2017, ജൂലൈ 11, ചൊവ്വാഴ്ച

അപരാജിതയുടെ കുറിപ്പ് (2)

ഇക്കണ്ട
കാലമത്രയും
അടിതെറ്റിപ്പോയവളെന്ന്
ഒരു കാറ്റും
പറഞ്ഞുപരത്തിയില്ല

രണ്ടുനേരം ആകാശം
ചുവക്കുന്നതു കാണാതെ
കിളികളുണർന്ന്
ചിറകുകുടയുന്നതറിയാതെ
ജലമെന്നാർത്ത്
ഇരുട്ടറകളിലേയ്ക്ക്
നീ വിരൽ പരതുന്നത്
എനിക്കായ് മാത്രമെന്ന്
തീ തുപ്പുന്ന വെയിൽ
നിഴലുകളെ ചാരിനിന്ന്
അടക്കം പറയുന്നുണ്ട്

നമ്മൾ വരയ്ക്കുന്ന കാടിന്
എന്നും തണുപ്പാണ്
അല്ലെങ്കിൽ തന്നെ
കാടല്ലാതെ മറ്റെന്താണ്
നമ്മൾ വരയ്ക്കുക

നീ നനയുന്ന മണ്ണ്
ഞാൻ മണക്കുന്ന വിണ്ണ്

നാളെ പെരുമഴ
എന്നിൽ മരണം
വരച്ചു വെയ്ക്കും

നിന്നെ ശ്വസിച്ച്
നിന്റെ ശ്വാസമായ്
കരിമൊട്ടിലും
ഞാനിതൾവിരിയും

ഒരുവേള
നിന്നിൽ ഞാൻ
വീണ്ടും കിളിർക്കും
വാക്കിനു പൊരുളെന്നപോലെ .