2014, ഡിസംബർ 16, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാൽ ......

വിരലിൽനിന്ന്  
പിടിവിടുന്ന മാത്ര 
അതു മതിയാവും
കാറ്റിനോടു  കലഹിച്ച്
ആകാശത്തേക്കവൾക്ക്
കുതിച്ചുയരാൻ.

കൂട്ടരോടൊത്തുകൂടി
കൂടണയാൻ വൈകരുതെന്ന്
പിറകേ വിളിക്കും .
ചിറകു നനയ്ക്കാൻ
മേഘങ്ങളൊത്തുകൂടി 
മഴയെ മൂടിവെച്ചിട്ടുണ്ടെന്ന്
ഓർമ്മപ്പെടുത്തും .

പെണ്ണേ,
ചിറകിൻതുമ്പു നീട്ടി
സൂര്യനെ തൊട്ടുനോക്കരുതേ
ഞാനിവിടെ തനിച്ചാാണ്"
വീണ്ടും 
ഞാനൊരൊച്ചയാവും.


2014, ഡിസംബർ 15, തിങ്കളാഴ്‌ച

മഴയെന്ന് 
വായിക്കുമ്പോൾ 
പ്രണയമെന്ന് 
നനയാൻ ...
മധുരമെന്ന് 
വായിക്കുമ്പോൾ 
ഓർമ്മയെന്ന് 
നുണയാൻ...
അക്ഷരക്കൂട്ടങ്ങളെ
ഇന്ദ്രജാലം
പഠിപ്പിച്ചതാരാകാം.........!!!

*
*
*
*
*

2014, ഡിസംബർ 9, ചൊവ്വാഴ്ച

വാഗതീതമായ എന്തോ ഒന്ന്

നീയിപ്പോൾ നിൽക്കുന്നത്
അത്ര പെട്ടെന്നൊന്നും
ഒരാൾക്കും
കയറിയെത്താൻ പറ്റാത്ത
ഒരു ശൃംഗത്തിലാണ്.

പച്ചപ്പിലേയ്ക്ക്
നീ ഓർമ്മകളെ 
മേയാൻ വിടുക.

എഴുതിമായ്ക്കും മുമ്പേ
ആകാശകവിതകളെ
മേഘലിപിയിൽ
പകർത്തിവെയ്ക്കുക.

നീയിരുന്ന ചിറക്
മണ്ണിനെയുമ്മവെച്ചുറങ്ങാൻ
തുടങ്ങുന്നു.

നക്ഷത്രങ്ങൾക്ക്
കണ്ണുകളെ ദാനംചെയ്ത്
നീ ഇരുട്ടാകുക.

ചിറകില്ലാതെ പറക്കാൻ 
ഒരു നാൾ
നമുക്ക് വീണ്ടുമൊന്നാകാം.

ബ്രാഹ്മമുഹൂർത്തത്തിൽ
ഒരു ചിത്രത്തിന്
മിഴിതുറക്കേണ്ടതുണ്ട്.

പെണ്ണേ,
ഇനി ഞാനുറങ്ങട്ടെ.