2014, ഡിസംബർ 16, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാൽ ......

വിരലിലെ പിടിവിടുന്ന
ഒരു മാത്ര മതിയാവും
തിണ്ണയിലെ തണുപ്പിൽ നിന്ന്
പൂക്കൾക്കുമ്മകൊടുത്ത്
കാറ്റിനോടു  കലഹിച്ച്
നിനക്ക് ആകാശച്ചൂടിലേയ്ക്ക്
കുതിച്ചുയരാൻ .

കൂട്ടരോടൊത്തുകൂടി
കൂടണയാൻ വൈകരുതെന്ന്
പിറകേ വിളിക്കും .
ചിറകു നനയ്ക്കാൻ
മേഘങ്ങൾ
മഴയെ മൂടിവെച്ചിട്ടുണ്ടെന്ന്
ഓർമ്മപ്പെടുത്തും .

എടീ ,
ചിറകിൻതുമ്പു നീട്ടി
സൂര്യനെ തൊട്ടുനോക്കരുതേ
താഴെ നിലയില്ലാക്കടലാണ്
ഞാനിവിടെ തനിച്ചാണ്
വീണ്ടും വീണ്ടും ഒച്ചയിടും .

അവൻറെ വിരൽപതിഞ്ഞ 
വെളുത്ത മൂക്കുത്തി
ചുവന്ന പൂവിതളിൽ
ഇപ്പോഴും ചിരിക്കുന്നുണ്ടെന്ന്
കള്ളം പറയും .
-----------------------

2014, ഡിസംബർ 15, തിങ്കളാഴ്‌ച

മഴയെന്ന് 
വായിക്കുമ്പോൾ 
പ്രണയമെന്ന് 
നനയാൻ ...
മധുരമെന്ന് 
വായിക്കുമ്പോൾ 
ഓർമ്മയെന്ന് 
നുണയാൻ...
അക്ഷരക്കൂട്ടങ്ങളെ
ഇന്ദ്രജാലം
പഠിപ്പിച്ചതാരാകാം.........!!!

*
*
*
*
*

2014, ഡിസംബർ 9, ചൊവ്വാഴ്ച

വാഗതീതമായ എന്തോ ഒന്ന് ....

പെണ്ണെ ,
നീയിപ്പോൾ നിൽക്കുന്നത്
അത്ര പെട്ടെന്നൊന്നും
ഒരാൾക്കും
കയറിയെത്താൻ പറ്റാത്ത
ഒരു ശൃംഗത്തിലാണ്
പച്ചപ്പിലേയ്ക്ക്
ഓർമകളെ
മേയാൻ വിടുക
എഴുതിമായ്ക്കുംമുന്പേ
ആകാശകവിതകളെ
മേഘലിപിയിൽ
പകർത്തിവെയ്ക്കുക
ഇവിടെയിപ്പോൾ
നീയിരുന്ന ചിറക്
മണ്ണിനെയുമ്മവെച്ചുറങ്ങാൻ
തുടങ്ങുന്നു
നക്ഷത്രങ്ങൾക്ക്
കണ്ണുകളെ ദാനംചെയ്ത്
നീ ഇരുട്ടാകുക
ചിറകില്ലാതെ പറക്കാനാവുന്ന നാൾ
നമുക്ക് വീണ്ടുമൊന്നാകാം
ബ്രാഹ്മമുഹൂർത്തത്തിൽ
ഒരു ചിത്രത്തിന്
മിഴിതുറക്കേണ്ടതുണ്ട്
പെണ്ണെ ,
ഇനി ഞാനുറങ്ങട്ടെ .
---------------------2014, നവംബർ 29, ശനിയാഴ്‌ച

''കണ്ണുകളില്ല, കാതുകളില്ല- ......

 ''കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിവൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍ ? ''


ഞാനവിടെ പ്രതിഷ്ഠിതമായിരുന്നുവെന്ന അറിവ്
ഒരു മാത്ര അനിർവചനീയമായ നിർവൃതി.
പിന്നെ നിതാന്തമായ ലഹരിപിടിക്കുന്ന വേദന .

ഒരു ബന്ധത്തിന്റെ തീവ്രത ഇതിനേക്കാൾ മനോഹരമായി ഒരു കവി
എങ്ങനെ ചോദിക്കാൻ .കാണാൻ കണ്ണുകൾ വേണ്ട ,കേൾക്കാൻ കാതുകളും .
എനിക്കേറ്റവും ഇഷ്ടമായ ചങ്ങമ്പുഴക്കവിത,'മനസ്വിനി ' ,അതിലെ ഏറ്റവും
ഇഷ്ടമുള്ള വരികൾ .

വരികൾ ഇറങ്ങിവന്ന് ഒരനുഭവമായി മാറുമ്പോൾ നമ്മൾ അവയെ
നെഞ്ചോട്‌ ചേർത്തുപിടിക്കും .ഏറ്റവും ഇഷ്ടം എന്ന് കാതുകളില്ലാത്ത
അവരോട് പറയും .വീണ്ടും വീണ്ടും വായിക്കും ....

ഒരു സ്പർശം കൊണ്ടുപോലും പരസ്പരം  തിരിച്ചറിയപ്പെടുന്ന ഇന്ദ്രജാലം , എങ്ങനെ ? എവിടെനിന്ന് ? ....ഉത്തരമില്ലാത്ത ചോദ്യങ്ങൾ !!!
----------------------------------------------------

2014, നവംബർ 22, ശനിയാഴ്‌ച

ഓരോ വരിയും പറയുന്നു ,' ഞാൻ കവിതയല്ല. '

ഉറക്കം മുറിച്ച്  മണ്ണിൽ നിന്ന് ഞാനും
ഇരുട്ട്  മുറിച്ച് വിണ്ണിൽ നിന്ന് ഇവളും
വിരൽകോർത്ത്‌ നടക്കാനിറങ്ങുന്നു .

ഇപ്പോൾ പകൽ കനംവെച്ചു തുടങ്ങുന്നു
എന്നെപ്പിരിഞ്ഞ വീടുകൾക്കെല്ലാം അതേ മുഖം .

അന്നൊരിക്കൽ പള്ളുരുത്തിയിലെ പുലവാണിഭമേളയിൽ
കുലുങ്ങിച്ചിരിച്ച കുപ്പിവളകളിലൊരെണ്ണമിതാ 
ഞങ്ങൾ കോഴിക്കൊടെത്തിയപ്പോൾ
ഒരു ചൂടുചായ തന്ന് കോപ്പയിൽ തട്ടി വീണ്ടും ചിരിക്കുന്നു
ഇവിടെനിന്നൊരമ്മയെ മധുരമായി ഉള്ളിൽ നിറച്ചെടുക്കുന്നു .

തൃശ്ശൂരിറങ്ങി സരോജിനിയെയും അവളുടെ നാലാമത്തെ
പ്രസവത്തിലെ ഏഴാമത്തെ കുട്ടിയെയും കണ്ട് 
നാളെ താമരശ്ശേരി ചുരം കയറാമെന്ന് കണക്കുകൂട്ടി
ഞങ്ങൾ നാദാപുരം പള്ളികടന്ന് കല്ലാച്ചിയിലെത്തുന്നു
ചേലുള്ളൊരു മുഖത്തിരുന്ന്  അലുക്കുത്തുകൾ
മഴ വരുന്നുണ്ടോന്നു നോക്കി മാനമളക്കുന്നു
അടുക്കളയിലോടിവന്ന് ഒരിളംകൈ വേദനയാക്കിക്കളിക്കുന്നു 
ചിരികൊണ്ട് കുശലം ചോദിച്ചൊരാൾ തിരക്കിട്ടു നടന്നുപോകുന്നു
കഴുത്തിലെ പിടിവിടുവിച്ചൊരാട്ടിൻകുട്ടി പടികയറി വരുന്നു
ഉമ്മ മറിയം , സദ്ദു , അച്ചുവേട്ടൻ , ഷമീനാടെ ആട്ടിൻകുട്ടി !.

വേഗത കൂട്ടി ഞങ്ങൾ കാഞ്ഞങ്ങാട് കവല പിന്നിടുന്നു
നിത്യാനന്ദാശ്രമവും പരന്നുകിടക്കുന്ന പാടവും നോക്കിനില്ക്കുന്നു
ഉദയാസ്തമയങ്ങൾ ഭംഗി കൂട്ടിയിരുന്നൊരു വീട് 
കളിയും ചിരിയും കൊണ്ട് ഇരട്ടക്കുട്ടികൾ മുറ്റം നിറയ്ക്കുന്നു 
കഥകൾ കൈമാറി  രണ്ടു വലിയ ചിരികൾ ഒന്നാകുന്നു
കോട്ടവാതിലിനെയും അമ്മിണിയെയും പിന്നിലാക്കി
ഒരു  വലിയ വെളുത്ത ഭാണ്ഡക്കെട്ട്  തെളിഞ്ഞു വരുന്നു
വരച്ചിട്ടും വരച്ചിട്ടും മതിയാകാത്ത ഒരു ചിത്രം
നിറഞ്ഞ ചിരിയും ഭാണ്ഡക്കെട്ടും വരാന്തയിലിറക്കിവെച്ച്
ഒന്നും മിണ്ടാതെ അമ്മിണി നടന്നു മറയുന്നു
തലയിൽ  ഒരുകെട്ട്  വിറകുമായി വീണ്ടും വരുന്നു
കല്ലടുപ്പിൽ തീകൂട്ടി വെള്ളം ചൂടാക്കുന്നു
വീണ്ടും കുളിക്കാൻ എന്നെ നിർബന്ധിക്കുന്നു
അനുസരണയില്ലെന്നു പറഞ്ഞ്  ശകാരിക്കുന്നു
ഭാണ്ഡക്കെട്ടിനകത്തുനിന്നൊരു സുഗന്ധം ചാടിയിറങ്ങുന്നു
സോപ്പ് ,ചീപ്പ് , കണ്ണാടി മുതൽ വെട്ടുകത്തി വരെ നിരന്നിരിക്കുന്നു.
നിലത്തിരുന്ന് ധ്യാനത്തോടെ ഓരോ ഉരുളയും കഴിക്കുമ്പോൾ
നടന്ന വഴികൾ തെളിമയോടെ  ഓർത്തെടുക്കുമ്പോൾ
പെയ്യാത്ത മഴയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ
ഒരു വരിപോലും തെറ്റാതെ കവിത ചൊല്ലുമ്പോൾ
അമ്മിണി ഭ്രാന്തിയല്ലെന്ന് ഞാൻ ചിന്താമണിയോട് തർക്കിക്കുന്നു
മൈതാനത്ത് കളിച്ചുനില്ക്കുന്ന കുട്ടികളെ കല്ലെറിയുമ്പോൾ
ഓരോ പുൽക്കൊടിയെയും നോക്കി ഒച്ചവെയ്ക്കുമ്പോൾ
ഞാനവളെ സംശയത്തോടെ നോക്കുന്നു
മടക്കിത്തന്ന പുത്തൻ സാരിയുമായി ഞാനും 
എൻറെ പഴയ സാരി മുഖത്തോട് ചേർത്തുപിടിച്ച് അവളും
പരസ്പരം നോക്കിനിൽക്കുമ്പോൾ  
അവൾക്ക്  ഭ്രാന്തില്ലെന്ന്
ഒരിക്കൽക്കൂടി കണ്ണീരോടെ ഞാനുറപ്പിക്കുന്നു .

വിരൽ വിടുവിച്ച് ഇവൾ പറയുന്നു
സർക്കാരാപ്പീസ്സിന്റെ തിണ്ണയിലെ വെളിച്ചത്തിൽ
പേടിയില്ലാതെ ഉറങ്ങാനായി അമ്മിണിയിന്നും വരുമെന്ന്
ഇന്നും .... ?
എന്നോ മരണപ്പെട്ട ഇവൾ പറയുന്നത് 
ഞാനെങ്ങനെ വിശ്വസിക്കും ...?..
---------------------------------------------------

2014, നവംബർ 17, തിങ്കളാഴ്‌ച

സന്ദിത

കറുപ്പുകൊണ്ട്
രേഖപ്പെടുത്തിവെച്ച
വെളുത്ത ഇന്നലെകൾ
മുറ്റം കാണാത്ത വെള്ളത്തിൽ
കറുത്ത ഉറുമ്പിനെയും കൊണ്ട്
വെളുത്ത കടലാസ്സുതോണി
കറുത്ത ആകാശം വിതറുന്ന
വെളുത്ത മുത്തുകൾ
ആടിയുലഞ്ഞും ഉന്നംതെറ്റാതെ
അക്കരെനോക്കിപ്പോകുന്ന
കറുപ്പും വെളുപ്പും
കരയിലെത്തി വരിയൊരുക്കാൻ
കറുപ്പിന്റെ വേഗം
മുങ്ങിത്താഴുന്ന വെളുപ്പിന്റെ
മായാത്ത ചിരി .

അളവുതെറ്റാതെ
തോണിയുണ്ടാക്കാൻ
മരണമില്ലാത്ത നാട്ടിൽ
മഴപെയ്ത്
മുറ്റം നിറഞ്ഞിട്ടുണ്ടാവുമോ ? ..
--------------------------------

2014, നവംബർ 13, വ്യാഴാഴ്‌ച

വട്ടപുരാണം


പുള്ളിപ്പശുവിന്റെ
വയറിൽപ്പതിഞ്ഞ വട്ടമാണ്
എന്നെ ആദ്യമായി പറ്റിച്ചത് .
പിന്നെ മെടഞ്ഞുകെട്ടിയ ഓല തുളച്ച്
കൈയിലും കാലിലും നെഞ്ചിലുമൊക്കെ
മാറിമാറിപ്പതിഞ്ഞ് ..
കഞ്ഞിക്കലത്തിലും മീൻച്ചട്ടിയിലും
കൊതിയോടെ എത്തിനോക്കി ..
ഉരൽക്കളത്തിൽ  ഉച്ചമയക്കം കൂടുന്ന
അമ്മിണിയേടത്തിയുടെ
കവിളിലെ കാക്കപ്പുള്ളി തൊട്ടുനോക്കി ..
കിഴക്കു നിന്ന് പടിഞ്ഞാറോടി..
ഇരുട്ടിൻറെ ഉച്ചിയിൽ കയറിനിന്ന് ..
എന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു .
ഒടുവിലൊരു ദിവസം
ചന്തയ്ക്കു പോകാനൊരുങ്ങി നിന്ന
അമ്മിണിയേടത്തിയുടെ
നെറ്റിയിലെ ചുവന്ന വട്ടം
പതിയെ ഇളക്കിയെടുത്ത്
കണ്ണാടി നോക്കാതെ
ഒട്ടിച്ചുവെച്ചാണ്
ഞാൻ ജയിച്ചത്‌ .....!!!
---------------------------

2014, നവംബർ 12, ബുധനാഴ്‌ച

നിനക്കു പറയാനുള്ളത് , എനിക്കും ....!


ഋതുചംക്രമണങ്ങളുടെ
വഴിയിലൊരിടത്ത്
കടമ്പിൻപൂക്കൾ പൂത്തുലഞ്ഞുനിന്ന
മണ്ണൊലിച്ചുപോയ ഭൂമിയുടെ
ഹൃത്തടച്ചുവപ്പിലാണ്
നമ്മളാദ്യമായി ചേർന്നിരുന്നതും
പരസ്പരം ചുംബിച്ചതും .
വലിച്ചെറിയപ്പെട്ട ഞാനും
കാണാതെപോയ നീയും .
സ്ഥലകാലനാമങ്ങളോർത്തെടുത്ത്
നമ്മൾ ഒരേ രാജ്യത്തെ
രണ്ടു ദേശങ്ങളിലായിരുന്നെന്നറിഞ്ഞു .
നിറമൊട്ടും മങ്ങാത്ത എനിക്കു ചുറ്റും
അംഗഭംഗം വരാത്ത നീയൊരു
വൃത്തം വരച്ചു .
വസന്തകാലത്ത് 
എഴുത്തുമേശയിലായിരുന്നു
ഞാനേറെ കുലുങ്ങിച്ചിരിച്ചത്
താളം ചവിട്ടുന്നിടത്ത്  നീയും .

ഇന്ന്  ഈവഴി ഒരു പെണ്‍കുട്ടി
നടന്നു വന്നേക്കാം
വാകപ്പൂവിരിയിൽ പതിയുന്ന
അവളുടെ കൈകാലുകളിൽ
നമ്മുടെ ചിരി
ഒരിക്കൽക്കൂടി കേൾക്കാനായേക്കും
നമ്മൾ പൂർണ്ണരാകുന്ന നിമിഷം .!

നാളെ വീണ്ടും വർഷം വരും
രണ്ടു ദിശകൾ 
നമ്മെ പകുത്തെടുക്കും
ഋതുക്കൾ മാറിമാറി വരും
ചേമന്തിയും മുല്ലയും വീണ്ടും പൂക്കും .

--------------------------------------

2014, നവംബർ 8, ശനിയാഴ്‌ച

വീട്ടിപ്പെണ്ണ്‌


ഒരുക്കിനിർത്തിയിട്ടാണ്
ഓരോ തവണയും മടങ്ങാറ്
പിന്തിരിഞ്ഞു നോക്കുമ്പോഴൊക്കെ
നിന്റെ മുഖത്തിനെന്തൊരു വെളിച്ചമാണ്
ഒന്നിനും വാശിപിടിക്കാനറിയാത്ത
ഒരു കുഞ്ഞിനെപ്പോലെ !

മരങ്ങളോടി മറയുന്ന വഴിനീളെ
വെളിച്ചത്തോട് കലഹിച്ച് ,കണ്ണടച്ചിരുന്ന്
ഞാൻ വീണ്ടും മൗനത്തിന്റെ കുപ്പായം
തുന്നിയെടുക്കാൻ  തുടങ്ങുന്നു .

നിന്റെ കണ്ണുകൾ മലർക്കെ തുറന്നുവെച്ച്
പിച്ചവെച്ചെത്തുന്ന വെളിച്ചത്തെ
നെഞ്ചോടുചേർത്ത് പിടിക്കാൻ ,
സ്വപ്നംകണ്ടുറക്കെ  ചിരിച്ച് 
ഉച്ചമയക്കത്തെ ഉണർത്തിയെടുക്കാൻ ,
നിന്റെ ചെവികൾ തുറന്നുപിടിച്ച്
ഇരുളുറങ്ങുന്ന ചില്ലകൾക്കു താഴെ
ശ്രുതി മീട്ടിയൊഴുകുന്നവളെ
ഒരു നിശ്വാസം കൊണ്ട്
ഉള്ളിന്റെയുള്ളിൽ നിറച്ചുവെയ്ക്കാൻ ,
താളം മുറിഞ്ഞുപോകാതിരിക്കാൻ
മെല്ലെ വീശണമെന്ന് കാറ്റിനോടപേക്ഷിക്കാൻ ,
നിലാവിലുലയുന്ന അവളുടെ ചേലത്തുമ്പു പിടിച്ച്
കവിൽത്തടമൊന്നു തുടയ്ക്കാൻ ,
ചിരിച്ചുനില്ക്കുന്ന പ്രകാശച്ചീന്തിനെ
ഒരു നാരങ്ങാ മിറായിയായി വരച്ചുവെയ്ക്കാൻ ,
മിഴിചിമ്മി നോക്കുന്ന താരകന്യകമാരോട്
'നിങ്ങൾക്കുമുറക്കമില്ലേ'യെന്ന് ചോദിക്കാൻ ,
പുഴയും കാറ്റും ഒരുമിച്ചു പാടുന്ന താരാട്ടിലുറങ്ങി
വെളിച്ചത്തിന്റെ സാരഥിയെ എതിരേൽക്കാൻ ,
വെറുതെ വെറുതെ മോഹിച്ച്  .....

മരങ്ങളോടിത്തളർന്നു നിൽക്കുമ്പോൾ
ഞാനൊരിടവേളയിലേയ്ക്ക്  നടക്കും
വീണ്ടും നിന്നിൽപ്പറ്റിച്ചേർന്നുറങ്ങാൻ
ഒരസ്തമയവും കാത്ത്  .......!
-------------------------------------2014, നവംബർ 1, ശനിയാഴ്‌ച


 *
        
''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( എന്‍റെ വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.


 ഒരു  കത(ഥ)യില്ലാത്തവൾ ഇവിടെയെഴുതാൻ തുടങ്ങിയിട്ട് ഇന്നേക്ക്
അഞ്ചു വർഷം . ശിശുവായി തുടങ്ങി ശിശുവായിത്തന്നെ നിലകൊള്ളുന്ന
പ്രതിഭാസം.......!ഇവളെ 'കത(ഥ)യില്ലാത്തവളേയെന്ന് വിളിക്കാനും '
'എന്തോ ' എന്ന്  നീട്ടി  വിളികേൾക്കാനും ഇഷ്ടമേറെ ...............

എത്രദൂരം സഞ്ചരിച്ചാലാണ്  ഇവൾക്കൊരു ലക്ഷണമൊത്ത കവിതയോ
ആദിമദ്ധ്യാന്തം വായനാസുഖം നൽകുന്ന ഒരു കഥയോ എഴുതാനാവുക ...

ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കണം.
വാക്കിനെ ധ്യാനിക്കാൻ ആദ്യമായി എന്നെ ഉപദേശിച്ച ഗുരുവിന്
പ്രണാമം .
---------------------------------------
കേരളകൗമുദി ആഴ്ചപതിപ്പിൽ ശ്രീമതി ശ്രീലതാ പിള്ള 'കഥയില്ലാത്തവളെ '
ഒരു ' സ്നേഹാർത്ഥി 'യാക്കിയ , അതു വായിച്ച നിമിഷം ....എനിക്കു കിട്ടിയ
വിലമതിക്കാനാവാത്ത സമ്മാനം.....!

Saturday, July 31, 2010

സ്‌നേഹാര്‍ത്ഥി

(2010 ജൂലായ് 31 ലക്കത്തിലേക്ക്)

ആശാന്‍ ആശയ ഗംഭീരന്‍ , ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍, വള്ളത്തോള്‍ വാക്യ സുന്ദരന്‍ എന്ന് പഠിച്ചിട്ടുണ്ട് . ചങ്ങമ്പുഴ, മഹാകാവ്യമെഴുതാത്ത മഹാകവി എന്നും . ഇവര്‍ എഴുതിയതു പോലെ അര്‍ത്ഥ-പദ ഭംഗി തികഞ്ഞ കാവ്യങ്ങള്‍ ഇനി കൈരളിക്കു കിട്ടുമെന്നു തോന്നുന്നുമില്ല. അതു കവികളുടെ കുറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. എന്നാല്‍ നല്ല കവിതകള്‍ ധാരാളം ഉണ്ടാകുന്നുണ്ട് താനും. കവിത്രയത്തെ ആഘോഷിക്കുന്നതിനിടെ പുതിയ കവിതകള്‍ അവഗണിക്കപ്പെടുന്നു എന്ന മന്ത്രി കെ.സുധാകരന്റെ പരാമര്‍ശമാണ് ഇങ്ങനെയെല്ലാം ചിന്തിപ്പിച്ചത്. ഇതാ ഇവിടെ ഒരു പുതിയ കവിയെ പരിചയപ്പെടുത്തുന്നു, മന്ത്രി വായിക്കുമോ ആവോ?

'സ്‌നേഹം നടിക്കുന്നവരെയും കള്ളം പറയുന്നവരെയും വല്ലാതെ വെറുക്കുന്ന' ഭിക്ഷാംദേഹിയുടെ (http://kathayillaaththaval.blogspot.com/ ) ബ്ലോഗില്‍ ഓര്‍മ്മച്ചിന്തുകളും കഥകളും പാരായണ സുഖം തരുന്ന കവിതകളും ഉണ്ട്.
സഖി
കാത്തുനിന്നു ഞാനേകനായ് ദിനം ,
നീ വരുന്നത് കാണുവാന്‍ ,
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്‌നേഹ-,
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ ,
ജീവിതപ്പെരു വീഥിയില്‍ ,
മന്ദഹാസം പൊഴിച്ചണയുന്നു ,
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ ,
മോദവും ദുഃഖ ഭാരവും ,
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍ ,
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍

കണ്ടെടുത്തൊരു വാക്ക് ഞാനെന്റെ ,
നെഞ്ചിനുള്ളിലായ് കാത്തത് ,
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ ,
സുന്ദരപദം മല്‍ 'സഖീ '...

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സാഹിത്യവും, കേരളത്തിന്റെ തനതു കലകളും അരച്ചു കലക്കി കുടിച്ച, ബൂലോകത്തെ കലാ-സാഹിത്യസവ്യസാചി എന്‍.ബി. സുരേഷ് (http://kilithooval.blogspot.com/ ) ഈ കവിതയ്ക്ക് ഇട്ട കമന്റ്-

'കാത്തിരിക്കാനൊരാളുണ്ടായിരിക്കുക, അയാള്‍ കാത്തിരിക്കുന്നവന്റെ പ്രതീ ക്ഷ പോലെ ചാരെ അണയുക. സ്‌നേഹം തുളുമ്പുന്ന മനസ്സ് പങ്കു വയ്ക്കുക, പരസ്പരം തിരിച്ചറിയുക. രണ്ടുപേരുടെയും ഹൃദയങ്ങള്‍ ഒന്നുപോലെ ചിന്തിക്കുക. എത്ര നല്ല നടക്കാത്ത സ്വപ്നം. സ്വപ്നങ്ങള്‍ കാണാനുള്ള കണ്ണുകള്‍ ഇപ്പോഴും നമ്മള്‍ക്ക് നഷ്ടമായിട്ടില്ല അല്ലേ. ഒരു പാവം പാവം മനസ്സ് കവിതയില്‍ തുടിക്കുന്നുണ്ട്.'

'സഖി ' എന്നെ ഓര്‍മ്മിപ്പിച്ചത് പ്രൊ. ജി.കുമാരപിള്ളയുടെ 'താരകങ്ങളുറങ്ങിയ രാത്രിയില്‍' എന്നു തുടങ്ങുന്ന ഹൃദ്യ കവിതയാണ്.

മൃഗതൃഷ്ണിക
മിഴിയിണ പൂട്ടിയുറങ്ങേണ്ട നേരത്ത് ,
കണ്‍മിഴിച്ചെന്തിന്നു നോക്കുന്നു ഞാന്‍ സഖേ ,
കാണാത്ത കാഴ്ചകള്‍ കാണുവാനോ അതോ ,
കണ്ടവ വീണ്ടും പകര്‍ത്തുവാനോ ?
..................................................................
കാനല്‍ജലം കണ്ടു മോഹിച്ച മാനിനെ
മരുഭൂമി നെഞ്ചോട് ചേര്‍ത്തപോലെ ,
പൊടിയുന്ന ജീവരക്തത്തിന്റെ കണികയും ,
മാറോടു ചേര്‍ക്കുന്നു ദേവി വസുന്ധര .

ചന്തത്തിലെഴുതിയ താളിന്റെ വരികളില്‍ ,
മഷി പടര്‍ത്താതെ തിരിച്ചു പോകാം ,
ചൊല്ലി പഠിച്ച പാഠങ്ങളുരുവിട്ട് ,
പോകാം നമുക്കിനി കണ്ണേ , മടങ്ങുക

സൗമ്യഭാവം മാത്രമാണ് കവിതകളില്‍ എന്നു കരുതണ്ട. ഭൂമിയെ നശിപ്പിക്കുന്നവരോട്
' ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
'തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും'
എന്നു രോഷം കൊള്ളുന്നു സര്‍വ്വംസഹ എന്ന കവിതയില്‍.

ഏകയായ അമ്മയക്ക് കിട്ടിയ കൂട്ടുകാരന്‍, താന്‍ പോയാലും അമ്മയ്ക്ക് കൂട്ടിനുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്ന രോഗിയായ മകളുടെ കാഴ്ച്ചപ്പാടിലൂടെ പറയുന്ന 'അനഘയുടെ അമ്മ ' എന്ന കഥ നോവുണര്‍ത്തി.

ബ്ലോഗ്, മനസ്സിന്റെ കണ്ണാടി എന്ന് പാഠഭേദം ചെയ്ത്, സാഹിത്യഭംഗിക്കൊപ്പം തെളിഞ്ഞൊരു മനസ്സും കൂടി ദര്‍ശിച്ചു ആ രചനകളില്‍. ഇത്തിരി ബുദ്ധിമുട്ടി കഥകളും കവിതകളും ഒന്ന് എഡിറ്റു ചെയ്തിരുന്നെങ്കില്‍!
2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ദേവായനം


ഇന്നലെ ...........
ആൾക്കൂട്ടത്തിനിടയിൽ നീ
എന്നെയും കാത്തുനിന്ന സ്ഥലത്തു നിന്ന് തുടങ്ങണം .
ചീറിപ്പായുന്ന വാഹനങ്ങളെപ്പേടിച്ച്
അരികുചേർന്ന് നടന്ന ടാറിട്ട പാത
എന്റെ വിയർപ്പുതുള്ളികൾ മുത്തിയെടുത്ത നിന്റെ തൂവാല
വീണ്ടും വിയർക്കാൻ മോഹിച്ചു താണ്ടിയ ദൂരം
ഇടവഴിയിറക്കത്തിൽ തിരികെപ്പോക്കാതെ
വാശിപിടിച്ച് , എന്നെ തോല്പിച്ച നീ
ഇടറി വീഴാതെ താങ്ങിയ നിന്റെ കൈയുടെ കരുത്ത്
നീ കണ്ട എന്റെ വീട്
നമ്മളൊന്നായി കണ്ടുനിന്ന പുഴ
വെളിച്ചവും മണ്ണും വിണ്ണും സാക്ഷി .

നാളെ .............
പടിപ്പുര കടന്നു നീ ചെല്ലുമ്പോൾ
നാലുവശവും തുളസിച്ചെടികൾ നിറഞ്ഞ്
വലതുവശത്തായി ഒരു ശവകുടീരം കാണാം 
അത് എൻന്റേതാണെന്നു കരുതി
നമുക്കുമാത്രമറിയാവുന്നതൊന്നും പറയരുത്
പുഴയുടെ അരികിലേയ്ക്ക് നടക്കണം
ഇപ്പോഴും കൈകൾ വീശി ചാഞ്ഞു നിൽക്കുന്ന
ആ തെങ്ങ് അവിടെത്തന്നെയുണ്ടാവും
കഥകേട്ട് , കവിത കേട്ട് എന്റെ ഭാരം താങ്ങി
കുനിഞ്ഞു പോയതാണവന്റെ മുതുക്‌
നിഴലിന്  താഴെ ഒരു ശവകുടീരം കാണാം
ചുറ്റും റോസാച്ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്നുണ്ടാവും
അതിൽനിന്ന് ഒരു പൂവ് നീ ഇറുത്തെടുക്കണം
ഒരു മാത്രകൊണ്ട് ഒരുവട്ടം കൂടി നിൻറെ ചുണ്ട് ചുവപ്പിക്കണം
കുറേക്കൂടി ചുവന്ന ആ പൂവ്  ഉള്ളംകൈയിൽ പൊതിഞ്ഞുപിടിക്കണം
പടിപ്പുര കടന്ന് ഇടവഴിയിലൂടെ തിരികെ നടക്കണം
പെരുമഴ പെയ്യും , മഴയിലൂടെ നീ നടക്കണം
നിനക്കഭിമുഖമായി ഒരു പെണ്‍കുട്ടി നടന്നു വരും
ആ പൂവ് നീ അവൾക്കു കൊടുക്കണം
പൂവിനെപ്പോലെ ചിരിച്ച് അവളതു നെഞ്ചിൽ ചേർത്തുപിടിക്കും
അപ്പോൾ നിന്റെ ഇടം നെഞ്ചിലിരുന്നു ഞാൻ പറയും
അവൾ നിന്നെ കാണുന്ന  കണ്ണുകൾ എന്റേതാണ്
ഞാൻ നിനക്ക് തന്നതാണ്
ആ പൂവ്  ചിരിക്കുന്നിടം .

ഒരു പ്രകാശബിന്ദുവിൽ തുടങ്ങി മറ്റൊരു പ്രകാശബിന്ദുവിൽ
അവസാനിക്കുന്ന വലിയ ഒരു  മാത്ര ......../
---------------------------2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

നാലു വാചകങ്ങളിൽ നമ്മൾ വരയ്ക്കപ്പെടുമ്പോൾ ...


പണ്ടു പണ്ട്
പുഴയില്ലാദേശത്ത്
പേരില്ലാപുരയിലെ
പുഴയഴകുള്ളൊരു പെണ്ണിന്റെ 
പായ്യാരം കേട്ടുകേട്ട്
വാക്കു കൊടുത്ത്
വാക്കു ചുമന്ന്
ചൂളമടിച്ച്
മാമരം തൊട്ട്
വടക്കൻമല കയറി
കിതച്ചുവന്നൊരു കാറ്റിന്റെ
ചേലത്തുമ്പു തട്ടിയാണ്
അത്തിമരച്ചില്ലയിൽ
ഒറ്റക്കിരുന്ന പെണ്‍കിളിയുടെ
പാട്ട് മുറിഞ്ഞത് .

പാട്ടിനു പകരമൊരു
വാക്കു കൊടുത്ത
കാറ്റ് 
തൂവൽ തലോടി
ഓക്കു മരക്കൊമ്പിൽ
ചേല വിതിർത്തിട്ട്
നീണ്ടുനിവർന്നു .

മരം മാറിമാറിപ്പറന്ന്‌
മലകളെണ്ണിയെണ്ണി
ഇണമറന്നിരമറന്ന്
ഉടൽശോഷിച്ച്
ഉയിർശോഷിച്ച് 
പേരുരുവിട്ടുരുവിട്ട്
ചുണ്ടു  തിണർത്ത്
വാക്കിന്നുടയോനിരിക്കും 
ദിശയേതെന്നറിയാതെ
രാഗം മറന്നാശയറ്റ് 
വലിയവായിലേ
കൂവിക്കൂവിയാണത്രേ
അവളൊരു മലമുഴക്കിയായത് .

മഴ കാത്തു കരയുന്ന
അവൾക്കും
വെയിൽ മൂത്തു കരിയുന്ന
എനിക്കുമറിയാം
ഇത്  കഥയല്ല കവിതയുമല്ല ....!!!
-------------------------------

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

'' ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മെത്രാപ്പോലീത്ത ''' ഒരു പത്രാധിപർ എന്ന നിലയിൽ ക്രിസോസ്റ്റം വലിയ തിരുമേനിയുമായി
ഏറ്റവും കൂടുതൽ തവണ അഭിമുഖസംഭാഷണം നടത്തി പ്രസിദ്ധീകരിക്കാനുള്ള
അസുലഭ അവസരം ലഭിച്ച' ഡോ .മാത്യു കോശിയുടെ' ചിരിപ്പിക്കുന്ന അതിലേറെ
ചിന്തിപ്പിക്കുന്ന പുസ്തകം .
ചിരിച്ചും ചിന്തിച്ചും നടന്നുനടന്ന് , വീണ്ടും ആമുഖത്തിൽ ;
' വേണ്ട രീതിയിൽ ഗുരു നിത്യചൈതന്യയതിയെ പഠിക്കാതെ നാരായണ
ഗുരുകുലത്തിൽ വച്ച് അഭിമുഖം നടത്തി ,പാളിപ്പോയതിന്റെ ഓർമകളുമായി
പത്തുദിവസത്തിനു ശേഷം ക്രിസോസ്റ്റം വലിയ തിരുമേനിയെ എവിടെയൊക്കെ
വായിക്കാമോ അവിടെയൊക്കെ വായിച്ച് ആത്മവിശ്വാസത്തോടെ '
ഡോ .മാത്യു കോശി  ഒരു സ്നേഹിതനൊപ്പം അഭിമുഖം ആരംഭിക്കുന്നു.

'' ക്രൈസ്തവ ബിഷപ്പുമാരുടെ ജീവിതവും പ്രസംഗവും തമ്മിലുള്ള അന്തരം സഭയെ
ക്രൈസ്തവേതരുടെയിടയിൽ തരം താഴ്ത്താൻ ഇടയാക്കിയിട്ടില്ലേ ?മറുചോദ്യം
കൈവശമുണ്ടെന്ന ആത്മവിശ്വാസമായിരുന്നു ചോദ്യകർത്താവിന് .തിരുമേനി
അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കി , മറുപടി പറഞ്ഞു , '' ലോകത്തിൽ
പ്രസംഗിച്ചതുപോലെ ജീവിച്ച മൂന്നുവ്യക്തികളെ എനിക്കറിയാം .ഒന്ന് കർത്താവായ
യേശുവാണ് .ബാക്കി രണ്ടുപേർ നിങ്ങൾ രണ്ടുപേരാണ് .''

.ഒരുപദേശിയുടെ ഉണർവ്  പ്രസംഗം ; തിരുമേനി പറയുന്നതിങ്ങനെ;

'' ഒരുപദേശി ഉണർവ്  പ്രസംഗം നടത്തുകയായിരുന്നു .സ്വർഗ്ഗത്തെപ്പറ്റിയും
സ്വർഗ്ഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു ,
സ്വർഗ്ഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈ പൊക്കുക . ഒരാളൊഴികെ
എല്ലാവരും കൈപൊക്കി .ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ച് എന്താണ്
കൈപൊക്കാത്തതെന്ന്  ചോദിച്ചു ; അയാൾ പറഞ്ഞു ; ഇത്രയും പേർ അങ്ങോട്ടു
പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലോ .''

ചിരിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു ഈ മെത്രാപ്പോലീത്ത !
2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പ്രണയ(പാട് )


നമ്മൾ നടന്ന വഴി
ഒലിച്ചുപോയിരിക്കുന്നു
വിയർപ്പിലിപ്പൊഴും
നിന്റെ ഗന്ധം .

നമ്മൾ പറന്ന ദൂരം
മാഞ്ഞുപോയിരിക്കുന്നു
ചിറകിലിപ്പൊഴും
നിന്റെ സ്പർശം .

നമ്മൾ പാടിയ ഗീതം
നിലച്ചുപോയിരിക്കുന്നു
ചുണ്ടിലിപ്പൊഴും
നിന്റെ രാഗം .

*

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ലക്ഷ്മ


വാതിൽ മുട്ടി വിളിക്കുന്ന
ഓരോ പ്രാർത്ഥനയെയും
അനുഗമിച്ചാണ്
നീ ഏകനായ് വരിക
ഓരോ തവണ
വിരൽ പതിക്കുമ്പോഴും
ഒരണ്ണാറക്കണ്ണനെപ്പോലെ
ഞാൻ മെരുങ്ങിയിരിക്കും
നിന്റെ വേർപാടിൽ ,
അടയാളം പതിയാത്ത
ഉടൽനോക്കി
ഓരോ തവണയും
പരിതപിക്കും .

കനലെരിയുന്നതിനൊക്കെ
ഞാനക്കമിടുമ്പോൾ
നീയെന്റെ വിരൽഞൊടിച്ച്
യുഗധർമ്മങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും പറഞ്ഞ്
എന്റെ ചിന്തകളുടെ
തേരാളിയാകും .

കാലത്രയങ്ങളെ
ഉൾക്കൊള്ളാൻ
നെഞ്ചുവിരിച്ച്
ചിറകുവിടർത്തിനില്ക്കുന്ന
അനന്തമായ ആകാശത്തെ
അളന്നെടുക്കുന്ന 
ഒരു  വാക്കു്  !
ആ വാക്കാണ്‌
എനിക്കു 'നീ '.

നാളെ വീണ്ടും നീയൊരു
പ്രകാശബിന്ദുവായ്
വഴിയണയുമ്പോൾ
ഞാൻ നിന്നിൽ
അടയാളപ്പെട്ടിരിക്കും .

ഇന്നലെ നീ
അമർത്തിച്ചുംബിച്ചതാണ്
ഇന്നെന്റെ കവിളിൽക്കാണുന്ന
ഈ കറുത്ത മറുക്.
----------------------------

2014, ഒക്‌ടോബർ 11, ശനിയാഴ്‌ചകഥ കേൾക്കാൻ മല മഞ്ഞണിഞ്ഞതും
കിളികൾ ആഞ്ഞിലിമേലിരുന്നതും
ചുരമേറി കുളിർകാറ്റ് വന്നതും
ചിരിപോൽ വിടർന്നു കലിക നിന്നതും
കഥയില്ലാക്കഥ കേട്ട് മാമരം
തളിർചുണ്ടാൽ വിറപൂണ്ട് ചോന്നതും !

( ഇന്നുമെനിക്കുണ്ടവിടെയൊരുകൂട് .)വയനാട് 
വയ + നാട്‌  , ആഗ്രഹിച്ച അഥവാ ഇഷ്ടപ്പെട്ട നാട് .
ആഗ്രഹിച്ചിരുന്നുവോ ...അറിയില്ല . ഒരു നിയോഗം പോലെ 
എത്തിച്ചേർന്നു . ഇഷ്ടപ്പെട്ടു , അതാണ്‌ സത്യം .
2013 may  16 ന്  ഈ ഭൂമികയിലേക്ക് ആദ്യമായി ചുരം കയറി .ഒരു 
വർഷം തികയാൻ ഒരു ദിവസം അവശേഷിക്കേ അവസാനമായി 
ചുരമിറങ്ങി . ഇതിനിടയിൽ പലവട്ടം ചുരമിറങ്ങിയും കയറിയും പല 
പല നേരങ്ങളിൽ അവളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.ഞാനിന്നും 
സ്വപ്നത്തിന്റെ ചിറകുകൾ കടം വാങ്ങി ചുരം കയറിയിറങ്ങാറുണ്ട് .
കരൾ പാതി കവർന്ന പെണ്ണേ ,,, എന്നരുമയായ് വിളിച്ച് അവളുടെ
കാതിൽ പതിയെ എന്നും പറയാറുണ്ട്‌ ,
' ഒരിക്കൽമാത്രം പൂക്കുന്നൊരു
മരമാണ് മനുഷ്യനെങ്കിൽ
ഞാൻ പൂത്തത്  നിന്നിലാണ് !' എന്ന് ........

2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച


'' ത്രേസ്യാമ്മ ചേടത്തിയേ , എനിക്കൊന്നു കുമ്പസാരിക്കണം .''
കയറിച്ചെന്ന പാടെ ഉറക്കെപ്പറഞ്ഞു .

'' ഇതെന്ത് കഥ ! ഞാൻ ...? കുമ്പസാരക്കൂട്ടിൽ ?അതിനിപ്പൊ ..?
ആരുടെ ശരീരത്തിലാ ഞാൻ .......?
ചേടത്തിയുടെ ആശ്ചര്യത്തോടെയുള്ള  നോട്ടവും  മറുചോദ്യങ്ങളും .

'' ഒരു ശരീരിയും ഒരശരീരിയും  ഒരുമിച്ചുകൂടുന്നതും കഥപറയുന്നതും
രുചി പങ്കിടുന്നതും ഒരശരീരി ഒരു ശരീരിയുടെ തലമുടിയിഴകളിലൂടെ
വിരലോടിച്ച് സ്നേഹം ചുരത്തുന്നതും ഒരു ശരീരി ഒരശരീരിയുടെ
കമ്മലിന്റെ  തിളക്കമെടുത്ത് കവിൾ ചുവപ്പിക്കുന്നതുമൊക്കെ
ആരെഴുതിയ കഥ ? '' ഉത്തരം മുട്ടിക്കാൻ ഞാനൊരു ചോദ്യമെയ്തു .

തിരിഞ്ഞു നോക്കാതെ ചേടത്തി മെല്ലെ അടുക്കളയിലേയ്ക്ക് നടന്നു .
മണ്‍കലത്തിൽ ആവികയറി, വാഴയിലയിൽ വെന്ത 'അടകൾ '
പെറുക്കിയെടുത്ത് , പരന്ന പാത്രത്തിൽ നിരത്തിവെച്ചു .നെയ്യുടെ,
ഏലക്കായുടെ , ഉരുകിയ ശർക്കരയിൽ വരണ്ടുമൂത്ത തേങ്ങയുടെ ,
പഴത്തിന്റെ......ഹോ ... എന്തൊരു വാസന ..........!

''ത്രേസ്യാമ്മ ടീച്ചറേ  ,,,,,,,'' ഞാനൊന്ന്  നീട്ടി വിളിച്ചു .

ചേടത്തിയോളം വലിപ്പമുള്ള കലത്തിനുള്ളിൽ നിന്ന് കൈ
പിൻവലിക്കാതെതന്നെ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കി.

''ഇനിയും കൊനഷ്ട്  ചോദ്യങ്ങൾ വല്ലതുമുണ്ടോ ?''ഒരു നേർത്ത ചിരി .

''ഇല്ല , ഇല്ലേയില്ല .'' ഞാനുമെന്റെ ചിരിയെ കുറേക്കൂടി നേർപ്പിച്ചു .

ചേടത്തി കസേര വലിച്ചിട്ടിരുന്ന് ,  അപ്പനേറ്റവും ഇഷ്ടമായിരുന്ന
ഇലയടയെക്കുറിച്ച്  വാചാലയായി .

കളിപറഞ്ഞ് ,കാര്യംപറഞ്ഞ് ,കഥപറഞ്ഞ്  പടിയിറങ്ങുമ്പോൾ ഞാൻ
ചേടത്തിയുടെ കാതിൽ ചുണ്ടുചേർത്തു ,' ഒരു കന്യാസ്ത്രീയുടെ ആത്മകഥ
ആമേനിൽ സിസ്റ്റർ ജെസ്മി പറഞ്ഞതുപോലെ .'' ഈശോയേ , ഈ
സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ് .''

ചേടത്തിയുടെ വിരലുകൽക്കിടയിലിരുന്നൊരു  മൂക്കുത്തി ,  'കരുണ 
കാണിക്കേണമേ ' എന്നുപറഞ്ഞു കരഞ്ഞതും കണ്ണുകൾ പെയ്തതും
ആ ക്ഷണം ചേടത്തിയോടുള്ള  സ്നേഹമായി , ഞങ്ങൾക്കുമാത്രം
അറിയുന്ന ഭാഷയിൽ ഞാൻ വിവർത്തനം ചെയ്യുകയായിരുന്നു . !.
------------------------------------------------------------2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

' വിട '

എന്റെ ആകാശപത്രത്തിലെ 
ഒരു ചുരുക്കെഴുത്തായി നിന്നെ 
പുനർനിർമ്മിക്കാനാവില്ലെന്നറികെ 
ഛായാപതേ ,
ഞാനൊരനാകാശയാകുന്നു .

സ്വപ്നമായിരുന്നെന്നവളും 
ഓർമ്മയാണെന്നു ഞാനും
കലഹിച്ചു കലഹിച്ച്
ഒടുവിൽ
അവളെന്നിലും ഞാനവളിലും
വെളിച്ചപ്പെട്ട്
കൂടണയാൻ 
ഒരു  ചില്ല ഞരമ്പാക്കും .
ഒരു തൂവൽ
മഷിമുനകൊണ്ട് 
കാലത്തിന്റെ കൈവെള്ളയിൽ
ഒരു ചുവന്ന കഥയെഴുതും
നിന്റെ കഥ !
*

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മീരയുടെ ' പ്രണയാന്ധി '

'' പ്രാണാപഹരണത്തിന്റെ ചുരുക്കെഴുത്താണ് ശാരിപുത്രാ, പ്രണയം .
അത് പ്രാണനെയും അഹന്തയെയും കവർച്ച ചെയ്യുന്നു ,നിരന്തര
വേദനയുടെ കയത്തിലെറിയുന്നു ................

ക്രിസ്തുവിന് അറുന്നൂറു വർഷം മുമ്പ് ബുദ്ധഭിക്ഷുണികൾ എഴുതിയ
കവിതാസമാഹാരമായ 'തേരിഗാഥ' എന്ന  ലോകത്ത് കണ്ടെടുക്കപ്പെട്ട
ഏറ്റവും പഴക്കമേറിയ പെണ്ണെഴുത്തിനെ അവലംബിച്ച് , ഈ വർഷത്തെ
മാതൃഭൂമി ഓണപ്പതിപ്പിൽ കെ .ആർ .മീര എഴുതിയ കഥ ' പ്രണയാന്ധി '
തുടങ്ങുന്നതിങ്ങനെ .

'' ... ദശലക്ഷത്തെ പരാജയപ്പെടുത്തുന്നതിലും ദുഷ്ക്കരം തന്നെത്തന്നെ
ജയിക്കുന്നതാണെന്ന ബോധോദയത്തിന്റെ നടക്കല്ലുകൾ ഒറ്റയ്ക്ക്
താണ്ടുന്നു .വിജനമായ ശൃംഗമുടിയിൽ , കർമത്തിന്റെയും ധർമത്തിന്റെയും
ദുഃഖത്തിന്റെയും നിർവാണത്തിന്റെയും സ്വീകാരത്തിന്റെയും
നിരാസത്തിന്റെയും ആന്ധികളുടെ വെളുത്ത അന്ധകാരമറയ്ക്കുള്ളിൽ
ചുഴന്നുപൊന്തി നിലംപതിച്ച് വട്ടം കറങ്ങുന്ന പ്രാണന്റെ നിരന്തര
പ്രയാണത്തിന്റെ ചുരുക്കഴുത്താണ് ശാരിപുത്രാ , സ്ത്രീകൾക്ക് പ്രണയം .''

അവസാനിക്കുന്നതിങ്ങനെ .

' പ്രണയിക്കാൻ പുരുഷനില്ലാത്ത സ്ത്രീക്കും ആരാധിക്കാൻ വിഗ്രഹമില്ലാത്ത
വിശ്വാസിക്കും അനുഭവപ്പെടുന്ന ശൂന്യതയിൽനിന്ന് വിമോചിതയായിട്ടും
കർമത്തിന്റെ ഹേതു കണ്ടെത്തുന്നതുവരെ പ്രയാണം തുടരാൻ '
നിർബന്ധിതയായി , ജ്ഞാനത്തിലേയ്ക്ക്  എട്ടു പാതകൾ തുറക്കുന്ന
ഗൃദ്ധശൃംഗത്തിലേയ്ക്കുള്ള നൂറ്റിയെട്ടു പടവുകളിൽ' അവൾ വീണ്ടുമണയുമ്പോൾ
' നടന്നുപോകുന്ന വഴിയിലെല്ലാം അകുന്ദങ്ങൾ വീണ്ടും നീലത്തിരകളിളക്കുന്നു.
അയുതായുതം പുഷ്പങ്ങളാൽ അശോകം വീണ്ടും ആകാശത്തെ രക്തവർണമാക്കുന്നു.
ഉടൽ നിറയെ നക്ഷത്രങ്ങൾ വാരിയണിഞ്ഞു കുന്തലതകൾ കാറ്റിലാടുന്നു .
യൂതികയും കദംബവും പുന്നാഗവും 'അവൾക്കുവേണ്ടി തണൽ വിരിക്കുന്നു .
അവൾ 'വീണ്ടും ഗൃദ്ധകൂടം കയറിത്തുടങ്ങുന്നു' ..ശേഷം പല കഥകൾ വായിച്ചിട്ടും
ഈ കാഴ്ച മായുന്നില്ല .

വീണ്ടും വീണ്ടും പദങ്ങളുടെ നാനാർത്ഥങ്ങളിലേയ്ക്ക് ....
ചുഴറ്റിയടിക്കുന്ന ആന്ധികളിലേയ്ക്ക്  ......
പുഷ്പങ്ങളുടെ അറിയാൻ വിട്ടുപോയ പേരുകളിലേയ്ക്ക് .....
പ്രണയത്തിന്റെ നിർവചനങ്ങളിലേയ്ക്ക് .....
പുരുഷന്മാർ തലപുകഞ്ഞാലോചിച്ച് , ഉത്തരം മുട്ടി പരാജയം സമ്മതിച്ച ,
അവൾ എയ്ത ആയിരം ചോദ്യങ്ങളിലേയ്ക്ക് ................

'' ഒന്നെന്നാൽ അവനും ഞാനുമായിരുന്നു . അതിൽനിന്ന് അവൻ പോയിട്ടും
ഞാൻ അവശേഷിക്കുന്നു . അതിൽനിന്ന് ഞാൻ പോയാലും പ്രപഞ്ചം
അവശേഷിക്കുന്നു.......''

വായനയുടെ  ലഹരി തരുന്നു  പിന്നെയും പിന്നെയും മീര. !!!


2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ഞാനൊരു കരയാണ്‌ 
നീയൊഴുകുമ്പോൾ മാത്രം 
നനയുന്നൊരു കര .

ഞാനൊരു പൂവാണ് 
നീ ചുംബിക്കുമ്പോൾ മാത്രം 
വിടരുന്നൊരു പൂവ് .

ഞാനൊരു പാട്ടാണ് 
നീ മൂളുമ്പോൾ മാത്രം 
ഉണരുന്നൊരു പാട്ട് .

ഞാനൊരു കനവാണ് 
നീയുറങ്ങുമ്പോൾ മാത്രം 
ചിറകുവിരിക്കുന്നൊരു കനവ്‌ .

ഞാനൊരു നക്ഷത്രമാണ് 
നീയെന്ന ആകാശത്തിൽ മാത്രം 
ഉദിക്കുന്നൊരു നക്ഷത്രം .

*

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

ത്രേസ്യാമ്മചേടത്തിയോട്‌  കുറച്ചുദിവസം കടംവാങ്ങി പോയതാണ്,
ഓണം ആഘോഷിക്കാൻ . ക്ഷീണം മറച്ച്  , ഉത്സാഹത്തിന്റെ കുപ്പായം
എടുത്തണിഞ്ഞ് വീണ്ടും ചേടത്തിയുടെ അടുത്തേയ്ക്ക്  .....

പുതിയ മുണ്ടും ചട്ടയുമണിഞ്ഞ് ,പടിക്കൽത്തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു 
ചേടത്തി ,പുതുവെയിൽ പോലൊരു  പുഞ്ചിരിയുമായി ...

ചാനലുകളിലും നഗരങ്ങളിലുമായി ദൃശ്യവൽക്കരിക്കപ്പെട്ട് , ചുരുങ്ങിച്ചുരുങ്ങി
ശ്വാസംമുട്ടി മരിക്കുന്ന ഓണം !  ഉല്ലാസയാത്രകൾക്ക് തരപ്പെട്ടു കിട്ടുന്ന
ഒരവധിക്കാലം ...ആരോ ഉണ്ടാക്കി , വില്ക്കുന്ന സദ്യയുണ്ണാൻ കിട്ടുന്ന നാളുകൾ ,
ഞെട്ടിപ്പിക്കുന്ന ഓഫറുകളിൽ മോഹാലസ്യപ്പെട്ട്‌ , വേണ്ടതും വേണ്ടാത്തതും
വാങ്ങി ധൂർത്തടിക്കാനുള്ള ഒരവസരം ......പുതിയ നിർവചനങ്ങളിൽ മുങ്ങിമുങ്ങി
നിറം കെട്ടുപോകുന്ന പൊന്നോണം ..................................
ഒറ്റശ്വാസത്തിൽ ഓണവിശേഷങ്ങൾ വിളമ്പി ഞാനൊന്നു നെടുവീർപ്പിട്ടു .


ചേടത്തി അലമാരയിൽനിന്ന് ഭരണികൾ ഒന്നൊന്നായി മേശമേലെടുത്തുവെച്ച് ,
മൂടി തുറക്കെ  ,ആ വിരലുകൾ കൂട്ടിപ്പിടിച്ച് , ഞാൻ കഴിച്ചുതീർത്ത മധുരത്തിന്റെ 
മടുപ്പ്  മധുരമായിത്തന്നെ ചേടത്തിയെ അറിയിച്ചു .

നിലത്ത് പായ വിരിച്ച് , കാലുകൾ നീട്ടിവച്ച് ചേടത്തി ഇരുന്നു .ഉടൽ ,പായയിലും
നിലത്തും പകുത്ത്  ഞാനാ മടിയിൽ തലവയ്ച്ച് ......

മുറ്റത്തെ മണലിൽ , ചീനച്ചട്ടിയിൽ വറുത്തെടുത്ത നിലക്കടല തോടുകളഞ്ഞ് ,നേർത്ത 
തൊലികളഞ്ഞ് ഒന്നൊന്നായി തരുന്നതിനിടയിൽ , ത്രേസ്യാമ്മ ചേടത്തി കണ്ട ഓണം
വാക്കുകളായി  അടർന്നുവീണു കൊണ്ടേയിരുന്നു .....ആ വാക്കുകളുടെ നിറവിൽ ,
ആ സ്വാദിൽ  ഞാനലിഞ്ഞലിഞ്ഞങ്ങനെ ..............!!!2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

സ്വപ്നാടക

മേഘക്കീറുകൾ
മെടഞ്ഞുമെടഞ്ഞ്‌
നമുക്കൊരു
പുരയുണ്ടാക്കണം
അടുപ്പുകൂട്ടാനും
പായവിരിക്കാനും
ഒറ്റ മുറി മതി
മഴവില്ലിന്റെയൊരു
വലിയ കഷണം
കടംവാങ്ങി
നുറുക്കിയെടുത്ത് 
വാതിലുകളും ജനാലകളും
മോടിപിടിപ്പിക്കണം
വഴിയിൽ തൂവിപ്പോകാതെ
കൈക്കുമ്പിൾ കാത്തുവെച്ച
തെളിനീർ കുടഞ്ഞ്‌
തൊടിയിലൊരു 
പുഴയെയുണർത്തണം 
മുറ്റം നിറയെ
റോസാച്ചെടികൾ 
ഒരുക്കിനിർത്തണം.

കണ്ണാടിയില്ലാത്ത
ഒറ്റമുറിവീട്ടിൽ
നമ്മൾ പരസ്പരം കാണും
വെള്ളിവീഴാത്ത
മുടിയിഴകളിലൂടെ
കൈകോർത്തു നടക്കും
ഞാൻ നട്ടുവളർത്തിയ
മാങ്കോസ്റ്റിൻ ചെടിയുടെ
നിഴലിൽ
വായിച്ചുതീരാത്ത 
വരികളായ് നീ നിറയും
തോടു പൊട്ടിച്ച്
പുളിമധുരം നുകർന്ന്
പുൽപ്പായയിൽ
ചമ്പ്രംപടിഞ്ഞിരുന്ന്
ഞാൻ
നിന്നിലേയ്ക്ക്  വിടരുന്ന 
രണ്ടുകണ്ണുകളും .

പുഴയിൽ നക്ഷത്രങ്ങൾ
മുഖംനോക്കുമ്പോൾ
നീയെൻറെ കണ്ണിൽ 
എഴുതാൻ തുടങ്ങും
'ഈ പുഴയും നക്ഷത്രങ്ങളും
മരിക്കാതിരുന്നെങ്കിൽ ...'
ഞാൻ നിന്നിലെഴുതാൻ
തുടങ്ങിയ വരി ... !!!
2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

വാതിൽ മലർക്കെ തുറന്നുവച്ച് നോക്കിനില്ക്കുന്നുണ്ട് ത്രേസ്യാമ്മചേടത്തി .
ഒരല്പം അക്ഷമ , പരിഭവം ,സങ്കടം ഒക്കെ വായിച്ചെടുക്കാം ആ
ചുളിവുവീഴാത്ത മുഖത്തുനിന്ന് .
വൈകിപ്പോയതിന് ക്ഷമ ചോദിച്ച് , ആ മൃദുവായ വിരലുകൾ മുത്തി ,
പിറകെ നടന്നു .കടുക് പൊട്ടിച്ചിട്ട പുഴുങ്ങിയ കപ്പയും ചിരട്ടയിൽ
ഇടിച്ചെടുത്ത ചമ്മന്തിയും കട്ടൻചായയും ഓരോന്നായി മേശമേൽ ...
ഇന്ന് കേൾവിക്കാരിയാകാൻ പറ്റില്ല . വൈകിപ്പോയത്തിൻറെ ശിക്ഷ.

അരമണിക്കൂർ ബസ് യാത്രയ്ക്ക്  മുക്കാൽ മണിക്കൂർ  നടന്ന് ,കഥ പറഞ്ഞ് ,
ബസ്സിന്റെ അരികുസീറ്റ് പിടിച്ച് , ഓരോ നിമിഷത്തെയും പുതിയ പുതിയ
കാഴ്ചകളുടെ നുറുങ്ങുകളായി പെറുക്കിയെടുത്ത് , എവിടെയൊക്കെയോ
പറക്കാൻ ചിറകുകൾ തുന്നിക്കൂട്ടിയ, മതിവരാത്ത കലാലയജീവിതത്തിന്റെ,
സൗഹൃദത്തിന്റെ സുവർണകാലം .ഒരു  കഥയുടെ പരിവേഷത്തോടെ ആ
ഏട്  ത്രേസ്യാമ്മചേടത്തിയുടെ വിടർന്ന കണ്ണുകളിലേയ്ക്ക്  പറത്തിവിട്ട് ,
നാളേയ്ക്കായി ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു ,

''ഇനിയൊരു  ഒരു 'കാര്യം'  പറയട്ടെ ?''
'' പറയൂ .''
'' മടുത്തു , ശരിക്കും ...''.
'' ഇത്രയും വേഗം .... ! മൂന്നുമാസം പോലും തികഞ്ഞില്ലല്ലോ ."
''ഇവിടെ ഒരു കാറ്റുപോലും ചോദിച്ചു മടങ്ങുന്നതിങ്ങനെയാണ് ,
പേര് ?..ഉത്തരത്തിന്റെ വാലിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ
അടുത്ത ചോദ്യം ? ഏതു മതത്തീന്നാ ? പുതിയ നാടല്ലെ , വിരോധം
ഭാവിക്കാതെ , ഉള്ള് കാട്ടാതെ പെറ്റമ്മയുടെ മതം വ്യക്തമാക്കുമ്പോൾ
അടുത്ത ചോദ്യം എൻ എസ് എസോ എസ് എൻ ഡി പിയോ ? ഒരു
ന്യൂ നപക്ഷത്തിന്റെയോ   ഭൂരിപക്ഷത്തിന്റെയോ  വക്താവാണെന്ന
തരംതിരിവില്ല ഇവിടത്തെ കാറ്റിന് .കാറ്റുകൊള്ളാത്തൊരു കൂട് ......?

ത്രേസ്യാമ്മചേടത്തി ഒരൽപംകൂടി കുനിഞ്ഞു .കവിളിലെ  തണുപ്പിലലിഞ്ഞ
ബേബി പൗഡറിന്റെ മണം.''ഞാൻ നിന്നെ അറിയുന്നു , നീ എന്നെയും.അത് 
ഏതു മതത്തെ സാക്ഷ്യ പ്പെടുത്തിയാണ് ........ലോകം മാറിമറിയുന്നു , ഒരു
'മനുഷ്യനെ' കണ്ടുമുട്ടാൻ തന്നെ ഏറെ ദൂരം അലയേണ്ടി വരുന്നു .............''
വാക്കുകളുടെ ആ പ്രവാഹത്തിൽ ഓരോ വരിയുടേയും അവസാനം ഞാൻ
വായിച്ചു നിർത്തിയത് ഏതു ലിപിയിലെഴുതിയാലും ഉറവ വറ്റാത്ത ഒരു വാക്ക് .!

ഇവിടെ ,  'ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്‌ ' .


#

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

പടവുകളിലേയ്ക്ക്  നോക്കി നിന്നു .
ഒരു നിമിഷം ധ്യാനത്തിനായി കണ്ണുകളടച്ചു പിടിച്ചു .
മിനുസപ്പെടുത്തിയ നിലത്ത് , അടുത്തടുത്തു വരുന്ന കാലൊച്ച ..
ഒരു വടിയുടെ , താളത്തോടെയുള്ള അനുഗമനം .
വിഖ്യാതമായ മാന്ത്രികവടി .
'' ഞാൻ കടമറ്റത്തു കത്തനാർ , നീ ? ''
പേര് ഓർത്തെടുക്കാൻ മിനക്കെടാതെ ഞാൻ പറഞ്ഞു ,
'' ' വീട് നഷ്ടപ്പെട്ട ഒരു കുട്ടി ' ''
കത്തനാർ ചിരിച്ചു .
'' എന്നാണ്‌ നിനക്ക് ആദ്യമായി വീട് നഷ്ടമായതെന്ന് ഓർമ്മയുണ്ടോ ?'
എനിക്ക്  ഓർത്തെടുക്കേണ്ടി വന്നില്ല .
'' വാക്കേറുകൊണ്ട്  കരൾ മുറിയുമെന്ന് തിരിച്ചറിയാൻ തുടങ്ങിയ ബാല്യത്തിലെ
ഒരു ദിവസം .''
കത്തനാർ വീണ്ടും ചിരിച്ചു .
ഞാൻ തുടർന്നു , '' ഓരോ തവണ വീട് നഷ്ടപ്പെടുമ്പോഴും കടൽക്കരയാകെ
ഒരു മുഖം തിരയും ,തളരുമ്പോൾ കടലിന്  കാണാത്ത അമ്മയുടെ മുഖം വരയ്ക്കും.
തിരകളെ അമ്മയുടെ നീണ്ട കൈകളാക്കും , എന്നിട്ട് ആ കൈകളിൽ .......''
കത്തനാർ ചിരിച്ചില്ല .
'' കുട്ടിയെ നഷ്ടമായ വീടുകളെക്കുറിച്ച്  നീ വേവലാതിപ്പെടാറുണ്ടോ ?
ഒളിച്ചിരുന്നു കരയാൻ ഒരലമാരയോ ഒരു മേശയോ തികയാതെ ഒരു
മരത്തണലിനായി പ്രാർഥനയോടെ നില്ക്കുന്നവരെക്കുറിച്ച് ?''

ഉത്തരം പറയാൻ ധൃതിപ്പെടുന്നതിനു മുന്പേ  ഒരു സാക്ഷ്യപ്പെടുത്തലായി
കാഞ്ഞങ്ങാടു നിന്ന് കോട്ടവാതിൽ പിന്നിട്ട്‌ , അമ്മിണിയും മുവാറ്റുപുഴയിലെ
കുഴിമാടത്തിൽ നിന്ന് ത്രേസ്യാമ്മചേടത്തിയും .കഥകൾ കേട്ടും പറഞ്ഞും
വരാന്തയിൽ വിശ്രമിച്ച അമ്മിണിയുടെ തലയിലെ ഭാണ്‍ഡക്കെട്ടിനു അതേ വലിപ്പം .
കഴിഞ്ഞമാസം വിടചൊല്ലിപ്പിരിഞ്ഞ ത്രേസ്യാമ്മചേടത്തീടെ കമ്മലിന് അതേ
തിളക്കം .രണ്ടുപേരെയും കെട്ടിപ്പിടിക്കാൻ കൈവിടർത്തുമ്പോൾ അകന്നുപോകുന്ന
കാലൊച്ച , പൊടുന്നനെ അപ്രത്യക്ഷമാകുന്ന മാന്ത്രികവടി .........!
2014, ജൂലൈ 30, ബുധനാഴ്‌ച
ആത്മഹത്യ ചെയ്തു വിജയിച്ചവരാണ്  ഈ സമയസൂചികൾ .
കൂടെനടക്കാതെ തിരിഞ്ഞു നിന്ന്  ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും .
കൈത്തണ്ട നിറഞ്ഞ  രോമങ്ങളെ പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടുണ്ടാവും .
തോറ്റുകൊടുക്കാത്ത ആ സമയനിഷ്ഠയുടെ ചൂടിൽ പറ്റിച്ചേർന്നിരുന്ന്
ജന്മം സാർത്ഥകമാക്കി നിശ്ചലരായിരിക്കുന്നവർ .
ഇണങ്ങിയും പിണങ്ങിയും വടിയെടുത്തും എന്നെ  പഠിപ്പിച്ച മഹനീയമായ
ആ പാഠത്തിന്റെ ഓർമ്മയായി , ഒരു നിധിപോലെ
ഇവരിന്നും എനിക്കൊപ്പം .....

ഉള്ളൊന്നു പിടഞ്ഞാൽ  ഇന്നും ,

പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( ഞാൻ  വീണ്ടും  ജനിച്ചിട്ട്‌  ഇന്ന്  അഞ്ചുവർഷം )
2014, ജൂലൈ 17, വ്യാഴാഴ്‌ച

ഇനിയൊരു ജന്മമുണ്ടെങ്കിൽ ...


വാക്കായ് പിറക്കണം
കാർമേഘമാലയിൽ
ഒരു വെളുത്ത മുത്തായ്‌
മറഞ്ഞിരിക്കണം
മേഘരാഗത്തിലും
ഇളകാതിരിക്കണം 

മഴയുടെ
മഞ്ഞിന്റെ
പുഴയുടെ
പൂവിന്റെ
കിളിയുടെ
കനവിന്റെ ...
മറ്റൊരു പേരായ്
നീ  ധ്യാനിക്കുന്നൊരു
കന്യാപദമായ് 
ഒരുങ്ങി  നിൽക്കണം .

ഒരു വരിക്കായ് തപസ്സിരിക്കണം

ഇരുൾതിരുമുറ്റം വീണ്ടും കറുക്കും
താരങ്ങൾ
കൂട്ടത്തോടെ കളിക്കാനിറങ്ങും
അന്ന്
നീ അവസാനവരിയെഴുതും
അതിൽ അവസാനവാക്കായ്‌
സൂര്യകാന്തം പോൽ
ഞാൻ പൊഴിയും 
വീണ്ടും വീണ്ടും വായിച്ച്
നീയതിന്റെ പൊരുളാകും .

ഒരു നാൾ
ചുവന്നു ചുവന്ന്
സൂര്യനൊരു പട്ടുടയാടയായ്
ഭൂമിയെ പൊതിയും
അന്ന്
വാക്കും പൊരുളുമായ്
നാമൊടുങ്ങും  ..!


2014, ജൂലൈ 5, ശനിയാഴ്‌ച

സുഹ്റാ , മജീദിന്റെ വീട്ടുമുറ്റത്തെ മൂലയ്ക്ക് കുഴിച്ചുവെച്ച ചെമ്പരത്തിക്കമ്പിൽ
ഇതുപോലെ തുടുത്ത ഒരു 'ചെമന്ന പൂവ് ' ഉണ്ടായിരുന്നു .

സുഹ്റായുടെ ഖൽബിന്റെ നിറമുള്ള ചെമ്പരത്തിപ്പൂക്കൾ കണ്ടതിൽപ്പിന്നെയാണ്
ഞാൻ ആ പൂക്കളെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങിയത് .
ഒന്നും ഒന്നും എത്രയാണെന്നതിന് രണ്ടാണെന്ന 'ലോകപ്രസിദ്ധമായ' ഉത്തരം
തിരുത്തി , 'രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി തടിച്ച ഒരു നദിയായി
ഒഴുകുന്നതുപോലെ രണ്ടു കുന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച
ഒരു വലിയ 'ഒന്ന് ' ആയിത്തീരുന്നുവെന്ന കണക്കു ശാസ്ത്രത്തിലെ ഒരു പുതിയ
തത്വം കണ്ടുപിടിച്ച മജീദിനെ കണ്ടതിൽപ്പിന്നെയാണ് ' ഒന്നും ഒന്നും ചേർന്നാൽ
'ഉമ്മിണി വല്യ ഒന്ന് ' എന്ന്  ഞാൻ തിരുത്തിയത് .

'വെളുത്ത് ഭംഗിയുള്ള ചെറിയ പല്ലുകളുടെ ഇടയ്ക്കുള്ള ആ കറുത്ത വിടവ്'.. ഇടയ്ക്ക്
 ചിരിച്ചുകൊണ്ട് , കിന്നാരം പറഞ്ഞുവന്ന് , ഒടുവിൽ വല്ലാതെ ചുമച്ചുകൊണ്ട്
ബാപ്പയുടെ കബറിനരികിലേയ്ക്ക് ആ 'രാജകുമാരി ' നടന്നുപോകുമ്പോൾ ഞാനും
ആലോചിക്കാറുണ്ട് , 'നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് ,
' എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാൻ തുടങ്ങിയത് ?'

( '' വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും
തിരിച്ചറിയാതെ നടന്ന ബഷീറിന്റെ പിന്നാലെ വാക്കുകൾ കരഞ്ഞു വിളിച്ചു
നടന്നു .ഇങ്ങനെ കരഞ്ഞുവിളിച്ച വാക്കുകളെ ബഷീർ കാരുണ്യത്തോടെ
എടുത്തപ്പോൾ അവയ്ക്കു രൂപപരിണാമം വന്നു .അദ്ദേഹം വാക്കുകളെക്കൊണ്ട്
മൗനം സൃഷ്ടിച്ചു ;  മൗനത്തെക്കൊണ്ട്  വാക്കുകളെയും .'' )

2014, ജൂൺ 27, വെള്ളിയാഴ്‌ച

അന്നപൂർണ്ണ  ......!
എന്നോ ഒരിക്കൽ , അർത്ഥമറിയാത്ത വാക്കുകളിലൊന്നായി വന്നു .
അർത്ഥമെന്തെന്നറിഞ്ഞ് , പിന്നെ  കുറെയേറെ അർത്ഥങ്ങളിൽ
മനോഹരിയാക്കിയ വാക്ക് .വാത്സല്യം ,സ്നേഹം ,കരുതൽ ,കനിവ് ആദിയായ
രുചികൾ വിളമ്പുന്ന എല്ലാ അമ്മമാരെയും'അന്നപൂർണ്ണ 'എന്നുവിളിച്ച് ,രുചിയറിഞ്ഞ്‌
രുചി പകർന്ന്  മനസ്സ് നിറച്ചു വെച്ച വാക്ക് .

തീവ്രമായ വേദനയുടെ മുഖമായി ഒരിക്കലെത്തി  'അന്നപൂർണ്ണ.സംഗീതോപാസിക ,
പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ , ..........സമാനതകളില്ലാത്ത  വിശേഷണങ്ങൾ.
അന്നപൂർണയുടെ കൊട്ടിയടക്കപ്പെട്ട വാതിലിനുമുന്നിൽ കാത്തുനിന്ന് ,അവരെ
വായിച്ചും കണ്ടും ആ മുഖം ആർക്കൊക്കെയോ കടംകൊടുത്തു .കരളിലെ നോവായി 
ആ അന്നപൂർണ്ണ.

''ഗാർഹസ് ഥ്യത്തിന്റെ തിരക്കുകളിൽ തന്നോടുതന്നെ മന്ദഹസിച്ചുകൊണ്ട് '' ഒരു
മഹാപ്രസ്ഥാനത്തിന് തുടക്കംകുറിച്ചുകൊണ്ട് 'പിതാമഹനായ'  'ആരാച്ചാരുടെ
ഭാര്യയായി വീണ്ടുമെത്തി കെ .ആർ .മീരയുടെ 'അന്നപൂർണ്ണ ..
'കുളിക്കുമ്പോഴും വസ്ത്രമലക്കുമ്പോഴും പൂജനടത്തുമ്പോഴും തൂക്കിക്കൊല നടത്താൻ
രാജകൊട്ടാരത്തിലേയ്ക്ക് പുറപ്പെടുന്ന ഭർത്താവിന് കയറെടുത്തു കൊടുക്കുമ്പോഴും
'അവൾ മന്ദഹസിച്ചുകൊണ്ടേയിരുന്നു .
'' സത്യം പറ ,നീ ഏതവനെ വിചാരിച്ചാണ് ഇങ്ങനെ സദാ പുഞ്ചിരിക്കുന്നത് ?''
''തഥാഗതനെ .''അവൾ വീണ്ടും പുഞ്ചിരിച്ചു .
ആനന്ദത്തിനുള്ള കാരണം 'ആത്മാവിന്റെ രഹസ്യമാണ് ' എന്ന് അവൾ ,
''ഒരു സ്ത്രീയുടെ ഹൃദയത്തിൽ പുരുഷന്റെയോകുഞ്ഞുങ്ങളുടെയോ ആഭരണങ്ങളുടെയോ
പേരിലല്ലാതെ ആനന്ദം സാദ്ധ്യമാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല .
'' തഥാഗതന്റെ പ്രകാശത്തിൽ എന്റെ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ്
മണ്ണിലേയ്ക്ക്‌ മടങ്ങി പഞ്ചഭൂതങ്ങളായി അവസാനിച്ചു .എന്റെ ആത്മാവാകട്ടെ
നിർവാണത്തിന്റെ അപരിമേയമായ പ്രകാശപൂരത്തിൽ അന്തസ്സോടെ
അഭിരമിച്ചു .''
രേഖപ്പെടുത്തപ്പെട്ട ഒരു കവിതയായി മന്ദഹസിച്ച അവളെ വീണ്ടും വായിച്ച് ,
'ആഗ്രഹങ്ങളും ആവശ്യങ്ങളും ഓർമകളും ബോധ്യങ്ങളും ഉപേക്ഷിച്ച 'അവളെ  
വർദ്ധിച്ച അത്ഭുതാദരങ്ങളോടെ ,ആരാധനയോടെ നോക്കിയിരിക്കെ ..........!

തണലിനു താഴെ , മതിൽക്കെട്ടുള്ളൊരു വീട്ടിൽ ഒരുവൾ ,സദാ പുഞ്ചിരിച്ചുകൊണ്ട്.
ജനാലയുടെ ചെറിയവിടവിലൂടെ ആ ചിരിയിലേയ്ക്കു  ഇറങ്ങിച്ചെന്നു എന്റെ 
ചെറിയ കണ്ണുകൾ.
ഉള്ളിലെ  കുഞ്ഞു കരച്ചിലോ പ്രായമായ ശകാരമോ ഒന്നുംകേൾക്കാതെ മുറ്റത്ത്‌
ഓരോ കോണിലും ആ ചിരി ഒച്ചയുണ്ടാക്കാതെ കറങ്ങിനടക്കുന്നു .
ഇവൾ വീടുപേക്ഷിച്ച് പരമാനന്ദത്തിനായി തഥാഗതന്റെ സന്നിധിയിൽ
പോകാറുണ്ടോ ?എനിക്കറിയില്ല .'ശകാരിച്ചും മർദ്ദിച്ചും പ്രലോഭിപ്പിച്ചും '
മനസ്സുമാറ്റാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടാവുമോ ? അതും അറിയില്ല .
ഒരുപക്ഷെ ഇവൾ പറഞ്ഞിട്ടുണ്ടാവും 'ബുദ്ധനും ധർമവും സംഘവും
 'ഈ മൂന്നു രത്നങ്ങളും ഇവളുടെ പക്കലുണ്ടെന്ന് .

രണ്ടറ്റങ്ങളിൽ നിന്നെത്തി പാടവരമ്പിലെ തെളിഞ്ഞ വെള്ളത്തിൽ കാൽനനച്ചാണ്
ഞങ്ങളുടെ ചിരികൾ ആദ്യമായി കൂട്ടിമുട്ടിയത് .വിരലുകളിൽനിന്നൂർന്നുവീണ  മിഞ്ചികൾ
കൈവെള്ളയിൽ  കൊടുത്ത മാത്രയിൽ  ആ ചിരി എന്റെ കണ്ണിൽ തറച്ച്  , ഒരു ചുവന്ന
പുഴയുണ്ടായി .അവൾ കാണാതെ ആ  പുഴയെ ഞാനെന്റെ  ചിരികൊണ്ട്  മൂടിപ്പിടിച്ചു .
അന്നപൂർണ്ണ ............!!!

2014, ജൂൺ 22, ഞായറാഴ്‌ച

വയനാട്ടിൽനിന്ന് നാട്ടിലേയ്ക്ക് കൂടെപ്പോന്നു ഒരു മാങ്കോസ്റ്റിൻകുഞ്ഞും അവളുടെ
കുറച്ചു  കൂട്ടുകാരും . പുതിയ  മണ്ണിൽ , പഴയ  മണ്ണിലിരുന്നു തളിർത്ത്‌ , അവർ
മെല്ലെ  മെല്ലെ  ചില്ലകളായി ,വളർച്ച  അറിയിക്കാൻ  തുടങ്ങിയിരിക്കുന്നു .
ചേർന്നുനിന്ന് , പടർന്നിറങ്ങുന്ന  തണലും  ഒരു ചാരുകസേരയും  പുസ്തകവും
സ്വപ്നം കണ്ടുനിൽക്കെ കവിളിലൊരു വലിയ ചില്ലയുടെ നേർത്ത കുളിർസ്പർശം .
''കിളികൾക്കും അണ്ണാർക്കണ്ണനും കൊടുക്കാതെ മൂപ്പെത്തിച്ച് ,ഒരു പഴംപോലും നിനക്കു 
തരാനാവുന്നില്ലല്ലോ ''ഒരു സങ്കടപ്പറച്ചിൽ.''വേണ്ടാ , അവർ തിന്നതിന്റെ ബാക്കി മധുരം
മതിയെനിക്ക് '.

മൂന്നു പുഴകൾ കണ്ടുമുട്ടുന്നിടത്തേയ്ക്കുള്ള വളവുംതിരിവുമുള്ള പച്ചപ്പിന്റെ വഴികൾ .പലപല
രൂപത്തിൽ ചില്ലകൾ നീട്ടി ആകാശത്തേക്ക്‌ കണ്‍തുറക്കുന്ന മരങ്ങൾ .ഈയിടെയായി
വല്ലാതെ പേടിപ്പിക്കുന്നു , ഊഞ്ഞാലിടാൻ പാകത്തിൽ ഞാന്നുകിടക്കുന്ന ചില്ലകൾ .
അങ്ങ് ദൂരെ ഇപ്പോഴും ഞെട്ടിവിറയ്ക്കുന്നുണ്ടാവും  ഏതൊക്കെയോ മരച്ചില്ലകൾ.
വിടരാനാവാതെ തൂങ്ങിയാടിയ കാട്ടുപെണ്‍പൂമൊട്ടുകൾ ...........

കടന്നുപോയ വരികളിലേയ്ക്ക്  വീണ്ടും ...
'' 'തഥാത' എന്ന വാക്ക് ഏറ്റവും നിഗൂഢമായൊരു  വാക്കാണ്‌ .
തഥാത എന്നത് എന്താണെന്നറിയുന്ന ഒരുവൻ ഏതവസ്ഥയിലും
അചഞ്ചലനായി , അക്ഷോഭ്യനായി നിലകൊള്ളും .ഒന്നിനുംതന്നെ
അയാളെ ക്ഷോഭിപ്പിക്കാൻ കഴിയില്ല . ഒന്നിനും തന്നെ അയാളുടെ
ശാന്തതയെ ഭഞ് ജിപ്പിക്കുവാൻ കഴിയില്ല .തഥാഗതൻ എന്നാൽ
നിമിഷം തോറും തഥാത്വത്തിൽ ജീവിച്ചുകൊണ്ടേയിരിക്കുന്ന
ഒരുവൻ എന്നാണർത്ഥം . തഥാഗതൻ എന്നത് എല്ലാ ഭാഷകളിലും
വെച്ച് ഏറ്റവും മനോഹരമായ വാക്കുകളിലൊന്നാണ്‌ .''
( ഓഷോ  )

2014, ജൂൺ 7, ശനിയാഴ്‌ച

''
'' ഉണർന്നോ ?''
''ഉണർന്നു , നീയോ ?''
''ഞാനും . എന്തുചെയ്യുകയാണിപ്പോൾ ?''
''ഭൂമിയുടെ മഹത്വത്തെയും വലിപ്പത്തെയുംകുറിച്ച്  ആലോചിച്ച്
അത്ഭുതപ്പെടുകയായിരുന്നു .നീയെന്തുചെയ്യുകയായിരുന്നു ?"
''ചായയുണ്ടാക്കിക്കുടിച്ചു , പേപ്പറും വായിച്ചു .''
''ഇങ്ങോട്ടുപോരൂ ''
''എന്തിനാ ?"
''നമുക്കൊരുമിച്ച്  ഭൂമിയെക്കുറിച്ച്‌ ആലോചിച്ചിരിക്കാം .''

......''നീ പോകൂ .പക്ഷേ ,നിന്റെ പാദങ്ങൾ എനിക്കു തന്നേച്ചു പോകൂ .''
................മരണം ജീവിതം തന്നെയാണ് .മരിച്ച മനുഷ്യൻ വീണ്ടും മരിക്കും .
ചിതയിൽ ദഹിക്കുന്നതിനു പകരം ഗർഭപാത്രത്തിൽ ചെന്ന് കുഞ്ഞായിരിക്കും .
ചിതയിൽ ദഹിക്കുന്നു , ഗർഭപാത്രത്തിൽ കുഞ്ഞായിക്കിടക്കുന്നു .....ജീവിതം 
ഒരാവർത്തനമാണ് ..........ഭൂമിയെക്കുറിച്ച് വീണ്ടും ആലോചിക്കാൻ തുടങ്ങി .
സമുദ്രങ്ങൾ ഇരമ്പി .കാറ്റ് ആർത്തലച്ചു .പർവതങ്ങൾ ഉറഞ്ഞുകിടന്നു .
എവിടെയാണ് ഈ ഭൂമിയുടെ അവസാനം ?കണ്ടുപിടിക്കണം .ഭൂമിയുടെ അറ്റംവരെ 
നടക്കാൻ തീർച്ചപ്പെടുത്തിക്കൊണ്ട് യാത്ര തുടർന്നു .വൈകുന്നേരമായപ്പോൾ 
നഗരത്തിനു വെളിയിൽ എത്തിക്കഴിഞ്ഞിരുന്നു .ഭൂമിയുടെ അറ്റത്തേയ്ക്കുളള 
വഴിയേതാണ് ?നഗരത്തിന്റെ അറ്റത്തെ യൂണിവേഴ് സിറ്റിയുടെ മുമ്പിൽ കൂട്ടംകൂടി 
നിന്ന പെണ്‍കുട്ടികളോട്‌ ചോദിച്ചു ;
'' ഭൂമിയുടെ അറ്റത്തേയ്ക്കുള്ള വഴിയേതാണ് ?''
അവർ മിഴിച്ചുനോക്കി .
''ലൂനേറ്റിക് ''
അവർ പറഞ്ഞു .അവർ പറഞ്ഞത് കേൾക്കാതെ നടന്നു .വയലുകളിൽ നിന്ന് 
പണി കഴിഞ്ഞു തിരിച്ചുവരുന്ന ഗ്രാമീണരോട് ചോദിച്ചു ,
''ഭൂമിയുടെ അറ്റം എവിടെയാണ് ?''
അവർ മിഴിച്ചുനോക്കി .ആകാശത്തോടും കാറ്റിനോടും ചുമന്ന നദിയോടും ചോദിച്ചു .
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ആകാശവും കാറ്റും നദിയും പറഞ്ഞു , '' ലൂനേറ്റിക് ''
ഇരുട്ടു പരന്നു ,കാറ്റ് തളർന്നു കിടന്നു ,നദി നിശ്ചലമായി .
അപ്പോഴും നടന്നുകൊണ്ടേയിരുന്നു ...........................................''
എം . മുകുന്ദന്റെ ' ചിതകളുടെയും ഗർഭപാത്രങ്ങളുടെയും ഘോഷയാത്ര'യെ 
അനുഗമിക്കെ ഞാനും ചോദിച്ചുകൊണ്ടേയിരുന്നു ,
''ഭൂമിയുടെ അറ്റത്തേയ്ക്കുളള വഴിയേതാണ് ?''
ത്രേസ്യാമ്മച്ചേട്ടത്തി ഓടിവന്ന് കൈയിൽപിടിക്കുമ്പോൾ ഞാനൊരു ചെറിയ
കുട്ടിയും ഭൂമി ഒരു വലിയ പന്തുമായിരുന്നു .പഞ്ചാരവരിക്ക മാങ്ങയുടെ സ്വാദ് 
ചുണ്ടിനെ തോൽപ്പിച്ച് , വിരലുകൾക്കിടയിലൂടെ വെളുത്ത പെറ്റിക്കോട്ടിലേയ്ക്ക്
ഒഴുകിയിറങ്ങുന്നതും നോക്കിനിന്നു ,ചേട്ടത്തി .

ഞാൻ ആകാശക്കാഴ്ചകൾ ഒന്നൊന്നായി പെറുക്കിയെടുക്കുമ്പോൾ ഒരുകൂട്ടം
നക്ഷത്രങ്ങൾ പറന്നിറങ്ങി ചേട്ടത്തിയുടെ കമ്മലിൽ ഇരുപ്പുറപ്പിച്ചു .ഞാൻ
വലതുകാൽ കുറേക്കൂടി പൊന്തിഞ്ചുനിന്ന് ,ഇടതുകൈവിരലുകൾകൊണ്ട് 
സൂര്യനെ പിച്ചിപ്പറിച്ചെടുക്കാൻ തുടങ്ങുമ്പോൾ ത്രേസ്യാമ്മച്ചേട്ടത്തി വീണ്ടും
ത്രേസ്യാമ്മ ടീച്ചറായി .'' കുരുത്തം കെട്ടോളേ , സൂര്യനോടാ നിന്റെ കളി ?''
പാതിതിന്ന ചക്കരമാമ്പഴം ഭൂമിക്കടിയിലേയ്ക്കും ഞാനിങ്ങ്  ............!!!2014, ജൂൺ 4, ബുധനാഴ്‌ച

മഴയെത്തുംമുൻപേ ഓടിയെത്തിയ മഞ്ഞ് . ഒഴുകിപ്പരന്ന ഒരുനുറുങ്ങു മഞ്ഞ് .
ചുരമിറങ്ങി നന്നേ ക്ഷീണിച്ചിരുന്നു .വരമായ്  കിട്ടിയ ഒരു തുണ്ട് കാടെടുത്ത്
വേഗം തടുക്ക്‌ വിരിച്ചുകൊടുത്തു .വിരൽസ്പർശംകൊണ്ട് ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഉറപ്പുവരുത്തി .ഒതുങ്ങിയിരുന്ന് , മൃദുവായ് പറഞ്ഞതൊക്കെയും
കേട്ടുകേട്ട് കണ്ണെടുക്കാതെ നോക്കിയിരുന്നു .
വെളിച്ചത്തിന്റെ നേർരേഖകളിൽ മാഞ്ഞുമാഞ്ഞു പോകാനൊരുങ്ങുമ്പോൾ
അന്ന് ,ഒരു നിവർത്തനത്തിന്റെ അഗാധമായ വേദനയിൽ നിന്നുകൊണ്ട് ,
പറയാൻ വിട്ടുപോയ ഒരു ഉത്തരം ചെവി ചേർത്തുപിടിച്ച് .......
'ഉണ്ട് ,വിശ്വസിക്കുന്നുണ്ട് , ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ട് .'
.
.
.

2014, മേയ് 31, ശനിയാഴ്‌ച

പുത്തനടുക്കളയുടെ വാതിൽചാരി നിന്ന് ഞാൻ വായിച്ച ആദ്യത്തെ കവിത .
ഒരു തലക്കെട്ടിനായി പരതി ,ജനിമൃതികളിലൂടെ നടന്നുനടന്നു തളർന്ന് ,
ഒടുവിൽ തോറ്റു .
ഒരോ മഴയിലും നനഞ്ഞു കുതിർന്ന് , ഉണങ്ങിയടർന്ന് ,മണ്ണായിത്തീരാനാവാതെ,
വേറിട്ടുപോയൊരു ശരീരാവശിഷ്ടമായും പടർന്നുചെല്ലുന്ന ഒരു നിഷ്കളങ്കമായ
ചോദ്യമായും മാത്രം ആ കവിതയെ വിവർത്തനം ചെയ്ത്,വെറുമൊരു കാഴ്ചയാക്കി
അകത്തുപോയി താക്കോൽക്കൂട്ടമെടുത്ത് വരുമ്പോൾ മുന്നിൽ രണ്ടാമത്തെ
കവിത !
ഭയലേശമില്ലാതെ ഇത്രയും അടുത്തുപിടിച്ച് ആദ്യമായ് വായിക്കുന്നു .കാലൊന്നു
നീട്ടിവച്ചാൽ തൊട്ടറിയാം !
എന്തോ പറയാനുണ്ടെന്നമട്ടിൽ നാക്കുനീട്ടി ,പിന്നെ വേണ്ടാന്നുവച്ച് ,പടവുകളായി
രൂപാന്തരപ്പെടുത്തിയ പാറയുടെ അടരുകളിലൊന്നിൽ നിന്നിറങ്ങി വന്ന്
മുകൾത്തട്ടിലേയ്ക്ക് നീണ്ടുനീണ്ടുപോയൊരു വായന .ഉള്ളിലുള്ള അവകാശികളെ
നോക്കുകപോലുമില്ലെന്ന ഞാൻ കൊടുത്തൊരു വാക്ക് ,കേട്ടിട്ടാവാം തലയുയർത്തി ,
നെഞ്ചുവിരിച്ച് വീണ്ടുമൊരു വലിയ രേഖയായി ..പുൽനാമ്പുകൾ അവനിലേയ്ക്ക്
ചായുന്നതും കണ്ട് , ഞാനെന്റെ പകലിലേയ്ക്കും .

മൂന്നാമതൊരു കവിത വായിക്കുംമുമ്പ് ചിത്രത്തിൽപ്പോലും കണ്ടിട്ടില്ലാത്ത
'ത്രേസ്യാമ്മ ടീച്ചറെ ,ത്രേസ്യാമ്മ ചേട്ടത്തീന്ന് ഉറക്കെ വിളിച്ച് ,അടുത്തുവരുത്തണം .
കന്യകയായിത്തന്നെ നടന്ന് ,വാർധക്യത്തിലെത്തി എന്നേയ്ക്കുമായി ഉറങ്ങാൻ
പോയതാണ് .പൊള്ളിക്കുന്ന വാർത്തകൾ കേട്ടുംകണ്ടും ഉരുകിയൊലിക്കുന്ന
പകലിൽ എനിക്കൊരല്പനേരം ആ മടിയിൽ കിടക്കണം .മൂന്നുവിരലുകൾകൊണ്ട്
ആ ചട്ടയുടെ അറ്റത്തെ മിനുസം തൊട്ടറിഞ്ഞറിഞ്ഞ് പഴങ്കഥകൾ കേൾക്കണം .
''ഈ കഥ ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ ?''എന്നു ചോദിക്കുമ്പോൾ കേട്ടതാണെങ്കിലും
''ഇല്ലേയില്ല '' എന്നുപറഞ്ഞ് ആ വിരലുകളിൽ ഉമ്മ വയ്ക്കണം .നാളെ വരാമെന്നു
പറഞ്ഞ് ,കല്ലുപാകിയ മുറ്റമിറങ്ങി ,തിരിഞ്ഞുനോക്കുമ്പോൾ ആ ഞാന്നുകിടക്കുന്ന
കമ്മലിലെ കല്ലിന്റെ തിളക്കം എനിക്കെന്റെ കണ്ണിൽ നിറച്ചു വയ്ക്കണം .
2014, മേയ് 30, വെള്ളിയാഴ്‌ച

കണ്ടിട്ടും ,
ഒരു വാക്ക്
മിണ്ടിയില്ലാന്ന്
കണ്ണുനിറയ്ക്കും .
ഇത്രയും താഴേയ്ക്ക് ..
'വേണ്ടാ വേണ്ടാന്ന്
പതം പറഞ്ഞ്
ഒരു ചീന്ത് വെയിലെടുത്ത്
മുഖംമിനുക്കും .
പിന്നെ ...
ആകാശത്തേക്ക്
വീണ്ടുമൊരു കണ്ണിനായ്
ആടിയുലഞ്ഞ്
ഇതൾപൊഴിക്കും !


2014, മേയ് 14, ബുധനാഴ്‌ച

 വീട്ടിലേയ്ക്കുള്ള വഴി '

ഈവഴി വന്നവർക്കും  വരുമെന്നു പറഞ്ഞ് മോഹിപ്പിച്ചവർക്കും
ഒരുപാടൊരുപാട്  സ്നേഹം .ഒരു വർഷം തികയാനൊരു ദിവസം ബാക്കിനിൽക്കെ
തിരികെ നടന്ന് ,നാളെ ഞാൻ ഈ വഴിക്ക് അന്യയായിത്തീരുന്നു .

പുതിയ വഴിയുടെ അറ്റത്തുനിന്ന് എനിക്ക് രണ്ടു ചിറകുകൾ കണ്ടെടുക്കണം .
മലനിരമേലെ പറന്നെത്തി ,അണിഞ്ഞുതീരാത്ത മഞ്ഞിൽ ചിറകുവിടർത്തി ,
പഠിച്ചുതീരാത്ത ഭാഷകളിലൊന്നാവണം .തളിരിലകളിലമർന്നിരുന്ന് ഇടംനെഞ്ചിലെ
നോവിനെ തണുപ്പിക്കണം .ഒച്ചവയ്ക്കാതെ വാതിൽ തുറന്ന് ,പടികടന്നുചെന്ന്
ജനലഴികളിൽ വിരൽകോർത്തുനിന്ന് ഉദയം കാണണം .പറന്നിറങ്ങി , കാഴ്ചകൾ
ഓരോന്നായി പെറുക്കിക്കൂട്ടണം .ഇനിയും കണ്ടുതീരാത്ത മഴയുടെ ഭാവങ്ങളിലോരോന്നിലും
നനയണം .കാടനക്കങ്ങൾ കേട്ടും കണ്ടും കൊതിതീർക്കണം .ഇടവഴിയിലൂടെ പൂവും
പൂമ്പാറ്റയും കണ്ടുനടക്കുന്ന ബാല്യത്തെ കണ്‍നിറയ്ക്കണം .'ഇവിടെ പൂക്കൾക്കെന്താണിത്രയും
നിറമെന്ന് ചുരം കയറിയെത്തുന്ന കാറ്റിനോട് ചോദിക്കണം .ഒരലർച്ച മതിയാവും
ഭൂമിയെ അടിമുടി ചുംബിക്കാനെന്ന്, വേദനിപ്പിച്ചു പഠിപ്പിച്ച കുരങ്ങനോട് പരിഭവം പറയണം .
മലമുഴക്കിവരുന്നവളിൽ ഇടറി മുറിഞ്ഞുപോകുന്നൊരെന്റെ പാട്ടിന് തേൻപുരട്ടണം .
ഇടിമിന്നലെത്തുമ്പോൾ ആലിപ്പഴത്തിനായി കണ്ണിമവെട്ടാതെ കാത്തുനിൽക്കണം .
പിന്നെ ......പിന്നെ .........

ഒരു വിരൽത്തുമ്പുകൊണ്ടൊരു കല്ലിനെ തൊട്ടുനോക്കി മുഖമാകെ മഴവില്ല് വരച്ചവനെ
ഒരു ചുവന്ന പൊട്ടായി കരളിൽ പതിച്ചുവച്ച് , ചിറകുകുടഞ്ഞ്‌ , ആകാശവഴിയിൽ
എനിക്കൊരു കറുത്തപൊട്ടാകണം .

2014, മേയ് 2, വെള്ളിയാഴ്‌ചആദ്യതവണ ഇതുവഴി പോകുമ്പോൾ കാടിന്റെ പുതപ്പിന് കടുംപച്ച നിറമായിരുന്നു .
അരുവികൾ ഒച്ചയോടെ ഒഴുകിനടന്നിരുന്നു .

രണ്ടാമത്തെ തവണ പോകുമ്പോൾ വേനൽ ,നിറം കെടുത്തിയ പുതപ്പായിരുന്നു
കാടിന് .ഉണങ്ങിയ ചില്ലകൾ ആകാശം നോക്കി പരസ്പരം പുണർന്നുനിന്നിരുന്നു ,
വേരുകളിൽ ജീവന്റെ സ്പന്ദനം അവശേഷിപ്പിച്ചുകൊണ്ട് .അന്നാണിവൻ സ്വൈര്യമായി
സ്വന്തം  ആവാസവ്യവസ്ഥയിൽ മേഞ്ഞുനടക്കുന്നതു  കണ്ട് ,പതിയെ പതിയെ
കടന്നുപോയത് .അന്ന് ഒരു വേനൽ മഴയ്ക്ക് കാതോർക്കുകയായിരുന്നു ഇവനും കൂട്ടരും .

മൂന്നാമത്തെ  തവണ പോയില്ല .കാടിന്റെ പൊള്ളലേറ്റ ശരീരം കാണാൻ മനസ്സ്
ശക്തമായിരുന്നില്ല. വയനാട്ടിൽ ഞാൻ  കേട്ട ഏറ്റവും വേദനാജനകമായ വാർത്ത .
ആരൊക്കെയോ എറിഞ്ഞ തീപ്പൊരിയിൽ വെന്തു വെണ്ണീറായി ഒടുങ്ങിയ ജീവനുകൾ .
അടുപ്പ് പുകയ്ക്കാനുള്ള  വിറകുപോലും ശേഖരിച്ചു വയ്ക്കാൻ മിനക്കെടാത്ത കാടിന്റെ മക്കളെ
പുതിയ അദ്ധ്യായങ്ങൾ പഠിപ്പിക്കുന്ന ആരൊക്കെയോ .............ആ കാട്ടുതീയിൽ
ഇവനും  .............

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കും ജീവനുണ്ടെന്ന് എല്ലാ മനുഷ്യരും അറിയുന്ന
ഒരു കാലം , അതാണെന്റെ സ്വപ്നം .2014, ഏപ്രിൽ 24, വ്യാഴാഴ്‌ച


അച്ഛൻ, ഇരുട്ടിന്റെ കൈവശം കൊടുത്തുവിടുന്ന മിഠായിപ്പൊതികളാണ്
എനിക്ക് മിന്നാമിനുങ്ങുകൾ .അപൂർവമായി കിട്ടുന്ന ചില രാത്രികളിൽ
അച്ഛന്റെ കട്ടിലിൽ ഉറക്കം വരാതെ കണ്ണുനിറയുമ്പോൾ ഇരുട്ട് , വിരലുകളിൽ
തൂക്കിയിട്ടുതരും രണ്ടോ മൂന്നോ മിഠായികൾ.

രണ്ടുമൂന്നു ദിവസമായി ഇവിടെ കാട്ടുചെറിയുടെയും കൂറ്റൻ അയണിപ്ലാവിന്റെയും
പേരറിയാ മരങ്ങളുടെയും ചില്ലകൾ നിറയെ പൂക്കുന്നു മിന്നാമിനുങ്ങുകൾ .
ഇത്രയധികം മിഠായികൾ...! ഒന്നല്ല ഒരായിരം !
മുങ്ങാങ്കുഴിയിടാൻ പോയവൻ അയയിൽ തൂക്കിയിട്ട കുപ്പായത്തിന്റെ വജ്ര
ഉടുക്കുകളിലൊന്നൂർന്നു വീണ് ,പൊട്ടിച്ചിതറി മണ്ണിന്റെ മാറിലേയ്ക്ക് പെയ്യുന്നതാവാം !
ഈ കാഴ്ച എന്റെ ആദ്യാനുഭവം .

നിന്നെ തൊട്ട് നെറുകയിൽ വെച്ച് , കുടിയിറങ്ങുമ്പോൾ സാക്ഷികളാകുന്ന
മഞ്ഞിനോടും മരങ്ങളോടും കിളികളോടും മറഞ്ഞുനിൽക്കുന്ന മലനിരകളോടും
ഞാനുറക്കെപ്പറയും 'ഇവളിലാണ് എന്റെ കിനാവ്‌ പൂത്തത് .....!

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

എന്റെ പിതാമഹനോ പ്രപിതാമഹനോ ആരും തന്നെ ആരാച്ചാർമാർ ആയിരുന്നില്ല .
പക്ഷെ , ഇന്നു ഞാൻ ... !
പുരുഷോത്തം ഗൃദ്ധാ മല്ലികിന്റെ മകൻ ഫണിഭൂഷണ്‍ ഗൃദ്ധാ മല്ലികിന്റെ മകൾ ചേതനാ
ഗൃദ്ധാ മല്ലികിനൊപ്പം , അവൾ കാണിച്ചുതന്ന കൊൽക്കത്താ തെരുവുകളിലൂടെയും
ചരിത്രവഴികളിലൂടെയും നടന്ന രാപകലുകൾ എന്റെ പേരിനൊപ്പം എഴുതിച്ചേർത്തു ഒരു
ഗൃദ്ധാ മല്ലിക് !
എത്ര ദിനരാത്രങ്ങൾ കൊഴിച്ചിട്ടുപോകുന്ന തൂവലുകൾ പെരുക്കിക്കൂട്ടിയാലാണ് എനിക്കെന്റ
പേരിനെ മോചിപ്പിക്കാനാവുക ?!
( കെ .ആർ.മീരയുടെ 'ആരാച്ചാർ'.... വായനയുടെ ലഹരി ...)
തന്റെ ആരാച്ചാരാകാൻ പോകുന്നവളോട് , അവൾ പറഞ്ഞ കഥകേട്ടിട്ട് , കുടുക്ക് വീഴാൻ
നിമിഷങ്ങൾ ബാക്കിനില്ക്കെ , കൊലപ്പുള്ളി പറയുന്നുണ്ട് , '' ദൈവമേ ! ഈ കഥ കേൾക്കാതെ
ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ !''

ഈ കഥ വായിക്കാതെ ഞാൻ മരിച്ചുപോയിരുന്നെങ്കിൽ ............!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഇന്നലെ ,
താമരശ്ശേരിയിലെത്തിയപ്പോൾ , ഇടതൂർന്ന മുടിയഴിച്ചിട്ട് മുന്നിൽ അവൾ !
തുള്ളിച്ചാടി മുമ്പേ നടന്ന് ,കാഴ്ച മറച്ച് ,വഴി തടഞ്ഞങ്ങനെ .....
അടിവാരമെത്തി .പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾ നിന്നു .
മുടിയൊതുക്കിക്കെട്ടി ,മരങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു .
ഒരിക്കൽക്കൂടി ഭൂമിയെ അവളുടെ പൂർണനൈർമല്യത്തിൽ കാണാനും പാറയിലൂടെ
കുത്തനെ ഒഴുകിയിറങ്ങുന്ന നീരുറവയിൽ കാൽ നനച്ച് , ഒരു നിമിഷം നില്ക്കാനും
മോഹിച്ചിരിക്കുകയായിരുന്നു ഞാൻ .
അതിരില്ലാത്തൊരാനന്ദത്തിന്റെ കയറ്റത്തിനൊടുവിൽ, ഒരു തിരി വെളിച്ചംകൊണ്ട്
മരത്തിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ നിന്ന്‌ ഒരു മുഖം മെനഞ്ഞെടുക്കാനാവുമോയെന്ന്
ചിന്തിക്കേ , ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും മുന്നിൽ .നീണ്ട വിരലുകൾകൊണ്ട്‌
മുടി വിതിർത്തിട്ട് .....
മറയില്ലാമറ നീക്കി ഞാനവളെ നോക്കി . കണ്ണുകളിലെ തിളക്കം കണ്ടിട്ടാവാം അവൾ
ഓടിവന്ന് മുഖം നനച്ച് , ഇടം നെഞ്ചിലേക്ക് പെയ്തിറങ്ങിയത്‌ .

ഉദയവും അസ്തമയവും നടന്നുമറയുന്നത്  ഈ കണ്ണുകളിൽ ഒരു നനവ്‌ ബാക്കിവെച്ചിട്ടാണെന്ന
രഹസ്യം അവൾക്ക് പകരം കൊടുത്ത് ,പാറിവീഴാത്ത കരടിനെ വീണ്ടുമൊരിക്കൽക്കൂടി വെറുതെ
പഴിച്ച് , വഴിനീളെ അവളെ കണ്ട് കണ്ട് ...................

2014, ഏപ്രിൽ 2, ബുധനാഴ്‌ച
ഇവളുടെ തണൽവിരലുകൾക്ക്  താഴെയാണിപ്പോൾ എന്റെ കൂട് .
ഇവൾ , ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്  ഒരു കൊടുംകാട് .
ഒരു പേരിലെന്തിരിക്കുന്നു'എന്നുറക്കെ ഓർമപ്പെടുത്തി, പതിവുപോലെ
പലപല പേരുകൾ മാറിമാറി വിളിച്ച് , ഒച്ചവെയ്ക്കുന്ന കിളിക്കൂട്ടങ്ങൾ .
ആദ്യത്തെ പ്രഭാതത്തിന് കണിയൊരുക്കി, നിറഞ്ഞുതുളുമ്പുന്ന മഞ്ഞ് .
കാഴ്ച്ചയെ വന്ദിച്ചുനില്ക്കെ കാതിൽപതിക്കുന്നു , ഒരപൂർവരാഗം .
ഇലകൾ കനിവോടുതിർത്ത മഞ്ഞുമണികളുടെ മാത്രാവ്യതിയാനങ്ങൾ
കരിയിലകളിൽ മീട്ടുന്ന രാഗം .
രാഗമേതെന്നോ എന്തെന്നോ അറിയില്ലെങ്കിലും മണ്ണിന്റെമാറിൽ
ചെവികൊടുത്തിരുന്ന് ,അനിർവചനീയമായ ഒരനുഭൂതിയിൽ വിലയിക്കെ ,
പൊടുന്നനെ പിൻകഴുത്തിലേയ്ക്ക്  അടർന്നുവീണു ചിതറി, ഒരു 'കുളിര് .
ഞാൻ ഭൂമിയായി മാറിയ അപൂർവസുന്ദരമായ ഒരു നിമിഷം !!!2014, മാർച്ച് 11, ചൊവ്വാഴ്ച
......പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ
മുന്നിൽ നഗ്നനായ കുട്ടിയപ്പൻ , അതിനു പിന്നിൽ നഗ്നയായ
ലീല , അതിനുപിന്നിൽ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.
നടക്കുന്നതിനിടയിൽ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് .
ഒരു നിമിഷത്തിന്റെ അർദ്ധമാത്രയിൽ തന്റെ ഇണയെ ചേർത്തു
പിടിക്കുംപോലെ നീണ്ടുവന്നൊരു കൈ ലീലയെ ചുറ്റി നിന്നു . അത്
ആകാശത്തേക്ക് അവളെ ഉയർത്തിയിട്ട് , കൊമ്പിന്റെ മൂർച്ചയിൽ
രാകിയെടുത്തു .........................................

ആദ്യകഥ 'ലീല 'യിലെ അവസാനവരികൾ .

കഥയുടെ പൂർണവിരാമത്തിൽ തട്ടി , ഒരു കുഞ്ഞിനോടുള്ള വാത്സല്യം
പോലെ കുട്ടിയപ്പൻ അവളുടെ നെറുകയിൽവെച്ച 'ഉമ്മ അതിഭയങ്കരമായ
ഒരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും അവളുടെ അസ്ഥികളോരോന്നും
പൊട്ടിത്തകരുന്നതും ഞാൻ കേട്ടു . പക്ഷെ അവളിൽ നിന്ന്‌ ഒരു ഞരക്കം
പോലും എനിക്ക് കേൾക്കാനായില്ല .

അവസാനകഥയിലെ 'തോടിനപ്പുറം പറമ്പിനപ്പുറം '... കാണാൻ
കൊതിക്കുന്ന നാടുകളൊക്കെ നിമിഷനേരം കൊണ്ട് കണ്ടുമടങ്ങുന്ന
കുരുടി ഉമ്മച്ചിക്കും സുൽഫത്തിനുമൊപ്പം 'മക്കയിൽപ്പോയി മടങ്ങി ,
ലേശം ഗമയോടെ പുസ്തകം അലമാരയിൽ വയ്ക്കാനൊരുങ്ങുമ്പോൾ ,
എന്നെ ചേർന്നുനിന്ന  ബാദുഷയെയും ആത്മകഥയെഴുതിയിട്ടില്ലാത്ത
കാളിയമ്മയെയും ലേവിയുടെ വിധവയെയും ഒരു ബലൂണ്‍ പോലെ
വീർത്തുവരുന്ന വയറിനെ കൗതുകത്തോടെ നോക്കിയിരുന്ന കുഞ്ഞ്
ആലീസിനെയുമൊക്കെ തള്ളിമാറ്റി , പൂച്ചക്ക് എലിയോടുള്ള ശത്രുതയ്ക്ക്
എന്താണ് കാരണമെന്ന എന്റെ  ചിന്തയെ തട്ടിമറിച്ചിട്ടുകൊണ്ട്  ,
''എന്റെ പുസ്തകങ്ങൾ, എന്റെ പുസ്തകങ്ങൾ ''എന്ന് അലറിക്കരഞ്ഞ് ,
കൊമ്പ് നഷ്ടമായ കൊമ്പനാനയെപ്പോലെ പ്രഭാകരൻ മുന്നിൽ .
''ഓരോ താളിലും തന്റെ മാത്രം ശ്വാസം അറിഞ്ഞ പുസ്തകങ്ങൾ , ഓരോ
താളിലും തന്റെ മാത്രം വിരൽപ്പാടുകൾ പതിഞ്ഞ പുസ്തകങ്ങൾ , തന്റെ
ഉറക്കങ്ങൾക്ക്‌ കാവൽ നിന്നവർ ,തന്റെ ആനന്ദങ്ങളുടെയും ചിരികളുടെയും
സങ്കടങ്ങളുടെയും സാക്ഷികൾ .''
'സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന വസ്തുക്കളിലൊന്നാവാൻ ഇതിൽ ഒരു
സാക്ഷിക്കുപോലും ആവില്ലെന്ന് എനിക്കുമറിയാമെന്ന് പറഞ്ഞ് പ്രഭാകരനെ
ആശ്വസിപ്പിച്ച് ഞാൻ ഈ പുസ്തകത്തിന്‌ എന്റെ അലമാരയിൽ ഒരു നല്ല
ഇരിപ്പിടം കൊടുത്തു . ''ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണ്
വായനക്കാർ '' എന്ന് ഞാനൊരിക്കലും ചിന്തിക്കില്ലെന്നും ഇവരെ ഞാൻ
വിൽക്കില്ലെന്നും പറഞ്ഞതുകേട്ട്‌   മോഷ്ടിച്ചെടുത്ത പുസ്തകം
അടിവയറ്റിൽ 'അതിന്റെ ചൂടും മിടിപ്പും വിയർപ്പും പടർത്തുന്നത് ,
പ്രഭാകരൻ ഒരിക്കൽക്കൂടി അറിഞ്ഞു .

തിരികെ നടക്കുമ്പോൾ പ്രഭാകരന്റെ വാക്കുകൾ വീണ്ടും .....
" ചില പുസ്തകങ്ങൾ നമ്മൾ വാങ്ങിയാലും വായിക്കാതെ വെച്ചുകൊണ്ടിരിക്കും.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അത് നമ്മളോട് പറയും
ഇനി എന്നെ വായിക്കൂ എന്ന് ''
'' നമ്മൾ വായിക്കാൻ പ്രാപ്തരായോ എന്ന് നമ്മളല്ല , പുസ്തകങ്ങളാണ്
ചിലപ്പോൾ നിശ്ചയിക്കുന്നത് .''

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

നീ പണ്ട് നന്നേ മെലിഞ്ഞിട്ടായിരുന്നു .
ഓടിയും നടന്നും കാൽനനച്ച് അക്കരെ സ്‌കൂളിൽ പോയിരുന്ന,
അച്ഛന്റെ ബാല്യത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട് .
കുളിക്കടവിലെ മണ്‍പടവിലൂടിറങ്ങി മുങ്ങിയും നീന്തിയും
ആർത്തുല്ലസിച്ചു എന്റെ ബാല്യകാലം .
കുളിക്കടവ് നഷ്ടപ്പെട്ട് , തുഴകൾ ബാക്കിവച്ചുപോയ കരയിൽ
എന്റെ വിരലുകളിൽ മുറുകെപ്പിടിച്ച്‌ ,നിന്നെ നോക്കിനിന്നു എന്റെ
കുട്ടികളുടെ ബാല്യം .
നെഞ്ചകത്തിൽ ആഴത്തിൽ മുറിവുകളുമായി , കാണുന്നതൊക്കെ
നിഴലായൊതുക്കി നെഞ്ചുവിരിച്ച് നീ കിടക്കുന്നിടത്ത് ഞാനിതാ വീണ്ടും.
നിർത്തിയിടത്തുനിന്ന് തുടങ്ങി എന്റെ മനസ്സിനെ വീണ്ടും
പൂർണനഗ്നയാക്കി ഒരിക്കൽക്കൂടി സമർപ്പണം.

കണ്ണുചിമ്മാൻ എനിക്കൊരു നക്ഷത്രമാകണ്ട .
പ്രണയത്തിൽ എന്നിലെയെന്നെ നഷ്ടമാകുന്നതുപോലെ നിന്റെ
നനവിൽ ,കണ്ണിമവെട്ടാതെ എനിക്ക് മാനം നോക്കിക്കിടക്കണം .
എല്ലാ നക്ഷത്രങ്ങൾക്കും ഒരേ മുഖമാണെന്ന് നീ പറയും .ഓരോ
നക്ഷത്രങ്ങളെയും ഓരോ പേരുചൊല്ലി വിളിച്ച് ഞാൻ നിന്നെ
തോൽപ്പിക്കും . ഒടുവിൽ ഒരേ പേരുതന്നെ അങ്ങോട്ടുമിങ്ങോട്ടും
വിളിച്ച് നമ്മൾ പൊട്ടിച്ചിരിക്കും .
2014, ഫെബ്രുവരി 4, ചൊവ്വാഴ്ച


ഇവൾ , സുന്ദരി ...
ആദ്യമായി കാണുമ്പോൾ ഇവൾ അനാരോഗ്യ .  ഉടലിന്
ഒരുയിരല്ലാതെ , ആകർഷകമായി ഒന്നും കിട്ടാതെപോയവൾ
ഈ രണ്ടു ഗുണങ്ങളാൽ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിച്ചവൾ
പരിചരണം ഉറപ്പുവരുത്തി ,അമ്മയാൽ ഉപേക്ഷിക്കപ്പെട്ടവൾ 
സുന്ദരീ'ന്നുള്ള വിളി കേട്ടുകേട്ട്  ശരിക്കും സുന്ദരിയായിത്തീർന്നവൾ
സംഭവബഹുലമായ ഒരു   ജീവിതം, കുറച്ചുനാളുകൾ കൊണ്ട്
പൂർത്തിയാക്കി ,  ഒരു പുലർച്ചെ , ഒരു ശ്വാസം ബാക്കിവച്ച് ,
ആദ്യമായ് രുചിച്ച മധുരത്തിനായി കാത്തുകിടന്ന് , ഒറ്റത്തുള്ളിയിൽ
അവസാനദാഹം നുണഞ്ഞ് ,കണ്‍മുന്നിൽ മരണപ്പെട്ടവൾ .
ഒരു വയസ്സ് തികയാതെ കടന്നുപോയവളുടെ ഓർമയ്ക്കൊരു വയസ്സ് ..!2014, ജനുവരി 30, വ്യാഴാഴ്‌ച

അമ്മയ്ക്കൊരു കഥ പറഞ്ഞുകൊടുക്കണം ,അമ്മ കേട്ടിട്ടില്ലാത്ത ,
ഇതേവരെ വായിച്ചിട്ടില്ലാത്ത ഒരു കഥ .
ഇന്ന് വല്ലാത്തൊരസ്വസ്ഥതയിലാണ്  അമ്മ.
വാക്കിനെ കുത്തിയുടച്ചു വിഴുങ്ങുന്ന ചുമ . പറഞ്ഞുതീരാത്ത ഒരു
മറുപടിയുടെ അറ്റത്തു നിന്നാണ് , പണ്ടെന്നെ കുരുക്കിയിട്ട വില്ലനായ
ഒരു ചുമയുടെ ഓർമയിലേക്ക് ഞാൻ കുഴഞ്ഞുവീണത്‌ .

ആശുപത്രിയിലെ മനംപുരട്ടുന്ന പകലുകളിൽനിന്ന്  അമ്മയില്ലാത്ത
വീട് , എന്നെ പുതപ്പിച്ചുറക്കിയ വിരസതയുടെ കുറെ ദിവസങ്ങൾ .
കൂട്ടുകാരോടൊത്ത് പഠിക്കാനാവാതെ ,കളിക്കാനാവാതെ,ബെഞ്ചിന്മേൽ
പൊതിച്ചോർ തുറന്നുവച്ച്  കൂട്ടംകൂടിയിരുന്ന്  അമ്മമാരുടെ വാത്സല്യം
പങ്കിട്ടെടുക്കാനാവാതെ ......

സന്ധ്യാനേരം നിലത്ത് പായവിരിച്ച് , അമ്മയിരിക്കും. പിന്നെ ഞാൻ
തിരഞ്ഞെടുത്തു  കൊടുക്കുന്ന പുസ്തകത്തിലെ കഥകളോരോന്നായി  
വായിക്കും .ഉറക്കെ ചിരിക്കാനാവാതെ ഞാൻ  മടിയിൽ കിടന്ന് ആ
സാരിത്തുമ്പ്  നനയ്ക്കും .

അമ്മയെ നെഞ്ചിൽ ചേർത്തിരുത്തണം.ശോഷിച്ചുനീണ്ട ആ വിരലുകൾ
കൈകൾക്കുള്ളിൽ പൊതിഞ്ഞുപിടിക്കണം .ഒരു കഥ പറയട്ടേ എന്ന്
ചോദിച്ച് , പറയാൻ തുടങ്ങണം .

പണ്ടുപണ്ടൊരിക്കൽ , അമ്മ പറഞ്ഞ കഥ കേട്ട് , മേശയുടെ അടിയിലും
അലമാരയുടെ മറവിലും പോയിരുന്ന്  ആരുംകാണാതെ തേങ്ങിക്കരഞ്ഞ
ഒരു കുട്ടിയുടെ കഥ .
ആ കഥ വീണ്ടും വീണ്ടും  പറഞ്ഞവരോടൊക്കെ പിണങ്ങി ,പൂക്കളുടെയും
പൂമ്പാറ്റളുടെയും ഭാഷ പഠിക്കാൻ ഒറ്റയ്ക്ക്  അലഞ്ഞുനടന്നവൾ ............
കാണാത്തൊരമ്മയെ കാട്ടിക്കൊടുക്കാൻ കിളികളോട് കെഞ്ചിപ്പറഞ്ഞ്‌ ,
തീരത്തുറങ്ങുന്ന അമ്മയെ തിരയെടുക്കുമെന്ന് പേടിച്ച് , അറിയാവുന്ന
ഉത്തരങ്ങളൊക്കെ തെറ്റിച്ചെഴുതി , പരീക്ഷകളിലൊക്കെ തോറ്റുതോറ്റ് ,
ഒടുവിൽ ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കപ്പെടാത്ത,
മുറിവുകളൊന്നുമില്ലാത്ത ശരീരത്തിന്  സ്വയം ചിതയൊരുക്കിയവളുടെ കഥ .

കഥ അവസാനിക്കുംമുമ്പേ അമ്മ ഉറങ്ങും . അപ്പോൾ അങ്ങ്  മേലെ,
കറുത്ത  അമ്മയുടെ വെളുത്ത മക്കളിൽ ഏറ്റം പ്രിയപ്പെട്ടൊരാൾ
എന്നെ നോക്കിനിന്ന്  കണ്ണുചിമ്മും !!!

2014, ജനുവരി 23, വ്യാഴാഴ്‌ച

ചുരമിറങ്ങി , താമരശ്ശേരിയിൽനിന്ന് , കൊയിലാണ്ടി വഴി
പിഷാരിക്കാവ്‌  കണ്ട്  ആനക്കുളത്ത് .
പുതിയ വീട്ടിൽ പഴയ ഞങ്ങൾ വീണ്ടുമൊരിക്കൽക്കൂടി പഴയവരായി .
ചുരുണ്ടുകൂടി വയറിനുള്ളിൽ കിടന്ന, കാണാതെ കണ്ണിൽ പതിഞ്ഞവൾ
ഒമ്പതാംക്ലാസ്സുകാരിയായി ,ഒരു നിറഞ്ഞചിരിയായി രൂപപ്പെട്ട് മുന്നിൽ .
എന്റെ ചിരിയെ നിഷ്കരുണം തോല്പ്പിച്ചിരുന്ന ചിരിയുടെ അതേ പതിപ്പ് .
കാണാൻ കൊതിച്ചെത്തിയത്  കണ്‍നിറയെ കണ്ടു .

വടക്കുവടക്കൊരു ദേശത്താണ് ഞങ്ങൾ അയൽക്കാരായത് .
കോട്ടയ്ക്കുനേരെ തുറക്കുന്ന രണ്ടു വാതിലുകളിൽനിന്ന് ഇറങ്ങിവന്ന് ,
വിരഹിണിയായി , കവിൾ ചുവപ്പിച്ചവളെ നോക്കിനിന്ന നാളുകൾ .
വിശാലമായ പച്ചപ്പിൽ ചമ്രംപടിഞ്ഞിരുന്ന്  കഥയും കഥയില്ലായ്മയും
എണ്ണിയെണ്ണി ,നിമിഷങ്ങളെ ചിരികൊണ്ട്  പെറുക്കിക്കൂട്ടി ,അനുഭവങ്ങളിൽ
നഷ്ടമായ തൂവലുകൾ സ്വപ്നങ്ങളുടെ ഉടലുകളിൽ തുന്നിച്ചേർത്ത് , ഒരേ
ആകാശവീഥിയിൽ ചിറകടിച്ച്  പറന്ന് , ചിരികൊണ്ട് സന്ധ്യകളെ
വീണ്ടും ചുവപ്പിച്ച ,ഒരിക്കലും മറക്കാനാവാത്ത നാളുകൾ .ഞങ്ങൾ
പറഞ്ഞതൊക്കെയും അവൾ കേട്ടിട്ടുണ്ട് .ആ ഇരുട്ടിൽ ഞങ്ങൾക്കൊപ്പം
അവൾ ചിരിച്ചിട്ടുണ്ടാവും .അവളുടെ ചിരിയുടെ തുടക്കവും അവിടെനിന്നാവും.
ചിരിയുടെ ബാലപാഠം ഞാൻ എവിടെനിന്നാവും ഹൃദിസ്ഥമാക്കിയത് ?
ചിരിക്കുടുക്കയെന്ന് പേരുചൊല്ലി വിളിച്ചൊരമ്മയോട് ചോദിക്കാൻ
വഴിയറിയില്ലെനിക്ക് .

ഓടിമറയുന്ന വഴികൾ.ഓർമയിലൂടെ അരിച്ചെത്തുന്ന ചിരിമഴകളുടെ
ആരോഹണാവരോഹണങ്ങൾ ..
ഒറ്റയാത്രകൊണ്ട് പരിചിതമായ ആ വഴിയിൽ ഒരിടത്ത് ഒരല്പനേരം .
ദൂരെയൊരു ഓർമ്മമരത്തിലെ പൂക്കളെ തഴുകിയെത്തിയ നേർത്ത
കാറ്റിലൂടെ,എന്നോ കണ്ണുചുവപ്പിച്ച ഒരു ചിരിസ്പർശം.ഏത് രസമാപനി
കൊണ്ടാണ് ഞാനാ ചിരിയെ അളന്നെടുക്കുക ..............
യാത്രയവസാനിക്കുംമുമ്പ് ഞാനെൻറെ ഒസ്യത്ത് എഴുതി അവസാനിപ്പിച്ചു .

' ചിരിയിലൂടെ എനിക്ക് തിരിച്ചുപോകണം .2014, ജനുവരി 10, വെള്ളിയാഴ്‌ച

ഇത് 'കാറ്റത്തെ കിളിക്കൂടല്ല , വീട്ടിനുള്ളിലെ കുഞ്ഞുകിളിക്കൂട് .
മെയ്‌  മാസത്തിലാണ് കണ്ടത് .ഉള്ളിലൊരു കിളിമുട്ടയുണ്ടെന്ന്
അറിഞ്ഞത് മാസങ്ങൾക്ക് ശേഷവും .
ഓരോ ദിവസവും, അമ്മക്കിളി പറന്നുവരുമെന്നും കുഞ്ഞു
ചുണ്ടിലേയ്ക്ക്  ഇരപകരുമെന്നും വെറുതെ കിനാവു കാണും .
ചൂടുപകരാതെ പറന്നുപോയ കിളിയെ നിങ്ങളാരെങ്കിലും കണ്ടോ
എന്ന് അടുക്കളജനാലയ്ക്കൽ കലപില കൂട്ടാനെത്തുന്നവരോടൊക്കെ
എന്നും ചോദിക്കും .

ആകാശത്തെ അളന്നെടുക്കാൻ ചിറകുകൾ മോഹിച്ചൊരു
ജീവൻ ഇപ്പോഴും അതിനുള്ളിൽ തുടിക്കുന്നുണ്ടെന്ന് വെറുതെ
വിശ്വസിക്കും, വെറുതെ .....