്യതാപമേറ്റ്‌  കവിളിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നിൻറെ
തൂവാലകൊണ്ട് തുടച്ചുതന്നപ്പോള്‍ അതിലെ ഗന്ധം നീയറിയാതെ ഞാൻ
മുത്തിയെടുത്തു .
തളരുന്നെങ്കില്‍ താങ്ങിയെടുക്കാമെന്ന്  നീ പറഞ്ഞതും ശ്രുതിമധുരമായി പാടിയതും ഞാന്‍ കേട്ടു .  
പാടാനറിയാമെങ്കിലും ഒപ്പം പാടാതിരുന്നത്  ആ ഗാനത്തിൽ ഞാന്‍  
ലയിച്ചുപോയതുകൊണ്ടല്ലേ ...
വഴിയോരത്തെ കല്ലുകളില്‍ തട്ടി വീഴാതെ നീയെന്നെ ചേർത്തു പിടിച്ചു .
നോട്ടം എന്നെ വല്ലാതെ തളർത്തിയതുകൊണ്ടല്ലേ ഞാൻ താഴേയ്ക്ക് 
നോക്കിനിന്നത് ... 
നിന്നെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും
ഞാന്‍ ആരെയൊക്കെയോ ഭയപ്പെട്ടു .അതുകൊണ്ടല്ലേ നിന്നിലലിഞ്ഞ് ,ഒന്നായി , ഒരു ശിലയായിത്തീരാന്‍ ദാഹിച്ചിട്ടും ചേര്‍ന്നുനില്‍ക്കാന്‍ മടിച്ചതും
അടയാളമായി നിനക്കൊന്നും തരാതിരുന്നതും .

നീ വരുന്നതും കാത്ത് ഞാനിരുന്നു ,കണംകൈയിലെ തെളിയാത്ത  
നേര്‍രേഖയും നോക്കി, ഏറെ നാൾ .
പ്രകാശത്തില്‍ തുടങ്ങി പ്രകാശമയതയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്ന ജീവിതം .
എന്‍റെ ജീവിതം ഒരു ദേവായനം ആയിരുന്നില്ലേ !കണ്ണുകളടച്ച്‌ ധ്യാനിച്ചിരുന്നു . കണ്‍പോളകളിലൂടെ ഒരു പ്രകാശം അരിച്ചിറങ്ങുന്നു .
അങ്ങ് ദൂരെ ചക്രവാളത്തില്‍ ഒരു തിരിനാളം തെളിയുന്നതുപോലെ .
കണ്ണുകള്‍ മലര്‍ക്കെ തുറന്നു , മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. അടുക്കുന്തോറും
പ്രകാശനാളത്തിന്  രൂപം കൈവരുന്നു . നിന്‍റെ രൂപം .
നിന്‍റെ കണ്ണുകളിലെ തീഷ്ണമായ പ്രകാശം ..സൂക്ഷിച്ചുനോക്കി .
അല്ല , തൊട്ടു മുന്നിലെത്തിയ രൂപത്തിന് എന്‍റെ അതേ മുഖം .  
ഞാനായി മാറിയ നീ ! നീ പറഞ്ഞതിന്‍റെ പൊരുള്‍ ഞാന്‍ അറിയുന്നു .
നീയും ഞാനും ഒന്നാണെന്ന് .

ഇനി വൈകാന്‍ പാടില്ല . നടന്നു കയറണം ,
ജ്ഞാനകാണ്‍ഡത്തിലേയ്ക്ക് ,സത്യദര്‍ശനത്തിലേയ്ക്ക് .
നീ എന്‍റെ ചുണ്ടുകളിലേയ്ക്ക്   പകര്‍ന്നുതന്ന രസം ഓംകാരമായിരുന്നു
എന്ന് ഞാനറിയുന്നു .

യുക്തി പറയാനില്ലാത്ത ഭ്രമദര്‍ശനങ്ങളാകുന്ന മായയില്‍നിന്നു മുക്തിനേടണം . 
സങ്കല്‍പ്പമണ്ഡലങ്ങളെയും വാസനാമണ്ഡലങ്ങളെയും ജയിച്ച്
'അറിയാന്‍ മറ്റൊന്നില്ല ' എന്ന ലോകത്തെത്തണം, സ്വയം പ്രകാശിക്കണം .
അവിടെ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല .
*

2011, ജൂൺ 27, തിങ്കളാഴ്‌ച

മകളേ ...


മുറ്റത്ത്‌ കളിക്കുമീ പിഞ്ചുകാലുകള്‍ കണ്ട്
നെഞ്ചകം പിടയുന്നതറിയുന്നുവോ നിങ്ങള്‍ ?

വായിക്കാനവളൊരു വാര്‍ത്തയായ് നിറയുന്നു
ഭോഗത്തിനച്ഛന്‍ തച്ചുടച്ച കളിപ്പാട്ടം

സഹതപിച്ചൊരുപിടി അരുമപ്പേരുകളെത്തീ
പീഡിത , ഇര ,മാനഭംഗം വന്നുപെട്ടവള്‍

പറന്നു പോകുന്നത് പൂക്കളോ പൂമ്പാറ്റയോ
കൈക്കുള്ളിലൊതുക്കുവാന്‍ പായുന്നിതെന്നോമന .

ലിംഗഭേദമെന്നൊരു വാക്കവള്‍ക്കറിയില്ല
കുഞ്ഞു പെങ്ങളും താനുമേട്ടനുമൊരുപോലെ

ഇരുളിന്‍ നേരെ കണ്ണിന്‍ വെളിച്ചം കൊടുത്തവള്‍
അച്ഛനെ തിരയുന്നു കണ്ണുകള്‍ നിറയ്ക്കുന്നു

വാക്കുകള്‍ കൂട്ടിചൊല്ലാനറിയാ കുരുന്നിനോടെ -
ങ്ങനെ പറയും ഞാന്‍ അച്ഛന്‍റെ ചിത്തഭ്രമം

ഉമ്മയായ് സ്നേഹം കുഞ്ഞുകവിളില്‍ പകര്‍ന്നുഞാന്‍
നെഞ്ചിന്‍റെ താളം കൊണ്ട് താരാട്ടിയുറക്കുന്നു

ഉറക്കം മറഞ്ഞോരെന്‍ രാത്രിയിലിടയ്ക്കിടെ
കൂട്ടിനെത്തുന്നു കുഞ്ഞിന്‍ ഞെട്ടലും ഞരക്കവും

ചുണ്ടുകള്‍ അവ്യക്തമായ്‌ പറയുന്നതെന്താവാം
അവളെ തനിച്ചാക്കി പോകരുതെന്നല്ലയോ ?

''ഉറങ്ങാതിരിക്കും ഞാന്‍ നിന്‍റെ കാവലിനായി
അഗ്നി തുപ്പണം പാഞ്ഞടുക്കും കഴുകനെ ,

പിഞ്ചു കാലുകള്‍ നടന്നകലാന്‍ പഠിക്കുമ്പോള്‍
തന്നിടും നിനക്കെന്‍റെ കണ്ണിനുള്ളിലെ അഗ്നി '' .

***********************************

2011, ജൂൺ 12, ഞായറാഴ്‌ച

മൂക്കുത്തി ...

അന്നൊരിക്കല്‍ ചോര്‍ന്നുപോകാതിരുന്ന മാര്‍ക്കിന് അച്ഛനോട്
ആവശ്യപ്പെട്ട സമ്മാനം , ഒരു മൂക്കുത്തി .
ഭാവമാറ്റം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെട്ട് , അച്ഛന്‍റെ
ചോദ്യം , '' ഏത് നിറമാണ് വേണ്ടത് ?''
''വെള്ള '' ഞാന്‍ പറഞ്ഞു . '' നാളെയാവട്ടെ '' . നാളെയായി .
അച്ഛന്‍റെ ചോദ്യം , ''ഏത് നിറമാണ് മോള്‍ക്ക്‌ വേണമെന്ന്
പറഞ്ഞത് ?'' '' ചുവപ്പ് '' ഞാന്‍ പറഞ്ഞു . '' ഉം ..'' അച്ഛന്‍
മൂളിക്കേട്ടു . മൂന്നാം ദിവസം അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു .
'' പച്ച '' ഉത്തരം മാത്രം മാറിക്കൊണ്ടിരുന്നു .

പിറ്റേ ദിവസം അച്ഛന്‍ ഒരു സമ്മാനം തന്നു . സമയനിഷ്ഠ
പാലിക്കാന്‍ , നല്ല ഭംഗിയുള്ള ഒരു വാച്ച് .അത് കൈയില്‍
കെട്ടിത്തന്നിട്ട് ചോദിച്ചു . '' ഇഷ്ടമായോ ? '' '' ഉം ..'' അച്ഛന്‍റെ
മൂളല്‍ ഞാന്‍ കടമെടുത്തു . തെളിയാത്ത എന്‍റെ മുഖത്തെ
ആശ്വസിപ്പിക്കാനെന്നോണം അമ്മ പറഞ്ഞു , എന്‍റെ കാത്
കുത്തിയപ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയ കഥ .
കാതുകുത്തുന്നത് ഇഷ്ടമല്ലെന്നു പറയാന്‍ അന്നെനിക്ക്
അറിയില്ലായിരുന്നിരിക്കണം .

മൂക്കുത്തി കിട്ടാത്ത എന്‍റെ മൂക്ക് വല്ലാതെ പിറുപിറുത്തു .
ആരും കാണാതെ ഞാനൊരു ചെറിയ നുള്ള് വച്ചുകൊടുത്തു .
എന്തിനാണിങ്ങനെ ആവശ്യമില്ലാത്ത ഒരു മോഹം ..

എന്നിട്ടും പലപ്പോഴും മൂക്കുത്തിയിട്ട മൂക്കുകളെ തെല്ലൊരു
അസൂയയോടെ തന്നെ നോക്കി . അവരെ കുടിയിരുത്തുന്ന
തട്ടാന്മാരോടായിരുന്നു ദേഷ്യം .

കോളേജില്‍ ജന്തുശാസ്ത്രം പഠിപ്പിച്ചിരുന്ന ശാന്തകുമാരി ടീച്ചര്‍
തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ ദഹന വ്യവസ്ഥയുടെ ചിത്രം
വരച്ചപ്പോള്‍ കൂട്ടുകാരിയുടെ വകയായി ഒരു സമ്മാനം .
പേനകൊണ്ട് മൂക്കിനു ഒരു പോറല്‍ . പരിസരം മറന്നു ,
ക്ഷോഭത്തോടെ തിരിഞ്ഞു നോക്കി , കുറ്റവാളി ആരെന്നറിയാതെ
ടീച്ചര്‍ വര തുടര്‍ന്നു . എന്‍റെ മൂക്കിലെ വര ഒരു നീറ്റലോടെ
നീല നിറത്തില്‍ കട്ടപിടിച്ചിരുന്നു .

എന്‍റെ മൂക്കിന് മൂക്കുത്തി നന്നായി ഇണങ്ങുമെന്ന് ടീച്ചര്‍
പോയിക്കഴിഞ്ഞ്‌ അവള്‍ പറഞ്ഞു . അത് കേട്ട് എന്‍റെ മൂക്ക്
പരാതിപറച്ചില്‍ അവസാനിപ്പിച്ചു . അവളുടെ പേഴ്സിലെ
കുഞ്ഞു കണ്ണാടിയില്‍ ഒരു ചെറിയ നീലക്കല്ലുപോലെ മഷി
തെളിഞ്ഞു നിന്നു , മായ്ച്ചിട്ടും മായാതെ . നീല നിറത്തിലുള്ള
മൂക്കുത്തി ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ .

വധുവായി അണിയിച്ചൊരുക്കിയപ്പോഴും ആരും ഓര്‍ത്തില്ല
എനിക്കൊരു മൂക്കുത്തി ആവശ്യമുണ്ടെന്ന് . അങ്ങനെ പുതിയ
ജീവിതത്തില്‍ പഴയ മൂക്കുമായി ഞാന്‍ കടന്നുചെന്നു .

മടിച്ചുമടിച്ച് ഒരു ദിവസം എന്‍റെ മൂക്ക് രഹസ്യമായി ഒരു
ചെവിയോടു പറഞ്ഞു , മൂക്കുത്തിയോടുള്ള ഇഷ്ടം . അച്ഛന്‍റെ
മൂളലിനെക്കാള്‍ നീളമുള്ള ഒരു മൂളല്‍ പകരം കിട്ടി . എന്‍റെ
മൂക്കുത്തി മറ്റൊരു മൂക്കിനെ വേദനിപ്പിച്ചാലോ ? വേണ്ടാ ,
അന്ന് മൂക്കിന് സാമാന്യം നല്ല ഒരു നുള്ള് തന്നെ കൊടുത്തു.
അതിമോഹം ..

പിന്നീട് കുഞ്ഞു കൈകള്‍ നിറയെ കരിവള ഇട്ടുകൊടുത്തും
മുഖത്തും കൈകാലുകളിലും മതിയാവോളം ഉമ്മ കൊടുത്തും
താരാട്ട് പാടിയും കഥകള്‍ പറഞ്ഞും നടക്കുന്നതിനിടയില്‍
എന്‍റെ മൂക്കുത്തി എവിടെയോ പോയി മറഞ്ഞു .

ഇന്നിതാ വീണ്ടുമൊരുവള്‍ ചോര്‍ന്നുപോകാത്ത മാര്‍ക്കിന്
സമ്മാനമായി മൂക്കുത്തിയും ചോദിച്ചുകൊണ്ട് അവളുടെ
അച്ഛന്‍റെ മുന്നില്‍ . ഞാന്‍ അതിശയത്തോടെ അവളെ നോക്കി .
ഞാനവളോട് ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ അവളുടെ
പ്രായത്തില്‍ ഞാനിഷ്ടപ്പെട്ടിരുന്ന ഒരേയൊരു ആഭരണമാണ്‌
മൂക്കുത്തി എന്ന് .

ഒരു മൂളല്‍ പ്രതീക്ഷിച്ചു നിന്ന ഞാന്‍ ശരിക്കും ഒന്നു ഞെട്ടി .
അവളുടെ സന്തോഷത്തിന്‍റെ തീവ്രതയറിഞ്ഞത് , അവളുടെ
രണ്ടു വിരലുകള്‍ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞ എന്‍റെ പാവം
മൂക്ക് .

വെട്ടിത്തിളങ്ങുന്ന മൂക്കുത്തി അവള്‍ക്ക് നന്നായി ഇണങ്ങുന്നു .
ചോറ് പകരുന്നതിനിടയില്‍ വീണ്ടും അവളുടെ ചോദ്യം ,
''അമ്മേടെ മോള്‍ക്ക്‌ മൂക്കുത്തി നല്ല ചേര്‍ച്ച , അല്ലേ ?'' ഇന്ന്
വാല്‍ക്കണ്ണാടിയെ സ്വസ്ഥമായി ഒരിടത്തൊന്നിരിക്കാന്‍ അവള്‍
അനുവദിച്ചിട്ടില്ല . അവളെ കണ്ണാടിയിലൂടെ ഞാനൊന്ന് നോക്കി .
വെള്ള മൂക്കുത്തിയുടെ തിളക്കം കണ്ണുകളിലേയ്ക്ക് പകര്‍ത്തി
അതില്‍ ഞാന്‍ .. പിറകില്‍ എന്‍റെ പിന്‍കഴുത്തില്‍ മുഖംചേര്‍ത്ത്
എന്നെ നോക്കുന്ന അമ്മ .

**********************************************

2011, ജൂൺ 2, വ്യാഴാഴ്‌ച

വാക്കും പൊരുളും


ഞാന്‍ മരിച്ചാലും
നീ മരിക്കില്ല
ഒരുചെവി കേട്ട്
മറുചെവി കളഞ്ഞ്
അലഞ്ഞുതിരിഞ്ഞ്
കൂട്ടം തെറ്റി
വീണ്ടും കൂട്ടുകൂടി
കൂടണഞ്ഞ
വാക്കിന്‍ നിര
ശിക്ഷയ്ക്ക് തലകുനിച്ചു .

വടിയെടുത്താല്‍
വക്കുടഞ്ഞാലോ
വക്കുടഞ്ഞാല്‍
വാക്ക് മാറും
വാക്ക് മാറിയാല്‍
പൊരുള്‍ ഒടുങ്ങും .

മുത്തശ്ശി മറഞ്ഞിട്ടും
തോട പോല്‍
മിന്നിത്തിളങ്ങുന്ന
കൂട്ടം തെറ്റാത്ത
വാക്കുകള്‍ ചേര്‍ത്തൊരു
ശിക്ഷ നടപ്പാക്കി
'' ഇരുട്ടത്ത് ചോറും
വെളിച്ചത്ത്‌ ഉറക്കവും ''

***********

2011, മേയ് 29, ഞായറാഴ്‌ച

കടിഞ്ഞൂല്‍ കനവ് ...

ഇന്നലെ ...
ഇരുട്ട് വിരുന്നിനെത്തിയ നേരം . കുളിരുംകൊണ്ടൊരു കാറ്റ്
ഓടി വന്നതറിഞ്ഞ് കൊതിയോടെ ഞാന്‍ മുറ്റത്തിറങ്ങി . കാറ്റിന്‍റെ
തലോടലില്‍ ഞാന്‍ കണ്ടു, മുറ്റത്തെ മുല്ലയിലും നിറയെ മൊട്ടുകള്‍ .
മേലേ മാനത്തെ കറുത്ത അമ്മയുടെ വെളുത്ത കുട്ടികള്‍ നിറഞ്ഞു
ചിരിക്കുന്നു . ചിരിച്ചു ചിരിച്ച് ഞാന്‍ ഒരുവനെ ഒരു നോട്ടം കൊണ്ട്
ഉള്ളംകൈയിലൊതുക്കി . വിരലുകള്‍കൊണ്ട്‌ അവനെ മൃദുവായി
പൊതിഞ്ഞുപടിച്ചു .
മുറ്റത്തെ പച്ചയില്‍ ഉള്ളംകൈയില്‍ പൊതിഞ്ഞ വെളിച്ചത്തെ
മടിയില്‍ വച്ച് ഞാനിരുന്നു . ഞങ്ങളെ ഉറ്റുനോക്കുന്നവര്‍ കേള്‍ക്കാതെ,
അറിയാതെ ഞാനവനോട് ഒരു സഹായം ചോദിച്ചു , അവന്‌ കടന്നു
ചെല്ലാന്‍ പറ്റാത്ത ഒരിടവും ഇല്ലെന്ന് എനിക്കറിയാമായിരുന്നു .എന്‍റെ
മനസ്സിനുള്ളില്‍ കടന്ന് ആദ്യമായ് ഞാന്‍ കണ്ട സ്വപ്നം എന്താണ്
എന്നറിയണം . അവനെ  താക്കോല്‍പഴുതിലൂടെ ഞാൻ കടത്തിവിട്ടു .

തിരികെ വരുന്നതും കാത്ത്  ആ കുളിരിൽ തുറന്നുപിടിച്ച വിരലുകളിൽ
നോക്കി ഞാനിരുന്നു .

നിമിഷങ്ങൾക്കുള്ളിൽ വിജയിയായി അവനെത്തി , അടുക്കിവച്ചിരുന്ന
പുസ്തകങ്ങളില്‍ ഏറ്റവും അടിയിലത്തേതുമായി . മഷിത്തണ്ടും
മയില്‍പ്പീലിയും വളപ്പൊട്ടുകളും കുറ്റിപ്പെന്‍സിലും കുന്നിമണികളും
സുന്ദരമായി വരച്ചു ചേര്‍ത്ത പുറം ചട്ടയുള്ള ഒരു പുസ്തകം .അവന്‍
എടുത്തുതന്ന പുറം ഞാന്‍ ആകാംഷയോടെ വായിച്ചു . ഒരിക്കലും
മറക്കാതിരിക്കാന്‍ വളരെ പണ്ട് ഞാന്‍ കുറിച്ചിട്ട വരികള്‍ .

''അസുഖവും ആശുപത്രിയും തന്ന വിരസമായ ദിവസങ്ങള്‍ .മുടി
നഷ്ടമായ തല കാണുമ്പോള്‍ എല്ലാറ്റിനോടും ദേഷ്യം . വാശിയോടെ
ഉണ്ടാക്കിയെടുത്ത ശീലങ്ങള്‍ . അവയില്‍ ഒന്നായിരുന്നു അമ്മയുടെ
മടിയില്‍ കിടന്ന് കഥ വായിച്ചു കേട്ട് ഉറങ്ങണം എന്നത് . ചുറ്റും
നിരത്തിയിട്ടിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ , കഥകളും കവിതകളും . അമ്മ നല്ല
ഈണത്തില്‍ ചൊല്ലുന്ന കവിതകളായിരുന്നു ചില ദിവസങ്ങളില്‍
ഏറെ ഇഷ്ടം .

കടലമണി തിരഞ്ഞുപോകുന്ന ഉറുമ്പിന്റെ പിറകെ പോയ ഒരുനാള്‍ .
ഉറുമ്പിനോടൊപ്പം മുട്ടില്‍ ഇഴയുമ്പോള്‍ മുന്നില്‍ തങ്കക്കൊലുസ്സിട്ട
കാലുകള്‍ . കൊലുസ്സുകള്‍ക്ക് മുകളില്‍ കസവുപാവാടയുടെ തിളക്കം .
മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വിരല്‍ നീട്ടിനില്‍ക്കുന്നു ചന്ദനത്തിന്റെ
നിറമുള്ള ഒരു പെണ്‍കുട്ടി . എന്‍റെ അതേ പ്രായം . അവളുടെ വിരലില്‍
പിടിച്ചനേരം ഞാനും അവളും ഇരട്ട പെറ്റ കുട്ടികളെപ്പോലെ തോന്നിച്ചു .
അവള്‍ എന്‍റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് എന്നെയും കൊണ്ട് ,
പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്വര്‍ണത്തേരിനടുത്തെയ്ക്കു നടന്നു .
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പറന്നു , മാനത്തെ കൊട്ടാരത്തിലേയ്ക്ക് .
ആദ്യമായി ഞാന്‍ സ്വര്‍ഗ്ഗകവാടത്തിലൂടെ കടക്കുകയായിരുന്നു . അന്ന്
ഞാന്‍ വായിച്ച കഥകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒന്നൊന്നായി
അവള്‍ എനിക്ക് കാണിച്ചുതന്നു .

പെട്ടെന്ന് ഭാരം വച്ച് , താഴേയ്ക്ക് വീണതുപോലെ ഒരു തോന്നല്‍.എന്റെ തല

എപ്പോഴാണ് അമ്മയുടെ മടിയില്‍ നിന്ന് തലയിണയിലേയ്ക്ക്  മാറിയത്  ....
നന്നായി കണ്ണുകള്‍ തിരുമ്മിത്തുറന്ന് മുട്ടോളമെത്തുന്ന വെള്ളപെറ്റിക്കോട്ടിൽ 

തൊട്ടുനോക്കി . നിലക്കണ്ണാടിയില്‍ പതിയാത്ത പട്ടുപാവാടയും കൊലുസ്സും .
പൊട്ടിക്കരയാന്‍ തോന്നി .മുറ്റത്തേയ്ക്ക് ഓടിയിറങ്ങി .മാനത്തെകൊട്ടാരം മേഘം 
വിഴുങ്ങിയിരിക്കുന്നു .തിളക്കമുള്ള ഒരു പളുങ്കുപാത്രം പകരം വച്ചിരിക്കുന്നു .''

വെളുത്തകുട്ടിയെ കറുത്തഅമ്മയ്ക്ക്
തിരികെ കൊടുക്കാൻ നേരമായിരിക്കുന്നു .
സുന്ദരമായ പുറം ചട്ടയുള്ള പുസ്തകവും ഇരുളില്‍
മറഞ്ഞു . യാത്ര പറയും മുമ്പേ
ഉള്ളം കൈയില്‍ പൊതിഞ്ഞ ആ
വെളിച്ചത്തെ കണ്ണുകളില്‍ ചേർത്തുപിടിച്ച്‌
ഞാന്‍ പറഞ്ഞു , '' ഇനിയും ഞാന്‍ നോട്ടമെറിയും , നീ  അരികിലെത്തണം
പുസ്തകമെടുക്കണം എന്‍റെ വായനയ്ക്ക് വെളിച്ചമാകണം ''


***************

2011, മേയ് 25, ബുധനാഴ്‌ച

ഒരു പഴങ്കഥ ...



ഇരുപ്പുറയ്ക്കാതെ അനങ്ങിത്തുടങ്ങി  എൻറെയൊരു പല്ല് .
എത്രയും വേഗം  അതിനെ താഴെയിറക്കി കൈയില്‍വച്ച് ഒന്നു
കാണണം .
നാക്കും വിരലുകളുംമത്സരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു .
ദിവസവും രാവിലെ അച്ഛന്‍റെ മുന്നില്‍ ഹാജരാകും .
ഓരോ ദിവസവും നാളെ വീഴും എന്ന് അച്ഛന്‍ പറയും .
പിന്നെ നാളേയ്ക്ക്  വേണ്ടിയുള്ള  കാത്തിരിപ്പ് .

ചേട്ടന്‍ പറഞ്ഞു, അത് വയറിനകത്ത്‌ പോയി , അവിടെ കിടന്നുവളര്‍ന്ന് ഒരു വലിയ  വെളുത്ത പാറയാവുമെന്ന് .
ചേട്ടന്‍ പലതവണ സ്വയം പല്ല് പറിച്ചെടുക്കുന്ന വിദ്യ കണ്ടിട്ടുണ്ട് .
പല്ലില്‍ നൂല് കെട്ടി നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ല്‌ കെട്ടി ,....
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഗമയില്‍ നടന്നു പോകുന്ന
ചേട്ടനെ അന്തംവിട്ട് ഞാനങ്ങനെ  നോക്കിനിൽക്കും .
ചേട്ടന്റെ മോണയില്‍ നിന്ന് കിനിയുന്ന  രക്തം കണ്ട തളര്‍ച്ചയില്‍
ആ ധീരതയ്ക്ക് മാർക്കിടും , പറയില്ല , ഗമ കൂടിയാലോന്നോർത്ത് !

കാത്തിരുന്ന ആ സുദിനം വന്നെത്തി, അച്ഛന്റെ അവധിദിവസം .
ഞാന്‍ ധൈര്യം സംഭരിച്ച്  അടുത്ത് ചെന്നു .
നോവിക്കരുതെന്ന അപേക്ഷയില്‍ അച്ഛന്‍ ഒപ്പിട്ടു .ചേട്ടന്‍റെ വിദ്യയില്‍ നിന്നും അല്പം വ്യത്യാസമുണ്ടെന്ന് അച്ഛന്‍ .
അച്ഛന്‍ നൂലുകൊണ്ട് പല്ലില്‍ശ്രദ്ധയോടെ ഒരു കുരുക്കിട്ടു .
അമ്മ അടുക്കളയിൽനിന്ന് എത്തിനോക്കിയിട്ട്  , പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്ക് എന്തുകാര്യം എന്ന മട്ടില്‍ തിരിഞ്ഞു നടന്നു .

അപ്പോഴാണ്‌ മുറ്റത്തെ തെങ്ങിന്‍ചോട്ടില്‍ , കുളിച്ച്‌ സുന്ദരിയായി
നിന്ന് അയവിറക്കുന്ന നന്ദിനിയെ ശ്രദ്ധിച്ചത് .
അവളുടെ പുറത്ത് ഒരു കാക്ക ചെന്നിരുന്ന് ചെവിയില്‍ കൊത്തുന്നു .
ചെവി മുറിഞ്ഞ് ചോര വരില്ലേ ? അവള്‍ക്ക് നോവില്ലേ ?
കാക്കയെ ഓടിക്കാനായി അറിയാതെ ഞാന്‍ എണീറ്റതും
എന്‍റെ പല്ല് അച്ഛന്‍റെ മടിയിൽ  തെറിച്ചു വീണതും ഒരുമിച്ച് .
അങ്ങനെ എനിക്ക് കരയാനുള്ള ഒരവസരം കൂടി നഷ്ടമായി .

പണി പകുതിയാക്കിക്കൊടുത്തു എന്ന് ചിരിച്ച്‌  അച്ഛന്‍ വേഗം
കൂജയിലെ വെള്ളം വായിലേയ്ക്ക് ഒഴിച്ചുതന്നു.
'നൊന്തോ എന്ന അച്ഛന്റെ ചോദ്യത്തിന്  'ഇമ്മിണി 'എന്നൊരുത്തരവും
കൊടുത്ത്  ആ പല്ല് ഒരു പഴുത്ത പ്ലാവിലയില്‍ എടുത്തുവച്ച്
കണ്ണുനിറയെ കണ്ടു .
അമ്മയെ ആ 'വിശിഷ്ട വസ്തു കാണിച്ചു കൊടുത്തിട്ട് നേരെതൊഴുത്തിലേയ്ക്ക് പോയി, അത്  ഊക്കോടെ മുകളിലേയ്ക്കെറിഞ്ഞു.
ചത്ത പല്ലിന് ഓലപ്പുരയ്ക്ക് മുകളിലാണത്രേ  സ്ഥാനം .
കണ്ണാടിയെടുത്ത് എന്‍റെ നഷ്ടം അച്ഛന്‍ കാണിച്ചു തന്നു .വലിയ ഒരു വിടവ് .
എനിക്ക് സങ്കടം വന്നു . ചുണ്ടുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് , ഞാനപ്പോള്‍
ഒരു ശപഥം ചെയ്തു . ഇനി പുതിയ പല്ല് വരുന്നതുവരെ ചിരിക്കില്ല .
ആ ശപഥത്തിന്റെ ആയുസ്സ് മാത്രം കൃത്യമായി എനിക്കോര്‍മയില്ല .

2011, മേയ് 20, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ : ...

അതിഥി ദേവോ ഭവ : ...അമ്മയില്‍ നിന്ന് കേട്ടും കണ്ടും
പഠിച്ച ഒരു പാഠം . നിറഞ്ഞ ചിരിയോടെ അതിഥിയെ
സ്വീകരിക്കുക ..നിറഞ്ഞ മനസ്സോടെ അവരെ യാത്രയാക്കുക ..
വിലപ്പെട്ട സമയം അവര്‍ നമുക്കായി മാറ്റിവച്ചതാണെന്ന്
അറിഞ്ഞ് ആദരിക്കുക ...

ഈ അവധിക്കാലത്ത്‌ ബന്ധുത്ത്വങ്ങളും സൌഹൃദങ്ങളും ഒന്നു
തേയ്ച്ചു മിനുക്കിയെടുക്കാന്‍ ഒരു മോഹം തോന്നി . ഉച്ചയൂണ്
കഴിഞ്ഞ് ഒന്നു മയങ്ങി . ആര്‍ക്കും ശല്യമാവാത്ത സമയം നോക്കി
ചെറിയ ഒരു യാത്ര , ഒരു ബന്ധുവീട്ടിലേയ്ക്ക് .

ഞങ്ങള്‍ ഗേറ്റിനടുത്ത് എത്തിയതും നായ വല്ലാതെ കുരച്ചു . അവന്‍
അവന്‍റെ ധര്‍മം നിര്‍വഹിക്കേ , ഗൃഹനാഥനും ഒപ്പം ഭാര്യയും
വാതില്‍ തുറന്നിറങ്ങി വന്നു . വളരെ ഹൃദ്യമായ സ്വീകരണം .
ഒന്നിനും തികയാത്ത സമയത്തെക്കുറിച്ചുള്ള വേവലാതികള്‍ ..കാണാന്‍
കഴിഞ്ഞതിലുള്ള സന്തോഷം ..നാട്ടു വിശേഷങ്ങള്‍ ..അതിനിടയില്‍ ഞാന്‍
മോളെക്കുറിച്ച് ചോദിച്ചു . ഉത്തരമെന്നോണം അവര്‍ അടച്ചിട്ടിരുന്ന
വാതിലില്‍ മുട്ടി വിളിച്ചു , അതിഥികളുടെ പേരും പറഞ്ഞു . കേട്ടു എന്ന്
അറിയിക്കാനായി അകത്തുനിന്ന് എന്തോ ഒരു ശബ്ദം പുറത്തും വന്നു .


ഭാവിയില്‍ ഒരു വലിയ എന്‍ജിനിയര്‍ ആകാനുള്ള കുട്ടിയാണ് .അവള്‍
തിരക്കിട്ട് പഠിക്കുകയാവും . മെല്ലെ തുറക്കുന്ന വാതിലും മനോഹരമായ
ചിരിയും പ്രതീക്ഷിച്ച് , ചായകൂട്ടലിന് സാക്ഷിയാവാന്‍ അടുക്കളയില്‍
പോകാതെ ഞാന്‍ വാതിലിലെയ്ക്ക് നോക്കിയിരുന്നു . കൈയില്‍ കിട്ടിയ
വാരികയിലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറാന്‍ കൂട്ടാക്കുന്നില്ല .തികട്ടി
വരുന്ന ഒരു ഓര്‍മയുടെ രൂക്ഷ ഗന്ധം ..

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ
അറ്റത്ത്‌ കൂട് കൂട്ടിയ കാലം .മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ച്
പഠിച്ച കൂട്ടുകാരനെ കാണണമെന്ന ഒരു മോഹത്തിനൊപ്പം കൂടി
ഞാനും കുട്ടിയും . ഒരു ആഘോഷം പ്രതീക്ഷിച്ച് ഞങ്ങളവിടെയെത്തി.
ചങ്ങാതിമാര്‍ പരിസരം മറന്നു.. പക്ഷെ വീട്ടമ്മയുടെ മുഖത്തുനിന്ന്
ഞാന്‍ വായിച്ചെടുത്ത അക്ഷരങ്ങള്‍ക്കൊന്നും വക്കുകളില്ലായിരുന്നു .
ആകെ വികൃതം .

തനി നാട്ടിന്‍പുറത്തുകാരിയായ എന്നെ കണ്ടിട്ട് ബോധിക്കാഞ്ഞിട്ടോ
അതോ നീളത്തില്‍ പിന്നിയിട്ട എന്‍റെ തലമുടിക്ക് ബോബുചെയ്ത
മുടിയുടെ മുതലാളിത്തം ഇല്ലാഞ്ഞിട്ടോ എന്തോ അവിടത്തെ കൊച്ചമ്മ ,
അടുപ്പില്‍ നിന്ന് ചായ നേരെ കപ്പിലേയ്ക്ക് പകര്‍ന്ന് , എന്‍റെ നാല്
വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു . കുട്ടിക്ക് ചായ തണുപ്പിച്ച്
കൊടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴൊക്കെ അവര്‍ മറ്റേതോ
ലോകത്തായിരുന്നു . ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകമാകാത്ത
മനസ്സുള്ള എന്‍റെ കുട്ടി മേശപ്പുറത്തു നിരത്തിയ നിറമുള്ള പലഹാരങ്ങള്‍
ആദ്യമായി കാണുന്നതുപോലെ എടുത്തു കഴിച്ചു . കുട്ടികളുടെ ഈ
സ്വഭാവവിശേഷം പല അമ്മമാരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍
കലി അടക്കിയിരുന്നു . നിര്‍ബന്ധിച്ചാല്‍ പോലും വീട്ടില്‍ നിന്ന് കഴിക്കാത്ത
സാധനങ്ങള്‍ പുറത്തുനിന്ന് കിട്ടിയാല്‍ ആക്രാന്തത്തോടെ കഴിക്കുമെന്ന
തത്വം ആ അമ്മയ്ക്ക് അറിയുമോ എന്നായിരുന്നു എന്‍റെ സംശയം .

കുഞ്ഞു വിരലുകള്‍ പണി തീര്‍ത്തു എന്നറിഞ്ഞ് അവര്‍ ബാക്കിവന്ന
ആ പലഹാരങ്ങള്‍ , എടുത്ത പാത്രങ്ങളില്‍ തന്നെ തിരികെയിട്ട് അടച്ചു
വച്ചു . അലങ്കരിച്ച് , അടുത്ത അതിഥികളെ സല്‍ക്കരിക്കാനായി.

ഓര്‍മകളെ തള്ളിമാറ്റിക്കൊണ്ട് ചായയെത്തി . സല്‍ക്കാരവും പിന്നെ
വര്‍ത്തമാനവുമായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ . തുറക്കാതിരുന്ന
ആ വാതിലില്‍ വീണ്ടും ഊക്കോടെ മുട്ടിവിളി . മോളെ ശല്യപ്പെടുത്തണ്ട
എന്ന് പറഞ്ഞ് ഞങ്ങള്‍ സന്തോഷപ്രകടനം നടത്തി ഇറങ്ങി .

നായ കുരച്ചില്ല . വേണ്ടപ്പെട്ട അതിഥിയാണെന്ന് അവന്‌ തോന്നിയോ
അതോ തുറക്കാതിരുന്ന വാതില്‍ ഞങ്ങള്‍ക്ക് തന്ന അവഹേളനം അവന്‍
മണത്തറിഞ്ഞതോ ???
**************************************************

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

സ്നേഹപൂര്‍വം സ്വന്തം അന്‍വിദ ....

'അനുക്കുട്ടീ ' അമ്മയുടെ നീട്ടിയുള്ള വിളി . ഈ അമ്മ ഒന്നു നേരെ കളിക്കാന്‍
സമ്മതിക്കൂലല്ലോ . പരീക്ഷ കഴിഞ്ഞിട്ടല്ലെയുള്ളൂ . എന്തൊരു വെപ്രാളാ ,
അനൂന്റെ പാവക്കുട്ടിക്ക്‌ നല്ലൊരു പൊട്ട് തൊടാന്‍പോലും സമ്മതിച്ചില്ല .
'' ടീച്ചര്‍ ഇപ്പൊ എത്തും , വേഗം പോയി കുളിച്ച്‌ ഡ്രസ്സ്‌ മാറിയേ '' .

പഠിക്കാന്‍ ഇഷ്ടാ , പക്ഷെ കുറച്ച്‌ കളിക്കണ്ടേ ? മുറ്റത്തൊക്കെ
ഇറങ്ങി നടന്ന് പൂക്കളേം തേന്‍ കുടിക്കാന്‍വട്ടമിട്ട് പറക്കുന്ന
പൂമ്പാറ്റകളേം ഒക്കെ കാണണ്ടേ ? മഴ നനയണ്ടേ ? മഴവെള്ളം
ചവിട്ടി തെറുപ്പിച്ച് ഓടണ്ടേ ?

അടുത്ത വീട്ടിലെ ദേവു അവളുടെ അനുജത്തിക്കുട്ടിയുടെകൂടെ
കളിക്കുമ്പോ ഈ അനു ഇവിടെയിരുന്നു കൊതിയോടെ നോക്കുന്നത്
അമ്മ കാണുന്നതല്ലേ . കല്യാണിക്ക് രണ്ടു ചേട്ടന്മാരുള്ളത് എന്തു
നല്ലതാണെന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു .
ഈ അമ്മയ്ക്കെന്തേ ഒട്ടും അലിവ് തോന്നാത്തത്.


ഡാന്‍സ് ടീച്ചര്‍ അമ്മയോട് പറയുന്ന കേട്ടു , '' വേഗം ഗ്രഹിക്കും , നല്ല കഴിവുണ്ട് .''
എന്നൊക്കെ . ടീച്ചര്‍ ചോദിച്ചു , '' അന്‍വിദയ്‌ക്ക് ആരെപ്പോലെ ആകാനാ ഇഷ്ടം ? ''
അനു പറഞ്ഞു , ആരേം പോലെ ആകണ്ടാ , നന്നായി പഠിച്ചാ മതി , എന്ന് . ടീച്ചറും
അമ്മയും പൊട്ടിച്ചിരിച്ചു . ദൂരെയിരുന്നു തലയാട്ടുന്ന ബൊമ്മ ഇപ്പൊ ചിരിച്ചത് അനു
പറഞ്ഞത് കേട്ടായിരിക്കും . അവന്‍റെ തല പിടിച്ച് നേരെ ആക്കീട്ട് തന്നെ ബാക്കി കാര്യം .
ചായയും കുടിച്ച്‌ , അനൂന്റെ കവിളില്‍ ഒരുമ്മയും തന്ന്‌ ടീച്ചര്‍ ബസ്സിന് സമയായി
എന്നും പറഞ്ഞു ഓടിപ്പോയി .

അച്ഛന്‍ ഓഫീസീന്ന് വരുന്നതിനു മുന്പ് എത്തിക്കോളാംന്നു പറഞ്ഞ്‌ അമ്മയ്ക്ക്
ഉറപ്പും ഒരു ഉമ്മേം കൊടുത്ത്‌ അനു ദേവൂന്റെ വീട്ടിലേയ്ക്ക് ഒരൊറ്റ ഓട്ടം .
അവിടെ എന്താ എല്ലാരും കിണറ്റിനു ചുറ്റും കൂടി നില്‍ക്കുന്നത് . ദേവൂം കൂട്ടുകാരും
കൈകൊട്ടി ചിരിക്കുന്നല്ലോ . അനു അടുത്തേയ്ക്ക് ചെന്നു . അയ്യോ സുന്ദരിപ്പൂച്ച
കിണറ്റിനകത്ത്‌ . എന്നും അവളുടെ കൂടെ കളിക്കുന്നതാണ് . അമ്മ തരുന്ന വറുത്ത
മീനും കൊണ്ടാണ് അവളെ കാണാന്‍ പോവുക. ആര്‍ത്തിയോടെ അതും തിന്ന്‌
സ്നേഹം കൂടാന്‍ വരും . അപ്പൊ അവള്‍ക്ക് ഏറ്റവും ഇഷ്ടം അനൂനോടാണെന്നു
തോന്നും . അവളുടെ വാല് എന്തു രസാ കാണാന്‍ . ഇവളെങ്ങനെ കിണറ്റിനകത്ത്‌
പോയി ?
ടെവൂന്റമ്മ കാണിച്ചുതന്നു . അവള്‍ ചെറിയൊരു ചെടിയില്‍ തൂങ്ങി
അള്ളിപ്പിടിച്ചിരിക്കുന്നു . ചെടി പിഴുതുപോയാല്‍ അവള്‍ വെള്ളത്തില്‍ . അവളെ
രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു . ദേവൂം കൂട്ടുകാരും ചിരിക്കുന്നുണ്ട് ഇപ്പോഴും .
അവളുടെ വെപ്രാളം കണ്ടിട്ടും ഇവര്‍ക്കെങ്ങനാ ചിരിക്കാന്‍ തോന്നുന്നത് ?

അനു തിരികെ നടന്നു , അനൂ ന് ഇതൊന്നും കാണാന്‍ വയ്യാ . അമ്മയോട്
പറഞ്ഞപ്പോ ' സാരമില്ല , മോള് വിഷമിക്കണ്ടാ , അവര്‍ രക്ഷപ്പെടുത്തും '' എന്ന്
പറഞ്ഞു . അനൂന് സങ്കടം സഹിക്കാന്‍ വയ്യാ , പൂജാമുറീല്‍ പോയി ദൈവങ്ങളുടെ
അടുത്തിരുന്നു . എല്ലാരും ചിരിച്ചോണ്ടിരിക്കുന്നു . സുന്ദരിയെ രക്ഷിക്കണെന്ന്
രണ്ടു കൈയും കൂപ്പി കണ്ണടച്ച് പ്രാര്‍ഥിച്ചു . അനൂന്റെ കണ്ണ് നിറഞ്ഞു . ഇന്നിനി
മറ്റൊന്നും ആവശ്യപ്പെടില്ലാന്നു ദൈവങ്ങളോട് സത്യം ചെയ്തു . അമ്മ വിളിക്കുന്നല്ലോ .
' അനൂ , പോയി നോക്കിയേ , പുറത്ത് എടുത്തൂന്ന് തോന്നുന്നു . അനു ഓടി .

സുന്ദരി മിടുക്കിയായി നടക്കുന്നു . ഒരു കൂസലുമില്ലാ . ഒനും സംഭാവിചില്ലാന്ന മട്ടില്‍
കുലുങ്ങിക്കുലുങ്ങി വാലും ഇളക്കി നടക്കുന്നു . അവള്‍ കിണറ്റിനകത്ത്‌ കിടന്നപ്പോ
കൈകൊട്ടിച്ചിരിച്ച കൂട്ടുകാര്‍ക്കൊപ്പം വികൃതികള്‍ കാണിക്കുന്നു . അനു അടുത്ത്
ചെന്നു നിന്നിട്ട് കണ്ട ഭാവം പോലും ഇല്ലാ . ആദ്യമായി കാണുന്നപോലെ .

അനു തിരിഞ്ഞു നടന്നു . സാരമില്ല . അവള്‍ക്ക് അറീല്ലല്ലോ , അനു ദൈവങ്ങളോട്
കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അവള്‍ രക്ഷപ്പെട്ടതെന്ന് . അതിനുള്ള ബുദ്ധി
ഉണ്ടായിരുന്നെങ്കില്‍ അവള്‍ കിണറ്റിനകത്ത്‌ എടുത്തുചാടുമാരുന്നോ ? ഇല്ല ...
അല്ലേ ???????????

**************************************************

2011, മാർച്ച് 27, ഞായറാഴ്‌ച

നക്ഷത്രങ്ങള്‍ പിറന്നത്‌ ....

നിശയുടെ നിശബ്ദതയില്‍ പുറത്ത് നേരിയ ശബ്ദം .ദേഹമാസകലം
പുതച്ചിരുന്ന കരിമ്പടം മെല്ലെ മാറ്റി ഞാനെഴുന്നേറ്റു . കിളിവാതിലിലൂടെ
പുറത്തേയ്ക്ക് നോക്കി . ഒരു കൂട്ടം നക്ഷത്രക്കുഞ്ഞുങ്ങള്‍ . ശരറാന്തലിന്റെ
തിരി നീട്ടി ഞാന്‍ വാതില്‍ തുറന്നു . പകലുറങ്ങി മടുത്തവര്‍ . അവര്‍ക്ക്
രാത്രിയുറക്കത്തിന്റെ സുഖം അറീല്ലല്ലോ . ചോദ്യഭാവത്തില്‍ ഞാനവരെ
നോക്കി . '' ഒരു കഥ പറഞ്ഞുതരുമോ ? കുഞ്ഞന്‍മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍
എത്ര ആലോചിച്ചിട്ടും ഒന്നും കിട്ടുന്നില്ല .''നടന്നോളൂ , ഞാന്‍ പറഞ്ഞു .

അവര്‍ തിരിഞ്ഞു നടന്നു . അവരുടെ ചിരിയുടെ ഒച്ചയും
അകന്നകന്നു പോയി . കൂടുതല്‍ തിളക്കമുള്ള മുഖവുമായി അവര്‍
അവരവരുടെ സ്ഥാനങ്ങളില്‍ പോയി നിലയുറപ്പിച്ചു . ഇന്നും
ചന്ദ്രന്‍ എങ്ങോ മറഞ്ഞിരിക്കുന്നു .

'' ഏത് കഥയാണ്‌ വേണ്ടത് ? ''എന്‍റെ ചോദ്യം കേട്ടയുടനെ
അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു ,'' ഒരു പഴംകഥ .'' ''വേഗം
പറഞ്ഞു തീര്‍ക്കും , ഒരു കുഞ്ഞു കഥ , പോകാന്‍ തിടുക്കമുണ്ട് , ഒന്നു
മയങ്ങണം .'' ഞാന്‍ ചോദിച്ചു , '' നിങ്ങളുടെ ജനനത്തെക്കുറിച്ചുള്ള കഥ
പറഞ്ഞാലോ ? നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത കഥ .'' അവര്‍ തലയാട്ടി .

'' പണ്ട് , വളരെ പണ്ട് പകലോന്‍ വിട പറയാന്‍
ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു , ഈ ഏകാന്തത എന്നെ വല്ലാതെ
അസ്വസ്ഥയാക്കുന്നു . ഇരുളില്‍ ഭയപ്പെട്ട് ഞാന്‍ തേങ്ങുന്നതും ഇടയ്ക്കിടെ
നിശ്വസിക്കുന്നതും നീ അറിയുന്നുണ്ടോ ? ഒരു കള്ളച്ചിരിയോടെ ഒന്നും
മിണ്ടാതെ കുപ്പായം ഊരിത്തന്നു അവന്‍ മറഞ്ഞു . പട്ടുപോലെ മിനുസമായ
ആ കുപ്പായം ഞാനെടുത്തൊന്നു വീശി . അപ്പോള്‍ മുത്തുകള്‍ നാലുപാടും
ചിതറി വീഴാന്‍ തുടങ്ങി . തെറിച്ചുവീണ ആ മുത്തുകളാണ് നിങ്ങള്‍ .
അന്നുമുതല്‍ എനിക്ക് കൂട്ടായ് , രാത്രി ഉറക്കം ഉപേക്ഷിച്ച് നിങ്ങള്‍
ചുറ്റിനും കാവല്‍ നില്‍ക്കുന്നു . തമ്മില്‍ തൊടാതെ , ഒന്നിച്ചു ചേരാതെ .
സാമീപ്യമറിയിച്ച് , ഇത്തിരിപ്പോന്ന പകലോനെപ്പോലെ .''

ശരറാന്തല്‍ കൈയിലെടുത്ത് , ഞാന്‍ യാത്ര ചോദിച്ചു .
''പകലോന്‍ എത്തുമ്പോഴേയ്ക്കും കരിമ്പടം മാറ്റി വര്‍ണചേലയുടുക്കണം .
പിന്നെ അവന്‍ കൊണ്ടുവരുന്ന കസവുചേല മാറ്റിയുടുക്കണം . അപ്പോള്‍
എന്നും സമ്മാനമായി കൈയില്‍ കരുതുന്ന മുല്ലപ്പൂമാല അവന്‍
തന്നെ എന്‍റെ ചുരുള്‍മുടിയില്‍ ചൂടിത്തരും . '' അവര്‍ തലയാട്ടി. അവരില്‍
തീരെ ചെറിയവര്‍ ആലസ്യം വിടാതെ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു .
ചിലര്‍ കണ്ണുചിമ്മിക്കൊണ്ടിരുന്നു . മറ്റു ചിലര്‍ ജന്‍മരഹസ്യം അറിഞ്ഞ
സന്തോഷം കൊണ്ട് കൂടുതല്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെയും
നോക്കി നിന്നു , ഇമവെട്ടാതെ .........................

*********************************************************

2011, മാർച്ച് 20, ഞായറാഴ്‌ച

' ആങ്ങള '


എനിക്കൊരു ആങ്ങളയുണ്ട് ...
പാതി കടിച്ചുപൊട്ടിച്ച നാരങ്ങാ മിഠായി
ഉള്ളം കൈയില്‍ കനിവോടെ വച്ചു തന്നവന്‍ .
മൂവാണ്ടന്‍മാവിന്റെ കൊമ്പിലിരുന്നു മാമ്പഴം തിന്ന് ,
കൊതിപൂണ്ട എന്നെ ഒളികണ്ണിട്ടു ഊറിച്ചിരിച്ചവന്‍ .
നാമം ചൊല്ലുമ്പോള്‍ മുടിയിഴ പിടിച്ചുവലിച്ച്
എന്നെ നോവിച്ച്‌ ,കുരുത്തക്കേട്‌ കാട്ടി രസിച്ചവന്‍ .
ഇരുട്ടിലേയ്ക്കിറങ്ങാന്‍ എന്റെ  ചൂണ്ടുവിരല്‍
മുറുകെ പിടിച്ചു നടന്ന് പേടിയകറ്റിയവന്‍ .
സൈക്കിള്‍ സവാരി ആണിന് പറഞ്ഞിട്ടുള്ളതെന്ന്
പഠിപ്പിക്കാന്‍ എന്നെ തള്ളിയിട്ട് മുട്ട് മുറിച്ചവന്‍ .
പുസ്തകം മടക്കി , എന്റെ  കുസൃതികള്‍ പറഞ്ഞുകേള്‍പ്പിച്ച്‌
അച്ഛന്റെ  നാട്യം ദേഷ്യമെന്നു ധരിച്ച് ജയം പറഞ്ഞവന്‍ .
മേശമേലുറങ്ങുന്ന ചൂരല്‍ അച്ഛന്റെ  കൈയിലുണരുമ്പോള്‍
മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അഭയമിരന്നവന്‍ .
വെയിലത്തിട്ട , പുഴുങ്ങിയ നെല്ലിന്‌ കാവലിരിക്കുമ്പോള്‍
വിരസതയകറ്റാന്‍ കഥകള്‍ വായിച്ച് കൂട്ടിരുന്നവന്‍ .
വായിച്ചും എഴുതിയും പറഞ്ഞും അക്ഷരങ്ങളെ
വരുതിയിലാക്കി അഭിമാനം കൊണ്ടവന്‍ .
എന്റെ  നെഞ്ചിലേയ്ക്ക് വഷളന്‍ നോട്ടമെറിഞ്ഞവനെ
പൊടിമീശ തടവി ഉഗ്രനോട്ടമെറിഞ്ഞു കൊന്നവന്‍ .
വഴികളിലെ മുള്ളുകള്‍  വേദനിക്കാതെ എടുത്തു മാറ്റാന്‍
വാക്കായ് , നിഴലായ് എപ്പോഴും കൂട്ടിനു വന്നവന്‍ .
പുതിയ വീട്ടിലേയ്ക്ക്  അണിഞ്ഞൊരുങ്ങിപ്പോകാന്‍
പട്ടുചേല വാങ്ങിത്തന്ന് , എന്നെ കരയിച്ചവന്‍ .
എന്റെ  കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുകിടത്തി
ഹൃദയത്തിന്റെ  താളം പകര്‍ന്നു നല്‍കിയവന്‍ .
കാലത്തിന്റെ പുതിയ തൂവലുകളിലേയ്ക്ക് പടര്‍ത്താന്‍
സ്നേഹത്തിന്റെ  ചായം മതിയാവോളം തന്നവന്‍ .
രണ്ടു ദേശങ്ങളിലിരുന്ന് ഒരേ ആകാശം നോക്കി
ബാല്യം കണ്ട നക്ഷത്രലോകം കാണുകയാണ് ഞങ്ങള്‍ .

***

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

നല്ലമുത്തശ്ശി .


ഇന്നലെ കിനാവിലെന്‍ മുത്തശ്ശി ചിരിച്ചെത്തി
ഓര്‍മതന്‍ ഭാണ്ഡം മെല്ലെയഴിച്ചു നിലത്തിട്ടു
തിളങ്ങും മുത്തോരോന്നും പെറുക്കിയെടുത്തു ഞാന്‍
കനവിന്‍ മഞ്ചലേറി മുത്തശ്ശിക്കൊപ്പം കൂടി .

വെറ്റില , നാലും ചേര്‍ത്തിടിച്ച കുഴമ്പിന്‍ ചോപ്പ്
വിരലില്‍ പടര്‍ത്തി ഞാനിരുന്നു ചാരത്തായി .
ചുണ്ടുകള്‍ ചോപ്പിച്ചോരാ നന്‍മതന്‍ മുഖം കണ്ട്
കൈകളില്‍ മുഖം താങ്ങിയിരുന്നു കുതൂഹലം .

തിമിര്‍ത്തമഴയ്ക്കൊപ്പം കുളിച്ച് വിറപൂണ്ടെന്നെ
അണച്ചു പിടിച്ചുമ്മ നെറ്റിയില്‍ പകരുന്നു
മടിയിലരുമയായിരുന്നു നാമം ചൊല്ലി
വന്ദിച്ചു വിളക്കിനെ ആദരാലെഴുന്നേറ്റു .

പഠിച്ച പാഠങ്ങളൊന്നൊന്നായുരുവിട്ട്
പുസ്തകം മടക്കുന്ന നേരമെന്നരികത്ത്‌
അത്താഴം പകര്‍ന്നൊരു പാത്രവും,കഥയുമായ്
ഊട്ടുവാന്‍ ,  ഉറക്കുവാന്‍ മുത്തശ്ശിയണയുന്നു .

മുടിയില്‍ തഴുകുമാ വിരലിന്‍ ദേവസ്പര്‍ശം
മൊഴിയും കഥ കേട്ട് മെല്ലെ ഞാനുറങ്ങുന്നു
കൃഷ്ണനും കുചേലനും ഏകലവ്യനും പിന്നെ
യുദ്ധവുമെല്ലാം തൊട്ടുമുന്നിലെന്നറിയുന്നു .

ഇറങ്ങീ മഞ്ചത്തില്‍ നിന്നുടനെ ചുറ്റും നോക്കി
മുത്തശ്ശി മറഞ്ഞുവോ കനവെന്നറിഞ്ഞു ഞാന്‍
എവിടെ തിരയേണ്ടതറിയാതുഴലുന്നു
മായ്ച്ചെടുത്തുവോ കാലം നല്ല മുത്തശ്ശീ രൂപം!

കാലത്തെ തിരയുവാന്‍ ,തിരിച്ചു പിടിക്കുവാന്‍
വെറുതെ മോഹിച്ചു ഞാന്‍ കണ്ണുകളടയ്ക്കുമ്പോള്‍
ഊര്‍ന്നു വീണൊരു മുത്ത്‌ , കിലുങ്ങീ മൃദുവായി
''കണ്ണടയ്ക്കരുതുണ്ണീ , ഉറക്കം വിളിക്കാതെ ''.

#

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

നാമാന്തരകരണം

പണ്ടൊരിക്കല്‍
അമ്പിളിമാമനെ കണ്ട്
മോഹിച്ച് 
വാശിപിടിച്ച് കരഞ്ഞപ്പോള്‍
ചേച്ചി
കളിയായി വിളിച്ച പേര്
'' കഴുത ''
ഏറ്റവും സുന്ദരനായ
പുരുഷന്റെ മുഖം
സൂര്യന് സ്വന്തമെന്ന്
വാശിയോടെ പറഞ്ഞപ്പോള്‍
ആങ്ങള
വിളിച്ച പേര്
'' പൊട്ടി കഴുത ''
നക്ഷത്രങ്ങള്‍ ചിരിക്കുന്നത്
എനിക്ക് വേണ്ടിയാണെന്ന്
വിശ്വസിപ്പിക്കാന്‍
വാശിപിടിച്ചപ്പോള്‍
കെട്ടിയോന്‍
വിളിച്ച പേര്
'' മരക്കഴുത ''
ഇന്ന് കടലിനെ നോക്കി
ഞാനെന്തെങ്കിലും
വാശിയോടെ പറഞ്ഞാല്‍
എന്‍റെ മകന്
എന്നെ വിളിക്കാന്‍
എന്താണൊരു പേര്  ?

#