2016, മേയ് 27, വെള്ളിയാഴ്‌ച

ഒറ്റവരമുറിവിന്റെ ഭൂപടം

മുറിവുകളുടെ രാജ്യത്തെ
പൂക്കൾക്കെല്ലാം
കടുത്ത നിറമാണ് .

കേട്ടു മടുത്ത രാഗങ്ങളിൽ
കിളികൾ പാടാറേയില്ല

ഇലകളുടെ നിറമുടുത്താണ്
മണ്ണെപ്പോഴും
വിണ്ണിനെ ചുംബിക്കുക .

വരിതെററിക്കാത്ത
ഉറുമ്പുകളുടെ
അച്ചടക്കത്തിനും 
വല്ലാത്തൊരു ഭംഗിയാണ്

ഒരു തേരട്ടയുടെ
ഇഴച്ചിലിൽ നിന്ന്
ഒരു തീവണ്ടിപ്പാളത്തിന്റെ
നിർമ്മിതിയും 
തീവണ്ടിമുരൾച്ചയുടെ
വ്യതിയാനങ്ങളും വായിച്ചെടുക്കാം

ഒരീർക്കിൽത്തുമ്പുകൊണ്ട്
മുറ്റത്തെ നനമണലിൽ
കാണാത്ത ദേശങ്ങളുടെ
ഉടലുകൾ പകർത്തിവെയ്ക്കാം

ഒരിലയിൽ തങ്ങിനില്ക്കുന്ന
മഞ്ഞുകണത്തെ
എത്ര അനായാസമായാണ്
കണ്ണിനുള്ളിൽ നിറയ്ക്കാനാവുന്നത്

കേട്ടുകണ്ടറിയുന്ന നോവുകളെ
എത്രയും ആർദ്രതയോടെ
ഉള്ളിന്റെയുള്ളിൽ 
ചേർത്തുപിടിച്ചു കുടിയിരുത്താം

ഉണങ്ങാതിരിക്കുന്ന മുറിവിന്റെ
ഈ  പച്ചപ്പിലാണ്
ജീവന്റെ രേഖകൾ തെളിഞ്ഞുകാണുക .2016, മേയ് 22, ഞായറാഴ്‌ച

കവിതയെന്നാരും വിളിക്കരുതേ ..

കടപ്പുറത്ത് പാടിനടന്ന
കണ്ണില്ലാത്ത പെണ്ണിനെ
പുതിയൊരു പുരമേഞ്ഞ്
പത്രോസ് കൂട്ടിയപ്പോൾ
അവൾ മേരിയായി
പോകെപ്പോകെ
കണ്ണില്ലാത്ത മേരി
കുശുമ്പും കുന്നായ്മയും
വിളമ്പാൻ തുടങ്ങിയന്നാണ്
അവളുടെ പേരിനു മുന്നിൽ
പത്രോസൊരു മത്തി ചേർത്തത്
കുരിശു വരയ്ക്കാൻ
ഇനിയും പഠിച്ചില്ലെന്ന്
മിന്നുകെട്ടിയോൻ
ചെവിക്ക് കിഴുക്കുന്ന നേരം 
നിങ്ങളാണെന്റെ കുരിശ്ശെന്ന്
മേരി തിരിച്ചടിക്കുമ്പോഴാണ്
കണ്ണുള്ള കണ്ണമ്മ
തോരാതെ കരയുന്നത്
നിങ്ങളല്ലേയെന്റെ കണ്ണെന്നു
മേരി അടക്കം പറയുമ്പോഴാണ്‌
കണ്ണുള്ള കണ്ണമ്മ
നിർത്താതെ ചിരിക്കാറ്‌
ഓടിപ്പോയി 
പത്രോസ് + മത്തിമേരിയെന്നെഴുതി
തിര നോക്കി നിൽക്കാറ്‌ .
  
നിലാവിനൊളിച്ചിരിക്കാനൊരു
മണൽവീടുണ്ടാക്കി
മത്സരിക്കുന്ന നേരങ്ങളിലാണ്
രണ്ടാൾക്കുമിടയിലിരുന്നു 
അമ്മേടെ കവിളൊന്നു  നുള്ളി
അപ്പാടെ വിരലിലൊന്നമർത്തി
കണ്ണമ്മ ചോദിക്കാറ്‌
വാക്കിനിടയിൽ അകലമിടാത്ത
ദൈവത്തെക്കുറിച്ച്
രണ്ടുവാക്കുകളിണചേർന്ന്
പിറക്കുന്ന കുഞ്ഞിന്റെ
പേരിനെക്കുറിച്ച് ....! 


2016, മേയ് 19, വ്യാഴാഴ്‌ച

വഴിപിരിയാതെ ..

നിന്നോടൊപ്പം
അകത്തെ
വെളുത്ത വിരിയിട്ട വഴിയിലൂടെ
ഞാൻ  നടക്കാനിറങ്ങുന്നു .

അങ്ങു ദൂരെ

ഒരു തുള്ളി വെള്ളം കൊണ്ട്
എന്നിലുറവയെടുത്തൊരു പുഴ 
കടലേയെന്നു ദാഹിച്ച്
ഒഴുകുന്നുണ്ടിപ്പൊഴും .

മറയുന്ന വഞ്ചിയുടെ അറ്റത്ത്‌
ആരെയോ കാത്തുകാത്ത് 
തളർന്നുപോയൊരു നിഴലിന്
കണ്ണുകൾ കൊത്തുന്നു
നീണ്ടു നേർത്തൊരു വിരൽ .

വരിക്കമാവിലെ
പാതിതിന്ന മാങ്ങയിൽ നിന്നു
കണ്ണ് പറിച്ചെടുത്ത്
നീയെന്തേ വൈകീയെന്ന്
നോട്ടമെറിയുന്നൊരു കാക്കച്ചി .

കാലുനീട്ടിയിരുന്ന്
പല്ലുപോയ മോണകാട്ടി
അടയ്ക്ക തിരഞ്ഞ്
'നീയങ്ങു
മെലിഞ്ഞുപോയല്ലോ'യെന്ന്
വടക്കേലെ വരാന്ത .

ഇങ്ങടുത്ത്

പൂത്തിരി കത്തിയ
ആകാശത്തിനു താഴെ
കാതു നഷ്ടപ്പെട്ട്
എരിഞ്ഞെരിഞ്ഞടങ്ങി 
വിറങ്ങലിച്ചു കിടക്കുന്ന മണ്ണ് .

കറപുരണ്ടു തോരാത്ത
മേൽമുണ്ടു പുതച്ച്
നിറയെ പേടി കോരിക്കുടിച്ച്
ഉറങ്ങാതെ കിടക്കുന്നു
നിലാവിന്റെ കുഞ്ഞുങ്ങൾ .

കാണാനാവുന്നില്ലെന്ന്
കളവു പറഞ്ഞ്
വഴി തിരിഞ്ഞ്
നിന്റെ വിരൽ പിടിച്ച് 
കിനാവിലേയ്ക്
ഞാനൊരു വരമ്പ്
ചെത്തിയൊരുക്കുന്നു .

ഒരു ജലകണം 
മണൽത്തരികളിലൂർന്നുവീണ്
ഒരു പൂർണ്ണവൃത്തമായ്‌
അടയാളപ്പെടുന്നതുപോലെ 
നിന്നിൽ ഞാൻ  വീണ്ടും ...!
-------------------------------- 


2016, മേയ് 11, ബുധനാഴ്‌ച

കുടിയൊരുക്കൽ

ആരു പറഞ്ഞു
ഒന്നും
കൊണ്ടുപോകില്ലെന്ന്
ഒരുക്കിവെയ്ക്കണം,
കിളികൾ
ചിലയ്ക്കുന്നതിന്റെ
പുഴകൾ
പാടുന്നതിന്റെ
കോടമഞ്ഞ്
പൊഴിയുന്നതിന്റെ
പൂക്കൾ
ചിരിക്കുന്നതിന്റെ
ലിപികൾ .

പുരമേയാൻ
കുപ്പിവളപ്പൊട്ടുകൾ
പകലുണർത്തുന്നവന്
വിരൽതൊട്ടുനോക്കാനൊരു
മൂക്കുത്തി
ചുവരിൽ തൂക്കിയിടാനൊരു
മഴവില്ല്
കാറ്റിനു കളിക്കാനൊരു
പമ്പരം
വേലിയില്ലാ മുറ്റത്തിന്
വിരലുചുവപ്പിക്കാനൊരു
മൈലാഞ്ചിച്ചെടി
പറമ്പിന് കോരിയെടുത്ത്
മടമടെ കുടിച്ച്
കൈകാൽ കഴുകിനിവരാനൊരു
ചെറു കുളം 
മൂവന്തിക്ക്
പൊട്ടുകുത്താനൊരു
സിന്ദൂരചെപ്പ്
വരാന്തയിൽ കൊളുത്തിവെയ്ക്കാൻ
മിന്നാമിനുങ്ങുകൾ .

എടുത്തുവെയ്ക്കണം
അടുപ്പിൻ തിട്ടയിൽ
ചൂടുകാഞ്ഞിരിക്കുന്ന
രണ്ടു പൂച്ചക്കണ്ണുകൾ
ഇടനാഴിയിൽ
മൃദുവായ് പതിഞ്ഞ
ചില പദനിസ്വനങ്ങൾ .

ഇറമ്പിൽ നിന്ന്
പൊതിഞ്ഞെടുക്കണം
ഉടലാകെ നനച്ച്
ഉയിരാഴത്തിൽ
നിറഞ്ഞുകവിഞ്ഞൊരു
മഴയെ .

സഹയാത്രികരേ ,
നിങ്ങൾ  മഴയെ നനയ്ക്കരുത്
അവൻ എന്റേതാണ്
എന്റേതുമാത്രം .
2016, മേയ് 7, ശനിയാഴ്‌ച

(ആ)കാശമേ ...


നിനക്കു കണ്ണുതന്ന്
ഇരുട്ടും പുതച്ച്
വെറുതെ കിടക്കാൻ
വല്ലാത്തൊരു പേടി
ഈയിടെയായി 
നീ  പെറ്റിടുന്ന
നക്ഷത്രങ്ങൾക്കൊക്കെ
കൊലചെയ്യപ്പെട്ട 
പെൺപൂമൊട്ടുകളുടെ
ചോരകത്തുന്ന  മുഖം .
 
ഉറക്കം തൂങ്ങുന്ന 
മരമുടലുകളെ
തട്ടിയുണർത്തി
വിരലു പിടിച്ച്
ചിത്രമെഴുതിക്കാൻ
നീ ഇടയ്ക്കും മുറയ്ക്കും
പറത്തി വിടുന്ന കാറ്റിന് 
പാതിവെന്തു നീറിയ
മാംസത്തിന്റെ മണം .

നിന്റെ ചെരുവിലൊരു
വിത്തുപാകാൻ
അതിലൊരു കിനാവ്‌
കിളിർക്കുന്നതും നോക്കി
ഉറക്കമിളച്ചിരിക്കാൻ 
ഇനിയെന്നാണ്
ഞാനീ മണ്ണിൽ നിന്നൊരു
കായ്  പറിച്ചെടുക്കുക ...
2016, മേയ് 4, ബുധനാഴ്‌ച

നീറ്റ്‌നീല വരച്ച്
ചിറകു തെളിച്ച്
വഴികൾ 
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്

പൊരുതി ജയിച്ച
പെൺവഴികളിലൂടെ
നടത്തിയതാണ്

തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർമ്മിപ്പിച്ചതാണ്

എന്നിട്ടും ...
 
പെറ്റില്ല
മുലയൂട്ടി 
പോറ്റിയത്

നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു 
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ .

2016, മേയ് 2, തിങ്കളാഴ്‌ച

ദേവായനം

നിന്നെ പകർത്താൻ
തുടങ്ങുമ്പോൾ
വിരലുകൾ നഷ്ടപ്പെട്ട്
എന്റെ അക്ഷരങ്ങൾ
അലമുറയിട്ട് കരയാൻ
തുടങ്ങുന്നു .

നിന്നെ വരയ്ക്കാൻ
ഒരുങ്ങുമ്പോൾ 
ഒന്നായ് ചേരില്ലെന്ന്
ചായങ്ങൾ
നിലത്താകെ പടർന്ന്
വികൃതികാട്ടുന്നു .

നിന്നെ പാടാൻ
മോഹിക്കുമ്പോൾ
ദിശയേതെന്നറിയാതെ
രാഗങ്ങൾ
അലയാതലഞ്ഞ്
വിലപിക്കുന്നു .

നിന്നെ തേടുന്ന
നേരങ്ങളിലാണ്
എന്തിനെന്നറിയാതെ
ഞാനെന്റെ വീട് മുഴുവൻ
ചിക്കിച്ചികഞ്ഞിടുന്നത് .

കാഴ്ച്ചയുടെ ആഴങ്ങളിൽ
ആരോ ഒരു മറ കെട്ടുന്നതുപോലെ.

ഒന്നു തൊട്ടാൽ
ഒരു മിടിപ്പായറിയുന്ന നിന്നെ
ഞാനെന്തിനാണിങ്ങനെ
അവിടേമിവിടേം തിരഞ്ഞു നടക്കുന്നത് ..!