2014, ജൂലൈ 30, ബുധനാഴ്‌ച
ആത്മഹത്യ ചെയ്തു വിജയിച്ചവരാണ്  ഈ സമയസൂചികൾ .
കൂടെനടക്കാതെ തിരിഞ്ഞു നിന്ന്  ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാവും .
കൈത്തണ്ട നിറഞ്ഞ  രോമങ്ങളെ പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടുണ്ടാവും .
തോറ്റുകൊടുക്കാത്ത ആ സമയനിഷ്ഠയുടെ ചൂടിൽ പറ്റിച്ചേർന്നിരുന്ന്
ജന്മം സാർത്ഥകമാക്കി നിശ്ചലരായിരിക്കുന്നവർ .
ഇണങ്ങിയും പിണങ്ങിയും വടിയെടുത്തും എന്നെ  പഠിപ്പിച്ച മഹനീയമായ
ആ പാഠത്തിന്റെ ഓർമ്മയായി , ഒരു നിധിപോലെ
ഇവരിന്നും എനിക്കൊപ്പം .....

ഉള്ളൊന്നു പിടഞ്ഞാൽ  ഇന്നും ,

പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( ഞാൻ  വീണ്ടും  ജനിച്ചിട്ട്‌  ഇന്ന്  അഞ്ചുവർഷം )
2014, ജൂലൈ 17, വ്യാഴാഴ്‌ച

ഇനിയൊരു ജന്മമുണ്ടെങ്കിൽ ...


വാക്കായ് പിറക്കണം
കാർമേഘമാലയിൽ
ഒരു വെളുത്ത മുത്തായ്‌
മറഞ്ഞിരിക്കണം
മേഘരാഗത്തിലും
ഇളകാതിരിക്കണം 

മഴയുടെ
മഞ്ഞിന്റെ
പുഴയുടെ
പൂവിന്റെ
കിളിയുടെ
കനവിന്റെ ...
മറ്റൊരു പേരായ്
നീ  ധ്യാനിക്കുന്നൊരു
കന്യാപദമായ് 
ഒരുങ്ങി  നിൽക്കണം .

ഒരു വരിക്കായ് തപസ്സിരിക്കണം

ഇരുൾതിരുമുറ്റം വീണ്ടും കറുക്കും
താരങ്ങൾ
കൂട്ടത്തോടെ കളിക്കാനിറങ്ങും
അന്ന്
നീ അവസാനവരിയെഴുതും
അതിൽ അവസാനവാക്കായ്‌
സൂര്യകാന്തം പോൽ
ഞാൻ പൊഴിയും 
വീണ്ടും വീണ്ടും വായിച്ച്
നീയതിന്റെ പൊരുളാകും .

ഒരു നാൾ
ചുവന്നു ചുവന്ന്
സൂര്യനൊരു പട്ടുടയാടയായ്
ഭൂമിയെ പൊതിയും
അന്ന്
വാക്കും പൊരുളുമായ്
നാമൊടുങ്ങും  ..!


2014, ജൂലൈ 5, ശനിയാഴ്‌ച

സുഹ്റാ , മജീദിന്റെ വീട്ടുമുറ്റത്തെ മൂലയ്ക്ക് കുഴിച്ചുവെച്ച ചെമ്പരത്തിക്കമ്പിൽ
ഇതുപോലെ തുടുത്ത ഒരു 'ചെമന്ന പൂവ് ' ഉണ്ടായിരുന്നു .

സുഹ്റായുടെ ഖൽബിന്റെ നിറമുള്ള ചെമ്പരത്തിപ്പൂക്കൾ കണ്ടതിൽപ്പിന്നെയാണ്
ഞാൻ ആ പൂക്കളെ വല്ലാതെ സ്നേഹിക്കാൻ തുടങ്ങിയത് .
ഒന്നും ഒന്നും എത്രയാണെന്നതിന് രണ്ടാണെന്ന 'ലോകപ്രസിദ്ധമായ' ഉത്തരം
തിരുത്തി , 'രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി തടിച്ച ഒരു നദിയായി
ഒഴുകുന്നതുപോലെ രണ്ടു കുന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച
ഒരു വലിയ 'ഒന്ന് ' ആയിത്തീരുന്നുവെന്ന കണക്കു ശാസ്ത്രത്തിലെ ഒരു പുതിയ
തത്വം കണ്ടുപിടിച്ച മജീദിനെ കണ്ടതിൽപ്പിന്നെയാണ് ' ഒന്നും ഒന്നും ചേർന്നാൽ
'ഉമ്മിണി വല്യ ഒന്ന് ' എന്ന്  ഞാൻ തിരുത്തിയത് .

'വെളുത്ത് ഭംഗിയുള്ള ചെറിയ പല്ലുകളുടെ ഇടയ്ക്കുള്ള ആ കറുത്ത വിടവ്'.. ഇടയ്ക്ക്
 ചിരിച്ചുകൊണ്ട് , കിന്നാരം പറഞ്ഞുവന്ന് , ഒടുവിൽ വല്ലാതെ ചുമച്ചുകൊണ്ട്
ബാപ്പയുടെ കബറിനരികിലേയ്ക്ക് ആ 'രാജകുമാരി ' നടന്നുപോകുമ്പോൾ ഞാനും
ആലോചിക്കാറുണ്ട് , 'നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് ,
' എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാൻ തുടങ്ങിയത് ?'

( '' വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും
തിരിച്ചറിയാതെ നടന്ന ബഷീറിന്റെ പിന്നാലെ വാക്കുകൾ കരഞ്ഞു വിളിച്ചു
നടന്നു .ഇങ്ങനെ കരഞ്ഞുവിളിച്ച വാക്കുകളെ ബഷീർ കാരുണ്യത്തോടെ
എടുത്തപ്പോൾ അവയ്ക്കു രൂപപരിണാമം വന്നു .അദ്ദേഹം വാക്കുകളെക്കൊണ്ട്
മൗനം സൃഷ്ടിച്ചു ;  മൗനത്തെക്കൊണ്ട്  വാക്കുകളെയും .'' )