2014, ഏപ്രിൽ 24, വ്യാഴാഴ്‌ച


അച്ഛൻ, ഇരുട്ടിന്റെ കൈവശം കൊടുത്തുവിടുന്ന മിഠായിപ്പൊതികളാണ്
എനിക്ക് മിന്നാമിനുങ്ങുകൾ .അപൂർവമായി കിട്ടുന്ന ചില രാത്രികളിൽ
അച്ഛന്റെ കട്ടിലിൽ ഉറക്കം വരാതെ കണ്ണുനിറയുമ്പോൾ ഇരുട്ട് , വിരലുകളിൽ
തൂക്കിയിട്ടുതരും രണ്ടോ മൂന്നോ മിഠായികൾ.

രണ്ടുമൂന്നു ദിവസമായി ഇവിടെ കാട്ടുചെറിയുടെയും കൂറ്റൻ അയണിപ്ലാവിന്റെയും
പേരറിയാ മരങ്ങളുടെയും ചില്ലകൾ നിറയെ പൂക്കുന്നു മിന്നാമിനുങ്ങുകൾ .
ഇത്രയധികം മിഠായികൾ...! ഒന്നല്ല ഒരായിരം !
മുങ്ങാങ്കുഴിയിടാൻ പോയവൻ അയയിൽ തൂക്കിയിട്ട കുപ്പായത്തിന്റെ വജ്ര
ഉടുക്കുകളിലൊന്നൂർന്നു വീണ് ,പൊട്ടിച്ചിതറി മണ്ണിന്റെ മാറിലേയ്ക്ക് പെയ്യുന്നതാവാം !
ഈ കാഴ്ച എന്റെ ആദ്യാനുഭവം .

നിന്നെ തൊട്ട് നെറുകയിൽ വെച്ച് , കുടിയിറങ്ങുമ്പോൾ സാക്ഷികളാകുന്ന
മഞ്ഞിനോടും മരങ്ങളോടും കിളികളോടും മറഞ്ഞുനിൽക്കുന്ന മലനിരകളോടും
ഞാനുറക്കെപ്പറയും 'ഇവളിലാണ് എന്റെ കിനാവ്‌ പൂത്തത് .....!

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

എന്റെ പിതാമഹനോ പ്രപിതാമഹനോ ആരും തന്നെ ആരാച്ചാർമാർ ആയിരുന്നില്ല .
പക്ഷെ , ഇന്നു ഞാൻ ... !
പുരുഷോത്തം ഗൃദ്ധാ മല്ലികിന്റെ മകൻ ഫണിഭൂഷണ്‍ ഗൃദ്ധാ മല്ലികിന്റെ മകൾ ചേതനാ
ഗൃദ്ധാ മല്ലികിനൊപ്പം , അവൾ കാണിച്ചുതന്ന കൊൽക്കത്താ തെരുവുകളിലൂടെയും
ചരിത്രവഴികളിലൂടെയും നടന്ന രാപകലുകൾ എന്റെ പേരിനൊപ്പം എഴുതിച്ചേർത്തു ഒരു
ഗൃദ്ധാ മല്ലിക് !
എത്ര ദിനരാത്രങ്ങൾ കൊഴിച്ചിട്ടുപോകുന്ന തൂവലുകൾ പെരുക്കിക്കൂട്ടിയാലാണ് എനിക്കെന്റ
പേരിനെ മോചിപ്പിക്കാനാവുക ?!
( കെ .ആർ.മീരയുടെ 'ആരാച്ചാർ'.... വായനയുടെ ലഹരി ...)
തന്റെ ആരാച്ചാരാകാൻ പോകുന്നവളോട് , അവൾ പറഞ്ഞ കഥകേട്ടിട്ട് , കുടുക്ക് വീഴാൻ
നിമിഷങ്ങൾ ബാക്കിനില്ക്കെ , കൊലപ്പുള്ളി പറയുന്നുണ്ട് , '' ദൈവമേ ! ഈ കഥ കേൾക്കാതെ
ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എന്തൊരു നഷ്ടമായേനെ !''

ഈ കഥ വായിക്കാതെ ഞാൻ മരിച്ചുപോയിരുന്നെങ്കിൽ ............!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഇന്നലെ ,
താമരശ്ശേരിയിലെത്തിയപ്പോൾ , ഇടതൂർന്ന മുടിയഴിച്ചിട്ട് മുന്നിൽ അവൾ !
തുള്ളിച്ചാടി മുമ്പേ നടന്ന് ,കാഴ്ച മറച്ച് ,വഴി തടഞ്ഞങ്ങനെ .....
അടിവാരമെത്തി .പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾ നിന്നു .
മുടിയൊതുക്കിക്കെട്ടി ,മരങ്ങൾക്കിടയിലേക്ക്‌ മറഞ്ഞു .
ഒരിക്കൽക്കൂടി ഭൂമിയെ അവളുടെ പൂർണനൈർമല്യത്തിൽ കാണാനും പാറയിലൂടെ
കുത്തനെ ഒഴുകിയിറങ്ങുന്ന നീരുറവയിൽ കാൽ നനച്ച് , ഒരു നിമിഷം നില്ക്കാനും
മോഹിച്ചിരിക്കുകയായിരുന്നു ഞാൻ .
അതിരില്ലാത്തൊരാനന്ദത്തിന്റെ കയറ്റത്തിനൊടുവിൽ, ഒരു തിരി വെളിച്ചംകൊണ്ട്
മരത്തിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ നിന്ന്‌ ഒരു മുഖം മെനഞ്ഞെടുക്കാനാവുമോയെന്ന്
ചിന്തിക്കേ , ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവൾ വീണ്ടും മുന്നിൽ .നീണ്ട വിരലുകൾകൊണ്ട്‌
മുടി വിതിർത്തിട്ട് .....
മറയില്ലാമറ നീക്കി ഞാനവളെ നോക്കി . കണ്ണുകളിലെ തിളക്കം കണ്ടിട്ടാവാം അവൾ
ഓടിവന്ന് മുഖം നനച്ച് , ഇടം നെഞ്ചിലേക്ക് പെയ്തിറങ്ങിയത്‌ .

ഉദയവും അസ്തമയവും നടന്നുമറയുന്നത്  ഈ കണ്ണുകളിൽ ഒരു നനവ്‌ ബാക്കിവെച്ചിട്ടാണെന്ന
രഹസ്യം അവൾക്ക് പകരം കൊടുത്ത് ,പാറിവീഴാത്ത കരടിനെ വീണ്ടുമൊരിക്കൽക്കൂടി വെറുതെ
പഴിച്ച് , വഴിനീളെ അവളെ കണ്ട് കണ്ട് ...................

2014, ഏപ്രിൽ 2, ബുധനാഴ്‌ച
ഇവളുടെ തണൽവിരലുകൾക്ക്  താഴെയാണിപ്പോൾ എന്റെ കൂട് .
ഇവൾ , ഉള്ളിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്  ഒരു കൊടുംകാട് .
ഒരു പേരിലെന്തിരിക്കുന്നു'എന്നുറക്കെ ഓർമപ്പെടുത്തി, പതിവുപോലെ
പലപല പേരുകൾ മാറിമാറി വിളിച്ച് , ഒച്ചവെയ്ക്കുന്ന കിളിക്കൂട്ടങ്ങൾ .
ആദ്യത്തെ പ്രഭാതത്തിന് കണിയൊരുക്കി, നിറഞ്ഞുതുളുമ്പുന്ന മഞ്ഞ് .
കാഴ്ച്ചയെ വന്ദിച്ചുനില്ക്കെ കാതിൽപതിക്കുന്നു , ഒരപൂർവരാഗം .
ഇലകൾ കനിവോടുതിർത്ത മഞ്ഞുമണികളുടെ മാത്രാവ്യതിയാനങ്ങൾ
കരിയിലകളിൽ മീട്ടുന്ന രാഗം .
രാഗമേതെന്നോ എന്തെന്നോ അറിയില്ലെങ്കിലും മണ്ണിന്റെമാറിൽ
ചെവികൊടുത്തിരുന്ന് ,അനിർവചനീയമായ ഒരനുഭൂതിയിൽ വിലയിക്കെ ,
പൊടുന്നനെ പിൻകഴുത്തിലേയ്ക്ക്  അടർന്നുവീണു ചിതറി, ഒരു 'കുളിര് .
ഞാൻ ഭൂമിയായി മാറിയ അപൂർവസുന്ദരമായ ഒരു നിമിഷം !!!