2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ദേവായനം


ഇന്നലെ ...........
ആൾക്കൂട്ടത്തിനിടയിൽ നീ
എന്നെയും കാത്തുനിന്ന സ്ഥലത്തു നിന്ന് തുടങ്ങണം .
ചീറിപ്പായുന്ന വാഹനങ്ങളെപ്പേടിച്ച്
അരികുചേർന്ന് നടന്ന ടാറിട്ട പാത
എന്റെ വിയർപ്പുതുള്ളികൾ മുത്തിയെടുത്ത നിന്റെ തൂവാല
വീണ്ടും വിയർക്കാൻ മോഹിച്ചു താണ്ടിയ ദൂരം
ഇടവഴിയിറക്കത്തിൽ തിരികെപ്പോക്കാതെ
വാശിപിടിച്ച് , എന്നെ തോല്പിച്ച നീ
ഇടറി വീഴാതെ താങ്ങിയ നിന്റെ കൈയുടെ കരുത്ത്
നീ കണ്ട എന്റെ വീട്
നമ്മളൊന്നായി കണ്ടുനിന്ന പുഴ
വെളിച്ചവും മണ്ണും വിണ്ണും സാക്ഷി .

നാളെ .............
പടിപ്പുര കടന്നു നീ ചെല്ലുമ്പോൾ
നാലുവശവും തുളസിച്ചെടികൾ നിറഞ്ഞ്
വലതുവശത്തായി ഒരു ശവകുടീരം കാണാം 
അത് എൻന്റേതാണെന്നു കരുതി
നമുക്കുമാത്രമറിയാവുന്നതൊന്നും പറയരുത്
പുഴയുടെ അരികിലേയ്ക്ക് നടക്കണം
ഇപ്പോഴും കൈകൾ വീശി ചാഞ്ഞു നിൽക്കുന്ന
ആ തെങ്ങ് അവിടെത്തന്നെയുണ്ടാവും
കഥകേട്ട് , കവിത കേട്ട് എന്റെ ഭാരം താങ്ങി
കുനിഞ്ഞു പോയതാണവന്റെ മുതുക്‌
നിഴലിന്  താഴെ ഒരു ശവകുടീരം കാണാം
ചുറ്റും റോസാച്ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്നുണ്ടാവും
അതിൽനിന്ന് ഒരു പൂവ് നീ ഇറുത്തെടുക്കണം
ഒരു മാത്രകൊണ്ട് ഒരുവട്ടം കൂടി നിൻറെ ചുണ്ട് ചുവപ്പിക്കണം
കുറേക്കൂടി ചുവന്ന ആ പൂവ്  ഉള്ളംകൈയിൽ പൊതിഞ്ഞുപിടിക്കണം
പടിപ്പുര കടന്ന് ഇടവഴിയിലൂടെ തിരികെ നടക്കണം
പെരുമഴ പെയ്യും , മഴയിലൂടെ നീ നടക്കണം
നിനക്കഭിമുഖമായി ഒരു പെണ്‍കുട്ടി നടന്നു വരും
ആ പൂവ് നീ അവൾക്കു കൊടുക്കണം
പൂവിനെപ്പോലെ ചിരിച്ച് അവളതു നെഞ്ചിൽ ചേർത്തുപിടിക്കും
അപ്പോൾ നിന്റെ ഇടം നെഞ്ചിലിരുന്നു ഞാൻ പറയും
അവൾ നിന്നെ കാണുന്ന  കണ്ണുകൾ എന്റേതാണ്
ഞാൻ നിനക്ക് തന്നതാണ്
ആ പൂവ്  ചിരിക്കുന്നിടം .

ഒരു പ്രകാശബിന്ദുവിൽ തുടങ്ങി മറ്റൊരു പ്രകാശബിന്ദുവിൽ
അവസാനിക്കുന്ന വലിയ ഒരു  മാത്ര ......../
---------------------------



2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

'' ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മെത്രാപ്പോലീത്ത ''



' ഒരു പത്രാധിപർ എന്ന നിലയിൽ ക്രിസോസ്റ്റം വലിയ തിരുമേനിയുമായി
ഏറ്റവും കൂടുതൽ തവണ അഭിമുഖസംഭാഷണം നടത്തി പ്രസിദ്ധീകരിക്കാനുള്ള
അസുലഭ അവസരം ലഭിച്ച' ഡോ .മാത്യു കോശിയുടെ' ചിരിപ്പിക്കുന്ന അതിലേറെ
ചിന്തിപ്പിക്കുന്ന പുസ്തകം .
ചിരിച്ചും ചിന്തിച്ചും നടന്നുനടന്ന് , വീണ്ടും ആമുഖത്തിൽ ;
' വേണ്ട രീതിയിൽ ഗുരു നിത്യചൈതന്യയതിയെ പഠിക്കാതെ നാരായണ
ഗുരുകുലത്തിൽ വച്ച് അഭിമുഖം നടത്തി ,പാളിപ്പോയതിന്റെ ഓർമകളുമായി
പത്തുദിവസത്തിനു ശേഷം ക്രിസോസ്റ്റം വലിയ തിരുമേനിയെ എവിടെയൊക്കെ
വായിക്കാമോ അവിടെയൊക്കെ വായിച്ച് ആത്മവിശ്വാസത്തോടെ '
ഡോ .മാത്യു കോശി  ഒരു സ്നേഹിതനൊപ്പം അഭിമുഖം ആരംഭിക്കുന്നു.

'' ക്രൈസ്തവ ബിഷപ്പുമാരുടെ ജീവിതവും പ്രസംഗവും തമ്മിലുള്ള അന്തരം സഭയെ
ക്രൈസ്തവേതരുടെയിടയിൽ തരം താഴ്ത്താൻ ഇടയാക്കിയിട്ടില്ലേ ?മറുചോദ്യം
കൈവശമുണ്ടെന്ന ആത്മവിശ്വാസമായിരുന്നു ചോദ്യകർത്താവിന് .തിരുമേനി
അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കി , മറുപടി പറഞ്ഞു , '' ലോകത്തിൽ
പ്രസംഗിച്ചതുപോലെ ജീവിച്ച മൂന്നുവ്യക്തികളെ എനിക്കറിയാം .ഒന്ന് കർത്താവായ
യേശുവാണ് .ബാക്കി രണ്ടുപേർ നിങ്ങൾ രണ്ടുപേരാണ് .''

.ഒരുപദേശിയുടെ ഉണർവ്  പ്രസംഗം ; തിരുമേനി പറയുന്നതിങ്ങനെ;

'' ഒരുപദേശി ഉണർവ്  പ്രസംഗം നടത്തുകയായിരുന്നു .സ്വർഗ്ഗത്തെപ്പറ്റിയും
സ്വർഗ്ഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു ,
സ്വർഗ്ഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈ പൊക്കുക . ഒരാളൊഴികെ
എല്ലാവരും കൈപൊക്കി .ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ച് എന്താണ്
കൈപൊക്കാത്തതെന്ന്  ചോദിച്ചു ; അയാൾ പറഞ്ഞു ; ഇത്രയും പേർ അങ്ങോട്ടു
പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലോ .''

ചിരിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു ഈ മെത്രാപ്പോലീത്ത !




2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പ്രണയ(പാട് )


നമ്മൾ നടന്ന വഴി
ഒലിച്ചുപോയിരിക്കുന്നു
വിയർപ്പിലിപ്പൊഴും
നിന്റെ ഗന്ധം .

നമ്മൾ പറന്ന ദൂരം
മാഞ്ഞുപോയിരിക്കുന്നു
ചിറകിലിപ്പൊഴും
നിന്റെ സ്പർശം .

നമ്മൾ പാടിയ ഗീതം
നിലച്ചുപോയിരിക്കുന്നു
ചുണ്ടിലിപ്പൊഴും
നിന്റെ രാഗം .

*

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ലക്ഷ്മ


വാതിൽ മുട്ടി വിളിക്കുന്ന
ഓരോ പ്രാർത്ഥനയെയും
അനുഗമിച്ചാണ്
നീ ഏകനായ് വരിക
ഓരോ തവണ
വിരൽ പതിക്കുമ്പോഴും
ഒരണ്ണാറക്കണ്ണനെപ്പോലെ
ഞാൻ മെരുങ്ങിയിരിക്കും
നിന്റെ വേർപാടിൽ ,
അടയാളം പതിയാത്ത
ഉടൽനോക്കി
ഓരോ തവണയും
പരിതപിക്കും .

കനലെരിയുന്നതിനൊക്കെ
ഞാനക്കമിടുമ്പോൾ
നീയെന്റെ വിരൽഞൊടിച്ച്
യുഗധർമ്മങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും പറഞ്ഞ്
എന്റെ ചിന്തകളുടെ
തേരാളിയാകും .

കാലത്രയങ്ങളെ
ഉൾക്കൊള്ളാൻ
നെഞ്ചുവിരിച്ച്
ചിറകുവിടർത്തിനില്ക്കുന്ന
അനന്തമായ ആകാശത്തെ
അളന്നെടുക്കുന്ന 
ഒരു  വാക്കു്  !
ആ വാക്കാണ്‌
എനിക്കു 'നീ '.

നാളെ വീണ്ടും നീയൊരു
പ്രകാശബിന്ദുവായ്
വഴിയണയുമ്പോൾ
ഞാൻ നിന്നിൽ
അടയാളപ്പെട്ടിരിക്കും .

ഇന്നലെ നീ
അമർത്തിച്ചുംബിച്ചതാണ്
ഇന്നെന്റെ കവിളിൽക്കാണുന്ന
ഈ കറുത്ത മറുക്.
----------------------------

2014, ഒക്‌ടോബർ 11, ശനിയാഴ്‌ച



കഥ കേൾക്കാൻ മല മഞ്ഞണിഞ്ഞതും
കിളികൾ ആഞ്ഞിലിമേലിരുന്നതും
ചുരമേറി കുളിർകാറ്റ് വന്നതും
ചിരിപോൽ വിടർന്നു കലിക നിന്നതും
കഥയില്ലാക്കഥ കേട്ട് മാമരം
തളിർചുണ്ടാൽ വിറപൂണ്ട് ചോന്നതും !

( ഇന്നുമെനിക്കുണ്ടവിടെയൊരുകൂട് .)



വയനാട് 
വയ + നാട്‌  , ആഗ്രഹിച്ച അഥവാ ഇഷ്ടപ്പെട്ട നാട് .
ആഗ്രഹിച്ചിരുന്നുവോ ...അറിയില്ല . ഒരു നിയോഗം പോലെ 
എത്തിച്ചേർന്നു . ഇഷ്ടപ്പെട്ടു , അതാണ്‌ സത്യം .
2013 may  16 ന്  ഈ ഭൂമികയിലേക്ക് ആദ്യമായി ചുരം കയറി .ഒരു 
വർഷം തികയാൻ ഒരു ദിവസം അവശേഷിക്കേ അവസാനമായി 
ചുരമിറങ്ങി . ഇതിനിടയിൽ പലവട്ടം ചുരമിറങ്ങിയും കയറിയും പല 
പല നേരങ്ങളിൽ അവളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.ഞാനിന്നും 
സ്വപ്നത്തിന്റെ ചിറകുകൾ കടം വാങ്ങി ചുരം കയറിയിറങ്ങാറുണ്ട് .
കരൾ പാതി കവർന്ന പെണ്ണേ ,,, എന്നരുമയായ് വിളിച്ച് അവളുടെ
കാതിൽ പതിയെ എന്നും പറയാറുണ്ട്‌ ,
' ഒരിക്കൽമാത്രം പൂക്കുന്നൊരു
മരമാണ് മനുഷ്യനെങ്കിൽ
ഞാൻ പൂത്തത്  നിന്നിലാണ് !' എന്ന് ........

2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച


'' ത്രേസ്യാമ്മ ചേടത്തിയേ , എനിക്കൊന്നു കുമ്പസാരിക്കണം .''
കയറിച്ചെന്ന പാടെ ഉറക്കെപ്പറഞ്ഞു .

'' ഇതെന്ത് കഥ ! ഞാൻ ...? കുമ്പസാരക്കൂട്ടിൽ ?അതിനിപ്പൊ ..?
ആരുടെ ശരീരത്തിലാ ഞാൻ .......?
ചേടത്തിയുടെ ആശ്ചര്യത്തോടെയുള്ള  നോട്ടവും  മറുചോദ്യങ്ങളും .

'' ഒരു ശരീരിയും ഒരശരീരിയും  ഒരുമിച്ചുകൂടുന്നതും കഥപറയുന്നതും
രുചി പങ്കിടുന്നതും ഒരശരീരി ഒരു ശരീരിയുടെ തലമുടിയിഴകളിലൂടെ
വിരലോടിച്ച് സ്നേഹം ചുരത്തുന്നതും ഒരു ശരീരി ഒരശരീരിയുടെ
കമ്മലിന്റെ  തിളക്കമെടുത്ത് കവിൾ ചുവപ്പിക്കുന്നതുമൊക്കെ
ആരെഴുതിയ കഥ ? '' ഉത്തരം മുട്ടിക്കാൻ ഞാനൊരു ചോദ്യമെയ്തു .

തിരിഞ്ഞു നോക്കാതെ ചേടത്തി മെല്ലെ അടുക്കളയിലേയ്ക്ക് നടന്നു .
മണ്‍കലത്തിൽ ആവികയറി, വാഴയിലയിൽ വെന്ത 'അടകൾ '
പെറുക്കിയെടുത്ത് , പരന്ന പാത്രത്തിൽ നിരത്തിവെച്ചു .നെയ്യുടെ,
ഏലക്കായുടെ , ഉരുകിയ ശർക്കരയിൽ വരണ്ടുമൂത്ത തേങ്ങയുടെ ,
പഴത്തിന്റെ......ഹോ ... എന്തൊരു വാസന ..........!

''ത്രേസ്യാമ്മ ടീച്ചറേ  ,,,,,,,'' ഞാനൊന്ന്  നീട്ടി വിളിച്ചു .

ചേടത്തിയോളം വലിപ്പമുള്ള കലത്തിനുള്ളിൽ നിന്ന് കൈ
പിൻവലിക്കാതെതന്നെ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കി.

''ഇനിയും കൊനഷ്ട്  ചോദ്യങ്ങൾ വല്ലതുമുണ്ടോ ?''ഒരു നേർത്ത ചിരി .

''ഇല്ല , ഇല്ലേയില്ല .'' ഞാനുമെന്റെ ചിരിയെ കുറേക്കൂടി നേർപ്പിച്ചു .

ചേടത്തി കസേര വലിച്ചിട്ടിരുന്ന് ,  അപ്പനേറ്റവും ഇഷ്ടമായിരുന്ന
ഇലയടയെക്കുറിച്ച്  വാചാലയായി .

കളിപറഞ്ഞ് ,കാര്യംപറഞ്ഞ് ,കഥപറഞ്ഞ്  പടിയിറങ്ങുമ്പോൾ ഞാൻ
ചേടത്തിയുടെ കാതിൽ ചുണ്ടുചേർത്തു ,' ഒരു കന്യാസ്ത്രീയുടെ ആത്മകഥ
ആമേനിൽ സിസ്റ്റർ ജെസ്മി പറഞ്ഞതുപോലെ .'' ഈശോയേ , ഈ
സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ് .''

ചേടത്തിയുടെ വിരലുകൽക്കിടയിലിരുന്നൊരു  മൂക്കുത്തി ,  'കരുണ 
കാണിക്കേണമേ ' എന്നുപറഞ്ഞു കരഞ്ഞതും കണ്ണുകൾ പെയ്തതും
ആ ക്ഷണം ചേടത്തിയോടുള്ള  സ്നേഹമായി , ഞങ്ങൾക്കുമാത്രം
അറിയുന്ന ഭാഷയിൽ ഞാൻ വിവർത്തനം ചെയ്യുകയായിരുന്നു . !.
------------------------------------------------------------