2016, നവംബർ 27, ഞായറാഴ്‌ച

പലായനം


ഉറക്കത്തിലും  
ചിരിക്കുന്ന,
മുലയുണ്ടു നിറഞ്ഞ
കുഞ്ഞിനെ
ഒരുമ്മകൊണ്ടുപോലും
തൊട്ടുനോക്കാതെ

നീട്ടിവിളിക്കുന്ന
നിറഞ്ഞ കാലിയെ
കയറൂരി വിട്ട്
കാറ്റൂതിയെത്തുന്ന
പൊടിമഴ നനയാതെ 

ആകാശം നോക്കി
പുഴ വരയ്ക്കുന്ന മീനും
തുള്ളിത്തെറിച്ച്‌
വരയിൽ മദിക്കുന്ന പുഴയും
വീണ്ടുമൊന്നു കാണാൻ
തെല്ലുനേരമിരിക്കാതെ

പുത്തനുടുപ്പിട്ട് 
പുൽനാമ്പെടുത്ത്
കവിൾ നനച്ചിരുന്ന്
ഒരുത്സവരാവുപോലും
തൊട്ടെടുക്കാതെ

ഒരു പൂവെന്നു
ചിരിക്കുന്ന ചോപ്പിനെ
ഒരു നുള്ള്
മണമെന്നിറുത്ത്
ചൂടാതെ 

വെറുമൊരു 
നോവെന്നെണ്ണി  
കൺകോണിലൊതുക്കി   
നാളെ നാളെയെന്നടക്കം
പറഞ്ഞ് 
എങ്ങോ പായുന്ന
നിന്റെയൊപ്പം
കണ്ണുകെട്ടിയിങ്ങനെ

വഴിയേ,

ഏതു ദേശത്താണ്
തിരികെ കറങ്ങുന്ന 
ഘടികാരമിരിക്കുന്ന
വെളുത്ത ചുവര്.

2016, നവംബർ 25, വെള്ളിയാഴ്‌ച

കിനാത്തുരുത്ത്

മുറ്റത്ത് 
കളമെഴുതുന്ന 
ചോരത്തുള്ളികളിൽ 
ഇടറിവീണ്
കണ്ണിരുണ്ട നമ്മൾ
നക്ഷത്രപ്പൂവിറുക്കാൻ  
ചന്ദ്രനെ പാകി
ആകാശതൈയൊന്ന് 
മുളപ്പിച്ചെടുക്കുന്നു

അവിടെ
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്

കുളിരു പുതച്ചുനിന്ന്
കാറ്റ് വിതയ്ക്കുന്ന മുറ്റം

ഞാനിതാ പൂത്തെന്ന്
ചുവന്നുതുടുത്ത്
ചിരിയടർത്തുന്ന
നിറഞ്ഞ ചില്ലകൾ 

ശരറാന്തൽ 
തുടച്ചുമിനുക്കി
തിരി കത്തിക്കുന്ന
മിന്നാമിനുങ്ങു്

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന
മേഘക്കിടാത്തികൾ 

ആയത്തിലാടെന്ന്
പാട്ട് കുടഞ്ഞിട്ട് 
കൂട്ടംതെറ്റാത്ത പറവകൾ 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ
കളമെഴുത്ത്

അന്ന്
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി
ഊഞ്ഞാലുറങ്ങുന്ന
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും 
വെളിച്ചം തൊട്ടെടുത്ത് 
കണ്ണെഴുതാൻ .

2016, നവംബർ 22, ചൊവ്വാഴ്ച

സ്വർഗ്ഗാരോഹണം

ചിതൽ തിന്നു മടുത്ത്
ബാക്കിവെച്ച വരികളിലൂടെ
പരതി നടക്കുന്നു
കാഴ്ചയിൽ ശേഷിച്ച വെട്ടം.!

എന്നോ എഴുതാൻ
അതിയായി ദാഹിച്ച്
മാറ്റിവെച്ച വാക്കിന്റെ
പൊട്ടിയടർന്ന ചുണ്ടിൽനിന്ന്
ഊർന്നുവീണുകിടക്കുന്ന
വക്കുപൊട്ടിയ അക്ഷരങ്ങളുടെ
കറപിടിച്ച മേൽമുണ്ട് ..!

കാസരോഗിയെപ്പോലെ
വിളറിച്ചിരിച്ച്
തൊട്ടുവിളിച്ച്
ശ്വാസമെടുത്തുവെച്ച്
മരണമെത്തിയില്ലേയെന്ന്
ശോഷിച്ചവിരൽ നീട്ടുന്നു 
മഞ്ഞിച്ച വാക്കു് ...!

2016, നവംബർ 12, ശനിയാഴ്‌ച

സമർപ്പണം

വിട്ടുകൊടുക്കില്ല
ഞാനൊരു പെരുമഴയ്ക്കും
ഒരു ചെറുതുള്ളിയായ്
പടർന്നുതീരാൻ.

വിട്ടുകൊടുക്കില്ല
ഞാനൊരു  കൊടുങ്കാറ്റിനും
ഒരു ചെറുതെന്നലായ്
ഇലച്ചുണ്ടിലമർന്നുതീരാൻ.

ഇന്നലെക്കണ്ടിട്ടും
കണ്ടിട്ടേറെയായെന്ന്
ചിരിവിടർത്തിയൊരുണർവിനെ.

വിരൽ മുറിയാതെ
മൂക്കിൻതുമ്പത്തെ വിയർപ്പുകണം
തൊട്ടെടുത്ത മൃദുസ്പർശത്തെ.

ഒരുരുളച്ചോറിൽ
ഒരുനൂറുമ്മ കോരിനിറച്ച്‌
വസന്തമൂട്ടിയ ഉച്ചയെ.

വാക്കിലൂർന്ന മുത്തുപെറുക്കി
വരിമുറിയാതെ മാല കോർത്ത
നനവാർന്ന ഇടവേളകളെ.

കൈവീശിയ കണ്ണീരിനെ
പിരിയില്ലെന്നണച്ച്
കൂടെയിരുത്തിയ സന്ധ്യയെ.

നിന്നെ കോരി നിറച്ച് 
നീയായ്‌ മാറിയൊരിന്നലെയെ. 

വിട്ടുകൊടുക്കണം
ഒരോർമ്മ മുറിവിന്
നിലയ്ക്കാതൊഴുകുന്ന 
ചോരയൊഴിച്ച്
അണയാതെ കത്തുന്ന
പ്രണയമായ് ജ്വലിപ്പിക്കണം 
ഒരിലപ്പച്ചയിൽ തുടിക്കുന്ന
ഞരമ്പെന്നപോലെ.

2016, നവംബർ 7, തിങ്കളാഴ്‌ച

മുറ്റത്തു പൂവിട്ട്
ചിരിച്ചത്

വഴി ചുവന്ന്
മുള്ളു മുളച്ചത്

ഉടല് ചീന്തി
തല കൊയ്യുന്ന കാറ്റേ
പേരുവിവരപ്പട്ടികയിൽ
ആ പൂവിപ്പോൾ
ഏതു രാജ്യത്താണ് ...?

2016, നവംബർ 2, ബുധനാഴ്‌ച

അക്ഷരത്തെറ്റ്


തിരസ്കരിക്കപ്പെട്ടവളുടെ സാമ്രാജ്യം
പ്രപഞ്ചത്തോളം വലുതായിരിക്കും

ആകാശത്തിന്റെ മറുപുറത്തെത്താൻ
അവൾ മിന്നലിന്റെ വിരൽ പിടിക്കും

പൂത്തുനിൽക്കുന്ന നക്ഷത്രങ്ങൾ
നുള്ളിയെടുത്തു മുടിയിൽ ചൂടും

ഉയിർ വേർപെട്ട ഉടലെടുത്ത്
പെരുമഴയിൽ തൂക്കിയിടും

ഒറ്റ മരച്ചില്ല  വീശിയെറിഞ്ഞ്
കാറ്റിനെ ഉലച്ചു വീഴ്ത്തും

ഒരു വിരൽ ചായം കൊണ്ട്
അസ്തമയം വരച്ചുതീർക്കും 

മൃതി ഉമ്മവെച്ച കവിൾത്തടം
നിലക്കണ്ണാടിക്ക് മുന്നിൽ അഴിച്ചുവെയ്ക്കും

നിലാവ് മെടഞ്ഞ ഊഞ്ഞാലിലിരുന്നു
രാപ്പാടികൾക്ക് ചിറകു തുന്നും
 
അവൾ ഒരു കവിതയെഴുതാൻ തുടങ്ങും
ഈ പ്രപഞ്ചം വായിച്ചിട്ടില്ലാത്ത ലിപിയിൽ .




2016, നവംബർ 1, ചൊവ്വാഴ്ച

 

2009, നവംബർ 1, ഞായറാഴ്‌ച


കത(ഥ)യില്ലാത്തവൾ 

എനിക്ക് ഏഴു വയസ്സ് .
ഇന്നും നിറമുള്ള കട്ടകൾ അടുക്കിവെച്ച്‌ ,കൊട്ടാരമുണ്ടാക്കിക്കളിക്കുന്ന
ഒരു കുഞ്ഞിനെപ്പോലെ , ഇവൾ , കത(ഥ)യില്ലാത്തവൾ .!
കത( കോപം)യില്ലാത്ത / വിവരം കെട്ടവൾ.

എന്റെ മണ്ണിന്  ഇന്ന് അറുപത് വയസ്സ് .

നെഞ്ചിൽ കൈവെച്ച് ,
എന്റെ മണ്ണേ , എന്റെ വാക്കേ എന്ന് ഒരിക്കൽക്കൂടി .

എന്റെ' എന്ന വാക്ക് ഒരു മായാജാലക്കാരിയാണ് .സിരകളിൽ
സ്നേഹം ജ്വലിപ്പിക്കുന്നവൾ .എത്ര കേട്ടാലും മതിവരാത്തത് .

നമ്മൾ കേൾക്കാൻ കൊതിക്കുന്നത് കേൾപ്പിക്കാനാവണം
അതാവട്ടെ ഇന്നത്തെ പ്രാർത്ഥന , എന്നത്തെയും .

ഓരോ ആഘോഷങ്ങളും ഓരോ പ്രതീക്ഷയാണ് . ഞാനുമൊരു 
പ്രതീക്ഷയിലാണ് , നാളെ വളരുമെന്ന് ,വളരുന്തോറും കുഞ്ഞാവുമെന്ന് .