2011, ജൂലൈ 19, ചൊവ്വാഴ്ച

ഒറ്റത്തുള്ളിമഴ !


ഞാനൊരു മരം
നിങ്ങളുടെ ചിത്രത്തില്‍
നിറമടര്‍ന്ന കൈകളും
വിണ്ടുകീറിയ ഉടലും
എന്‍റെ അടയാളങ്ങള്‍ .

മണ്ണിനെ പുണര്‍ന്ന്
ഒരു മിടിപ്പായ്
നെഞ്ചിലാഴ്ന്നിറങ്ങി
പ്രാര്‍ഥനയുടെ
മയക്കത്തിലാണിന്ന് .

ഞാന്‍ കേള്‍ക്കുന്നുണ്ട്
ഭൂഗര്‍ഭത്തില്‍
ഒരു പുഴ കരയുന്നത്
തെളിനീരായ്‌
പരന്നൊഴുകാന്‍ .

നിങ്ങളെന്നെ മുറിച്ച്
അഗ്നിശുദ്ധി വരുത്തരുത്
തേയ്ച്ചു മിനുക്കി
മോഹവില പറയരുത്
എന്‍റെ ഹൃദയം തുടിക്കുന്നുണ്ട് .

ഞാന്‍ ഉണരും
എന്‍റെ സ്വപ്‌നങ്ങള്‍
നിറങ്ങളായ്‌
ഉടലാകെ നിറയും
മഴ പെയ്യണം

ഒരു ഒറ്റത്തുള്ളി മഴ ......

*******************

2011, ജൂലൈ 12, ചൊവ്വാഴ്ച

നനഞ്ഞ് ...നനഞ്ഞ് ........

ആദ്യമായ്  കണ്ടതോർമ്മയില്ല , അറിഞ്ഞതെന്നാണെന്നോർമയുണ്ട് !
പോകാൻ മടിച്ചുനിന്ന നിന്നെ സ്കൂൾവരാന്തയിലൂടെ നോക്കിനോക്കിനോക്കി
നടന്ന ഒരു ദിവസം .
വൈകുന്നേരവും നീ എന്‍റെകൂടെ വീട്ടില്‍ വന്നു.ചേര്‍ത്തുനിര്‍ത്തി തലതുടച്ച്
രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ,
നീയൊരു ഭീകരനാണെന്ന് .

മണ്ണിന്‍റെ നിറമായിക്കിടന്ന നിന്റെമേലെ പാദസരങ്ങളിളക്കിയപ്പോൾ
കുഞ്ഞുപാവാട നിറയെ പൂക്കൾ വിരിയിച്ച്  നീ ചിരിച്ചു , അല്ല നമ്മൾ ചിരിച്ചു .
അലക്കുകല്ലിൽ അമ്മയുടെ തല്ലുകൊണ്ട്  കരഞ്ഞുപിഴിഞ്ഞ്  വെയിലിൽ
കിടന്ന എന്റെ പാവാടയെ  വീണ്ടും കള്ളച്ചിരിയോടെ നീ എത്തിനോക്കി .

മാനം നോക്കിക്കിടന്ന നിന്റെ വിരിഞ്ഞ മാറിലൂടെ ഒരു വെളുത്തവഞ്ചിയിൽ
ഞാൻ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് അന്ന്  നീ
അക്കരെയെത്തിച്ചത് !

പശുക്കൾ കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കംകൂട്ടുന്നതുംകണ്ട് നിന്നെ
കാത്തുനിന്നൊരെന്നെ പറ്റിച്ച് ,നീയൊളിച്ചുകളിച്ചതും കാണാൻ  മോഹം
തോന്നിയപ്പോഴൊക്കെ ഓടിവന്നതും വിശാലമായ ആകാശത്തേക്ക് വിടർന്ന
എന്റെ മുഖത്ത് നിറങ്ങളായ്‌ നീ ചിന്നിച്ചിതറിയതും ഒരു കള്ളനെപ്പോലെ
ഇരുട്ടിനെ വകഞ്ഞുമാറ്റി,പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ സ്വപ്നമായ് ഉറങ്ങിയതും
വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ വച്ച്   ആവേശത്തോടെ നീയെന്നെ പുണർന്നതും
അന്ന് ' നീീയൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു' എന്ന് നിലക്കണ്ണാടി അടക്കം
പറഞ്ഞതും ........

പിൻകഴുത്തിലെ സ്പർശം അറികെ, ശ്രുതിമധുരമായ നിൻറെ പാട്ടിനുനേരെ
മനസ്സില്ലാമനസ്സോടെ ജനൽപ്പാളികൾ അടച്ചപ്പോൾ നിന്റെ മുഖം
വിളറിയോ .. ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ .......

ഇന്ന് ,
ഈ ജനവാതിലിലൂടെ നോക്കിയിരിക്കുമ്പോൾ ഞാനറിയുന്നു നമ്മൾ,പരസ്പരം
വായിക്കപ്പെട്ട രണ്ടു സന്ദേശങ്ങൾ .

2011, ജൂലൈ 6, ബുധനാഴ്‌ച

' തത്ത്വമസി '

കണ്ടു ..... !
എന്‍റെ ഇടതു കണംകൈയിലെ ചെറിയ കാക്കപ്പുള്ളിയുടെ മുകളിലൂടെ  
വിരല്‍ത്തുമ്പുകൊണ്ട്  മൃദുവായി ഒരു നേര്‍രേഖ വരച്ച് , മടങ്ങി.
രണ്ടു ക്ഷണം കഴിഞ്ഞ് വരാമെന്ന്  ഉറപ്പു പറഞ്ഞുകൊണ്ട് .
ആ 'ക്ഷണം'എത്ര നാഴികയും വിനാഴികയും ആണെന്നറിയാതെ ഞാന്‍
നോക്കിനിന്നു ,പെയ്തൊഴിയാത്ത കണ്ണുകളുമായി ,
അത് മറ്റാരും കാണാതെ മറച്ചുപിടിക്കാന്‍ പാടുപെട്ടുകൊണ്ട്.

പ്രത്യക്ഷമായ നേരത്ത് അപ്രിയമായതെന്തെങ്കിലും പറഞ്ഞുവോ ഞാന്‍ ?  
കാതിന് കുളിര്‍മ പകരേണ്ട സമയത്ത് പരാതികളുടെയും പരിഭവങ്ങളുടെയും
പട്ടിക നിരത്തിയത് നിന്നെ വല്ലാതെ അലോസരപ്പെടുത്തിയോ ?
അതുകൊണ്ടാണോ എന്‍റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന പ്രണയാഗ്നിയുടെ 
താപം നീ അറിയാതെ പോയത് ?

തപംചെയ്ത് ഞാന്‍ വെടിപ്പാക്കിയ പാതയിലൂടെ നമ്മൾ നടന്നു .
സൂര്യതാപമേറ്റ്‌  കവിളിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നിൻറെ
തൂവാലകൊണ്ട് തുടച്ചുതന്നപ്പോള്‍ അതിലെ ഗന്ധം നീയറിയാതെ ഞാൻ
മുത്തിയെടുത്തു .
തളരുന്നെങ്കില്‍ താങ്ങിയെടുക്കാമെന്ന്  നീ പറഞ്ഞതും ശ്രുതിമധുരമായി പാടിയതും ഞാന്‍ കേട്ടു .  
പാടാനറിയാമെങ്കിലും ഒപ്പം പാടാതിരുന്നത്  ആ ഗാനത്തിൽ ഞാന്‍  
ലയിച്ചുപോയതുകൊണ്ടല്ലേ ...
വഴിയോരത്തെ കല്ലുകളില്‍ തട്ടി വീഴാതെ നീയെന്നെ ചേർത്തു പിടിച്ചു .
നോട്ടം എന്നെ വല്ലാതെ തളർത്തിയതുകൊണ്ടല്ലേ ഞാൻ താഴേയ്ക്ക് 
നോക്കിനിന്നത് ... 
നിന്നെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും
ഞാന്‍ ആരെയൊക്കെയോ ഭയപ്പെട്ടു .അതുകൊണ്ടല്ലേ നിന്നിലലിഞ്ഞ് ,ഒന്നായി , ഒരു ശിലയായിത്തീരാന്‍ ദാഹിച്ചിട്ടും ചേര്‍ന്നുനില്‍ക്കാന്‍ മടിച്ചതും
അടയാളമായി നിനക്കൊന്നും തരാതിരുന്നതും .

നീ വരുന്നതും കാത്ത് ഞാനിരുന്നു ,കണംകൈയിലെ തെളിയാത്ത  
നേര്‍രേഖയും നോക്കി, ഏറെ നാൾ .
പ്രകാശത്തില്‍ തുടങ്ങി പ്രകാശമയതയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്ന ജീവിതം .
എന്‍റെ ജീവിതം ഒരു ദേവായനം ആയിരുന്നില്ലേ !കണ്ണുകളടച്ച്‌ ധ്യാനിച്ചിരുന്നു . കണ്‍പോളകളിലൂടെ ഒരു പ്രകാശം അരിച്ചിറങ്ങുന്നു .
അങ്ങ് ദൂരെ ചക്രവാളത്തില്‍ ഒരു തിരിനാളം തെളിയുന്നതുപോലെ .
കണ്ണുകള്‍ മലര്‍ക്കെ തുറന്നു , മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. അടുക്കുന്തോറും
പ്രകാശനാളത്തിന്  രൂപം കൈവരുന്നു . നിന്‍റെ രൂപം .
നിന്‍റെ കണ്ണുകളിലെ തീഷ്ണമായ പ്രകാശം ..സൂക്ഷിച്ചുനോക്കി .
അല്ല , തൊട്ടു മുന്നിലെത്തിയ രൂപത്തിന് എന്‍റെ അതേ മുഖം .  
ഞാനായി മാറിയ നീ ! നീ പറഞ്ഞതിന്‍റെ പൊരുള്‍ ഞാന്‍ അറിയുന്നു .
നീയും ഞാനും ഒന്നാണെന്ന് .

ഇനി വൈകാന്‍ പാടില്ല . നടന്നു കയറണം ,
ജ്ഞാനകാണ്‍ഡത്തിലേയ്ക്ക് ,സത്യദര്‍ശനത്തിലേയ്ക്ക് .
നീ എന്‍റെ ചുണ്ടുകളിലേയ്ക്ക്   പകര്‍ന്നുതന്ന രസം ഓംകാരമായിരുന്നു
എന്ന് ഞാനറിയുന്നു .

യുക്തി പറയാനില്ലാത്ത ഭ്രമദര്‍ശനങ്ങളാകുന്ന മായയില്‍നിന്നു മുക്തിനേടണം . 
സങ്കല്‍പ്പമണ്ഡലങ്ങളെയും വാസനാമണ്ഡലങ്ങളെയും ജയിച്ച്
'അറിയാന്‍ മറ്റൊന്നില്ല ' എന്ന ലോകത്തെത്തണം, സ്വയം പ്രകാശിക്കണം .
അവിടെ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല .
*