2015, നവംബർ 23, തിങ്കളാഴ്‌ച

' മഞ്ഞക്കാണി '

അനാഥത്വത്തിന്റെ 
പര്യായം തിരഞ്ഞാണ്
നടക്കാനിറങ്ങിയത് .

കടലിലേയ്ക്ക് നടന്നുപോയ
അമ്മയുടെ ചിരിയിപ്പോഴും
നന്നേ ചെറുപ്പം .

'നിരാസ'ത്തിൽ
കൂർത്ത മുള്ള്.

മഴയുടെ പര്യായങ്ങളിൽ
പ്രണയത്തെ കാണാതെ
മഴനനഞ്ഞ പ്രണയത്തെ
കടക്കണ്ണാലുഴിഞ്ഞ്
നിനക്കെന്തിനൊരു പര്യായമെന്ന്
തുടുത്ത ചുണ്ട് വീണ്ടും ചുവപ്പിച്ച്
'മ 'യിലേയ്ക്ക് വീണ്ടും .
എന്തോരം നല്ല വാക്കുകളെന്ന്
ഒന്നൊന്നായെടുത്ത് 
വേഗത കുറച്ചു .

പണ്ടുപണ്ട് ,
വെള്ളിവീണ മുടികൾക്ക്
പകരംകിട്ടിയ
സ്നേഹംപുരണ്ട 
ചെമ്പ് നാണയത്തുട്ടുകൾ
ഒരു വാക്കിന്റെ നെറുകയിൽ
തിളങ്ങി നിൽക്കുന്നു ..!
'എന്തെങ്കിലും പ്രത്യേക ജോലിക്ക്
പിതാവ് നല്കുന്ന സമ്മാനം 'എന്നതിന്
ഒരൊറ്റ വാക്ക്,
ഇന്നലെവരെ കാണാതെപോയത് .

വാക്കുകൊണ്ടൊരോർമ്മയെ
വീണ്ടും പുതുക്കിപ്പണിത്
തലക്കെട്ടിൽ
ആ വാക്കെഴുതിവെച്ച്
കുടിലിനുള്ളിൽ
ഞാൻ വീണ്ടും സനാഥയാകുന്നു .

2015, നവംബർ 18, ബുധനാഴ്‌ച

ബാക്കിയാവുന്നതിലൊരു തുള്ളി

പുതപ്പിനടിയിൽ
തണുത്തു വിറയ്ക്കുന്നുണ്ട്
അമ്മച്ചൂട്  കൊതിച്ച്
കനമുള്ളൊരു പനി .

അടുക്കളവാതിലിലേയ്ക്ക്
ആർത്തിയോടെ
നുഴഞ്ഞു കയറുന്നുണ്ട്
പാതിയടഞ്ഞൊരു നോട്ടം.

നിനക്കു വേണ്ടെങ്കിൽ
എനിക്കും വേണ്ടെന്ന്
കൂട്ടിരുന്ന നോവിൽ
നനയുന്നുണ്ടുമിനീർ .

ജനലരികിൽ ചേർന്നുനിന്ന്
മഴ തൊട്ടു തണുക്കാൻ
കൈനീട്ടിപ്പിടിക്കുന്നുണ്ട്
നിറമേലും കുപ്പിവളകൾ .

നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാവണേയെന്ന്
പേർത്തും പേർത്തും ജപിക്കാൻ
ഉണരുന്നുണ്ട് ചുണ്ടുകൾ .

പണ്ടുപണ്ട് വളരെ പണ്ട്
പേരില്ലാരാജ്യത്തൊരു
രാജകുമാരിയെന്ന് കേൾക്കാൻ
ഉഴറുന്നുണ്ടൊരുറക്കം .

ഇതാ , ഭൂമിയുടെ അറ്റമെന്ന്
ഉറക്കത്തിനിടയിൽ കയറിവന്ന്
ആരോ വിരൽ പിടിക്കുന്നു .
ഉയർന്നുതാഴുന്ന
ശ്വാസത്തിനുമേലെ
കാലെടുത്തുവെച്ച്
ശാന്തമായുറങ്ങുകയായിരുന്നെന്ന്
പനിക്കിടക്കയിൽനിന്ന്
ചാടിയെഴുന്നേറ്റിരുന്ന്
ഒരുവൾ മോണകാട്ടി ചിരിക്കുന്നു .

2015, നവംബർ 15, ഞായറാഴ്‌ച

വിരൽതൊടുന്നിതാരോ..

മണ്ണിനു കാതുകൊടുക്കിൽ 
പെറുക്കിയെടുക്കാം
പൊടിയുന്ന മഞ്ഞിന്റെ
കൊഴിയുന്ന തൂവലിന്റെ
മഞ്ഞിച്ച ഇലയുടെ
ചിലമ്പിച്ച ഈണങ്ങൾ .

ഊർന്നുവീണുപോകുന്ന
പ്രാണന്റെ സംഗീതം.!

കാറ്റിനു കാതുകൊടുക്കിൽ 
അരിച്ചെടുക്കാം
ഒഴുകുന്ന പുഴയുടെ
പാടുന്ന കിളിയുടെ
മൊരിയുന്ന വിത്തിന്റെ
മധുരിച്ച ഈണങ്ങൾ .

പകർന്നുപടർന്നു നിറയുന്ന
പ്രാണന്റെ സംഗീതം .!





2015, നവംബർ 11, ബുധനാഴ്‌ച

സ്വപ്നപഥത്തിലെവിടെയോ ...

അമ്മിണിയേടത്തിയുടെ
ഓലപ്പുരയിലെ
അടുപ്പിൻതിട്ടയിൽ
ഉറക്കംതൂങ്ങിയിരുന്ന
കറുമ്പിപ്പൂച്ചയുടെ കണ്ണിന്റെ
ഒരു തരി തൊട്ടെടുത്ത്
ചൂട്ടു കത്തിച്ച്
അപ്പുണ്ണീടെ ഒട്ടിയ
വയറിലൊരുമ്മ കൊടുത്ത്
ഞാനിന്നിറങ്ങുന്നു .

ഗോപാലേട്ടന്റെ ആലയിൽ
ചാരംപുതച്ചുറങ്ങുന്നുണ്ടാവും
ഒരു പിടി കനൽക്കട്ടകൾ
വേണിയേടത്തിയുടെ വീട്ടിലെ
അകത്തളത്തിൽ
തിരിതാഴ്ന്നിരിപ്പുണ്ടാവും
നാളെയെന്ന് മന്ത്രം ജപിക്കുന്ന
നിലവിളക്കുകൾ .

ഒരു കാതം കൂടിയുണ്ടെന്ന്
ഒരു ചൂണ്ടുവിരലടയാളം തന്ന
പാലമരത്തിന്റെ മണമെടുത്ത്
നെറ്റിയിൽ തൊട്ട്
പൊത്തിലൊരിടം കണ്ടുപിടിച്ച്
തുള വീണ ആകാശത്തെയും
വെട്ടേറ്റ സൂര്യനെയും
മുറിപ്പെട്ട് മുറിപ്പെട്ട്
തുന്നൽക്കാരിയായ ഭൂമിയെയും
അല്പനേരം സൂക്ഷിക്കാനേൽപ്പിച്ച്
ഞാൻ നടക്കുന്നു .

ഇന്നലെ ഞാൻ നട്ട പൂമരം
ഇരുണ്ടുപോയവളെന്ന്
ഇലയനക്കുന്നു
കാത്തിരുന്ന് കണ്ണുകുഴഞ്ഞെന്ന്
നീ പരിഭവിക്കുന്നു
ഉടലുമുയിരുമെന്നടക്കം പറഞ്ഞ്
നമ്മൾ കൈകോർക്കുന്നു
ഒരു ഭ്രമണപഥത്തിൽ നഷ്ടപ്പെട്ട്
നാളെ വീണ്ടും
രണ്ടു ഗ്രഹങ്ങളായ് പിരിയാൻ
പുതിയൊരു സൗരയൂഥം തീർക്കുന്നു . 

2015, നവംബർ 1, ഞായറാഴ്‌ച

ഒരുതരി വെളിച്ചത്തിലോരായിരം നക്ഷത്രങ്ങൾ

ഒളിഞ്ഞുനിന്നു ചിരിവിതറുന്ന
പ്രകാശരേണുക്കളെ
നുള്ളിയെടുത്തു വെയ്ക്കാൻ
തീരാത്ത കൊതിയാണ് .

ഓലക്കീർ വകഞ്ഞുമാറ്റി
അകായിലേക്ക് കടന്നിരിക്കുന്ന
വെളിച്ചപ്പൊട്ടുകളെ നുള്ളിനുള്ളി
വിരൽതുമ്പത്തു ചോരപൊടിയാൻ
തീരാത്ത കൊതിയാണ് .

ഒരാഴവട്ടത്തിൽനിന്ന്
ഒരു ചില്ലു കോരിയെടുത്ത് 
കൈക്കുമ്പിളാൽ മൊത്തിക്കുടിച്ച്
അകംപുറമൊരുപോലെ നനയാൻ
തീരാത്ത കൊതിയാണ് .

നെഞ്ചിലേയ്ക്കിറങ്ങിനിന്ന്
ചിന്നിച്ചിതറിച്ച്‌
നക്ഷത്രപ്പൊട്ടുകളിൽ
മുഖം തോർത്തിയെടുക്കാൻ
തീരാത്ത കൊതിയാണ് .

പേരമരചില്ലയിലാടുന്ന
പോക്കുവെയിൽക്കണ്ണാടിയോട് 
ഒരു  ചീന്തെനിക്കുമെന്നു കടംവാങ്ങി
കണ്‍കോണിൽ പൊതിഞ്ഞുവെയ്ക്കാൻ
തീരാത്ത കൊതിയാണ് .

നിലാവിൻ  മുലക്കച്ച കെട്ടാതെ
രാത്രിയാൾ നടക്കാനിറങ്ങുമ്പോൾ
ഒപ്പരം ഞാനുമുണ്ടേന്ന്
കണ്ണുകുടഞ്ഞെടുത്ത് 
വഴിനീളെ കത്തിച്ചുപിടിക്കാൻ
തീരാത്ത കൊതിയാണ് .

കിനാവിൻ  പാടവരമ്പത്തിരുന്ന്
കാറ്റിൻ വിരലാലൊരു  താൾ മറിച്ച്
'നിന്റെ കണ്ണിലാണെന്റെ കവിത'യെന്ന്
വായിച്ചു വായിച്ചു നിറയാൻ
തീരാത്ത കൊതിയാണ് ....!
-------------------------------------------










2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉള്ളാലെ , ഉയിരാലെ ...

എത്ര നന്നായി
അടുക്കിയടുക്കിവെച്ചാലും
ചിതറപ്പെടുന്ന മുറികളുണ്ട് .

വലിച്ചുതാഴ്ത്തിയിടപ്പെട്ട
കർട്ടനുകൾ
ഊർന്നുവീണു ചിതറിയ
കുന്നിമണികൾ
മുഖചിത്രമടർന്ന്
നിര തെറ്റിയ പുസ്തകങ്ങൾ
ഉരുകിയൊലിച്ചുതീർന്ന
മെഴുകുതിരികൾ
തുറന്നു വെച്ച
മഷിക്കുപ്പിയും പേനകളും.

ചിക്കിചികഞ്ഞിടുന്ന നഖങ്ങൾ
എന്റേതു തന്നെയാണെന്ന്
വിരലുകളിൽ അമർത്തിച്ചുംബിച്ച്
നീ വീണ്ടുമോർമ്മപ്പെടുത്തുന്നു .

ഒരു ശ്വാസത്തിനുപോലും
കടന്നിരിക്കാനാവാത്ത വിധം
ഓരോ മുറിയുടെ മുക്കും മൂലയും
ഒരു തുള്ളി വാക്കിന്റെ മണംകൊണ്ട് 
നിറ നിറേ നിറച്ചുവെയ്ക്കുന്നു .

ഞാനീ മുറികൾ തഴുതിട്ടു പൂട്ടുന്നു .

ഇന്നലെ പെയ്ത പെരുമഴയുടെ
വിത്തിൽനിന്ന്
ഞാനൊരു കരിമേഘത്തെ
മുളപ്പിച്ചെടുക്കട്ടെ ....!




2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

നിർവ്വാത


നഖം
കൂർപ്പിച്ചൊരുക്കി
കുറിമാനം കൊണ്ടുവരും
ആടിയുലഞ്ഞൊരു 
വൻ തിര .
അടർത്തിയെടുത്ത്
ചെറു മറുകായ്
ഉടലാഴത്തിലെന്നെ
അടരാതെ പതിച്ചുവെയ്ക്കാൻ .

ഒരു മാത്ര ....
മണമായ് 
നിറമായുണരുന്ന
പൂവിതളിൽ നിന്നൊരു
സൂര്യകണമടർത്തിയെടുക്കാൻ ,
ഉയിരാഴത്തിലൊരു തുള്ളിയായ് 
എന്റേതെന്റേതെന്ന്
കൊളുത്തിവെയ്ക്കാൻ
എനിക്കൊരു ചെറു വിരൽ .

മതി ....
ഞാനൊരു
നേർത്ത വരയാവും.
നീയെന്നിൽ
നിന്റെ നഖപ്പാട് ചേർക്കുക .


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വെളിപാട്

നിന്റെ അനാഥത്വമായിരുന്നു
എന്റെ പിറവി
നിന്റെ വേദനകളായിരുന്നു
എന്റെ വിശപ്പ്‌
ഉറങ്ങാതിരുന്നു കാക്കണമെന്ന്
നിന്റെ നിയമം
നിന്റെ സനാഥത്വത്തിൽ
ഉപേക്ഷിക്കപ്പെടണമെന്ന്
വിധിയെഴുത്ത് .

ചിത്രങ്ങളിലും
കല്ലുകളിലും ചിരിച്ച്
എന്റെ വേഷം മുഷിഞ്ഞിരിക്കുന്നു .

എന്റെ പേരിൽ
രക്തം ചിതറിത്തെറിക്കുന്ന
വാക്കും നോക്കും
ക്രൂശിക്കപ്പെടുന്ന മനുഷ്യർ
വാഴ്ത്തപ്പെടുന്ന മൃഗങ്ങൾ
നീ തന്ന പേര്
ഞാൻ വെറുത്തിരിക്കുന്നു.

എനിക്കു പണിയെടുക്കണം
കയ്പ്പും മധുരവുമുണ്ട്‌
എനിക്കൊരു മനുഷ്യനാകണം 
നേരും നെറിയുമുള്ള ' മനുഷ്യൻ '.
------------------------------------

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തുടിക്കുന്നുണ്ടുള്ളിലിന്നുമെന്ന് ...

കൊല ചെയ്യപ്പെട്ട ഒരരുവിയുടെ
നെഞ്ചിനു മുകളിലൂടെയാണ്‌
ഞാനിപ്പോൾ നടന്നുപോകുന്നത് .

ചിതറിക്കിടക്കുന്ന അസ്ഥികൾക്കു മേലെ
പൂത്തുനില്ക്കുന്ന ആറ്റുവഞ്ഞിപ്പടർപ്പ് .

വേരാഴ്ന്നിറങ്ങിയ ചില്ലകളിലിപ്പൊഴും
പച്ചപ്പിന്റെ നിറഞ്ഞ ചിരിയിലകൾ .

ഇവിടെയൊരുവൾ  സ്വച്ഛമായൊഴുകി
ദൂരേയ്ക്കൊരു  വിരൽ നീട്ടിയിട്ടുണ്ടാവും .

ആരൊക്കെയോ മുഖം നോക്കാൻ
ഒരു കുമ്പിൾ വെള്ളം കോരിയെടുത്തിട്ടുണ്ടാവും .

ഇരുകരകളിലുമൊരു  വസന്തം തീർത്ത്
ഏതോ പൂക്കൾ മഴകൊണ്ടു നിന്നിട്ടുണ്ടാവും .

'ഞാൻ കണ്ടു ' എന്ന് ഏതോ ഒരു പക്ഷി
ചിറകു കുടഞ്ഞ് , പറന്നുപോയിട്ടുണ്ടാവും .

അന്ന് കൊതിയോടെ ,കാൽനഖം പോലും
തോരാതെ കാത്തുവെച്ചൊരു നനവ്‌ .

ഓരോ യാത്രയുമവസാനിക്കുന്ന തുരുത്തിൽ
ഒന്നും കേൾക്കാനില്ല ,പറയാനുമില്ലെന്ന്
വീടുകളുടെ അടഞ്ഞുകിടക്കുന്ന ജനാലകൾ..!






2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മഹാമരത്തിന്റെ തണലിൽ
കണ്ടുമുട്ടണം .

ഓരോ ഇലകളെയും
സ്വപ്നങ്ങളെന്നെണ്ണണം .

കൂട്ടിനുള്ളിലെ കിളിനോട്ടങ്ങളെ
കണ്‍കോണിലൊളിപ്പിക്കണം .

കരുതിവെച്ച വാക്കിനെ
വേരിൽനിന്നടർത്തിയെടുക്കണം .

ഉണരുന്ന വാക്കിൻ ചുണ്ടിനെ
ചുംബിച്ച്  ചുവപ്പിക്കണം .

അസ്തമയം കണ്ടുവരുന്ന കാറ്റിനെ
മടിയിലുറക്കിക്കിടത്തണം .

പുഴയിൽ കാൽ മുഖം കഴുകി
നക്ഷത്രജാലം കാണണം .

ഉടലുയിരൊന്നായ് പകർന്ന്
തിരയിലൊരു തോണിയാകണം .





2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഉയിരെഴുതുമൊരുടൽപോലെ..


നീയെന്നുമെപ്പൊഴും
കൂടെയുണ്ടെന്നറിഞ്ഞു-
തന്നെയാണ് 
പിഞ്ചുകുഞ്ഞെന്നപോലെ
ഞാനലറിക്കരയാറ് .

ഒരേ ശ്വാസത്തിലാണ്
നാമെന്നറിഞ്ഞു തന്നെയാണ്
ശ്വാസത്തിനായി കരഞ്ഞ്
വീണ്ടും വീണ്ടും മുറിയാറ് .

തീയിലൊരു നാളം പോലെ
മഞ്ഞിലൊരു തുള്ളി പോലെ
വിചിത്രമൊരു ചിത്രമായ്
നിന്നിൽ ചുവന്നസ്തമിക്കുന്നു 
ഞാൻ ...!





2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വാംങ്മേ മനസി പ്രതിഷ്ഠിതാ ...

നിന്റെ
അറ്റുപോയേക്കാവുന്ന
വിരലുകളെക്കുറിച്ചോർത്ത്
ഞാൻ വേദനിക്കുന്നില്ല .
എന്റെ നെഞ്ചിൽ ചേർന്നിരുന്ന്
അല്പമൊന്ന് മയങ്ങാം
പക്ഷേ ,
ഉറങ്ങരുത് .

പ്രണയം പൂക്കുന്ന തീരങ്ങളിൽ
നീ നിന്റെ വിരലുകളിൽ 
വീണക്കമ്പിയിലെന്നപോലെ
വെടിപ്പും കൃത്യതയും പാലിക്കണം .

അലിവു കാട്ടേണ്ടിടത്ത്‌
സൂക്ഷ്മതയോടെ ഇരയെ തിരയുന്ന
ഒരു പക്ഷിയാകണം .

പ്രകൃതി നൊന്തു വിലപിക്കുന്ന
ഇടങ്ങളിൽ
ഒരുടമ്പടിയിലും ഒപ്പുവെയ്ക്കരുത് .

യുദ്ധങ്ങളിൽ 
കലാപങ്ങളിൽ 
വർഗ്ഗീയവിഷം ആളിക്കത്തുന്ന
ഭൂമികയിൽ
നിന്റെ വിരലുകൾക്ക്
വാൾത്തലയുടെ തിളക്കമുണ്ടാകണം .

'മനുഷ്യനായി' ജീവിച്ചു
എന്ന ഒറ്റക്കാരണത്താൽ
കൊല്ലപ്പെട്ടവരുടെ
ജീവചരിത്രത്തിൽ
ഞാൻ ചുംബിച്ച നിന്റെ വിരലുകൾ
കാണാനിടവന്നേക്കാം .
പക്ഷേ ,
ഉറങ്ങരുത് .
-------------------------------











2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

വാനം
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ്‌ ഞാനും.

മഴവില്ലായ്‌ നമ്മൾ .

ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!

മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഒറ്റക്കണ്ണാൾ .

വരച്ചിട്ടും വരച്ചിട്ടും
തെളിഞ്ഞുവരാത്ത
മഴമേഘത്തിനായി
ആകാശത്തിന് 
ഒരു കണ്ണിറുത്തു കൊടുത്ത്
ഒറ്റക്കണ്ണാൾ വര
പുതിയ കാൻവാസിന്റെ
ചുരുൾ നിവർത്തുന്നു .

തെളിഞ്ഞുവരുന്ന പുഴ
ഒരുക്കിയെടുക്കുന്ന തടങ്ങൾ
മുളപൊട്ടുന്ന വിത്തുകൾ
അയവിറക്കുന്ന കാലികൾ
പുഴയിലേയ്ക്കു നിഴൽ നീട്ടി
കിളികളിരിക്കുന്ന ചില്ലകൾ .

വരയിലൊതുങ്ങാത്ത
വേരിന്റെ നനവുകൾ .

ചായക്കൂട്ടടച്ചു വെച്ച്
മാനം നോക്കിയിരിക്കുന്ന വര.

ഉള്ളുതണുത്ത മാറിലെ
പുഴയെത്തിനോക്കുന്നവന്റെ 
കണ്ണപൊത്തിക്കളിച്ച് 
കറുമ്പിയായ മേഘം 
മെല്ലെയിറങ്ങി വന്ന്
മടിക്കുത്തിൽനിന്നൊരു
മുത്തെടുത്ത് 
വരയ്ക്കൊരു കണ്ണ് വരയ്ക്കുന്നു ...!

------------------------------------





2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എത്ര കൂട്ടം
മണങ്ങളാണ്
ഓണമെന്നു തൊട്ട്
വാസനിക്കാൻ ..!

തൊടിയിലെ പൂക്കളിൽ
പറ്റിനിന്ന
തിളങ്ങുന്ന മഴതുള്ളികളുടെ
മണം .

ഓണക്കോടി
പൊതിഞ്ഞുവന്ന
പഴയ പത്രക്കടലാസ്സിന്റെ
മണം .

പലഹാരങ്ങളിൽനിന്ന്
കളിക്കൂട്ടത്തിലേയ്ക്ക്
പരന്നുനിറഞ്ഞ
വെളിച്ചെണ്ണയുടെ
മണം .

ഉരൽക്കളത്തിലെ
വിളകളിൽ നിന്ന്
ഇളകിവീണുകിടന്ന 
പച്ചമണ്ണിന്റെ
മണം.

നേന്ത്രക്കുല സ്വർണ്ണംപൂശി
പത്തായത്തുറപ്പിലൂടെ
എത്തിനോക്കിയ 
ഇരുട്ടിന്റെ
മണം .

അങ്ങനെയങ്ങനെ....!!!

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കത(ഥ)യില്ലാത്തവൾ...


നീയെന്റെ പിറകിൽ
ഒളിച്ചിരിക്കുമ്പോഴാണ്
കിളികൾ
പാടി നിർത്തുന്നതെന്ന്
ഞാൻ  വീണ്ടും
കള്ളം പറയുന്നു .
അല്ല
കള്ളം പറയാൻ
അവരെന്നെ പഠിപ്പിക്കുന്നു.
വാതിലില്ലാ വീട്ടിലെ
ഏഴാം നിലയിലെ മുറിയിൽ
അരിപ്പെട്ടിക്കുള്ളിൽ
നിന്നെ പൂട്ടിവെയ്ക്കുന്നതാണെന്ന്
ഇന്നലെയും
പുഴകളോടും കാറ്റിനോടും
ഈവഴി പോയ പാണനോടും
പറഞ്ഞു മടുത്തു .

പൂവായ പൂവിലും
കനവായ കനവിലും
വാടിച്ചുവന്ന്
നിറമഴിച്ചുവെയ്ക്കാനൊരാഴം
തേടുന്നിടത്തുനിന്നാണ് 
നിന്നെയൊരു മുത്തായ്‌
കോരിയെടുത്ത് 
ഒറ്റച്ചിറകുവേഗത്തിൽ
ഞാൻ പറക്കാൻ തുടങ്ങുന്നത് .

നക്ഷത്രങ്ങളടർത്തിയെടുത്ത്‌
ജനാലകളിൽ തൂക്കിയിടും.
നീയില്ലാത്ത ആകാശം വരച്ച്
കടലെന്ന് വായിക്കും .
കൊഴിഞ്ഞുവീണ
തൂവലുകളോരോന്നായെടുത്ത്
തിരകളെന്നെണ്ണും .

ഏതോ ജന്മത്തിൽ
നീയണിയിച്ച് ,
ചന്തം നോക്കിയ
കുപ്പിവളകളിലൊന്നെടുത്ത് 
ഞാൻ നിന്റെ മുഖം വരയ്ക്കും .
മഴവില്ലുകൊണ്ട്
പുരികക്കൊടികൾ 
മയിൽപ്പീലികൊണ്ട്
കണ്ണുകൾ
പൂവിതൾ കൊണ്ട് 
ചുണ്ടും മൂക്കും 
ശംഖു കൊണ്ട്
ചെവികൾ .
കണ്ണുതട്ടാതിരിക്കാൻ
കൂർത്ത കൊക്കുകൊണ്ട്‌
ഒരു തരി
ഇരുട്ടിനെയൊപ്പിയെടുത്ത്
കവിളിലൊരു കറുത്ത മറുക് .

മഞ്ഞിൽ കുളിച്ചുകയറി
നിനക്കായ്
പകലുടുപ്പു തുന്നുന്ന
രാ വിരലുകളാണ്
നിന്നിലുറങ്ങി
നീയായുണരുന്നൊരീ 
ഞാനെന്ന കടംകഥയെ
അതിമനോഹരമായി 
വിവർത്തനം ചെയ്യുന്നത് ...!
-----------------------------


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കാടിനെ ചെന്നു തൊട്ട് , ഞാനൊരു കാടാകുന്നു .

'' നിശബ്ദതയെയും ശബ്ദതയെയും ഗന്ധങ്ങളെയുമൊക്കെ തിരിച്ചറിയാൻ
പഠിക്കുക .ആദ്യം മിഴികൾ അടച്ചാണ് അറിയേണ്ടത് .അതിനുശേഷം
മിഴികൾ തുറന്നും , മെല്ലെ മെല്ലെ കാട് നമ്മൾക്ക് വെളിപ്പെട്ടുവരുന്നത്‌
തിരിച്ചറിയാനാകും .................
ഒരു വേഴാമ്പലായി മാറുക ! അതെ .നാം ഏതൊന്നിനെ അറിയണമോ
അതായിത്തീരുക എന്ന സത്യം , അപ്പോൾ അതിരുകൾ ഇല്ലാതാകും .
.............................
മഞ്ഞുകാലത്തിന്റെ പിന്നിൽ എന്നും വേനൽക്കാലം ഉണ്ടായിരുന്നു .
മഞ്ഞ് കാടിനെ പ്രണയിക്കുമ്പോൾ അതിന്റെ മറപറ്റി ക്ഷമയോടെ
വേനൽ നില്ക്കും .രാത്രി മഞ്ഞ് പ്രണയംകൊണ്ട് കാടിനെ മൂടുമ്പോൾ
വേനൽ മറഞ്ഞിരിക്കും , പകലെത്താൻ കാത്ത് .പകലിൽ മെല്ലെ മെല്ലെ
വേനൽ തീവ്രമാകും . രാത്രിയിൽ വീണ്ടും ..ഈ ഒളിച്ചുകളി രണ്ടുമൂന്നു മാസം
തുടർന്നുകൊണ്ടിരിക്കും .പിന്നെ വേനലും  കാടും പ്രണയവും .

വേനലിന്റെ പ്രണയം ആദ്യനാളുകളിൽ കാടിന്റെ ഹൃദയത്തിൽ വന്നു
തൊടുമ്പോൾ ,കാട് വല്ലാതെ നാണിച്ചുപോകും . വൃക്ഷങ്ങളിലെ ഇലകളെല്ലാം
കൂമ്പിപ്പോകും .ഉടയാടകളൊക്കെ അഴിഞ്ഞുവീഴുന്ന കണക്കെ ഇലകൾ
പൊഴിഞ്ഞു വീഴും .പോകെപ്പോകെ പ്രണയം തീവ്രമാകുകയാണ് .
ചുറ്റുപാടുകളെയൊക്കെ വിസ്മരിച്ച് വേനൽ കാടിനെ ആലിംഗനം ചെയ്യും .
ഒടുവിൽ തീനാളമായി തീയിലേയ്ക്ക് ലയിക്കുമ്പോൾ വേനലും കാടും ഒന്നായിത്തീരുന്നു.
ഒരേ മനസ്സും ശരീരവുമായി ഒടുവിൽ ഒന്നും അവശേഷിപ്പിക്കാതെ കത്തിയമരുന്ന
പ്രണയം .
...........................
കാട് എന്തൊക്കെയോ ഇഷ്ടപ്പെട്ടവർക്കായി കരുതിവെച്ചിട്ടുണ്ട് .അത് കണ്ടെത്തുന്ന
വഴികളിലൂടെയുള്ള കടന്നുപോകലാണ് കാട്ടിൽനിന്നുമുള്ള ഏറ്റവും വലിയ പഠനം .
..........................
കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ കൊച്ചുകേരളം ഇവിടെ
ശേഷിക്കുന്ന പച്ചപ്പിന്റെ വേരുകളുടെ ബലത്തിലാണ് നില്ക്കുന്നതെന്ന് അവ
പിഴുതെറിയുന്നവർക്ക് അറിയില്ലായിരിക്കാം .
.............................
ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു .വെട്ടിയകറ്റിയാലും
പുതുനാമ്പുകളോടെ പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .മനുഷ്യർ വെയ്ക്കുന്ന കാട്ടുതീയിൽ -
നിന്നുപോലും പുനർജനിക്കുന്ന കാട്ടാൽവൃക്ഷം .......................''
( '' കാടിനെ ചെന്നു തൊടുമ്പോൾ '' ..... എൻ .എ .നസീർ )

കാടിന്റെ കൈയൊപ്പിട്ട പുസ്തകം .കാടിനെപ്പറ്റി
വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും
രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും
നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ
നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ
മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല .കാടിനെ നാം വിധേയമാക്കിയ
എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ
തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു
എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം .
.........സക്കറിയ ...............

( പട്ടാംപൂച്ചിയുടെ ചിറകടിശബ്ദത്തിലൂടെ ,
ചൂളക്കുരുവിയുടെ സംഗീതത്തിലൂടെ
ആനയുടെ ചിന്നംവിളിയിലൂടെ ,
കാടിന്റെ മറ്റനേകം അവകാശികളിലൂടെ ,
പതിയെ നടന്നു നടന്ന് , കാടിനെ ചെന്നു തൊട്ട്
നമ്മളും ഒരു കാടായിത്തീരും  . വായന ഒരു
അനുഭവമാക്കുന്നു  ഈ പുസ്തകം .)











2015, ജൂലൈ 30, വ്യാഴാഴ്‌ച

അച്ഛനെ വീണ്ടും വായിക്കുമ്പോൾ ...

വായിക്കുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നൊരു പുസ്തകം .
അതാണ്‌ എനിക്കെന്റെ അച്ഛൻ .
ഓർമ്മയിൽ നിറയാൻ തുടങ്ങിയിട്ട് ഇന്നേക്ക്  6 വർഷം തികയുന്നു .
ഇരുട്ടിലേയ്ക്ക്‌  പകച്ചുനോക്കുമ്പോഴൊക്കെ ഒരു മിന്നാമിനുങ്ങായി കാഴ്ചയിൽ ഓടിയെത്തും .
ചെവികൊടുക്കുമ്പോൾ അലക്കിതേച്ച വെള്ളമുണ്ടിന്റെ കിരുകിരെയുള്ള ശബ്ദം.
കറുത്ത ഫ്രെയിമിന്റെ കണ്ണട , ഭംഗിയായി ചീകിയൊതുക്കിയ ഇടതൂർന്ന തലമുടി .
മീശവെയ്ക്കാത്ത , ഗൗരവമുള്ള മുഖം .കൈത്തണ്ടയിൽ ഒരിക്കലും നിലച്ചുകണ്ടിട്ടില്ലാത്ത സമയസൂചികൾ. ശരീരവും മനസ്സും എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ച ,
കർക്കശക്കാരനായ എന്റെ അച്ഛൻ .

തലയിലൊരു തലോടൽ .ഇരുട്ട് മാഞ്ഞ് വെളിച്ചമാകാൻ അത് ധാരാളം .

'' പഴുത്ത പ്ലാവില വീഴുമ്പോൾ
ചിരിപ്പൂ പച്ച പ്ലാവിലയേ ,
നിനക്കുമിങ്ങനെ വരുമെന്ന്
നിനച്ചിരിക്കണമെന്നെന്നും .''

ഒന്നിലധികം തവണ അച്ഛൻ ഈ വരികൾ പറഞ്ഞുതന്നിട്ടുണ്ട് .
എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പ് കേട്ടു പഠിച്ചത് .
സാഹിത്യത്തിൽ അല്പംപോലും താല്പര്യം കാണിക്കാതിരുന്ന കണക്കു മാഷ്‌, അച്ഛൻ .
ആരാണ് എഴുതിയതെന്ന് ഞാൻ ചോദിച്ചില്ല ,അച്ഛൻ പറഞ്ഞുതന്നതുമില്ല .
ആ വരികളിലെ ഗഹനമായ അർത്ഥം , അർത്ഥമറിയാതെ ഞാൻ ഉരുവിട്ടിരുന്നു .
പഴുത്ത പ്ലാവിലയുടെ വീഴ്ച ഒരു മരണം എന്നതിനേക്കാൾ ഒരു പതനമായിട്ടാണ് ഞാൻ
എന്നും വായിച്ചത് . അതുകൊണ്ടാവാം ആരുടെ പതനത്തിലും ഞാൻ വല്ലാതെ
വേദനിക്കുന്നത് .

അധ്യാപകനായിരുന്ന അച്ഛൻ  എന്നെ പഠിപ്പിച്ചിട്ടില്ല .അധ്യാപികയല്ലാത്ത ഞാൻ
എന്റെ കുട്ടികളെ പഠിപ്പിച്ചു .ഒടുവിലാണ് എനിക്ക് ബോധ്യമായത് അതിനുള്ള കാരണം .
ഞാൻ എന്ന പുസ്തകം എന്നെങ്കിലും ഒരിക്കൽ എന്റെ കുട്ടികൾ വായിക്കുമ്പോൾ അതിലെ
ഒരദ്ധ്യായം അവരെ വേദനിപ്പിക്കുമായിരിക്കും ,ഞാനൊരു അധ്യാപികയായി സ്വയം
അവരോധിക്കപ്പെട്ട ഒരു അദ്ധ്യായം .അച്ഛന്റെ വിരൽതുമ്പിലെ പിടി വിടുവിച്ച് ഞാൻ
നടന്ന വഴി .
സ്നേഹിച്ചു കൊതിതീർന്നിട്ടില്ലിന്നും .

2015, ജൂലൈ 22, ബുധനാഴ്‌ച

ഉറങ്ങാറായില്ലേയെന്ന് രാത്രി പിന്നെയും പിന്നെയും ...

ഉറക്കം മുറിച്ചുകടക്കാൻ
കൂട്ടിനു കൂടെ വരാറുണ്ട്
തണുത്ത  വിരലുകൾ .
നിറങ്ങൾ മങ്ങിയടർന്ന്
തേഞ്ഞുതീരാറായ വഴികളിൽ
കൂട്ടംകൂടി നടക്കാറുണ്ട് .
സൊറ പറഞ്ഞിരിക്കാൻ
നിഴലനക്കം കണ്ട്
പായ മുഴുവനായി നിവർത്തിയിടും
കുളിക്കടവിലിടിഞ്ഞുവീണുപോയ പുഴ .

ഞാൻ നിവർത്തിവെയ്ക്കുന്ന
മഴയുടെ പൊതി പങ്കിട്ടെടുത്ത്
അവരോരോരുത്തരും നന്നായി നനയും .
ചിലർ നക്ഷത്രങ്ങൾ അടർത്തിയെടുത്ത്
ചൂട്ടിൻ തുമ്പ് കത്തിച്ചുപിടിച്ച്
മറന്നുപോയ മുഖങ്ങൾ
പരസ്പരം നോക്കി ഓർത്തെടുക്കും .

അച്ഛനെ വീണ്ടുമൊരു ശിശുവാക്കി
അച്ഛമ്മ മുറുക്കാൻപെട്ടി  തുറന്നുവെയ്ക്കുന്നു .
എത്തിനോക്കി  ചിരിക്കുന്ന തളിർ വെറ്റില .
'തീണ്ടാരിയുള്ളവരാരും  വെറ്റിലക്കൊടിക്കരികിൽ
പോകാറില്ലല്ലോ'യെന്ന ഓർമ്മപ്പെടുത്തൽ .

അച്ഛമ്മ കാലുനീട്ടി വിസ്തരിച്ചിരിക്കുന്നു
വെറ്റില കീറിയെടുത്ത്‌ ചുണ്ണാമ്പു തേയ്ക്കുന്നു .
ഓടിപ്പോയി തുപ്പൽകോളാമ്പിയുമെടുത്ത്
ഇടതുവശം നീക്കിവെച്ച്  യമുനേടത്തി .

അച്ഛമ്മയുടെ വലതുവശം ചേർന്നിരുന്ന്
അടയ്ക്കയും വെറ്റിലയും ഇടിച്ചുകൊടുത്ത്
ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ തട്ടി
ഉടഞ്ഞുവീഴുന്ന വാക്കുകളും പെറുക്കിയെടുത്ത്
ഇത്തിരിപ്പോന്ന  വെളിച്ചം കൊണ്ട്
ഞാനെന്റെ വിരൽതുമ്പുകളിലെ 
ചോപ്പുനിറം അളന്നെടുക്കുന്നു .

പണ്ടൊരിക്കൽ അച്ഛനറിയാതെ
മൂത്തച്ഛനോട് സ്നേഹം കൂടി
ഒരുമിച്ച് മുറുക്കാൻ ചവച്ച ദിവസമാണ്
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും
ദിവാകരൻസാർ  ശരിയായിരുന്നെന്നും
ഉറച്ചു വിശ്വസിക്കേണ്ടി വന്നത്.

ആരോ അടയാളപ്പെടുത്തിയിട്ട
ഒരു ഭ്രമണപഥത്തിൽ
എന്തിനോവേണ്ടി  നിരന്തരം കറങ്ങുന്നവൾ .
















2015, ജൂലൈ 10, വെള്ളിയാഴ്‌ച

ആത്മം

എന്റെ മുറിയുടെ
ജാലകം തുറന്നിട്ടാൽ
കടലിന്റെ അഗാധതയും
ആകാശത്തിന്റെ പരപ്പും
മോതിരവിരൽ കൊണ്ട്
തൊട്ടെടുക്കാം
അവരുടെ ചേലത്തുമ്പുകൾ
കൂട്ടിക്കെട്ടി
ഒരു തൊട്ടിലുണ്ടാക്കാം
നീന്തലിനും പറക്കലിനും
ഒരേ മുദ്രയാണെന്നും
ആഴവും പരപ്പും
ഒന്നുതന്നെയാണെന്നും
തിരിച്ചും മറിച്ചും പറഞ്ഞ്
ചെറുവിരൽ കുടിക്കാം.

ഉറക്കത്തിൽ
ഒരീർക്കിൽ തുമ്പിനാൽ
തകർന്നുപോകുന്ന
മണൽക്കൊട്ടാരം തീർത്ത്
ഞാനൊരു കുഴിയാനയാകും.

എത്ര വിരുതോടെ 
എത്ര അനായാസമായാണ്
ചിറകു വിടർത്തി
മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക്
പറക്കാൻ തുടങ്ങുന്നത്.


2015, ജൂലൈ 4, ശനിയാഴ്‌ച

' ഹതശേഷ '

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ 
ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത
ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടിടീച്ചർ കേട്ടെഴുത്ത് നടത്തുന്നു
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക് .
ശാരദാമ്മ ടീച്ചറിന്റെ ക്ലാസ്സിൽ
അക്ഷരസ്ഫുടതയോടെ
ഒരു ഖണ്ഡിക വായിച്ച്
കൊതിതീരാതെ 
ഇരിപ്പിടത്തിൽ അമർന്നിരിക്കുന്നു.
ചെറിയ കെട്ടിടത്തിൽനിന്ന്
വലിയ കെട്ടിടത്തിലേയ്ക്കു കയറി
റംല ടീച്ചറിന്റെ മേശക്കരികിൽ
കൂട്ടുകാർക്കഭിമുഖം നിന്ന്
ഈണത്തിൽ  ചൊല്ലുന്ന വരികളിൽ
നിശബ്ദമാകുന്ന എട്ടാംക്ലാസ്സ് മുറി.

ഒഴിഞ്ഞ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ നിന്ന്
ഞാനെന്റെ കവിതയെ
കണ്ടെടുക്കുന്നു.
കാറ്റിൽ ആടിയുലയുന്ന  ദാവണി
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ .

രാസനാമങ്ങളും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
വെളുത്ത പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറി.

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിനു മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തിവെച്ചിരിക്കുന്ന 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.

ഒരു ജീവിതംകൊണ്ടെത്ര തവണ
മരണത്തെ അടയാളപ്പെടുത്താനാവുമെന്ന്
ശൂന്യമായ  ഇടവേള
ഒരിക്കൽക്കൂടി പറഞ്ഞുതരുന്നു .
-------------------------------------------






2015, ജൂൺ 27, ശനിയാഴ്‌ച

കല്ലുപ്പ്

വറവിന്റെ ശബ്ദംകേട്ട്
ഊഴവും കാത്തിരിപ്പാണ്
സൂക്ഷ്മതയോടെ വിതറപ്പെടാൻ
പാകത്തിന് വെന്തുവരുന്ന രുചിയാവാൻ .

അനുപാതം തെറ്റിയാൽ
പഴി കേൾക്കുന്നുണ്ട്
തലങ്ങും വിലങ്ങും നടക്കുന്നുണ്ട്
രൂപത്തിലും ഭാവത്തിലും
മാറിപ്പോയവർ .

ലക്ഷണമൊത്ത ചിരട്ടയിലോ
ഒരു കുഞ്ഞു മണ്‍ഭരണിയിലോ
നനഞ്ഞലിഞ്ഞിരിക്കാൻ
നാളേറെയായി കൊതിച്ചിരിപ്പാണ് .

കനലൂതി കത്തിക്കുന്നതിന്റെ താളം
കൈത്തിട്ടയിൽ നിരന്നിരിക്കുന്ന
പലവ്യഞ്ജനപ്പാത്രങ്ങളുടെ കിലുക്കം
കടകോലിൽ പൊന്തിവരുന്ന വെണ്ണയുടെ നിറവ്
അരകല്ലിൽ കൊത്തിവെയ്ക്കുന്ന കുപ്പിവളക്കിലുക്കം
തിളച്ചുതിളച്ചു വറ്റുന്ന മീൻകറിയുടെ  മണം
തിട്ടയ്ക്കടിയിലെ വിറകുകൊള്ളികളുടെ അടുക്ക്
ഈർക്കിൽ ചൂലിന്റെ താളത്തിലുള്ള നടത്തം .

ആരാന്റെ ഉച്ചമയക്കമുണർത്താൻ
നൂലിൽ തൂങ്ങിക്കിടന്നൊരു കുരുത്തക്കേട്‌ .

ഭംഗിയുള്ള , നിറമുള്ള കുപ്പികളിൽ
കൂടുതൽ മിനുസ്സപ്പെട്ട് , ശ്വാസം കഴിക്കാതെ
വെള്ളത്തിലലിഞ്ഞലിഞ്ഞ് വെള്ളമായ്ത്തീരാനാവാതെ
വരാനിനിയൊരു കാലമില്ലെന്നോർത്ത്
ഞാനൊരു മുറിവിനെ നീറ്റിനീറ്റി വറ്റിക്കുകയാണ് .





2015, ജൂൺ 26, വെള്ളിയാഴ്‌ച

'' ത്രേസ്യാമ്മ ചേടത്ത്യേ ,,,,''

വാതിൽ തുറന്നിട്ടില്ല . ജനാലകൾ പാതിതുറന്നുവെച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .നാളേറെയായിരിക്കുന്നു .പരാതികളും പരിഭവങ്ങളും
ഏറ്റുവാങ്ങാൻ തയ്യാറായി , ഉള്ളിലുള്ള സ്നേഹം മുഴുവനായി കോരിനിറച്ച്
ഒരിക്കൽക്കൂടി നീട്ടി വിളിച്ചു.

"ത്രേസ്യാമ്മ ചേടത്ത്യേ,,,,,,,,,,,,,,,"

ജനാലയ്ക്കപ്പുറം , തെളിഞ്ഞുവരുന്ന പ്രകാശത്തിന്റെ ഒരു തുണ്ടുപോലെ
എന്റെ ത്രേസ്യാമ്മ ചേടത്തി . ഞാന്നുകിടക്കുന്ന കമ്മലിൽ നിന്ന്
ഓടിയിറങ്ങി എന്റെ കവിളിൽ പറ്റിചേർന്ന തിളക്കം .

''എവിടാരുന്നു ? ''
ആ പിണക്കത്തെ ഗാഢമായ ഒരാലിംഗനംകൊണ്ട് മായ്ച്ചുകളഞ്ഞ് വീണ്ടും
ഞങ്ങളൊന്നായി .

ഒളിച്ചു കളിക്കുന്ന മഴ , വിഷം കഴിച്ചുകഴിച്ച്   പാടാനാവുന്നില്ലെന്നു
പരാതിപറയുന്ന കിളികൾ , ശ്വസിക്കാൻ പേടിയെന്നു പറഞ്ഞ് തീ തുപ്പുന്ന
കാറ്റ് ... !..മാറിമറിയുന്ന  അവസ്ഥാവിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പറഞ്ഞാശ്വസിച്ച്   വീണ്ടുമൊരു പകൽ.

തുറന്നിട്ടിരിക്കുന്ന അടുക്കള വാതിലിലൂടെ പഴയൊരോർമ മെല്ലെ മെല്ലെ
ഇഴഞ്ഞെത്തുന്നു .
''ത്രേസ്യാമ്മ ചേടത്ത്യേ , ഇപ്പോഴും ഈ പഴയ താമസക്കാർ ആ പൊത്തിനുള്ളിലുണ്ടോ ?
ചോദ്യം മനസ്സിലായെന്ന മട്ടിൽ ചെറുതായൊന്നു ചിരിച്ചു,ചേടത്തി.
'' നിന്റെ ആ പഴയ കൂട്ടിരുപ്പുകാർ അല്ലെ ?''
''അതെയതെ .''
കാൽവിരലുകൾക്ക് മുകളിലൂടെ പുഴപോലെ ഒഴുകിപ്പോയവൻ , കൂട്ടത്തിൽ
മുതിർന്നവനോട് 'ഞാനെന്തിനു നിന്നെ പേടിക്കണം'എന്ന മട്ടിൽ നോക്കിനിന്ന
ആ ദിവസം .!പിന്നെയങ്ങോട്ടെനിക്ക് കാവലായിരുന്നു.
വിഷംതീണ്ടിയില്ല അവരിലാരും.
എന്റെ ചിന്തകളുടെ വഴി നന്നായി
അറിയുന്നതുപോലെ , പിറകിലൊരു നിശ്വാസമായെന്നെ ചേർത്തുപിടിച്ച് ചേടത്തി .

വാതിലടച്ച്‌ ഞങ്ങൾ ഊണുമേശക്കിരുവശത്തായി വീണ്ടും വാർത്തകളുടെ
ചുരുളഴിക്കാൻ തുടങ്ങി .കോഴ,കോഴി' ,വിഴിഞ്ഞം പദ്ധതി ,തെരഞ്ഞെടുപ്പ്...
നിവർത്തിയിട്ട പത്രത്തിൽ, കനത്ത മഴ നനയുന്ന വയനാട്.....
ആൾനാശം ....'നിന്റെ വയനാട് 'എന്ന്  ത്രേസ്യാമ്മചേടത്തി എനിക്കൊപ്പം സങ്കടപ്പെടുന്നു.

''നീ വരാത്തതുകൊണ്ട് ഞാനൊന്നും കരുതിവെച്ചിട്ടില്ല .''
ചേടത്തിയുടെ നേർത്ത സ്വരം .
''ഈ  നെഞ്ചിനകത്ത് നിറയെയുണ്ടല്ലോ എനിക്കുള്ളതൊക്കെ ''
ഞാനാ വിരൽപിടിച്ചൊന്നു ഞൊടിച്ചു.

ഞാലിപ്പൂവൻ പഴം ഏറ്റവും ചെറിയവ ഒന്നൊന്നായെടുത്ത് കഴിക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു .''എന്തൊരു സ്വാദ് , പണ്ട് പത്തായത്തിനുള്ളിൽ അമ്മ,
ചന്ദനത്തിരി കത്തിച്ചുവെച്ച്  പഴുപ്പിച്ചെടുത്തിരുന്നതിന്റെ അതേ
സ്വാദ് .''

'' ചേടത്ത്യേ ,,, 
എനിക്ക് കൂടണയാൻ നേരമായി.''

വെളുവെളുങ്ങനെ ചിരിക്കുന്ന ചട്ടയും മുണ്ടും .മുണ്ടിന്റെ അറ്റം പിടിച്ച്
ചുണ്ട് തുടയ്ക്കുന്നതിനിടയിൽ ചട്ട ചെറുതായി പൊക്കി ആ വെളുത്ത വയറിൽ
ഞാനെന്റെ ചുണ്ടുകൾ  പതിച്ചുവെച്ചു .


വാതിൽചാരി നില്ക്കുന്നു ചേടത്തി, ഒരു മനോഹര ശിൽപം പോലെ .
മണ്ണിൽനിന്ന് പൊന്നുവിളയിച്ച അപ്പന്റെ മകൾ .കോളേജ് അധ്യാപികയായി
ജീവിതം .അന്യമതസ്ഥന്റെ മണവാട്ടിയായി സ്വയം അവരോധിച്ച്  ,
നിത്യകന്യകയായി സ്വർഗസ്ഥയായവൾ.

ഞങ്ങൾ രണ്ടു ദേശക്കാർ . ആരും കാണാതെ സന്ധിക്കുന്നു .അവർ
അന്ത്യനാളുകളിൽ ജീവിച്ച വീട് ,എന്റെ നാല് ഞായറാഴ്ചകൾ മാത്രം കണ്ട വീട് .
കേട്ടറിവുകളിൽ നിന്ന് ഞാനാ വീടിന്റെ 
ഓരോ മുക്കിലും മൂലയിലും അവരുടെ മണം തിരഞ്ഞുപിടിച്ച ദിവസങ്ങൾ . 
ഞാൻ വരച്ചെടുത്ത
മുഖം . ഞാൻ കൊടുത്ത ശബ്ദം .അതിലൂടെ ചേടത്തി കഥകൾ പറയുന്നു ,
ആ കഥകൾ കേൾക്കാൻ ഒരു സ്വപ്നാടകയെപ്പോലെ ഞാനിന്നുമെത്തുന്നു .
ആ മടിയിൽ തലവെച്ചു കിടക്കുന്നു ,ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ
പരതിനടക്കുന്നു. ആ വിരൽതുമ്പുകളിലൂടെ സ്നേഹത്തിന്റെ കടലാഴങ്ങളിൽ
ഞാൻ ആകാശംപോലെ നീലനിറമാകുന്നു.


കിളികൾ ചില്ലകളിൽ നിരന്നിരിക്കും.
ഞങ്ങൾ കഥ പറയും. അവർ പറന്നുപറന്നു
ചെന്ന് ചേക്കേറിയ ദേശങ്ങളെക്കുറിച്ചും.
എനിക്കും എന്റെ ത്രേസ്യാമ്മ ചേടത്തിക്കും ഞങ്ങളുടെ  കിളികൾക്കും മിണ്ടിപ്പറയാൻ
എന്തിനാണീ മണ്ണിൽ വേറൊരു ഭാഷ.
--------------------------------------------------------------------------------

















2015, ജൂൺ 21, ഞായറാഴ്‌ച

അച്ഛൻ


പുതു പച്ചക്കുപ്പായത്തിൻ
കുടുക്കിട്ടു തരുന്നുണ്ട്
പിറകിൽ നിന്നിതാ വേഗം
കരുത്തുള്ളൊരു കയ്യ്.

ചുവന്ന പൂക്കൾ നീളെ
വിരിയാൻ തുടങ്ങുന്നു
പറക്കാനൊരുങ്ങുന്നു
കുഞ്ഞിളം പൂമ്പാറ്റകൾ .

വിരൽതൊട്ടിരിക്കുന്നു
പൂവിനെ നോക്കാതൊരാൾ
ആശിച്ചു പോയെന്നാലും
തൊടില്ല ഞാനാ വർണ്ണം .

നോക്കിനിൽക്കെയാ പൂക്കൾ
കൊഴിഞ്ഞു വീഴുന്നല്ലോ
പറന്നു പറന്നു പോയ് 
കൂട്ടമായ്‌ ശലഭങ്ങളും .

കണ്‍പാർത്തു നിൽക്കെയങ്ങ്
മാനത്തെ കൊട്ടാരത്തിൽ
ഒരു മിന്നാമിനുങ്ങു പോൽ
കണ്‍മായാജാലം പോലെ ....!!!





2015, ജൂൺ 12, വെള്ളിയാഴ്‌ച

നമ്മൾ പൂക്കുന്ന രാജ്യം .

നിറയെ മിന്നാമിനുങ്ങുകൾ
പൂത്തുനിന്ന മരത്തിന്റെ
ചില്ലകളിലൊന്നൊടിച്ചെടുത്താണ്
ഒരു മാത്ര ദൂരമുള്ള നിന്നിലേയ്ക്ക്
ഞാനൊരു പാലമുണ്ടാക്കിയത്.

കൂടുവിട്ട് വീടുണർത്താനെത്തുന്ന
കിളിപ്പേച്ചിനീണമിടുന്നവഴിയിൽ
മഞ്ഞുപിഴിഞ്ഞ് ,നീയെനിക്കായ് വിരിക്കും 
ഇട്ടിരിക്കാനൊരു കസ്സവു തൂവാല .

നിറഞ്ഞിരിക്കുന്ന ചെപ്പുതുറന്ന്
പീച്ചിമരച്ചുവപ്പിൽ വിരൽതൊട്ട്
കണ്ണാടി നോക്കാതെ
ഞാനൊരു   പൊട്ടുകുത്തും.

ആലിപ്പഴം നിറച്ച മണ്‍ഭരണി
നീയെനിക്കായ്  തുറന്നു വെയ്ക്കും
ഉള്ളിന്റെയുള്ളിലേയ്ക്ക്  പതിയെ
ഞാനാ മധുരം നുണച്ചിറക്കും .

മണ്‍തിട്ടയ്ക്കും പച്ചപ്പിനും മറവിലൂടെ
ചുവന്ന റിബണ്‍ പറക്കുന്നുണ്ടോയെന്ന്
ഒളിഞ്ഞുനോക്കി , കാണാത്ത ആ മുഖം
എന്റെ ബാല്യമെന്ന്  കൊതിക്കും .

കുണുങ്ങിയാർത്ത് , മതിമറന്നു ചിരിക്കുന്ന
കടുംനിറമുള്ള കാട്ടുപൂക്കൾക്ക്  മേലെ
മഴയുടെ തുണ്ടുകൾ ഒന്നൊന്നായി
നീ നിരത്തി നിരത്തി വെയ്ക്കും .

പൂവുടലുകൾ പിച്ചിചീന്തി രസിക്കുന്ന
കുസൃതികളുടെ നനുത്ത വാലുകൾ
വാഴനാരുകൊണ്ട് കൂട്ടിക്കെട്ടണമെന്ന്
നമ്മൾ അടക്കം പറയും .

അത്തിമരക്കൊമ്പിൽ ഒറ്റക്കിരുന്ന്
മലമുഴക്കുന്നവളെ കാണാൻ
താലത്തിൽ തേനും വയമ്പുമെടുത്ത്
നീയെനിക്ക് കൂട്ടിനു വരും .

ചായം തേയ്ക്കാത്ത നിന്റെ കുടികളിൽ
വാതിൽചാരി മറഞ്ഞുനില്ക്കുന്നവരെ
പേരുവിളിച്ച് , ചേർത്തുനിർത്തി നമ്മൾ
കാടുകണ്ടുറവകണ്ട്  മലയിറങ്ങും .

മലമുകളിൽ മാഞ്ഞുമാഞ്ഞു പോകുന്ന
ചുവന്ന മേഘങ്ങളെ സാക്ഷിയാക്കി
സൂര്യകാന്തത്തിന്റെ കഥ പറഞ്ഞ്
നമ്മൾ കൈകോർത്തു പടവുകളിറങ്ങും.

നാഗമരത്തിന്റെ ഇലപ്പടർപ്പിൽ
കൂടണയുന്ന കുഞ്ഞു പറവകളെ
ഒരിക്കൽക്കൂടി കണ്‍നിറച്ചെടുത്ത്
ഞാൻ പാലത്തിലേയ്ക്ക്  കാൽവെയ്ക്കും .

അടുക്കളയിലെ
നിലച്ചുപോയ സൂചികളിൽ നിന്ന്
ഘടികാരത്തെ കൃത്യമായി
വായിച്ചെടുക്കുന്നതുപോലെ
എന്നിൽ നീയെപ്പോഴും
ഓർമ്മപ്പെട്ടുകൊണ്ടേയിരിക്കുന്നു
ഇതുവരെയാരും
അടയാളപ്പെടാത്തതുപോലെ ...!
---------------------------------------








2015, ജൂൺ 9, ചൊവ്വാഴ്ച

നമ്മളെ ഒന്നായെഴുതുന്ന വരിയിൽ ...


മഹാവിസ്ഫോടനത്തിൽ
ചിതറിത്തെറിച്ച്
രണ്ട്  ഭ്രമണപഥങ്ങളിൽ
ഒറ്റപ്പെട്ടവരെപ്പോലെ
യുഗയുഗാന്തരങ്ങളായ്
നോക്കിനില്പ്പാണ്‌
നമ്മൾ പരസ്പരം .

ഒരുന്മാദക്കൂട്ടിലും
ചേക്കേറാനാവാതെ
ഋതുക്കളൊന്നിലും
പിറന്നുവീഴാതെ .

പുലരിയിൽ
സന്ധ്യയിൽ
പാട്ടിന്റെ ശീലുകളിൽ 
ഉറങ്ങാതെയുണരാതെ
ഒരേ വഴിയിൽ
പലവട്ടം കണ്ട്
അപരിചിതരാകുന്നവർ .

വെട്ടിയും
തിരുത്തിയും
വീണ്ടും വീണ്ടും
പലയിടങ്ങളിൽ 
പ്രതിഷ്ഠിക്കപ്പെടുന്നവർ .

നീയും
ഞാനും
വെളിപ്പെടാത്ത
പ്രണയാവശിഷ്ടങ്ങൾ.
സൂര്യനും ഭൂമിയും പോലെ ..!
-----------------------------

















2015, മേയ് 22, വെള്ളിയാഴ്‌ച

'' അഗ്നി  ജ്വലിക്കുന്നത്  എപ്പോഴും  മുകളിലോട്ടാണ് .
കത്തിക്കൊണ്ടിരിക്കുന്ന  വിറകുകൊള്ളി  താഴോട്ടു പിടിച്ചാലും
ജ്വാലകൾ  മേൽപ്പോട്ടായിരിക്കും പോകുന്നത് . മാത്രവുമല്ല ,
ഒരു വനം മുഴുവൻ കത്തിച്ചാമ്പലാകാൻ ഒരു തീപ്പൊരി മതിയാകും .
ഒരു മെഴുകുതിരിയുടെ ജ്വാലയിൽ നിന്നും ഒരായിരം മെഴുകുതിരികൾ
ജ്വലിപ്പിക്കാൻ  കഴിയും .എന്നാൽ കത്തിക്കാൻ   ഉപയോഗിച്ച
മെഴുകുതിരിയുടെ ജ്വാലയ്ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല .
ഇതിനേക്കാൾ നന്നായി ആത്മാവിനെ പ്രതീകവൽക്കരിക്കുന്ന
മറ്റേത് പ്രതീകമാണുള്ളത് ?..അഗ്നി സംഹാരരൂപിയാകുമ്പോൾ
എല്ലാത്തിനെയും കത്തിച്ച് ചാമ്പലാക്കും .സ്നേഹത്തിന്റെയും
അനുകമ്പയുടെയും അഗ്നിയാകട്ടെ എല്ലാ സ്വാർത്ഥതകളെയും
ഭാസ്മമാക്കും..പ്രകൃതിയിലുള്ള മറ്റെന്തിനെയും പോലെ അഗ്നിക്കും
അതിന്റേതായ ഒരു മനസ്സുണ്ട് ... ''

{ '' ഗുരുസമക്ഷം '' ( ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ) }

ശ്രീ .എം


2015, മേയ് 21, വ്യാഴാഴ്‌ച

കുന്നിക്കുരുവിന് കണ്ണെഴുതിയതാരാണോ ..!


വകഞ്ഞുമാറ്റി
മുൻനിരയിലെത്താറുണ്ട്
തെളിഞ്ഞു തെളിഞ്ഞ്
'ആയമ്മ ' എന്നൊരോർമ്മ .
പല നേരങ്ങളിൽ
പല പല മണങ്ങളിൽ.
കനലിൽ ചുട്ടെടുത്ത
കപ്പയുടെ ,
ചക്കക്കുരുവിന്റെ ,
കശുവണ്ടിയുടെ ...

നീണ്ടു ചുരുണ്ട മുടി
അറ്റംകെട്ടിയിട്ട്
നിലവിളക്കിനു മുന്നിൽ
വന്നുനിൽക്കാറുണ്ട്
അമ്മയെക്കാൾ
ഉയരമുള്ള ആ ഓർമ്മ .

'ഈ ചോറുരുളയ്ക്ക്
എന്താണിത്ര രുചി'യെന്ന്
ഓർത്തോർത്ത്
പറ്റിച്ചേർന്നു കിടന്നിട്ടുണ്ട്
പാൽമണമറിഞ്ഞിട്ടുണ്ട്
ആഴമേറിയ കിണറിനുള്ളിൽ
ചേർന്നു നില്ക്കുന്ന
കുഞ്ഞുനിഴലായെന്നെ
കാണിച്ചു തന്നിട്ടുണ്ട് .
വായ കീറിയ ദൈവം
വഴികാണിച്ചുകൊടുക്കുമെന്ന്
കേട്ടുകേട്ടുറങ്ങിയിട്ടുണ്ട്
മറയുന്നതുവരെ നോക്കിനിന്ന്
കണ്ണീരൊലിപ്പിച്ചിട്ടുണ്ട് .

ആയമ്മ
മുറ്റമടിക്കുമ്പോൾ
തുണിയലക്കുമ്പോൾ
പശുവിനു തീറ്റകൊടുക്കുമ്പോൾ
വെയിലിനെ
കറുപ്പുമുക്കുന്ന മേഘങ്ങളെ
ഉണക്കാനിട്ട നെല്ലിനൊപ്പം
മുറ്റത്തു നിന്ന് പായയിൽ
ചിക്കിക്കൂട്ടി ചുരുട്ടിയെടുക്കുമ്പോൾ
പിറകേ ഓടിച്ചെന്നിക്കിളിയിടുന്ന
കുരുത്തംകെട്ടവളേ ,
വാതിലിനപ്പുറം മറഞ്ഞുനിന്ന്
വിടവിലൂടെത്തിനോക്കി
കൂട്ടുകൂടാൻ കൂടൊരുക്കുന്നവളേ ,
നിന്നെ എത്ര കണ്ടിട്ടും
മതിയാവുന്നില്ലല്ലോ ....!
-----------------------










2015, മേയ് 14, വ്യാഴാഴ്‌ച

ഒരു വിണ്‍ചെരാത്‌ പോലെ .

നിന്റെ വിരലുകൾ
എത്ര സമർത്ഥമാണ്
ആഴമറിയുന്ന
തുഴക്കാരന്റേതുപോലെ.

മുറിവാഴങ്ങളിലൂടെ
വിരലോടിക്കുമ്പോൾ
തികഞ്ഞ
ഒരു ശില്പിയുടേതു പോലെ .

സൂക്ഷ്മതയോടെ
കെട്ടുകളിടുമ്പോൾ 
ഇരുത്തംവന്ന
തുന്നൽക്കാരന്റേതു പോലെ .

തേൻ പുരട്ടുന്ന
നിന്റെ വിരലുകൾ
ഇന്നലെ പിറന്ന
കിളിക്കുഞ്ഞിന്റേതു പോലെ .

ഇമ തലോടുമ്പോൾ 
എനിക്കേറ്റം പ്രിയമുള്ള
പൂവിന്റെ
ഇതളുകൾ പോലെ .

നിന്റെ വിരൽസ്പർശത്തിന്റെ
മാന്ത്രികത .. !
അതിനുവേണ്ടി മാത്രമാണ് 
പിന്നെയും പിന്നെയും
ഞാനെന്നെയിങ്ങനെ
കീറിമുറിക്കുന്നത്‌ .
----------------------------



2015, മേയ് 12, ചൊവ്വാഴ്ച

നടക്കാനിറങ്ങിയതാണ് .
സ്വന്തമല്ലാത്ത നാടിന്റെ  ഓരോരോ മുഖങ്ങളിലേക്ക്
വലിയ നടപ്പാതയിൽ നിന്ന് ചെറിയ ചെറിയ പാതകൾ
ചെറിയ ചെറിയ കാഴ്ചകളുടെ സുഖം നല്കുന്ന വൈകുന്നേരങ്ങൾ .
കറുത്ത മാനത്തെ കണ്ടില്ലെന്നു ഭാവിച്ച് സൊറ പറഞ്ഞ്  ഒരു മണിക്കൂർ.

സൈക്കിൾ ടയറും കോലുകളുമായി അവധി ആഘോഷിക്കുന്ന കുട്ടികൾ.
വഴിയോരത്ത്‌ ചെറിയൊരു കൂട്ടമുണ്ടാക്കി നേരമ്പോക്ക് പറയുന്ന വീട്ടമ്മമാർ .
ചിക്കി ചികയുന്നതിനിടയിൽ പാടുകയോ പറയുകയോ ചെയ്യുന്ന കോഴികൾ
നാളെ നീ വരുമ്പോൾ പൂത്തുനിൽക്കാമെന്നു പറയുന്ന മൊട്ടുകൾ
ബൈക്ക് നിർത്തിയിട്ട് മൊബൈലിൽ ഏതോ ദൃശ്യം ആസ്വദിക്കുന്ന ആണ്‍കുട്ടികൾ.

പെട്ടെന്ന് ആകാശത്തിന് തീപിടിച്ചു .കാതടപ്പിക്കുന്ന വെടിയൊച്ചകൾ .
നിരവധി കുടങ്ങൾ ഒരുമിച്ചു പൊട്ടിയതുപൊലെ ചൊരിയുന്ന മേഘങ്ങൾ .
കവലയിൽ എത്താൻ ദൂരമേറെ .
അടുത്തു  കണ്ട വീട്ടിന്റെ ഗേറ്റിനു പുറത്ത് , മുറ്റം നനയാതെ കെട്ടിയിരിക്കുന്ന
ഷീറ്റിനു താഴെ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ .
നനയാത്ത തലയും നനയുന്ന ഉടലും കാലുകളും .
ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇറങ്ങി വന്ന്
കണ്ടില്ലെന്നു നടിച്ച് , തുറന്നു കിടന്ന ചെറിയ ഗേറ്റ് അടയ്ക്കുന്നു.
മഴനനയുന്നവരെ കാണാൻ അറപ്പുള്ളതുപോലുളള  ഭാവം .
ടി വി കാഴ്ചകളെ  അലോസരപ്പെടുത്തുമെന്ന്  ഭയപ്പെട്ട് മുൻവാതിലും .
വലിച്ചടച്ചില്ല .പക്ഷെ  മുഖത്തടിച്ച അനുഭവം.
പിന്നീട് ഒരു നിമിഷം കൂടി അവിടെ നില്ക്കാൻ തോന്നിയില്ല .
പെരുമഴ നനഞ്ഞ്‌ ഒന്നര കിലോമീറ്റർ ദൂരം .
ആകാശപൂരവും കണ്ടു നടക്കുമ്പോൾ  ഓരോ വലിയ മഴവേരിനോടും
ഞാൻ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടേയിരുന്നു .
എന്താണിങ്ങനെ കരുണ വറ്റാനുള്ള കാരണം .. ?
മനുഷ്യൻ മനുഷ്യനെയും മറ്റു ചരാചരങ്ങളെയും തന്നെപ്പോലെ
സ്നേഹിക്കുന്ന ഒരു കാലം ......ഉണ്ടാവില്ലേ ...
അതൊരു സ്വപ്നമാണ് , ശുഭപര്യവസാനിയായ ഒരു സ്വപ്നം .

കുളികഴിഞ്ഞ് , കപ്പയും കാന്താരി മുളകുടച്ച ചമ്മന്തിയും കൂട്ടിനു കട്ടൻചായയും .
ഞാനെത്ര പെട്ടെന്നാണ് ബാല്യത്തിലേക്ക്  ഓടിക്കയറിയത് .
മഴ നനഞ്ഞാൽ പനിവരുമെന്ന് അമ്മ വെറുതെ പറയുന്നതാണെന്ന്
വലിയ മഴ വരാൻ കൈകൂപ്പി പ്രാർത്ഥിച്ചാൽ മതിയെന്ന്
ഒറ്റക്കും കൂട്ടായും പറഞ്ഞു നടന്നത് !
ആർത്തുല്ലസിച്ച്   മഴയിൽ കുളിച്ചത്
അനുസരണക്കേട്‌ കാണിക്കുമ്പോൾ അച്ഛനെ വിളിക്കുമെന്ന്
അമ്മ പേടിപ്പെടുത്തുന്നത്
മതിവരാതെ , വെള്ളമിറ്റിറ്റു വീഴുന്ന തലമുടി വട്ടത്തിൽ കുടഞ്ഞ്‌
ഉരൽക്കളമാകെ മഴമുത്തുകൾ വിതറുന്നത്
അടുത്തു വരുന്നവർ ആരായാലും കെട്ടിപ്പിടിച്ച് അവരെ നനയ്ക്കുന്നത്
മരവിച്ചു ചുരുങ്ങിയ വിരലുകൾ അടുപ്പിനടുത്ത് പിടിച്ചു ചൂടാക്കുന്നത്
എന്തെല്ലാമെന്തെല്ലാം നനവുള്ള  ഓർമ്മകൾ .......!!!!!!!

വാതിലടച്ചു തഴുതിട്ട കുട്ടീ , മാനത്തീന്നു വെടിയൊച്ച കേട്ടപ്പോൾ
ഒരിക്കലെങ്കിലും നീ ഓർത്തുവോ ഞങ്ങളെക്കുറിച്ച്  ?
ഞങ്ങൾ നനഞ്ഞ ആ മഴയെക്കുറിച്ച് ?
നിനക്കറിയില്ലേ നിഘണ്ടുവിൽ കരുണ , കനിവ് , സ്നേഹം എന്നൊക്കെയുള്ള
വാക്കുകളുണ്ടെന്ന് ? നീ അറിഞ്ഞിട്ടില്ലേ ആ വാക്കുകളുടെ മാധുര്യം ?
ആരും പറഞ്ഞുതന്നിട്ടില്ലേ നാം ആസ്വദിക്കുന്നതെല്ലാം പ്രകൃതിയുടെ കനിവാണെന്ന് ?
എങ്കിലും നിന്നോട്  നന്ദിയുണ്ട് .
ഒരിക്കൽക്കൂടി പെരുമഴയിലൂടെ നടക്കാൻ കഴിഞ്ഞതിന്
കുഞ്ഞു പാവാടക്കാരിയോട് വീണ്ടുമൊരിക്കൽക്കൂടി സല്ലപിക്കാൻ കഴിഞ്ഞതിന് .
------------------------------------------------------------------------------------
  (   അനുഭവം
         ആദ്യം വേദനിച്ചു ....പിന്നെ മധുരിച്ചു . )                 

2015, മേയ് 6, ബുധനാഴ്‌ച

പച്ചയാകുംവിധം

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ തുറന്നു വിടുക.

മഷി പടർത്തി 
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക്.
വാലില്ലാത്ത പൂച്ച,
ആനയെക്കാൾ വലിപ്പമുള്ള 
ആന,
ഒഴുകുന്ന മുതലയും കുരങ്ങനും,
അമ്മയും കുഞ്ഞും,
ചരിഞ്ഞു വീണു കിടക്കുന്ന 
വലിയ മിഠായിഭരണി.

ചിത്രങ്ങൾക്കൊപ്പം
ഞാനറിയാതെ  
ഒഴുകി മാഞ്ഞുപോകുന്ന 
എന്റെ മുഖം.

മുഖമില്ലാതെ 
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാടു പടർന്ന് 
നിറയുകയാണാകാശം.

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര്. 
ഞാനെന്റെ കണ്ണിനുള്ളിൽ
ചുരുട്ടി വെയ്ക്കുന്ന
വേരിന്റെ പച്ച.
 
നക്ഷത്രങ്ങൾ
വിടരാൻ തുടങ്ങുമ്പോൾ 
വേരുമാകാശവുമൊന്നാകും,
ഞാനതിലൊരിലയും.

 




2015, ഏപ്രിൽ 29, ബുധനാഴ്‌ച



എഴുതിയില്ല
അണിഞ്ഞതുമില്ല
കണ്ണുനിറഞ്ഞാലോ
ഉടഞ്ഞുപോയാലോ 
പൊതിഞ്ഞുവെച്ചതല്ലേ
എന്റേതെന്റേതെന്ന്
കൊതിപ്പിച്ചിരുന്നെങ്കിലും.
എന്നിട്ടുമെന്നിട്ടും
നിങ്ങളെന്തേ 
ഇടക്കിടയ്ക്കോടിവന്ന്
പിന്നാപ്പുറത്തുനിന്ന്
എന്നെനോക്കി
അടക്കം പറഞ്ഞ്
പിന്നെ ...
പതിയെപ്പതിയെ
ചേർന്നുനിന്ന് 
തൊട്ടുവിളിച്ച്
കണ്ണിറുക്കി
കിലുങ്ങിച്ചിരിക്കുന്നു ?!
--------------------------

2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

അവൾ ചേതനയാണ്
അതുകൊണ്ടാണ്
വിത്ത് മുളയ്ക്കുന്നതും
തളിരുകൾ പൂവാകുന്നതും
കായും കനിയുമായി
വിത്തായ് നിറയുന്നതും .

പൂവ് തരുന്നവളെ
പൂവായ് തലോടണം .
----------------------------------
തണൽ നഷ്ടപ്പെടുമ്പോൾ മാത്രമാണ്
അവൾ തേങ്ങിത്തേങ്ങിക്കരയാറ്
വീണ്ടും എവിടെയോ ഒരു വിത്ത്
ആത്മാഹുതി ചെയ്തിട്ടുണ്ടാവും.
-----------------------------------

'' ചെവിയോർക്കുന്ന സ്വർഗത്തോട്  സംസാരിക്കാൻ
ഭൂമി നിരന്തരമായി നടത്തുന്ന ശ്രമമാണ്  മരങ്ങൾ .''
------------------------ ടാഗോർ
*

2015, ഏപ്രിൽ 22, ബുധനാഴ്‌ച

ചുരമിറങ്ങി അവൾ  വന്നു .
അതേ ദിവസം ,അതേ സമയം ,
അതേ ചമയങ്ങളോടെ .!
ഒരു പൂർണ്ണസംവത്സരം .
വാതിലും ജനാലകളും തുറന്നിട്ടിരുന്നു .
വരുമെന്ന് ഒരു നൂറുവട്ടം ഉറപ്പിച്ചിരുന്നു .
കൊന്നമരത്തെ ഇക്കിളിയിട്ട്,പൊഴിഞ്ഞുവീണ
ചിരികളെ വിരലുകൾ കൊണ്ടുഴിഞ്ഞ്
അവൾ മെല്ലെ കോലായയിലേയ്ക്ക് കടക്കുന്നു .
കൈത്തണ്ട തലോടി ,കാണുന്നതൊരു
സ്വപ്നമല്ലെന്ന് ഞാനെന്നെ അറിയിക്കുന്നു .
എന്റെ കാൽവിരലുകൾ നനയുന്നു .
എന്നെ വായിക്കാനും അവളെ കേൾക്കാനും
ലിപികളില്ലാത്ത ഭാഷ മതിയാവുമെന്ന് 
പരസ്പരം ആവർത്തിക്കുന്നു .

പ്രകൃതിയും പ്രണയവും നീയും ഞാനുമാണെന്ന് ......
ഭൂമിയുടെ മടിത്തട്ടിലേയ്ക്ക്  ചെവികൊടുത്തിരുന്ന് , മണ്ണിനെ
പുണർന്നുകിടക്കുന്ന കരിയിലകളിൽ മഞ്ഞുത്തുള്ളികൾ
മീട്ടുന്നതാണ് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഹൃദയഹാരിയായ
ഉണർത്തുപാട്ടെന്ന് ......... നിന്റെ വിരൽത്തുമ്പ് മോഹിച്ച്
എന്റെ കുടിലിന്റെ ഭിത്തികളിൽ ഒരു ചുവന്ന കല്ലുകൊണ്ട്
ഞാനെഴുതി നിറയ്ക്കുന്നു .
----------------------------------

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

പറന്നിറങ്ങി , തൂവൽ കൊഴിച്ച്
പാടം നിറയ്ക്കുന്നു പുലർമഞ്ഞുപക്ഷി
കണ്ണേ ,കുളിർകൊണ്ടു നിറഞ്ഞുലാവാൻ
നിനക്കെന്തിനിന്നിനിയുത്സവം വേറെ .!
............................................................
..............................................
..............................
.....................
...........
.....
..
.

' പകുത്തെടുക്കുന്നത് '

ഒഴുകാനാവാതെ
മരവിച്ചുകിടക്കുന്ന
പുഴ .

കാഴ്ചയെ
പിറകേവിളിച്ച്
കാൽനഖം കൊണ്ട്
ഇളകിച്ചിരിക്കുന്ന
ഒരു കൽച്ചീന്ത് .

പൊതിഞ്ഞുപിടിച്ച്‌
പടവുകളെണ്ണാൻ മറന്ന്  
ഊർന്നുപോയൊരു
പാദസരം കിലുങ്ങാൻ
കാത്തുനില്പ് .

കാണെക്കാണെ
ആ കൽച്ചീന്ത്
പെറ്റിക്കോട്ടിലിരുന്ന്
ഒരുരുളൻ കല്ലായി
രൂപാന്തരപ്പെടുന്നു .

നനയാത്ത
ആദ്യപടവിലിരുന്ന്
മൂന്നു വിരലുകളൊന്നാക്കി
ഞാനാ കല്ലുകൊണ്ട്
പുഴയെ ഉണർത്തുന്നു .

ആകാശത്തിന്റെ പൊട്ടെടുത്ത്
അവൾ വട്ടമിട്ടു കളിക്കുന്നു
ആ നുണക്കുഴികളിൽ
മുങ്ങാങ്കുഴിയിട്ട് ,
ഒരു വട്ടം കൂടി
വരച്ച് , ഞാനും ...!
---------------------------

2015, മാർച്ച് 28, ശനിയാഴ്‌ച

എന്റേതെന്റേതെന്ന് ....



 'ദേ , നോക്ക്
 ചുവരിൽ നീ നട്ട ചെടി
പൂവിട്ടിരിക്കുന്നു
എന്തൊരു ചേല് .'
ഒരു ഞൊടിയിടകൊണ്ട്
ഇരുട്ടിൽ തലയനക്കി
ഉത്തരം പറയുന്ന
ഒരു കുഞ്ഞായി
ചുവരിൽ നിന്ന് ചുവരിലേയ്ക്ക്
ഞാൻ നടന്നുകയറുന്നു .

ആകാശത്തിന്റെ നെറ്റിയിലെ
കടുംചുവപ്പു പൊട്ട്
ഊയലാടുന്ന മഞ്ഞക്കിളി
പച്ച മേയുന്ന കാലികൾ
മഴവില്ലിൽ നിന്ന്
ഊർന്നുവീഴുന്ന കുപ്പിവളകൾ .

മൂന്നാം നിലയിലെ
പാതിയടച്ച  ജനാലയ്ക്കരികിൽ
പട്ടം പറത്തി നില്ക്കുന്നു
ഒരു പെണ്‍കുട്ടി.
നോക്കിനില്ക്കെ 
നൂലുപിടിക്കുന്ന വിരലുകൾ
എന്റേതായി മാറുന്നു
ആകാശത്തെ കീറിമുറിച്ച്
പൂക്കാത്തമരത്തിൽ 
പൂവായി നിറയുന്ന  പട്ടം
അങ്ങു ദൂരെ ഒരു മല
കാട്  കണ്ടുകണ്ട്
ഒഴുകിയിറങ്ങി പരക്കുന്ന പുഴ .

മുകളിലേയ്ക്കൊഴുകിയെത്തിയ
പുഴയിൽ കാൽ നനച്ച്
ആറ്റുവഞ്ഞിയുടെ  മൊട്ടു പറിച്ച് 
പുഴക്കരയിൽ നിന്നുകൊണ്ട്
ഞാനൊരു ശലഭത്തിന്റെ
ചിറകു വരയ്ക്കാൻ തുടങ്ങുന്നു ..!
-----------------------------





2015, മാർച്ച് 22, ഞായറാഴ്‌ച

' അനാമിക '

തിരക്കിനിടയിൽപ്പെട്ട്
ശ്വാസംമുട്ടി മരിച്ച
ശരീരത്തിലാണ്
അവസാനമായി
ഞാനവളെക്കണ്ടത് .

നെഞ്ചിനു മുകളിൽ
നെടുകെയും കുറുകെയും
തെളിഞ്ഞു കാണുന്ന,
മണ്ണിന്റെ നിറത്തിലുള്ള 
ബൂട്ട്സിന്റെ വരകൾ .

തലമുടിയിൽനിന്നു
തെറിച്ചു വീണ്
ബാഷ്പമാകാൻ മറന്ന്
മണ്ണിനു മീതെ
തിളങ്ങുന്ന മഞ്ഞുതുള്ളികൾ .

നെറ്റിയിൽ പരന്നൊഴുകി
നിരാകാരയായി
നിറമറ്റുപോയൊരു
സിന്ദൂരപ്പൊട്ട് .

ചുണ്ടിനിടയിൽ
ഞെരിഞ്ഞമർന്ന്
അകാലമൃത്യു  വരിച്ച
ഏതോ ഒരു വാക്ക് .

ഇനിയുമിനിയും
കാണാൻ മോഹിച്ച് ,
ഉറങ്ങിയ കൃഷ്ണമണികൾക്കു മീതെ
ഉണർന്നിരിക്കുന്ന കണ്‍പോളകൾ .

മൂക്കിനൊരു വശത്തായി
ചോര , വരച്ചു പഠിച്ച
വട്ടമെത്താത്ത
ഒരു കുഞ്ഞു പൊട്ട് .

മണ്ണിൽപ്പുതഞ്ഞ് ,
നിറങ്ങൾ വാരിയുടുത്തും
അഴിച്ചുവെച്ചും
ഉന്മാദത്തിലേയ്ക്കൂളിയിടുന്ന
ആകാശത്തെ
അടയാളപ്പെടുത്തിയ
വിരലുകൾ .

തിരക്കൊഴിഞ്ഞ
ഈ വീഥിയുടെ അറ്റത്തുനിന്ന്
അവളുടെ ആകാശത്തിന്
ശേഷക്രിയ ചെയ്ത്
ഞാനിറങ്ങുന്നു ,
വായിച്ചുതീരാത്ത
നാനാർത്ഥങ്ങളിലേയ്ക്ക് .
-----------------------------








2015, മാർച്ച് 9, തിങ്കളാഴ്‌ച

മുറിവാഴങ്ങളിൽ ...

പുഴ
എന്നോടൊപ്പമോ
ഞാൻ
അവളോടൊപ്പമോ
നടക്കാൻ തുടങ്ങിയത് ...

ഒഴുകി നനഞ്ഞ്
ഒരു കരയായ്
വീടണഞ്ഞത് 
ഞങ്ങളൊന്നിച്ച് .

തെച്ചിക്കായ്  പഴുക്കാത്ത
കടവുകളിൽ
കരയല്ലേ കരയല്ലേയെന്ന്
കൈനനയ്ക്കുന്നതും
ഞങ്ങളൊന്നിച്ച്.
---------------------------

2015, മാർച്ച് 2, തിങ്കളാഴ്‌ച

ഓർമ്മക്കുറിപ്പിൽ നിന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ ...


നീട്ടിവിളിക്ക്
എന്നും അച്ഛന്റെ ഉയരം 
ആകാശത്തിന്റെ പരപ്പ്
കൈവെള്ള നിറയുന്ന
ചോറുരുളയുടെ സ്വാദ് .

പെറ്റിക്കോട്ടിലിരുന്ന്
കുലുങ്ങിച്ചിരിക്കുന്ന
കുന്നിമണികളിൽ

ഊഞ്ഞാലിടുന്ന
വരിക്കപ്ലാവിന്റെ ചുവട്ടിൽ
മണ്ണപ്പം ചുട്ടുകൂട്ടുന്ന 
ചിരട്ടകളുടെ കലപിലകളിൽ

മുറ്റം നിറഞ്ഞ് ,ഗോലി കളിക്കുന്ന
ആണ്‍കുട്ടികളുടെ
കൂട്ടിമുട്ടുന്ന നോട്ടങ്ങളിൽ

താഴത്തുവീട്ടിലെ
തത്തമ്മപ്പെണ്ണിൻറെ 
ചിറകടിയൊച്ചയിൽ

ഒപ്പമെത്താൻ പിറകേയോടുന്ന
പൈക്കിടാവിന്റെ ചുണ്ടിലെ
പാൽപ്പതയിൽ

നിവർത്തിവെച്ച
പുസ്തകത്തിനു  മീതെ
ഉറക്കം തൂങ്ങിച്ചുവന്ന്
വെളിച്ചത്തിലേയ്ക്ക് മിഴിക്കുന്ന
പേടിച്ചരണ്ട കണ്ണുകളിൽ ...

ഒരുണർത്തുപാട്ടുപൊലെ
നീണ്ടു നീണ്ടു പരന്നിരുന്ന
സുഖദമായ ഒരാവൃത്തി .

ഒരുവട്ടം കൂടി
ഒരു  വട്ടംകൂടി
എന്നെ കേൾക്കാൻ കൊതിച്ച്
വാതിലിനപ്പുറം മറഞ്ഞുനിന്ന്
നീയും ................!
-----------------------------










2015, ഫെബ്രുവരി 4, ബുധനാഴ്‌ച

പുനരാഖ്യാനത്തിന്റെ രണ്ടാം തിരുമുറിവ്

മരിക്കുന്നതിന്റെ തലേരാത്രി
പ്രിയപ്പെട്ടവരെല്ലാമെത്തിയിരുന്നു .
ചലനമറ്റ ഉടലിൽ
തിളങ്ങുന്ന കൃഷ്ണമണികളെ
ജീവന്റെ തിരുശേഷിപ്പായി വായിച്ച്
അവർ നെടുവീർപ്പിടുന്നു .

വിരൽത്തുമ്പുകൊണ്ടൊരു
കൊട്ടാരം പണിത വലംകൈ
രേഖമാഞ്ഞ്  മരവിച്ചിരിക്കുന്നു.

പെറ്റു പെരുകിയ മയിൽപ്പീലികൾ
കൈവെള്ളയിൽ വെച്ച്
ഒരുവൾ തേങ്ങിക്കരയുന്നു .
ആത്മഹത്യയല്ലെന്നുറപ്പിച്ച്
നിശ്വാസങ്ങൾ ഒന്നാകുന്നു .
ഇടം നെഞ്ചിലെ കറുത്ത പാടിൽ
ചോദ്യങ്ങൾ വിരലോടിക്കുന്നു .

കഴുത്തിനു പിന്നിലും
പൊക്കിളിനു ചുറ്റിലും
മുറിവുകൾ വല്ലതുമുണ്ടോയെന്ന്
മറനീക്കി തൊട്ടുനോക്കുന്നു.
തൊട്ടുനോക്കിയാലിനി
ഇക്കിളിപ്പെടില്ലെന്ന
നാവിന്റെ രഹസ്യമൊഴി കേട്ട്
ഒരു ചുംബനം കൊണ്ട്
പണ്ടെന്നോ കരുവാളിച്ച ചുണ്ട്
അനങ്ങാതിരിക്കുന്നു .

ചിറകില്ലാതെ പറക്കാൻ
ഒരു സ്വപ്നത്തെ
കാത്തുനിന്ന വരികൾ
ആരോ ഒരാൾ ഓർത്തെടുക്കുന്നു .

തിരുമുറിവ്  തലോടി
അന്ത്യവാചകമായി
എന്നെ വായിച്ചെടുക്കുന്നു
അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയെന്നാൽ
കുടിയിറക്കുകയെന്നാണർത്ഥം .

അവർ ഇങ്ങനെ വായിച്ചു .
ഇനി നിങ്ങൾക്കും വായിക്കാം .
-----------------------------------------




2015, ജനുവരി 23, വെള്ളിയാഴ്‌ച

വെറുതെ ...

ഓർമ്മയെന്ന വാക്കിനെ
കാടെന്നു വായിച്ച്
ചുരം കയറണം
ഓരോ നുറുങ്ങിനെയും
ഓരോ മരത്തിന്റെ
പേരു ചൊല്ലി വിളിക്കണം.
നിങ്ങൾ തോൽക്കാതിരിക്കാനാണ്
ഞാൻ കണ്ണെഴുതാതിരുന്നതെന്ന്
കുന്നിമണികളോട് പറയണം.
നിങ്ങൾക്ക് നോവാതിരിക്കാനാണ്
ഞാൻ ചൂടാതിരുന്നതെന്ന്
പൂക്കളോടും പറയണം.
പച്ചഞരമ്പിൽനിന്നൊരു
മഞ്ഞുകണം
ഉടയാതെടുത്ത്
പൊട്ടുകുത്തണം.
ചില്ലമേലെ കലപിലകൂട്ടി
കൈകാൽ കുടയുന്നവരോട്
നാട്ടുവിശേഷം ചോദിച്ചറിയണം.
പൂത്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
രാവേറെയായെന്ന്
ഓർമ്മപ്പെടുത്തണം.
ചുരമിറങ്ങുമ്പോൾ
ഒരിക്കൽക്കൂടി
അക്ഷരമാല ഉരുവിട്ടുനോക്കണം.
അതിലെവിടെയാണ്
നീയും ഞാനുമെന്ന്
തിരയണം .
------------------------------



2015, ജനുവരി 12, തിങ്കളാഴ്‌ച

'മഞ്ഞാടിക്കുരു '

'' അഴകൊത്ത മഞ്ചാടിമണികൾ പെറുക്കാനാണ്
കുട്ടികൾക്കിഷ്ടം . ചേറു പുരണ്ട , മാറ്റു കുറഞ്ഞ
മഞ്ചാടിമണികളെ ആരും പെറുക്കില്ല. പക്ഷെ
അവരാണ് അനുഗ്രഹിക്കപ്പെട്ടത് .ഭൂമിയുടെ
മടിയിലുറങ്ങി , പുതുവേരുകളോടെ അളവറ്റ
മഞ്ചാടിമണികൾ പൊഴിക്കുന്ന വൃക്ഷങ്ങളായി
അവ വളരും .''
അഞ്ജലി മേനോന്റെ 'മഞ്ഞാടിക്കുരു 'വിൽ നിന്ന്
പെറുക്കിക്കൂട്ടിയെടുത്ത ഈ വാങ് മയ ചിത്രത്തിൽ
ബാല്യകൗതുകം മണ്ണുപുരളാതെ സൂക്ഷിച്ചുവെച്ച
മഞ്ചാടിക്കുരുക്കൂട്ടത്തിന്റെ അടക്കിപ്പിടിച്ച തേങ്ങൽ.
തിരയെടുക്കാത്ത ഓർമ്മകൾക്ക് കടലോളം ആഴം.!!!
*******
*****
***
*
***
*****
*******

2015, ജനുവരി 10, ശനിയാഴ്‌ച

' പ്രഥമ പ്രതിശ്രുതി '


--'' ഓ, കറമ്പീ...ഓ വെളുമ്പീ ...........സന്ധ്യയ്ക്കോ കൊടുംകാറ്റിനു
മുമ്പോ ഒക്കെ കന്നുകാലികളെ വിളിക്കുമ്പോൾ ഈ അനുനാസിക
സ്വരം പ്രയോഗിക്കുന്നത് എന്തിനെന്ന് സത്യവതിക്ക്
അറിഞ്ഞുകൂടായിരുന്നു .
അതാണ്‌ പതിവെന്നു മാത്രമറിയാം.ഇങ്ങനെ വിളിക്കുന്ന ആളുകൾക്കും
എട്ടു വയസ്സുള്ള സത്യവതിയെക്കാൾ കൂടുതലായി എന്തെങ്കിലും
അറിയാമോ ? .......വരം കിട്ടിയ ഒരു കാളയോ പശുവോ മനുഷ്യന്റെ
ഭാഷ പഠിച്ചശേഷം മനുഷ്യനോട് തന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂചിപ്പിച്ചു
കാണുമോ ? ഈ അനുനാസികസ്വരമാണ് എനിക്കിഷ്ടമെന്ന് ആ മൃഗം
പറഞ്ഞിരിക്കുമോ ? ''

 ' പ്രഥമ പ്രതിശ്രുതി '

സ്വന്തമാക്കി , ഒരിക്കൽക്കൂടി വായിച്ച പുസ്തകം .
ഭാരതീയ ജ്ഞാനപീഠപുരസ്കാരം നേടിയ നോവൽ.
ആയിരത്തിതൊള്ളായിരത്തിഅറുപത്തിനാലിൽ എഴുതപ്പെട്ടത്.
ആശാപൂർണ്ണാദേവി , ജ്ഞാനപീറപുരസ്കാരം നേടിയ മൂന്നാമത്തെ
ബംഗാളി , ഒന്നാമത്തെ വനിത .


'' അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളിൽ
കുരുങ്ങിക്കിടന്ന ബംഗാളിലെ ബകുൾമാരുടെയും പാറുൾമാരുടെയും
ചരിത്രമാണ് ഈ നോവൽ .ഇന്നത്തെ ബംഗാളിനു പിന്നിൽ
അമ്മമാരുടെയും അമ്മുമ്മമാരുടെയും വർഷങ്ങൾ നീണ്ടുനിന്ന
സമരത്തിന്റെ സംഘർഷചരിത്രമുണ്ട് .കണ്ണീരിന്റെയും
ദുരന്തങ്ങളുടെയും മുൾവഴികളിലൂടെ സഞ്ചരിച്ച് , ബംഗാളിലെ
സ്ത്രീ വിമോചനതിനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ
'സത്യവതി' യെന്ന കഥാപാത്രത്തിന്റെ കഥയാണ്‌
പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .''
-------------------------------













2015, ജനുവരി 6, ചൊവ്വാഴ്ച

ശേഷം നിനക്കു പറയാനുള്ളത് ..


എന്റെ പേര്
കൊത്തിവെച്ചിട്ടുള്ള
ഒരു പുരാതനദ്വീപിലാണ്
നീയും ഞാനും .
ഒരു നാവികനും
കാണാനാവാത്തവിധം
കടൽ നമ്മളെ
മറച്ചുപിടിച്ചിട്ടുണ്ട്.
തീരത്തു പതിയുന്ന
എന്റെ കാൽവിരലുകളെ
തിരയെടുക്കുമെന്ന്
നീയെപ്പോഴും ഭയക്കുന്നു .
പകൽ തഥാഗതനായ
സൂര്യനെയും
രാത്രി നക്ഷത്രങ്ങളെന്ന
മായയെയും കാട്ടി
പ്രലോഭിപ്പിക്കുന്ന
ആകാശത്തെക്കുറിച്ചാണ്
നമ്മളിപ്പോൾ സംസാരിക്കുന്നത് .
ഇന്നലെ ചോരപ്പുഴയൊഴുകിയ
പാഠശാലകളെക്കുറിച്ചും
പ്രാർത്ഥനാലയങ്ങളെക്കുറിച്ചും
നമ്മൾ മറക്കുന്നു .
മഴവില്ലിൽ നിന്ന് നിറം മുക്കി
പൂമ്പാറ്റകളുടെ ചിറകു വരയ്ക്കാമെന്നും
ഒരു ചുംബനമേറ്റ്
ചിരിക്കാനൊരുങ്ങി നില്ക്കുന്ന
പൂമൊട്ടുകളിലൂടെ നടക്കാമെന്നും
എന്നോട്‌ നീ അടക്കം പറയുന്നു .
നീ കടലെന്നെഴുതുമ്പോൾ
കരയെന്നു വായിച്ച്
വീണ്ടും ഞാനെന്റെ ബാല്യത്തെ
ചെപ്പിനുള്ളിൽ നിന്നെടുത്ത്
മുന്നിൽ വെയ്ക്കുന്നു .
ഒരു പൗർണ്ണമാസി നാളിൽ
നീയെന്റെ കണ്ണിൽ
പൂത്തുനില്ക്കുന്ന നേരം
കണ്‍പോളകൾക്കു മീതെ
മെല്ലെ വിരലടയാളം പതിപ്പിച്ച്
എന്നെ മണ്ണിലുറക്കി
നീ വിണ്ണിലുണർന്നിരിക്കും .
എന്നോ ഏതോ ഒരു ദേശത്ത്
അല്ല ,
ഇതുപോലൊരു ദ്വീപിൽ
വീണ്ടുമെനിക്ക് മുളപൊട്ടും .
അന്ന് ..............
-----------------------------


2015, ജനുവരി 2, വെള്ളിയാഴ്‌ച

ഉന്മാദിനി ..


എങ്ങുനിന്നോ
പൊടുന്നനെ
പാഞ്ഞെത്തിയ കാറ്റ് 
ഇതൾ പൊഴിച്ചിട്ട
കടും നിറമുള്ള
പാതിറോസാപ്പൂവ് .
മുറ്റത്തേക്കിറങ്ങി വന്ന് 
അവൾ ചിരിക്കുന്നു .
ചിതറി വീണ
ഇതളുകളെ തഴുകി
കാറ്റിന്റെ വികൃതിയെന്ന്
സാന്ത്വനിപ്പിക്കുന്നു.
അവരെ പെറുക്കിയെടുത്ത്
സ്വപ്നങ്ങളെയെന്നപോലെ
പൊതിഞ്ഞു പിടിച്ച് 
അവൾ വീണ്ടും  ചിരിക്കുന്നു .
നിലത്തുവീണു ചിതറാതെ 
കൈക്കുമ്പിൾ
നെഞ്ചോട്‌ ചേർത്തുപിടിക്കുന്നു .
പിറകിൽ 
കോരിച്ചൊരിയുന്ന മഴയെ നോക്കി
അവൾ പിന്നെയും  ചിരിക്കുന്നു
ഇതളില്ലാത്ത തണ്ട്
കാറ്റിലാടുന്നു .
കൈക്കുമ്പിൾ തുറന്നുപിടിച്ച്‌
ഓരോ ഇതളിലും
അവളെന്ന രാഗത്തിന്റെ 
ആരോഹണാവരോഹണങ്ങൾ
പകർത്തിപ്പകർത്തി
പിന്നെയും പിന്നെയും
അവൾ  ചിരിക്കുന്നു .!!!

-----------------------------------




--------------------