2019 നവംബർ 1, വെള്ളിയാഴ്‌ച

ആർപ്പുവണ്ടി

വാതിൽപ്പാളിയുടെ
ഞരക്കം കേട്ട്
പിടഞ്ഞെഴുന്നേൽക്കുന്നു
ചിതറിക്കിടക്കുന്ന മുറി.

വാതിലിനപ്പുറം
തൂങ്ങിയാടുന്നു
മരിച്ചിട്ടേറെ നാളായിട്ടും
നിലംതൊടാത്ത ചിലന്തികൾ.

എഴുത്തുമേശമേൽ
എന്നോ കണ്ടെടുത്ത 
കടൽച്ചിപ്പി,
തുടയ്ക്കുന്തോറും 
വറ്റിത്തീരാത്ത കടൽ,
നുരയിടുന്ന തിരമാലകൾ,
നേരേ പാഞ്ഞുവരുന്ന
രജതരേഖകൾ,
മുറിഞ്ഞു പോകുന്ന
കാഴ്ച്ച ഞരമ്പ്.

വെടിപ്പാക്കലിന്റെ
ഉച്ചിയിലേയ്ക്ക്
പൊടിപറന്നുയരുന്ന
പുസ്തകം,
തനിയെ മറിയുന്ന
താളുകൾ,   
ചോര പടർന്നുപടർന്ന്
മാഞ്ഞുപോയ
കറപിടിച്ച വരികൾ,
അടർന്നുവീഴുന്ന
വിരലുകൾ.

മൂന്നാം ഘട്ടം.
തലയ്ക്കു മേലേ
ഉന്നം തെറ്റാതെയുള്ള
പൊടിപിടിച്ച കാറ്റിന്റെ
അലറിത്തിരിയുന്ന
നിലവിളി.

കരിഞ്ഞു വീണ
നിശ്വാസങ്ങളുടെ
കൂമ്പാരത്തിൽ നിന്ന്  
കത്തിയമർന്നില്ലാതാകുന്ന  
ഞാനെന്നൊരൊച്ച.

2019 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്  
തെരുവിലെ 
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം  
വേവു മൂടി
തുറന്നു പിടിക്കുന്നു.

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ 
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ് 
മുറിച്ചു മാറ്റുന്നു.

കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന   
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട് 
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു.

ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ  
ചോരചീറ്റിപ്പായുന്ന    
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച് 
ഞാനെന്റെ  തലച്ചോർ  
വെട്ടി നുറുക്കുന്നു.

പേറ്റുനോവുകളുടെ
ചരിത്രത്തിൽ  
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ 
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.

നീയാകാശം വരയ്ക്കുന്നേരങ്ങളിലാണ് ഞാനൊരു കാടാവുക

മഴവില്ലിന്
മുന കൂർപ്പിച്ച്
വെയിലിന്റെ വേരാകെ  
പച്ച വരയ്ക്കുന്നവൾ.

ഈ വാലിത്രയും
കൃത്യമായ്
മുറിച്ചതാരാവുമെന്ന് 
ചിന്തിച്ചു ചിന്തിച്ച്
കാക്കത്തമ്പുരാട്ടിയായ്
കറുത്തിരുണ്ടവൾ.

ആർത്തനായെത്തുന്ന
ച്ചവെയിലിന്,
തണുവൊരു  
മണമായ് പകർന്ന്,

മരമറിയാത്ത
തളായ് വിരിഞ്ഞ്,

അത്താഴമുണ്ട് 
നിറവായ് ചായുന്ന   
ചാറ്റൽമഴയ്ക്ക് 
ഉമ്മറത്തിടാനൊരു 
പായയായ് നിവർന്ന്,
 
പുരയറിയാത്ത 
പുഴയായുണർന്ന്,

പൂവിറുത്ത്
പൂവായ വാക്കിനെ
എന്റേതെന്റേതെന്ന്
ചേർത്തു പിടിച്ച്,

രാകി മിനുക്കിയ 
നറുവരിയോട്
നിന്നോളം വരില്ല
മറ്റാരുമെനിക്കെന്ന്,
ഉയിർതൊട്ടു നനച്ച് 
അകം പുറം 
നിറയുന്നവൾ.

ഋതുക്കളൊന്നിലും
കൊഴിയാതെ
കനവായ്
ഉണരുന്നവളേ,

നീയില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ
മുളയ്ക്കുന്നതെങ്ങനെ.

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

തെളിയുന്ന പുഴ
ഒഴുകുന്ന നിലാവ്
പിന്നെയീ
മഞ്ഞിച്ച തൊടിയും.
മായാതെ
പച്ചകുത്തണം,
എന്റെയെന്റെയെ-
ന്നെഴുതി,
നിന്റെ
ശ്വാസത്തിൽ 
എനിക്കെന്നെ,
ജീവന്റെ തുടിപ്പെന്ന്.

2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

അവൾ

നീല വരച്ച് 
ചിറകു തെളിച്ച്
വഴികൾ  
നിനക്കുള്ളതെന്ന്
പറത്തിവിട്ടതാണ്.

പൊരുതി ജയിച്ച
പെൺവഴികളിലൂടെ 
നടത്തിയതാണ്.

തുളച്ചു കയറാൻ
രാവും പകലും
മൂർച്ച കൂട്ടുന്നുണ്ടെന്ന്
ഓർത്തതാണ്.

എന്നിട്ടും ...
 
പെറ്റില്ല,
മുലയൂട്ടി  
പോറ്റിയത്.

നിന്നെ ഞാനെന്റെ
ഗർഭപാത്രത്തിലേയ്ക്ക്
ഉന്തിവിടുന്നു.  
അടച്ചുറപ്പുള്ള മുറിയാണ്,
മുഴുത്തൊരു ഭ്രാന്ത്
തള്ളിത്തുറക്കും വരെ.

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

നീ തോർന്ന വഴി.
ആകാശം കുടഞ്ഞിട്ട്,
ചില്ലയൊഴിയുന്നു
പാട്ടൊച്ചകൾ.
ചിറകു മുറിക്കുന്നു,
കാറ്റിൻ വിരലുകൾ.
ഞാനെന്ന ഒച്ചയിൽ
തെന്നിവീണു മുറിഞ്ഞ് 
ഒറ്റയ്ക്കു കറുക്കുന്നിരുട്ട്.

2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച


ഒരു തണുത്ത
വൈകുന്നേരം,
മുട്ടോളമെത്തുന്ന
അഴിച്ചിട്ട തലമുടിയിലെ
കാച്ചെണ്ണയിൽ മുങ്ങി-
മരിച്ചതാണെന്റെ പറമ്പിലെ
കൽപ്പടവിരുന്ന കുളം.
എടുത്തു കിടത്തുമ്പോൾ,
നെറ്റിയിൽ ചുവന്ന പാട്.
കൊള്ളിപോലെ ചുരുണ്ട്,
മരവിച്ച ദേഹം.
കൂടി നിന്നവർ
തമ്മിൽത്തമ്മിൽ പറഞ്ഞ്,
നെടുവീർപ്പിടുന്നുണ്ടായിരുന്നു.
തെളിനീരായിരുന്നത്രെ
കണ്ട നാൾ മുതൽ.
കരിഞ്ഞുണങ്ങിയും
വീണ്ടും തളിർത്തും
ഒരു കുഞ്ഞു തുളസിച്ചെടി
തന്നത്താൻ നനഞ്ഞ്
ഇളകിയ വെട്ടുകല്ലിനടുത്ത്
നോക്കി നിൽപ്പാണിന്നും,
ഒറ്റയ്ക്ക്.

                          

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

നീയായ്
പതിഞ്ഞ,
ശ്വാസതാളങ്ങളുടെ
ആവൃത്തികൾ
മുറ തെറ്റാതെ-
യെണ്ണിയെടുക്കുന്നു,
അടുക്കളച്ചുവരിലെ
നിലച്ചുപോയ
സൂചികളിൽ നിന്ന്
ഘടികാരത്തെ
കൃത്യമായി
വായിച്ചെടുക്കുന്നതു-
പോലെ.

എന്റെയാകാശ-
പത്രത്തിന്റെ  
ചുരുക്കെഴുത്തായി 
നിന്നെ
പുനർനിർമ്മിക്കാനാ-
വില്ലെന്നിരിക്കെ 
ഛായാപതേ,
ഞാനൊരനാകാശയാകുന്നു.

ഓർമ്മയെന്നു ഞാനും 
സ്വപ്നമെന്നവളും 
വെളിച്ചപ്പെട്ട്,
ഒരുമിച്ചൊരു
കടംകഥയിൽ മുറിഞ്ഞ്,
വിരൽ കൊഴിച്ചൊഴുകുന്ന  
രണ്ടു വാഗ്ദേശങ്ങളാകുന്നു.

2019 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

മണമറ്റ്,
നിലയറ്റുപോയ 
വാക്കിനോട്,
നാളെ
നമ്മളൊരു
പൂവാകുമെന്ന്,
അതിന്റെ
പൊരുളാകുമെന്ന്,
കാറ്റു പതിച്ചൊരു
ചില്ലയിലിരുന്ന്
മുറിയാത്ത
ഒരനക്കം തേവി,  
വിത്തു വിതക്കുന്നു
ഒരിരട്ടവാലൻ കിളി.

2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിലാവിനെ
മടിയിൽക്കിടത്തി,
നിഴൽ ചാരിയിരുന്ന്
മുടിയിഴകളാകെ 
വകഞ്ഞു-
നോക്കുന്നിരുട്ട്.
മറഞ്ഞുപോയൊരു
നക്ഷത്രത്തെ
ഒരറ്റം കൊണ്ടെങ്കിലും
തൊട്ടേക്കുമെന്ന്,
ഇറ്റിറ്റു വീഴുന്നു 
മുറിഞ്ഞ വിരലുകൾ.

2019 ഒക്‌ടോബർ 16, ബുധനാഴ്‌ച

കുളിച്ചിറങ്ങിയ
വിടർന്ന രാവിന്
ചൂടാൻ,
മേഘങ്ങളെ
കുരുക്കഴിച്ചെടുത്ത് 
നീയിപ്പോൾ
മാല കോർക്കുകയാവും.

കാറ്റേ,
നീയെന്റെ
അഴിഞ്ഞുലഞ്ഞ
ചുണ്ടിൽ നിന്ന്,
ഇന്നലെയൊടിച്ചെടുത്ത 
നിറഞ്ഞ ചില്ലയുടെ
ഇലപ്പച്ചയിലിപ്പൊഴും
തുടിക്കുന്ന
നനഞ്ഞ ശ്വാസത്തെ,
ഒരു ചാറ്റൽ മഴയായ്
എന്നിലേയ്ക്കുതിർത്തിട്.

കനൽപ്പാടിനിപ്പുറം

മുറിഞ്ഞുപോയ
ദേശമെന്നാണ്
അവസാനമായി
നീയെന്നോടു പറഞ്ഞത്.

വറ്റിപ്പോയ മഴ,
ദൂരെയേതോ
ഭൂഖണ്ഡത്തിലേയ്ക്ക്
വഴിവെട്ടിത്തെളിച്ച് 
ഒഴുകിപ്പോയ
കാടിന്റെ പച്ച,
തിരികെയെത്താത്ത
കിളിയൊച്ചകൾ,
കാറ്റെത്തിനോക്കാത്ത
തണലിടങ്ങൾ,
മേലാകെ തുളവീണ
ആകാശനീല,
കലിതുള്ളി വിറയ്ക്കുന്ന 
കടൽ വിരലുകൾ.

അപ്പോൾ,
തോറ്റുപോയൊരു
ദേശവാസിയുടെ
പരാജയകാരണങ്ങൾ
ഒന്നൊന്നായി
ചികഞ്ഞെടുത്ത്
നിലയില്ലാത്തൊരു
കുഴിവെട്ടി,
ഞാനെന്നെയതിൽ
കനൽ കോരിയിട്ട്
മൂടുന്ന നേരം.
 
കറുത്തിരുണ്ട
രാത്രിയുടെ 
ഗർഭത്തിനുള്ളിൽ
നമ്മളാരെന്ന ചോദ്യത്തിൽ
തല പുകച്ചിരിക്കുന്ന  
നിലാവ്.

നമ്മൾ
വാക്കും മണവുമാകാതെ
പിരിഞ്ഞവർ.
ഒരു പൈദാഹത്തിലും
നിറയാതെ പോയ
ഒരു തുടം വെള്ളം.

'നമ്മൾ,
തോറ്റുപോയൊരു ജനത.'

2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച


കാറ്റ്, 
കുടഞ്ഞിട്ടു പോകും
ഉറവ പൊട്ടാൻ
ഒരു വരി.
പെയ്തൊഴിയുന്ന
ഓരോ
പകലിരവിലും 
തെളിഞ്ഞു വരും,
കാടായ് നിറഞ്ഞൊ-
രോർമ്മയുടെ
വെയിലിന്റെ മണമുള്ള
പച്ച ഞരമ്പ്.

2019 ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ചയില്ലാത്ത
വാക്കുകളുണ്ട്. 
ഇരുട്ടറിയാതെ
ഉണരുന്നത്.
നിറമായ് പറക്കാൻ
ഒരു തൂവലെന്ന്
വെളിച്ചത്തിനോടിരന്ന് 
നിഴലായവർ.

മാളത്തിനുള്ളിലിരുന്ന്
സ്വാസ്ഥ്യത്തിന്റെ
ഇരട്ട നാവ് 
നീട്ടിയെറിഞ്ഞ്
നിങ്ങളവരെ
മരണമെന്നു തീണ്ടരുത്.

പിറക്കാനിരിക്കുന്ന
കവിതയിൽ
അവർ
ഒരു വരിയായ് 
വെളിച്ചപ്പെട്ടേക്കാം.

2019 ഒക്‌ടോബർ 12, ശനിയാഴ്‌ച

വരവർണ്ണ

പതിവുപോലെ
നമ്മളിന്നും
വരയ്ക്കാനിരിക്കുന്നു.

വെള്ള,
മഞ്ഞ,ചുവപ്പ്
നിരത്തി വെച്ച് 
നീ തൂവൽ കുടയുന്നു.
കാടും പുഴയും വാനവും
എങ്ങനെയാണ് 
പച്ചയും നീലയുമില്ലാതെയെന്ന്
ഞാൻ
നോക്കിയിരിക്കുന്നു.

എന്റെ പുഴ
ഉണരുന്നതിനുമുമ്പേ
നിന്റെ കടൽ
തിരയിളക്കുന്നു.
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു.

ഞാനെന്റെ പുഴയെ
വാരിയെടുത്ത് 
ദാവണിയാക്കുമ്പോൾ   
നീയൊരു വിണ്‍മണ്ഡലം 
വിരിച്ചിടുന്നു.

നമ്മൾ,
കറുത്ത പൊട്ടുകളായ്
നീലയിലേക്ക് ചിറകടിക്കുന്നു.

2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

വഴിമുട്ടിയ 
യാത്രയുടെ
കാലടികൾക്കുള്ളിൽ
ഞെരിഞ്ഞമരുന്ന
മണൽത്തരികളുടെ
ഞരക്കം.

ഉറങ്ങാത്ത
വഴിവിളക്കിനെ
പൊതിഞ്ഞ്
ഈയാംപാറ്റകളുടെ
കൂട്ടക്കരച്ചിൽ.

പേരു പതിഞ്ഞ
ദേശത്തിന്റെ
ഉൾവഴിയിൽ നിന്ന്
നീക്കം ചെയ്യപ്പെട്ട
കാലുകൾ,
കുഴി കുത്തി
നട്ടുവെയ്ക്കുന്നു
ഇരുട്ടിന്റെ വിരലുകൾ.

മുളച്ചുവരും,
നിശബ്ദതയുടെ
പുറംതോടു പൊട്ടാത്ത
ഒരൊറ്റക്കാൽപ്പച്ച.

കേട്ടിരുന്നു
ഇതുവരെ കേൾക്കാത്ത
പതിഞ്ഞൊരീണത്തിൽ.
തിരികെ വിളിച്ചു നോക്കി
ഓരോ തവണയും
ഒന്നിൽനിന്ന്
മറ്റൊന്നിനെ അന്യമാക്കുംവിധം
വേറിട്ടു നിൽക്കുന്നു.
ഒടുവിൽ
ഞാനെന്നെത്തന്നെ
വിളിച്ചുനോക്കി.
എനിക്കുപോലും
ഒരേയീണത്തിൽ വിളിക്കാൻ
ആവാത്തവിധത്തിൽ
എന്റെ പേര്
പലതായിരിക്കുന്നു.

2019 ഒക്‌ടോബർ 8, ചൊവ്വാഴ്ച

നിന്റെ ശ്വാസം
മേഞ്ഞ്,
എന്റെ ചുണ്ടിലെ
കിനാക്കൂട്.

വിരിയുമൊരിക്കൽ,
നമ്മളടവെച്ച
വാക്കിന്റെ മുട്ടകൾ.

വാരിക്കൂട്ടി
നിരത്തിവെച്ച,
വേഗത്തിന്റെ
പച്ചയായ
കഷണങ്ങൾ.

ശ്വാസതാളങ്ങൾ
ഇഴപിരിയാതെ
കോർത്ത്
പാളമുണ്ടാക്കി,
ഒരിരമ്പമെന്ന്
ചെവിയോർത്തിരുന്ന
നേരായ നേരങ്ങൾ.

ഉച്ചസ്ഥായിയിൽ 
കേൾക്കാം,
തളർന്നു വീണ്
ചതഞ്ഞരഞ്ഞ
മുറിവുകളുടെ ഒച്ച.

നീ/ ഞാനല്ലാത്തതെല്ലാം പിന്നെ ഞാനും.

നമ്മൾ 
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട തടവുകാർ.
രണ്ടു ദേശങ്ങളിൽ നിന്നെത്തി
ഒരു മതിലിനിരുപുറം നിന്ന്
ശ്വാസവേഗംകൊണ്ട്
കണ്ടെടുക്കപ്പെടുന്നവർ.

നിനക്ക്  കടലിന്റെ
ആഴമെന്ന്,  
എനിക്ക് ആകാശത്തിന്റെ
നീലിമയെന്ന്,
അകം പുറമൊന്നായ
നമ്മളെന്ന കവിതയായ് 
വായിക്കപ്പെടാൻ
വാക്കു തേടുന്നവർ.

ഞാനൊരുക്കുന്നു തടം
നീ നനയ്ക്കുന്നു വെയിൽ 
നമുക്കു  മണമുണ്ണാൻ
ഒരു തികഞ്ഞ പൂവ്.

മഞ്ഞുതുള്ളി തൊട്ട്
നിനക്കെന്നെയും
സാന്ധ്യമേഘം തൊട്ട് 
എനിക്കു നിന്നെയും
വരച്ചു വെയ്ക്കാനൊരു  
പുഴയുടെ കാൻവാസ്
നിവർത്തിവെയ്ക്കുന്നു
മഴവിൽ വിരലുകൾ.

കിഴക്കുനിന്നൊരു
നിറതൂവൽ,  
ആകാശവിത്തുമായ്
പറന്നെത്തുന്നതു കാത്ത് 
കണ്ണുകൾക്കടയിരിക്കുന്ന, 
പരോൾ കൊതിക്കാത്ത
രണ്ടു തടവുകാർ.
_______________________________

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

യാത്രിക

നക്ഷത്രപ്പൂക്കളെ 
അടരാതിറുക്കാൻ   
ചന്ദ്രനെ പാകി 
ആകാശതൈയൊന്ന്  
മുളപ്പിച്ചെടുക്കുന്നു.

അവിടെ 
മഞ്ഞു മെഴുകിയ
തിണ്ണയുള്ളൊരു
തൂവൽ മേഞ്ഞ വീട്.

കുളിരു പുതച്ചുനിന്ന് 
കാറ്റു മെതിക്കുന്ന മുറ്റം.

ഞാനിതാ പൂത്തെന്ന്
ചുവന്നു തുടുത്ത്
നിറചിരിയായി ചില്ലകൾ.

ശരറാന്തൽ 
നന്നായി തുടച്ചുമിനുക്കി 
തിരി കത്തിക്കുന്ന 
മിന്നാമിനുങ്ങുകൾ.

നിലാക്കുരുക്കിട്ട്
ഊഞ്ഞാൽ കെട്ടുന്ന 
മേഘക്കിടാത്തികൾ. 

ആയത്തിലാടെന്ന് 
പാട്ട് കുടഞ്ഞിട്ട്  
കൂട്ടംതെറ്റാതെ പറവകൾ. 

ഒരുനാൾ
താഴേമുറ്റത്തു കണ്ടേക്കും
പൂമ്പൊടികളുടെ 
കളമെഴുത്ത്.

അന്ന് 
നീയെന്നു തൊട്ട്
ഞാനെന്നെണ്ണി 
ഊഞ്ഞാലുറങ്ങുന്ന 
ചില്ല ചായ്ച്ചു ചായ്‌ച്ച്
നമ്മളിറങ്ങും  
വെളിച്ചം തൊട്ടെടുത്ത്  
കണ്ണെഴുതാൻ.

2019 ഒക്‌ടോബർ 6, ഞായറാഴ്‌ച

പാതി കെട്ട 
വാക്കിന്റെ
തിരിയിലിരുന്ന്
ഇരുട്ടു തെറുക്കുന്നു,
വെയിലു കുടിച്ച്
ചുണ്ടു മുറിഞ്ഞ
ദേശാടനക്കിളി.

കത്തുകയല്ല 
വെയിൽ.
സ്വയമെരിഞ്ഞ്,
ഒടുങ്ങുകയാണ്.

നിലയറ്റ
ഒഴുക്കിന്റെ
വക്കത്തിരുന്ന്
ആകാശം തൊട്ട
വാക്കുകൾക്ക്
അരിമണി വിതറുന്നു.

ആദ്യക്ഷരം
ചൊല്ലി
നീ തന്ന നനവിനെ
പ്രാണനിൽ
തുടിയായെടുത്ത്
ചിറകു കുടഞ്ഞ്
കാറ്റിനുമീതേ പറന്ന്
ഞാനൊരു
മഴമേഘത്തിന്
ചുണ്ടു വരയ്ക്കുന്നു.

2019 ഒക്‌ടോബർ 5, ശനിയാഴ്‌ച

ഇരുട്ടിനോട്
കാണാൻ
മുഖം ചോദിക്കരുത്.
ഇനിയും കറുക്കാൻ
മഷിയില്ലെനിക്കെന്ന്
വിതുമ്പിയേക്കും.
അവൾ
ഒരു കാടിന്റെ
ശ്വാസത്തിലും   
ചൂടായ് പതിയാതെ
ഒരു പൂവിതളിലും 
നിറമാകാതെ
അടർന്നു വീഴുന്നവൾ.

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഓർമ്മയില

ഇലപ്പച്ചകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന
മഞ്ഞുതുള്ളികൾ.
കുരുത്തക്കേടിന്റെ വിരലുകളായ് 
അവരെ  ഉതിർത്തിട്ടുപോകുന്ന
ചുരം കയറിവരുന്ന കാറ്റ്.
താഴെ,മണ്ണിന്റെ ചുണ്ടുകൾ പോലെ
വിടരുന്ന കരിയിലകൾ.
അവർ മീട്ടുന്ന അഭൗമമായ സംഗീതം.
കേട്ടതിൽവെച്ചേറ്റവും മോഹനം.
ഏതു ലിപിയിലെയേതക്ഷരങ്ങളടുക്കി
അതിനെ ചിട്ടപ്പെടുത്തുമെന്നറിയാതെ 
ഭ്രാന്തമായ ഒരാനന്ദത്തിൽ ഞാനില്ലാതായ  
നിമിഷങ്ങൾ.
ചില്ലകളിൽ കലമ്പൽ കൂട്ടുന്ന കുഞ്ഞു
കിളികൾ.
ഞെട്ടിയെഴുന്നേറ്റു തിരക്കിന്റെ
ജനലഴികൾക്കുള്ളിലേയ്ക്ക്.കൂടെ
അരിച്ചിറങ്ങി,അകത്തേയ്ക്കു വന്ന്
തൊട്ടുരുമ്മിനിൽക്കുന്ന തണുപ്പ്.

മണ്ണോട് ചെവിചേർത്തിരുന്ന്,പ്രകൃതിയും
പ്രണയവും രണ്ടെല്ലെന്ന് എഴുതിനിറച്ച
പുലർവേളകൾ.

പറന്നുചെന്ന് കൂട്ടിക്കൊണ്ടു വരാറുണ്ട്. മഞ്ഞുപെയ്യാത്ത എന്റെ നേരങ്ങളിൽ 
നിറഞ്ഞുപെയ്യാൻ.

നഷ്ടപ്പെടുമ്പൊഴും കണ്ടെടുക്കുമ്പൊഴും
നിന്നിലെന്താണിത്രയും ഈർപ്പമെന്ന്
കൈക്കുള്ളിൽ നനയുന്നു ഒരു വെളുത്ത
തൂവാല.

2019 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

നടക്കുകയായിരുന്നു
ശ്വാസംകൊണ്ടടക്കിപ്പിടിച്ച്,
ഏറെ നാൾ കരഞ്ഞു നേടിയ
കളിക്കോപ്പ്
നെഞ്ചാടു ചേർത്തുപിടിച്ച
ഒരു കുട്ടിയെപ്പോലെ.

തട്ടിപ്പറിച്ചെടുക്കുമ്പോൾ
രാത്രിക്കു വല്ലാത്ത കറുപ്പും
കൂർത്ത നഖങ്ങളും.

ഒരിക്കൽ,
കിനാവുകൾ
അപ്സരസ്സുകളെപ്പോലെ
നിന്നെയും തേടി വരുമെന്ന്,
മടിയിൽക്കിടത്തി
പേൻ തിരഞ്ഞ വിരലുകളിൽ
സുഖകരമായ 
പാതിമയക്കമായയഞ്ഞത്, 
ഇരുട്ടിൽ തെളിഞ്ഞു കത്തുന്ന
നക്ഷത്രത്തിൽ വിരൽതൊട്ട്
ഞാൻ വായിച്ചെടുക്കുകയാണ്.

2019 ഒക്‌ടോബർ 2, ബുധനാഴ്‌ച


എഴുതി
വീണ്ടുമെഴുതി
തിരകളിൽ
ഒന്നാവുന്നു
കടൽ.

മുറിച്ചു കടക്കാൻ,
തെറിച്ചു വീണ
ഒരു തുള്ളി വാക്കിനെ 
അഴിച്ചെടുത്ത്
ഒരിലത്തോണിക്ക്
തുഴയുണ്ടാക്കുന്നു 
പകലിന്റെ
നനഞ്ഞ വിരലുകൾ.

2019 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

തിരുമുറിവ്


തോറ്റുപോയ
ഒരുവളുടെ
ചരിത്രപുസ്തകം
ഒരിക്കൽക്കൂടി
മറിച്ചു നോക്കുന്നു.

കെട്ടുപിണഞ്ഞ്
ചിതറിക്കിടക്കുന്ന
ഞരമ്പുകളിൽ
ഉണങ്ങിയ ചോരക്കറ. 
അഴിഞ്ഞുലഞ്ഞ മുടിയിൽ
മഴ കുത്തിവരച്ചിട്ട 
മൺചിത്രങ്ങൾ.
ചുണ്ടുകളിൽ
കനപ്പെട്ടതെന്തോ മുട്ടി
കല്ലിച്ചതിന്റെ പാടുകൾ.
ഉറുമ്പരിച്ചിട്ടും 
എങ്ങോട്ടെന്നില്ലാതെ
നീണ്ടുപോകുന്ന നോട്ടം.
കുത്തിക്കയറിയ
മുനയുടെ പിടിയറ്റത്ത്
ഹൃദയമിരുന്നതിന്റെ ശേഷിപ്പ്.

ഉത്തരത്തിൽ നിന്ന്
ആരും തൊടാതിരുന്നിട്ടും
ഭയപ്പെട്ട്
വാലുമുറിച്ചിട്ടു പോയ
പല്ലിയുടെ നിഴൽ.

ഊതിക്കെടുത്തിയ 
റാന്തൽ വെളിച്ചത്തിൽ
തൂങ്ങിയാടുന്ന കാറ്റ്.

വായനയെ
നാളെയുടെ കൊളുത്തിൽ  
തൂക്കിയിട്ട്
രാത്രിക്കൊരു പായവിരി.

നിലാവ്
തിരി കത്തിക്കുന്നുണ്ട്.
വേണ്ട,
വായിക്കണ്ട
അവളുടെ ചരിത്രം
മറ്റൊരു ദേശം
കടത്തിക്കൊണ്ടുപ്പോയാലോ.

2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

നീയെന്നൊരൊച്ചയിലൂടെ

പുലരിപോൽ
വിശുദ്ധമായ്
നീ'യെന്നെഴുതി
തിരയെടുക്കാതെ
കൈമറ വെച്ച്,
നിന്നിലുയിർകൊണ്ട്
പറന്നുപൊങ്ങാൻ 
ആകാശത്തിന്
ഞാനൊരു  
ചിറകു വരയ്ക്കുന്നു.

കെടാതിരിക്കാൻ
ഉമ്മറത്തൊരു
നിലവിളക്ക്.
ഒരീയാംപാറ്റയും
പിടഞ്ഞു വീഴരുതേയെന്ന്,
ഒരു കാറ്റും
തച്ചുടയ്ക്കരുതേയെന്ന്
ശേഷമൊരു
നിറകൺ പ്രാർത്ഥന.

ഒരു മുഴം
വരികൊണ്ട്
ഒരു പുഴയെ
നീട്ടിനിവർത്തി
ഒരു കുഞ്ഞു
വരകൊണ്ടതിൽ
ഉതിർത്തിടണമൊരായിരം
പരൽമീനുകൾ.

മഴവില്ലിനെ
വാരിയെടുത്ത്
മടിയിൽക്കിടത്തി 
മുറിയാതേഴെന്നെണ്ണി
വരയായുറക്കണം.

രാവിന്റെ 
മുടിക്കെട്ടിൽ നിന്ന്
ഒരു പൂവടർത്തി
ഞാനായ പാട്ടിന്റെ 
മുടിപ്പിന്നലൊരുക്കണം.

ഇടനെഞ്ചിൽ 
കൊളുത്തി വെയ്ക്കുന്നു
നിനക്കു കണികാണാൻ
ഒരായിരം ദീപങ്ങൾ.
____________________________

നീയൊരു
വാക്കായ്
പൂത്തുനിൽക്കുന്ന  
ചില്ലയിൽ നിന്ന്
ഞാനെന്റെ  
ചുണ്ടിലേയ്ക്ക് 
പകർന്നെടുക്കുന്നു
നിന്റെ
ഉലയാത്ത
ശ്വാസത്തിന്റെ ഇതൾ.

_______________________

നീ
അടയിരുന്ന  
കൂടു നിറയെ
വിരിഞ്ഞ     
വരിയൊലികളുടെ
നിരന്ന
പൊൻതൂവൽ.

വാക്കേ,

ഞാൻ
നിന്നിൽ കുറുകി 
ഒച്ചയില്ലാതെ
ചുണ്ടുരുമ്മുന്ന
പതിഞ്ഞൊരു പദം.

2019 സെപ്റ്റംബർ 28, ശനിയാഴ്‌ച

വാക്കിന്റെ തച്ചൻ

നിറമറ്റ 
ഋതുവിനെ,
വേരറ്റ
ഒഴുക്കിനെ,
വിരലറ്റ
തിരയെ,
വരച്ചു നീറ്റി  
നീയെന്തിനാ-
ണെന്റെ കണ്ണിൽ
പുഴ കുത്തുന്നത്.

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

നുണയൊരു നേരാകുന്നേരം

 
ആകാശം
പറിച്ചെടുത്ത്
ഒരിലത്തുമ്പ് 
വരഞ്ഞ ചിറകിൽ
മുറിഞ്ഞ വാക്കിന്റെ
നനഞ്ഞ ഗന്ധം.
തളിരായ്,
തണലായെരിഞ്ഞ്
കാടിന്റെ പച്ച.

വരക്കൂട്ട്

കാത്തുനിന്നു 
മടുത്ത്
എങ്ങോട്ടോ
മറഞ്ഞിരിക്കുന്നു
കുളിച്ചൊരുങ്ങിവന്ന
കാറ്റ്.
  
മേശമേൽ
മണം പോകാതെ 
മൂടിവെച്ചിരിക്കുന്ന
ഉച്ചനേരത്തിന്റെ  
രുചിക്കൂട്ടുകൾ.

നിരയായ് നിന്ന 
തണലിപ്പോൾ
മരങ്ങളിലേയ്ക്ക് 
ചേക്കേറിയിരിക്കും.
 
മണ്ണോടു ചേർന്ന്
ചിറകെന്നാർത്തു
കരയുകയാവും
കൊഴിഞ്ഞു വീണ
തൂവൽ.

സന്ധ്യയുടെ
മടിയിലിരുന്ന്    
മാമുണ്ടിട്ടുണ്ടാവും
കാത്തു നിന്ന്
വിശന്നു തളർന്ന 
ഇടവഴി.

ഞാനെന്റെ 
ഒറ്റജാലകം
പതിയെ തുറന്ന്  
പാഞ്ഞടുക്കുന്ന 
തിരയിലേയ്ക്ക്
വിരൽത്തുമ്പു നീട്ടി 
കടലിനെ രുചിക്കുന്നു.
 
നീയെഴുതിയ  
വരിയിൽനിന്നൊരു
വാക്കഴിച്ചെടുത്ത്      
എന്റെ വരിയിൽ
കോർത്തുവെയ്ക്കുന്നു.

ഉടയാത്ത 
സാരിഞൊറികളും
അഴിയാത്ത 
ചുണ്ടുകളും 
ഒന്നുകൂടി ഭംഗിയാക്കി  
നിലാവു കുടഞ്ഞ് 
മേലാകെ പുതച്ച്
വരികളുടെ ചുമലിൽ 
ചാരിയിരുന്ന് 
ഞാനൊരു കിനാവിനെ
വരയ്ക്കാൻ തുടങ്ങുന്നു.

2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

അഴിമുഖം

വറച്ചട്ടിയിൽ നിന്ന്
കനലിലേക്ക് തെറിച്ചുവീഴുന്ന
കടുകുമണി.
കുളിച്ചിട്ടേറെയായി,
നനഞ്ഞെന്നൊതുക്കുന്ന  
അരകല്ല്.
കരച്ചിലും ചിരിയുമൊന്നായ്
ചോർന്നൊലിക്കുന്ന
കരിപുരണ്ട ചുവര്.
_______________________________

2019 സെപ്റ്റംബർ 25, ബുധനാഴ്‌ച

മഹായാനം

തുടക്കവും
ഒടുക്കവും
നിന്നിലാണെന്ന 
യാത്രയുടെ വട്ടം.

പെയ്യുന്ന
കാടിറമ്പിൽ നിന്ന്
ചൂടാൻ
ഒരു തുടം പൂവ്,
രാവടുപ്പിലെ
ഓട്ടുരുളിയിൽനിന്ന്
കണ്ണെഴുതാൻ
ഒരു വിരൽ കരി,
ചക്രവാളത്തിന്റെ 
ചെപ്പിൽ നിന്ന് 
പൊട്ടുകുത്താൻ 
ഒരു നുള്ളു ചുവപ്പ്.

ശ്വാസത്തിനും
ശ്വാസമായവനേ,

അത്രമേൽ
മിഴിവോടെയാണ്
ഞാൻ നിന്നിലൊരു
ചെറുകണമായ് ചേർന്ന്
ഒരു കാഴ്ചവട്ടം
പൂർണ്ണമാക്കുന്നത്.
__________________________


2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച

അവൾ ഞാനാണെന്നിരിക്കെ

കവലയിലെ
പീച്ചിമരത്തിന്റെ ചില്ലയിൽ
ചടഞ്ഞിരുന്ന്
ഓരോ ഇലയും തിരഞ്ഞുപിടിച്ച്
കാതുകുത്തുന്നു
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

വിജനമായിരുന്നു വഴി.

ചുരം കയറിപ്പോയപ്പോൾ
ഒന്നായൊരു ഗസൽ മൂളിയിരുന്നെന്ന്
വഴി കാണിച്ചു കൂടെപ്പോയ കാറ്റ്.

കോടിമുണ്ടിനുള്ളിലാണെങ്കിലും
മുറുകെപ്പിടിച്ചിട്ടുണ്ടവൾ,
തെറിച്ചു വീണിട്ടും
കൊഴിയാത്തൊരു ചുവന്ന പൂവ്.
___________________________________

2019 സെപ്റ്റംബർ 22, ഞായറാഴ്‌ച

നീയെന്നിൽ
ആരുമറിയാതെ
പാർത്തിരുന്ന 
പെയ്ത്തുകാലത്തെ
നുണകളാണ്
എന്റെ ചരിത്രം
അഥവാ
എന്റെ ചാരിത്ര്യം.
__________________

പച്ചയിൽ നിന്ന്
ഊർന്നു വീഴുന്ന
കാടിനെ
കിളിയൊച്ചയുടെ
നേർത്ത തൂവലാൽ
അടക്കിപ്പിടിച്ച്,
നിന്നോളമില്ല
മറ്റൊരു രാഗവുമെന്ന്
മഴവില്ലു കടഞ്ഞ്
ഉയിരാഴംകൊണ്ടൊരു
മഴക്കൂടു വര.
______________________

പോക്കുവെയിൽ


സൂര്യനെ
എഴുതിയെഴുതി
വിരൽത്തുമ്പു
ചുവപ്പിക്കുന്നു
രണ്ടിലകൾ.

നെഞ്ചിനുള്ളിൽ
കടൽ തിരഞ്ഞ്
തിര പെറുക്കി
ചിതയൊരുക്കാൻ
കനലൂതിയിരിക്കുന്നു
വിയർപ്പുണ്ടു നിറഞ്ഞ്
വിശപ്പാറ്റിയ ഉച്ച.
_____________________

2019 സെപ്റ്റംബർ 21, ശനിയാഴ്‌ച

ഉറങ്ങാതിരുന്നിട്ടും
തോർന്നുപോയ
ഉത്സവം,
വളപ്പൊട്ടുകളുടെ
അണമുറിയാത്ത
നിറപ്പെയ്ത്തിൽ
കൈത്തണ്ട നനച്ച്
കണ്ടുകൊണ്ടിരിക്കുന്നു
മുറിഞ്ഞ രാവ്.
____________________
നിഴലായ്
പൂത്തു നിൽക്കാൻ
ഒരു ചില്ലയെന്ന്,
കവിത മുറുക്കി
ചുണ്ടു ചുവന്ന
മരത്തിന്റെ
വേരിനെ ചുംബിച്ച്
നീ മാത്രം'
എന്നൊരു വരി.
______________________

2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

കുടിവെപ്പ്

കുമ്പസാരക്കൂട്ടിൽ
ചോര ഛർദ്ദിച്ച്
കുഴഞ്ഞു വീണ 
വാക്കുകളെ
പെറുക്കിയെടുത്ത്
പുറത്തിറങ്ങുന്നു.

മുളപൊട്ടാൻ 
കണ്ണും കാതും
പറിച്ചെടുത്ത്
വെയിലിൽ നനച്ച്
വഴിവക്കിൽ
കുഴിച്ചിടുന്നു.

ഒരു വരിയെങ്കിലും
നീ
വായിച്ചിരുന്നെങ്കി-
ലെന്ന മോഹത്തെ
താഴേയ്ക്കുരുട്ടി വിട്ട്,  
കുടഞ്ഞെറിയുന്നു
ഞാനെന്ന ഭാരം.
____________________

2019 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പച്ചമഷിയടയാളങ്ങൾ

എത്ര പെട്ടെന്നാണ്
കടന്നുപോയ ബസ്സിന്റെ
അരികു സീറ്റിൽ
വിടർന്ന കണ്ണുകളോടെ
നോക്കിയിരിക്കുന്ന
പെൺകുട്ടിയിലേയ്ക്ക്
മെടഞ്ഞിട്ട തലമുടി
മുന്നിലേയ്ക്കിട്ട്
ഞാനോടിക്കയറിയത്.

പായുന്ന കാഴ്ചകളിൽ
കണ്ണുകൾ നട്ടുവെച്ചത്.

പിൻസീറ്റിലിരുന്ന്
കവിളറ്റത്തെ
നുനുത്ത രോമങ്ങളുടെ
ചുഴിയിലേയ്ക്ക്
പേനകൊണ്ടു വരഞ്ഞവനെ
രൂക്ഷമായൊന്നു നോക്കിയത്.

ഒരേ വരികൾ വായിച്ച്
ഒരേ ചുഴിയിലെറിയപ്പെട്ട്
വായനകൾ കൈമാറിയത്.

ക്ളാസ്സ് മുറിയുടെ
നിര തെറ്റാത്ത വിശാലതയെ
മുറിയാത്ത വാക്കുകൾകൊണ്ട്
വിടർന്ന കണ്ണുകളും
കാതുകളുമാക്കി മാറ്റുന്നവനെ 
ദൂരെ മാറി നിന്നു കണ്ടത്.

അകന്നു നിൽക്കുന്ന
നക്ഷത്രങ്ങളെക്കുറിച്ചു പറഞ്ഞും  
നിഴലിനെ മറികടന്നാൽപ്പോലും
വീടിനു നോവുമെന്നു കരഞ്ഞും
നിശബ്ദനാക്കിയത്.

കാറ്റാടിയിലകളോട്
കേട്ടതൊക്കെ മറക്കണമെന്ന്
ഒറ്റയ്ക്കുനിന്നു പറഞ്ഞത്.

എത്ര പെട്ടെന്നാണ്
തിരക്കു വകഞ്ഞുമാറ്റി
ഞാനെന്റെയിടത്തിലേയ്ക്ക്
ചാടിയിറങ്ങിയിരുന്ന്
ഒക്കയുമേറെ
മാറിയിരിക്കുന്നെന്ന്
നരവീണ തലമുടിയിഴകളോട്
സ്വകാര്യമായി പറയുന്നത്.
_____________________________

2019 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

എന്നുമതേ...

നന്നായ്
മോറിയിട്ടും
വക്കുപൊട്ടാതെ.

പൊന്തിമറിയുന്ന
തിളയിൽനിന്ന്
ഊതിയാറ്റിയെടുത്ത 
ഉള്ളംകൈയിലെ
വര മായാത്ത 
വറ്റിന്റെ തണുപ്പ്.

കണ്ണിന്നോരത്ത്
പറ്റിപ്പിടിച്ചിരിക്കുന്ന
ഭൂമിവലിപ്പമുള്ള
ഒരോർമ്മ പോലെ.

2019 സെപ്റ്റംബർ 10, ചൊവ്വാഴ്ച

മരണവൃത്തം

കേൾക്കാത്ത 
നനഞ്ഞ പാട്ടിന്റെ
ശവമഞ്ചവും ചുമന്ന്
ദിശയറിയാതെ
തുഴഞ്ഞുപോകുന്ന പുഴ.

അടർന്നുവീണ
മണ്ണടരുകളിൽ തൂങ്ങി
കാട്ടുപൂവിന്റെ
ചോരയൊലിക്കുന്ന
വിരൽത്തുമ്പുകൾ.

വെയിലുറങ്ങിയ
ഓർമ്മകൾ താങ്ങി
കൂനിക്കൂടിയ നിഴലിന്റെ
മാഞ്ഞൊലിച്ചുപോയ
വെളുത്ത വരകൾ.

കാറ്റഴിഞ്ഞുവീണ
ചില്ലയുടെ തുഞ്ചത്ത്
മല കയറിപ്പോയ മഴയുടെ
ഇറ്റുവീഴുന്ന തുള്ളി.

ഇനിയെത്ര ദൂരമെന്ന്
പ്രാണന്റ മിടിപ്പുകളെണ്ണി
വട്ടം വരയ്ക്കുന്നു മായ്ക്കുന്നു  
കണക്കു തെറ്റുന്ന ആഴം.