2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച



മലയുടെ മടിത്തട്ടിലേയ്ക്ക്
ചാഞ്ഞുറങ്ങാനൊരുങ്ങുന്ന സൂര്യൻ

നിഴൽ പൂത്തുമലർന്ന വഴിയിൽ
കൂടെ വരാം ,കൂടെ ചിരിക്കാമോയെന്ന്
കടും നിറത്തിലുലയുന്ന നാലുമണിപ്പൂക്കൾ .

നിന്നിലെന്നെയോ എന്നിൽ നിന്നെയോ
വരച്ചതെന്ന് ചേർന്നിരുന്നു മേയുന്ന കറുപ്പും വെളുപ്പും
നിറങ്ങളിൽ പുള്ളികളുള്ള സുന്ദരിപ്പശുവും കിടാവും

വാർത്തകളും വർത്തമാനങ്ങളുമായി , ഉള്ളിൽ പടർന്നുപിടിക്കുന്ന
പകലിന്റെ ചുവന്ന കറകൾ മായ്ച്ചു കളയാൻ ആവുന്നില്ലേയെന്ന്
രഹസ്യമായി ചോദിക്കുന്ന കാറ്റ് .

നിറഞ്ഞു കളിക്കുന്ന കുട്ടികൾക്കൊപ്പം പൊടി പറത്താനാവാതെ
ചമഞ്ഞു കിടക്കുന്ന മുറ്റങ്ങളുടെ മുന്നിലൂടെ നടന്നുകൊണ്ട് ഞാനെന്ത്
പറയാൻ ................
കുട്ടികളോട് ചോദിക്കാമെന്ന് വെച്ചാൽ ,
പുഴകളെ കൊന്നുതിന്നിട്ട് 'പുഴയുടെ പാട്ട് കേൾക്കുന്നുണ്ടോ കുട്ട്യേ ?'
എന്ന് ചോദിക്കുന്നതു പോലെ നിരർത്ഥകം .


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സന്ധി



തിരയെടുത്ത
ഒരു കരയിപ്പോൾ
മീൻനോട്ടങ്ങളുടെ
മൂർച്ചയിൽ
പൊഴിഞ്ഞു വീണ്
ആഴങ്ങളെ
പറക്കാൻ
പഠിപ്പിക്കുകയാവും 

ഉറക്കത്തിലാണ്ടുപോയ
വരി കോരിയെടുത്ത്
വാക്കിന്റെ പച്ച
നട്ടുപിടിപ്പിക്കുകയാവും 

ഉടഞ്ഞതാണ്
ഒരു വളപ്പൊട്ടായ് പോലും
കിലുങ്ങാതെ

ഒരിലപ്പച്ചയിൽ പോലും
ബാക്കിയാവാതെ
കരിഞ്ഞത് . 

2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

ചൂണ്ട്

പറ്റിക്കിടക്കുന്നവർക്ക്
കരുണയോടെ 
നാളെയെന്നവധി കൊടുത്ത്
ദൂരെ മാറിനിന്ന്
അടിച്ചുവാരിയിട്ട മുറ്റത്തേയ്ക്ക്
കണ്ണോടിക്കുമ്പോൾ
മണ്ണിന്റെ മാറിലെ
വിരൽപ്പാടുകൾക്ക്
കാൻവാസിൽ പകർത്തുന്ന
വരകളേക്കാൾ മനോഹാരിത ..!

ചന്ദ്രനെ വട്ടമിടാൻ
പഠിപ്പിക്കുന്നവളുടെ
തെളിവാർന്ന തണുപ്പിൽ
അടിമുടി നനയുമ്പോൾ
ഒരു നീരരുവി
ഉറവയെടുക്കുന്നതു പോലെ .!

അരിമണികൾ  ചുവടുവെച്ച്
മൺകലത്തിൽ തിളയാടുംനേരം
വിറകിനൊപ്പം ചുവന്ന്
ഒരു പഴമ്പാട്ട്
മൂളിനോക്കാൻ മോഹം ..!

അമ്മിയും കുഞ്ഞും
ഒരുമയായ്  രുചി കൂട്ടുമ്പോൾ 
പാളക്കീർ തേയുന്ന വിരലിൽ
തിളയ്ക്കുന്ന അവിയലിന്റെ
കൊതിയൂറുന്ന മണം ..!

മല കയറാതെ
സ്വർഗം കാണുകയാണ്
ജനാല മലർക്കെ തുറന്നിട്ട്
ഞാനുമെന്റെ മൺകുടിലും .

പെണ്ണെ ,
വൈഡൂര്യത്തിന്റെ ചന്തമാണ്‌
കസ്തൂരിയുടെ ഗന്ധമാണ്
മണ്ണിലേയ്ക്കൂർന്നു വീണ്
കതിരിടാനൊരുങ്ങുന്ന
ഓരോ വിയർപ്പുതുള്ളിക്കും .

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഋതുമാപിനി


ഒരു തണുത്ത 
സ്പർശംകൊണ്ട് 
വിശാലമാകുന്ന നെറ്റി,
വില്ലുപോൽ
പുരികക്കൊടികൾ,
നക്ഷത്രശോഭയാർന്ന 
കണ്ണുകൾ,
വടിവൊത്ത നാസിക,
വിരിയിച്ചതിലേറ്റം
മൃദുദളങ്ങളായ് ചുണ്ടുകൾ..!

ഒരു മുറിയിതൾ കൊണ്ട്
ഒരു നിറവസന്തമൊരുക്കുന്ന-
പോൽ.

നിന്റെ വിരലുകൾ
ഒരു മാത്ര,
ഒരൊറ്റമാത്രകൊണ്ട് 
കാൽനഖംവരെ വെട്ടിമിനുക്കി     
പണിഞ്ഞെടുക്കുകയാണെന്നെ.

നിലാവിന് കടന്നിരിക്കാൻ 
ഞാനീ  ജാലകങ്ങൾ
നിരതെറ്റാതെ തുറന്നുവെയ്ക്കുന്നു.

പ്രിയനേ ,
നീ'യെന്ന അക്ഷരം 
തൊട്ട് 
ഞാനെന്റെ പേരെഴുതട്ടെ.