2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മഹാമരത്തിന്റെ തണലിൽ
കണ്ടുമുട്ടണം .

ഓരോ ഇലകളെയും
സ്വപ്നങ്ങളെന്നെണ്ണണം .

കൂട്ടിനുള്ളിലെ കിളിനോട്ടങ്ങളെ
കണ്‍കോണിലൊളിപ്പിക്കണം .

കരുതിവെച്ച വാക്കിനെ
വേരിൽനിന്നടർത്തിയെടുക്കണം .

ഉണരുന്ന വാക്കിൻ ചുണ്ടിനെ
ചുംബിച്ച്  ചുവപ്പിക്കണം .

അസ്തമയം കണ്ടുവരുന്ന കാറ്റിനെ
മടിയിലുറക്കിക്കിടത്തണം .

പുഴയിൽ കാൽ മുഖം കഴുകി
നക്ഷത്രജാലം കാണണം .

ഉടലുയിരൊന്നായ് പകർന്ന്
തിരയിലൊരു തോണിയാകണം .

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

അന്ന് , തോരാത്ത മഴയായിരുന്നു.

കൂട്ടത്തിലൊറ്റപ്പെട്ടു നിന്ന്
താഴേയ്ക്കുറ്റുനോക്കുന്ന നിന്നോട്
അവർ ചോദിക്കുന്നതെന്തെന്നറിയാൻ
എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല .

ജരാനര ബാധിക്കാത്ത നാട്ടുവഴികളിൽ
ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ ?

നിശാഗന്ധിയുടെ തൂവെള്ളച്ചിരി കാണാൻ
നീയിപ്പൊഴും ഉറക്കമിളച്ചിരിക്കാറുണ്ടോ ?

തോട്ടുവക്കിലെ തെച്ചിക്കായ് പറിക്കാൻ
ആരാണ് കൂടെവന്ന്  വളകിലുക്കാറ് ?

ഈയിടെയായി സംശയങ്ങൾക്ക് നൂറുനാവാണ് ..!

ക്രമമായി അടുക്കിയൊട്ടിച്ച ഓടുകൾക്കിടയിൽ
നമ്മൾ കളിച്ച മുറ്റം ശ്വാസംമുട്ടി മരിച്ചുകിടപ്പാണ് .

എന്റെ വിരൽ നോവിച്ച നിന്റെ ഗോലിയും
നിന്റെ കണ്ണിൽനിന്നൂർന്നുവീണ മുത്തും
ഞാനിന്നും ഉടയാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് .

നീയൊരു താമരത്തണ്ട്  താഴേക്കിട്ടു തരൂ .
മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി
ആയത്തിലാടി ഞാൻ നിന്റെ വിരൽപിടിക്കട്ടെ. 
2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഉയിരെഴുതുമൊരുടൽപോലെ..


നീയെന്നുമെപ്പൊഴും
കൂടെയുണ്ടെന്നറിഞ്ഞു തന്നെയാണ്
ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ
ഞാനലറിക്കരയാറ് .

ഒരേ ശ്വാസത്തിലാണ്
നാമെന്നറിഞ്ഞു തന്നെയാണ്
ശ്വാസത്തിനായി കരഞ്ഞ്
വീണ്ടും മുറിയാറ് .

ഇലയിലൊരു ഞരമ്പു പോൽ
കാറ്റിലൊരു മർമ്മരം പോൽ
മഴയിലൊരു കുളിരു പോൽ
മഞ്ഞിലൊരു കണിക പോൽ
വരിയിലൊരു പ്രണയം പോൽ
പാട്ടിലൊരു രാഗം പോൽ
തീയിലൊരു നാളം പോൽ
മിഴിയിലൊരു തുള്ളിപോൽ
നിറയുന്നതറിഞ്ഞു തന്നെയാണ്
നിന്നെത്തേടിയലയാറ് .

വാനം വരയ്ക്കുമൊരു  കടൽ പോലെ 
തിര തൊട്ടെടുക്കുമൊരു കര പോലെ 
നിറമായലിയുമൊരു വര പോലെ 
വിചിത്രമൊരു ചിത്രമായ്
നിന്നിൽ ചുവന്നസ്തമിക്കുന്നു ഞാൻ ...!
----------------------------------------
2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വാംങ്മേ മനസി പ്രതിഷ്ഠിതാ ...

നിന്റെ
അറ്റുപോയേക്കാവുന്ന
വിരലുകളെക്കുറിച്ചോർത്ത്
ഞാൻ വേദനിക്കുന്നില്ല .
എന്റെ നെഞ്ചിൽ ചേർന്നിരുന്ന്
അല്പമൊന്ന് മയങ്ങാം
പക്ഷേ ,
ഉറങ്ങരുത് .

പ്രണയം പൂക്കുന്ന തീരങ്ങളിൽ
നീ നിന്റെ വിരലുകളിൽ 
വീണക്കമ്പിയിലെന്നപോലെ
വെടിപ്പും കൃത്യതയും പാലിക്കണം .

അലിവു കാട്ടേണ്ടിടത്ത്‌
സൂക്ഷ്മതയോടെ ഇരയെ തിരയുന്ന
ഒരു പക്ഷിയാകണം .

പ്രകൃതി നൊന്തു വിലപിക്കുന്ന
ഇടങ്ങളിൽ
ഒരുടമ്പടിയിലും ഒപ്പുവെയ്ക്കരുത് .

യുദ്ധങ്ങളിൽ 
കലാപങ്ങളിൽ 
വർഗ്ഗീയവിഷം ആളിക്കത്തുന്ന
ഭൂമികയിൽ
നിന്റെ വിരലുകൾക്ക്
വാൾത്തലയുടെ തിളക്കമുണ്ടാകണം .

'മനുഷ്യനായി' ജീവിച്ചു
എന്ന ഒറ്റക്കാരണത്താൽ
കൊല്ലപ്പെട്ടവരുടെ
ജീവചരിത്രത്തിൽ
ഞാൻ ചുംബിച്ച നിന്റെ വിരലുകൾ
കാണാനിടവന്നേക്കാം .
പക്ഷേ ,
ഉറങ്ങരുത് .
-------------------------------2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

വാനം
ചായക്കൂട്ടെടുക്കുന്നു
വരകളായ് നീയും.
നിറങ്ങളായ്‌ ഞാനും.

മഴവില്ലായ്‌ നമ്മൾ .

ഓട്ടക്കണ്ണിട്ടു നോക്കുന്നു
പെണ്ണ് .!

മഴയായ് പൊഴിയുന്നു
മണ്ണിൽ കിളിർക്കുന്നു
നമ്മൾ ...!
-----------------------

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഒറ്റക്കണ്ണാൾ .

വരച്ചിട്ടും വരച്ചിട്ടും
തെളിഞ്ഞുവരാത്ത
മഴമേഘത്തിനായി
ആകാശത്തിന് 
ഒരു കണ്ണിറുത്തു കൊടുത്ത്
ഒറ്റക്കണ്ണാൾ വര
പുതിയ കാൻവാസിന്റെ
ചുരുൾ നിവർത്തുന്നു .

തെളിഞ്ഞുവരുന്ന പുഴ
ഒരുക്കിയെടുക്കുന്ന തടങ്ങൾ
മുളപൊട്ടുന്ന വിത്തുകൾ
അയവിറക്കുന്ന കാലികൾ
പുഴയിലേയ്ക്കു നിഴൽ നീട്ടി
കിളികളിരിക്കുന്ന ചില്ലകൾ .

വരയിലൊതുങ്ങാത്ത
വേരിന്റെ നനവുകൾ .

ചായക്കൂട്ടടച്ചു വെച്ച്
മാനം നോക്കിയിരിക്കുന്ന വര.

ഉള്ളുതണുത്ത മാറിലെ
പുഴയെത്തിനോക്കുന്നവന്റെ 
കണ്ണപൊത്തിക്കളിച്ച് 
കറുമ്പിയായ മേഘം 
മെല്ലെയിറങ്ങി വന്ന്
മടിക്കുത്തിൽനിന്നൊരു
മുത്തെടുത്ത് 
വരയ്ക്കൊരു കണ്ണ് വരയ്ക്കുന്നു ...!

------------------------------------