2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കവിതകൊണ്ട് മുറിവേറ്റവൾ

അസ്തമയമായിരുന്നു
കരയാകെ തിരക്കും.

ഒരു കുഞ്ഞുതിരപോൽ വന്ന് 
എന്റെയുടലുയിരാകെ നനച്ച് 
സന്ധ്യപോൽ ചുവപ്പിച്ചവളേ,

ഓർക്കുകയാണ് നിന്നെ.

ഞാനുറങ്ങിയ നിന്റെ മുറി 
ചുവരിൽ നിന്റെ ഛായാചിത്രം
ആരോ മടിയിലുറങ്ങുന്നുവെന്ന് 
തോന്നിപ്പിക്കുമാറ് 
ധ്യാനത്തിലെന്നപോലെ.

അക്ഷരങ്ങളുടെ മണം,
ചിതറിക്കിടക്കുന്ന വായന,
പാതിയിൽ നിർത്തി 
മഷിയുണങ്ങിയ പേന.

പേരു പറഞ്ഞിരുന്നില്ല  
രണ്ടാമതൊന്ന് ചോദിച്ചതുമില്ല.

ഓർക്കുകയാണ് നിന്നെ.

നോവിന്റെ കൺമഷി 
ഇടയ്ക്കിടയ്ക്ക് 
സാരിത്തുമ്പാൽ മായ്ച്ചുതന്നത്,
നിറമുള്ള കുപ്പിവളകളാൽ 
ഒഴിഞ്ഞ കൈത്തണ്ട നിറച്ചത്,
ഇല്ലാത്ത മറുകൊന്ന്
കവിളിൽ കറുപ്പിച്ചത്,
പറക്കാനായൊരാകാശം
ഇരുവശവും തുന്നിത്തന്നത്,
നിശ്വാസംകൊണ്ടൊന്നായതും.

നീ പോയതിൽപ്പിന്നെ
ചമഞ്ഞുകിടന്നിട്ടില്ലെന്റെ മുറ്റം.

വേരറ്റുപോയവളുടെ
ഞരമ്പിൽ പൂത്തുനിൽക്കുന്നു 
നിറയെ തൊട്ടാവാടികൾ 
വിരൽത്തുമ്പിലെ ചോരയ്ക്ക്
ആദ്യമായ് കണ്ട നാൾ 
നീയുടുത്തിരുന്ന ചേലയുടെ നിറം.

കിനാവിലാകെ കാട് വരച്ചവളേ,

ഒറ്റവാക്കില്ലെങ്കിലും
ആരും വായിക്കാനിടയില്ലെങ്കിലും  
നിന്നെയെഴുതാതിരിക്കുന്നതെങ്ങനെ.!

കാറ്റിനുപോലും
അളക്കാനാവാത്ത
ദൂരം കൊണ്ട്
വീശിയടിക്കുന്ന
പായ്ക്കപ്പലെന്നപോലെ
ഓരോ കറുപ്പിലും 
ഉറക്കമെന്നു നടിച്ച്
ഒരൊറ്റത്തൂൺപുര.

കണ്ണുപൊത്തി
മറഞ്ഞുകളഞ്ഞ
കളിക്കാരനെയോർത്ത്
പൊട്ടഴിച്ചെടുത്ത്
തനിയെ കണ്ണുകെട്ടി
തെറ്റിയ വാക്കുരുവിട്ട്
മുറ്റത്തേയ്ക്കിറങ്ങി
ചടഞ്ഞിരിക്കുന്നു  
ചുറ്റുവരാന്ത.

ആദിയെന്നൊരു
കുതിപ്പു മോഹിച്ച് 
തൂവൽകുടയുകയാണ്
അടുക്കുതെറ്റിയകന്ന
പഴയ മേൽക്കൂര.

മരിച്ചവരെല്ലാം
നക്ഷത്രങ്ങളാണ്
നക്ഷത്രങ്ങളെല്ലാം
മരിച്ചവരല്ല..!

2018 സെപ്റ്റംബർ 19, ബുധനാഴ്‌ച

ശേഷം അവളുണ്ടായിരുന്നില്ല.

കണ്ണോളം
ഉഴിഞ്ഞെടുത്ത്
കടലാഴത്തിൽ
നട്ടുവെച്ചതാണ്.

മരണപ്പെട്ട നോക്കേ,
നീയേതു കരയിലാണ് 
വേരറ്റുപോവുക.

നിലാവോളം
തെളിച്ചെടുത്ത് 
ഉയിരാഴത്തിൽ
നാട്ടിവെച്ചതാണ്.

മരണപ്പെട്ട നേരേ,
നീയേതിരുട്ടിലാണ്
നിലയറ്റുപോവുക.

കിനാവോളം
ഉരുക്കിയെടുത്ത്
വെയിലാഴത്തിൽ
പണിഞ്ഞുവെച്ചതാണ്.

മരണപ്പെട്ട മഴയേ,
നീയേതു തൊടിയിലാണ്
നീരറ്റുപോവുക.

കേൾക്കാനായി
നീയൊന്നും പറഞ്ഞില്ല 
എന്നിട്ടുമെപ്പൊഴും 
മുറിഞ്ഞു പെയ്തിരുന്നു
കനലുള്ള  വാക്കുകൾ.

നിശബ്ദയാക്കപ്പെട്ട നദിയേ,
ഏതു വരിയുടെ മുന കൊണ്ടാണ്
നിന്റെ ഉയിരറ്റുപോയത് ...!

2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

നിലംപതിക്കാറായ
വേലിക്കെട്ടിലെ
പച്ചപ്പവശേഷിക്കുന്ന
ചില്ലയിലമർന്നിരിക്കുന്നു
മണമഴിഞ്ഞുപോയ 
അഞ്ചിതളുകൾ.

ഊഞ്ഞാൽ പൊട്ടിയ
മരച്ചില്ലയിൽ
തൂങ്ങിയാടുന്നുണ്ട്
നിറംവാർന്നു മരിച്ചുവീണ
മഴവില്ലിന്റ ചില്ലുകൾ.

കരകാണാക്കടലിനെ
കിനാവു കണ്ടുകണ്ട്
നീലിച്ച കണ്ണുള്ളൊരു മീൻ
വറ്റിവറണ്ട പുഴയുടെ
നെഞ്ചിൽ മീതെ
പിടഞ്ഞു മരിച്ചിരിക്കുന്നു.

കാടെന്നു പാടാൻ 
കൊതിച്ചിറങ്ങി വന്ന
മഴയുടെ വിത്തുകളെ
അടക്കിപ്പിടിച്ചുറങ്ങുന്നു
വിണ്ടുകീറിയ മണ്ണ്.

ഇനിയുമെത്തിയിട്ടില്ലാത്ത
കിനാവിനെക്കുറിച്ചെഴുതിയെഴുതി
തേഞ്ഞു പോയതാണ്
എന്റെ വിരൽത്തുമ്പുകൾ.

2018 സെപ്റ്റംബർ 12, ബുധനാഴ്‌ച

വാർത്തകൾ വായിക്കുന്നത്...


സൈക്കിളിലായിരുന്നു യാത്ര.

അവളെന്നെ പൊതിഞ്ഞുവെയ്ക്കും 
മഞ്ഞുകൊള്ളാതെ,
മഴ നനയാതെ.

ചുരമിറങ്ങുമ്പോൾ,
കാഴ്ചകളിൽനിന്ന് മറഞ്ഞിരുന്ന് 
അവളോട് കലഹിക്കാനാവാതെ
വീർപ്പുമുട്ടി ഞാനാകെ വിയർക്കും.

ഓരോ വീട്ടുപടിക്കലും അൽപനേരം.

വേഗത കൂട്ടിയും കുറച്ചും
ഞങ്ങളങ്ങനെ ഒരു പുഴപോലൊഴുകും.

പാറമട കോറിയിട്ട ഇത്തിരിപ്പോന്ന
ചുവരിലെ ഒത്തിരി വലിയ വരകളെ,
വശം തളർന്നുകിടക്കുന്ന അമ്മയെ,
ലക്കുകെട്ടന്തിക്കെത്തുന്ന അച്ഛനെ,
കടക്കാരുടെ അതിരുവിട്ട ചോദ്യങ്ങളെ,
അക്ഷരങ്ങൾക്കു മീതെ കരിന്തിരി കത്തി 
അണഞ്ഞുപോയ മണ്ണെണ്ണവിളക്കിനെ,
ഒരു നിശ്വാസംകൊണ്ടിടയ്ക്കിടയ്ക്ക്
അടയാളംവെച്ചായത്തിൽ ചവിട്ടും.

മഞ്ഞുപെയ്ത ഒരു വെളുപ്പാൻകാലം
എന്റെ ബാക്കിയെ പൊതിഞ്ഞെടുത്ത്
സൈക്കിൾ മറിയാതെ ചാരിവെച്ച്
പാറിക്കിടക്കുന്ന മുടിയൊതുക്കിനിൽക്കെ,
ഇടിമുഴക്കം പോലെന്തോ!
ഒരു ഞൊടിയിടകൊണ്ടതാ
ശ്വാസത്തിനുമേൽ അടർന്നുവീഴുന്നു ഭൂമി !

അവളുടെ നിലവിളി കുത്തിയൊലിച്ച് 
ദിശയറ്റുപോയതുപോലെ !

ഞാനുണരാതിരിക്കുന്നതെങ്ങനെ
വാർത്തകളടങ്ങുന്ന കാലം വരെ
ഒടുങ്ങാത്ത ദുരിതങ്ങളുടെ കെട്ടുമായി
ഞാനുണ്ടാവണം,ഉണ്ടായേ തീരൂ.

ഓരോ വീടിന്റെ ഉമ്മറത്തിരുന്നും
അവളുടെ സൈക്കിളിന്റെ വരവിനായ്
ഞാൻ പാളിനോക്കും.
പൊട്ടിയൊലിച്ചുപോയ വഴിതാണ്ടാൻ
അവളിനിയുമെന്നെ കൂട്ടുമെന്ന്   
വെറുതെയാശിച്ച് മരവിച്ചിരിക്കും.

അന്ന്
മണ്ണടരുകൾക്കടിയിൽ
എനിക്കൊപ്പമവളുണ്ടായിരുന്നില്ലെന്ന്
ഓരോ കാറ്റും മറിച്ചുനോക്കുന്ന താളിൽ
കറുത്തുരുണ്ട വലിയ അക്ഷരങ്ങളായ് 
വീണ്ടും വീണ്ടും ഞാനെന്നെ വായിക്കുന്നു.
__________________________________________

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

അപരാജിത

ഒരിളം തെന്നൽ
പോലും
തൊട്ടുനോക്കാത്ത
ഒരുടലിൽ നിന്ന്
നീയെന്നെയൊരു
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തം നുകരാത്ത
ചില്ലയറ്റത്തായ്
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളം വിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളംകാട്.
 
ഒരു തുള്ളി മഴയെടുത്ത്
നീട്ടി നിവർത്തി വിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കരകാണാക്കടല് കൊയ്യാൻ
ഉച്ചവെയിലിന്റെ നെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പു കൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാക പെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വരി ഒന്ന് വായിച്ച്
കിനാക്കൾ നൂറ് മെനയുന്നവളേ,

ഒരിലയുടെ പച്ച വരച്ച്
കാടായ് ചുവക്കുന്നവൾ നീ..!

2018 സെപ്റ്റംബർ 5, ബുധനാഴ്‌ച

മടുപ്പിന്റെ പുസ്തകം
നിവർത്തിവെയ്ക്കുന്നേരം 
ആദ്യം വായിക്കുംപോൽ  
അതിശയത്തിന്റെ
പരകോടിയിൽ നിന്നുകൊണ്ട് 
അത്രയും കനിവോടെ 
വിരൽത്തുമ്പു നീട്ടി  
നീയൊരു നിറതാൾ
അടർത്തിയെടുക്കുന്നു.

ഒരിറ്റു വാക്കു കുടഞ്ഞ് 
ഉയിരാകെ നനച്ച് 
ഞാനാകും ഭാരത്തെ
ഒരു ചുംബനം കൊണ്ട്
നീയൊരപ്പൂപ്പൻതാടിയായ്
ഉയർത്തിയെടുക്കുന്നു.

കാണായ മറുകിനെ
കാടെന്നു തൊട്ട്
കേൾക്കായൊരൊച്ചയെ
പാട്ടെന്ന് പേരിട്ട് 
നോക്കായ കൺകളെ
കനവെന്നു തഴുകീട്ട് 
പകലിന്റെ തൂവാലമേൽ
നീയൊരു ചാറ്റൽമഴ
തുന്നിവെയ്ക്കുന്നു.

ഒരു മായാജാലക്കാരന്റെ 
മുന്നിലെന്നപോലെ
തിരയെന്നു ഞൊറിഞ്ഞ്
കടലെന്നു ചമഞ്ഞ് ഞാനും.

2018 സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഒരു നേർത്ത
മഞ്ഞുതുള്ളിയിൽ
നിന്റെ മുഖം വരച്ച്
മൂക്കിന്നോരത്ത്
ഞാനത് പതിയെ
ചേർത്തുവെയ്ക്കുന്നു.

തഴുകിപ്പോകുന്ന
ഇളം കാറ്റിനെ
നിന്റെ പേരുചൊല്ലി
വിളിക്കുന്നു.

പറന്നുപോകുന്ന
കിളികൾക്ക്
പൊതിച്ചോറായ്
നീ പാടിയ രാഗം
കൊടുത്തുവിടുന്നു.

മഴവില്ലിന്നോല
മെടഞ്ഞ്
നിനക്കു പാർക്കാൻ 
ഞാനൊരു
പുര കെട്ടുന്നു.

അവിടെ
നിനക്കിരിക്കാൻ
നിലാവ് മെഴുകിയ
വരാന്ത.

നമുക്കുറങ്ങാൻ
കിനാവ് തുന്നിയ
പുൽപ്പായ.

പറയാനറിയില്ലെൻ
പ്രണയമേ
നീയുരുകുമ്പോൾ
ഞാൻ വിയർക്കുന്ന വേദന.

2018 ഓഗസ്റ്റ് 26, ഞായറാഴ്‌ച

പ്ര(ള)ണയാനന്തരം

മഹാപ്രളയത്തിന്റെ
പതിനൊന്നാം ദിവസം.

മഴയൊടുക്കത്തിൽ 
ഞാനെന്നെ മെടഞ്ഞെടുത്ത
പുരയിരുന്നിടത്തേയ്ക്ക്.

അടയാളമായ്പ്പോലും
ഒന്നും ശേഷിക്കാതെ
പുതഞ്ഞുപോയൊരോർമ്മ.

ഉള്ളിലുറങ്ങുകയാവും
മുടങ്ങാതെയെന്നും
കണ്ണെഴുതിച്ച കുന്നിമണികൾ.

പെറ്റു പെരുകാൻ
മയിൽപ്പീലികളില്ലെന്ന് 
മാനത്തു ചിരിക്കുന്ന മഴവില്ല്.

ഒരിക്കൽ മാത്രമെഴുതി
നനച്ചൂട്ടിയൊരു വാക്കിന്റെ
ദിഗ്മുഖങ്ങളിലൊന്നിൽ ചാഞ്ഞ്
അടിയറ്റുറങ്ങുകയാവും
നിറയെ ചിരിച്ചുനിന്ന പൂവാക.

വേരിന്നറ്റത്ത്
വരികൾ മാഞ്ഞടർന്ന്
വിളറി വെളുത്തിരിക്കുന്നു
അച്ഛനെഴുതിച്ച ജാതകപുസ്തകം.

മരിച്ചിട്ടുമൊഴുകിപ്പോകാത്തവൾക്ക്  
പുരയില്ലാത്തമണ്ണ് നനയ്ക്കാൻ
തടമുഴുതുയിർകൊള്ളുന്നു 
തെളിനീരിന്റെ രണ്ടുറവകൾ.

2018 ഓഗസ്റ്റ് 12, ഞായറാഴ്‌ച

അകമുറി

നീയെന്റെ
രഹസ്യമൊഴികളുടെ
കാവൽക്കാരൻ.

കോറിയിട്ടത്
ചിരിയുടെ
ചിന്തയുടെ
കരച്ചിലിന്റെ
നിശ്വാസത്തിന്റെ 
വരകൾ.

ഒരുവരയൊഴുക്കിൽ
വേരറ്റുടലറ്റ്
നിലയറ്റുപോയവനേ,

എവിടെ നട്ടുവെയ്ക്കും
ഞാനീ വെളിച്ചത്തെ
എവിടെയുറക്കിക്കിടത്തും
ഞാനീ ഇരുട്ടിനെ.

മാഞ്ഞുപോകുന്നു 
നിന്നിലെ വരകൾ പോലെ
ഞാനുമെന്റെ പകലിരവും.

2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

മീശ/കഥ

നിറയെ ജലമാണ്,അതിൽ ജീവന്റെ സ്പന്ദനങ്ങളാണ്.
ജലത്തിന്റെ കയറ്റിറക്കങ്ങളിൽ തിരിയുന്ന ജീവിതചക്രം.
ഉഭയജീവികളായ പച്ചയായ കുറെ മനുഷ്യർ.മുങ്ങിയൊന്ന്
നിവരാൻ തോന്നിയതേയില്ല.ഇടയ്ക്കെപ്പൊഴൊക്കയോ കൂടെപ്പൊറുക്കുന്നവനോടെനിക്കും ചോദിക്കാൻ തോന്നി ,
നിങ്ങക്കും വെച്ചൂടെ വാവച്ചന്റേതുപോലെയൊരു .........
ഓരോ തവണയും മുഴുമിപ്പിക്കാതെ വിഴുങ്ങി .

ഒരപ്രധാനകഥാപാത്രത്തിനുവേണ്ടി പത്രോസ് പുലയനെക്കൊണ്ട്
വാവച്ചന് മീശ വെട്ടിയൊതുക്കി,മിനുക്കിയെടുക്കുമ്പോൾ
എഴുത്തച്ഛന് അറിയാമായിരുന്നോ ആ മീശ കരുത്തിന്റ
രാഷ്ട്രീയത്തിലൂടെ നടന്ന് നാടായ നാടുകളിലൊക്കെ പടർന്ന്
പന്തലിക്കുമെന്ന്.

എതിരാളികൾ ഇരുപത്തിനാലിലച്ചക്രത്തിൽ നിന്ന് തലകുത്തി
വീണിട്ടും ഒന്നും പറ്റാത്ത മീശ.
ഈച്ചയായും ഉറുമ്പായും മീശ വരുമെന്നു കരുതി ഈച്ചേം ഉറുമ്പിനേം
പോലും ഒരു മേനോനെക്കൊണ്ട് കൊല്ലിച്ച മീശ.
"നിന്റെ നിഴൽ മതി എനിക്ക് കഴിയാൻ" എന്ന് മീശവെച്ച ഔസേഫിനെക്കൊണ്ട് പറയിച്ച വമ്പൻ മീശ.

സീതയും മലയായിലേയ്ക്കുള്ള വഴിയും തിരഞ്ഞു നടക്കുന്ന
മീശ.
"എനിക്ക് വലുതായിട്ടൊരു യാത്തിര പോണേ" എന്ന് കൂടെപ്പൊറുത്ത
പെണ്ണിനോട്,(" പന്ത്രണ്ടു വർഷം കഴിഞ്ഞേ തിരിച്ചു വരാവൂ."എന്ന്
അമ്മ പറഞ്ഞതനുസരിച്ച് )യാത്ര പറഞ്ഞ് പോകുന്ന മീശ
.......................

മീശ വളരുകയാണ്.വാവച്ചനെന്ന പേരിനപ്പുറത്തേയ്ക്ക്.പല പല
നാടുകളിലിരുന്ന് പലരാൽ മിനുക്കിയെടുക്കപ്പെട്ട്,പോകുന്നിടമൊക്കെ
നിഴൽ പരത്തി ഒരു പ്രതീകമായി ആകാശത്തോളം വളരുന്ന മീശ.

"നീയുണ്ടാകുന്നതിന് മുമ്പുള്ള പാട്ടിലൊക്കെ നീയെങ്ങനെ വന്നു?" എന്ന് തന്നെയോർത്ത് അതിശയപ്പെടുന്നുണ്ട് മീശ.

വരിയുടെ പിറകിൽ നിൽക്കുന്ന ആരെങ്കിലും
"എങ്ങനുണ്ട് മീശ "
എന്നു ചോദിച്ചാൽ ഞാൻ ഉറക്കെത്തന്നെ പറയും
"ഹോ ഭയങ്കരൻ "
"അല്ല യമണ്ടൻ"

കഥ വായിക്കുമ്പോൾ കുട്ടികളെപ്പോലെയാകണം.
"കഥ കേൾക്കുന്നതിനിടെ അതിന്റെ ഘടന പോരെന്നോ
ശ്രദ്ധിച്ചാൽ അതൊന്നുകൂടി നന്നാക്കാമായിരുന്നെന്നോ
അതിന്റെ കാലഗണന കണക്കുകൂട്ടിയത് തെറ്റിപ്പോയെന്നോ
കഥാപാത്രങ്ങളും സന്ദർഭങ്ങളും വേണ്ടത്ര വികസിച്ചില്ലെന്നോ
അവർക്ക് തോന്നില്ല."
അവർ ," കഥ നല്ലതെന്നു തോന്നിയാൽ മുഴുവൻ ഹൃദയവുമായി
ശ്രദ്ധിക്കും.പറക്കുന്ന കടുവകളും സംസാരിക്കുന്ന കുരങ്ങന്മാരും
വഴിമാറിക്കൊടുക്കുന്ന മലകളും മായാസീതമാരും കുളത്തിന്റെ
കാവൽക്കാരായ യക്ഷന്മാരും യഥാർത്ഥത്തിൽ ഉണ്ടെന്ന്
അവർക്കറിയാം.വെളളം വീഞ്ഞാകുന്നതും കടലിനുമീതെ
നടക്കുന്നതും സ്വാഭാവികമാണെന്നറിയാവുന്നതുകൊണ്ട് ,പാമ്പിന്റെ
പകയിലും ആനയുടെ ഓർമ്മയിലും കുറുക്കന്റെ കൗശലത്തിലും
സംശയിക്കാത്തതുകൊണ്ട് നിങ്ങളുടെ കഥ കാലത്തെ
അടയാളപ്പടുത്തുന്നില്ല എന്നവർ ഓർമ്മിപ്പിക്കില്ല.കഥ മോശമാണെങ്കിൽ അതിനെ അവഗണിച്ച് വേറെന്തെങ്കിലും
കാര്യത്തിൽ മുഴുകിക്കോളും."

ചരിത്രം അറിയാമെങ്കിലും അറിയില്ലെന്നു നടിക്കുന്നവർ ,
ഒന്നുമറിയില്ലെങ്കിലും എല്ലാമറിയാമെന്ന് നടിക്കുന്നവർ ,
എന്തിനൊക്കെയോവേണ്ടി ചരിത്രം മറക്കുന്നവർ.
സ്ത്രീവിരുദ്ധർ,തെറിവാക്ക് പറയുന്നവർ,തേയ്ച്ചുമിനുക്കിയ
ഭാഷയിൽ സംസാരിക്കുന്നവർ ,നന്മയുടെയും തിന്മയുടെയും
പ്രതിരൂപങ്ങൾ....മനുഷ്യർ നാനാവിധം. അതിലൊരാളാകാനേ
കഴിയൂ ഒരു കഥയിൽ വന്നുപോകുന്ന കഥാപാത്രത്തിനും.

തുളയുണ്ടെങ്കിലും കാതിൽ കടുക്കനില്ലാത്ത,നാടകംകളിക്കാൻ
വന്ന ഉടുപ്പിട്ട എഴുത്തച്ഛൻ മീശ മിനുക്കിവെച്ചത് വാവച്ചനെന്ന
'പെലേന്റെ' മുഖത്തായതുകൊണ്ടാവാം കഥയ്ക്ക് പുറത്ത്,
"അമ്മയുടെ കാര്യമോർത്താൽ പൊറുക്കാത്ത,ദേഹം നൊന്താൽ
പൊറുക്കാത്ത " ആ വലിയ മീശ കത്തിയെരിഞ്ഞത്.

കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ , ശ്രീ.ടി.പത്മനാഭൻ
'ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ് 'എന്ന കുറിപ്പിൽ
ഇങ്ങനെയെഴുതുന്നു,

" ഇത് ദുഃഖം നിറഞ്ഞ അവസ്ഥയാണ്. എഴുത്തുകാർക്ക് സ്വസ്ഥത
നഷ്ടപ്പെടുമ്പോൾ,ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ്
എത്തുന്നത്.സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും അതിർത്തികൾ
ചുരുങ്ങുമ്പോൾ ലോകം അവസാനിക്കുന്നു."



"പാണ്ഡിത്യമെന്നത് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും
കൈകാര്യം ചെയ്യലുമാണ്.എപ്പോൾ പുസ്തകം
അടച്ചുവെയ്ക്കുന്നുവോ അപ്പോൾ പാണ്ഡിത്യവും അപ്രത്യക്ഷമാകും."
എം.കൃഷ്ണൻ നായർ (സാഹിത്യവാരഫലം)



2018 ജൂലൈ 31, ചൊവ്വാഴ്ച

നമ്മളാദ്യമായ്
പകുത്തൊരുച്ചയുടെ
ഇഴകളെടുത്താണ്
രാത്രിയുടെ
കണ്ണീർതുടയ്ക്കാൻ
ഞാനെന്നുമൊരു
കസവുതൂവാല
തുന്നിയെടുക്കുക.

ഉച്ചവെയിൽ
വഴിചോദിച്ചുവന്ന്
ഇത്തിരിനേരമിരുന്ന
നേരുള്ള കഥകേട്ട്
വട്ടംകൂടിയിരിക്കാൻ
കൂട്ടമായെത്തും 
വിയർപ്പു തുടച്ച്
അടുക്കളപൂട്ടിയിറങ്ങുന്ന
താരകപ്പെണ്ണുങ്ങൾ.

കഥയിലുറങ്ങി
കിനാവിലുണരാൻ
ഞാനവരെ
ഇനിയും പറയാത്ത
വരികൾ പുതപ്പിച്ച്,
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെയ്ക്കും.

ഒരു നുള്ള്
തണുപ്പു ചേർത്ത് 
രാവിനത്താഴമൂട്ടി 
മിണ്ടാതെപോകുന്ന
കാറ്റിനെ തടഞ്ഞുനിർത്തി  
നാളേയ്ക്കൊരുവട്ടിപ്പൂവ് 
കടം ചോദിക്കും.

രാക്കിളി വരുന്നതും
പാടുന്നതും കാതോർത്ത് 
ഉറങ്ങാപ്പുരയുടെ
തൂണുംചാരിയിരുന്ന്  
ഞാനെന്റെ ചരമക്കുറിപ്പ്
വീണ്ടും വായിക്കാനെടുക്കുന്നു.

"നീ'യെന്നൊരൊറ്റക്ഷരമെഴുതി
വരികളെന്ന് പേരിട്ടു വിളിച്ച് 
കവിതയാവാതെ മരണപ്പെട്ടവൾ."

2018 ജൂലൈ 30, തിങ്കളാഴ്‌ച


അച്ഛനിപ്പോൾ 
പുതിയ വീട്ടിൽ അമ്മയോട് പഴയ കഥകൾ 
പറഞ്ഞിരിക്കുകയാവും .

ഓർക്കാതെ കടന്നുപോയിട്ടില്ലിന്നേവരെ 
ഒരു ദിവസവും .
ആ വിരൽവിടുവിച്ച് നടക്കാനായിട്ടില്ലൊരു 
വഴിക്കുമിന്നേവരെ.

വരമായിരുന്നെനിക്ക് 
വഴിയായിരുന്നെനിക്ക്
വാക്കായിരുന്നെനിക്ക് 

ഒരു കവിത വായിക്കാം .
ഭൂമിയിലുള്ള അച്ഛന് ഒരു മകളെഴുതി
മോഹനമാക്കിയത് , ആകാശത്തിരിക്കുന്ന
അച്ഛനുവേണ്ടിയിങ്ങിവൾ.

എനിക്കേറെ പ്രിയപ്പെട്ട കവയിത്രി
ആര്യാഗോപിയുടെ ' നാമ്പിലപ്പച്ച '

"ആഴിയോളമൊരക്ഷരച്ചിപ്പിയിൽ
കോരി വയ്‍ക്കുന്ന വാത്സല്യദൂതിനെ
ആദിതൊട്ടെന്റെ ജീവന്റെയുച്ചിയിൽ
തൂലികാമുദ്ര ചാർത്തിച്ച നേരിനെ
തീ പടർത്തുന്ന സ്വാതന്ത്ര്യസൂര്യനെ
വേരുറപ്പിച്ച വിശ്വസ്തവിദ്യയെ 
വേർപെടാക്കനൽകൂട്ടിലെ വീണയെ
നീറുമോർമ്മക്കരുത്തിന്റെ സീമയെ
ആമ്പലിൻ വെണ്മ നാവിലിറ്റിക്കുന്ന
നാമ്പിലപ്പച്ചയാകുന്ന നന്മയെ
ജീവനാളം പൊതിഞ്ഞ പകലിനെ
ഭൂമിയോളം പകർന്ന ഗുരുവിനെ
ചോടുവയ്‍ക്കുന്ന സ്വപ്നാടനങ്ങളിൽ
തേടിയെത്തും പ്രകാശനാളത്തിനെ
പ്രേമ സങ്കൽപഗംഗകൾക്കപ്പുറം
വ്യാകുലപ്പെടും കാവ്യതീർത്ഥത്തിനെ
ഏതിരുട്ടന്റെ പാതിരപ്പുള്ളിനും
ഏഴിലം പാലയേകും നിലാവിനെ
നാഴികസ്സൂചി ചുണ്ടുന്ന ദിക്കിലെ
ഏകനക്ഷത്ര പൈതൃകക്കണ്ണിനെ
ആദരാലച്ഛൻ...
അച്ഛനെന്നായിരം പേരുചൊല്ലി
വിളിക്കുന്ന പുത്രി ഞാൻ
രൂപഭാവസ്വരങ്ങൾക്കുമിപ്പുറം
ആര്യപുത്രിയായ് പൂജിയ്‍ക്കയാണു ഞാൻ ."


( 9 വർഷങ്ങൾ )

2018 ജൂലൈ 22, ഞായറാഴ്‌ച

ചടുലമായിരുന്നു
ഓരോ ചുവടും
ഒരു കാൽപ്പന്തുകളിക്കാരനെ
ഓർമ്മിപ്പിക്കുംവിധം.

ഒരു പൂവിന്റെ മണം
അതുമല്ലെങ്കിൽ
ഒരു പൂമ്പാറ്റയുടെ നിറം
അതുമതിയായിരുന്നു 
ഒരു സ്വപ്നമായ്
ഉയിർകൊണ്ട്,വാഴാൻ.
 
ഒരു നനഞ്ഞവാക്കിന്റെ
പൊരുൾ മാത്രം മതിയായിരുന്നു
പറഞ്ഞുതീരാത്ത കഥകളുടെ
നിലാക്കൈകളിലുറക്കി 
ഒരു രാവിനെ
മറുകരയെത്തിക്കാൻ.

കാഴ്ച്ചകൾക്കെന്നും
കാടിന്റെ തണുപ്പായിരുന്നു.

ഞൊടിയിട!
ഞൊടിയിടകൊണ്ടാണ്
നട്ടുനനച്ചുയിരുകൊടുത്ത്  
നന്നായ് ചോന്നൊരു വാക്കിന്റെ   
ആകാശവീഥിയിലെവിടെയോ
ഒറ്റയായിരുട്ടിൽത്തടഞ്ഞ്  
മുറിവാഴത്തിൽനിന്നിറ്റിറ്റുപെയ്ത് 
ഞാനൊരു ചോരമണക്കുന്ന
പുഴയായത്.

2018 ജൂലൈ 20, വെള്ളിയാഴ്‌ച

വിനാശകാലേ...

ഒലിച്ചുപോകുന്ന 
വഴിയെയും
വഴിവെട്ടിയവരെയും
നോക്കി നിന്ന്
അലമുറയിട്ട്
നെഞ്ചിനെ നീളത്തിൽ
രണ്ടായ് വരയുന്നു
വരാന്തയിലെ തൂണ്.

ആർത്തലച്ചു വരുന്ന
മഴയെപ്പേടിച്ച്
മുറ്റത്തേയ്ക്കിറങ്ങിക്കിടക്കുന്നു
വിരിയില്ലാത്ത ചാരുകസേര.

കുടിയൊഴിഞ്ഞുപോയവർ
തിരികെ വരുന്നേരം
എന്തു പറയുമെന്നറിയാതെ
നാവു കുഴഞ്ഞ്
നിലംപതിക്കുന്നു
കെട്ടഴിഞ്ഞുപോയ
മേൽക്കൂര.

കനത്തു പെയ്തിട്ടും
കനിവൊട്ടും കാട്ടാതെ
മേഘക്കൂട്ടങ്ങളെയും
തെളിച്ചു വരുന്നുണ്ട്
വീണ്ടും
കലിപൂണ്ടാകാശം.

കയറിയിരിക്കാറുള്ള
മലകളെ,
കാൽ കഴുകാറുള്ള
പുഴകളെ,
തലതോർത്താറുള്ള
മരങ്ങളെ
ചികഞ്ഞുചികഞ്ഞ്
മൂർച്ചപ്പെട്ടതാണ്
മഴയുടെ വിരലുകൾ .!

2018 ജൂലൈ 13, വെള്ളിയാഴ്‌ച

കിനാവിന്റെ
ഒരൊററ വിത്തുകൊണ്ടാണ്
ഞാനെന്റെയാകാശത്തൊരു
സൂര്യകാന്തിപ്പാടമൊരുക്കാറ് .

മഴവില്ല് തെളിയുന്നുണ്ട്
ഒരു ചെറുമഴ കണ്ണെഴുതുകയാവും .

പുഴകുത്താൻ
പുരികക്കാടിന്റെ ചുവടെ നിന്ന്
രണ്ടു കീറു ചാല് ,
കടവിലൊരു തോണി ,
കരയാകെ തെച്ചിപ്പൂക്കൾ .

കായ് പഴുക്കുന്നേരം
ഒഴുകിയെത്തും
അക്കരെനിന്നൊരു വിളി .
ഒരുമിച്ചിരുന്നടർത്തി
ചുവപ്പ് പങ്കിട്ടെടുത്ത്
പൂഴിമണലിലൊരിത്തിരിനേരം .

രാവിനുറങ്ങാൻ
മഞ്ഞയിതൾ വിരിച്ച കിടക്ക ,
ജനാലയ്ക്കലൊരു
മിന്നാമിന്നി വെട്ടം .

കാററിന്റെ വിശറി ,
മഞ്ഞിന്റെ പുതപ്പ് ,
ഇമവെട്ടാതിരിക്കണം
പുലരുംവരെ .

പതിവുപോലെ 
നാളേയ്ക്കൊരു വിത്ത്
വാരിയിൽ തിരുകിവെച്ച്
പിൻതിരിഞ്ഞെന്നെ നോക്കി
പതിയെ പടിയിറക്കം .

____________________________


2018 ജൂലൈ 11, ബുധനാഴ്‌ച



നീയൊളിച്ചിരിക്കുന്ന മാളത്തിൽ
നനഞ്ഞ കൺപീലികളായ്
ഞാനെന്നെയിറക്കിവിടാറുണ്ട് .

വന്നു തൊടും
ഒരുകുലപ്പൂവിന്റെ നനവ് ,
ചില്ലയുണർത്തിയ പാട്ട് ,
ഉടയാത്ത വളകളുടെ കിലുക്കം ,
മായാത്ത പൊട്ടിന്റെ ചുവപ്പ് ,
പുഴയഴിച്ചുതന്ന ഒററക്കൊലുസ്സിന്റെ
തിളക്കം
വഴിക്കണ്ണുമായ് നിന്ന പകൽ ,
വെയിൽപ്പൂവ് കൊഴിച്ചിട്ട വിയർപ്പ് .

അനങ്ങാതെ
ശബ്ദമുണ്ടാക്കാതെ
വെള്ളിനൂൽ ചേർത്തുകെട്ടി
കൊണ്ടുപോരാറുണ്ട്
ഒരു പോറലുമേൽക്കാതെ .

നെഞ്ചോട് ചേർത്തുപിടിച്ച്
ഉറങ്ങാതെ കിടക്കും
നാളെ വരികളായുണർന്നെങ്കിലോ .!

______________________________________

2018 ജൂലൈ 7, ശനിയാഴ്‌ച



നീയില്ലയെന്നൊരു
കനംവെച്ച ശൂന്യത

വിറകൊളളുന്നു
വിരലുകൾ .

ഒരു ചെറുചിരി ,
അരികിലുണ്ടെന്നൊരു
നേർത്ത സ്പർശം ,
നെഞ്ചകമഴിച്ചുവെച്ച്
ഊട്ടാനൊരു പകൽ ,
ഉയിരാഴത്തിൽ നിന്ന്
വരിയാകാനൊരു വാക്ക് .

മതി

മതിയെന്റെയാകാശത്തിന്
ചിറകു മുളയ്ക്കാൻ .!

____________________________

2018 ജൂലൈ 6, വെള്ളിയാഴ്‌ച



നിന്റെ കൈയിൽ
തുഴയില്ലെന്ന്
ഞാനറിഞ്ഞിരുന്നില്ല
കര പൂക്കുന്ന
മരങ്ങളും
മരം പൊഴിക്കുന്ന
തണലും
കണ്ടിരിക്കാനെനിക്ക്
കണ്ണുകളില്ലെന്ന് നീയും .

നമ്മളേതോ കടവിൽ
പരസ്പരം
മറന്നുവെച്ചവർ .!

______________________________

2018 ജൂലൈ 4, ബുധനാഴ്‌ച




നിലാക്കല്ലുരച്ച്
കിനാത്തുണ്ടു കൂട്ടി
ഉയിരോളമൂതി
കനലാകുവോളം
ചുവപ്പിച്ചതാണ് .

നിഴൽപ്പാടു വായിച്ച്
വിരൽത്തുമ്പു തട്ടി
മഷിതൂവിയാകെ
കറുപ്പോളമാക്കി
ഉയിർനൊന്തു പെയ്ത്
മായ്ക്കല്ലെ കണ്ണേ .
____________________

2018 ജൂലൈ 3, ചൊവ്വാഴ്ച



ഓർക്കണമെന്ന്
നീ പറഞ്ഞില്ല
മറവിക്കൊരു കുടീരം
ഞാൻ പണിഞ്ഞതുമില്ല .

ഉച്ചവെയിലിലും
നിന്റെ നിഴൽ വീണ്
തണുപ്പാണ് മുററം .

മരവിച്ച സന്ധ്യയിലും
നിന്റെ നിശ്വാസം വീണ്
ഉയിർപ്പാണുയിര് .

ഏതക്ഷരംകൊണ്ടാണ്
ഞാൻ
നിന്നെയൊന്നെഴുതുക .!

_________________________________

2018 ജൂലൈ 2, തിങ്കളാഴ്‌ച



പനിനീരിതളിൽ നിന്ന്
ഒരുതുളളി മഞ്ഞെടുത്ത്
നീയുണരുമുഷസ്സിനൊരു
കുളിർന്ന പൊട്ട് .

കടലാഴത്തിൽനിന്ന്
നിറതിര കീറിയെടുത്ത്
നീ വിയർത്ത പകലിനൊരു
നനുത്ത തൂവാല .

ഉയിരാഴത്തിൽനിന്ന്
നിലാമഴ കോരിയെടുത്ത്
നീയെഴുതും വരികൾക്കൊരു
തെളിഞ്ഞ വാക്ക് .

നിന്റെ വിരൽത്തുമ്പിൽ
പറക്കാൻ മറന്ന്
പതിഞ്ഞിരിക്കുന്നു
കിനാവിന്റെ തൂവലുളള
ചുവന്ന അപ്പൂപ്പൻതാടി .

__________________________

2018 ജൂൺ 30, ശനിയാഴ്‌ച



വാക്കിന്നിറയത്ത്
ഇരുതിരി കത്തിച്ചുവെച്ച്
അണയാതെ കാത്തിരിപ്പാണ് .

മലയിറങ്ങി
കാടിറങ്ങി
ഇടവഴി താണ്ടിവരും
ഒരുപൊതിയാകാശം നിറയെ
വരികളുമായ്
ചൂട്ടുകത്തിച്ചുപിടിച്ചൊരോർമ്മ .

2018 ജൂൺ 29, വെള്ളിയാഴ്‌ച



തിരയുന്നെന്തോ
വാനിൽ
അടർന്നോരുടലുമായ്
ഇരുട്ടിൻ മടിത്തട്ട്
കുടയുന്നിതാ ചന്ദ്രൻ

ഉറങ്ങിക്കിടക്കുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെ
വിരൽതൊട്ടുണർത്തുന്നു
മിന്നലിൻ മഴവേര് !


2018 ജൂൺ 28, വ്യാഴാഴ്‌ച

വരമുറി

ഒലിച്ചു പോകുന്നിതാ
പുരയുമെൻ തോണിയും
മടക്കിത്തരുന്നെന്റെ
ചിറകും സ്വപ്നങ്ങളും

കൊണ്ടുപോകുവാനില്ല
പൂക്കളെ മണങ്ങളെ
പായാരം പറഞ്ഞതാം
ചെറുകാറ്റിനെപ്പോലും

ഞെട്ടറ്റു വീഴുന്നിതാ
വിവശം മഴയുള്ളിൽ
തളിർക്കില്ലിനിയെന്നിൽ
ഒരു പുൽക്കൊടിപോലും

ചുവക്കുന്നല്ലോ വാനം
പോകുവാൻ സമയമായ്
മുറിവിൻ നിണം വീണ
മണ്ണിനെ ചുംബിച്ചോട്ടെ .
________________________

2018 ജൂൺ 16, ശനിയാഴ്‌ച

അടർന്നൊലിച്ചുപോയ
മണ്ണിന്റെ മാറിൽ
കിളിർത്തു നിൽക്കുന്നു
നീ തന്ന പൂവിന്റെ വിത്തുകൾ

മുറിഞ്ഞ ചില്ലകളിൽ
തങ്ങി നിൽപ്പുണ്ട്
ഞാൻ ചൂടിയ മഞ്ഞുതുളളികൾ

ഏതോ വളവിൽവെച്ചന്ന്
നമ്മൾ പകുത്ത കരൾ
ഇടറാതെ തുടിക്കുന്നുണ്ടിപ്പൊഴും

ഒരുരുൾപൊട്ടലിലും
ഒലിച്ച് , മാഞ്ഞുപോവില്ല
നീ പാടിയ പാട്ടിന്റെ ശീലുകൾ

പുരയിലെത്തണം
വഴിപാർത്തു നിൽക്കും
കാട്ടുമരക്കൊമ്പിൽ
ഇത്തിരിനേരമിരിക്കാൻ
ഇടമുറിയാത്ത മഴയിൽക്കുളിച്ച്
ചുരം കയറിവരുന്ന സന്ധ്യ

കാത്തുനിൽപ്പുണ്ടാവും
ഏറെ തണുത്തിട്ടെന്ന പോലെ
പറ്റിച്ചേർന്നുനിന്ന
വിടർന്ന കണ്ണുകളുള്ള പെൺകുട്ടി .




2018 ജൂൺ 12, ചൊവ്വാഴ്ച

കാറ്റിന്റെ
വിരൽപിടിച്ച്,
പറക്കാൻ
പഠിക്കുകയാവും
മറന്നുവെച്ചൊരു
പാട്ടിന്റെ ചില്ല.

ഇരുട്ടിന്റെ
വിരൽ കുടിച്ചു-
റങ്ങുകയാവും
പുരപ്പുറത്ത്,
മറിച്ചു വെച്ചൊരു
നിലാവുരുളി.

ആകാശ-
ച്ചെരുവിലിരുന്ന് 
കിനാവിന്റെ
തൂവൽ മിനുക്കി,
കുറുകാൻ
തുടങ്ങുകയാവും
തെളിച്ചു-
വെച്ചൊരോർമ്മ.

കുടംനിറയെ
മഴയെന്ന്
തൂവൽ കുടഞ്ഞിടുന്നു
ആകാശച്ചോപ്പിനെ
കൂട്ടിലടച്ച്
പാറിപ്പറന്നുപോകുന്ന
വെളുത്ത നിറമുള്ള
പക്ഷി.

2018 ജൂൺ 9, ശനിയാഴ്‌ച

നീയെനിക്ക്
കണ്ടുതീരാത്ത
ഒരു 'യാത്ര'

എത്ര നിർമ്മലമാണ്
നമ്മൾ കടന്നുപോകുന്ന
ഓരോ ഭൂമികയും

അടർന്നുപോയ മലകളെയും
ആണ്ടുപോയ പുഴകളെയും
എത്ര  അനായാസമായാണ്
ഒരു പച്ചിലയുടെ ഞരമ്പുകൊണ്ട്
നീയെന്നിൽനിന്ന് മറച്ചുപിടിക്കുന്നത്

എത്ര ചാതുര്യത്തോടെയാണ്
ദിനരാത്രങ്ങളുടെ വിലാപങ്ങളെ
ഒരു ചെറു ചിരികൊണ്ട്
നീയെന്നിൽനിന്ന് തുടച്ചുകളയുന്നത്

പൊള്ളിയടർന്ന കരകളിൽ
കിനാവിന്റെ വിത്തുകൾ പാകി
നൂറുമേനി കൊയ്തെടുക്കുന്നത്

ഒടുവിൽ പൂക്കാത്ത മരങ്ങളിൽ
നമ്മൾ പൂക്കളായ് നിറയുന്നത്

നക്ഷത്രങ്ങളുറങ്ങാൻ കിടക്കുംവരെ
കൈകോർത്തു നടക്കുന്ന നമ്മളെ
ആകാശം എന്തു പേരിട്ടാവും വിളിക്കുക .! 

2018 ജൂൺ 5, ചൊവ്വാഴ്ച

നമ്മൾ
പെറുക്കിവെച്ച
വെളളാരംകല്ലുകൾ
പെററുപെരുകിയോയെന്ന്
നീ ചോദിച്ചതേയില്ല.

ദാഹിച്ചു വരുന്ന
കൊടും വെയിലിന്
വെളളം കൊടുക്കാൻ
നീയൊരു മൺപാത്രം
മെനഞ്ഞു തന്നില്ല

തുയിലുണർത്തിയ
കിളികൾക്ക്
കൊത്തിപ്പെറുക്കാൻ
പാട്ടുകൾ വിതറി
മുററത്തിരിക്കാൻ
കൂട്ടിന് വന്നതുമില്ല.

കാറ്റിന്
മുഖം തുടയ്ക്കാൻ
ഞാനെന്റെ സാരിത്തുമ്പ്
നീട്ടിയെറിഞ്ഞ നേരത്ത്
നീയെന്നെയൊന്ന്
പൊതിഞ്ഞുപിടിച്ചതുമില്ല.

കടവുപൂത്ത
ചില്ലയിൽ നിന്ന്
പുഴയ്ക്കൊരുങ്ങാൻ
ഞാനൊരു മാല കൊരുക്കട്ടെ.

കുടുക്കഴിക്ക്,

മുറിയാതെ പെയ്യാൻ
മഴ വരുന്നുണ്ട്,
പുരയ്ക്ക് മേലേ
നമുക്കൊരു കൂടൊരുക്കാം.

നമ്മൾ പണ്ടേയ്ക്കു പണ്ടേ
ഉടലറ്റുപോയവർ.



2018 മേയ് 23, ബുധനാഴ്‌ച

പാടിപ്പതിഞ്ഞത്


പുഴയോരത്ത്
മഴ പൂത്തിറങ്ങിയിരുന്ന
നിലാമുററമുള്ള പുര
കിളികൾക്കിരുന്ന്
പാട്ടുപഠിക്കാൻ
തണുപ്പ് വിരിച്ചിട്ട
ഇത്തിരിപ്പോന്നൊരിറയം

കടവിനെന്തൊരു
തണലായിരുന്നു
തണലിനെന്തൊരു
തണുപ്പായിരുന്നു
കരയാകെ മരമായിരുന്നു
മരമാകെ മണമായിരുന്നു 
പാട്ട് മുറിക്കാൻ
കുസൃതിക്കാറ്റ്
ഒളിഞ്ഞു നോക്കാൻ
പുലർമഞ്ഞുതുള്ളി

കാണുന്നില്ലേ

കടവിൽ മുങ്ങിമരിച്ച
നമ്മുടെ പുരയോരം

മുട്ടിവിളിച്ച്
മണ്ണിനെ തൊട്ട്
പേറ്റുനോവിറക്കിവെച്ച്
നടുവ് നിവർത്താൻ
മലയെങ്ങുപോയെന്ന്
കനത്തു കറുത്ത് മേഘങ്ങൾ

എവിടെ നമ്മുടെ കിളികൾ ?
നമ്മുടെ പാട്ടിനിരിക്കാനൊരു ചില്ല ...?

2018 മേയ് 16, ബുധനാഴ്‌ച

മടക്കിക്കൊടുക്കാൻ
മറ്റൊന്നുമില്ലെന്ന്
അടക്കിപ്പിടിച്ച്
ഓർമ്മകളുറങ്ങുന്ന
കുന്നിലേയ്ക്ക്
തിരിതെറുക്കാനിറങ്ങുന്നു
മഴയുടെ കൈയും പിടിച്ച്
മായാത്തൊരു വാക്ക്

ഉണരുമെന്നുറപ്പുണ്ട്
ഉയിരോളം നനഞ്ഞതാണ്
ഏതു പേരിട്ടു വിളിച്ചിട്ടും
മതിയാവുന്നില്ലെന്നറിഞ്ഞ്
തേടിയലഞ്ഞിരുന്നു
വരിയായ വരികളിലൊക്കെയും

ഒരു തൂവലിറുത്തെടുത്ത്
ഒരു സ്പർശം കൊണ്ടെന്റെ
മുറിവാകെയുണക്കുമെന്ന്
മുറിയാതെ പറഞ്ഞിരുന്നു

നിനച്ചിരിക്കാതെതന്നെ
വരുമെന്നോർത്ത്
വാലിട്ടു കണ്ണെഴുതാൻ
ഒരുക്കിവെച്ചിരുന്നു
കുന്നിക്കുരുവിന്റെ കറുപ്പും
വണ്ണാത്തിക്കിളിയുടെ തൂവലും

നിന്നെ തൊടാനായില്ലെങ്കിൽ
എനിക്കെന്തിനീ വിരലുകൾ
നിന്നെ നിറയ്ക്കാനായില്ലെങ്കിൽ
എനിക്കെന്തിനീ നെഞ്ചകം .




2018 മേയ് 13, ഞായറാഴ്‌ച


ഏകാന്തത പുതച്ച്
ഉദയസൂര്യനെയും
നോക്കിയിരിക്കുന്ന
തീവണ്ടിയാത്രക്കാരീ ,

നിന്റെ നനുത്ത
മൂക്കിൻതുഞ്ചത്തുനിന്ന്
ഞാന്നിറങ്ങി 
പൂത്തുലഞ്ഞുനിന്ന
കരൾ പകുത്ത വരി
അതിൽ കുരുക്കിട്ട്
ആത്മഹത്യയ്ക്കൊരുങ്ങിയ
ഒരോർമ്മയെ
കനത്ത മൗനത്തിന്റെ
വിരലുകളാൽ
തലോടുകയാണ്
ഒച്ചയില്ലാത്തൊരീ യാത്ര

ഞാൻ നീട്ടിയ
ഭിക്ഷാപാത്രത്തിൽ
ഒററയായ് തിളങ്ങുന്നു
നീയെറിഞ്ഞു തന്ന
ഇന്നലെയുടെയൊരു തുട്ട്

തെളിഞ്ഞുവരുന്നുണ്ട്
വെയിൽ പൂത്തിറങ്ങിയ വഴി
ഒരിറ്റ് വിയർപ്പുനീരാൽ
ഒരു കിനാപ്പാടം നനയ്ക്കാൻ
ഇനി ഞാനിറങ്ങട്ടെ .





2018 മേയ് 9, ബുധനാഴ്‌ച

വരികൾക്കിടയിലിരുന്ന്
വിയർക്കുന്നുണ്ട് തൂവാല

വേനൽ കുടിച്ചു മുറിഞ്ഞ്
ഇളകുന്നുണ്ടൊരു പുഴ

പുഴ കാണാതെ
വരി കാണാതെ
മുഖം മറച്ചുപിടിക്കാൻ
ബാക്കിയാവുന്നത്
ഒരിലപ്പച്ചയുടെ നിഴൽ

കണ്ണീരിനും
വിയർപ്പിനും
ഒരേ രസമെന്ന്
വായിച്ചെടുക്കുന്നു വരി

നേർത്തുനേർത്ത്
മാഞ്ഞുപോകുന്നു
ഒടുവിൽ
തണലെന്നൊരു വാക്ക്

കാത്തുകാത്ത്
കനൽ കൂർപ്പിച്ച്
കനവെന്നെഴുതുന്നു
നോവിന്റെയോരത്ത്
ഒറ്റയ്ക്കിരുന്നൊരു
കിനാത്തുരുത്തുകാരി .

2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

മുററത്തടർന്നു
വീഴുന്ന
പൂവിതളുകൾ
കോർത്തെടുത്താണ്
ഞാനൊരു
വസന്തമൊരുക്കാറ്

കൊഴിഞ്ഞു
വീഴുന്ന
തൂവലുകൾ
ചേർത്തുവെച്ചാണ്
ഞാനൊരു
കിളിയൊച്ചയുണർത്താറ്

പെയ്തു 
നനഞ്ഞ
നിലാമഴയുടെ
നൂലഴിച്ചെടുത്താണ്
ഞാനൊരു
കൂടൊരുക്കാറ്

വിരുന്നുവരാറുണ്ട്
എല്ലാ രാവിലും
ഞാനില്ലെങ്കിൽ
നീയെങ്ങനെയെന്ന്
ചേർത്തുപിടിച്ച്
തടമൊരുക്കാറുണ്ട്
നെഞ്ചിൽ

ഒരു തുള്ളി
നനകൊണ്ടാണെന്നും
ഞാനൊരിലയായ്
കിളിർക്കാറ് .


2018 ഏപ്രിൽ 25, ബുധനാഴ്‌ച

ഉറങ്ങാൻ കരയുന്ന
നക്ഷത്രക്കുരുന്നുകളെ
പുതപ്പിച്ചുറക്കി
പുറംതിരിഞ്ഞു കിടന്ന്
കരയുന്ന രാത്രിയുടെ
പെരുകിവരുന്ന നോവ്
ഉള്ളംകൈയാൽ
തലോടിക്കെടുത്തുന്നു
ഉറക്കം മറന്നൊരു
കൂട്ടിരിപ്പുകാരി

ഇത്തിരിപ്പോന്ന
വിരൽത്തുമ്പുകളിൽ
നീണ്ടുവന്നേക്കാവുന്ന
കൂർത്ത നഖങ്ങളെ
ഉൾക്കണ്ണാലെടുത്ത്
വെട്ടിയൊരുക്കുന്നു
നേർത്ത വിരലുകളുടെ
കനവെഴുത്തുകാരി

പോക്കുവെയിലിന്റെ
കൊമ്പുകൊണ്ടാരോ
മൂക്കിൻവരമ്പത്ത്
കുത്തിനിർത്തീട്ടുപോയ
ഒരിത്തിരി വെട്ടമെടുത്ത്
തെളിയിച്ചു പിടിക്ക്
നിറവയറൊഴിയട്ടെ

ഉയിരുണർത്തുകാരീ ,

കൺനിറയെ കണ്ട്
അവൾ കറുപ്പഴിച്ചുവെയ്ക്കട്ടെ .



2018 ഏപ്രിൽ 2, തിങ്കളാഴ്‌ച

കരിഞ്ഞുവീണ
പകലിന്റെ
നേർത്തൊരു ചില്ല മതി
നിന്നിലേയ്ക്കൊരു
ഗോവണിയാകാൻ

തളർന്നലഞ്ഞ
കാറ്റിന്റെ
കുഞ്ഞുമർമ്മരം മതി
നിന്നിലേയ്ക്കൊരു
സംഗീതമായഴിഞ്ഞുവീഴാൻ

അടർന്നുവീണ
പൂവിന്റെ
ഒരിററു പൂമ്പൊടി മതി
നിന്നിലേയ്ക്കൊരു
വസന്തമായുതിർന്നുപെയ്യാൻ

പൊഴിഞ്ഞുവീണ
ആകാശത്തിന്റെ
ഒരു കുഞ്ഞു തൂവൽ മതി
നിനക്കുറങ്ങാനൊരു
പുരമേഞ്ഞൊരുക്കാൻ

മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം മതിയെനിക്ക്
 'നീ നീ...'യെന്നെഴുതി
കവിതയായ് പുനർജനിക്കാൻ .!


2018 മാർച്ച് 26, തിങ്കളാഴ്‌ച


മഴ വന്നു പോയിട്ട്
വരുമെന്ന്

എഴുതണമെന്ന്
പറഞ്ഞിരുന്നു
ഒന്നല്ല ഒരായിരംവട്ടം

വാലിട്ടുതന്നെയെഴുതണം

തൊട്ടെടുക്കണം
കുന്നിക്കുരുവിന്റെ
കറുപ്പും
പിന്നെയൊരു
വണ്ണാത്തിക്കിളിയുടെ
തൂവലും

പൊട്ട് തൊടണം
ഒത്ത വട്ടത്തിലൊന്ന്

കോരിയെടുക്കണം
വാനമഴിച്ചുവെച്ച
നിറവും
പിന്നെയൊരു
നിലാവുരുക്കിയെടുത്ത
വാൽക്കണ്ണാടിയും

മുക്കുററിപ്പൂവിന്റെ
ഒററക്കൽ മൂക്കുത്തി
വേരററുപോകാത്ത
കാട്ടുതെച്ചിപ്പൂ കാതില
ഞൊറിഞ്ഞിടുന്നേരം
മീനിളകുന്ന ദാവണി
മിന്നൽ തന്നുപോയ
പൊന്നിൻ പാദസരം

വേലിക്കലുണരുന്നു
നിറയെ ചോക്കുന്നൊരു
ചെമ്പരത്തിക്കാട്

മല കയറിയിറങ്ങി
വരുന്നുണ്ട്
മണമഴിക്കട്ടെയെന്ന്
മുടിപ്പിന്നലിളക്കുന്നു
നനഞ്ഞൊരിത്തിരി
മുല്ലപ്പൂക്കൾ

ഒരു തരി കെടാതെ
കാത്തുവെച്ചിരുന്നു
ഒരു തിരി കത്തിച്ചുവെച്ച്
നീ വരുന്നേരമെന്റെ
പുരയൊന്നു
മിനുക്കിവെയ്ക്കാൻ !





2018 മാർച്ച് 3, ശനിയാഴ്‌ച

എനിക്ക് മുലയൂട്ടണം
ഒരു മറയുമില്ലാതെ
നിലാവുടുത്തിരിക്കുന്നവൾക്ക്
മറയെന്തിനു വേറെയെന്ന്
നിങ്ങൾ ചോദിച്ചേക്കാം
അത് നിങ്ങളുടെ യുക്തിക്ക് വിടുന്നു

എന്റെ ഭൂമികയിൽ
മുലബന്ധമററ്
ചോരചിന്തി മരിച്ചുവീണ
കുരുന്നുകൾ മാത്രം

മുലഞെട്ട് വായിൽവെച്ച്
കള്ളച്ചിരിയോടെ നോക്കുന്ന
ഓരോ കുരുന്നിന്റെ കാതിലും
ഞാനോരോരോ കഥകൾ പറയും
കഥയോരോന്നിലും
കേൾക്കുന്നവനാണ് രാജകുമാരൻ

നിരയിലെ അവസാനക്കാരനെ
കൈയിലെടുക്കുമ്പോൾ
ആദ്യമുണ്ടുറങ്ങിയവൻ
ഉണർന്നു കരയാൻ തുടങ്ങും

എനിക്കുറങ്ങണ്ട
ഒന്നു നിവർന്നിരിക്കാൻ
നീയെന്റെ പുരയ്ക്ക് തൂണാവണം.

2018 ഫെബ്രുവരി 16, വെള്ളിയാഴ്‌ച

ഇന്നലെ
വൻതിരയായവൾ
ആർത്തലച്ച്
പാഞ്ഞടുത്തിട്ടുണ്ടാവും
കരയാതിരിക്കാൻ
കരയായ്
നീയലിഞ്ഞതാവാം

കര കാണാതൊരു
ചെറു തിര
കൈകാൽ കുഴഞ്ഞ്
മുങ്ങി മരിച്ച സന്ധ്യ

പിറവിയിലേ
ഉയിർ നഷ്ടമായ്
ആകാശക്കൺകോണിൽ
വിരലില്ലാ താരമായ്
പുനർജനിച്ചവൾ ..!

2018 ഫെബ്രുവരി 14, ബുധനാഴ്‌ച

ഭയമാണെനിക്ക്
നിന്നെ
നിലത്തു നിർത്താൻ

തണുവെന്നെടുത്ത്
പുലർമഞ്ഞുതുളളി
വാരിപ്പുതച്ചെങ്കിലോ

തൂവലെന്നാർത്ത്
കൂടൊരുക്കാൻ കിളി
കൊത്തിപ്പറന്നെങ്കിലോ

പൂവെന്നു തൊട്ട്
കാർമുടിക്കായ് വിണ്ണ്
നുളളിയെടുത്തെങ്കിലോ

ചാഞ്ഞുലഞ്ഞോരു
ചില്ലയെ
കൈവിരൽത്തുമ്പാലെടുത്ത്
തഴുകിയുണർത്തുമൊരിളം
വെയിലു പോൽ
നീയെന്നിലുദിച്ചതാണിന്നലെ

കിനാവേ,
നീയാണ് , നീയാണ്
ഞാനാകുമിലയുടെ പച്ച ..!



2018 ഫെബ്രുവരി 7, ബുധനാഴ്‌ച

അമ്മ പറഞ്ഞ കഥ

അതൊരു കഥയായിരുന്നെന്ന് പറയാനാണെനിക്കിഷ്ടം.
പല പല കാലങ്ങളിലായി കേട്ട കടലോളം ആഴമുള്ള ഒരു
ചെറിയ കഥ . ആവർത്തനത്തിൽ ഒരിക്കൽപ്പോലും ഒരു
വളളിയോ പുള്ളിയോ ആ കഥയ്ക്ക് നഷ്ടപ്പെട്ടിരുന്നില്ല .

ആ കഥയിലായിരുന്നു എന്നും എനിക്കെന്നെ നഷ്ടമാവുക.
കടലിനു കുറുകെ ഞാനൊരു പാലമുണ്ടാക്കാൻ തുടങ്ങുന്നതും
ആകാശത്തിന്റെ നെറുകയിലെ പൊട്ട് അടർത്തിയെടുത്ത് 
എന്റേതാണെന്ന് ആരോടെന്നില്ലാതെ പുലമ്പുന്നതും. ഒരു
വിരൽത്തുമ്പ് നീണ്ടുവരുമെന്നും ഞാനാ വിരൽപിടിച്ച് കടലിന്റെ 
ആഴങ്ങളിലെവിടെയോ എന്നെ കണ്ടെടുക്കുമെന്നും വെറുതെ
മോഹിക്കും .

കഥ പറയാൻ ഇന്ന് അമ്മയില്ല . ഒരു വർഷം തികയുന്നു ആ കഥ
മറഞ്ഞിട്ട് . 

അച്ഛനോട് അമ്മ പറഞ്ഞിട്ടുണ്ടാവും അതൊരു നുണക്കഥയായി-
രുന്നെന്നും അവളോട് അത് പറയാൻ പററിയില്ലല്ലോയെന്നും .
ഞാൻ വരും .ആ മടിയിൽക്കിടന്ന് എനിക്ക് വീണ്ടും ആ കഥ
കേൾക്കണം. കടല് കാണാൻ പോകണം. തിരയുടെ കൈവശം
ഒരു കുറുപ്പടി കൊടുത്തുവിടണം.അങ്ങനെയങ്ങനെ ...........

2018 ഫെബ്രുവരി 1, വ്യാഴാഴ്‌ച


ഓരോ തിരയും
നമ്മളിൽ നനഞ്ഞ്
കരയെന്നെഴുതി മടങ്ങും

വിണ്ണിലൊരു നക്ഷത്രം
വിരിഞ്ഞ്
നമ്മളിലിതൾ കൊഴിക്കും
പൂവായ് തുടുത്ത്
നമ്മളും

കവല പൂട്ടി
ഇടവഴിയിറങ്ങിയ
പടിഞ്ഞാറേക്കോണിലെ
മാടക്കടക്കാരൻ

നന്നേ ചുവന്ന പൊട്ട്
നെറ്റിമേലാകെ പടർന്ന്
വിറകൊള്ളുന്ന സന്ധ്യ

മായാതിരിക്കാൻ
വിരൽത്തുമ്പ് തോർത്തി
നാമൊന്നായെഴുതുന്ന
നനഞ്ഞ ഒരു തരി വാക്ക്

ഒരു കുടന്ന നിലാവു കോരി
ഒരുമിച്ചൊരു കുമ്പിൾ നിറ

'ദേ, ഒരു ശംഖെന്ന്
ഒരുമിച്ചെടുത്തൂതി
എന്നുമോർത്തിരിക്കാനായ്
ഒരൊററ ദിനമെന്ന്
ഇരുട്ടിന്റെ വിരൽപിടിച്ചൊരു ഞൊടി.

2018 ജനുവരി 10, ബുധനാഴ്‌ച

നിറഞ്ഞിരുന്നു
എന്നിട്ടുമെഴുതിയതാണ്
മുഖമാകെ പടരുമെന്ന്
മഷി കറുത്തിരുന്നു

കണ്ണേ,
കരയരുത് വെറുതെ
ഉള്ളാകെ മഴയാണിപ്പോൾ .

2018 ജനുവരി 8, തിങ്കളാഴ്‌ച

കിനാക്കൾ
കാവൽ നിൽക്കുന്നൊരേറുമാടം
നിന്നെത്തൊട്ടെനിക്കനായാസേന
മരണം

പേര് നീ ചോദിച്ചില്ല
ഊര് ഞാനും ..!

2017 ഡിസംബർ 15, വെള്ളിയാഴ്‌ച

നീയിപ്പോൾ
എനിക്കുനേരെ
വലിച്ചടയ്ക്കുന്ന
മുറിവാതിൽ
ഇന്നലെയെന്റേത്
ഇന്നുമതേ ..

തുരുമ്പിച്ച
നാവ്
ചോരയൊലിക്കുന്ന
ചങ്ങല
വററിവരണ്ട
നെഞ്ചകം
കരിപുരണ്ട
ആകാശം
പിഴച്ചുപോയ
ചുവട്

കാറ്റേ,
എറിഞ്ഞു വീശാതെ
അറിഞ്ഞു വീശ്
തീയാണുള്ളിൽ.

2017 ഒക്‌ടോബർ 5, വ്യാഴാഴ്‌ച

നീയെവിടെയാണ് ?
മാനത്തെ കൊട്ടാരത്തിൽ ?
അമ്മമാരില്ലാത്ത കൂട്ടുകാർക്കൊപ്പം ?

കുഞ്ഞേ ,
നിനക്കോർമ്മയുണ്ടോ
അന്നൊരു തിങ്കളാഴ്ച ദിവസമായിരുന്നു
ആഘോഷമില്ലാത്തവളുടെ പിറന്നാള്
(നീയതിന് പരാതി പറഞ്ഞിട്ടേയില്ല)

അന്ന് രാത്രിക്കു വല്ലാത്ത കട്ടിയായിരുന്നു
ടോർച്ചുവെളിച്ചം തെളിയുന്നതും നോക്കി
കണ്ണിലൊരായിരം വിളക്കും കത്തിച്ച്
അമ്മ നോക്കിയിരിക്കുകയായിരുന്നു
അച്ഛൻ കൊണ്ടുവന്ന നാരങ്ങാമുട്ടായികൾ
പൊതിക്കുള്ളിലിരുന്നു വിയർത്തിരുന്നു
അകത്ത് പായയിൽ ചുരുണ്ടുകൂടിക്കിടന്ന്
അച്ഛമ്മ നീയെന്നോ ചൊല്ലിക്കൊടുത്ത പാട്ട്
ഏങ്ങിവലിച്ച് ചൊല്ലുകയായിരുന്നു
ഇത്തിരിവെട്ടത്തിൽ നിന്റെ അനിയൻവാവ
ഏതോ ഒരക്കത്തെ പാമ്പിന്റെ വാലിലൂടെ
തഴേക്കു നീക്കി , നിന്നോടെന്നപോലെ
തർക്കിച്ചു രസിക്കുകയായിരുന്നു

അതാ,ഒന്നിന് പകരം കുറെ വിളക്കുകൾ
ആരവത്തെക്കാൾ മേലെയായിരുന്നു
അമ്മയുടെ നെഞ്ചിടിപ്പിന്റെ വേഗം
നിന്റെ അച്ഛൻ രണ്ടുതോളുകളുടെ മദ്ധ്യേ
നീയൊരാളുടെ തോളിൽ മയക്കത്തിലും

പിന്നീടൊന്നും അമ്മയ്‌ക്കോർമ്മയില്ല

ചുവരിൽ തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽ
നീയിപ്പോഴും  ചിരിച്ചുകൊണ്ടിരിപ്പാണ്

നടവഴിയിലെ പൂവാക തുപ്പിയിട്ടത്
നിന്റെ കുഞ്ഞുപാവാടയിൽ പതിഞ്ഞ
ചോരക്കറകളെന്നു ഉള്ളിലാരോ പറയുന്നു
വിരിഞ്ഞു കാണാനായില്ലല്ലോ നിന്നെ

ഭ്രാന്തേ ,
നിനക്കില്ലേ നിന്നെ പെറ്റൊരു വയർ ?
നിനക്കില്ലേ പ്രിയപ്പെട്ടവളായി ഒരുവൾ ?
ഒരു പെങ്ങൾ ? ഒരു മകൾ ? ഒരു കൂട്ടുകാരി ...?


2017 സെപ്റ്റംബർ 27, ബുധനാഴ്‌ച

അന്ന്
വാനത്തിന്റെ
ഉച്ചിയിൽനിന്ന്
പൂത്തിറങ്ങിയാണ്
പുഴയെ ചുബിച്ച്
നമ്മൾ പുഴയായ്
ഒഴുകിയത്

അത്രയും
നനഞ്ഞിട്ടില്ല
പിന്നീടൊരു
മഴയും

അത്രയും
ഉതിർന്നിട്ടില്ല
പിന്നീടൊരു
കാറ്റും

അത്രയും
വിയർത്തിട്ടില്ല
പിന്നീടൊരു
വെയിലും

മരിക്കാൻ
മഞ്ഞയണിഞ്ഞില്ല
പിന്നീടൊരിലയും

അത്രയുമത്രയും
നീയായിരുന്നു
ഞാനന്ന്
ഇന്നും ...!





2017 സെപ്റ്റംബർ 23, ശനിയാഴ്‌ച


പാദരക്ഷകൾ
അഴിച്ചുവെച്ചിരുന്നു
പടിയിറക്കത്തിന്
ഒരു മാത്ര മുമ്പേ

ഊട്ടാനിനി
കഥകളില്ലെന്ന്
തീപ്പെടാനിനി
കിനാവുകളൊന്നും
ബാക്കിയില്ലെന്ന്
ചുവപ്പഴിഞ്ഞ്
കറുത്തിടങ്ങളിൽ
വിരൽപതിച്ച്
അടയാളപ്പെടുത്തുന്നു

നീ തൊട്ട്‌
വിശുദ്ധമാക്കിയവളെ
വലതുവശം ചേർത്ത്
വലംകൈ മുറുകെ ചുറ്റി
കൂടെ കൂട്ടുകയാണ്
വാക്കുകൾ വിരിച്ചിട്ട്
പൊരുളുറങ്ങുന്ന
ദിക്കിലേയ്ക്ക്
പകലിറങ്ങും മുമ്പേ
എത്തേണ്ടതുണ്ട്

പെണ്ണേ

രക്തം കിനിയുമ്പോൾ
തുടയ്ക്കാൻ
കീറത്തുണിയൊന്നും
കരുതിവെയ്‌ക്കേണ്ടതില്ല
പുരട്ടാൻ പച്ചിലച്ചാറും

നോക്ക്

കാലുകളിരുന്നിടത്ത്
ഉണങ്ങിയ രണ്ടു മുറിവുകൾ.



2017 സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

ഒരിളം കാറ്റിന്റെ
നിഴൽപറ്റിനിന്ന്
തട്ടിത്തൂവിപ്പോയ
നറുമണം
പാതിവിരിഞ്ഞ
പിച്ചകപ്പൂകൊണ്ട്
നുള്ളിയെടുത്ത്
നെറുകയിൽ തൊട്ടുവെച്ച്
മലയിറങ്ങി വരുന്ന
നാട്ടു വഴി

മഞ്ഞുതുള്ളികൾ
പൂത്തു നിൽക്കുന്ന
ശാഖയിൽ
ഇന്നലെ പതിഞ്ഞ
വിരൽനഖപ്പാടിന്റെ
മനം മയക്കുന്ന
വൈഡൂര്യത്തിളക്കം

മഴ മാഞ്ഞ ദിക്കിൽ
ചുവരു കാക്കുന്നു 
പൊഴിയുംവരെ
നിറമായിരിക്കുമെന്ന്
കിനാവ് പിഴിഞ്ഞെടുത്ത്
നിലാവ് നിറച്ചെഴുതിയ
ചുവന്ന തീട്ടൂരം

കേട്ടു മയങ്ങിയ
പഴംകഥയിലെ
പെരുംനുണകളെടുത്ത്
വരികളിൽ  ചാലിച്ച്
രാത്രിക്കു കണ്ണെഴുതി
ഉയിരേന്നു പാടിപ്പാടി
വെളുപ്പിക്കേണ്ടതുണ്ട്

ഒരു ശ്വാസകണം കൊണ്ട്
വറ്റാത്ത നിലമുഴുത്
ഒരു നുള്ളു കാഴ്ചയുടെ
വിത്തുപാകി
ഒരു നാളെയെ
മുളപ്പിച്ചെടുക്കാൻ
നീ മണ്ണാകണം
ജലമാകണം
എന്റെ വിരലു കാക്കുന്ന
വെളിച്ചമാകണം .


2017 സെപ്റ്റംബർ 21, വ്യാഴാഴ്‌ച

''വാംങ്മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം .''

( വാക്ക് മനസ്സില്‍ പ്രതിഷ്ഠിതമാകട്ടെ ,
മനസ്സ് വാക്കില്‍ പ്രതിഷ്ഠിതമാകട്ടെ .)

വാക്കിനാധാരം മനസ്സും മനസ്സിനാധാരം വാക്കും.

ധ്യാനിക്കാറുണ്ട് ഒരു വാക്കിനായ് പലപ്പോഴും.
വാക്കേ കനിയുക .

പുനർവിചാരമില്ലാതെ എടുത്തെറിയാറുണ്ട് 
വാക്കുകളെ പലയിടങ്ങളിലേയ്ക്കും.കൈവിട്ടുപോയ 
വാക്കിനെയോർത്ത് നിസ്സഹായതയോടെ വിലപിക്കാറുണ്ട്.
ഇനിയില്ലയിനിയില്ലെന്ന് ഉരുവിടാറുണ്ട്.
വാക്കേ പൊറുക്കുക .

അടുക്കിവെയ്ക്കാറുണ്ട് വരികളിൽ.മോഹം കൊണ്ട്.
അടർത്തിവെയ്ക്കാറുണ്ട് കിനാവുകളുടെയുച്ചിയിൽ.
വാക്കേ പൂക്കുക .




2017 സെപ്റ്റംബർ 20, ബുധനാഴ്‌ച

നിള
അവൾക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ട് .അരികിലിറങ്ങി
നോക്കിനിന്നിട്ടുണ്ട്, ഒരു തേങ്ങൽ വന്ന് കാഴ്ച മറയ്ക്കുംവരെ .
പലവട്ടം .
അന്നൊക്കെ അവൾ പേരിൽ മാത്രം നിറഞ്ഞൊഴുകിയവൾ .
പോയകാലത്തിന്റെ ബാക്കിപത്രമെന്നവണ്ണം അങ്ങിങ്ങായി
സൗന്ദര്യത്തിന്റെ തിരുശേഷിപ്പുകൾ .നനഞ്ഞ കൺപീലികൾ
പോലെ അവിടവിടെ മഞ്ഞിച്ച പുൽനാമ്പുകൾ .ഓർക്കുമ്പോൾ,
വായിക്കുമ്പോൾ ഒക്കെ അവളൊന്നു നിറഞ്ഞുകാണാൻ വല്ലാതെ
മോഹിച്ചു .

ഇന്നലെ കണ്ട ചിത്രങ്ങളിൽ , വീഡിയോകളിൽ ഇരുകരകളെയും
ചേർത്തുപിടിച്ച് അവൾ ആർത്തുല്ലസിച്ച് ഒഴുകുകയാണ് .എത്ര
കണ്ടിട്ടും മതിവരാത്ത കാഴ്ച .' ഇവിടെയൊരു നദിയുണ്ട്' എന്ന്
ഇനിയെന്നും പാടാൻ കഴിഞ്ഞെങ്കിൽ .

മണ്ണടരുകളിൽ തളർന്നുറങ്ങിപ്പോയ നദിയുടെ കുഞ്ഞുങ്ങളെല്ലാം
ഉണർന്നെണീറ്റെങ്കിൽ .

നദികൾ ആത്മഹത്യ ചെയ്യുന്നവരല്ല .കൊല്ലുകയാണ് മനുഷ്യൻ .

മണ്ണിന്റെ നിറവാണ് നദിയുടെ പാട്ടെന്ന് മനുഷ്യൻ എന്നാവും
തിരിച്ചറിയുക .വേണ്ടാത്തതൊക്കെ വലിച്ചെറിയാനുള്ളതല്ല
അവളുടെ നെഞ്ചെന്ന് അവനെന്നാണ് ബോധ്യപ്പെടുക.
കോരിയെടുത്ത് വിലയിടാനുള്ളതല്ല അവളുടെ നെഞ്ചകമെന്ന്
അവനെന്നാണ് മനസ്സിലാവുക .കെട്ടിയിടപ്പെടേണ്ടവളല്ല
നദിയെന്ന് ഇനിയെന്നാണ് അവനറിയുക.

ഓരോ നദിയെയും ചൂണ്ടി 'ഇതെന്റെ നദി ' എന്നെല്ലാ  മനുഷ്യരും
പറയുന്ന നാള് .അതൊരു സ്വപ്നമാണ് .ആകാശത്തോളം വലിയ
ഒരു സ്വപ്നം .




2017 സെപ്റ്റംബർ 16, ശനിയാഴ്‌ച

കിഴക്കേമൂല
നോക്കിനിന്ന്
പടിഞ്ഞാറ്റേയ്ക്ക്
മഴവില്ലെടുത്തൊരു
പാലം പണിത്
കാത്തുകാത്ത്
നടത്തമാണ്
പാട്ടുമുറിക്കാൻ
സൂത്രത്തിലെത്തുന്ന
വികൃതിക്കാറ്റിനെ
കൺപീലികൊണ്ട്
ചുഴറ്റിയോടിക്കലാണ്
ചിന്തയിലാകെ തുളുമ്പി
നീയണയുമ്പോൾ
മുത്തുകോരുന്നതിന്റെ
മാലകോർക്കുന്നതിന്റെ
വിചിത്ര രൂപകൽപന

നോവെത്തിയിട്ടും
നിന്നെക്കാണാതെ
പെറാനാവില്ലെന്ന്
കൂമ്പിയൊരു നിൽപ്പ്
ഉണക്കുപായ മടക്കിവെച്ച്
നീണ്ടു നിവർന്നൊരു കിടപ്പ്
ആകാശത്തേയ്ക്കൊരു
നോട്ടം ചവച്ചരച്ച്
അയവെട്ടു നിർത്തി
നീട്ടിയൊരു മുടികുടയൽ
കൂടെത്തേണ്ടതുണ്ട്
കൂട്ടിരിക്കാനെന്ന്
ചില്ലയൊഴിയുന്നൊരു കുറുകൽ
  
യാത്ര ചോദിക്കും വരെ  
ഞാൻ കേട്ടതേയില്ല
നാട്ടുവർത്തമാനത്തിന്റെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയ നിന്റെ പാട്ട് 

നിലത്തുവീണുടഞ്ഞ മഴവില്ലിനെ
നിരതെറ്റാതടുക്കിയെടുത്ത് 
വീണ്ടും പണിഞ്ഞുവെയ്ക്കണം 
കുരുങ്ങാതെ നൂർത്തെടുക്കണം 
ചുണ്ടുകൾ കൂട്ടിത്തുന്നാനൊരു വാക്ക്.




2017 സെപ്റ്റംബർ 3, ഞായറാഴ്‌ച

മലമേലെ നിക്കണ
പൂക്കാത്ത മരത്തില്
നീ മുത്തി ചോപ്പ് വിരിഞ്ഞെന്ന്
എന്നെയാകെ മൊട്ടിട്ട് പരക്കണ്
നറുനിലാപ്പൂമണമെന്ന് !

ഒരു മിന്നാമിന്നിവെട്ടത്താൽ
ഈരേഴുലകുമുണർത്തുമെന്ന്
ഒരു വേർപ്പിൻ കണമിറ്റി
മഴക്കൊട്ട നിറയ്ക്കുമെന്ന്
ഒരു കിളിന്തില നുള്ളി
പെരുംകാടൊന്നൊരുക്കുമെന്ന്
ഒരു കുഞ്ഞനുറുമാൽ നീട്ടി
നിലാത്തൊട്ടിൽ കെട്ടുമെന്ന്

ഒരു തുള്ളി മഷിയാലേ
കരകാണാക്കടൽ ചാരെ
കരകാണാക്കടൽ താണ്ടാൻ
കടലാസ്സിൻ ചെറുതോണി

വരിയൊടുവിൽ
ലിപിയറിയാത്തൊരെന്റെ
വിരൽ പിടിച്ച്
ഒരു കറുത്ത കുത്ത്
വഴിയൊടുവിൽ
'നിന്റെ മാത്രമെന്നെഴുതി
ഒരു തുല്യം ചാർത്ത്

നിറഞ്ഞുതൂവിയെന്നു ചിരിച്ച്
വിളമ്പിത്തരുന്നതിൽ നിറയെ
കല്ലുവെച്ച നുണകളാണെങ്കിലും
പ്രിയപ്പെട്ടവനേ ,
മനംമയക്കുന്നൊരു ചന്തമാണ്
നിന്റെ നുണക്കുഴിക്ക്...!


2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഇരുൾപ്പച്ച

ചേമന്തി
വാക
കടമ്പ്
താമര
മുല്ല
പാച്ചോറ്റി
ഒന്നൊന്നായെണ്ണി
മുറതെറ്റാതെ
മുടിയിൽച്ചൂടി
പൂവെന്ന്
നിറമെന്ന്
മണമെന്നു പേരിട്ട്
മടങ്ങിപ്പോകുന്ന
ഋതുക്കളേ,

വസന്തമെന്ന്
വിരൽമടക്കി
ശിശിരമെന്ന്
മുറതെറ്റാതെ
വിരൽനിവർത്തി
നോമ്പുനോറ്റിരിക്കുന്ന
കണ്ണുകളിൽ
ഏതു പൂവിന്റെ
സുഗന്ധമാണ്
നിങ്ങൾ
നുള്ളിവെയ്ക്കുക . 

2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

വായനയിൽ
ഇടംകിട്ടാതെ
തുളുമ്പിപ്പോയ
വാക്കിന്റെ
മുന്താണി പിടിച്ച്
കണ്ണീരൊപ്പുകയാണ്
ഭൂമുഖത്തു നിന്ന്
കാണാതായ
മുഖം

കിതപ്പാറ്റി
ഓടിവന്ന കാറ്റ്
കൊഴിച്ചിട്ടുപോയതാണ്
വെയിൽപ്പൂക്കൾ
ഉയിരാകെ

പറക്കാനോ
കൊഴിഞ്ഞുവീഴാനോ
വിരലെടുക്കാതെ
ചുറ്റിവരിയുന്നു
കൂരിരുൾചുഴി
ഉടലാകെ

നിന്നെക്കുറിച്ചുമാത്രം
പാടുകയാണ്
നീ ചുംബിച്ച് പൂവിതളാക്കിയ
എന്റെയീ ചുണ്ടുകൾ .

അമ്മയോളം(ണം)

സ്നേഹിച്ചു കൊതിതീർന്നിട്ടില്ലെന്ന് ഒരു മകൾ
അമ്മയെക്കുറിച്ചു പറഞ്ഞു കരയുന്നു .ഫോണിന്റെ
അങ്ങേത്തലയ്ക്കലിരുന്ന് അവളും ഇങ്ങു ദൂരെയിരുന്നു
ഞാനും ഒന്നായിത്തീരുന്നു .

എത്ര സ്വർഗ്ഗീയമാണ് ഒരാലിംഗനമെന്നെയറിയിച്ച അമ്മ.
പ്രീഡിഗ്രി കാലത്തെ ഹോസ്റ്റൽ ജീവിതം സമ്മാനിച്ച അമ്മ .
നീണ്ട വർഷങ്ങൾക്കിപ്പുറവും ആ മനസ്സിൽ ഞാനേറ്റവും
പ്രിയപ്പെട്ടവളായിരുന്നുവെന്ന അറിവ് , ജന്മസുകൃതം .

കാര്യമറിഞ്ഞു കരയാൻ പഠിച്ച നാൾ മുതൽ ദൂരെ
മാറിനിന്നെന്നെയെന്നും കൊതിപ്പിച്ചിരുന്നു കടലിന്റെ
മകളായൊരമ്മ. എട്ടാമതും ആൺകുഞ്ഞെന്നറിഞ്ഞ്
ഒരു മകളെ വല്ലാതെ കൊതിച്ചതാണത്രെ .അന്നെന്റെ
പിഞ്ചുശരീരം ആ നെഞ്ചോട് ചേർന്നുകിടന്നിട്ടുണ്ടാവും
ഒരു നിമിഷമെങ്കിലും .പിടിക്കപ്പെട്ടപ്പോൾ വല്ലാതെ
കീറിമുറിഞ്ഞിട്ടുണ്ടാവും ആ നെഞ്ചകം.ഗ്രേസി എന്ന
പേര് ഒരു മന്ത്രം പോലെ ഞാനുരുവിട്ടുകൊണ്ടേയിരിക്കുന്നു
എന്ന്ഒരിക്കൽപ്പോലും അറിഞ്ഞിട്ടുണ്ടാവില്ല ആ അമ്മയും
തിര, അടിച്ചുകയറി നനച്ചിറങ്ങിപ്പോകുന്ന ആ വീടകവും .

പ്രസവിച്ച കുട്ടി തന്റേതല്ലെന്ന അമ്മയുടെ നേരിയ 
സംശയം ,അത് വീണ്ടും വീണ്ടും അമ്മയിലൂടെയിറങ്ങി 
പല നാവുകളിലൂടെയാണെന്നിലെത്തുക .ആ വേദനയെ 
എന്തിനോടാണു ഞാനുപമിക്കുക. മൂന്നാമതായോ അതോ
എട്ടാമതായോ ഞാനെന്ന ചോദ്യം ഉള്ളിൽക്കിടന്ന്
ദഹിക്കാതെ തികട്ടിവരും .
അതിന് വല്ലാത്തൊരു രസമാണ്. ചവർപ്പിന്റെ,
കയ്പ്പിന്റെ ,എരിവിന്റെ .

സരസ്വതിയെന്ന വളർത്തമ്മ
ശങ്കരിയെന്ന അയലത്തമ്മ
കൂട്ടുകാരികളുടെ അമ്മമാർ
കൂടു വിട്ട് പറന്നുചെന്നിരുന്നിരുന്ന ചില്ലകളിലെല്ലാം
തിരഞ്ഞത് അമ്മക്കിളിയെ .ഒരിക്കൽപ്പോലും നിരാശ
എന്തെന്നറിഞ്ഞിട്ടില്ല .'ഈ ചിരി കേൾക്കാൻ വിളിച്ചതാണ് '
എന്നൊരു സ്നേഹം തഴുകുമ്പോൾ കണ്ണൊരു കടലാകും .
തിരയെടുക്കരുതേ എന്റെ അമ്മയുടെ വീടെന്നു പ്രാർത്ഥിക്കും .

ഇന്നൊരു ജനാല  തുറന്നിട്ടാൽ കാണാനാവുന്ന ദൂരത്തിൽ
പൊന്നമ്മയെന്ന സ്നേഹം .

അമ്മമാർക്കെല്ലാം എന്തൊരു സുഗന്ധമാണ്.
മഞ്ഞളിന്റെ  , പിച്ചകപ്പൂവിന്റെ ,വെളിച്ചെണ്ണയിൽ
വറുത്തുകോരുന്ന കൊതിയൂറുന്ന പലഹാരങ്ങളുടെ
അങ്ങനെയങ്ങനെ നൂറുകൂട്ടം .

ഒരു പോറലുമേൽക്കാതെ , മങ്ങാതെ ഭദ്രമായി പൊതിഞ്ഞു
വെച്ചിട്ടുണ്ട് ഞാനെന്റെ അമ്മയോർമ്മകളെ .കൂട്ടിനായ്
കൊണ്ടുപോകണം അവസാനയാത്രയിൽ .

( അത്തപ്പൂക്കളമൊരുക്കാൻ  അമ്മയെ കാണാതെ ആദ്യമായ്
ഒരു മുറ്റം അലസമായ് നോക്കിക്കിടപ്പാണ്.ഉറങ്ങാതെ കിടന്ന്
നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഒടുവിൽ,ഞാൻ മൂന്നാമത്തെയോ
അതോ എട്ടാമത്തെയോയെന്ന് ചോദിച്ചു കരയാൻ അമ്മയില്ലിന്ന്.
സ്നേഹമായിരുന്നു നിറവായിരുന്നു ,കൊതിതീർന്നിട്ടില്ലെനിക്കും.)



2017 ഓഗസ്റ്റ് 16, ബുധനാഴ്‌ച

പൂത്തിറങ്ങുന്ന 
ആകാശത്തോപ്പിന്റെ
അടിവാരത്ത് 
നമ്മളിന്നും 
ആദ്യമായ് 
കാണുന്നവരെപ്പോലെ  

ഇപ്പോൾ നമുക്കിടയിൽ 
കാറ്റിന്റെ നേർത്ത 
മൂളൽ മാത്രം 

മലർക്കെ തുറന്നിട്ട 
വിരിയിടാത്ത 
ജാലകപ്പടിയിൽ 
ഞാനും 
കടുംപച്ച വിരിക്കപ്പുറം 
നീയും

ചുരമിറങ്ങിവന്ന്
മുറ്റത്ത് തണൽവിരിച്ച്
ആദ്യമായ് കാപെററ
അത്തിമരമുറങ്ങിക്കഴിഞ്ഞു
തൊട്ടടുത്ത്
നിറഞ്ഞുനിന്നു ചിരിച്ച
ആററുവഞ്ഞിപ്പൂക്കൾക്കിപ്പോൾ
ഒരേ നിറമുള്ള കുപ്പായം

നമ്മളെയൊന്നായ്
ചേർത്തുപിടിക്കാൻ
ഒരു വരയെടുത്തു വിരിച്ച് 
വെയിൽ കുടഞ്ഞിട്ട്
നിറക്കൂട്ടൊരുക്കുകയാവും
ദൂരെയൊരു ചിത്രകൻ

കിനാവിന്
വിരിവെയ്ക്കാൻ
നീയൊരു താളമെടുക്ക്
നിലാച്ചേല ഞൊറിയിട്ടുടുക്കാൻ 
ഞാനൊരു രാഗമൊരുക്കട്ടെ . 
ഭ്രാന്തിയെന്ന വിളിപ്പേരില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീയുടെ പൊള്ളുന്ന ഓര്‍മ്മ. ഗീത രവിശങ്കര്‍ എഴുതുന്നു

https://goo.gl/wnBBT9
പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നിലെ മൂടിയ വലിയ കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ ഭീമാകാരമായ തുരങ്കത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ. ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും. അമ്മിണിയെക്കാണാന്‍ അന്നേരം വല്ലാതെ ആഗ്രഹിക്കും.........

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.

https://goo.gl/wnBBT9

2017 ഓഗസ്റ്റ് 6, ഞായറാഴ്‌ച

കാറ്റേന്നിളകി
മഴയേന്നൊലിച്ച്
മലമേലെന്റെ പുര

ഓർമ്മ തെറുത്ത്
തിരി തെളിയിക്കാൻ
വള്ളിച്ചെടിത്തുഞ്ചത്തെ
പൂപോലൊരു
തൂക്കുവിളക്ക്

വേലിയില്ലാമുറ്റം
നിറയെ കായ്ച്ച്
കിളിയിരിക്കും ചില്ലകൾ

അകം ചുവരാകെ
വരച്ചുവെച്ചിട്ടുണ്ട്
പല പല പ്രായത്തിലുള്ള
മഴയുടെ ചിത്രങ്ങൾ

കടലിന്റെ വിരിയിട്ട
മേശപ്പുറത്ത്
കരകവിഞ്ഞൊഴുകാൻ
നിവർത്തിവെച്ച
പുഴയെന്ന പുസ്തകം

നിലാവായ് പൂത്തിറങ്ങി
ഉടൽ കുടഞ്ഞിടുന്ന
കാട്ടിലഞ്ഞി

ഇരുട്ടിനു പായവിരിക്കാൻ
ചൂട്ടു കത്തിച്ചു പിടിച്ച്
വട്ടമിട്ടു പറക്കുന്ന
മിന്നാമിനുങ്ങുകൾ

കാറ്റിന്റെ വിരൽപിടിച്ച്
പാട്ടിന്റെ വരിശകൾ

നിശയേ ,
കണ്ണുപൊത്തിക്കളിച്ച്‌
അറിയാതുറങ്ങിയപ്പോയ
നീയാണോ
എന്റെ മൺകൂരയുടെ
മഞ്ഞുപെയ്‌തൊലിക്കുന്ന
പൂമുഖപ്പലകയിൽ
'കിനാവെന്നെഴുതിവെച്ചത് .