2015, ജൂൺ 27, ശനിയാഴ്‌ച

കല്ലുപ്പ്

വറവിന്റെ ശബ്ദംകേട്ട്
ഊഴവും കാത്തിരിപ്പാണ്
സൂക്ഷ്മതയോടെ വിതറപ്പെടാൻ
പാകത്തിന് വെന്തുവരുന്ന രുചിയാവാൻ .

അനുപാതം തെറ്റിയാൽ
പഴി കേൾക്കുന്നുണ്ട്
തലങ്ങും വിലങ്ങും നടക്കുന്നുണ്ട്
രൂപത്തിലും ഭാവത്തിലും
മാറിപ്പോയവർ .

ലക്ഷണമൊത്ത ചിരട്ടയിലോ
ഒരു കുഞ്ഞു മണ്‍ഭരണിയിലോ
നനഞ്ഞലിഞ്ഞിരിക്കാൻ
നാളേറെയായി കൊതിച്ചിരിപ്പാണ് .

കനലൂതി കത്തിക്കുന്നതിന്റെ താളം
കൈത്തിട്ടയിൽ നിരന്നിരിക്കുന്ന
പലവ്യഞ്ജനപ്പാത്രങ്ങളുടെ കിലുക്കം
കടകോലിൽ പൊന്തിവരുന്ന വെണ്ണയുടെ നിറവ്
അരകല്ലിൽ കൊത്തിവെയ്ക്കുന്ന കുപ്പിവളക്കിലുക്കം
തിളച്ചുതിളച്ചു വറ്റുന്ന മീൻകറിയുടെ  മണം
തിട്ടയ്ക്കടിയിലെ വിറകുകൊള്ളികളുടെ അടുക്ക്
ഈർക്കിൽ ചൂലിന്റെ താളത്തിലുള്ള നടത്തം .

ആരാന്റെ ഉച്ചമയക്കമുണർത്താൻ
നൂലിൽ തൂങ്ങിക്കിടന്നൊരു കുരുത്തക്കേട്‌ .

ഭംഗിയുള്ള , നിറമുള്ള കുപ്പികളിൽ
കൂടുതൽ മിനുസ്സപ്പെട്ട് , ശ്വാസം കഴിക്കാതെ
വെള്ളത്തിലലിഞ്ഞലിഞ്ഞ് വെള്ളമായ്ത്തീരാനാവാതെ
വരാനിനിയൊരു കാലമില്ലെന്നോർത്ത്
ഞാനൊരു മുറിവിനെ നീറ്റിനീറ്റി വറ്റിക്കുകയാണ് .





2015, ജൂൺ 26, വെള്ളിയാഴ്‌ച

'' ത്രേസ്യാമ്മ ചേടത്ത്യേ ,,,,''

വാതിൽ തുറന്നിട്ടില്ല . ജനാലകൾ പാതിതുറന്നുവെച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .നാളേറെയായിരിക്കുന്നു .പരാതികളും പരിഭവങ്ങളും
ഏറ്റുവാങ്ങാൻ തയ്യാറായി , ഉള്ളിലുള്ള സ്നേഹം മുഴുവനായി കോരിനിറച്ച്
ഒരിക്കൽക്കൂടി നീട്ടി വിളിച്ചു.

"ത്രേസ്യാമ്മ ചേടത്ത്യേ,,,,,,,,,,,,,,,"

ജനാലയ്ക്കപ്പുറം , തെളിഞ്ഞുവരുന്ന പ്രകാശത്തിന്റെ ഒരു തുണ്ടുപോലെ
എന്റെ ത്രേസ്യാമ്മ ചേടത്തി . ഞാന്നുകിടക്കുന്ന കമ്മലിൽ നിന്ന്
ഓടിയിറങ്ങി എന്റെ കവിളിൽ പറ്റിചേർന്ന തിളക്കം .

''എവിടാരുന്നു ? ''
ആ പിണക്കത്തെ ഗാഢമായ ഒരാലിംഗനംകൊണ്ട് മായ്ച്ചുകളഞ്ഞ് വീണ്ടും
ഞങ്ങളൊന്നായി .

ഒളിച്ചു കളിക്കുന്ന മഴ , വിഷം കഴിച്ചുകഴിച്ച്   പാടാനാവുന്നില്ലെന്നു
പരാതിപറയുന്ന കിളികൾ , ശ്വസിക്കാൻ പേടിയെന്നു പറഞ്ഞ് തീ തുപ്പുന്ന
കാറ്റ് ... !..മാറിമറിയുന്ന  അവസ്ഥാവിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
പറഞ്ഞാശ്വസിച്ച്   വീണ്ടുമൊരു പകൽ.

തുറന്നിട്ടിരിക്കുന്ന അടുക്കള വാതിലിലൂടെ പഴയൊരോർമ മെല്ലെ മെല്ലെ
ഇഴഞ്ഞെത്തുന്നു .
''ത്രേസ്യാമ്മ ചേടത്ത്യേ , ഇപ്പോഴും ഈ പഴയ താമസക്കാർ ആ പൊത്തിനുള്ളിലുണ്ടോ ?
ചോദ്യം മനസ്സിലായെന്ന മട്ടിൽ ചെറുതായൊന്നു ചിരിച്ചു,ചേടത്തി.
'' നിന്റെ ആ പഴയ കൂട്ടിരുപ്പുകാർ അല്ലെ ?''
''അതെയതെ .''
കാൽവിരലുകൾക്ക് മുകളിലൂടെ പുഴപോലെ ഒഴുകിപ്പോയവൻ , കൂട്ടത്തിൽ
മുതിർന്നവനോട് 'ഞാനെന്തിനു നിന്നെ പേടിക്കണം'എന്ന മട്ടിൽ നോക്കിനിന്ന
ആ ദിവസം .!പിന്നെയങ്ങോട്ടെനിക്ക് കാവലായിരുന്നു.
വിഷംതീണ്ടിയില്ല അവരിലാരും.
എന്റെ ചിന്തകളുടെ വഴി നന്നായി
അറിയുന്നതുപോലെ , പിറകിലൊരു നിശ്വാസമായെന്നെ ചേർത്തുപിടിച്ച് ചേടത്തി .

വാതിലടച്ച്‌ ഞങ്ങൾ ഊണുമേശക്കിരുവശത്തായി വീണ്ടും വാർത്തകളുടെ
ചുരുളഴിക്കാൻ തുടങ്ങി .കോഴ,കോഴി' ,വിഴിഞ്ഞം പദ്ധതി ,തെരഞ്ഞെടുപ്പ്...
നിവർത്തിയിട്ട പത്രത്തിൽ, കനത്ത മഴ നനയുന്ന വയനാട്.....
ആൾനാശം ....'നിന്റെ വയനാട് 'എന്ന്  ത്രേസ്യാമ്മചേടത്തി എനിക്കൊപ്പം സങ്കടപ്പെടുന്നു.

''നീ വരാത്തതുകൊണ്ട് ഞാനൊന്നും കരുതിവെച്ചിട്ടില്ല .''
ചേടത്തിയുടെ നേർത്ത സ്വരം .
''ഈ  നെഞ്ചിനകത്ത് നിറയെയുണ്ടല്ലോ എനിക്കുള്ളതൊക്കെ ''
ഞാനാ വിരൽപിടിച്ചൊന്നു ഞൊടിച്ചു.

ഞാലിപ്പൂവൻ പഴം ഏറ്റവും ചെറിയവ ഒന്നൊന്നായെടുത്ത് കഴിക്കുന്നതിനിടയിൽ
ഞാൻ പറഞ്ഞു .''എന്തൊരു സ്വാദ് , പണ്ട് പത്തായത്തിനുള്ളിൽ അമ്മ,
ചന്ദനത്തിരി കത്തിച്ചുവെച്ച്  പഴുപ്പിച്ചെടുത്തിരുന്നതിന്റെ അതേ
സ്വാദ് .''

'' ചേടത്ത്യേ ,,, 
എനിക്ക് കൂടണയാൻ നേരമായി.''

വെളുവെളുങ്ങനെ ചിരിക്കുന്ന ചട്ടയും മുണ്ടും .മുണ്ടിന്റെ അറ്റം പിടിച്ച്
ചുണ്ട് തുടയ്ക്കുന്നതിനിടയിൽ ചട്ട ചെറുതായി പൊക്കി ആ വെളുത്ത വയറിൽ
ഞാനെന്റെ ചുണ്ടുകൾ  പതിച്ചുവെച്ചു .


വാതിൽചാരി നില്ക്കുന്നു ചേടത്തി, ഒരു മനോഹര ശിൽപം പോലെ .
മണ്ണിൽനിന്ന് പൊന്നുവിളയിച്ച അപ്പന്റെ മകൾ .കോളേജ് അധ്യാപികയായി
ജീവിതം .അന്യമതസ്ഥന്റെ മണവാട്ടിയായി സ്വയം അവരോധിച്ച്  ,
നിത്യകന്യകയായി സ്വർഗസ്ഥയായവൾ.

ഞങ്ങൾ രണ്ടു ദേശക്കാർ . ആരും കാണാതെ സന്ധിക്കുന്നു .അവർ
അന്ത്യനാളുകളിൽ ജീവിച്ച വീട് ,എന്റെ നാല് ഞായറാഴ്ചകൾ മാത്രം കണ്ട വീട് .
കേട്ടറിവുകളിൽ നിന്ന് ഞാനാ വീടിന്റെ 
ഓരോ മുക്കിലും മൂലയിലും അവരുടെ മണം തിരഞ്ഞുപിടിച്ച ദിവസങ്ങൾ . 
ഞാൻ വരച്ചെടുത്ത
മുഖം . ഞാൻ കൊടുത്ത ശബ്ദം .അതിലൂടെ ചേടത്തി കഥകൾ പറയുന്നു ,
ആ കഥകൾ കേൾക്കാൻ ഒരു സ്വപ്നാടകയെപ്പോലെ ഞാനിന്നുമെത്തുന്നു .
ആ മടിയിൽ തലവെച്ചു കിടക്കുന്നു ,ആ വിരലുകൾ എന്റെ മുടിയിഴകളിലൂടെ
പരതിനടക്കുന്നു. ആ വിരൽതുമ്പുകളിലൂടെ സ്നേഹത്തിന്റെ കടലാഴങ്ങളിൽ
ഞാൻ ആകാശംപോലെ നീലനിറമാകുന്നു.


കിളികൾ ചില്ലകളിൽ നിരന്നിരിക്കും.
ഞങ്ങൾ കഥ പറയും. അവർ പറന്നുപറന്നു
ചെന്ന് ചേക്കേറിയ ദേശങ്ങളെക്കുറിച്ചും.
എനിക്കും എന്റെ ത്രേസ്യാമ്മ ചേടത്തിക്കും ഞങ്ങളുടെ  കിളികൾക്കും മിണ്ടിപ്പറയാൻ
എന്തിനാണീ മണ്ണിൽ വേറൊരു ഭാഷ.
--------------------------------------------------------------------------------

















2015, ജൂൺ 21, ഞായറാഴ്‌ച

അച്ഛൻ


പുതു പച്ചക്കുപ്പായത്തിൻ
കുടുക്കിട്ടു തരുന്നുണ്ട്
പിറകിൽ നിന്നിതാ വേഗം
കരുത്തുള്ളൊരു കയ്യ്.

ചുവന്ന പൂക്കൾ നീളെ
വിരിയാൻ തുടങ്ങുന്നു
പറക്കാനൊരുങ്ങുന്നു
കുഞ്ഞിളം പൂമ്പാറ്റകൾ .

വിരൽതൊട്ടിരിക്കുന്നു
പൂവിനെ നോക്കാതൊരാൾ
ആശിച്ചു പോയെന്നാലും
തൊടില്ല ഞാനാ വർണ്ണം .

നോക്കിനിൽക്കെയാ പൂക്കൾ
കൊഴിഞ്ഞു വീഴുന്നല്ലോ
പറന്നു പറന്നു പോയ് 
കൂട്ടമായ്‌ ശലഭങ്ങളും .

കണ്‍പാർത്തു നിൽക്കെയങ്ങ്
മാനത്തെ കൊട്ടാരത്തിൽ
ഒരു മിന്നാമിനുങ്ങു പോൽ
കണ്‍മായാജാലം പോലെ ....!!!





2015, ജൂൺ 12, വെള്ളിയാഴ്‌ച

നമ്മൾ പൂക്കുന്ന രാജ്യം .

നിറയെ മിന്നാമിനുങ്ങുകൾ
പൂത്തുനിന്ന മരത്തിന്റെ
ചില്ലകളിലൊന്നൊടിച്ചെടുത്താണ്
ഒരു മാത്ര ദൂരമുള്ള നിന്നിലേയ്ക്ക്
ഞാനൊരു പാലമുണ്ടാക്കിയത്.

കൂടുവിട്ട് വീടുണർത്താനെത്തുന്ന
കിളിപ്പേച്ചിനീണമിടുന്നവഴിയിൽ
മഞ്ഞുപിഴിഞ്ഞ് ,നീയെനിക്കായ് വിരിക്കും 
ഇട്ടിരിക്കാനൊരു കസ്സവു തൂവാല .

നിറഞ്ഞിരിക്കുന്ന ചെപ്പുതുറന്ന്
പീച്ചിമരച്ചുവപ്പിൽ വിരൽതൊട്ട്
കണ്ണാടി നോക്കാതെ
ഞാനൊരു   പൊട്ടുകുത്തും.

ആലിപ്പഴം നിറച്ച മണ്‍ഭരണി
നീയെനിക്കായ്  തുറന്നു വെയ്ക്കും
ഉള്ളിന്റെയുള്ളിലേയ്ക്ക്  പതിയെ
ഞാനാ മധുരം നുണച്ചിറക്കും .

മണ്‍തിട്ടയ്ക്കും പച്ചപ്പിനും മറവിലൂടെ
ചുവന്ന റിബണ്‍ പറക്കുന്നുണ്ടോയെന്ന്
ഒളിഞ്ഞുനോക്കി , കാണാത്ത ആ മുഖം
എന്റെ ബാല്യമെന്ന്  കൊതിക്കും .

കുണുങ്ങിയാർത്ത് , മതിമറന്നു ചിരിക്കുന്ന
കടുംനിറമുള്ള കാട്ടുപൂക്കൾക്ക്  മേലെ
മഴയുടെ തുണ്ടുകൾ ഒന്നൊന്നായി
നീ നിരത്തി നിരത്തി വെയ്ക്കും .

പൂവുടലുകൾ പിച്ചിചീന്തി രസിക്കുന്ന
കുസൃതികളുടെ നനുത്ത വാലുകൾ
വാഴനാരുകൊണ്ട് കൂട്ടിക്കെട്ടണമെന്ന്
നമ്മൾ അടക്കം പറയും .

അത്തിമരക്കൊമ്പിൽ ഒറ്റക്കിരുന്ന്
മലമുഴക്കുന്നവളെ കാണാൻ
താലത്തിൽ തേനും വയമ്പുമെടുത്ത്
നീയെനിക്ക് കൂട്ടിനു വരും .

ചായം തേയ്ക്കാത്ത നിന്റെ കുടികളിൽ
വാതിൽചാരി മറഞ്ഞുനില്ക്കുന്നവരെ
പേരുവിളിച്ച് , ചേർത്തുനിർത്തി നമ്മൾ
കാടുകണ്ടുറവകണ്ട്  മലയിറങ്ങും .

മലമുകളിൽ മാഞ്ഞുമാഞ്ഞു പോകുന്ന
ചുവന്ന മേഘങ്ങളെ സാക്ഷിയാക്കി
സൂര്യകാന്തത്തിന്റെ കഥ പറഞ്ഞ്
നമ്മൾ കൈകോർത്തു പടവുകളിറങ്ങും.

നാഗമരത്തിന്റെ ഇലപ്പടർപ്പിൽ
കൂടണയുന്ന കുഞ്ഞു പറവകളെ
ഒരിക്കൽക്കൂടി കണ്‍നിറച്ചെടുത്ത്
ഞാൻ പാലത്തിലേയ്ക്ക്  കാൽവെയ്ക്കും .

അടുക്കളയിലെ
നിലച്ചുപോയ സൂചികളിൽ നിന്ന്
ഘടികാരത്തെ കൃത്യമായി
വായിച്ചെടുക്കുന്നതുപോലെ
എന്നിൽ നീയെപ്പോഴും
ഓർമ്മപ്പെട്ടുകൊണ്ടേയിരിക്കുന്നു
ഇതുവരെയാരും
അടയാളപ്പെടാത്തതുപോലെ ...!
---------------------------------------








2015, ജൂൺ 9, ചൊവ്വാഴ്ച

നമ്മളെ ഒന്നായെഴുതുന്ന വരിയിൽ ...


മഹാവിസ്ഫോടനത്തിൽ
ചിതറിത്തെറിച്ച്
രണ്ട്  ഭ്രമണപഥങ്ങളിൽ
ഒറ്റപ്പെട്ടവരെപ്പോലെ
യുഗയുഗാന്തരങ്ങളായ്
നോക്കിനില്പ്പാണ്‌
നമ്മൾ പരസ്പരം .

ഒരുന്മാദക്കൂട്ടിലും
ചേക്കേറാനാവാതെ
ഋതുക്കളൊന്നിലും
പിറന്നുവീഴാതെ .

പുലരിയിൽ
സന്ധ്യയിൽ
പാട്ടിന്റെ ശീലുകളിൽ 
ഉറങ്ങാതെയുണരാതെ
ഒരേ വഴിയിൽ
പലവട്ടം കണ്ട്
അപരിചിതരാകുന്നവർ .

വെട്ടിയും
തിരുത്തിയും
വീണ്ടും വീണ്ടും
പലയിടങ്ങളിൽ 
പ്രതിഷ്ഠിക്കപ്പെടുന്നവർ .

നീയും
ഞാനും
വെളിപ്പെടാത്ത
പ്രണയാവശിഷ്ടങ്ങൾ.
സൂര്യനും ഭൂമിയും പോലെ ..!
-----------------------------