2017, മേയ് 24, ബുധനാഴ്‌ച

ഒന്നു മുതൽ ഒന്നു വരെ

തിരക്കിനിടയിൽ
ഒറ്റപ്പെട്ടുപോയവളുടെ
രാജ്യത്തേയ്ക്കായിരുന്നു 
അവരെന്നെ നാടുകടത്തിയത് 

നേരം വെളുക്കുന്നതേയുള്ളു 

പടവു ചേർന്ന തോണി 
പറ്റിപ്പിടിച്ചിരുന്ന് കാലിന് 
വഴികാട്ടുന്ന മണൽത്തരികൾ

കരയെന്നു തോന്നിക്കുന്ന 
വിജനമായൊരു ദേശത്തിന്
കൂട്ടിരിക്കുന്ന നിഴലുകൾ

ചിത്രത്തിലേതു പോലെ 
അതേ ചുവര് ,മേൽക്കൂര

അയയിൽ തൂക്കിയിട്ടിരിക്കുന്ന 
പാടിപ്പതിഞ്ഞ പാട്ടുകളുടെ മേലങ്കികൾ
നിലാവ് പിഴിഞ്ഞിട്ട തോർത്തുമുണ്ട് 
മഴയുടെ കുടുക്കില്ലാത്ത കുപ്പായം
കാറ്റിന്റെ നനവിറ്റു വീഴുന്ന തൊപ്പി
മരിച്ചുപോയ കവിതയുടെ ദാവണി 
തീപ്പെട്ടുപോയ കിനാക്കളുടെ കിന്നരികൾ 

ഉമ്മറപ്പടിയിൽ കാത്തുകിടക്കുന്ന  
ഇണയെ നഷ്ടപ്പെട്ട പാദസരം

ഒരു പകൽ മുറിക്കാൻ
ഒരുമിച്ചു കിലുങ്ങി
ഒരുമിച്ചു നിലയ്ക്കണം

ഒരു രാവിനെ തട്ടിക്കുടഞ്ഞിട്ട്
നക്ഷത്രങ്ങൾ പെറുക്കിയെടുത്ത്
ഒന്നൊന്നെന്നു വിരൽ മടക്കി
മുന്നോട്ടു കാണുന്നതൊക്കെ
പേരില്ലാത്തക്കങ്ങളെന്നു പുലമ്പി
ചോരാതെ തിരികെക്കൊടുത്ത്
തിരി താഴ്ത്തെന്നു കലമ്പി
ഉറക്കത്തിന് പായ വിരിക്കണം .


2017, മേയ് 20, ശനിയാഴ്‌ച

ഇരുട്ടുമുറിച്ച് പാട്ടുതുന്നുന്നവൾ


പാട്ടുകൾ
വിൽക്കാനിരിക്കുന്ന
പെൺകുട്ടിയുടെ
തെരുവിലേയ്ക്കായിരുന്നു
ഇന്നലെയൊരു രാപ്പാടി
പാലം പണിഞ്ഞു തന്നത്

ഉടലാകെ പാട്ടു കൊരുത്ത്
കടക്കണ്ണെറിഞ്ഞ്
മഴ പോലൊരുവൾ

ഏതേതെന്ന്
തിരഞ്ഞു തിരഞ്ഞ്
ഉന്മാദിയായൊരു കാറ്റായ്
ഞാനും

നീട്ടിപ്പിടിക്കുകയാണവൾ
മുന്നിലേയ്ക്ക്,
തോഡി
സാവേരി
ഭൈരവി
ഹിന്ദോളം
മോഹനം
കല്യാണി
ദേവമനോഹരി
ഹംസധ്വനി
ആരഭി
മഞ്ജരി
കാംബോജി
പൂർണചന്ദ്രിക  ........

ശ്രുതിഭംഗം വരുത്താതെ
കെട്ടുകളഴിച്ച്
നിരത്തിവെച്ച്
പേരും പെരുമയും പറഞ്ഞ്
വിലപേശുകയാണവൾ

മധ്യമാവതി തൊട്ട്
നെറുകയിൽ വെച്ച്
ഉരുക്കഴിച്ചൊരു പ്രാർഥന

ഞാൻ പാടാൻ തുടങ്ങുന്നു
വാനം മഴവില്ല് വരയ്ക്കുന്നതിന്റെ
ഒരു പുൽക്കൊടിത്തുമ്പ്‌
മഞ്ഞുകണത്തെ ചേർത്തുപിടിക്കുന്നതിന്റെ
വെളിച്ചം പൂമൊട്ടിനെ ചുംബിക്കുന്നതിന്റെ
ഒരു കിളിക്കുഞ്ഞ് ആകാശം കാണുന്നതിന്റെ
ഒരില ഞെട്ടറ്റു വീഴുന്നതിന്റെ
ഒരു പുഴ ഒഴുകാൻ വെമ്പുന്നതിന്റെ
അപൂർവ്വരാഗങ്ങൾ

വെളിച്ചമിറങ്ങി വരുന്ന തെരുവിന്
അവൾ എന്റെ പേര് കൊത്തിവെയ്ക്കുന്നു .

2017, മേയ് 11, വ്യാഴാഴ്‌ച

തിരനോട്ടം


മണ്ണ്പറന്നുപോയ
വഴിയോരത്ത്
തലയിൽ പൊത്തിപ്പിടിച്ച
വിരലുകൾ പോലെ
പഴയൊരു വീടിന്റെ
ശേഷിപ്പ്
അരികത്തായ്
വറ്റിപ്പോയ കുളക്കടവിൽ
അർമാദിച്ചു കുളിച്ച
പകലുകളുടെ
തേഞ്ഞുപോയ കൂവൽ
തുറന്നുവെയ്ക്കാത്ത
ജനാല പാളിനോക്കി
പേര് വിളിക്കാൻ
ഓർമ്മ തിരഞ്ഞ്
ചിറകുചിക്കി മിനുക്കുന്ന
ചെറുവാലൻ കിളി
അടുത്ത വരവിന്
നിറഞ്ഞൊരു പാടവും കൊത്തി
വരണമെന്ന്
തിരികെ പറക്കുന്ന
ദേശാടനക്കൂട്ടം
ചിണുങ്ങിക്കരഞ്ഞുകൊണ്ട്
ഉറങ്ങാൻ പോകുന്ന
കുഞ്ഞിനെപ്പോലെ
ആകാശക്കൺകോണിൽ
മഷിയെഴുതാത്ത മേഘം

ഇനിയെന്തുണ്ടെടുക്കാനെന്ന്
തിരിഞ്ഞുനോക്കി
ഭാണ്ഡം മുറുക്കി
ആകാശത്തിന്
തുളകളിട്ടു മടങ്ങുന്ന
കൂർത്ത നഖമുനകൾ .!

2017, മേയ് 6, ശനിയാഴ്‌ച

ഒളിവിടം

നീയിപ്പോൾ
ആകാശത്തിന്റെ മൂലയിൽ
ഒരു തൈ നട്ടിട്ടുണ്ടാവും

കാത്തുനിന്നു മടുത്ത്
ഒരു കുമ്പിൾ വെള്ളം
ചുവട്ടിലൊഴുക്കിയിട്ടുണ്ടാവും

പുടവ ചുറ്റണം
പൂവ് ചൂടണം
പൊട്ടും കുത്തി
കണ്ണാടിയും നോക്കി
പുഴയോട്
ഒരു കുടം മഷി
കടം വാങ്ങണം

തുളുമ്പാതെ
ഒക്കത്തുവെച്ച്
പടവെണ്ണി
ചുവടു കാത്ത്
നിന്നിലെത്തണം

നിന്റെ
ഉടലാകെ
കുത്തിവരയ്ക്കണം
ഒരു വികൃതിക്കുട്ടി
അവളുടെമാത്രമായ
ക്യാൻവാസിനോടെന്നപോലെ

എങ്ങനെയൊരുക്കിയാൽ
നിന്നിലെന്നെ നിറയ്ക്കാമെന്ന്
ഒരു വരയിൽ വായിക്കണം

ഒരു മൊട്ടൊരുമൊട്ടെന്നു തളിർത്ത്
കറുപ്പ് പൂത്തൊരുടലായി
ഇതളടർന്നടർന്ന്
നമുക്കൊന്നായ് പൊഴിയണം .