2015, മേയ് 28, വ്യാഴാഴ്‌ച

' വരവർണ്ണ '


പതിവുപോലെ ഇന്നും
നമ്മൾ വരയ്ക്കാനിരിക്കുന്നു .

വെള്ളയും മഞ്ഞയും ചുവപ്പും
നിരത്തിവച്ച്
നീ  തൂവൽ തലോടുന്നു
കാടും  പുഴയും വാനവും
പച്ചയില്ലാതെ നീലയില്ലാതെ
എങ്ങനെയെന്ന് ഞാനിന്നും
വെറുതെ ചിന്തിക്കുന്നു .

പതിവുപോലെ
നിറങ്ങൾ കോരിയെടുക്കാൻ
ചിരിയുടെ മുനകൊണ്ട്
നീയെന്റെ കവിളിൽ
നുണക്കുഴി കുത്തുന്നു .
കണ്ണേറു പതിച്ച മറുകിൽ നിന്ന്
കറുപ്പുനിറം  ഇളക്കിയെടുക്കുന്നു
നമ്മൾ വരയ്ക്കാൻ തുടങ്ങുന്നു .

എന്റെ പുഴ ഉണരുംമുമ്പേ
നിന്റെ പുഴയിലെ പരൽമീനുകൾ
എന്റെ കണങ്കാലുകൾക്കു ചുറ്റും
വട്ടമിട്ടു കളിക്കാൻ തുടങ്ങുന്നു
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു .

ഞാൻ പുഴയെ വാരിയെടുത്ത്
ദാവണി ഞൊറിയുമ്പോൾ 
നീയൊരു വിണ്‍മണ്ഡലം പടർത്തിവെയ്ക്കുന്നു .

നമ്മൾ രണ്ട്‌  കറുത്തപൊട്ടുകളായി
നീലയിലേക്ക് ചിറകടിക്കുന്നു .
-----------------------------------


2015, മേയ് 22, വെള്ളിയാഴ്‌ച

'' അഗ്നി  ജ്വലിക്കുന്നത്  എപ്പോഴും  മുകളിലോട്ടാണ് .
കത്തിക്കൊണ്ടിരിക്കുന്ന  വിറകുകൊള്ളി  താഴോട്ടു പിടിച്ചാലും
ജ്വാലകൾ  മേൽപ്പോട്ടായിരിക്കും പോകുന്നത് . മാത്രവുമല്ല ,
ഒരു വനം മുഴുവൻ കത്തിച്ചാമ്പലാകാൻ ഒരു തീപ്പൊരി മതിയാകും .
ഒരു മെഴുകുതിരിയുടെ ജ്വാലയിൽ നിന്നും ഒരായിരം മെഴുകുതിരികൾ
ജ്വലിപ്പിക്കാൻ  കഴിയും .എന്നാൽ കത്തിക്കാൻ   ഉപയോഗിച്ച
മെഴുകുതിരിയുടെ ജ്വാലയ്ക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല .
ഇതിനേക്കാൾ നന്നായി ആത്മാവിനെ പ്രതീകവൽക്കരിക്കുന്ന
മറ്റേത് പ്രതീകമാണുള്ളത് ?..അഗ്നി സംഹാരരൂപിയാകുമ്പോൾ
എല്ലാത്തിനെയും കത്തിച്ച് ചാമ്പലാക്കും .സ്നേഹത്തിന്റെയും
അനുകമ്പയുടെയും അഗ്നിയാകട്ടെ എല്ലാ സ്വാർത്ഥതകളെയും
ഭാസ്മമാക്കും..പ്രകൃതിയിലുള്ള മറ്റെന്തിനെയും പോലെ അഗ്നിക്കും
അതിന്റേതായ ഒരു മനസ്സുണ്ട് ... ''

{ '' ഗുരുസമക്ഷം '' ( ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ) }

ശ്രീ .എം


2015, മേയ് 21, വ്യാഴാഴ്‌ച

കുന്നിക്കുരുവിന് കണ്ണെഴുതിയതാരാണോ ..!


വകഞ്ഞുമാറ്റി
മുൻനിരയിലെത്താറുണ്ട്
തെളിഞ്ഞു തെളിഞ്ഞ്
'ആയമ്മ ' എന്നൊരോർമ്മ .
പല നേരങ്ങളിൽ
പല പല മണങ്ങളിൽ.
കനലിൽ ചുട്ടെടുത്ത
കപ്പയുടെ ,
ചക്കക്കുരുവിന്റെ ,
കശുവണ്ടിയുടെ ...

നീണ്ടു ചുരുണ്ട മുടി
അറ്റംകെട്ടിയിട്ട്
നിലവിളക്കിനു മുന്നിൽ
വന്നുനിൽക്കാറുണ്ട്
അമ്മയെക്കാൾ
ഉയരമുള്ള ആ ഓർമ്മ .

'ഈ ചോറുരുളയ്ക്ക്
എന്താണിത്ര രുചി'യെന്ന്
ഓർത്തോർത്ത്
പറ്റിച്ചേർന്നു കിടന്നിട്ടുണ്ട്
പാൽമണമറിഞ്ഞിട്ടുണ്ട്
ആഴമേറിയ കിണറിനുള്ളിൽ
ചേർന്നു നില്ക്കുന്ന
കുഞ്ഞുനിഴലായെന്നെ
കാണിച്ചു തന്നിട്ടുണ്ട് .
വായ കീറിയ ദൈവം
വഴികാണിച്ചുകൊടുക്കുമെന്ന്
കേട്ടുകേട്ടുറങ്ങിയിട്ടുണ്ട്
മറയുന്നതുവരെ നോക്കിനിന്ന്
കണ്ണീരൊലിപ്പിച്ചിട്ടുണ്ട് .

ആയമ്മ
മുറ്റമടിക്കുമ്പോൾ
തുണിയലക്കുമ്പോൾ
പശുവിനു തീറ്റകൊടുക്കുമ്പോൾ
വെയിലിനെ
കറുപ്പുമുക്കുന്ന മേഘങ്ങളെ
ഉണക്കാനിട്ട നെല്ലിനൊപ്പം
മുറ്റത്തു നിന്ന് പായയിൽ
ചിക്കിക്കൂട്ടി ചുരുട്ടിയെടുക്കുമ്പോൾ
പിറകേ ഓടിച്ചെന്നിക്കിളിയിടുന്ന
കുരുത്തംകെട്ടവളേ ,
വാതിലിനപ്പുറം മറഞ്ഞുനിന്ന്
വിടവിലൂടെത്തിനോക്കി
കൂട്ടുകൂടാൻ കൂടൊരുക്കുന്നവളേ ,
നിന്നെ എത്ര കണ്ടിട്ടും
മതിയാവുന്നില്ലല്ലോ ....!
-----------------------


2015, മേയ് 14, വ്യാഴാഴ്‌ച

ഒരു വിണ്‍ചെരാത്‌ പോലെ .

നിന്റെ വിരലുകൾ
എത്ര സമർത്ഥമാണ്
ആഴമറിയുന്ന
തുഴക്കാരന്റേതുപോലെ.

മുറിവാഴങ്ങളിലൂടെ
വിരലോടിക്കുമ്പോൾ
തികഞ്ഞ
ഒരു ശില്പിയുടേതു പോലെ .

സൂക്ഷ്മതയോടെ
കെട്ടുകളിടുമ്പോൾ 
ഇരുത്തംവന്ന
തുന്നൽക്കാരന്റേതു പോലെ .

തേൻ പുരട്ടുന്ന
നിന്റെ വിരലുകൾ
ഇന്നലെ പിറന്ന
കിളിക്കുഞ്ഞിന്റേതു പോലെ .

ഇമ തലോടുമ്പോൾ 
എനിക്കേറ്റം പ്രിയമുള്ള
പൂവിന്റെ
ഇതളുകൾ പോലെ .

നിന്റെ വിരൽസ്പർശത്തിന്റെ
മാന്ത്രികത .. !
അതിനുവേണ്ടി മാത്രമാണ് 
പിന്നെയും പിന്നെയും
ഞാനെന്നെയിങ്ങനെ
കീറിമുറിക്കുന്നത്‌ .
----------------------------2015, മേയ് 12, ചൊവ്വാഴ്ച

നടക്കാനിറങ്ങിയതാണ് .
സ്വന്തമല്ലാത്ത നാടിന്റെ  ഓരോരോ മുഖങ്ങളിലേക്ക്
വലിയ നടപ്പാതയിൽ നിന്ന് ചെറിയ ചെറിയ പാതകൾ
ചെറിയ ചെറിയ കാഴ്ചകളുടെ സുഖം നല്കുന്ന വൈകുന്നേരങ്ങൾ .
കറുത്ത മാനത്തെ കണ്ടില്ലെന്നു ഭാവിച്ച് സൊറ പറഞ്ഞ്  ഒരു മണിക്കൂർ.

സൈക്കിൾ ടയറും കോലുകളുമായി അവധി ആഘോഷിക്കുന്ന കുട്ടികൾ.
വഴിയോരത്ത്‌ ചെറിയൊരു കൂട്ടമുണ്ടാക്കി നേരമ്പോക്ക് പറയുന്ന വീട്ടമ്മമാർ .
ചിക്കി ചികയുന്നതിനിടയിൽ പാടുകയോ പറയുകയോ ചെയ്യുന്ന കോഴികൾ
നാളെ നീ വരുമ്പോൾ പൂത്തുനിൽക്കാമെന്നു പറയുന്ന മൊട്ടുകൾ
ബൈക്ക് നിർത്തിയിട്ട് മൊബൈലിൽ ഏതോ ദൃശ്യം ആസ്വദിക്കുന്ന ആണ്‍കുട്ടികൾ.

പെട്ടെന്ന് ആകാശത്തിന് തീപിടിച്ചു .കാതടപ്പിക്കുന്ന വെടിയൊച്ചകൾ .
നിരവധി കുടങ്ങൾ ഒരുമിച്ചു പൊട്ടിയതുപൊലെ ചൊരിയുന്ന മേഘങ്ങൾ .
കവലയിൽ എത്താൻ ദൂരമേറെ .
അടുത്തു  കണ്ട വീട്ടിന്റെ ഗേറ്റിനു പുറത്ത് , മുറ്റം നനയാതെ കെട്ടിയിരിക്കുന്ന
ഷീറ്റിനു താഴെ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ .
നനയാത്ത തലയും നനയുന്ന ഉടലും കാലുകളും .
ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇറങ്ങി വന്ന്
കണ്ടില്ലെന്നു നടിച്ച് , തുറന്നു കിടന്ന ചെറിയ ഗേറ്റ് അടയ്ക്കുന്നു.
മഴനനയുന്നവരെ കാണാൻ അറപ്പുള്ളതുപോലുളള  ഭാവം .
ടി വി കാഴ്ചകളെ  അലോസരപ്പെടുത്തുമെന്ന്  ഭയപ്പെട്ട് മുൻവാതിലും .
വലിച്ചടച്ചില്ല .പക്ഷെ  മുഖത്തടിച്ച അനുഭവം.
പിന്നീട് ഒരു നിമിഷം കൂടി അവിടെ നില്ക്കാൻ തോന്നിയില്ല .
പെരുമഴ നനഞ്ഞ്‌ ഒന്നര കിലോമീറ്റർ ദൂരം .
ആകാശപൂരവും കണ്ടു നടക്കുമ്പോൾ  ഓരോ വലിയ മഴവേരിനോടും
ഞാൻ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടേയിരുന്നു .
എന്താണിങ്ങനെ കരുണ വറ്റാനുള്ള കാരണം .. ?
മനുഷ്യൻ മനുഷ്യനെയും മറ്റു ചരാചരങ്ങളെയും തന്നെപ്പോലെ
സ്നേഹിക്കുന്ന ഒരു കാലം ......ഉണ്ടാവില്ലേ ...
അതൊരു സ്വപ്നമാണ് , ശുഭപര്യവസാനിയായ ഒരു സ്വപ്നം .

കുളികഴിഞ്ഞ് , കപ്പയും കാന്താരി മുളകുടച്ച ചമ്മന്തിയും കൂട്ടിനു കട്ടൻചായയും .
ഞാനെത്ര പെട്ടെന്നാണ് ബാല്യത്തിലേക്ക്  ഓടിക്കയറിയത് .
മഴ നനഞ്ഞാൽ പനിവരുമെന്ന് അമ്മ വെറുതെ പറയുന്നതാണെന്ന്
വലിയ മഴ വരാൻ കൈകൂപ്പി പ്രാർത്ഥിച്ചാൽ മതിയെന്ന്
ഒറ്റക്കും കൂട്ടായും പറഞ്ഞു നടന്നത് !
ആർത്തുല്ലസിച്ച്   മഴയിൽ കുളിച്ചത്
അനുസരണക്കേട്‌ കാണിക്കുമ്പോൾ അച്ഛനെ വിളിക്കുമെന്ന്
അമ്മ പേടിപ്പെടുത്തുന്നത്
മതിവരാതെ , വെള്ളമിറ്റിറ്റു വീഴുന്ന തലമുടി വട്ടത്തിൽ കുടഞ്ഞ്‌
ഉരൽക്കളമാകെ മഴമുത്തുകൾ വിതറുന്നത്
അടുത്തു വരുന്നവർ ആരായാലും കെട്ടിപ്പിടിച്ച് അവരെ നനയ്ക്കുന്നത്
മരവിച്ചു ചുരുങ്ങിയ വിരലുകൾ അടുപ്പിനടുത്ത് പിടിച്ചു ചൂടാക്കുന്നത്
എന്തെല്ലാമെന്തെല്ലാം നനവുള്ള  ഓർമ്മകൾ .......!!!!!!!

വാതിലടച്ചു തഴുതിട്ട കുട്ടീ , മാനത്തീന്നു വെടിയൊച്ച കേട്ടപ്പോൾ
ഒരിക്കലെങ്കിലും നീ ഓർത്തുവോ ഞങ്ങളെക്കുറിച്ച്  ?
ഞങ്ങൾ നനഞ്ഞ ആ മഴയെക്കുറിച്ച് ?
നിനക്കറിയില്ലേ നിഘണ്ടുവിൽ കരുണ , കനിവ് , സ്നേഹം എന്നൊക്കെയുള്ള
വാക്കുകളുണ്ടെന്ന് ? നീ അറിഞ്ഞിട്ടില്ലേ ആ വാക്കുകളുടെ മാധുര്യം ?
ആരും പറഞ്ഞുതന്നിട്ടില്ലേ നാം ആസ്വദിക്കുന്നതെല്ലാം പ്രകൃതിയുടെ കനിവാണെന്ന് ?
എങ്കിലും നിന്നോട്  നന്ദിയുണ്ട് .
ഒരിക്കൽക്കൂടി പെരുമഴയിലൂടെ നടക്കാൻ കഴിഞ്ഞതിന്
കുഞ്ഞു പാവാടക്കാരിയോട് വീണ്ടുമൊരിക്കൽക്കൂടി സല്ലപിക്കാൻ കഴിഞ്ഞതിന് .
------------------------------------------------------------------------------------
  (   അനുഭവം
         ആദ്യം വേദനിച്ചു ....പിന്നെ മധുരിച്ചു . )                 

2015, മേയ് 6, ബുധനാഴ്‌ച

ആകാശം കാടാകുന്നു , ഞാനൊരിലയും .

തികച്ചും ശൂന്യമായ
പകലിടവേളകളിലാണ്
ഒന്നും ചെയ്യാനില്ലെന്ന്
വരുത്തിത്തീർത്ത്
ആകാശവിസ്മയങ്ങളിലേക്ക്
കണ്ണുകളെ വിതാനിക്കുക .

മേഘമഷി പടർത്തി
ഏതോ മാന്ത്രികൻ വരയുന്ന
മായക്കാഴ്ച്ചകളിലേക്ക് .
വാലില്ലാത്ത പൂച്ച
ആനയെക്കാൾ വലിപ്പമുള്ള ആന
ഒഴുകുന്ന മുതലയും കുരങ്ങനും
അമ്മയും കുഞ്ഞും
ചരിഞ്ഞുകിടക്കുന്ന മിഠായി ഭരണി .

ചിത്രങ്ങൾക്കിടയിൽ മാഞ്ഞുപോകുന്ന
എന്റെ പാതിമുഖം .

മേഘങ്ങളിൽ
രൂപം കാണുന്നവളെക്കുറിച്ച്
എന്നോ എവിടെയോ വായിച്ച
പഴഞ്ചൊല്ലു  തേടി
നാട്ടുവഴികൾ താണ്ടി
അലയാൻ തുടങ്ങുമ്പോൾ
മാന്ത്രികന്റെ  കാട്
ആകാശം നിറയ്ക്കുന്നു .

ഒരു മഹാമരത്തിന്റെ
ചില്ലയിൽ നിന്ന്
ഊർന്നിറങ്ങി വരുന്ന വേര് .
ആകാശം കാണാതെ
ആ വേരിനെ
ഞാനെന്റെ കണ്ണിനുള്ളിൽ
ഒളിപ്പിച്ചുവെയ്ക്കുന്നു .

കറുത്തപെണ്ണിന്റെ
വെളുത്തമക്കൾ
കളിക്കാനിറങ്ങുമ്പോൾ
വേരിനെ ഞാനൊരു
കോവണിയാക്കും
ഒച്ചയുണ്ടാക്കാതെ
കയറിച്ചെന്ന്
ഞാൻ നട്ട പിച്ചകം
വയസ്സറിയിച്ചോയെന്ന് നോക്കും ..!
----------------------------------------