2017, ഫെബ്രുവരി 4, ശനിയാഴ്‌ച

സ്വം ...

മുണ്ടിന്റെ കോന്തല പിടിച്ച്
വിയർപ്പുതുടച്ച്
ദോശക്കല്ലിൽ ശ്ശീ'ന്നൊരു
വട്ടം പരത്തി നിവർന്നപ്പോഴാണ്
ഉറക്കെക്കരയാൻ തുടങ്ങിയത്

വാരിയെടുത്ത് ഒക്കത്തിരുത്തി
നുണക്കുഴി പൂവിരിക്കുന്നതും
നോക്കി നോക്കിയിരുന്ന്
കരിമണം വന്ന ദോശ
പാത്രത്തിലേക്ക് നീക്കിവെച്ച്
താഴെ നിർത്തിയതേയുള്ളു

കണ്ണെടുക്കും മുമ്പേ ...

നീ
കാറ്റിന്റെ കൈയിൽ തൂങ്ങി
ആയത്തിലായത്തിലെന്നാടി
മാനം മുട്ടിക്കുന്നോ ചില്ലയെ

തെറ്റിപ്പോയെന്നു കയർത്ത്
അങ്ങോട്ടിങ്ങോട്ടെന്നാടി
പാട്ടുപഠിപ്പിക്കുന്നോ കിളിയെ

പോരാപോരാന്ന് കണ്ണെഴുതിച്ച്
അക്കരെയിക്കരെയെന്ന് പാടി
കുന്നിക്കുരു നിറയ്ക്കുന്നോയിലയിൽ

വെള്ളാരംകല്ലുപെറുക്കി
ഒന്നെന്നുരണ്ടെന്നെണ്ണി
നനുനനേ നനയ്ക്കുന്നോ പുഴയെ

ഏതു വരികളിലാണ് നീയിപ്പോൾ
അലയലയായ് നിറയുന്നതെന്റെ കടലേ

കാൽപ്പെട്ടിക്കടിയിൽ
ആരാരും കാണാത്ത തൂവാലയ്ക്കുള്ളിൽ
നീയിന്നും ഒളിച്ചിരിപ്പുണ്ടാവും

പെറുക്കിയെടുക്കാൻ
ഞാനൊരു കുട്ട നെയ്തെടുത്ത്
മാമ്പഴമണമുള്ള വിയർപ്പിൽ നിന്ന്
നിന്നെ കുടഞ്ഞിടട്ടെ......!