2017, ജൂൺ 22, വ്യാഴാഴ്‌ച


*
നേർത്ത തൂവിരൽത്തുമ്പിനാലെന്നുടെ
പാറി നെറ്റി മറയ്ക്കും ചുരുൾമുടി
മെല്ലെ മാടിയൊതുക്കീട്ടു ചന്ദിരൻ
തിരുകിവയ്ക്കുന്നു താരകപ്പൂവുകൾ.
*
*
*

2017, ജൂൺ 16, വെള്ളിയാഴ്‌ച

കാഴ്ചവട്ടം


ഇരുട്ടിന്
കണികാണാൻ
തിരി കത്തിച്ചുവെച്ച
തൂക്കുവിളക്കുപോലെ
ഉള്ളകത്തിരുന്ന്
മിടിച്ചത്

ഒരു കീറിരുട്ടായ്
നുള്ളിയെടുത്ത്
മിന്നാമിനുങ്ങേന്ന്
ചൊല്ലിവിളിച്ച്
വിരലായ്
തുടിച്ചത്

തീയെന്നെടുത്ത്
ശ്വാസമിറ്റിച്ച്
തണുപ്പേന്ന്
ചേർത്തുപിടിച്ച്
ഉയിരായ്
പടർന്നത്

കാണാമറയത്തിരുന്ന്
വെളിച്ചപ്പെടുന്ന
കനിവേ

ഞാനിവിടെ,
ഉണങ്ങാനിട്ടിരിക്കുന്ന
മുറിവുകളുടെ മുറ്റത്ത്
വെയിൽകാഞ്ഞിരിക്കുന്നൊരോർമ്മ.

2017, ജൂൺ 15, വ്യാഴാഴ്‌ച

നിന്നെ വായിക്കുമ്പോൾ

വെയില് പൂത്ത
വഴിയിൽ
കവിത വിയർത്ത
കാറ്റേ ,

മുറുക്കിത്തുപ്പി
വിരിച്ചിടുന്നുണ്ട്
പൂവാക
ഒരു നാട്ടുവഴി

നിഴല് ചാഞ്ഞ
ചില്ലയിൽ
ഒരുങ്ങുന്നുണ്ടൊരു
കിനാക്കുടിൽ

തോരാതൊരു
വിരല് മിനുക്കി
ജലമെന്നു തൊട്ട്
നീയെന്നു വായിച്ച്
തുളുമ്പിപ്പോകുന്നൊരുവൾ

മറ്റെന്തു പറയാൻ
അവൾ ഞാനാണെന്നിരിക്കെ.
2017, ജൂൺ 4, ഞായറാഴ്‌ച

മഴമുറി(വ് )ചോരുന്ന
ആകാശത്തിന്
കുടപിടിക്കുന്ന
മറ്റൊരാകാശമായ്
ചോർന്ന്
അവൾ
ഉള്ളിലൊരു
നിറം മങ്ങിയ കുട
തലകീഴായ്
വിടർത്തി വെയ്ക്കും

ആർത്തലച്ച്
ഊർന്നിറങ്ങി
തുന്നിക്കെട്ടിയ
കണ്ണുകളിലൂടെ
ചോർന്നൊലിച്ച്
അവൻ
ഉള്ളാകെ നനയ്ക്കും

കീറത്തുണിയുടെ
മഴമറയിലൂടിറങ്ങി
പൊള്ളുന്ന പനിച്ചൂട്
തൊട്ടുനോക്കി
ചുരുണ്ടുകൂടുന്ന
പായപ്പുറത്ത്
ഊക്കോടെ ചിതറി
ചുട്ട മുളകിന്റെയെരിവിനായ്
ഞെരിപിരി കൊണ്ട്
അടിത്തട്ടിലാണ്ടുകിടക്കുന്ന
എണ്ണമുള്ള വറ്റുകളിൽ
ഇത്തിരി ചൂടുകാഞ്ഞ്
അടുക്കളത്തറയിലെ
ഒഴിഞ്ഞ പാത്രങ്ങളിൽ
നിറഞ്ഞു കവിയും

മഴയേ ,
കൊടും വേനലിലും
നനവാണെന്റെ കുടിലിന് .2017, ജൂൺ 1, വ്യാഴാഴ്‌ച

ആരോഹണം

ദൂരെ
കാണാത്ത
ദേശത്ത്
നിനക്കൊരു
കുടിലുണ്ടെന്ന്
മുറ്റത്തൊരു
പിച്ചകമുണ്ടെന്ന്
കിളിയുണ്ട്
കിളിമരമുണ്ടെന്ന്
മലയുണ്ട്
മലയ്ക്ക് ചൂടാൻ
മഞ്ഞുണ്ടെന്ന്
മഴയുണ്ട്
മദിച്ചുപെയ്യാൻ
കാടുണ്ടെന്ന്
കടവുണ്ട്
കരളു ചുവന്നൊരു
പുഴയുണ്ടെന്ന്
കിനാവിരുന്നിന്‌
വിരി വെയ്ക്കാൻ
കുളിരു ചുമന്നൊരു
കാറ്റുണ്ടെന്ന്

നീയുണ്ടെന്ന്
നിന്റെ നെഞ്ചിൽ
പച്ചകുത്തിയ
ഞാനുണ്ടെന്ന്

കുറിമാനവുമായ്
സന്ധ്യ വരുന്നുണ്ട്

നീയാം രാഗം തൊട്ട്
പൊട്ടുകുത്തട്ടെ ഞാൻ .


2017, മേയ് 24, ബുധനാഴ്‌ച

ഒന്നു മുതൽ ഒന്നു വരെ

തിരക്കിനിടയിൽ
ഒറ്റപ്പെട്ടുപോയവളുടെ
രാജ്യത്തേയ്ക്കായിരുന്നു 
അവരെന്നെ നാടുകടത്തിയത് 

നേരം വെളുക്കുന്നതേയുള്ളു 

പടവു ചേർന്ന തോണി 
പറ്റിപ്പിടിച്ചിരുന്ന് കാലിന് 
വഴികാട്ടുന്ന മണൽത്തരികൾ

കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശത്തിന്
കൂട്ടിരിക്കുന്ന നിഴലുകൾ

ചിത്രത്തിലേതു പോലെ 
അതേ ചുവര് ,മേൽക്കൂര

അയയിൽ തൂക്കിയിട്ടിരിക്കുന്ന 
പാടിപ്പതിഞ്ഞ പാട്ടുകളുടെ മേലങ്കികൾ
നിലാവ് പിഴിഞ്ഞിട്ട തോർത്തുമുണ്ട് 
മഴയുടെ കുടുക്കില്ലാത്ത കുപ്പായം
കാറ്റിന്റെ നനവിറ്റു വീഴുന്ന തൊപ്പി
മരിച്ചുപോയ കവിതയുടെ ദാവണി 
തീപ്പെട്ടുപോയ കിനാക്കളുടെ കിന്നരികൾ 

ഉമ്മറപ്പടിയിൽ കാത്തുകിടക്കുന്ന  
ഇണയെ നഷ്ടപ്പെട്ട പാദസരം

ഒരു പകൽ മുറിക്കാൻ
ഒരുമിച്ചു കിലുങ്ങി
ഒരുമിച്ചു നിലയ്ക്കണം

ഒരു രാവിനെ തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കിയെടുത്ത്
ഒന്നൊന്നെന്നു വിരൽ മടക്കി
മുന്നോട്ടു കാണുന്നതൊക്കെ
പേരില്ലാത്തക്കങ്ങളെന്നു പുലമ്പി
ചോരാതെ തിരികെക്കൊടുത്ത്
തിരി താഴ്ത്തെന്നു കലമ്പി
ഉറക്കത്തിന് പായ വിരിക്കണം .


2017, മേയ് 20, ശനിയാഴ്‌ച

ഇരുട്ടുമുറിച്ച് പാട്ടുതുന്നുന്നവൾ


പാട്ടുകൾ
വിൽക്കാനിരിക്കുന്ന
പെൺകുട്ടിയുടെ
തെരുവിലേയ്ക്കായിരുന്നു
ഇന്നലെയൊരു രാപ്പാടി
പാലം പണിഞ്ഞു തന്നത്

ഉടലാകെ പാട്ടു കൊരുത്ത്
കടക്കണ്ണെറിഞ്ഞ്
മഴ പോലൊരുവൾ

ഏതേതെന്ന്
തിരഞ്ഞു തിരഞ്ഞ്
ഉന്മാദിയായൊരു കാറ്റായ്
ഞാനും

നീട്ടിപ്പിടിക്കുകയാണവൾ
മുന്നിലേയ്ക്ക്,
തോഡി
സാവേരി
ഭൈരവി
ഹിന്ദോളം
മോഹനം
കല്യാണി
ദേവമനോഹരി
ഹംസധ്വനി
ആരഭി
മഞ്ജരി
കാംബോജി
പൂർണചന്ദ്രിക  ........

ശ്രുതിഭംഗം വരുത്താതെ
കെട്ടുകളഴിച്ച്
നിരത്തിവെച്ച്
പേരും പെരുമയും പറഞ്ഞ്
വിലപേശുകയാണവൾ

മധ്യമാവതി തൊട്ട്
നെറുകയിൽ വെച്ച്
ഉരുക്കഴിച്ചൊരു പ്രാർഥന

ഞാൻ പാടാൻ തുടങ്ങുന്നു
വാനം മഴവില്ല് വരയ്ക്കുന്നതിന്റെ
ഒരു പുൽക്കൊടിത്തുമ്പ്‌
മഞ്ഞുകണത്തെ ചേർത്തുപിടിക്കുന്നതിന്റെ
വെളിച്ചം പൂമൊട്ടിനെ ചുംബിക്കുന്നതിന്റെ
ഒരു കിളിക്കുഞ്ഞ് ആകാശം കാണുന്നതിന്റെ
ഒരില ഞെട്ടറ്റു വീഴുന്നതിന്റെ
ഒരു പുഴ ഒഴുകാൻ വെമ്പുന്നതിന്റെ
അപൂർവ്വരാഗങ്ങൾ

വെളിച്ചമിറങ്ങി വരുന്ന തെരുവിന്
അവൾ എന്റെ പേര് കൊത്തിവെയ്ക്കുന്നു .

2017, മേയ് 11, വ്യാഴാഴ്‌ച

തിരനോട്ടം


മണ്ണ്പറന്നുപോയ
വഴിയോരത്ത്
തലയിൽ പൊത്തിപ്പിടിച്ച
വിരലുകൾ പോലെ
പഴയൊരു വീടിന്റെ
ശേഷിപ്പ്
അരികത്തായ്
വറ്റിപ്പോയ കുളക്കടവിൽ
അർമാദിച്ചു കുളിച്ച
പകലുകളുടെ
തേഞ്ഞുപോയ കൂവൽ
തുറന്നുവെയ്ക്കാത്ത
ജനാല പാളിനോക്കി
പേര് വിളിക്കാൻ
ഓർമ്മ തിരഞ്ഞ്
ചിറകുചിക്കി മിനുക്കുന്ന
ചെറുവാലൻ കിളി
അടുത്ത വരവിന്
നിറഞ്ഞൊരു പാടവും കൊത്തി
വരണമെന്ന്
തിരികെ പറക്കുന്ന
ദേശാടനക്കൂട്ടം
ചിണുങ്ങിക്കരഞ്ഞുകൊണ്ട്
ഉറങ്ങാൻ പോകുന്ന
കുഞ്ഞിനെപ്പോലെ
ആകാശക്കൺകോണിൽ
മഷിയെഴുതാത്ത മേഘം

ഇനിയെന്തുണ്ടെടുക്കാനെന്ന്
തിരിഞ്ഞുനോക്കി
ഭാണ്ഡം മുറുക്കി
ആകാശത്തിന്
തുളകളിട്ടു മടങ്ങുന്ന
കൂർത്ത നഖമുനകൾ .!

2017, മേയ് 6, ശനിയാഴ്‌ച

ഒളിവിടം

നീയിപ്പോൾ
ആകാശത്തിന്റെ മൂലയിൽ
ഒരു തൈ നട്ടിട്ടുണ്ടാവും

കാത്തുനിന്നു മടുത്ത്
ഒരു കുമ്പിൾ വെള്ളം
ചുവട്ടിലൊഴുക്കിയിട്ടുണ്ടാവും

പുടവ ചുറ്റണം
പൂവ് ചൂടണം
പൊട്ടും കുത്തി
കണ്ണാടിയും നോക്കി
പുഴയോട്
ഒരു കുടം മഷി
കടം വാങ്ങണം

തുളുമ്പാതെ
ഒക്കത്തുവെച്ച്
പടവെണ്ണി
ചുവടു കാത്ത്
നിന്നിലെത്തണം

നിന്റെ
ഉടലാകെ
കുത്തിവരയ്ക്കണം
ഒരു വികൃതിക്കുട്ടി
അവളുടെമാത്രമായ
ക്യാൻവാസിനോടെന്നപോലെ

എങ്ങനെയൊരുക്കിയാൽ
നിന്നിലെന്നെ നിറയ്ക്കാമെന്ന്
ഒരു വരയിൽ വായിക്കണം

ഒരു മൊട്ടൊരുമൊട്ടെന്നു തളിർത്ത്
കറുപ്പ് പൂത്തൊരുടലായി
ഇതളടർന്നടർന്ന്
നമുക്കൊന്നായ് പൊഴിയണം .


2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ഞാനിപ്പോൾ ഭൂപടത്തിൽ കണ്ടിട്ടില്ലാത്ത ഒരു ദേശം വരയ്ക്കുകയാണ് ....!

ഞാനിപ്പോൾ
അമ്മയുടെ മടിയിലിരിക്കുകയാണ്
അച്ഛൻ തൊട്ടടുത്തുതന്നെയുണ്ട്
പാടവും മരങ്ങളും പിറകോട്ടു നടക്കുകയാണ്
വഴിവക്കിലെ പൂക്കളിൽ തേൻ കുടിക്കുന്ന
പൂമ്പാറ്റകളെപ്പോലും കാണാനാവുന്ന വേഗതയിൽ.

ഞാനിപ്പോൾ
അരികിലെ സീറ്റിലിരുന്ന് കാഴ്ച കാണുകയാണ്
പഴയതിനേക്കാൾ വേഗത്തിലാണ് പാടവും മരങ്ങളും
നിറയെ യാത്രക്കാർ
തലമുടിയൊതുക്കി മെടഞ്ഞ് മുന്നിലേക്കിട്ടിട്ടുണ്ട്
പിൻസീറ്റിലിരിക്കുന്നവരെ അലോസരപ്പെടുത്താതെ.
കാഴ്ചകൾക്ക് വല്ലാത്തൊരു മനോഹാരിത
പോക്കുവെയിലിന്റെ ഇളം ചൂട്
മുഖത്തേയ്ക്കിറ്റിറ്റു വീഴുന്ന ചാറ്റൽമഴ
വീടിന്റെ പൂമുഖത്ത്
കടവരാന്തയിൽ
ചുമടുതാങ്ങിയുടെ ചുവടെ
മേയുന്ന പശുവിന്റെ കയററ്റത്ത്
വരികളിൽ നിന്നു പറന്നിറങ്ങി വന്ന്
ഉള്ളിൽ ചേക്കേറിയ മുഖങ്ങൾ
ഒരേ വഴിയും വേറിട്ട കാഴ്ചകളും
നാളെയെന്താവും ഒരുക്കിവെയ്ക്കുകയെന്ന ചിന്ത
മുടങ്ങാത്ത  നോക്കിയിരിപ്പ് .

ഞാനിപ്പോൾ
അരികിലെ സീറ്റിലിരിക്കുകയാണ്
എന്റെ കാഴ്ചകൾ ഉള്ളിലേയ്ക്കാണ്
ഓടുന്ന മരങ്ങളും പാടവും കാണുന്ന കണ്ണുകളിലേയ്ക്ക്.

ഞാനിപ്പോൾ
അരികിലെ സീറ്റിൽ പാട്ടുകേട്ടിരിക്കുകയാണ്
യാത്രക്കാരായി രണ്ടുപേർ മാത്രം
എത്ര വേഗത്തിലാണ് മരങ്ങളും പാടവും ഓടിമറയുന്നത്
കാഴ്ചയെ തൊട്ടെടുക്കാൻ, 'ഒന്നു പതുക്കെ'യെന്ന്
ഇടയ്ക്കിടയ്‌ക്ക്‌ ഇടംകൈയിൽ പതിയുന്ന സ്പർശം.

ഞാനിപ്പോൾ
വീടിന്റെ ഉമ്മറത്തിരുന്ന്
അന്തിത്തിരി തെറുത്തുവെയ്ക്കുകയാണ്
ഇതു വഴി പോകുന്ന ഓരോരുത്തരും
പിറകോട്ടോടുന്ന ഞാനെന്ന  കാഴ്ചയും കടന്ന്
അടുത്ത കാഴ്ചയിലേക്ക് കുതിക്കുകയാണ് .


2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

കഥാവശേഷം

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ

കനലില്ലാ നാവ്
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന്
ചിലയ്ക്കാനറിയില്ലെന്ന്
വാലുമുറിയാത്ത പല്ലി

അനങ്ങാക്കപ്പിയും
നോക്കിയിരുന്ന്
കിണർവട്ടത്തെ
കോട്ടുവായിടീക്കുന്ന
കണ്ടൻ പൂച്ച

നിഴലെന്നു കൂവി
പിറകേയോടി
മതിലിൽ തട്ടി
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന
ശോഷിച്ചുപോയ
മേടക്കാറ്റ്

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു
വിയർത്തുകുളിച്ച രാത്രി .
---------------------------------------/


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

'കാത്തു' കാത്ത്

ഓട്ടുകൈവളക്കൊഞ്ചലാലിന്നൊരു
കാട്ടുചെമ്പകപ്പൂവിതൾ നുള്ളണം

വള്ളിമേലിരുന്നാടി,കിളികളെ
കണ്ട്,നാലു കുശലം പറയണം

നീരു കോരി മുഖമൊന്നു നോക്കീട്ട്
നീലചുറ്റുന്ന പുഴപോൽ ചിരിക്കണം

മുറ്റമാകെ വിരിച്ചിട്ട പിച്ചക -
പ്പൂക്കളാലൊരു മാലയുണ്ടാക്കണം

തൂശനിലയും തടുക്കും വിരിച്ചിട്ട്
കാലമായെന്നുറക്കെ വിളിക്കണം

ഉണ്ട്, തിണ്ണയിൽ ചായുന്ന നേരത്ത്
കൂട്ടിനായൊരു തോണിയൊരുക്കണം

രാവുറങ്ങാൻ വരുന്നെന്നു കണ്ടിട്ട്
മധുരമാം പഴംപാട്ടൊന്നഴിക്കണം

താരകങ്ങൾ ചിരിക്കുന്ന വേളയിൽ
ചന്തമാർന്നോരുടുപ്പൊന്നു തുന്നണം

മലയിറങ്ങി വരുന്നതും നോക്കി ഞാൻ
കാത്തിരിക്കാൻ തുടങ്ങി നാളേറെയായ് .

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഋതുചര്യ


വര മുറിച്ചു
കടക്കാൻ
വിരൽകടിച്ചു
നിൽക്കുന്നവളേ ,

കണ്ണിലെ
കടലു നനച്ച്
വിണ്ണിനെ
തോർത്തിയെടുക്ക്

പോക്കുവെയിൽ
കോരിയെടുത്ത്
ചുവരൊന്ന്
തേയ്ച്ചുമിനുക്ക്

മേഘക്കാർ
നനച്ചു കുഴച്ച്
തറ നന്നായ്
മെഴുകിയൊരുക്ക്

കിനാവിന്
മുടിയിൽ ചൂടാൻ
ചേമന്തിപ്പൂ
മാലകൊരുക്ക്

കവിതയ്ക്ക്
ചാഞ്ഞുമയങ്ങാൻ
നിലാപ്പൊൻ
തടുക്കുവിരിക്ക് .
------------------------------


2017, ഏപ്രിൽ 9, ഞായറാഴ്‌ച

ഉയിരാകെ പൂക്കുന്നുണ്ടാവും

മുണ്ടിന്റെ
കോന്തല പിടിച്ച്
വിയർപ്പുതുടച്ച്
ദോശക്കല്ലിൽ ശ്ശീ'ന്നൊരു
വട്ടം പരത്തി
നിവർന്നപ്പോഴാണ്
ഉറക്കെക്കരയാൻ
തുടങ്ങിയത്

വാരിയെടുത്ത്
ഒക്കത്തിരുത്തി
നുണക്കുഴിവിരിയുന്നതും
നോക്കി നോക്കിയിരുന്ന്
കരിമണംവന്ന ദോശ
പാത്രത്തിലേക്ക്
നീക്കിവെച്ച്
താഴെനിർത്തിയതേയുള്ളു

കണ്ണെടുക്കും മുമ്പേ ...

പറയാനൊണ്ടായിരുന്നു
ഒരു നൂറുകൂട്ടം

ചിമ്മിനിവിളക്കും കത്തിച്ചുവെച്ച്
പൂവാലീടെ പേറ്റുനോവിന്
ഇന്നലേം ഉറങ്ങാതിരുന്നത്

കാറ്റൊന്നു ചിരിച്ച നേരത്ത്
ഇളകിയാടിയ പെരയെ നോക്കി
അയ്യോന്ന് വേവലാതിപ്പെട്ടത്

മഴയൊന്നു തുള്ളിയ നേരത്ത്
കനൽ കെട്ടുപോയല്ലോയെന്ന്
മേലെ നോക്കി പിറുപിറുത്തത്

ഇനിയും പൂവിട്ടില്ലേന്നു കലമ്പി
റോസാച്ചെടിയുടെ തലയ്ക്ക്
ഒരു നുള്ളുകൊടുത്തത്

കാൽപ്പെട്ടി തുറന്നുവെച്ച്
മാനം കാണിക്കാതെ
ഒരു തൂവാല മുത്തിമണത്തത്

ഒറ്റയ്ക്കല്ലല്ലോ
നീയില്ലേ കൂടെയെന്ന്
കവിളു കാക്കുന്ന
മറുകിലമർത്തി
ഒരുമ്മ കൊടുക്കാൻ കൊതിച്ചതാണ്‌

നീയിപ്പോളെവിടെയൊക്കെയോ
പെയ്തു നിറയുന്നുണ്ടാവും ....! 

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ചരമഗീതം


വെയിലിന്റെ
നെറുകയിൽ
വിരൽത്തുമ്പു നനച്ച്
വല്ലാതെ
പനിക്കുന്നുണ്ടെന്ന്
ചാറി മറയുന്ന മഴ

നിഴലു തോർന്ന്
കാടിറങ്ങിപ്പോയ
വഴി തൊട്ട്
വല്ലാതെ
മുറിഞ്ഞുപോയെന്ന്
പാറി മറയുന്ന കാറ്റ്

മഷിയെഴുതാതെ കറുത്ത
കണ്ണുകളിൽ
ഉറക്കമിളച്ചതിന്റെ
അടയാളങ്ങളെന്ന് രാത്രി

ചമഞ്ഞൊരുങ്ങി
കിടക്കാൻ
ഒരു വരി മൂളണമെന്ന്
തൊണ്ടവറ്റിയ പാട്ടുകളോട്
വിണ്ടുകീറിയ ഒരുവൾ .

2017, മാർച്ച് 31, വെള്ളിയാഴ്‌ച


കേട്ടിരുന്നില്ല
ഇത്രയുമടുത്ത്
ഇത്രയും മധുരമായി

രാപ്പാടികളുടെ അഭൗമമായ സംഗീതം !

പകർത്തിവെയ്ക്കാനായില്ല
നിനക്കുള്ളതാണെന്നുണർത്തിയിട്ടും

ഉറക്കത്തിന്റെ
ബലിഷ്ഠമായ കൈകൾ
എടുത്തുമാറ്റാനാവാതെ
കണ്ണുകൾ
അടഞ്ഞുപോയിരുന്നു

ഇന്ന് അവർ വരും
പാടും
 
ഒരുമിച്ചു പാടണം
'വരികൾ അർത്ഥമറിഞ്ഞു തന്നെയാണ് കിളിയേ
കൂടെപ്പാടുന്നതെന്ന് ഇടയ്ക്കൊരു നിർത്ത്
പിന്നെ മുറിയാതേറ്റുപാടി
ഉറങ്ങാത്ത രാവിനെ പുലരുവോളമുറക്കണം

അനന്തമായ ആകാശവീഥിയെ
നേർത്തൊരു സ്പർശംകൊണ്ടളക്കുന്ന ചിറകിനെ
കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ
അസൂയകൊണ്ട് കറുകറുത്ത കണ്മഷിയെഴുത്ത് !
ഒരിക്കൽ ,ഒരിക്കൽ മാത്രമെന്നോരോ നോക്കിലും
അദമ്യമായ മോഹത്തിന്റെയൊരുയിർപ്പ് !

ആകാശത്തൊരു കളം വരയ്ക്കാനായെങ്കിൽ

അവിടെയൊരു കൊമ്പിൽ ഊഞ്ഞാല കെട്ടി
നീ നീ നീയെന്നു ചൂണ്ടി
ഊഴം തെറ്റാതെ ,തെറ്റിക്കാതെ ആയത്തിലാടി
പൂക്കളെ , പൂമ്പാറ്റകളെ നോക്കിനോക്കിനിന്ന്
വയൽവരമ്പിലൂടെ പാട്ടുമൂളി നടന്ന്
പുഴയെ പേരുവിളിച്ച്
പമ്പരം കാട്ടി കൊതിപ്പിച്ച്
പൂവിന്റെ നെറുകയിൽ നിന്നൊരു മഞ്ഞുതുള്ളി
തൊട്ടെടുത്ത് വട്ടത്തിലൊരു പൊട്ടുകുത്തി
കാറ്റായ് പറന്ന് , മഴയായ് പൊഴിഞ്ഞ് .....

ഒക്കെയും പറയണമെനിക്കവരോട്‌

ഇന്നു രാവിൽ അവർ വരും. വരാതിരിക്കില്ല .                   

2017, മാർച്ച് 27, തിങ്കളാഴ്‌ച

ഉണർത്തുപാട്ട്

മുറിവിൻ
തുമ്പിൽ നിന്ന്
തെറിച്ചുവീഴുന്ന
തുള്ളിയെ
ഒരു വിത്തായ്
മുളപ്പിച്ച്
മണമായ്
വിടർത്തി
അതിൻ മേലെ
ഒരു കണമൊരു
കണമെന്ന്
പൊഴിഞ്ഞ്

കറങ്ങി
തളർന്നാർത്ത്
ചലനമറ്റ്
നിലംപറ്റിയ
പമ്പരത്തെ
ഒരു ചെറുകാറ്റായ്
തലോടി

മാമുണ്ണാൻ
അമ്പിളിമാമനെന്ന്
തഴുകി
വിരൽത്തുമ്പിൽനിന്ന്
നിലാവിനെ
കെട്ടഴിച്ചുവിട്ട്

മരണപ്പെട്ട
നിറങ്ങളൊന്നായ്
അടക്കം ചെയ്ത്
ഇരുട്ടെന്നെഴുതിയ
കറുകറുത്ത
കാൻവാസിൽ
ഒരു തുള്ളി ചായമിറ്റിച്ച്

വിളിപ്പുറത്തു
നിന്നുകൊണ്ട്
ഞാനുണ്ടെന്ന്
നീയിന്നും
ശബ്ദമില്ലാത്തൊരു
വാക്കുപോലടർന്ന്‌

ഉറക്കുപാട്ടിലുണർന്നിരുന്ന്
തിരിനീട്ടുന്നൊരീണം ..!

2017, മാർച്ച് 16, വ്യാഴാഴ്‌ച

നിലാവിൻ കൊമ്പത്തേതോ
കിനാവിൻ പക്ഷിക്കൂട്ടം

കടവത്തെ തോണിയിറക്കാൻ
നിഴലേ ,നീ പാട്ട് മുറുക്ക്

തെച്ചിപ്പൂ കാതിലയിട്ട് ,
ഞൊറിയൊന്നു മിനുക്കട്ടേ ഞാൻ .

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവളാകാശം

കരഞ്ഞുവറ്റിപ്പോയ
പുഴയുടെ മാറിൽ
വിരൽകുടിച്ചുറങ്ങുന്ന
നിലാവിന്റെ കുഞ്ഞ്

മരിച്ചിട്ടും തിളങ്ങുന്ന
നോട്ടങ്ങളുടെ മേൽ
കൺപോള തിരയുന്നു
ഇരുട്ടിന്റെ കണികകൾ

നക്ഷത്രങ്ങളുടെ നെറ്റിയിൽ
ചോരപ്പൊട്ടൊലിച്ചിറങ്ങുന്നെന്ന്
നീന്തൽ മറന്ന തുഴയിലിരുന്ന്
ഒച്ചയിടുന്നൊരു ചെന്തലയൻപുള്ള്

ഋതുക്കളിൽ നിന്ന്
വസന്തത്തിന്റെ വിത്ത്
നുള്ളിയെടുത്ത്
മുറ്റത്ത് പാകി മുളപ്പിക്കണം

നനച്ചു വളർത്തണം

പച്ച ഞൊറിഞ്ഞൊരുങ്ങിയ
ഓരോ ചില്ലയിലും പൂവിടും
ചിരിക്കുന്ന പെൺമുഖമുള്ള
ഒരായിരം  ആകാശങ്ങൾ ...!

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ഫോണിന്റെ അങ്ങേത്തലയ്ക്കൽ അമ്മയുടെ ശബ്ദം ഇന്നും .
ഓർത്തെടുക്കാൻ മിനക്കെടാതെ ' നീയിപ്പോ എവിടെയാണെന്ന
പതിവുചോദ്യം .'ഞാനിതാ മുറ്റത്തെത്തിയെന്ന പതിവ് ഉത്തരം .
കളിപറയുകയാണെന്നു അറിഞ്ഞുകൊണ്ടുള്ള ചിരി .ഒടുവിൽ
നീയെന്നു വരുമെന്ന പതിവുചോദ്യം .അടുത്ത ആഴ്ചയെന്ന ,
ഉറപ്പില്ലാത്ത ഉത്തരം കേട്ട് നിശ്വാസത്തോടെ മടക്കം .

പലപ്പോഴും പാലിക്കപ്പെടാൻ കഴിയാതെ പോയ ആ വാക്ക്
ഉള്ളിലിരുന്ന് നീറി നീറി പുകയുകയാണ് .

അന്ന് ( feb 7 )  ചൊവ്വാഴ്ച രാവിലെ 11 .23 എന്ന് സമയമെഴുതി
ഡോക്ടർ കാണിച്ച കുറിപ്പ്. അമ്മ എവിടെ പോകാൻ .......
രാവിലെയും വേദനയുടെ ഞരക്കത്തിൽ കട്ടിലിൽ നിന്ന് ചരിഞ്ഞു
വന്ന് കസേരയിൽ അമ്മയോട് എത്ര ചേർന്നിരിക്കാമോ അത്രയും
ചേർന്നിരുന്ന എന്റെ തോളിലേക്ക് ഇടതുകൈ നീട്ടിയിട്ട് ഒരു
കുഞ്ഞിനെപ്പോലെ കെട്ടിപ്പിടിച്ചു കിടന്നതല്ലേ ....

ഓർമ്മയുടെ പച്ചപ്പിലൂടെ അമ്മ നടക്കുകയാണ് ,ധൃതിയിൽ .
പണ്ട് ചോറുപൊതികൾ കെട്ടിത്തന്ന് എല്ലാവരെയും യാത്രയാക്കി
ഞൊടിയിടകൊണ്ട്‌ , തേച്ചു വടിവാക്കിയ ചെറിയ പുള്ളികളുള്ള
വെള്ള സാരി ഭംഗിയായുടുത്ത് ശരീരത്തിന്റെ ഭാഗമായി മാറിയ
കുടയുമായി അമ്മ നടക്കുകയാണ് , ഓട്ടമെന്ന് വിശേഷിപ്പിക്കാവുന്ന
നടത്തം .വളരെ നേരത്തെയിറങ്ങിയ ഞങ്ങൾ കുട്ടികൾക്ക് മുന്നിലൂടെ
ശരവേഗത്തിൽ കടന്നുപോകുകയാണ് .
(നിശബ്ദമായ ക്ലാസ്സുമുറി . മേശമേൽ നീളൻ ചൂരൽ .ഉള്ളിൽ സ്നേഹം
പൊതിഞ്ഞുവെച്ച് , ഗൗരവം നടിക്കുന്ന ടീച്ചർ . 50 ന് 50 എന്നെഴുതിക്കിട്ടാത്ത
ഒന്നോ രണ്ടോ കണക്കു  പരീക്ഷകൾ .ഒരു മാർക്ക് അമ്മയ്ക്ക് വേണമെന്ന
കൊതി  .പിന്നെ കരഞ്ഞു വിളിച്ച് വാശിപിടിച്ച് ക്ലാസ് മാറ്റം .
അങ്ങനെ ഞാൻ അമ്മയുടെ കുട്ടിയായി വളരെക്കുറച്ചു ദിവസം മാത്രം.)

അമ്മ നട്ടു നനച്ച് വളർത്തിയ ചെടികൾക്ക് എന്തൊരു പച്ചപ്പ്‌ .

ആശുപത്രികിടക്കയിൽ ,വേദനയുടെ നടുവിലും ഒരു കുഞ്ഞിനെപ്പോലെ
വായ തുറന്ന് മാമുണ്ണും നേരം വേണ്ടാന്നു വാശിപിടിക്കുമ്പോഴൊക്കെ
ഞാൻ പറയുന്ന തമാശകേട്ടുള്ള ആ ചിരി

ആ ഞരക്കം എനിക്ക് മറക്കണം .
ഓർക്കാൻ ആ ചിരി മതി ആ ചിരി മാത്രം .

കലശം തിരയെടുത്തത് ഒരൊറ്റ മാത്രകൊണ്ട് .അച്ഛന്റെ വിരലുകൾക്ക്
എന്തൊരു ആവേശമായിരുന്നു , കാത്തിരുന്നു കാത്തിരുന്ന് സഹികെട്ടതു
പോലെ .ഇരുട്ട് നാളെയീ  കണ്ണുകൾക്ക് മുന്നിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും
രണ്ട് മിന്നാമിനുങ്ങുകളെ , നിറയെ കാണാൻ .............

2017, ഫെബ്രുവരി 22, ബുധനാഴ്‌ച

ശേഷം

പാട്ടൊന്നു മൂളണം

കുടിൽകാക്കുന്ന ചില്ലയെ
ഈണത്തിലാട്ടിയുറക്കണം

കാവലിരിക്കാൻ
ഞാനുണ്ട് പാട്ടുണ്ടെന്ന്
വിരൽ പിടിക്കണം

പൊട്ടു തൊടാനൊരു
കിനാവിരൽത്തുമ്പ്

മുട്ടിവിളിക്കാൻ
ഓലമെടഞ്ഞൊരു വാതിൽ

നിറഞ്ഞു തൂവാൻ
മണ്ണുമെനഞ്ഞൊരു കുടം

നനഞ്ഞിരിക്കാൻ
നിവർത്തിയിട്ടൊരു പുൽപ്പായ

ചൂടു പുതയ്ക്കാൻ
അടുപ്പിലൊരണയാത്ത കനൽ

കൂടെയുറങ്ങാൻ
കരിവളയിട്ടൊരു പാട്ട്

കാറ്റേ , തട്ടിവിളിക്കല്ലേ
കടലാണുള്ളിൽ ...

2017, ഫെബ്രുവരി 19, ഞായറാഴ്‌ച

കടലേ
നീയെടുത്തത്
ഞാൻ നുകർന്ന
മുലപ്പാലിന്റെ മണം.

നാളേക്ക്
നീയൊരുക്കിവെയ്ക്കണം
എനിക്കുറങ്ങാനൊരു
പതിഞ്ഞ താരാട്ട് .
2017, ഫെബ്രുവരി 4, ശനിയാഴ്‌ച

ആഘോഷങ്ങളെല്ലാം
നാളേയ്ക്കെന്ന് മാറ്റിവെച്ച്
മനസ്സുകൊണ്ടും
വാക്കുകൊണ്ടും
പ്രവൃത്തികൊണ്ടും
ഒരു വേദനയ്ക്ക് കൂട്ടിരിക്കുക

സ്വയം തൊട്ടുനോക്കുമ്പോൾ
ഉള്ളിലൊരു മനുഷ്യന്റെ തുടിപ്പ്

നീക്കിവെച്ച നിമിഷങ്ങളെ
നഷ്ടമെന്ന് കണക്കുപുസ്തകത്തിൽ
രേഖപ്പെടുത്താനുള്ള ലിപിയറിയാതെ
ആഘോഷിക്കാനുള്ളതാണോരോ നിമിഷവുമെന്ന
പുത്തൻ നീതിശാസ്ത്രത്തിൽ വിശ്വസിക്കാതെ
ഒരു പഴയ ശരീരത്തിൽ
കടംകൊണ്ട സ്നേഹത്തെയടയാളപ്പെടുത്താൻ
ഞാനെന്നയെന്നെ വീണ്ടും വീണ്ടും
മുറുകെ പുണർന്ന് ....

ഇടറിപ്പോകുന്ന വേളയിൽ
നിനക്ക്ഞാനുണ്ടെന്നൊരോർമ്മപ്പെടുത്തൽ
അതൊരുപാസനയാണ്

'നീ കരയുമ്പോൾ
എനിക്ക് ചിരിക്കാൻ കഴിയുന്നതെങ്ങനെ ?'
ആരോ ചുമലിൽ കൈവെച്ചതുപോലെ

ആദികേശവാ ,

മീരയുണ്ടായതെങ്ങനെയെന്ന്
ഞാനറിയുന്നു .2017, ജനുവരി 29, ഞായറാഴ്‌ച

മഞ്ഞിൽ നനഞ്ഞ ഒരു പൂവിന്റെ തണുപ്പ്
കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ എന്റെ ചുണ്ടുകളിൽ
അമ്മ ഒരു ശിശുവായതുപോലെ .

വിരലുകൾക്ക് തളിരിലകളുടെ മൃദുലത
എത്രപേരെ ഊട്ടിയ വിരലുകളാണിത്
എത്ര വിരലുകളിൽ അക്ഷരങ്ങളുടെ മധുരം വിളമ്പിയത്
കഠിനാദ്ധ്വാനത്തിന്റെ തഴമ്പുകൾ മാഞ്ഞുപോയിരിക്കുന്നു .

'നീ ഉറങ്ങിയോ ' എന്ന ചോദ്യം ഇന്നലെ അമ്മ ചോദിച്ചതേയില്ല .
ഉറക്കത്തിൽ  എന്തൊക്കെയോ അസ്വസ്ഥമായി പിറുപിറുത്ത്,
തൊട്ടടുത്ത് .... അച്ഛൻ പോയശേഷം ..... അപൂർവമായി
മാത്രം കിട്ടുന്ന അവസരങ്ങളിൽ അമ്മയെചേർന്നു കിടക്കുമ്പോൾ
'പഴങ്കഥ' കേട്ട് കണ്ണുനിറയ്ക്കുന്ന മാത്രയിൽ ഒരു മിന്നാമിനുങ്ങായി
വന്നുപോയിരുന്നു അച്ഛൻ .വിളിച്ചു കാണിക്കുമ്പോൾ 'ഓ അത്
എന്നും വരാറുള്ളതാണെന്നു പറഞ്ഞ് അവിടെയും എന്നെ
അമ്മ തോൽപ്പിക്കാറാണ് പതിവ് . ഇന്നലെ ഞാൻ കണ്ണ് നിറച്ചില്ല ,
അതുകൊണ്ടാവാം ആ ഒരു തരി വെട്ടം വന്നുപോയതുമില്ല .

'മാറ്റിയെടുക്കപ്പെട്ട കുട്ടിയാണോ ഞാനെന്ന പതിവു ചോദ്യം ഇന്നലെ
മനഃപൂർവം ഒഴിവാക്കിയതാണ് .ഇത്രയും ക്ഷീണിച്ച അവസ്ഥയിലും
ഒരു പൂർണ്ണവിശ്വാസത്തിന്റെ കുറവ് അമ്മ പ്രകടിപ്പിച്ചാൽ അത്
എനിക്ക് താങ്ങാനാകുമായിരുന്നില്ല .

എത്ര കരയിച്ചതാണ്. ഒരു കളിവാക്കുപോലെ പലരുമെറിഞ്ഞ് ,
എത്ര മുറിവേൽപ്പിച്ചതാണ് . തെളിവുകൊണ്ടുമാത്രം 'എന്റെ കുട്ടി '
എന്ന് സമ്മതിക്കേണ്ടിവന്നു എന്ന് അമ്മയിൽ നിന്ന് കേൾക്കേണ്ടിവന്ന
ഒരു മകൾ ...ഒരുപാടമ്മമാരെ സ്നേഹിച്ചു കൊതിതീർക്കുന്നവൾ .

ഇന്നലെ അമ്മ ഉറക്കത്തിൽ സംസാരിച്ചത് അച്ഛനോട് തന്നെയാവും .
അതുകൊണ്ടാവും ഒരു മിന്നാമിനുങ്ങിലേയ്ക്ക് പരകായം ചെയ്യാൻ
എന്റെ അച്ഛന് കഴിയാതെ പോയത് .

അമ്മയ്ക്ക് വാരിക്കൊടുത്തൂട്ടി ,ആദ്യമായൊരു പിറന്നാളാഘോഷം.
ഞാനും എന്റെ വിരലുകളും മാത്രമറിഞ്ഞ്......ഇനി മരിക്കുവോളം പിറന്നാളോർമ്മയുണ്ടുനിറയാനിതുമതിയെനിക്ക് .

ശാരീരികാസ്വാസ്ഥ്യത്തിൽനിന്ന് വിടുതൽ വാങ്ങി അമ്മ വരുന്നതും
കാത്ത്......  പൂർണ്ണ ആരോഗ്യവതിയായി വരുമ്പോൾ ഞാൻ പറയും ,
അടുത്ത ജന്മത്തിലെനിക്ക് അമ്മയുടെ മകളായി , ആദ്യത്തെ കുട്ടിയായി
ജനിക്കണം . പാടാനറിയാത്തവളെ പാട്ടുപഠിപ്പിക്കുന്നതും നോക്കി
രാഗങ്ങൾ വേർതിരിച്ചറിയാവുന്നൊരു കുട്ടിയായി ദൂരെ മാറിയിരുന്ന്
കണ്ണുനിറയ്ക്കാൻ ഇനിയൊരിക്കൽകൂടി ...വയ്യ .

അമ്മയെന്നെഴുതി ,
ഗ്രേസിയെന്ന് വായിച്ച് ,
ഓരോ തിരയിലും കാൽനനച്ച് ,
എന്റെ അമ്മയെ നിങ്ങളറിയുമോയെന്ന്
ചോദിച്ചു കരയാൻ ഒരു ജന്മം എനിക്കിനി വേണ്ട.......

2017, ജനുവരി 23, തിങ്കളാഴ്‌ച'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'


ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലെ വീരനായിക
ഡോ . രജനി തിരണഗാമയ്ക്ക് സമർപ്പിച്ചുകൊണ്ട്
'No more tears sister ' എന്നെഴുതിവെച്ച്
ശ്രീ .ടി .ഡി .രാമകൃഷ്ണൻ നമ്മെ കൊണ്ടുപോകുന്നു
തന്റെ 'സുഗന്ധി എന്ന  ആണ്ടാൾ ദേവനായകി'യിലേക്ക് .

കഥ തുടങ്ങുംമുൻപ് അദ്ദേഹം പറയുന്നു ,
'' തിരുവനന്തപുരത്തുനിന്നു കാസറഗോഡേക്കുള്ളതിന്റെ
പകുതി ദൂരമേ ജാഫ്‌നയിലേക്കുള്ളൂ.ഭാഷ ,സംസ്കാരം ,
വിദ്യാഭ്യാസം ആഹാരരീതി എന്നിവയിലെല്ലാം തമിഴരെക്കാൾ
നമുക്ക് അടുപ്പം ശ്രീലങ്കക്കാരോടാണ് .ഗൾഫ് എന്ന സ്വപ്നലോകം
തുറക്കുന്നതിനു മുമ്പ് മലയാളികളുടെ അഭയകേന്ദ്രമായിരുന്നു
ഈ കൊച്ചുരാജ്യം .എന്നിട്ടും മലയാളികളെ ,ശ്രീലങ്കയിൽ
കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും കൂട്ടക്കൊലയും
തീരെ ബാധിച്ചില്ല .കാരണം നമുക്കിടയിലൊരു കടലുണ്ട്........)

ശരിയാണ് ..........നാമിങ്ങനെയാണ്

ഈ പുസ്തകത്തെ
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ
'ഇടപെടൽ' എന്ന് വായിക്കാം

ഒരു രാജ്യത്തിന്റെ മുറിവിലേയ്ക്ക്....... ഒരു മിത്തിനെ
ആധാരമാക്കി എത്ര വിദഗ്ധമായി, ഭംഗിയായി ഒരു കഥ
രൂപപ്പെടുത്തിയിരിക്കുന്നു .
ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ കരുത്ത് .ബുദ്ധിയും
ശരീരവും കൊണ്ട് കീഴടക്കുന്നവർ .

''....മഹീന്ദന്റെ വാൾ അവളുടെ രണ്ടു മുലകളും അരിഞ്ഞുവീഴ്ത്തി .
..................രണ്ടായി മുറിച്ച വലിയ മാതളപ്പഴംപോലെ ചോരയിൽ
കുളിച്ച് ചുവന്നുതുടുത്ത അവളുടെ മുലകൾ മണ്ഡപത്തിന്റെ
നടുവിൽ കിടന്നു ..............മഹീന്ദൻ വീണ്ടും വാളുയർത്തിയപ്പോഴേക്കും
അദൃശ്യനായ ആരോ അയാളുടെ കൈ കടന്നുപിടിച്ചു ...അമാനുഷികമായ
എന്തോ ശക്തി കൈവന്ന ദേവനായകി പെട്ടെന്ന് ആകാശത്തോളം വളർന്നു .
ഒരു കാൽ സിഗിരിയയിലും മറ്റേ കാൽ ശ്രീപാദമലയിലുംവെച്ച് അവൾ
ആകാശത്തിലൂടെ നടന്നുപോയി .അവളുടെ രണ്ടു മുലകളും പ്രകാശിക്കുന്ന
ചുവന്ന നക്ഷത്രങ്ങളായി അവളോടൊപ്പം ആകാശത്തിലേക്കു പറന്നു ..."
അതേ സമയത്തുതന്നെ ചോളപ്പട സിംഹശൈലം വളയുന്നു ....
സ്ഫോടനങ്ങളുടെ പരമ്പര ....മഹീന്ദൻ ബന്ധനസ്ഥനാക്കപ്പെടുന്നു .
             
ആണ്ടാൾ ദേവനായകി യുഗങ്ങൾ തോറും നായകിമാരായി വീണ്ടും
വന്നു പോകുന്നു .

പീറ്റർ ദേവാനന്ദം തേടിനടന്ന സുഗന്ധി പ്രസിഡണ്ടിനെ വധിക്കാനായി
സാർക് സമ്മേളനവേദിയിലേക്ക് ( 2007 ) രണ്ടുകൈകളും വെട്ടിമാറ്റപ്പെട്ടവ- ളായി, വെടിമരുന്നു നിറച്ച വണ്ടി ഒറ്റയ്ക്ക് ഓടിച്ചു വരുന്നതും
പിടിക്കപ്പെടുന്നതും അവൾ കാർ നിർത്തി ഇറങ്ങുന്നതും സ്‌ഫോടനത്തിൽ
തീയാളിക്കത്തുമ്പോൾ ആകാശത്തേക്ക് പറന്നുയരുന്നതും വിസ്മയിപ്പിക്കുന്ന
കാഴ്ചകളായി നമ്മിലൂടെ കടന്നു പോകുന്നു .

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'വായിക്കുന്ന ഏതൊരു പെണ്ണും
ഒരു തവണയെങ്കിലും സ്വയം ദേവനായകിയെന്നു പ്രഖ്യാപിക്കാൻ
കൊതിക്കും .അടുത്ത ജന്മത്തിൽ ദേവനായകിയാകാൻ ആഗ്രഹിക്കും .
ബുദ്ധിയും സൗന്ദര്യവും ജ്ഞാനവും കൊണ്ട് അവളാകാൻ,അവളായി
ജയിക്കാൻ .

പുസ്തകം മടക്കിവെയ്ക്കും മുമ്പ്
ഞാൻ ഒരിക്കൽക്കൂടി വായിക്കുന്നു

 ''കനവ് തുലൈന്തവൾ നാൻ
 കവിതൈ മറന്തവൾ നാൻ
 കാതൽ കരിന്തവൾ നാൻ
 കർപ്പ് മുറിന്തവൾ നാൻ ''

.

2017, ജനുവരി 19, വ്യാഴാഴ്‌ച

കാലസൂത്രം


വഴി ചോദിക്കാൻ
ഒരു ചൂണ്ടുവിരൽ
തിരയേണ്ടതില്ല

എതിരെ
ഒരൊച്ചയ്ക്ക്
കാതോർക്കേണ്ടതുമില്ല

കൊലചെയ്യപ്പെട്ട
പുഴയുടെ കണ്ണീർ
അകാലത്തിൽ മരിച്ച
ഇലകളായ്
പൊഴിക്കുന്നുണ്ട്
ചില്ലകൾ

വിളക്കെന്ന് തെളിയാൻ
ഒരു കാർത്തികയും
പടികടന്നെത്താതെ

പ്രണയമെന്നു നനയാൻ
ഒരു വാനവും
മഴവില്ലു വരയ്ക്കാതെ

ചുട്ടുപൊള്ളിക്കുമിടം

കിളിപ്പാട്ടിനു താളമിടാതെ
ഒരു ചില്ലയും
തളിർക്കില്ലെന്ന്

കാറ്റിഴഞ്ഞു പോയ
വഴിയിലൊരു ചൂണ്ടുപലക

വക്കുടഞ്ഞ പാത്രത്തിൽ
കവിതയെന്നു വറ്റു തിരയാതെ
കൂട്ടം തെറ്റി പിരിഞ്ഞുപോകുന്നു
പൊരുളഴിഞ്ഞ വാക്കുകൾ .


2017, ജനുവരി 4, ബുധനാഴ്‌ച

അഹത


വാതിൽപ്പടിവരെ 
മുടങ്ങാതെ വന്നുപോയിരുന്നു

പറന്നുപോയ കിളിയെ,കാറ്റിനെ
'ഇത്തിരിനേരമെന്ന് തിരികെ വിളിച്ച്
കിന്നാരം പറഞ്ഞിരിക്കുന്നത്
അവരെ വയറുനിറയെ
അരിമണികളും പിച്ചകമണവുമൂട്ടുന്നത്
മഴയില്ലാമാനം നോക്കി കറുക്കുന്നത്
പുകയൂതിയൂതി
വേവുപാകം നോക്കി
വിയർപ്പാറ്റി നിന്ന്
അടുപ്പിന് കഞ്ഞിവിളമ്പിക്കൊടുക്കുന്നത്
ഒരിലപ്പച്ചകൊണ്ട് കാട് വരയ്ക്കുന്നത്
ഇന്നലെയും കണ്ടിരുന്നു

ചുവരൊരു ചിത്രം തൂക്കിയത്
ആണികൾ ഹൃദയഭിത്തി തുളച്ചത്
നിലയ്ക്കാത്തൊഴുകിയ രക്തത്തിൽ
എങ്ങോട്ടെന്നില്ലാതെയൊഴുകിപ്പോയത് 
ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
ഇക്കണ്ട ദിനങ്ങളെയാകെ കരയിച്ചത്

നിന്നെ മുട്ടിവിളിക്കാൻ നിൽക്കാതെ
വാക്കിനു മുമ്പേ നടന്നതാണ്

വട്ടമൊന്നു മിനുക്കി
നിവർന്നു നോക്കുന്നേരം  
അവനിരിക്കുന്ന കണ്ണും 
അവനുമ്മവെച്ച്  ചുവന്ന കവിളും
വിരലോടിച്ചു കറുപ്പിച്ച തലമുടിയിഴകളും
നന്നായി തെളിഞ്ഞു കാണുന്നുണ്ട്
വാൽക്കണ്ണാടി അടച്ചുവെയ്ക്കെ
ആരോ പറയുന്നതുപോലെ
നിന്റെയീ ചൂണ്ടുവിരലിനറ്റത്തിരുന്നാണ്
ഭൂമി സൂര്യനെ പകലന്തിയോളം വരയ്ക്കുന്നത് '..!

2017, ജനുവരി 2, തിങ്കളാഴ്‌ച

നിലാചിത്രക

പട്ടം പറത്തുന്ന
പെൺകുട്ടീ ,

പൂക്കാത്ത മരത്തിന്
നീയാ പറക്കൽ
ചിരിയായ് കൊടുക്കുക

വരൂ
ഒരു ചില്ല താഴ്ത്തി
നമുക്ക് കാടുണ്ടാക്കിക്കളിക്കാം

മണ്ണ് ശ്വസിക്കുമിടങ്ങളിൽ
കണ്ണ് തെളിയിച്ച്
പതിയേ നടക്കാം

കൊഴിയുന്ന ഇലകളെ
ചൊരിയുന്ന മഴയെന്നു തൊട്ട്
കാടെന്നു നനയാം

ചിന്നംവിളിക്കുന്നൊരൊറ്റയാനെ 
മാനായ്  മെരുക്കി 
കാട്ടുവഴി തെളിക്കാം

പേരിനായുഴറുന്നവരെ
നാമെന്നേയറിയുന്നവരെന്ന്
പേരുചൊല്ലി വിളിക്കാം

ചില്ലമേലാടുന്ന കാറ്റിനെ
സംഗീതമെന്നുഴിഞ്ഞ്
മുറിയാതഴിച്ച്  കേൾക്കാം

കൈകാൽ കുടഞ്ഞ്
കാട്ടാറിളക്കുന്ന കുഞ്ഞിനെ
നിലാവേ'യെന്ന്‌ വാരിയെടുക്കാം 

മൂളുന്ന മൂങ്ങയോട്‌
മരപ്പൊത്ത് കാക്കുന്ന
ഒരു തരിവെട്ടം കടം വാങ്ങാം

ചൂട്ട്  കത്തിച്ചു പിടിക്ക്
കാറ്റിന്റെ ഒക്കത്തേറി
കിഴക്കു നോക്കി പറക്കാം

നോക്ക്
പട്ടമിരുന്ന ചില്ല നിറയെ
ആരോ പൂമൊട്ടുകൾ വരച്ചിരിക്കുന്നു ..!2017, ജനുവരി 1, ഞായറാഴ്‌ച


ഹാ
എഴുന്നള്ളുന്നു
മഹാരഥൻ

പെണ്ണേ ,
മുടി വാരിക്കെട്ട്
പുഴയഴിച്ചുവെയ്ക്ക്

മഞ്ഞിൽ കുളിച്ച്
കിളിയായ് പാടി
പൂവായ് ചിരിക്ക്

തൊട്ടുതരട്ടെ
കണ്ണുതട്ടാതൊരു
കറുത്ത പൊട്ട്

ഇനി അവനോട്
ചേർന്നു നിൽക്ക്
ഞാനൊന്ന് വരയ്ക്കട്ടെ .