2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

മലമുഴക്കും പക്ഷിയുടെ
ആർത്തമാം ദാഹം പോൽ

കനലെരിയുമടുപ്പിലെ
തിളപൊന്തും വിശപ്പു പോൽ

തളിരാർന്ന ചില്ലയിലെ
നിറമിയലും കനവു പോൽ

പാതിരാപ്പെണ്ണിൻ മുടിയിലെ
താരകപ്പൂങ്കുലകൾ പോൽ

വരികളിലടിമുടി നനയാൻ
നിൻ വിരൽത്തുമ്പിലൂറുമൊരു
കവിതയായ്  പുനർജ്ജനിക്കണം .മഴയായ്
പുഴയായ്
നീ നിറയുമിടം
മിന്നാമിനുങ്ങുണരുന്ന
ചില്ലയിൽ
മഞ്ഞായ്‌ തളിർക്കണം.

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

നാടിനു നിറയാൻ
കാട് പൂക്കണം
കാട്ടാറ് പാടണം .

മേലാളരേ ,

കാട് പച്ചകുത്തിയതാണ്
എന്റെയീ കറുപ്പ് .
------------

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കാറ്റിന്റെ
ചുണ്ടുകൊണ്ട്
മുറിഞ്ഞതാണ് 
കിളിപ്പേച്ച്
മഷിയെഴുതുമൊരു 
വെയിൽ തുണ്ടിൻ
കണ്ണാടിയിൽ
ഒരിലപ്പച്ച .

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ചാക്രേയ

മുറ്റമടിച്ചുവാരി ,
ഒരു തൊട്ടിവെള്ളത്തിൽ
പുറം നനഞ്ഞകം നനഞ്ഞ്
കാൽ തുടച്ച്
അടുക്കളപ്പടി കയറുന്നേരം
ഓട്ടം പഠിപ്പിച്ചതു പോൽ 
നീയെന്താണ് പെണ്ണെയിങ്ങനെ ..?

പടിപ്പുര കടന്ന
ചോറ്റുപാത്രച്ചൂടിനെ
നിറവോടെ നോക്കിനിന്ന്
വിയർപ്പു തുടയ്ക്കുന്നേരം
നീയെന്തിനാണ്‌ പെണ്ണെ
കവിത മൂളാൻ പറയുന്നത് ...?

വീടൊതുക്കി
പായ പകുതി വിരിച്ച്
ഉച്ചമയക്കത്തിനൊരുങ്ങുന്നേരം
വേണ്ടാന്നു കൈയിൽ തൂങ്ങി 
നീയെന്തിനാണ്‌ കുരുത്തംകെട്ടവളേ
മുഖം വീർപ്പിക്കുന്നത് ..?

ദൂരേ മേഘക്കൂട്ടം
അങ്ങോട്ടിങ്ങോട്ടെന്ന്
മഷിയെഴുതുന്നേരം  
തുളുമ്പും കണ്ണിൽ നോക്കി
മഴകാത്തിടവഴി കാത്തുനിന്ന് 
ഞാനില്ലേയെന്ന് കൊഞ്ചിപ്പറഞ്ഞ്
പതിയെ കറങ്ങി നടക്കാൻ
നിന്നെ പഠിപ്പിച്ചതാരാണ്  പെണ്ണെ ..?

നിലയ്ക്കാതോടിയിട്ടും നീയെന്തേ നരയ്ക്കുന്നില്ല ..!
2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറ് മറച്ചുപിടിക്കാൻ
വിരലുകൾ മാത്രമായിരുന്നു
തുണയെന്ന്
തെരുവിലെ  രാത്രിയെക്കുറിച്ച്
അയൽപക്കത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ കോശങ്ങളെ
അടർത്തിമാറ്റിയെറിഞ്ഞ്
ഞാനെന്റെ മുലകൾ 
വിരൽ മൂടി മറച്ചുപിടിക്കുന്നു .

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ
അവന്റെ വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ്
മുറിച്ചുമാറ്റുന്നു .

അടികൊണ്ടു മരിച്ചവന്റെ
ചാരത്തിനു മേൽ
കണ്ണീരൊലിപ്പിച്ച്
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട്
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു .

ഭ്രാന്തിന്റെ മുനകുത്തി
എന്തിനെന്നില്ലാതെ 
ചോരചീറ്റിക്കുന്ന  
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച്
ഞാനെന്റെ  തലച്ചോർ 
വെട്ടി നുറുക്കുന്നു .

പേറ്റുനോവിൽ
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്
ഞാനാകെ മുറിയുന്നു .

മുറിവേറ്റു മുറിവേറ്റ്
മുറിവായ്‌ പിളർന്നവൾ 
എവിടെയാണ് അന്തർദ്ധാനം ചെയ്യുക ..!