2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ജീവി ഞെരിഞ്ഞമർന്നു മരണപ്പെടുന്നതിന്
ഒരു താളമുണ്ടെന്ന് നിങ്ങളാരെങ്കിലും  അറിഞ്ഞിട്ടുണ്ടോ ?

ഞാനറിഞ്ഞിട്ടുണ്ട്‌ . ഒരിക്കലല്ല , പലതവണ
ഒരുറുമ്പിനെപ്പോലും നോവിക്കാൻ പാടില്ലെന്ന്
ആവർത്തിക്കുമ്പോഴും കേൾക്കാൻ കൊതിച്ചിട്ടുണ്ട്
ആ ഒരു കുഞ്ഞുസ്വപ്നത്തിനായി നോമ്പുനോറ്റിട്ടുമുണ്ട് .

പുഴയുടെയും മലകളുടെയും നാട്ടിൽ നിന്നായിരുന്നു
എന്റെ അമ്മൂമ്മ ഇടയ്ക്കിടയ്ക്ക് വിരുന്നു വന്നിരുന്നത്
കൂടെ ഒരു സഞ്ചി നിറയെ വിയർത്തുണ്ടാക്കിയ വിളകളും
ആരും കാണാത്ത കൊട്ടയിൽ, എനിക്കുള്ള കഥകളും .

തലയണയെക്കാൾ സുഖം തരുന്ന കൈയിൽ തലവച്ച്
കിളിക്കുഞ്ഞിനെപ്പോലെ ചൂടേറ്റു ഞാനമർന്നു കിടക്കും
അപ്പോൾ  കൊടുംകാട് കയറിയ  ഒരു വേടനെപ്പോലെ
ആ വിരലുകളെന്റെ തലയിൽ പതുങ്ങിനടന്നു ലക്‌ഷ്യം കാണും .

കഥപറച്ചിൽ  തൽക്കാലം നിർത്തിവച്ചിട്ട് 
ചുണ്ടും നാക്കും ചേർന്ന്  വായുവിനെ  ആവാഹിച്ചെടുത്ത
ഒരു പ്രത്യേകരാഗത്തിന്റെ അകമ്പടിയോടെയാണ്
കട്ടിലിന്റെ പടിയിൽ വച്ച് കൂരിരുട്ടിൽ കൊല നടത്തുക .

താളിതേയ്ച്ചു കുളിപ്പിക്കാത്തതിന്  അമ്മയെ കുറ്റം പറയും
'അവൾക്കെപ്പോഴാണിതിനൊക്കെ നേരമെന്നുടനെ തിരുത്തും
മുറിഞ്ഞു പോയ കഥ വീണ്ടുമൊരിക്കൽക്കൂടി കൂട്ടിത്തുന്നും
കേട്ടുകേട്ട് ഞാനുറങ്ങും , പിന്നീടെപ്പൊഴോ അമ്മൂമ്മയും .

ഒരിടത്ത് പനിച്ചുവിറച്ചു കിടന്ന എന്റെയടുത്തേക്ക്
മറ്റൊരിടത്ത് മരിച്ചുവിറങ്ങലിച്ചു കിടന്ന ഉടലിൽ  നിന്നാണ് 
അവസാനമായി  അമ്മൂമ്മ  ഇറങ്ങി  , ഓടിവന്നത് 
ആ വിരലുകളുടെ മാന്ത്രികത അപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു  .

സങ്കടപ്പെരുമഴ പെയ്യുന്ന ചില രാത്രികളിൽ
അമ്മയുടെ മടിയിൽ തലവച്ച്  കൊതിയോടെ  ഞാൻ  കിടക്കും
നിരാശയോടെ അമ്മ വിരലുകൾ പിൻവലിക്കുമ്പോൾ 
മറഞ്ഞുപോയ  വിരലുകളെയോർത്ത്  എന്റെ നെഞ്ച് പിടയും   .

ഇന്നും ..............


2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ചപരിഭവം പറയാതെ അടുക്കള കാക്കുന്നവളെ
കണ്ടുകണ്ട് അലിവു തോന്നിയിട്ടാവും
ഇന്നത്തെ പുലരി ഒരു സമ്മാനപ്പൊതി
ജനാലവഴി നീട്ടിത്തന്നത് .
നിവർത്തിപ്പിടിച്ച്  ഒരു നിമിഷം
ഞാനൊരു ആലീസായി
അത്ഭുതലോകം കണ്ട് മതിമറന്ന അതേ  ആലിസ്

കടുക് പൊട്ടുന്ന ഒച്ചയെ തോൽപ്പിച്ച്
ഓടിവന്ന്  കുടുകുടെ പെയ്തൊടുങ്ങി ഒരു  മഴ
തക്കംനോക്കിയിരുന്നതുപോലെ
ഓടിയെത്തി, ചിരിച്ചുനിന്നു
പൊന്നിൽ കുളിച്ച് , ഒരു വെയിൽ
അവളോട്‌ കിന്നാരം പറയാൻ
ചൂളം വിളിച്ച് , ചുരം കയറിയെത്തി
ഒരു താന്തോന്നിക്കാറ്റ്
മരങ്ങൾ കൂട്ടത്തോടെ ഒന്നുലഞ്ഞു
അവർക്കുമെലെയൊരു വസന്തമാകാൻ
നീർത്തുള്ളികൾ തുരുതുരെ അടർത്തിയിട്ട്
ആടിയുലഞ്ഞു  പച്ചിലക്കൂട്ടങ്ങൾ
വെയിലിനെ മുത്തിച്ചുവന്ന് , ചുവപ്പിച്ച്
ഊർന്നുവീണു കുഞ്ഞുഗോളങ്ങൾ !

വജ്രപ്പതക്കങ്ങളുടെ  ഒരു മായികലോകം!
അനുഭവിച്ചിട്ടില്ല  ഞാനിതുവരെയിങ്ങനെ .

ഇനിയുമൊരു കാറ്റ്  പൊൻവെയിൽ തേടിവന്നാൽ
അടർത്തിയിടാൻ ഒരു നീർമണിയില്ലെന്ന്
കരയുന്ന മരങ്ങളെ നോക്കി
ഞാനുമെന്റെ അടുക്കളയും വീണ്ടുമൊരു
മഴകാത്ത് , വെയിൽ കാത്ത്‌  ............
2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

നിലാവേ , നിറവേ .............

 ജാലകപ്പഴുതിലൂടെത്തിനോക്കുന്നുണ്ടൊരാൾ
പണ്ടു കണ്ടതേ മുഖം , മിന്നുന്ന കുപ്പായവും!
വിരൽ കോർക്കുക സഖേ ,നടക്കാം നമുക്കൽപ്പം
രാവുറങ്ങുമീ നാട്ടുവഴിയെ പകുത്തിടാം .

പൂക്കൂട വിരലില്‍ തൂക്കി തൊടിയിലലഞ്ഞതും
കൂട്ടരെ വിളിച്ചാർത്ത് സന്തോഷം പങ്കിട്ടതും
പൂവിറുക്കുവാനോടി കാല്‍മുട്ടു  മുറിഞ്ഞതും
കുഞ്ഞുടുപ്പിനാലതു  മറച്ച് , പൂവിട്ടതും

പൂക്കളമൊരുക്കിയ മുറ്റത്തിൻ മേലെയന്ന്
കാവലായ് പാൽപ്പുഞ്ചിരി പൊഴിച്ചു നീ നിന്നതും
നിൻ കണ്ണുവെട്ടിച്ചന്നു 'കള്ളത്തി' മഴ വന്നതും
പൂക്കളം വിരൽതുമ്പാലടർത്തിയെറിഞ്ഞതും

'കല്ലെടുക്കുക തുമ്പീ' ന്നലറും ചങ്ങാതിയെ
കൂട്ടിനായ് വിളിക്കില്ലെന്നുറക്കെ പറഞ്ഞതും
വിരലില്‍ വര്‍ണംചോർന്ന്  പാറിയ ശലഭത്തെ
കണ്ണീരും നോവും കൊണ്ട് തിരഞ്ഞു നടന്നതും

മുറ്റത്ത് താളത്തോടെ കളിക്കും പുലികളെ
വാതിലിന്‍ വിടവിലൂടൊന്നു നോക്കി നിന്നതും
അരണ്ട വെളിച്ചത്തില്‍ തുള്ളുന്ന വേഷം കണ്ട്
പേടിച്ചു മിഴി പൊത്തി വാവിട്ടു കരഞ്ഞതും

ഊഞ്ഞാലിന്‍ പടിമേലെ ആയത്തിലാടുന്നോരെ
വിടരും മിഴികളാല്‍ കണ്ടുനിന്നതും പിന്നെ
അമ്മതന്നടുത്തെത്തി പലഹാരവും വാങ്ങി
കൂട്ടുകാരുമൊന്നിച്ച്  രുചിയായ് കഴിച്ചതും

ഉമ്മറപ്പടിയിന്മേല്‍ അച്ഛനായ് കണ്‍പാര്‍ത്തതും
തുന്നിയോരോണക്കോടിയണിഞ്ഞു രസിച്ചതും
കുഞ്ഞുതുമ്പിലയിലെ സദ്യയും കഴിച്ചിട്ട് ,
അമ്മതന്‍ സാരിത്തുമ്പില്‍ ചുണ്ടുകള്‍ തുടച്ചതും

മഴവില്ലുപോല്‍ മിന്നും വളകള്‍ പെറുക്കി ഞാന്‍
കുഞ്ഞുപെട്ടിയില്‍ പൊട്ടാതടുക്കി സൂക്ഷിച്ചതും
ഓര്‍മകളെല്ലാമിന്നും ഉടയാതിരിക്കുന്നു
കാലചക്രത്തിന്‍ ഗതിയറിയും പെട്ടിയ്ക്കുള്ളില്‍ !!!

#