2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഉഷ്ണമാപിനികൾക്കപ്പുറം

കുത്തിനോവിക്കലുകളിൽ
പൊട്ടിപ്പോയതാണ്
എന്റെ കണ്ണ് .

മണമില്ലായിടങ്ങളിൽ
അടഞ്ഞുപോയതാണ്
എന്റെ മൂക്ക് .

അലർച്ചപ്പെയ്ത്തിൽ 
ചിതറിപ്പോയതാണ്
എന്റെ ചെവി .

രുചിയറിയാതാഹരിച്ച്
കുഴഞ്ഞുപോയതാണ്
എന്റെ നാക്ക് .

വിഷം തീണ്ടി
അടർന്നുപോയതാണ്
എന്റെ ത്വക്ക് .

നാളേയ്ക്കു പാകത്തിനൊരുടുപ്പ് തുന്നണം

കടുത്ത വേനലിന്റെ
വിയർപ്പിൽ നിന്നാണത്രേ
ഹിമയുഗത്തിന്റെ പിറവി ..!

2016, ഏപ്രിൽ 23, ശനിയാഴ്‌ച

മഷിനോട്ടം

നിന്നെയരുമയായ്
ഒക്കത്തിരുത്തി
മഷിയെഴുതുന്ന നേരങ്ങളിലാണ്
ഞാനെന്റെ
മഷിയെഴുതിയിട്ടില്ലാത്ത
കണ്ണുകളിലേയ്ക്കെത്തി നോക്കുക .

നിന്റെ വിരലുകളൊതുക്കി
കുപ്പിവളകൾ
അണിയിക്കുമ്പോഴാണ്‌
അണിയാതെ
ഞാൻ സൂക്ഷിച്ചുവെച്ച
കുപ്പിവളകൾ
മുന്നിൽ വന്നു നിരന്നിരിക്കുന്നത് .


നിന്റെ നുണക്കുഴിയിൽ
വിരലാഴ്ത്തുമ്പോഴാണ്‌
ഇല്ലാത്ത ,എന്റെ
നുണക്കുഴിയിലേയ്ക്കൊരു
പൂവു നുള്ളിയിട്ട്
ആഴമളന്നു നോക്കുന്നത് .

നിന്റെ മറുക്
തൊട്ടുനോക്കുമ്പോഴാണ്
മഷിയാകെ പടർന്ന കവിളിൽ
തെരുതെരെയുമ്മ വെച്ച സ്നേഹത്തെ
അളന്നു നോക്കാനാവാതെ
കണ്ണീർ പടർത്തുന്നത് .

നിന്നെ
ഒരുക്കാതിരിക്കുമ്പോഴാണ്‌
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
പുനർജനിക്കുമെന്ന് ഞാനും
ഇല്ലെന്നു നീയും
തർക്കം പറയുന്നത്‌ .
 
മരിക്കുംവരെ മിണ്ടില്ലെന്ന്
കുറുമ്പു പറഞ്ഞ്
പിണക്കംനടിച്ചെഴുന്നേറ്റു നിന്ന്
വിരൽ കുടഞ്ഞിടുന്ന
മണൽത്തരികളിൽ 
നിറയെ സൂര്യന്റെ നഖപ്പാടുകൾ .

ആരോ പിൻകഴുത്തിൽ
തൊട്ടു വിളിച്ച് ,
മറ്റൊരു ലോകത്തും
പുനർജ്ജനിക്കാനാവാത്ത ചോദ്യമാണ്
കവിതയായി പിറക്കുന്നതെന്ന്
കാതിൽ പതിയെപ്പറഞ്ഞു പോകുന്നു .

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

മഴചുരത്താനാവാതെ
വിങ്ങിക്കരയുന്ന ആകാശത്തോട്
ദേ , നോക്ക് നീ തൊട്ട കാടും കാട്ടാറുകളും '
എന്ന് വിരൽചൂണ്ടാനാവാതെ
കൊടും നിഷ്ക്രിയത്വത്തിന്റെ
കുപ്പായമെടുത്തണിഞ്ഞ്
പൊള്ളുന്ന വെയിലിന് 
കാവലിരിക്കുകയാണ് നീയും ഞാനും .
( വികസനമന്ത്രം ജപിച്ചതുകൊണ്ടു മാത്രം
മുല ചുരത്താനാവുന്നില്ലെന്ന്
അവൾ പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.)

2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഒറ്റ


പൂവിതൾ തുഞ്ചത്തൂയലാടുന്നു
ഒരു ചെറു മഞ്ഞിൻ കണം

നീയെന്തേ മിണ്ടുന്നില്ലാന്ന്
കലമ്പിക്കരയുന്നൊരു പറവ

ആകാശം ചുവരുകളാക്കി
കിനാവിന്റെ  ഒറ്റമുറി വീട്.

ഓർമ്മകൾ തിരുമ്മിയുണക്കുന്നു
നിലാമുറ്റത്തു ഞാനെന്ന ഒറ്റ ...!


2016, ഏപ്രിൽ 12, ചൊവ്വാഴ്ച

നിഴൽ ചിത്രകൻ

നിഴൽ മെടഞ്ഞെടുത്ത് 
ഊഞ്ഞാലയിടുന്നു
പുഴയിലേയ്ക്കിന്നുമിവൻ .

തല നനയ്ക്കാൻ
ഒരിറ്റു വെള്ളമെന്ന്
തുള്ളിപ്പോകും
മേഘപ്പെണ്ണുങ്ങളോടിരന്ന്
നന്നേ മെലിഞ്ഞുപോയവൻ .

കഥ കേട്ടെന്നെയും കേട്ട് 
ചാഞ്ഞിരിക്കാനുടൽ തന്ന്
അക്കരെ മേഞ്ഞുനിറഞ്ഞ്
നീട്ടിവിളിക്കുന്നൊരു 
പൂവാലിപ്പശുവിനെ നോക്കി
നേരം വൈകീയെന്ന്
പോക്കുവെയിൽ ചൂണ്ടിയവൻ .

കുറുകിയ നെഞ്ചകമാകെ
ഇന്നലെ പൂത്തൊരു കടവിനെ
നിഴൽകുത്തി തിരഞ്ഞു തിരഞ്ഞ് 
നന്നേ കൂനിപ്പോയവൻ .

കോറിപ്പോയ വരയിലടർന്നും
വിരലാഴ്ത്തി കരയെ കാത്തും 
ആർക്കോ മധുരം ചുമക്കുമിവനെ
മരമെന്ന് വിളിക്കുന്നതെങ്ങനെ .

ഇവനെ ചേർന്നിരിക്കുമ്പോൾ
എന്തൊരു തണുപ്പാണ് ,അകവും പുറവും .!

2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ഉയിർച്ചിന്ത്

ചിലതുണ്ട്

ഒരു ജന്മസുകൃതം പോലെ
ഉയിരിൽ  വന്നണയുന്നത്,

ഒരു മിടിപ്പുകൊണ്ടോരായിരം
രാഗങ്ങളുതിർക്കുന്നത്, 

എന്റേതെന്റേതെന്നുറക്കി
സ്വപ്നത്തിലേയ്ക്കുണർത്തുന്നത്, 

ഒരു പുൽക്കൊടിത്തുമ്പിലൂർന്ന്   

സൂര്യനായ് തിളങ്ങുന്നത്, 

ഒരു നിറം വീശിയെറിഞ്ഞതിൽ 
ഏഴു നിറങ്ങളായ് ജാലപ്പെടുന്നത്‌,

ഒരു തിര മുറിച്ചു വിരിച്ച്
കരകാണാക്കടൽ മെനയുന്നത്, 

കണ്ണേ , ഉയിരേയെന്ന്
പരാവർത്തനം ചെയ്യപ്പെടുന്നത്, 

പൊടുന്നനെ 

പറക്കൽ കൈവിട്ടൊരു  

കുഞ്ഞു പട്ടം പോലെ ഞാൻ..!

പെരുമഴ കൊണ്ട് 
പടിയിറങ്ങിപ്പോയ വാക്കിന്റെ വിത്തേ, 
ഒരു തുള്ളിയായ്
നീയെൻ ചിതയിൽ മുളപൊട്ടുക.