2017, ജൂലൈ 6, വ്യാഴാഴ്‌ച

അപരാജിതയുടെ കുറിപ്പ് (1)

ഒരു കരയായ്
വിരൽകോർത്തിരുന്ന്
പുഴതൊട്ടു നനഞ്ഞത്‌

വാക്കു പൂത്ത
പാടവരമ്പിലൂടെ
അങ്ങറ്റമിങ്ങറ്റം നടന്നത്

വാക്കായ് മുളച്ച്
വരിയായ് പടർന്ന്
പൊരുളായ്‌ നിറഞ്ഞത്

ഒരുരുളച്ചോറിനാൽ
ഭൂമിയെയൊന്നാകെ
ഉള്ളിൽ നിറച്ചത്

രാപ്പാട്ടിലൊരുയിരായ്
നമ്മൾ മാത്രമെന്ന്
നിറഞ്ഞുതൂവിയത്

ഉണർത്തുപാട്ടിൽ
ഒരു കിനാക്കണമായ്
തുളുമ്പി നിന്നത്

വസന്തത്തിൽ
ചേമന്തിയായ് വിരിഞ്ഞ്
ഋതുക്കളാറിലും
ഒന്നൊന്നായ്
വിരിഞ്ഞു കൊഴിഞ്ഞ്
നിന്നെ പുണർന്ന്
നിന്നിൽ  മണമായുലഞ്ഞ്
അടയാളപ്പെട്ടതാണ്

എന്നിട്ടുമെന്റെ പ്രണയമേ
നീയെന്നെയൊരിക്കലും
ഋതു'വെന്ന് വിളിച്ചില്ല .