2022 മേയ് 25, ബുധനാഴ്‌ച

അടുക്കള-
യ്ക്കെന്തിന് 
അരഞ്ഞാണം?
അകത്തളത്തിലെ
തൂണിൽ 
ആകാശത്തേക്ക് 
കണ്ണെറിഞ്ഞ്,
വാലുമുറിച്ചിട്ടൊരു 
പല്ലി.

തിള
തിള തിള തിള-
യെന്നൊരു
വീർപ്പിനാൽ
അകംനിറഞ്ഞ് 
പുഴവരച്ച്
കവിത 
കവിത കവിത കവിത-
യെന്ന്,
വാവട്ടംകൊണ്ടൊരു
മൺകലം.

2022 ഏപ്രിൽ 30, ശനിയാഴ്‌ച

'കളയാം,
നുള്ളിയെടുത്ത്'
നന്നായ് നടക്കുമെന്ന് 
ഇന്നലെയും 
മാറി മാറി മുരണ്ടിരുന്നു,
നേരവും ദൂരവും.

ഹാ ! 
എത്ര
ചടുലമാണെന്റെ വേഗം,
ഈ മുടന്തിന്റെ വഴികളിൽ..!

2022 ഏപ്രിൽ 27, ബുധനാഴ്‌ച

പെരും-
നുണയായ 
വാക്കേ,
കനലേ....
ഒരിക്കലിണയായി-
രുന്നൊരോർമ്മയിൽ 
നിനക്കു മാപ്പ്.

മുറിച്ചുമാറ്റുന്നു,
ഞാനെന്റെ
നേരായ്,
ഉയിരായിരുന്ന വിരൽ.

2022 ഏപ്രിൽ 13, ബുധനാഴ്‌ച



കനത്ത  
ജാലകവിരി
നനുത്ത 
വിരലുകളാലെ
വകഞ്ഞുമാറ്റുന്നു
നീ
പതിവുപോലെ,
എത്ര അനായാസമായ്.

കറുത്ത  
കാറ്റിന്റെ 
മറനീക്കിവെച്ച് 
നനഞ്ഞ 
വാക്കുകളാലെ 
അറയൊരുക്കുന്നു
ചുണ്ടിനും കാതിനും  
നമ്മൾ
പതിവുപോലെ,
എത്ര അനായാസമായ്.

നിലാവേ.......




2022 ഏപ്രിൽ 6, ബുധനാഴ്‌ച

അനിവാര്യതയെന്ന്
ഒരാൾ പോലും
പരോക്ഷമായെങ്കിലും
പറയാത്ത,
ജീവിതമെന്ന് പേർവിളിക്കുന്ന
ഒന്നിനെ,
തിരക്കൊഴിഞ്ഞ കവലയിൽ
കണ്ടുമുട്ടുന്നു.

ഒരു ചായയാവാമെന്ന്
ഒരുമിച്ചൊരു വാക്ക്.

കപ്പുകൾക്കിടയിൽ
പറന്നിറങ്ങിവന്നിരിക്കുന്ന
ഈച്ചയെ
ഒരു ശത്രുരാജ്യത്തെപ്പോലെ
ഭയപ്പെട്ട്
നടുവിരൽകൊണ്ടൊരുമിച്ച്   
ഞൊട്ടിയോടിക്കുന്നു.

മേശപ്പുറത്ത്
നിവർത്തിവെച്ചിരിക്കുന്ന
അനിവാര്യത'യിൽ
കൊതിപ്പിക്കുന്നതെന്തോ
തിരയുന്നതുപോലെ
ഞാനിമവെട്ടാതെയങ്ങനെ
നോക്കിയിരിക്കുന്നു.

അഴിഞ്ഞുവീഴുന്ന
ഇന്നലെയുടുത്തിരുന്ന  
മേൽവസ്ത്രങ്ങൾ,
വിരലറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന
പകുതിയുച്ചരിച്ചതിന്റെ
ജീർണ്ണിച്ച അവശിഷ്ടങ്ങൾ.

ചില്ലുജാലകത്തിനപ്പുറം
ഇലകളൊഴിഞ്ഞ ചില്ലയിൽനിന്ന്
ഒരു തൂവൽപോലുമില്ലെന്ന
കൊഴിഞ്ഞുവീഴുന്ന നോട്ടം.

വരാനിരിക്കുന്ന 
പെയ്ത്തുകളെക്കുറിച്ച്
വാചാലരായിരുന്ന്
നിവർത്തിയിട്ടതിനെ
വാരിയെടുത്ത്
ഒരു കുഞ്ഞിനെയെന്നവണ്ണം
അടക്കിപ്പിടിച്ച്,
ഒരു വിളിപ്പാടകലെയുണ്ടെന്ന്
അലിഖിതമായൊരു
പ്രതിജ്ഞയിൽ
ഞങ്ങളങ്ങോട്ടുമിങ്ങോട്ടും
കൈകൊടുത്തു പിരിയുന്നു.
(ദി(ദ)ശാസന്ധി)

2022 ഏപ്രിൽ 4, തിങ്കളാഴ്‌ച

അടുക്കളയിലെ
പഴയ റേഡിയോയിൽനിന്ന്
അതിനേക്കാൾ പഴയൊരു പാട്ട് 
ചില്ലുപാത്രങ്ങളിലൊന്നിൽ 
നിറച്ചുവെച്ചിരുന്ന   
ചുവപ്പെടുത്ത് 
തിളയിലേക്ക് തട്ടിത്തൂവി 
മുങ്ങി നിവരുന്നു.
പാകമായ പാട്ടു രുചിച്ചെടുത്ത് 
ജനാലപ്പടിയിൽനിന്ന് കാറ്റ്
ചിറകുവിടർത്തി 
മരച്ചില്ലയിലിരിക്കുന്ന കിളികളുടെ
ചുണ്ടിലേക്ക് പകർന്ന്
കിഴക്കുനോക്കി പറന്നുപോകുന്നു.




2022 മാർച്ച് 31, വ്യാഴാഴ്‌ച


ഭാരമഴിച്ച് വാ
പറക്കാ'മെന്നൊരു 
വാക്ക്, 
നിന്റെയാകാശമെന്നും.

കിനാക്കൾ 
ഇരുട്ടിനോടൊത്തിണ-
ചേർന്നു രമിക്കുന്ന
മായാപ്രപഞ്ചമാകാമെന്ന്.

വെളുത്തും 
ചുവന്നും കറുത്തും 
ഉടലുയിരഴിഞ്ഞുഴിഞ്ഞ്, 
ഒടുവിൽ ഞാനൊറ്റയായ് 
ഉടൽകുഴഞ്ഞുയിർകുഴഞ്ഞ്.

മേഘങ്ങളെപ്പോൽ 
എഴുതിയും മായ്ച്ചും 
വീണ്ടുമെഴുതിയും
ഭൂമിയോളം ചെറുതായവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022 മാർച്ച് 25, വെള്ളിയാഴ്‌ച

വീണ്ടെടുക്കാനാവാത്ത
ഒരുവളെയും ചുമലിലേറ്റി
ദിക്കറിയാത്ത യാത്ര.
ദാഹമോ വിശപ്പോ അറിയാതെ.
ആ ഉള്ളിൽ തുടിക്കുന്ന
പവിത്രമായ രഹസ്യത്തെ 
ഒന്നിറക്കിവെക്കാൻ
ഒരു ചുമടുതാങ്ങിയുടെ നിഴൽ 
ഏതു ദേശത്താവും 
തിരുശേഷിപ്പായുണ്ടാവുക.
കാലുകൾ കുഴയുന്നു.
കേൾക്കുന്നുണ്ട്.
പാട്ടുപേക്ഷിച്ച്
പറന്നുപോകുന്ന കിളികൾ
ചിറകുതിർത്തിടുന്നതിന്റെയൊച്ച.
.

2022 മാർച്ച് 20, ഞായറാഴ്‌ച

 
മുട്ടായി-
ക്കടലാസിനുള്ളിൽ 
വിയർത്തൊലിച്ചിരുന്ന്
നാരങ്ങാനിറത്തിൽ 
സൂര്യനെ വരയ്ക്കുന്നു 
ഭൂമിവലിപ്പമുള്ളൊരോർമ്മ.!

2022 മാർച്ച് 17, വ്യാഴാഴ്‌ച

വേഗമാവട്ടെ'യെ-
ന്നൊരാജ്ഞയുടെ
പിറകേ നടന്നെത്താൻ
നേരമൊട്ടും വേണ്ടിവന്നില്ല.
പലവട്ടം കൊതിച്ചിട്ടും
പറയാതെപോയ വാക്കിനെ
മൂടിവെച്ചിരുന്ന ചെപ്പ്,
കിനാവുകൾക്ക്
ഈറ്റില്ലമൊരുക്കാൻ
ഭദ്രമായ് മടക്കിയെടുത്ത
കറുകറുത്ത ആകാശം.
മതി,
മറ്റൊന്നുമെടുക്കേണ്ടതില്ല,
മഴവില്ലുകൊണ്ടെനിക്കൊരു 
പുരമേഞ്ഞൊരുക്കാൻ.

2022 മാർച്ച് 16, ബുധനാഴ്‌ച

ഛായാമുഖി

കാട്ടിലൊരുവൾ
കാടായ് കരഞ്ഞന്നാണ് 
കണ്ണീരിലെന്റെയുടൽ
രണ്ടായ് പിളർന്നത്.

മുറിവിന്നാഴത്തിൽ 
ഞാനെന്നെയുടച്ചത്.
ഒരു മായക്കാഴ്ചയായ്,
കഥാതന്തുവായൊടുങ്ങിയത്.

അന്നൊരു
വിലാപപർവ്വമായയെന്നെ 
പൊതിഞ്ഞെടുത്തത്
രാജരക്തമിരമ്പുന്ന 
നിന്റെ ബലിഷ്ഠമായ കൈകൾ.
   
കൊട്ടാരക്കെട്ടിനുള്ളിൽ
എന്നിൽ തെളിയാതിരുന്ന  
നിന്റെ 
ഛായാചിത്രത്തെയോർത്ത് 
നീ
ഒരലർച്ചയായൊടുങ്ങവെ,
ഞാൻ കാണുന്നുണ്ട്,
അങ്ങകലെ
പ്രണയംകൊണ്ട് 
മുറിഞ്ഞുപോയൊരു   
കാട്ടുപെണ്ണിന്റെ,
നിന്റെ അതിശക്തനായ-
മകന്റെ
അമ്മയായവളുടെ ചുണ്ടിൽ 
മിന്നിമറയുന്ന 
അതിഗൂഢമായൊരു ചിരി.

ഏതു കടലിനാണ്
അവളുടെ കണ്ണീർപ്പുഴയെ
ഒതുക്കിപ്പിടിക്കാനാവുകയെന്ന്
ചിന്തിച്ച്,
പേർത്തും പേർത്തും
ചിന്തിച്ച് 
കണ്ണൊന്നു ചിമ്മിയടയ്ക്കെ,
നിന്നോടെങ്ങനെ
പറയാതിരിക്കാനാവും.

ഹേ...
വൃകോദരാ,
നീ തച്ചുടയ്ക്കും മുമ്പേ
രണ്ടായ്  നുറുങ്ങിയവളാണ്
ഞാനെന്ന മായ/നേര്..!

2022 മാർച്ച് 6, ഞായറാഴ്‌ച

വെടിയുണ്ടകൾ
ഇരുവശത്തുനിന്നു-
മെന്റെ ചെവികൾക്കുനേരേ
പാഞ്ഞടുക്കുന്നതിന്റെ-
യൊച്ചയിൽ
ഞെട്ടിവിറയ്ക്കുന്നു
വിരലുകൾക്കിടയിലിരുന്ന് 
പത്രത്തിന്റെ ഒന്നാംപേജ്.
ഉറക്കെ കരഞ്ഞ്
തളർന്ന് 
ഒന്നുമറിയാതുറങ്ങുന്ന
പിഞ്ചുകുഞ്ഞുങ്ങളെ 
മാറോടടക്കിയ അമ്മമാരിലേക്ക് 
ചീറിത്തെറിക്കുന്ന 
ചോരയിൽ
നനഞ്ഞുകുതിരുന്നു,
വെടിപ്പായ് തുന്നിയെടുത്ത
നഗരത്തിന്റെ കുപ്പായം.
താങ്ങാനാവാത്ത 
കെടുതികളുടെ ചൂടിൽ
വെന്തുരുകുകയാണ് 
ഉള്ളറകൾ.
പടക്കോപ്പിൽനിന്ന്,
ചൂഴ്ന്നെടുത്ത
എന്റെ കണ്ണുകൾ
രണ്ടു തീഗോളങ്ങളായ്
താഴേക്ക്.
പൊട്ടിയ കപ്പിലെ 
ചായയുടെ കറപടരുന്ന  
കരിഞ്ഞ പേജുകളിൽനിന്ന് 
എന്റെ മുറിഞ്ഞുതൂങ്ങിയ 
കാലുകൾ
എന്റെ രാജ്യാതിർത്തി കടന്ന് 
പലായനംചെയ്യുകയാണ്.
(യുദ്ധമെന്ന വാക്കിനേക്കാൾ
അശ്‌ളീലമായി 
ഏതു വാക്കുണ്ട്
ഒരു രാജ്യത്തിനെടുത്ത്
പ്രയോഗിക്കാൻ.)






2022 ഫെബ്രുവരി 28, തിങ്കളാഴ്‌ച


ഓടിവന്ന്  
മുഖമുരുമ്മിയിരിക്കും. 
വഴിയിലെവിടെങ്കിലും 
ഞാൻ മറന്നുവെയ്ക്കുന്നു-
വെന്ന തോന്നലിൽ 
വായനയ്ക്കിടയിലിരുന്ന് 
മറ്റേതോ ഭാഷയുടെ 
കൂർത്ത നഖംകൊണ്ടെന്റെ 
കൈത്തണ്ടയിൽ
ചെറുങ്ങനെ വരയും.

അടുത്തും അകന്നും
മാറിമാറിയിരിക്കും,  
ഇരുട്ടിലേക്ക്  
നിലാവ് പെയ്യുന്നതുപോലെ
വിരലുകൾകോർത്ത്.

പൊടുന്നനെ കാണാതാവും.
നനുത്ത
രോമങ്ങൾ കൊഴിച്ചിട്ട്
നനഞ്ഞ 
പൂച്ചക്കുഞ്ഞിനെപ്പോലെ.
മറ്റേതോ വരിയിൽ
കടന്നിരിക്കും,
വാക്കുകൾക്കു നടുവിൽ 
പുറം കുടഞ്ഞുകുടഞ്ഞ്.

ഞാനെന്റെ 
മുറിഞ്ഞവായനയെ
ഒരു നിശ്വാസത്തിലേക്ക് 
മടക്കിവെയ്ക്കും.

തണുക്കുന്നല്ലോയെന്ന്  
പാളിവരുന്ന 
നോട്ടത്തിന്റെ നീണ്ടപുരികം 
മെല്ലെ തലോടി
എന്റെ വാക്കേ,
എന്റെ പെരുംനുണയേ'യെന്ന്
തണുക്കാതിരിക്കാൻ
പതിച്ചുകൊടുക്കും
ഞാനൊരു വിരൽപ്പുതപ്പ്.
(വാക്കേ......)



2022 ഫെബ്രുവരി 17, വ്യാഴാഴ്‌ച

 

ഇരുട്ടിനെ 
നേർപ്പിച്ചെടുത്ത്
അകംപുറം പച്ചയായ  
കൂട്ടിൽ 
ചേർത്തിളക്കി 
ചുട്ടെടുത്ത കിനാവുകൊണ്ട് 
അടുക്കളയ്ക്ക്
പ്രാതലൊരുക്കുന്നു പകൽ.


2022 ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യാസം

മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക് 
മുൻവാതിൽ 
തുറന്നുകൊടുക്കുന്ന   
വരാന്തയിലെ  
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച് 
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.

ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.

അംഗഭംഗത്തിന്റെ 
ഒരടയാളംപോലും 
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.

ജനനമെന്നോ 
മരണമെന്നോ  
രേഖപ്പെടുത്താത്ത     
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.

ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു

ചന്തമെന്ന് 

ഉരുവിട്ടുരുവിട്ടുറങ്ങണം.


തണലായ് 
മുളയ്ക്കുന്നൊ-
രോർമ്മയെ  
ഇല തൊട്ടു കൂട്ടി 
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരിളം 
തെന്നൽപോലും
തൊട്ടുനോക്കാത്ത
ഉടലിൽനിന്ന്
നീ'എന്നെയൊരു-
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തംനുകരാത്ത
ചില്ലയറ്റത്ത് 
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളംവിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളങ്കാട്.
 
ഒരുതുള്ളി മഴയെ 
നീട്ടി നിവർത്തിവിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കടല് കൊയ്യാൻ
ഉച്ചവെയിൽനെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പുകൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാകപെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വാക്ക് ഒന്നു വായിച്ച്
കിനാക്കൾ നൂറു മെനയുന്നവളേ,
ഒരിലയുടെ പച്ച വരച്ച്
കാടായ് പൂക്കുന്നവൾ നീ'.!

2022 ഫെബ്രുവരി 14, തിങ്കളാഴ്‌ച


നീന്തിക്കടക്കാൻ 
ഒരു മല,
ചവിട്ടിക്കയറാൻ
ഒരു പുഴ,
വിരൽമിനുക്കാൻ 
ഒരു രാഗം.......

നീ'യില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ ചോക്കുന്നതെങ്ങനെ.

2022 ഫെബ്രുവരി 13, ഞായറാഴ്‌ച

മഴവില്ലു മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ,
കിനാവിന്റെ ചില്ലയെടുത്താ-
യിറമ്പൊന്നു ചെത്തിയൊരുക്ക്.

2022 ഫെബ്രുവരി 9, ബുധനാഴ്‌ച

ഉത്തരം കിട്ടാതെ
മരക്കൊമ്പിൽ
തലകീഴായി തൂങ്ങിയാടുന്നു
കാത് നഷ്ടപ്പെട്ടൊരു വാക്കിന്റെ
ചോരവാർന്ന ചുണ്ട്.



നിദ്രകൊണ്ട്
പകലിന്റെ നീളം 
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 
അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ 
നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ 
പാറുന്ന ശലഭമിഥുനങ്ങളുടെ
ചലനവേഗം
നിര്‍വികാരതകൊണ്ടളക്കുക-
യാണെങ്കില്‍ 
മുഖത്ത് പടരുന്ന മഴത്തുള്ളികള്‍
തുടച്ചെറിഞ്ഞ് 
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ 
നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ 
പ്രിയനേ,
നീയെനിക്ക്
ദയാവധത്തിന്റെ പുണ്യം തരിക.


നിലാ
*
പുറത്ത് 
രാക്കിളിയുടെ പാട്ട്.
പതിയെ
ആടിയാടി അലസമായ് 
നിൽക്കുന്നു 
ഒറ്റപ്പാളിയുള്ള വാതിൽ.
അകത്ത് 
പടരുന്ന വെളിച്ചം.
ഒരീയാംപാറ്റച്ചിറകോ, 
സർക്കസുകാരന്റെ 
മെയ് വഴക്കത്തോടെയത്  
ചുമലിലേറ്റാൻ
ഒരുറുമ്പോ....   
ഇല്ല,
അടയാളമൊന്നുമില്ല.
പട്ടുപാവാടഞൊറികളിൽ
ഇരുട്ട് 
ലാസ്യമായഴിയുന്നയൊച്ച.
നിറങ്ങൾ പൂക്കൂടയിലഴിച്ചുവെച്ച് 
പൂക്കൾ, 
ഈറൻമാറുന്ന
ത്രസിപ്പിക്കുന്ന ഗന്ധം.
നനഞ്ഞിട്ടും നനഞ്ഞിട്ടും  
വറ്റാത്തയെണ്ണയിൽ
ഒരു തിരി, 
ആയിരം വിരലുകളാൽ 
ആകെയുഴിഞ്ഞ് 
പൊതിഞ്ഞുപിടിക്കുന്നെന്നെ,
അവർണനീയമായ
ഒരു പുരാതനശിൽപത്തെയെന്ന-
പോലെ.
അത്രയുമത്രയുമാഴത്തിലാണ് 
നിന്നെ ഞാൻ കൊളുത്തിവെച്ച-
തെന്റെ പ്രണയമേ.



2022 ഫെബ്രുവരി 3, വ്യാഴാഴ്‌ച

വാതിൽപ്പടിയിൽ
വന്നുനിൽക്കുന്നൊരുവൾ,
ഉറക്കംവരാതെ
വരിയിൽനിന്ന് വേറിട്ട്,
അടർന്നുപോകാതെ
സ്വയമടക്കിപ്പിടിച്ച്.
തോരാത്ത കണ്ണുകളും 
മഷിയൊഴുകി കറുത്ത കവിളും.
അവളിരുന്നു,
ചെറിയൊരു പൊട്ടുപോലെ 
ശേഷം ഞാനും.
മുറ്റത്ത്,
കൊഴിഞ്ഞുവീണയിലകളിൽ  
സന്ധ്യ നിറമഴിച്ചുവെച്ച  
മഴയുടെ നേർത്ത ഗന്ധം. 
കാറ്റ് വലിച്ചുകെട്ടിയ മറയിൽ 
മരങ്ങൾക്കു താഴെ 
ഇണചേരുന്ന ചില്ലകളുടെ
നിഴലുകൾ.
നേരമാകുന്നു,
നിലാവസ്തമിക്കുന്നു,
തൊടിയിൽ 
വിളഞ്ഞ് പാകപ്പെടുന്നിരുട്ട്.
കൊയ്തുകഴിഞ്ഞ് ആകാശവും.
അകംപുറമെഴുതി 
കണ്ടെടുക്കേണ്ടതായുണ്ട്,
ഒരു വാക്കിനും 
ഒരു പൂർണവിരാമത്തിനുമിടയിൽ
പൂത്തുനിന്നൊരു കാലത്തെ  
പച്ചകുത്തിയ കയ്യൊപ്പ്.




2022 ഫെബ്രുവരി 1, ചൊവ്വാഴ്ച

കൂടൊഴിഞ്ഞു
ഞാൻ'എന്ന വരി 
നീയെങ്ങനെയാണ്
വായിക്കുക.
ഒരടയാളവാക്കുപോലും 
കൈമാറാതിരിക്കെ.
നിലാവിന്റെ ജാലകവിരി
മെല്ലെയൊതുക്കിവെക്കണം.
വെളിച്ചത്തിൽ മുങ്ങി
നിശ്ചലമായിരിക്കുന്നുണ്ടാവും
ദൂരെയൊരൂഞ്ഞാൽ.
ഊഞ്ഞാൽപ്പലകയിലേക്ക്
പറന്നുവന്നിരിക്കുമപ്പോൾ
ഒരു കുഞ്ഞു വെളുത്തതൂവൽ.
കിനാവേയെന്ന് നീട്ടിവിളിക്കണം.
ഒരു മാത്ര.....
മറുവിളി മാഞ്ഞുപോകും.
ഇരുണ്ട്,
ജാലകവിരി ഊർന്നുവീഴും.
രാപ്പാടികൾ പതിവിലുമുച്ചത്തിൽ 
പാടിപ്പറന്നുപോകും.
ചീവീടുകൾ ശ്വാസമെടുക്കാതെ
ചിലച്ചുകൊണ്ടേയിരിക്കും
കറുകറുത്തൊരു പൂവ്
കാറ്റിന്റെ കൈക്കുള്ളിൽനിന്ന്
നിന്റെ 
വിരൽത്തുമ്പിലേക്കടർന്നുവീഴും.
അപ്പോൾ നീ......
ഇനിയും ജനിച്ചിട്ടില്ലാത്ത 
നിനക്കെങ്ങനെയാണ് 
എന്നെക്കുറിച്ചെഴുതാനാവുക.

2022 ജനുവരി 28, വെള്ളിയാഴ്‌ച

വാതിൽ
ഉറക്കെ കരഞ്ഞതിന്റെ
ഒച്ച,  
മുറ്റത്തുണരാൻ തുടങ്ങുന്ന
മരത്തിൽ തട്ടി
കുടഞ്ഞെണീറ്റ് 
മേഘങ്ങളിലേക്ക് പറന്ന്
കേൾക്കാതാകുന്നു.
കാത്തിരിക്കാൻ തുടങ്ങീട്ട്
എത്രനാളായീന്ന് പരിഭവിച്ച്
ചുവരുകൾ നാലുപേർ 
കോറസ് പാടുന്നതുകേട്ട്
പറന്നുപോയ കിളി
തിരികെ വന്ന് 
അതിന്റെയൊരു തൂവൽ 
കൊത്തിയെടുത്ത് അകത്തേക്കിടുന്നു.
മഴ വന്നിരുന്നിട്ട് പോയതിന്റെ
പല വലിപ്പത്തിലുള്ള വൃത്തങ്ങൾ
താഴേക്ക് പെറുക്കിവെക്കുന്നു,
നന്നായടുക്കി മേഞ്ഞിരുന്ന
ആകാശം കൊണ്ടുള്ള മേൽക്കൂര.
കട്ടപിടിച്ച മാറാലകളിൽ  
പറ്റിപ്പിടിച്ചിരുന്നാടുന്ന  
മഞ്ഞുതുള്ളികളിൽ 
തൊട്ടുനോക്കി രസിക്കുന്ന
വെളിച്ചത്തിന്റെ വിരൽത്തുമ്പുകൾ.

എന്റെ ഒറ്റമുറി.

പല പല നിറത്തിലുള്ള ചട്ടകളിട്ട് 
മേശപ്പുറത്തും നിലത്തും
കിടന്ന് 
അടുക്കില്ലാതെ ചിരിക്കുന്ന
പുസ്തകങ്ങളുടെ
വലുതും ചെറുതുമായ പേരുകൾ.

എന്റെ ഒറ്റമുറി(വീട്)

കാറ്റിന്റെ കൈയിൽ നിന്ന്
തണുപ്പിന്റെ ചെപ്പും വാങ്ങി 
മേശമേൽ വെച്ച്  
ഞാനീ ഓടാമ്പലടയ്ക്കുന്നു.
ഡയറി തുറന്ന് 
പോയകാലത്തിന്റെ
ഉണങ്ങാത്ത അക്കങ്ങൾക്ക് 
കടുപ്പത്തിലൊരു വര കൊടുത്ത്
ഞാനെഴുതാൻ തുടങ്ങുന്നു.

28/01/2022
കരഞ്ഞുകരഞ്ഞ്
ഞാനുറങ്ങാതെ കിടന്ന
എന്റെ അവസാനത്തെ രാത്രി.

29/01/2022
നേരം
നന്നായ് വെളുത്തിരിക്കുന്നു
ഒഴുകിപ്പരക്കുന്ന 
ഏകാന്തതയുടെ അഭൗമസംഗീതം
മെല്ലെ, 
ഞാനൊരു നനുനനുത്ത
...........................................







2022 ജനുവരി 27, വ്യാഴാഴ്‌ച

കട്ടിലിൽ കിടത്തി
നാലാളൊരുമിച്ച്
അക്കരെയെത്തിക്കാൻ 
ചുമന്നുകൊണ്ടുപോയ
ഒരുവളെക്കുറിച്ചെനിക്കറിയാം.
(പ്രായം ഒരുമാസം തികയാത്ത
കുഞ്ഞായിരുന്നു ഞാനന്ന്.)
നീണ്ടുചുരുണ്ട തലമുടി
കട്ടിലിന് താഴേയ്ക്ക് 
പുഴപോലൊഴുകിയിറങ്ങിയിരുന്നുവെന്ന്
ഓർമ്മകൾ അയവിറക്കി
പെണ്ണുങ്ങളെന്നെ ചേർത്തുനിർത്തി
കണ്ണീര് തുടച്ചിട്ടുണ്ട്.
ഒരിക്കലല്ല,പലതവണ. 
തിരികെ ചുമന്നുകൊണ്ടുവരുമ്പോൾ
ആ കണ്ണുകൾ അടഞ്ഞിരുന്നെന്ന്,
മുലപ്പാൽ ചോർന്നൊലിച്ചിരുന്നെന്ന്,
കരഞ്ഞുകരഞ്ഞ് അമ്മമ്മയ്ക്ക്
ഭ്രാന്തായെന്ന്,
പ്രണയിച്ച് സ്വന്തമാക്കിയവളുടെ
നഷ്ടത്തിലും 
അച്ഛൻ ഭ്രാന്തുപിടിക്കാതെ
പിടിച്ചുനിന്നെന്ന്,
പിന്നീടൊരുനാൾ പാലം വന്നെന്ന്,
ആശുപത്രീം പള്ളിക്കൂടോം
ആപ്പീസുമെല്ലാം
വീടിനടുത്തേക്ക് വന്നെന്ന്.
ഞാനുറങ്ങുംമുമ്പേ അച്ഛനെത്തി
ചുമലിലേറ്റിനടന്നതും
എന്നെ കരയിക്കാതെ കൊണ്ടുനടന്ന 
പകലിന്റെ കഥ മുഴുവൻ
അച്ഛനോടെനിക്ക് 
പറഞ്ഞുകേൾപ്പിക്കാനായതും
ദൂരം അടുത്തായതുകൊണ്ടു മാത്രം.
ലോകം വളർന്നു
ഒപ്പം
ഞാനും എന്റെ ചിന്തകളും
മലകളെ സ്നേഹിച്ചു
പുഴകളെ സ്നേഹിച്ചു
പുല്ലിനെ,പുൽച്ചാടിയെ സ്നേഹിച്ചു 
മനുഷ്യനെ സ്നേഹിച്ചു.
മനുഷ്യന് 
സമയത്തെക്കാൾ വിലപ്പെട്ട
മറ്റൊന്നും ഭൂമിയിലില്ലെന്ന്
ഓരോ യാത്രയിലും കുറിച്ചുവെച്ചു.
'വേഗമാണ്'
എനിക്ക് സ്വന്തമായതെങ്കിൽ
'പ്രകാശവേഗമാണ്' 
നിനക്കുവേണ്ടതെന്ന്
നാളെയോട്...
എനിക്കെത്തിപ്പെടാനാവാതെപോയ 
ഇടങ്ങളിൽ
നീ എത്തിപ്പെടണമെന്നും.
അതിന് 
നിഴലുകളുടെ മേൽ പ്രകാശംപരന്ന് 
വെളിച്ചപ്പെടേണ്ടതുണ്ട്.
(കവിതയല്ല....)







2022 ജനുവരി 26, ബുധനാഴ്‌ച

ഒരിലകൊണ്ട്
ഒരു കാട് നിർമ്മിക്കാനാവുമെന്ന്
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

ഒരു തൂവൽ ഓർമ്മകൊണ്ട്
ഒരാകാശം നിവർത്തിവിരിക്കാമെന്ന്
ഉള്ളിൽ കുറുകുന്നൊരു കൂട്.

ഒരു വാക്കുകൊണ്ട്
ഒരു മതിലു നിർമ്മിക്കാനാവുമെന്ന് 
കാറ്റ്,വിരൽ മിനുക്കുന്നതിന്റെ
കാതടിപ്പിക്കുന്ന ഒച്ച..!

2022 ജനുവരി 24, തിങ്കളാഴ്‌ച

പുഴയായ്
വരച്ചതാണെന്നെ.
നനവായ്
അടരാതിരിക്കുമെന്ന്
പലകുറി പറഞ്ഞ്
പകലിരവറിയാതറിഞ്ഞതാണ്.
കാടറിഞ്ഞ്
മേടറിഞ്ഞ്
മണ്ണായവനെന്നൊരു 
വാക്കിന്റെ പച്ചയിൽ 
അകംപുറം നിറഞ്ഞ്  
ഒഴുകിയൊഴുകി
തെളിഞ്ഞതാണ്.

നിശ്ചലതയുടെ
ആഴത്തിലേയ്ക്കെന്നെ
കുഴികുത്തി മൂടിയവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022 ജനുവരി 16, ഞായറാഴ്‌ച

ആർദ്രമെന്നും
ശ്രുതിമധുരമെന്നും 
പറഞ്ഞിരുന്നു.
പൂവിതളുകളിൽനിന്ന് 
മഞ്ഞുകണങ്ങളടർന്നു-
വീഴുന്നതുപോലെ
മോഹനമെന്നും. 
ചിട്ടപ്പെടുത്തിയതാണ് 
ഏറ്റം പ്രിയതരമായൊരു 
ഗാനമായെന്നെ.
നീയുണരുന്നതിനും
ഏഴരനാഴിക
മുമ്പേയുണരുമെന്നും 
ഒരു രാഗംകൊണ്ടോരായിരം
മിഴികൾ തുറക്കുമെന്നും 
കിനാവുകളെ  
ഈറനുടുപ്പിച്ചതാണ്.

നിശബ്ദതയുടെ
ഗർഭത്തിലേയ്ക്കെന്റെ ചുണ്ടിനെ 
പൊതിഞ്ഞുവെച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.


ഒരു മൂളിപ്പാട്ട് ചുരത്തി 
ഈ രാവിനെയെങ്കിലുമൊ-
ന്നുറക്കാനായെങ്കിൽ.
കുഞ്ഞു നിലാവിരലുകൾ
വിടർത്തിയെടുത്ത് 
മധുരമായൊരു 
വാക്കിന്റെ താക്കോൽ
തിരുകിവെക്കാനായെങ്കിൽ.
ഹാ....!
തുളുമ്പരുതെന്നൊരു കാറ്റ്
കൺപോളകൾ തഴുകി
വിരൽഞൊടിച്ച് 
പറന്നുപോകുന്നതിന്റെയൊച്ച
തോന്നിയതാവും,വെറ്തെ.....

2022 ജനുവരി 15, ശനിയാഴ്‌ച

ഇന്നലെയും
തന്നു പോയതാണ്
ഇതേ നേരത്ത്
ഒരുപിടി വാക്കുകളൊന്നായ്
ജ്വലിച്ചുനിൽക്കുന്നൊരാകാശം.
തൊട്ടെടുത്ത്
അടക്കിപ്പിടിച്ച്
കൊളുത്തിവെച്ചതാണ്
നെഞ്ചകത്ത്
കിനാക്കളൊന്നായ് 
തെളിയുന്ന നിലാവിളക്ക്.
നിന്റെ വിരലായെന്നെ
മിനുക്കിയെടുക്കുമെന്നും
കോർത്തുപിടിച്ച്
ഒന്നായ് 
ഒരു മഴയായുതിരുമെന്നും
രാവിന് മഷിയെഴുതിയതാണ്.

നീയാണെന്റെ കവിതയെന്ന
പെരുംനുണയുടെ
തിരിയായെന്നെ
തെറുത്തെടുത്തവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.

2022 ജനുവരി 11, ചൊവ്വാഴ്ച

ഇന്നലെയും 
കിനാവിൽ വന്നിരുന്നു,
ഇതേ നേരത്ത്.
ആടിയുലഞ്ഞൊരു കാറ്റ്
ഇതു വഴി വരുമെന്നും
ചെമ്പകപ്പൂക്കളെയാകെ
ഉതിർത്തിട്ടുതരുമെന്നും
ചെവിയിൽ പറഞ്ഞതാണ്.
മണ്ണടരുകൾക്കിടയിലൂടെ
ഞാനവയെ 
ചേർത്തുപിടിക്കുമെന്നും
ആ ഗന്ധത്തിന്റെയുന്മാദത്തിൽ
അലിഞ്ഞലിഞ്ഞ്
ഞാനില്ലാതാകുമെന്നും 
കിനാവുകൾക്കു മേലേ-
യൊരു കിനാവിനെ 
തുന്നിച്ചേർത്തതുമാണ്.
കാറ്റ് പതിക്കാത്ത ദേശത്ത്
എന്നെ അടക്കംചെയ്തവനേ,
ദൈവമായതുകൊണ്ടു മാത്രം
നിനക്ക് മാപ്പ്.


പതിയെ,
അടർത്തിയെടുത്ത്
ഒരൊച്ചയെ താഴേക്ക്.
പേരായത്,
ആഴത്തെ തൊട്ട്,
പടവുകളെയൊന്നൊന്നായ്
പിന്നിലാക്കി 
മുകളിലേക്ക്.
വൃത്തത്തിന്റെ 
കറങ്ങുന്ന വേഗത്തിൽ 
ചവിട്ടി,തെറിച്ച് 
ചേർന്നുനിന്ന കൊമ്പിലേക്ക്.
ഒരു മാത്ര......
കിളിയൊച്ച മെഴുകിമിനുക്കിയ
ചില്ലയിൽ,
അതിന്റെ തണുപ്പിൽ.
പിന്നെയൂർന്ന്
നെറ്റി തൊട്ട്
ശ്വാസം മണത്ത്
ചുണ്ടിലൂടെ 
വിരൽത്തുമ്പുകളിലേക്ക്.
ഒരു തുടത്തിൽനിന്നൊരു- 
തുള്ളി ജലം നനച്ച്
കണ്ണുകളടച്ചുപിടിച്ച് 
അതിന്റെ മഞ്ഞിച്ച ഞരമ്പുകളിൽ
ഞാൻ വായിക്കുന്നു,
ആരോ കോറിയിട്ട
എന്റെ പേരിന്റെ ആദ്യക്ഷരം..!

2022 ജനുവരി 2, ഞായറാഴ്‌ച

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
വഴിനോക്കിയിരുപ്പാണ്  
ജാലകം.

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ
വരിക
നറുനിലാമഞ്ചലിൽ
തൊടുക 
കിനാപ്പൊൻതൂവൽ 
നെറുകയിൽ.




2021 ഡിസംബർ 28, ചൊവ്വാഴ്ച

നീ കോറിയിട്ട 
കിനാവിന്റെ നഖപ്പാടുകൾ
കൊണ്ട് 
കറുത്തതാണ്
ഇരുട്ടിന്റെ കവിൾത്തടം.
ഹാ !
എന്തൊരിരുട്ടാണെന്റെയീ 
ഇരുട്ടിന്.


2021 ഡിസംബർ 27, തിങ്കളാഴ്‌ച

തിളമാറാത്ത 
കടലിന്റെ ഉപ്പുപാകം 
നോക്കാൻ  
പോയിരിക്കുന്നു സന്ധ്യ.
സാരിത്തുമ്പിൽ 
താക്കോലും കെട്ടിയിട്ട് 
അടുക്കളയ്ക്ക് കൂട്ടായ് 
കുളക്കടവിലേയ്ക്ക് 
ഞാനും.
വിരലിൽതൂങ്ങി കൂടെവന്ന് 
ഇളകിയ ഒതുക്കുകല്ലിനെ
മറിച്ചിട്ട്,
കൂടെവീണ്,
കുടഞ്ഞെണീറ്റ്,
വീണ്ടും 
ഒപ്പമെത്തിനിന്ന് കിതയ്ക്കുന്നു
കുഞ്ഞനിരുട്ട്.
കടുകു താളിച്ചതിന്റെ മണം 
ഊക്കോടെ ചെന്നുതട്ടി
ശ്വാസമെടുത്തത് 
വഴിയിൽ നിന്ന കുരയുടെ 
തെറിച്ചുവീണ മൂക്കിൽ.
ഞെട്ടിത്തരിച്ച്, 
അടർന്നുവീണപ്പാടെ 
ചിതറിത്തെറിച്ചു
ഉയരത്തിൽനിന്നൊരു 
ചില്ല.
പേടിക്കാതിരിക്കാൻ
ചുണ്ടിലൊരു മൂളിപ്പാട്ടും
കൊളുത്തിപ്പിടിച്ച്    
ഞങ്ങള് കൈകോർത്ത്
വേഗം കൂട്ടി.
കറന്നെടുത്ത 
ചൂടാറാത്ത പാലിന്റെ കുടവും 
ചുമന്നതാ  
നിലാവൊരുത്തി.
ചൂളം വിളിച്ച് 
കൽപ്പടവ് ചൂണ്ടി 
ഇത്തിരിനേരമെന്ന്
ഞാൻ.
അടുക്കള മുങ്ങിനിവർന്ന്  
തലതോർത്തുന്നതും കാത്ത് 
ഞാനുമവളും 
ഒഴുകിത്തീരാത്ത കഥകളിൽ 
കാലും നനച്ചങ്ങനെ.
തിടുക്കത്തിൽ
വിടർന്ന കാതുമായെത്തിയ
നക്ഷത്രത്തിന്റെ കൈക്കുമ്പിളിൽ
കിനാവൊരുക്കാൻ 
മഞ്ഞു കൊടുത്തയച്ചിരിക്കുന്നു 
നിറയെ പിച്ചകമൊട്ടുകൾ..!

2021 ഡിസംബർ 23, വ്യാഴാഴ്‌ച

കടലും ആകാശവും 
പോലെ
അവളും നീലയായ് 
വരയ്ക്കപ്പെട്ട്.....
മുഖം ചെരിച്ച്,
കരയോട് രഹസ്യമായെന്തോ 
പറഞ്ഞതുപോലെ. 
കാൽവിരലുകളിറക്കിവെച്ച്
പുഴയിലെന്തോ 
ബാക്കിവെച്ചതുപോലെ.

കിനാക്കൾ
മരവിച്ചതിന്റെ തിണർപ്പ്
കണ്ണുകൾക്കുമീതെ.
ചുണ്ടുകൾ വിട്ട് 
വേദന പിന്നിട്ടു പിന്നിട്ടൊരു  
വാക്ക്
മലമുകളിലെത്തി,
മഴയെത്തുന്നതുവരെ 
അഴിയാതിരിക്കാൻ  
മരപ്പൊത്ത് തേടുകയാവും.

തൊട്ടുനോക്കുന്നാരോ,
നീന്താനറിയാതെ
'ആഴമാകാനിറങ്ങിയവൾ'
എന്നൊരു വരി
ദീർഘമായ നിശ്വാസവും ചുമന്ന്  
പുഴ മുറിച്ചുകടന്ന്
മറഞ്ഞു പോകുന്നു.

വടക്കോട്ട് പാഞ്ഞുപോയ കാറ്റ്
ഒരിലയും നുള്ളി
തിരികെ വന്ന്
അവളെ കോരിയെടുത്ത്
തെക്കോട്ട് പറന്നുപോകുന്നു.

2021 ഡിസംബർ 22, ബുധനാഴ്‌ച

"എത്രയും പ്രിയപ്പെട്ടവളേ,"
പാതിരാവിൽ
കത്തു കിട്ടുമ്പോൾ 
പനിച്ചൂടിൽ വെന്തുപാകമായിരുന്നു.
വിറയ്ക്കുന്ന വിരലുകളിൽ
വിറതീണ്ടിയിട്ടില്ലാത്ത അക്ഷരങ്ങൾ.
"പൂർത്തിയായിരിക്കുന്നു,
നീ പറഞ്ഞതുപോലെ,എല്ലാം.
നക്ഷത്രങ്ങൾ വിരിയുന്നതും പൊഴിയുന്നതും
അടുത്തുകാണണമെന്ന മോഹം,
അങ്ങനൊരിടം,
നിനക്കേറെയിഷ്ടമാകും.
നാലു ജനാലകൾ,
ചുവരിനെ 
കണ്ണാടിയോ കലണ്ടറോ
ഘടികാരമോ കുത്തിനോവിച്ചിട്ടില്ല.
നിനക്ക് നിന്നിലേയ്ക്കെത്തിനോക്കാൻ
തെളിനീരുപാകിയ കിണർവട്ടം,
അതും നീ പറഞ്ഞിരുന്നു.
പിന്നെ................."
അടഞ്ഞുപോകുന്ന കണ്ണുകളിലേക്ക്
ഒഴുകിവരുന്ന വരികളിൽ
നിവർത്തിവെച്ചിരിക്കുന്ന 
ഇഷ്ടങ്ങളുടെ പട്ടിക.
അക്ഷരത്തെറ്റില്ലാത്ത 
അതിമനോഹരമായ കൈപ്പട,
ഒരിക്കൽമാത്രം പറഞ്ഞുകേട്ടതിൽ
ഒരു തരിപോലും 
ഊർന്നുപോകാത്ത ഓർമ്മ.  
പണിതീർത്തിരിക്കുന്നു,
എന്റെ ഒറ്റമുറി മേട.
സംശയമൊട്ടുമില്ല,
പഠിച്ച ക്ലാസ്സുകളിലെല്ലാം
ഒന്നാമനായിരിന്നിരിക്കുമിവൻ,
ദൈവം.



2021 ഡിസംബർ 15, ബുധനാഴ്‌ച

പൊട്ടിവീണ 
ഊഞ്ഞാലിന്
ആയം തുന്നുന്ന- 
റ്റുപോയ വിരലുകൾ.
പൊഴിഞ്ഞുവീണ 
നിഴലുകളിൽ 
നിവർന്നു നിൽക്കുന്നാകാശം.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതിയൂതി 
മണ്ണു കുടഞ്ഞുകളഞ്ഞ് 
കുരുക്കിടുന്നു കാറ്റ്.

2021 ഡിസംബർ 13, തിങ്കളാഴ്‌ച

സ്വന്തം 
കണ്ണുകളെപ്പോലും
വിശ്വസിക്കരുതെന്ന്.

കണ്ടതാ,
ആ വട്ട മുഖം.
ആരും കാണാതെ
മൂടി വെച്ചു.
ആദ്യം വീഞ്ഞപ്പെട്ടി 
പിന്നെ
ക്രമത്തിലോരോന്ന്.
എന്തു ചെയ്തിട്ടെന്താ.
ഭാരം കുറഞ്ഞുപോയോ-
ന്നോർത്ത്  
തട്ടിൻ പുറത്തൂന്ന്
പുളിയിട്ടു മിനുക്കാൻ
താഴേക്കെടുത്തു വെച്ച 
ഓട്ടുരുളിയും.

ഓ..
കറുമ്പിക്കു വിളിക്കാൻ 
കണ്ട നേരം.
വയ്ക്കോൽ വലിച്ചുവെച്ച്‌
പുറത്തുതട്ടി പുന്നാരിച്ച്‌
രണ്ടു കാലികൾക്ക്
ഒരുമിച്ചു കാടി കുടിക്കാൻ 
തികയുന്ന
ചരുവവുമെടുത്തു 
വന്നപ്പോഴേക്ക്
കാണാതായിരിക്ക്ണു.

ആരോ  
കൂട്ടിക്കൊണ്ടു പോയീന്ന് 
സാരിത്തുമ്പു വലിച്ചു പിടിച്ച്
പിറകേ സുന്ദരിപ്പൂച്ച.

ഉണക്കാനിടുന്ന
നെല്ലിനും കൊപ്രയ്ക്കും 
നിഴലു വിരിക്കാൻ 
മുടീം അഴിച്ചിട്ടു 
വരുമ്പൊഴൊക്കെ
പായ മടക്കി,
പത്തായപ്പുരയിൽ വെച്ച്, 
എത്ര ലോഹ്യത്തിലാരുന്നു
മുറ്റത്തെ പടിക്കെട്ടിൽ
ഞങ്ങള് 
മിണ്ടിപ്പറഞ്ഞിരിക്കാറ്.

കൊണ്ടുപോയതാ,
തലമുടിക്കുള്ളിലൊളിപ്പിച്ച്. 
പണ്ടാരോ പറഞ്ഞത്,
എത്ര നേരാ..!

2021 ഡിസംബർ 10, വെള്ളിയാഴ്‌ച

കളിക്കാൻ   
ആകാശത്തിന് 
പമ്പരമുണ്ടാക്കി,
കഴിക്കാൻ  
ഭൂമിക്ക് 
മണ്ണപ്പവും ചുട്ടുവെച്ച്,  
മുഖം നോക്കാൻ 
പുഴയിലിറങ്ങിയ  
നേരത്താണ്
പുഴയ്ക്ക് ദാഹിച്ചതും
അവൾ
എന്നെയങ്ങപ്പാടേ  
കോരിക്കുടിച്ചതും.
മുറ്റം നിറഞ്ഞ്
വെയിൽ പെറ്റുകൂട്ടിയ
നിഴൽക്കുഞ്ഞുങ്ങൾ,
അലിഞ്ഞു മായാൻ 
മഴയെത്തുന്നതും
കാത്തു കാത്ത്.
പൊള്ളുന്ന വെയിലുടുത്ത
നേരത്താവാം 
അമ്മയെന്നെ പെറ്റിട്ടത്,
അതുകൊണ്ടുതന്നെയാവാം 
തിരിച്ചറിയാനാവാത്ത വിധം
അത്രമേൽ
ഞാനുമിവരെപ്പോലെ
മണ്ണിലിങ്ങനെ.

2021 ഡിസംബർ 9, വ്യാഴാഴ്‌ച

സ്വപ്നമായ് 
നീ മായ്ച്ചുകളഞ്ഞത്,
കാണാത്തൊരിടമായിരുന്നു  
ഓർക്കുന്നില്ലെന്ന്    
പകലിനോടാണയിട്ട്  
ഇരുട്ടെന്നു പേരുവിളിച്ചത്.
മുറിഞ്ഞ രേഖകൊണ്ട്
ഞാനെന്റെ പുറംകൈയിൽ
പതിയെ നുള്ളിനോക്കുന്നു.



2021 ഡിസംബർ 3, വെള്ളിയാഴ്‌ച

അടുക്കളയിലെ
പല പല നിറങ്ങളിട്ടുവെച്ച
ചില്ലുഭരണികളിൽ,
മുറ്റത്തെ
നിറഞ്ഞുകവിയുന്ന
മണങ്ങളിൽ,
വെയിൽ 
ചുണ്ടു നനയ്ക്കുന്ന 
വിയർപ്പുതുള്ളികളിൽ,
നിരത്തിവെച്ച
വാക്കിന്റെ കൂട്ടങ്ങളിൽ,
കാറ്റൂയലാടുന്ന ജനാലക്കൊളുത്തുകളിൽ,
കാണുന്നില്ലയെന്നെ.
അത്രയും ഇഷ്ടത്തോടെ
നീ 
ഉമ്മവെച്ചുപോയ നെറ്റിയിൽ
തരിശായിക്കിടക്കുന്നു 
ഞാനെന്ന ഭൂമിക.


2021 ഡിസംബർ 1, ബുധനാഴ്‌ച

പലവട്ടം 
വരച്ചു മരിച്ചിട്ടും
ഒരു 'വട്ടം
വരയ്ക്കാൻ കഴിയാത്ത
ജീവിതം, 
ഇല്ലാതെപോയ  
വിരലുകൾ വിടർത്തി
പതിയെ
മറ്റാരും കേൾക്കാതെ
മരണത്തോട് ചോദിക്കുന്നു,
'ഞാൻ മരിച്ചാൽ നീ കരയുമോ?'

2021 നവംബർ 29, തിങ്കളാഴ്‌ച

നിൽപ്പ്,
അതേ നോട്ടം 
അതേ ഇടം 
അതേ കുപ്പായം
നീ.
കണ്ണിനുള്ളിൽ 
തിളങ്ങുന്ന സൂര്യൻ,
കരയുമ്പൊഴും
ചിരിക്കുമ്പൊഴും
മങ്ങാതെ
മറയാതെ
മങ്ങിയ വെളിച്ചത്തിലും.
തിരയടങ്ങാത്ത കടൽ
നെഞ്ചിനുമീതെ.
കൈ നീട്ടിയൊന്ന് 
പൊതിഞ്ഞുപിടിച്ചാലോ. 
ഞെട്ടറ്റുവീണ വാക്കുകൾ
അടക്കം ചെയ്തിട്ടെന്നപോലെ 
വിടരാത്ത ചുണ്ടുകൾ.
വിരൽനീട്ടിയൊന്ന് 
തൊട്ടുനോക്കാമായിരുന്നു.
നീയൊന്നനങ്ങിയോ.
ദേ,
ജനാലവിരി മാറ്റാൻ
ഇരുട്ട് വരുന്നുണ്ട് 
അവളോടൊരു കീറത്തുണി
ചോദിച്ചുവാങ്ങട്ടെ
ഈ നിലക്കണ്ണാടിയൊന്ന്
തുടച്ചുമിനുക്കണം.

2021 നവംബർ 28, ഞായറാഴ്‌ച

പുര 
കെട്ടി,മേഞ്ഞു,
മഞ്ഞു പൂത്തുകൊഴിയുന്ന  
മരത്തിനു താഴെ.
വരച്ചിട്ടു,
തെളിനീരിൽ മുക്കിയെടുത്ത് 
നീളത്തിലൊരു പുഴ.
കാററിന്,
വളളിനിറഞ്ഞ്
പൂക്കുന്നൊരൂഞ്ഞാൽ.
വിയർത്തുവരുമ്പോൾ
പിഞ്ഞാണം നിറയെ
ഊതിയാററിയ കഞ്ഞി,
പകലിന്.
വെളളത്തിനു പോയ
വെയിലിനും
തുണിപെറുക്കാൻ പോയ
മഴയ്ക്കും
തളർന്നു വരുന്നേരം
ചാഞ്ഞു മയങ്ങാൻ 
മെഴുകിയ മണ്ണിന്റെ വരാന്ത.
നൂർത്തിവിരിച്ചിട്ട പുൽപ്പായ
നിലാവിനും.
കത്തിച്ചു വെച്ച 
മിന്നാമിന്നിവെട്ടത്തിൽ
മുടിയുടക്കറുത്ത്
വാരിക്കെട്ടിവെച്ച്,
ഒററയ്ക്കിരുന്ന്
തീരാത്ത കഥയുടെ വിത്തുകൾ 
കുടഞ്ഞുപെറുക്കുന്നു  
നക്ഷത്രക്കമ്മലിട്ടൊരു
കറുത്ത പെണ്ണ്.

2021 നവംബർ 26, വെള്ളിയാഴ്‌ച

ഞാൻ
എന്ന വാക്ക്     
നീ
എന്ന പൊരുളിനെ       
അതിന്റെ 
ഉറവിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ.

2021 നവംബർ 23, ചൊവ്വാഴ്ച

സ്വപ്നങ്ങൾ നിർമ്മിക്കുന്ന
ഒരുവളിലേക്കായിരുന്നു 
അവസാനമായി 
ഞാനൊരു യാത്രപോയത്.

കാൽവിരൽ കുത്തി
അവൾ 
അനായാസമായി
കടലിനെ കരയാക്കി നടക്കും.
മേഘങ്ങളെ ആട്ടിൻപറ്റങ്ങളാക്കി
ആകാശച്ചെരുവിലൂടെ
മേച്ചുനടക്കുമ്പോൾ
അവളൊരു മാലാഖയെപ്പോലെ.

സ്വപ്നങ്ങളും പേറി
വരിവരിയായി നടന്നുപോകുന്ന
ഉറുമ്പുകൾക്ക്
അവൾ
ഈർക്കിൽതുമ്പുകൊണ്ട് വഴികാട്ടും.

നിലാവിനെ നിർമ്മിക്കാൻ
അവൾക്കൊരൊറ്റ പിച്ചകപ്പൂവിതൾ
ആ നേരത്ത് 
അവളുടെ വിരൽത്തുമ്പുകൾ
കൂടുതൽകൂടുതൽ നേർത്തുവരും
നിലാവതിൽ പറ്റിപ്പിടിച്ചിരിക്കും.

നനുനനുത്ത ഓർമ്മകളുടെ
ചൂട്ടും കത്തിച്ചുപിടിച്ച് 
അവൾ 
രാപ്പാലം കടക്കാനൊരുങ്ങുമ്പോൾ 
നക്ഷത്രങ്ങളൊരുമിച്ചുകൂടിനിന്ന്
കണ്ണുചിമ്മും.

തിരികെപ്പോരാനൊരുങ്ങി,
ചിരിക്കുന്ന സൂര്യനെക്കെട്ടിയ
പൊട്ടാത്ത ചരട് 
അവളെന്റെനേർക്ക് നീട്ടി
എന്റെ വിരൽത്തുമ്പിലിരുന്ന്
അവൻ ചില്ലകൾക്കു മുകളിലൂടെ
പച്ചയിലകളെയുരുമ്മിയുരുമ്മി പറന്നുനടക്കുന്നതും
ഇരുട്ടുപരക്കുന്നതിനു മുമ്പ്
എന്റെ തലമുടിച്ചാർത്തിനുള്ളിൽ
ഓടിവന്നൊളിക്കുന്നതും
ഞാനൊന്നു കണ്ടു, കണ്ണുകളടച്ച്.

താഴേക്കിറങ്ങിനിന്ന്
ചരടു പിടിക്കുന്ന നേരത്ത്
എന്റെ വിരൽത്തുമ്പുകളും
അവളുടേതുപോലെ നേർത്തുനേർത്ത്..!

2021 നവംബർ 20, ശനിയാഴ്‌ച

ഉടലഴിച്ച്
വെട്ടം പുരട്ടി
'നിറമേത് നാളെ...'
നഖം കടിച്ച്
കാൽവിരൽ തൊട്ട്
വട്ടം വരയ്ക്കുന്നു ഭൂമി.
'കടുത്ത പച്ചയിൽ
വിളഞ്ഞ മഞ്ഞ'
പുതപ്പു മാറ്റി
കുടഞ്ഞെണീറ്റ്
ചിരിച്ചു മായുന്നു മഞ്ഞ്.

2021 നവംബർ 17, ബുധനാഴ്‌ച

തിളച്ച്
തൂവിയെങ്കിൽ
ഒരു വറ്റുകൊണ്ട്
വയർ നിറഞ്ഞേനെ.

കനലില്ലാത്ത നാവ് 
ഒതുക്കിപ്പിടിച്ച്
കനമുള്ളൊരു
നോവടുപ്പ്.
 
ചുവരിൽ തട്ടി 
തലയിടിച്ചുവീണ്
കിതപ്പാറ്റുന്ന കാറ്റ്.

കമിഴ്ന്നുറങ്ങുന്ന
കലത്തിന്റെ
വായറ്റത്തിന് 
ചിലയ്ക്കാനാവില്ലെന്ന്
വാലുമുറിച്ചിട്ട്
ഉത്തരത്തിലൊരു പല്ലി.

കഥ കേൾക്കാൻ
ഒരുറക്കവും
വാശിപിടിക്കുന്നില്ലെന്ന്
ഒറ്റയ്ക്കിരുന്നു
കണ്ണു തുടച്ച്
വായന മതിയാക്കുന്നു,
കരിഞ്ഞ മണമുള്ള രാത്രി.

2021 നവംബർ 16, ചൊവ്വാഴ്ച

ഓർമ്മയുടെ
ഒരു കണമിപ്പൊഴും
വറ്റാതിരിക്കുന്നതു-
കൊണ്ടാവാം
പകലറുതി വരയ്ക്കുന്ന
സൂചികളുടെയറ്റത്തു നിന്ന്
സെക്കൻഡിന്റെ മുനകൊണ്ട്
നീയെന്നെ തൊട്ടു വിളിച്ച്
കടന്നു പോകുന്നത്.

അതുകൊണ്ട്,
അതുകൊണ്ടു മാത്രമാണ്'
വിചിത്രമായൊരു ചിത്രമായ്
ഞാനെന്നെ വരഞ്ഞ് 
ഇരുളൊച്ചയുടെ മൂശയിൽ
മിനുക്കിയെടുത്ത്
നാളെയെന്നു വെളിച്ചപ്പെടുന്നത്.!

2021 നവംബർ 9, ചൊവ്വാഴ്ച

നിറഞ്ഞു നിറഞ്ഞ്
കടലാകുമ്പോൾ,
മുന്നിലുള്ളതൊക്കെ
മാഞ്ഞുപോകുമ്പോൾ
വിരല് മടക്കി മടക്കി 
തിരകളെയെണ്ണാൻ തുടങ്ങും.
തെറ്റിപ്പോയി തെറ്റീപ്പോയീന്ന്
ആർത്തുചിരിച്ചവർ 
കര നനച്ചിറങ്ങിപ്പോകും.
വിരല് കുഴയുമ്പോൾ 
കടല് കാണാത്തൊരുവൾ
മുകളീന്നിറങ്ങിവരും
ഒക്കത്തും
മുന്നിലും പിറകിലുമായി 
മുലകുടി മാറാത്തവരും  
ഇത്തിരി വളർന്നവരും  
കുറേപ്പേർ.
കണ്ണെഴുതാൻ  
ഓരോരുത്തരെയായി
മുന്നിലേക്ക് നിർത്തിത്തരും 
മഷിച്ചെപ്പ് തുറക്കുമ്പൊഴേക്കും 
ഇമ്മിണി വെട്ടത്തിൽ
മാഞ്ഞുപോയതൊക്കെ
തെളിഞ്ഞുവരും.
കടല് വറ്റും.


2021 നവംബർ 7, ഞായറാഴ്‌ച

ഇരുട്ടിന്റെ
പിഞ്ഞാണത്തിൽനിന്ന്
തെറിച്ചുവീഴുന്നു 
വറ്റുകളായ് 
നക്ഷത്രങ്ങൾ.
വിശപ്പ് വിശപ്പെന്ന്,
കുമ്പിളുമായ് 
പിടഞ്ഞെഴുന്നേൽക്കുന്നു
സന്ധ്യയോളം തളർന്ന്, 
മയങ്ങിവീണ കിനാവുകൾ.


2021 നവംബർ 3, ബുധനാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

2021 നവംബർ 2, ചൊവ്വാഴ്ച

പച്ചയായൊരു
പെരും നോവിനെ    
മടിയിലുറക്കി    
മരവിച്ചിരിക്കെ 
ഇടനെഞ്ചിലൊരു 
പുഴകുത്തുന്ന 
വണ്ടേ,
രഥവേഗം
മുറിയുന്ന വഴിയിൽ 
വിരലായ് മുളയ്ക്കുമെന്ന്   
തുളുമ്പിനിറയുന്നു 
ആഴത്തിലിരുന്നൊരു 
വാക്കിന്റെ വട്ടം.
വരാന്തയിൽ 
ചുരുണ്ടുകൂടിക്കിടക്കുന്നു 
വിശന്നു വലഞ്ഞ  
വെയിൽ,
പാളിനോക്കുന്ന കാറ്റിന്റെ 
പതിഞ്ഞ മുരടനക്കം,
അടർന്നുവീഴുന്ന
മഞ്ഞച്ച ആകാശങ്ങളുടെ
പതിഞ്ഞ തേങ്ങൽ,
എന്നോ മറഞ്ഞുപോയ 
കാലടികളിൽ തട്ടി
കമഴ്ന്നുകിടക്കുന്നു മുറ്റം,
വിരൽത്തുമ്പുകൊണ്ട് 
തൊട്ടടുക്കാൻ പോലുമാ-
വാത്തവിധം
മാഞ്ഞുപോയിരിക്കുന്നു
വീടിന്റെ നിഴൽ.

2021 ഒക്‌ടോബർ 31, ഞായറാഴ്‌ച

 
ആഴമാകാൻ 
നേർത്തുനേർത്ത് 
പടരുന്നതും 
ആകാശമാകാൻ  
ഉയരമറിയാതെ    
പറക്കുന്നതും  
നീയെന്നെ 
ചേർത്തുപിടിക്കു-
മെന്നുറപ്പുള്ളതുകൊണ്ടു-
മാത്രമാണ്,
ഒരു പച്ചത്തഴപ്പിനെ
മണ്ണെന്നപോലെ.

2021 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ബധിരമാണ്
നിന്റെ 
രാപകലുകളെങ്കിൽ,
എനിക്കെന്തിനാണൊച്ച...
മൂകയായിരിക്കണമൊരു-
ശംഖിനുള്ളിൽ,
നീ ഊതിയെന്നെയൊരു- 
നാദമാക്കുംവരെ.

2021 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ദിനക്കുറിപ്പുകളിൽ
എന്നും കോറിയിടുന്നത്
'ഇരുട്ട്'.
മേശമേലെടുത്തുവെക്കുന്ന
ഇരുട്ടു നിറച്ച മൺഭരണി,
ചുവരിൽ ചാരിവെക്കുന്ന
ഇരുട്ടിൽനിന്നിരുട്ടിലേക്കുള്ള
ഗോവണി,
കോർത്തുപിടിച്ചു കയറാൻ 
ഇരുട്ടിന്റെ വിരലുകൾ, 
പൊത്തുകളിൽ നിന്ന്
കിനാക്കൾ ചിറകു കുടഞ്ഞ് 
പറന്നുയരുന്നതിന്റെയൊച്ചകൾ.
നക്ഷത്രങ്ങൾ 
ഗർഭത്തിനുള്ളിലിരിക്കുന്ന 
രാജ്യം,
ഇരുട്ട് പൂക്കുമിടം 
ഹാ ! ഇതെന്റെ രാജ്യം,
ഇരുട്ടിന്റെയും.

2021 ഒക്‌ടോബർ 27, ബുധനാഴ്‌ച

മുറിയാത്ത വാക്കും 
പൊട്ടാത്ത നേരും 
ചുറ്റിമുറുക്കി 
എത്ര വെണ്മയോടെയാണ്
ആഴത്തിലാണ്ടുപോയ 
ഞാനെന്ന ഭാരത്തെ
നീ നിന്റെ വിരൽത്തുമ്പിലെ
അപ്പൂപ്പൻതാടിയാക്കുന്നത്,
ഉൾക്കരുത്തുള്ളൊരു
ഖലാസിയെപ്പോലെ.

2021 ഒക്‌ടോബർ 26, ചൊവ്വാഴ്ച

നക്ഷത്രങ്ങളുടെ 
വിരൽത്തുമ്പ്  
തിരയുന്നുച്ചവെയിൽ.
ഒരു പകലിനെ
ഉരുക്കിയെടുത്താൽ
സൗരയൂഥങ്ങൾ
എത്രയെണ്ണം 
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്നൂ-
തിച്ചുവക്കുന്നു
ഒറ്റയ്ക്കിരുന്നൊരാല.
ഇരുട്ടു പൂക്കുന്നിടത്ത് 
കനൽപെറ്റു-
പെറ്റുതിരുമെന്ന് 
മണ്ണടരുകൾ വകഞ്ഞ്  
കാറ്റിന്റെയൊച്ച.

കാറ്റെടുത്ത്
പിന്നെ മഴയെടുത്ത്,
പുക മൂടിമൂടി 
കറുത്തത്.
വായിച്ചെടുത്തില്ല
ജനാലകൾ,
യാത്രയിലൊരിക്കലും.
ആകാശമെടുത്ത്   
കടലു മുക്കി
ഭൂമിയോളമുരുട്ടിയെഴുതി 
കിനാവ് നാട്ടിവെച്ച    
പിളരാത്ത പലക.

2021 ഒക്‌ടോബർ 19, ചൊവ്വാഴ്ച


പിന്നിലേ- 
ക്കോടിമറയുന്ന  
വഴിപ്പച്ചകളുടെ 
കാതിലെ കൂടു'കളിൽ 
ഒളിപ്പിച്ചുവെക്കും   
കരിനീലക്കല്ലുകൾ.
ഇടയ്ക്കിടെ       
നിലാവും കത്തിച്ചു-
പിടിച്ചൊരു നടപ്പാണ്.
ഒരെണ്ണവും 
കളവുപോയിട്ടില്ലാ-
യെന്നുറപ്പുവരുത്താൻ.
പുലർച്ചക്ക്  
കാതുകുത്താനെത്തും
മഞ്ഞ്.
ഇത് 
ആകാശമെന്നും
ഇത് 
കടലെന്നും
ഒന്നൊന്നായ്  
പതിച്ചുവെച്ച്,  
അവൾക്കു കൊടുക്കണം 
ചന്തം തികഞ്ഞ 
പതിനാലലിക്കത്തുകൾ.

2021 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കടലേ,
തിരയെന്നെഴുതുന്നേരം 
നിനക്കെന്തിനാണിത്രയുമൊച്ച. 

കേൾക്കാം,
തിരകൾക്കുമുകളിലൂടെ 
ഒരുവൾ നടന്നുപോയതിന്റെ, 
മരുന്നുമണമുള്ള ഉടൽ  
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു 
പുര കെട്ടി മേഞ്ഞതിന്റെ, 
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര് 
ഇടയ്ക്കിടെയങ്ങനെ 
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.

കാണാനാവും,
എന്നെ പെറ്റ ആ വയറിലെ 
നോവിന്റെ  
മായാത്ത അടയാളം.
 
ഉറക്കെ
വിളിക്കണമെന്നുണ്ട്  
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന 
ആ പേര്.

ഇപ്പോഴുമുണ്ട് 
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട 
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.

ഞാനിതുവരെ  
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം 
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച് 
കണ്ണിലൊരു കാട് വളർത്തുന്നവളെ.

(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)
 







2021 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക്
ഒരക്ഷരമാകുന്ന 
നേരങ്ങളിലാണ്
പേറ്റുനോവിനോടൊപ്പം 
കുടിയിറക്കപ്പെട്ട എന്റെ പേരിനെ
രണ്ടായി പകുത്ത് മുലയൂട്ടുക.
ഒറ്റ ശ്വാസം കൊണ്ട് 
പലയാവർത്തി വിളിക്കുക,
കൺവെട്ടത്തിൽ നിന്ന്
മറഞ്ഞുനിൽക്കുന്ന കുഞ്ഞിനെ-
യെന്നതു പോലെ.
ഉമ്മറത്തിരുന്നാൽ കാണാം
വീട് നട്ടു പിടിപ്പിച്ച
രണ്ടു മരങ്ങൾ തളിർത്തും പൂത്തും
തല നിറഞ്ഞ്, 
നിറങ്ങളുതിർത്തിട്ടങ്ങനെ.
വിരലോടിച്ചു നോക്കും
തലയിലൊന്നും തടയില്ല, 
നുള്ളിയെടുക്കാനൊരീരു പോലും.

2021 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

 
മെല്ലെ ചിറകനക്കി,
അടയിരിക്കുമാകാശത്തെ 
തൊട്ടുവിളിച്ച്
തിരിതാഴ്ത്തിവെച്ചൂ-
ന്നൊരു പേച്ച്.

വട്ടം കറങ്ങുന്ന 
നിലാക്കുരുന്നിനെ
വാരിയെടുത്ത് 
തലതോർത്തിയൊരുക്കി
തേനും വയമ്പും
പിന്നെ 
നുണയാനൊരീണവും
കൊടുത്തിട്ടുവേണം
രാവിന്റെ മാറിൽ
കൺപീലികൾകൊണ്ടെ-
നിക്കൊരു ചിത്രം വരയ്ക്കാൻ.

2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഒരേയൊ-
രാകാശമെന്ന് 
ഒരിലയിൽ പകുത്ത്
നിഴൽ വിരിച്ചിട്ട് 
പാട്ട് വിളമ്പി 
ഒരേ ചിറകെന്ന് 
തൂവൽ മിനുക്കി  
കേൾക്കാത്ത കഥയിൽ
ഉറക്കം പുതച്ച് 
ഞാൻ നീയാകുന്നു 
നീയതിന്റെ പച്ചയും.

2021 ഒക്‌ടോബർ 6, ബുധനാഴ്‌ച

ആദ്യക്ഷരം  
ഒരു തൂവൽപോലെ
മിനുക്കിയെടുത്താണ്   
നീയെന്നെയെന്നും  
നീട്ടി വിളിക്കാറ്.

മിച്ചം വരുന്നതെടുത്ത് 
അടുക്കളയിലെ
ഉപ്പുഭരണിക്കും
പിന്നെ 
കൈയെത്തിപ്പിടിച്ച്
ഉറിക്കുമായി 
വീതിച്ചു കൊടുത്ത്   
ഞാനതിനൊപ്പം പറന്ന് 
ആകാശം കാക്കുന്നൊരു  
കിളിയാകും
നീന്തിത്തുടിക്കും.

മഴ 'കൊണ്ടും
വെയിൽ 'നനഞ്ഞും
ഉയരത്തിലുയരത്തിൽ.

പറന്നിറങ്ങി 
പാതിരായ്ക്കുറങ്ങാൻ 
പായവിരിക്കുന്ന നേരത്താണ് 
അക്ഷരങ്ങളൊന്നായ് ചേർന്ന് 
എന്റെ പേരിലേക്കിറങ്ങിക്കിടക്കുക.

2021 ഒക്‌ടോബർ 5, ചൊവ്വാഴ്ച

ചുറ്റിനും,
കാറിത്തെളിയുന്ന
ചീവീടുകൾ.
തോരാനിട്ട 
ഇരുൾമണികൾ
മുറ്റം നിറയെ.
നനുത്ത കാറ്റിന്റെ 
തുഞ്ചത്തിരുന്ന്,  
നേർത്തവിരലാൽ   
വെളിച്ചത്തിന്റെ തരികൾ 
വിതറിയിടുന്നാരോ..!
ഒരു..........
ഒരു തൂവൽക്കിനാവുപോലെ.


2021 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

 
മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം
പാട്ടിന്റെ ഒരു വരിശ
കൊറിക്കാൻ
ഒരു കടലമണി
നനയാൻ ഒരു തിര
അലിയാൻ ഒരു വാക്ക് 
ഹാ !
എന്തൊരിരമ്പം
മണ്ണ് പൂത്തുലയുന്നതാവാം !!!

2021 സെപ്റ്റംബർ 30, വ്യാഴാഴ്‌ച



വെളിച്ചം
വെളിച്ചമെന്ന് 
പാതിപാടിയൊരീണം
കുടഞ്ഞിട്ട് 
മുടികെട്ടിവെച്ച് 
മഷിയെഴുത്ത് മായ്ക്കുന്നു  
കറുത്ത മേഘങ്ങൾ.




2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

പൊട്ടിച്ചിതറി
വീണുകിടക്കുന്നു 
വാതിൽപ്പടിയിൽ
നിലാവിന്റെ ചില്ലുകൾ.
മുറിഞ്ഞ കാറ്റിന്റെ 
അടക്കിയ തേങ്ങൽ.
നനഞ്ഞ രാവിന്റെ  
കീറിയ കുപ്പായം
തുന്നിക്കൂട്ടി 
വീണ്ടും തുന്നിക്കൂട്ടി 
പാടിത്തളരുന്നു  
രാക്കിളികൾ.




2021 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ജനാലയിൽ
വെളിച്ചത്തിന് 
വാതിലുകൾ
വരയ്ക്കുന്നു 
വെയിൽ,
തോരാതെ.
പുകയുണങ്ങിയ 
കറുപ്പിൽ
തെളിഞ്ഞുവരുന്നു   
ഇത്തിരിപ്പോന്ന 
ഒരു വര. 
കിനാവു തൊട്ട് 
ഉടൽ മിനുക്കുന്നു
ചുവരുകൾ
മായാതെ.


2021 സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിരിച്ചും
പിന്നെ കരഞ്ഞും
പരസ്പരമറിയില്ലെന്ന്
മൗനം പുതച്ച്
വാചാലരായവരുടെ
ഉറങ്ങാനറിയാത്ത
വീടുകൾ.

പല പല
തരംഗാവൃത്തികളിൽ
പലരായ്
പലതായ് വിളിക്കപ്പെട്ട
ചുവരെഴുത്തുകൾ
പതിഞ്ഞ
ദേശവഴികൾ.

ചുണ്ടുകളും
നഖങ്ങളും 
ആഴ്ന്നാഴ്ന്നിറങ്ങി 
ചിറകറ്റുവീഴുന്ന
ഇരവുപകലറുതികൾ.

കനലെരിയുന്ന 
മണ്ണായ്  
എഴുതപ്പെടുന്നു,
ഒരേ ലിപിയിൽ 
ഞാനും നീയുമിരുന്ന
നമ്മളെന്ന രാജ്യം.

2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഇരുട്ടിനെ 
എഴുതുമ്പൊഴും 
കനലു പോൽ 
അത്രമേൽ  
ചുവക്കുന്നെന്റെ
വിരലുകൾ.
നീയെന്നെഴുതുമ്പൊഴും
തളിർക്കുന്നു
പച്ച ഞരമ്പുകൾ
ഉയിരറ്റയിലകളിൽ.



2021 സെപ്റ്റംബർ 16, വ്യാഴാഴ്‌ച


''വിശക്കുന്നു....
നീ വിയർക്കുന്ന     
പെരുംനുണ.
നിന്റെ അത്താഴത്തിന്   
കറിക്കൂട്ടൊരുക്കെ,
ചെമന്നതാണ് 
നിലാവേ,
എന്റെ രാത്രിയുടെ 
നേർത്ത വിരലുകൾ.

2021 സെപ്റ്റംബർ 14, ചൊവ്വാഴ്ച

കുഴികുത്തി 
മൂടിയിട്ടിരുന്ന   
വെയിലിന്റെയൊരു 
കഷണം
ചികഞ്ഞെടുത്ത്
ചുവരിനൊരു ജനാല 
വരച്ച്.
ഇരുട്ടെത്തും,
ജനലഴികൾക്ക് 
ചായം പുരട്ടാൻ.
വെട്ടം പിടിച്ച്  
കൂട്ടിനിരിക്കുന്ന 
നിലാവിനും കൊടുക്കണം
കോരിവെച്ചിരുന്ന    
കുറുകിയ കിനാവിന്റെ
ഒരു നുള്ളു മധുരം.

2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഒരിടവഴിയോ
ഒരു ചെറുതണലോ 
കാത്തുനിൽക്കാനില്ലാത്ത 
കനൽയാത്ര.

ബോഗിക്കുള്ളിൽ
അടക്കംചെയ്യപ്പെട്ട
നിശ്വാസളുടേതുപോലെ 
പുറത്ത്
ചിറകുമടക്കിയ കാറ്റ്.

ഉത്തരത്തിന്
കാത്തുനിൽക്കാതെ,
കാൽകുഴഞ്ഞു വീഴുമെന്ന
ഉറപ്പിന്മേൽ  
വലിച്ചെറിയപ്പെട്ട ചോദ്യങ്ങളുടെ 
അണയാത്ത
ചിത.

വെന്തുനീറുന്നു  
ഞാൻ കോർത്തൊരുക്കിയ 
വാക്കിന്റെ പച്ച.


2021 ജൂലൈ 18, ഞായറാഴ്‌ച


ശേഷം , അവൾ
മണ്ണിനു മുകളിലൊരു
റോസാപ്പൂവ് കുത്തിനിർത്തി

ചുവന്ന തിരുവസ്ത്രത്തിൽനിന്ന്

പുറത്തുകടക്കുന്നു.

ആകാശം ഉണങ്ങാനിട്ട,
രാത്രിയുടെ കടുംനിറത്തിലുള്ള
കുപ്പായങ്ങളിലൊന്ന്

പാകം നോക്കി 

എടുത്തണിയുന്നു.
കടവും തോണിയും

ദിക്കറിയാതെ 
ഒരുമിച്ചുതുഴഞ്ഞുപോയ
ജലമറ്റ പുഴയുടെ
നെഞ്ചിലേയ്ക്കു നടന്നിറങ്ങി 
അവൾ രണ്ടായി പിളർന്ന്
ഒഴുകാൻ തുടങ്ങുന്നു.


2021 ജൂൺ 19, ശനിയാഴ്‌ച

വാക്കിൽ-
നിന്നക്ഷരങ്ങൾ 
വീണുടയുന്നതിന്റെ
ഒച്ച.
ചുണ്ടു വിട്ടൊരു ചിരി
താഴെവീണ്
പൊട്ടി ചിതറി 
മാഞ്ഞുപോകുന്നതുപോലെ.   
ചിറകായ് മുളയ്ക്കുന്ന 
വാക്കേ, 
ഞാനാ വേഗത്തിന്റെ
നിഴൽ മാഞ്ഞൊടുങ്ങിയ 
കറുത്ത മണ്ണ്.


2021 ജൂൺ 17, വ്യാഴാഴ്‌ച

അയയിൽ 
തൂക്കിയിട്ടിരിക്കുന്ന  
കുപ്പായങ്ങളിൽ
ഇരുട്ട് തുന്നിയെടുത്ത 
കടുത്ത നിറത്തിലേത്,
കാറ്റിന്റെ വിരൽ വിടുവിച്ച് 
അവളെനിക്കു നീട്ടുന്നു.
വെയിൽ 
കുത്തിക്കീറിയ മാറിടം
ഞാനെന്റെ കൈകൾ  
വിടർത്തി
മറച്ചു പിടിക്കുന്നു.
കിളിയിരുന്ന ചില്ലകളിൽ
ആരോ കൊളുത്തിയ   
തിരികളുടെ
ചുവന്ന പൊട്ടുപോലുള്ള
തിരുശേഷിപ്പുകൾ.
തിരിഞ്ഞു നോക്കാതെ
നടക്കണമെന്നവൾ.
പേരു വിളിക്കുമ്പോൾ
മറന്നുപോകാതിരിക്കാൻ
ഞാനെന്റെ പേര്
ചുവടുകളിലെണ്ണിയെണ്ണി  
രാവിലും കറുത്തൊരു 
രാവായ്.......


 



2021 ജൂൺ 10, വ്യാഴാഴ്‌ച

തൊട്ടുനോക്കി,
മഞ്ഞിന്റെ തണുപ്പ്.
വിരലുകൾ വിരലുകളെന്ന്
ചിതറിയോടിയും     
വന്നും പോയും 
ഇടയിലൊരിത്തിരിനേരം 
നിന്നും 
വഴി പിരിഞ്ഞും  
വരിയാകുന്നുറുമ്പുകൾ. 
പിടഞ്ഞെഴുന്നേൽക്കുന്നു
കാറ്റ്. 
നാടാകെ   
ചൂടോടെ വിളമ്പാൻ 
ഉറക്കച്ചടവോടെ 
താള് തിരഞ്ഞ്.
അതിലതിവേഗം
എടുത്തുവെയ്ക്കുന്നു,
അങ്ങോട്ടിങ്ങോട്ട് 
ഉറുമ്പുകൾ
ഒച്ച താഴ്ത്തിയും
മൂക്കത്ത് വിരൽവെച്ചും 
വരയിട്ട് വരയിട്ട് 
കുറുകിയ ഒരു വരി  
'തീണ്ടിയത് കിനാവാണെന്ന്.'


അനന്തരം,  
മരണപ്പെട്ടവളുടെ  
വീടു തിരഞ്ഞ് 
നീ എത്തിയേക്കും.
വിരൽത്തുമ്പുകൊണ്ട്
പതിയെ തൊടണം, 
ആദ്യത്തെ തൂണിൽ.
ഒഴുകി വരും 
ഒരു പാട്ടിന്റെ നറുമണം 
പൊതിഞ്ഞെടുക്കണം
പൂവെന്നവണ്ണം
അടരാതെ.

രണ്ടാമത്തേതിൽ 
മിഴി തുറന്നുവരും
ഞാൻ പകർത്തിയ 
കാഴ്ചയുടെ തിരികൾ  
തൊട്ടെടുക്കണം 
മൺചെരാതെന്നവണ്ണം
അണയാതെ.

പതിയെ തൊടണം
അവസാനത്തേതിൽ 
പെയ്തിറങ്ങിവരും 
ഞാനെന്ന ഒറ്റവരി
കോരിയെടുക്കണം 
മഴയെന്നവണ്ണം 
തോരാതെ.   

തിരികെ നടക്കുന്നേരം 
മുറ്റത്തു ചിരിക്കുന്ന 
മുക്കുറ്റി 
നിന്നെ പേരുചൊല്ലി വിളിക്കും.
ഒരു നിമിഷം
നോക്കി,നിൽക്കണം
എന്നിട്ട്   
കാതുകളാകാൻ മറന്നുപോയ
കഥയെ കണ്ടെടുക്കാൻ 
വീണ്ടും വരുമെന്നവളോട്   
രഹസ്യമായൊരു   
കളവ് പറഞ്ഞേക്കണം.

2021 ജൂൺ 3, വ്യാഴാഴ്‌ച

 
ചിക്കിയും
തോർത്തിയും 
ഉണക്കാനിട്ടതാണ് 
മുറ്റം നിറയെ 
വെയിലിനെ.
ഒരു ഞൊടിയിട.!
വാരിയെടുത്തങ്ങ് 
കൊണ്ടുപോകുമ്പോൾ
മഴയ്ക്കോരായിരം 
വിരലുകൾ. 
നോക്കിയിരുപ്പിന്
കൂലിയായിട്ട് 
ഞാൻ 
നിനക്കൊരൂഞ്ഞാല  
കെട്ടിത്തന്നതാണല്ലോ  
കാറ്റേ..........



2021 ജൂൺ 2, ബുധനാഴ്‌ച

നന്നായ്   
മുറുക്കിപ്പിടിക്ക് 
എന്റെ  
വലംകൈയിൽ  
നിന്റെയാ വിരലുകൾ.
പെറുക്കിയെടുക്കണ-
മെനിക്കൊരു'വട്ടം'
എന്റെ 
കൈത്തണ്ട മുറിയുന്ന   
ചോരയിൽ നിന്ന്
സൂര്യന്റെ തിളക്കമുള്ള
ഉടയാത്ത വാക്കുകൾ.

 





2021 മേയ് 31, തിങ്കളാഴ്‌ച

രാവ്.....
നിലാചില്ലകൾ 
പെറുക്കിക്കൂട്ടിയിട്ട്  
തീ കായുന്നു.
ഇന്നലെ പെറ്റിട്ട 
നക്ഷത്രക്കുരുന്നിന് 
മുലകൊടുത്തുറക്കുന്നു
തുടുത്ത മേഘം.
ഇരുട്ടിനെയെത്ര 
കുടഞ്ഞിട്ടു നോക്കി,
എന്നിട്ടുമെന്നിട്ടും
കിനാവിനെയുടുപ്പിക്കാൻ  
മുറി വാക്കുപോലും
വീണു കിട്ടുന്നതേയില്ല. 
എനിക്കീ ഉറക്കത്തിന്റെ 
കുപ്പായമഴിച്ചുകൊടുക്കണം,
എന്നിട്ടു വേണം 
ഇരുട്ടറുതിക്ക് കനല് കൂട്ടാൻ.




2021 മേയ് 26, ബുധനാഴ്‌ച

എത്ര 
ചടുലമായ
മൗനത്തിലൂടെയാണ്
നീയെന്റെ വാക്കിൻകൂട്ടത്തെ 
ഒരൊറ്റ ചുവടുകൊണ്ട്
മുറിച്ചുകടക്കുന്നത്,
സമർത്ഥനായൊരു
മായാജാലക്കാരനെപ്പോലെ.!

'നാളെയെ
പണിയാനിടയില്ലാത്ത
നിന്റെ വിരലുകൾക്കെന്തിനൊരു
പാലമെ'ന്ന്
നീ മധുരമായെന്നോട്
പറഞ്ഞുപോകുന്നതു പോലെ.



2021 മേയ് 22, ശനിയാഴ്‌ച

ചോന്നിട്ടാണ് 
നീ വിരൽത്തുമ്പു തന്ന
ആ നാട്ടുവഴി,
അത്രയും 
വിയർത്തിട്ടില്ലിന്നേവരെ
ഒരു വാകയും.
 
പൊഴിയുന്നുണ്ട് 
നനുനനേയിന്നും 
നീ മൂളി നടന്ന പാട്ടിലെ  
ആ വരികൾ,
അത്രയും 
നനഞ്ഞിട്ടില്ലിന്നേവരെ
ഒരു മഴയും.

2021 മേയ് 5, ബുധനാഴ്‌ച


മൂക്ക് 
പിഴിഞ്ഞെറിഞ്ഞ്  
മുഖംവീർപ്പിക്കുന്നു   
നിലം മെഴുകി 
തളർന്ന നിലാവ്.
വരാതിരിക്കുന്ന-
തെങ്ങനെ 
മലയിറങ്ങിയിറങ്ങിയവൻ.    
കുപ്പായക്കീശയിൽ
ഒരു പൊതി കുപ്പിവളകൾ
കരുതാതിരിക്കുന്ന-
തെങ്ങനെ.
നീട്ടിയൊന്നു തുപ്പി   
ചൊക ചൊകേ  
ചോന്ന ചുണ്ട് 
തോർത്താതിരിക്കുന്ന-
തെങ്ങനെ. 
തലക്കെട്ടു കുടഞ്ഞ്  
ചേർത്തുപിടിച്ച്        
മെഴുക്കു തിരളുന്ന   
കൈകളിലേയ്ക്ക്       
തിരുകിവെയ്ക്കാതിരിക്കുന്ന-
തെങ്ങനെ, 
വിരിഞ്ഞ മഞ്ഞിന്റെ 
മൂക്കുത്തി.



2021 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ഉദയം
അസ്തമയം
നീ 
ഒരേ വിരലുകളാലത്  
തിരിച്ചും മറിച്ചും 
എഴുതിവെക്കുമ്പോൾ 
'എന്റെ ആകാശമേ'യെന്ന  
ഒറ്റ വായനയിൽ 
ചുവക്കുന്നെന്റെ ചുണ്ടുകൾ.  
.

2021 ജനുവരി 31, ഞായറാഴ്‌ച

നോവിന്റെ 
വേനൽച്ചൂടാൽ   
പൊള്ളുന്നു കിനാപ്പാടം.
കരിഞ്ഞേ പോയ്,    
പാറ്റി കൂട്ടിവെച്ച    
വാക്കിൻ മണിവിത്തുകൾ.
ഇല്ലൊരു നിലാമുറ്റം  
മൂളാനൊരു പഴംപാട്ടും.
ഒരുക്കുന്നു ശവമഞ്ചം
രാവിൻ നേർത്ത വിരലുകൾ.

2021 ജനുവരി 27, ബുധനാഴ്‌ച

വെയില് 
മോന്തിക്കുടിച്ച്
ബാക്കിവെച്ചിട്ടുപോയ   
തിണ്ണയിലെ തണുപ്പ്. 
നീട്ടിച്ചുമച്ചു തുപ്പിയ 
ഓർമ്മച്ചുവപ്പുകൾ. 
വിയർത്തൊലിച്ച പാടവുമായ്
ഒതുക്കുകല്ലുകൾ കയറി,
പൊട്ടിയ നഖത്തിലൂടെ
ചോരയുമൊലിപ്പിച്ച്
കിതച്ചെത്തുമിപ്പോൾ കാറ്റ്.
വിളയിച്ചുവെയ്ക്കണം
കഴിക്കാൻ ഒരു കിണ്ണമവലും
ഊതിക്കുടിക്കാൻ
ഒരു പാത്രം ചുക്കുകാപ്പിയും.



2021 ജനുവരി 25, തിങ്കളാഴ്‌ച

നിലാവുദിച്ച നേരം
പാട്ടിന്റെ തിരി താഴ്ത്തി
കിനാവേ,
നീ ഉറങ്ങാൻ കിടന്ന മാത്രയിൽ 
കെടുത്തിയതാണ് ഞാനെന്നെ.

2021 ജനുവരി 19, ചൊവ്വാഴ്ച

ഒരൊറ്റ 
വാക്കിന്റെ  
പീലികൾ വിടർത്തി     
ചിക്കിയുണക്കുന്നു 
നീയെന്റെ     
നനഞ്ഞ പകലിൻ 
കവിൾത്തടം.
പൂക്കുന്നു 
ഒരൊറ്റ ഉമ്മയാൽ
വിടർന്ന് 
നിലാവ് ചൂടുന്ന  
രാവു പോൽ ഞാൻ.









2020 ഡിസംബർ 26, ശനിയാഴ്‌ച


 
വെറുതേ 
നുള്ളിനോക്കും 
കേൾക്കാം,
വേദനിക്കുന്നല്ലോയെന്ന് 
പതിയെ ഒരു മൂളൽ. 
തിണർത്തു വരും
ഒടുങ്ങാത്ത 
മരണങ്ങളുടെ പൊക്കിൾ-
ക്കൊടികൾ.
ജനലഴികളിലൂടെ 
ഇഴഞ്ഞിഴഞ്ഞെത്തും, 
പറന്നു പോയ കാറ്റിന്റെ 
ചിറകടിയൊച്ചയിൽ
പേടിച്ചരണ്ട് 
ചില്ലയിലമർന്നിരിക്കുന്ന     
തൂവൽ ഞരക്കങ്ങൾ.
ഞാനവളെ 
പൊതിഞ്ഞു പിടിക്കും,
പനിച്ചൂടു കൊണ്ട് 
വിറയ്ക്കുന്ന കുഞ്ഞിനെ 
എന്നതു പോലെ.
എന്നിട്ട് 
വിരൽത്തുമ്പിൽ 
പറ്റിപ്പിടിച്ചിരിക്കുന്ന
ഇത്തിരിപ്പോന്ന 
വെളിച്ചത്തിന്റെ പൊട്ടുകൾ 
അടർത്തിയെടുത്ത്
അകം മിനുക്കിക്കൊടുക്കും.
നിറവയറും താങ്ങി
ചാഞ്ഞു ചരിഞ്ഞിരുന്ന് 
നിലാവിന്റെ തൂണിൽ  
കിനാവു തൊട്ട് 
അവൾ  
വീണ്ടും   
വരയ്ക്കാൻ തുടങ്ങും      
പകലിനു മായ്ച്ചു കളിക്കാൻ 
മുറിഞ്ഞ-
വിരലു കൊണ്ടൊരു നഖചിത്രം.




2020 ഡിസംബർ 10, വ്യാഴാഴ്‌ച

വരിയാകാതെ
ചിതറിയ വാക്കുകളെ
മഞ്ഞിച്ച താളിലേക്ക്
ഒതുക്കിക്കിടത്തി 
പതിയെ 
സ്വപ്നത്തിലേക്ക്
കണ്ണുകളെ 
ഊതിക്കെടുത്തി,
കേട്ടു കേട്ട് കാതില്ലാതായ
കഥയിലെ കാര്യത്തിൽ 
ചാലുകൾ കുത്തുന്നു
രാവിന്റെ വിരലുകൾ.
ചുവരു നിറയെ
മരണപ്പെട്ട വീടുകളുടെ
ഞരമ്പിൽ നിന്നൊലിച്ചിറങ്ങിയ
ഉണങ്ങാത്ത ചോരയുടെ
വരയെഴുത്ത്.

ബ്ലാക്ക് ബോർഡ്,
വടിവൊത്ത അക്ഷരങ്ങൾ,
ഉടയാത്ത കോട്ടൺ സാരി,
രാവിലെ മുട്ടിന്മേലിരുന്ന്
ഞൊറിവുകൾ   
ഭംഗിയാക്കിക്കൊടുത്ത്    
തൊട്ടുനോക്കി തലോടിയ 
പൂക്കളുടെ ചിത്രത്തുന്നൽ.
മൂന്നാം നമ്പറിൽ
ഞാനിവിടെയുണ്ടെന്ന്  
തലകുനിച്ചു നിന്നിട്ട്
ഇരിക്കാൻ മറന്നുപോയ  
പെൺകുട്ടി. 
മാറ്റിവെയ്ക്കപ്പെട്ട
ഒരു അവയവമല്ല
മാറ്റിയെടുക്കപ്പെട്ടവളെന്ന്  
കനിവിന്റെ മുല കുടിച്ച,
ജനിച്ച ദിവസമേതെന്നറിയാത്ത,
അമ്മയെന്നെഴുതുന്നേരം
വിരൽ വിയർക്കുന്ന കുട്ടി.

എന്നെയൊന്നുകൂടി 
മുറുക്കിപ്പിടിച്ചുകൊണ്ട് 
ഒരു വട്ടം കൂടി ചോദിച്ചുനോക്കി
ഞാനെന്തേ മറ്റൊരു ദിവസത്തിൽ
ജനിച്ചില്ല.......

2020 നവംബർ 30, തിങ്കളാഴ്‌ച

ഒറ്റയ്ക്ക്
ഒരു മണമാകുന്ന 
നേരങ്ങളിലാണ് 
എന്റെ വസന്തമേ
എന്നൊരുവൻ
നീട്ടി വിളിക്കുക.
ഒരു പൂമ്പാറ്റയിലേയ്ക്ക്
നിറങ്ങളടർത്തിയുടുത്ത്  
എന്റെ ആകാശമേ
എന്നു ഞാൻ 
ചിറകു വിടർത്തി
ഉയർന്നു പറക്കുക.
കാടും മേടും 
വിരൽത്തുമ്പു തൊട്ട്
പച്ചയെന്നൊരുണർവിൽ 
നിറങ്ങളഴിച്ചെടുത്ത്    
ഭൂമിക്ക് പുള്ളിപ്പാവാട
തുന്നുക.
മുടിപ്പിന്നലിനൊരു
മാല കോർക്കുക.
കാറ്റിനൊപ്പം 
ചിറകു താഴ്ത്തി പറന്ന്  
വീണ്ടുമൊരു ചില്ലയിൽ 
മണമാകുക.
കൂടെയുണ്ട്
എന്നൊരു വാക്കിന്റെ കൂട്ടിൽ 
കുറുകുന്നൊരു തൂവൽ പോലെ.


ഒറ്റയ്ക്ക്
ഒരു ദേശമാകുന്ന 
നേരങ്ങളിലാണ്
എഴുതി,
എഴുതി മായ്ച്ച്
മേഘങ്ങൾക്കൊപ്പം
പഠിക്കാനിരിക്കുക.
അസ്തമയത്തിന്,
ഉദയത്തിന്
ചുവരില്ലാതെ രാവെഴുത്ത്
നടത്തുക.
അലക്കുകല്ലിലെ
ഉടഞ്ഞ കുപ്പിവളയറ്റത്തെ
ഉണങ്ങിയ മുറിവുകൾ  
വായിച്ചു വായിച്ച് 
പെയ്തൊലിക്കുക.
നിറയാത്ത തൊഴുത്തിന്റെ
പേറ്റുനോവ് തലോടി
പുക വീശി കൂട്ടിരിക്കുക.
ഉന്മാദിയായ കാറ്റായ്
ചില്ലയിൽ നിന്ന്
ഉയിരറ്റ് വീഴുക,
ഗ്രഹങ്ങളുടെ ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
മറ്റൊരു ഭൂമിയെപ്പോലെ.




2020 നവംബർ 29, ഞായറാഴ്‌ച

എഴുതി  
മായ്ച്ചെഴുതി
മേഘങ്ങളെ 
അക്ഷരം പഠിപ്പിക്കുന്നു
ഒറ്റയായ് 
ഉന്മാദിയായൊരു ദേശം
പകലിരവിന്  
ലിപിയേതെന്നറിയാതെ 
ഉദയമെന്നെഴുതി
നക്ഷത്രങ്ങളുടെ നാട്ടിൽ
വഴിതെറ്റിയ സഞ്ചാരി.
ഗ്രഹങ്ങളുടെ 
ഭാഷയറിയാതെ
സൗരയൂഥത്തിലകപ്പെട്ട
ഇരുണ്ട ഒരു ഭൂമിയെപ്പോലെ.

2020 നവംബർ 25, ബുധനാഴ്‌ച

അടുക്കിവെച്ച 
പോക്കുവെയിലിന്റെ
മടക്കുകളിൽ 
കത്തിത്തീരാത്ത 
വെളിച്ചത്തിന്റെ 
തരികൾ,
ചെമ്പരത്തിച്ചോട്ടിൽ 
കാറ്റിന്റെ
അഴിഞ്ഞുവീണ പാട്ട്,
പുരപ്പുറത്തേക്കു ചാഞ്ഞ്
പാതി പൊട്ടിയ
മണത്തിന്റെ അളുക്കുകൾ,
അകത്ത്
ചുരുട്ടിവെച്ച പുൽപ്പായയിൽ
തലവെച്ചു കിടക്കുന്നു 
കിനാവ് പോലെ
പുള്ളിയുടുപ്പിട്ട നിലാവ്.

2020 നവംബർ 20, വെള്ളിയാഴ്‌ച

 

കേൾക്കുന്നു,
ഞാനെന്ന വാക്ക്    
നീയെന്ന പൊരുളിനെ  
ഉയിരിടത്തിൽ നിന്ന്  
ചുംബിച്ചെടുക്കുന്നതിന്റെ   
ഒച്ച,
ഒരു മരം  
വേരുകളാഴ്ത്തി
ആഴം കൊണ്ട് 
അതിന്റെ
ആകാശത്തെ
മണ്ണിടത്തിൽ നിന്ന്
തൊട്ടെടുക്കുന്നതുപോലെ. 

2020 നവംബർ 16, തിങ്കളാഴ്‌ച

രാവിന്റെ ചുവരിന്   
ചായമടിക്കുന്നതിന്റെ
തിരക്കിനിടയിൽ വെച്ചാണ് 
ഇന്നലെ ഞാൻ കണ്ട 
മുറിയാത്ത സ്വപ്നത്തെക്കുറിച്ച് 
അവനോട് പറയാൻ തുടങ്ങിയത്.
"നിറയെ നക്ഷത്രത്തുന്നൽ,
ആകാശത്തോളം 
വലിപ്പമുണ്ടായിരുന്നു
നമ്മുടെ പുതപ്പിന്,
പുഴക്കരയിൽ അണയാതെ 
കൊളുത്തിവെച്ച മൺചെരാത്.
ജനാലയിലൂടെ നീന്തി വന്ന്   
അഴിഞ്ഞുലഞ്ഞു കിടക്കുന്ന
നേർത്ത നിലാവെളിച്ചം, 
മുഖത്തേക്ക് പാറിവീഴുന്ന
കാറ്റിന്റെ മുടിയിഴകൾ,
ഓരോ ആവർത്തനത്തിലും
എണ്ണം തെറ്റിച്ചുകൊണ്ട്
ചിതറിക്കളിക്കുന്ന അക്ഷരങ്ങൾ
പോലെ 
രാവേറെയായിട്ടും 
ഉറങ്ങാതോടിക്കളിക്കുന്ന 
കുഞ്ഞു നിഴലുകൾ, 
നമ്മുടെ ചുണ്ടുകൾക്കിടയിൽ
പതിയുന്ന 
അവരുടെ വിരൽച്ചൂടിൽ.....

കറുപ്പിലും കറുപ്പായവൻ   
തിരക്കിന്റെ ചായക്കൂട്ടിലേക്ക്,
മുറിഞ്ഞ്.....
പുഴയിൽ വീണു കിടക്കുന്ന  
ചന്ദ്രന്റെ ഒരരിക് നുള്ളിയെടുത്ത്
വെളുപ്പിലും വെളുപ്പായൊരു പൂവ്
വരയ്ക്കാൻ  ഞാനും.....




2020 നവംബർ 12, വ്യാഴാഴ്‌ച



രാക്കിളികൾ    
പാടാൻ തുടങ്ങുമ്പൊഴും  
നിന്റെ ഗന്ധത്തിന്റെ ചൂടിൽ
ഞാനൊരുണർവായ്  
വിയർത്തുകൊണ്ടേയിരിക്കും.

ഒരു കടുകുമണിവട്ടത്തിൽ
പൊള്ളിച്ചത്,
കത്തിമുനയിൽ ഇച്ചരിപ്പോന്ന
വര കോറിയിട്ടത്,
ഒരു തുള്ളി കൊണ്ട് 
മുറിവാകെ മധുരമിറ്റിച്ചത്, 
ഇനിയും പറഞ്ഞുതരാത്ത
രസക്കൂട്ടിൽ 
പിണക്കം നടിച്ചത്, 
ഒളിഞ്ഞുനോക്കരുതെന്ന്  
കാറ്റിനു നേരേ 
ജനൽപ്പാളി വലിച്ചടച്ചത്.... 
ഓർത്തോർത്തു കിടന്ന് 
നീയല്ലാതാരാ എനിക്കെന്ന്
മുഖത്തേക്ക് വിരൽ കുടയുന്ന 
നിന്റെ തണുപ്പിൽ 
രാത്രിയെ പുതപ്പിച്ചു കിടത്തും. 

ഒരാളലിലും 
കരിഞ്ഞുപോകാതെ, 
പ്രണയത്തിൽ    
പാകപ്പെട്ട നമ്മളെ  
വിളമ്പിവെക്കാനേതു വരിയെയാണ്
ഞാനീ കനലിൽ ചുട്ടെടുക്കുക.

2020 നവംബർ 10, ചൊവ്വാഴ്ച

ആർത്തിരമ്പ്ന്ന്  
ആകാശച്ചെരിവെന്ന്     
കോരിച്ചൊരിയ്ന്ന്     
ആഴക്കടലെന്ന്
പെയ്ത്.....
നിലാവും കൂട്ടി 
മുറുക്കി മുറുക്കി 
കിനാവരമ്പത്തിരുന്ന്,  
വെയിലിനിടാനൊരു 
മഞ്ഞുടുപ്പെന്ന്  
വെളുക്കുന്നു      
മഴവിരലുള്ളൊരു 
തുന്നൽക്കാരി.

2020 ഒക്‌ടോബർ 31, ശനിയാഴ്‌ച



വെളുപ്പായ്,
അംഗഭംഗത്തിന്റെ
തിരകളിൽ   
വീണലിഞ്ഞലിഞ്ഞ് 
ആകാശമായ് മാറിയ
കറുത്ത മേഘം പോലെ,
കാറ്റിന്റെ വിരൽ വിടുവിച്ച് 
മുളംതണ്ടിനുള്ളിൽ 
വീണുടഞ്ഞുപോയ 
പാട്ടിന്റെ വരിശകൾ പോലെ.

പേടിപ്പെടുത്തുന്നു
രാനേരങ്ങൾ.
ഇല പൊഴിഞ്ഞ ചില്ലയിലും
ഒളിച്ചിരിക്കും,
കൂർത്ത നഖമുനകളിൽ 
വരയ്ക്കാൻ കൂർപ്പിച്ചിറങ്ങി
ആരോ 
വരുമെന്നോർത്ത്. 
പൊത്തുകളിലൊളിപ്പിക്കും
ഞാനെന്റെ 
കീറിയ കുപ്പായത്തിനുള്ളിലെ
തുള വീണ കറുപ്പ്.

ഒരിക്കലും  
ഒരു പകലും 
വായിക്കാനെടുക്കില്ല   
വെയിൽ കുടിച്ചു കുടിച്ച്  
ഇരുട്ടായ് വിയർത്ത   
നേരിന്റെ ചരിത്രപുസ്തകം.

ഞാൻ വാക്ക് നഷ്ടപ്പെട്ട കുട്ടി'.

2020 ഒക്‌ടോബർ 8, വ്യാഴാഴ്‌ച



കിളിയേ,

നീ ചേർന്നിരുന്ന് 
ചുണ്ടനക്കാൻ തുടങ്ങുമ്പോൾ
കവിത'യെന്നു കേട്ട്
എന്റെ ചുണ്ടുകൾ വിറയ്ക്കാൻ
തുടങ്ങും.
അഴികളില്ലാത്ത ജനാലയിലൂടെ
ഒരു കാറ്റ് വീശിയടിക്കും,
അകമാകെ വാരിവലിച്ചിടും.
കഴുകിക്കമഴ്ത്തി 
മേൽമേലടുക്കിവെച്ച
മൺകലങ്ങളും മറിച്ചിട്ട്
വാതിൽ തള്ളിത്തുറന്നിറങ്ങിപ്പോകും,
വഴിയറിയുന്നവനെപ്പോലെ.

കിളിയേ,

എന്റെ നോവുകൾ 
അ(ട)ടുക്കിവെച്ച  
വരികളിൽ നിന്ന്
അടർത്തിയെടുത്ത്
മേഞ്ഞതാണ് ഞാനീ മേൽക്കൂര
ഞാൻ കുഴച്ച മണ്ണ്
ഞാൻ പടുത്ത പുര.

ഇത്, 
ഞാനെന്റെ കിനാവുമായി 
വേഴ്ച്ചപ്പെടുന്നിടം.
കുടിക്കാൻ ഒരു തുടം കടൽ,
കഴിക്കാൻ ഒരു കഴഞ്ചാകാശം,
കളിക്കാൻ ഒരു കുമ്പിളക്ഷരമണികൾ.

കിളിയേ,

നോവുപാടം കൊയ്ത്,
മെതിച്ച്,
ഉണക്കിയെടുത്ത്, 
പ്രാർത്ഥനയുടെ മുനകൊണ്ട്  
പുഴയായ്,
കാടായ്, 
പൂവായ്,
തേനായ്, 
പ്രണയമായ്.......
കൊത്തിയെടുത്തതാണ് 
എന്റെ മുറ്റം കടക്കാനറിയാത്ത
വരികൾ.

കിളിയേ,

കവിത ചോദിക്കരുതേ
ഇരുളുന്നു എന്റെ ആകാശം,
വെയിൽ,
നിറങ്ങൾ...... 

നോക്ക്,
അറ്റുവീണ വിരലുകളുടെ 
തുടിപ്പിൽ ചുവന്ന് 
ഒലിച്ചുപോകുന്നു എന്റെ പുര.


2020 ഒക്‌ടോബർ 7, ബുധനാഴ്‌ച



പുകച്ചുരുൾ 
വേഗങ്ങളിൽ 
ഇരുണ്ടു കറുത്ത്
കാറ്റിൽ ചിതറിത്തെറിച്ച് 
മഴയിൽ കുതിർന്ന്
നിലം പറ്റിയത്.
ഒരു യാത്രയുടെ കണ്ണുകളും 
വായിച്ചെടുത്തിരുന്നില്ല 
വളവിൽ നാട്ടിയ 
ഇച്ചിരിപ്പോന്ന വാക്കുകളുടെ
മിനുക്കപ്പെടാത്ത പലക.

2020 സെപ്റ്റംബർ 20, ഞായറാഴ്‌ച

കണ്ണുകളിലേക്ക്  
പാറിവീഴുന്ന
ഇരുണ്ട വഴികളെ    
നെറ്റിയിലൂടെ
പിന്നിലേയ്ക്കൊതുക്കി
വെക്കുന്നു
നനഞ്ഞ വിരൽതുമ്പുകൾ. 
കൂട്ടയിട്ട
ഓർമ്മച്ചീളുകൾക്കു മീതേ 
തീ പടർത്തിയിട്ട് 
വെളിച്ചം വെളിച്ചമെന്നൊ-
രാളലിൽ  
കാറ്റിന്
കനലൂട്ടുന്നിരുട്ട്.

2020 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ചക്രവാളത്തിൽ 
ആരോ നീട്ടിക്കെട്ടിയ 
കറുത്ത നൂലിന്റെ അയ.
പാറുന്നു, 
ഇറ്റുന്നയെന്റെ    
ചുവന്ന ചേല.
ഉരുക്കുന്നിരവ്
കടൽ കുടിച്ചാകാശം. 

ആരോ 
കൊളുത്തിവെക്കുന്നു 
ജനലരികത്ത് 
നക്ഷത്രവിരലുകൾ.

ഞാൻ 
ഇരുട്ട് വായിച്ചു വായിച്ച്
തിമിരപ്പെട്ട ഒരു വരി.



2020 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

നിന്റെ
സ്വപ്നങ്ങളിലേയ്ക്ക്
എത്തിനോക്കുന്നു  
എന്റെ അടുക്കളവാതിൽ
നീ ഉമ്മ വെക്കുന്ന 
പിൻകഴുത്തിനോളം
വിടരാറില്ല 
ചുവക്കാറില്ല
മുറ്റത്തെ മണങ്ങൾ.


2020 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

മുകളിൽ
ഏറ്റം മുകളിൽ
കൂടൊരുക്ക്ന്ന് കൂട്ടിനെന്ന്
കുറുകുന്നു 
മേഘരാഗച്ചില്ലയിൽ   
നനുനനുത്തൊരു 
നെഞ്ചകം.
പതിയെ പതിയെ  
ഒച്ചയൊന്നു മിനുക്കി
പറന്ന് 
പറന്നു പറന്നു പറന്ന്
ഞാനങ്ങ് മറഞ്ഞു പോയെങ്കിൽ.


2020 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒരിലയനക്കം
നീ വരുമെന്ന പാടലിൽ
നോവു കുടഞ്ഞ്
തളിർക്കുന്നെന്റെ ചില്ലകൾ.
ഇരുൾ തേവി
വെളിച്ചപ്പെട്ട വാക്കേ,
പച്ചയെന്നു വിയർക്കുന്നു
മൂക്കിൻ തുമ്പത്തിരുന്നെന്റെ 
ഓലക്കാൽക്കണ്ണട.

2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

കുറെയേറെ 
പറയാനുണ്ടെന്ന്
നീ കുത്തി നിറച്ച്
കെട്ടി വെച്ചു പോയ
വാക്കിന്റെ ഭാണ്ഡക്കെട്ട്
വിയർക്കുന്നു
കാത്തു കാത്തൊരു  
ചുമടുതാങ്ങി
കാറ്റായ്
ചാറ്റൽ മഴയായ്
ഇളം വെയിലായ്
ഉതിർന്നു വീണെങ്കിൽ
വാക്കിന്റെ ശ്വാസമണികൾ.




2020 ജൂലൈ 15, ബുധനാഴ്‌ച

സാരിത്തലപ്പിൽ വിയർപ്പു തുടച്ച്
അടുക്കളവാതിൽ ചാരിനിന്ന്
ഞാനിടയ്ക്കിടെ 
ജീവിതത്തെയങ്ങനെ 
അത്ഭുതത്തോടെ നോക്കി നിൽക്കും.
ഒരു കീറാമുട്ടിയായി 
എന്നെയും ചുമന്നുനടക്കാൻ തുടങ്ങീട്ട്  
കാലമേറെയായില്ലേ 
മടുക്കുന്നില്ലേന്ന് 
ഒച്ചയില്ലാതെ ചോദിക്കും
കൂനിപ്പോയ ചുമലിൽ നിവർന്നു- നിന്നവൾ
കവിളിൽ തട്ടും
പിന്നെ 
അത്രമേലെന്ന് നെറ്റിയിലൊരുമ്മ.
മതി
ബാക്കി നാളെയെന്ന്
തോരാൻ വെച്ചിരിക്കുന്ന
ചീരത്തലപ്പിലേയ്ക്ക്
ഞാൻ വീണ്ടും മുറിവായ്.......

2020 ജൂലൈ 7, ചൊവ്വാഴ്ച

തട്ടിൻ പുറത്ത്
ഇരയെപ്പിടിക്കാനോടുന്ന
എലികളുടെ
താളമില്ലാത്ത ഒച്ചകൾ.
വാതിലിനിടയിൽ
ചതഞ്ഞുമരിച്ച പല്ലിയുടെ
ഉണങ്ങിയ ശരീരത്തിൽ
ഉറുമ്പിൻ കൂട്ടത്തിന്റെ  
നിലച്ച വേഗത.
ഓടിക്കൊണ്ടിരിക്കുന്ന  
സൂചികൾക്കു മീതേ
തുന്നൽനിർത്തിയ 
ചിലന്തിക്കാലുകൾ.
പൊട്ടിവീണ വാച്ചിന്റെ
വെളുത്ത അടയാളത്തിൽ
എന്റെയിടം കൈയിൽ
തെളിഞ്ഞു കിടക്കുന്ന 
കറുത്ത കാക്കപ്പുള്ളി.
നമ്മൾ
ഒരു സൂചിമുനയുടെ അറ്റത്തെ 
രണ്ടു മുറിവുകൾ.

2020 ജൂലൈ 3, വെള്ളിയാഴ്‌ച

ചില ചില നേരങ്ങൾ
ചിറകൊടിഞ്ഞ ആകാശം
നിറഞ്ഞു തൂവും
ഇരുകരകളിലുമൊരുപോലെ
വിരിഞ്ഞു വരുന്ന 
മണങ്ങളെ നൂർത്തെടുത്ത്
മണ്ണു പുരട്ടി
മേഘങ്ങൾ തുന്നും
വിയർത്തെത്തുന്ന  കാറ്റിന്റെ
ഉള്ളം കൈയിൽ വെച്ച് വഴി കാട്ടും
അവരങ്ങനെ പെറ്റു പെരുകി
കറുത്തു തുടുത്ത്
താഴേക്കിറങ്ങി വരുമ്പൊ
മുഖമുയർത്തി നിൽക്കാനെന്തു
രസാണ്
നനുനനുത്തൊരു വാക്കിനെ
എന്റേതെന്റേതെന്നടക്കിപ്പിടിച്ച് 
അതിലലിഞ്ഞലിഞ്ഞില്ലാതാവും
പോലെ.


2020 ജൂലൈ 2, വ്യാഴാഴ്‌ച

കാറ്റെടുത്ത 
താക്കോൽക്കൂട്ടത്തി-
ലൊന്നിലുണ്ടാവും 
ഞാൻ വരച്ചു തീർത്ത
മുറിയുടെ
മഴകൊണ്ടു നിന്നിരുന്ന 
ജനാല
മാഞ്ഞുപോയിട്ടുണ്ടാവും
ചുവരിൽനിന്ന്
വസന്തത്തിന്റെ വിരലുകൾ 
കാടിനു ചായമിട്ട മേശമേൽ  
അടർത്തിയിട്ട്  
പറന്നുപോയിട്ടുണ്ടാവും 
കിളിയതിന്റെ ചില്ല
കുലയായ് പൂത്തിട്ടുണ്ടാവും
പൂപ്പാത്രത്തിൽ 
ശലഭങ്ങളുടെ പൊഴിഞ്ഞ 
ചിറകുകൾ
പകലിരവറിയാതെ 
തൂങ്ങി മരിച്ചിട്ടുണ്ടാവും
ഒരേയൊരോടാമ്പൽ
കെട്ടുപോയിട്ടുണ്ടാവുമിപ്പോൾ
മൂലപ്പലകയിൽ
ഞാൻ കൊളുത്തിവെച്ച
മൺചെരാത്.

2020 ജൂൺ 29, തിങ്കളാഴ്‌ച

അനന്തരം
മരണപ്പെട്ട രാത്രിയുടെ 
പൊട്ടിയ ചുണ്ടുകൾ
ചേർത്തുകെട്ടി
വിരലുകളഴിച്ചെടുത്ത്
തോരാനിട്ട് 
പതിവുപോലെ ഞാനെന്റെ
കാലനക്കാതെ
ഭ്രമണപഥത്തിലങ്ങനെ. 

ആരൊക്കെയോ 
വരച്ചിട്ട ഭൂപടങ്ങളെ 
എന്റെയെന്റെയെന്ന്
ചേർത്തു പിടിക്കൽ,
വെടിക്കോപ്പുകൾക്കുള്ളിൽ 
കയറിയിരുന്ന്
ചോരചിന്തുംവരെ അലമുറയിടൽ,
തെരുവിനെയുറക്കാൻ
വിശപ്പിന് 
ലിപിയെന്തിനു വേറേയെന്നൊരു 
പാടൽ,
ചായം തേച്ച ചുവരുകൾക്ക്  
ഇരുട്ടായൊരു കാവൽ, 
കാടിറമ്പിൽ നനഞ്ഞ്
മുറിവുണക്കി
ചുറ്റിത്തിരിഞ്ഞങ്ങനെ.

ഇണയായെത്തുമിപ്പോൾ  
പകലൊരുത്തൻ. 
കുടഞ്ഞു വിരിക്കണം  
വിരലുകൾ,  
ഒരേകകോശജീവിയെപ്പോലെ.







തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.
വിരിഞ്ഞിട്ടില്ലാത്ത
വിരലറ്റങ്ങൾ കൊണ്ട് 
മാറി മാറി വരച്ചിരുന്നു
രണ്ടിലുമവൻ.
ഒരുക്കി വെച്ചിരുന്നു 
ചായമെടുക്കാതെയവന് 
വിശപ്പ് വരയ്ക്കാൻ  
ഞാനെന്റെ ചുണ്ടുകളെയും.
ഒരു ലോകോത്തരകലാകാരന്റെ  
ആദ്യത്തെ കാൻവാസ്.

വിരിഞ്ഞ 
വിരലുകൾകൊണ്ട്   
വെളിച്ചത്തിന്റെ തുണ്ടുകൾ
പെറുക്കിയെടുത്ത്
അവൻ വരയ്ക്കുകയാണ്
ഇന്നിന്റെ ഭാഷയെ 
പല പല ചായങ്ങളെടുത്ത്     
ഒറ്റയ്ക്ക്  
അവന്റെ ലോകത്തെ   
അവന്റെ കണ്ണുകളിലൂടെ. 
മുറി നിറഞ്ഞ കാൻവാസുകളിൽ
വിശപ്പിന്റെ 
ഒഴുക്കുകളുടെ
പറക്കലുകളുടെ
വേദനകളുടെ
സന്ത്രാസങ്ങളുടെ
ഭൂമി ശ്വസിക്കുമിടങ്ങളുടെ
ചായങ്ങൾ.

ചിത്രം(തം)
 
അടയിരിക്കുമാകാശത്തെ
ചിറകനക്കി തൊട്ടുവിളിച്ച്
പാടാത്ത പാട്ടൊന്നു 
പാടണം
മുറിവേന്നു കരയുന്ന
നിലാക്കുരുന്നിനെ  
ഉടലെണ്ണ പുരട്ടി  
ഉയിരു കൊടുത്ത്
ആയത്തിലായത്തിലാട്ടണം 
ഒടുവിൽ
ഒരു രാവിന്റെ മാറിൽ  
കിനാവായ് ചായുറങ്ങണം.

2020 ജൂൺ 26, വെള്ളിയാഴ്‌ച

നിന്റെ പേർ
കൊത്തിവെയ്ക്കു-
ന്നോരോ തുള്ളിയിലും  
ചാറ്റൽമഴയറ്റത്തിരുന്ന്
ചാഞ്ഞു പെയ്യുന്ന 
വെയിൽ
തൊട്ടു നോക്കുന്നു
ചോപ്പായ് തെളിയുന്ന
മുക്കുറ്റിച്ചുണ്ടിനെ 
നനുത്ത കാറ്റിന്റെ
വിരിഞ്ഞ തുള്ളി
ഊർന്നു വീഴുന്നു പച്ചയായ് 
വിരൽത്തുമ്പു നനയുന്ന വാക്ക്.


2020 ജൂൺ 23, ചൊവ്വാഴ്ച

നേരമായെന്ന്
ദൂരെയൊരു പയ്യിന്റെ 
കരച്ചിൽ
കുടമുടയ്ക്കുന്നു മേഘങ്ങൾ
രാ മുറിക്കുന്നു ചില്ലകൾ
ചിറകേ,
കുടഞ്ഞുടുക്ക് വേഗം
തെളിയുന്നു 
കടൽക്കോളിനക്കരെ
ഞാനില്ലാത്തൊരു ഭൂവിടം.

2020 ജൂൺ 22, തിങ്കളാഴ്‌ച

ചീവീടുകളുടെ
ഒച്ചയ്ക്കിടയിലമർന്ന് 
എനിക്കു മാത്രം
കേൾക്കാനാവുന്ന
ശോഷിച്ച കരച്ചിൽ.

വിലങ്ങു വെച്ച
വാതിലിനുള്ളിൽ നിന്ന്
ചിലമ്പിച്ച ശബ്ദം.

കടുകുമണികൾ 
തീ ചവയ്ക്കുന്നതിന്റെ 
ഈണങ്ങൾ 
അരകല്ലനക്കങ്ങളിലെ 
കുപ്പിവളത്തുള്ളലുകൾ  
കരിക്കലത്തിൽ നിന്ന് 
കണ്ണാടിത്തുണ്ടിൽ തെളിയുന്ന  
മറുകിന്റെ വട്ടം    
എത്ര അടക്കിപ്പിടിച്ചാലും പറന്നുപോകുന്ന
പാകമായ മണങ്ങൾ 
അടുപ്പിൽ തിട്ടയിൽ 
രാത്രിക്കു കാവലിരിക്കുന്ന
തീക്കണ്ണുകളിലെ കനൽ
എന്റെ വിയർപ്പുതുളളികളിൽ  
ഉപ്പു നോക്കി നോക്കി  
പാകപ്പെട്ട നേരങ്ങൾ.  

പുറംകൈ നുള്ളി
ജീവന്റെയൊച്ചയെന്ന്  
ഓരോന്നും കുടഞ്ഞിട്ട് 
തിരയുന്നേരം   
പലവ്യഞ്ജനപ്പെട്ടിക്കു മേലേ
'നീ' ഇന്നലെ മരിച്ചവളെന്ന് 
 ചാടി മറയുന്നു
ചിറകു മുറിഞ്ഞൊരു പാറ്റ.

2020 ജൂൺ 21, ഞായറാഴ്‌ച

ആകാശത്തിന്
ഒരേ നിറം
കിളിയൊച്ചകൾക്ക്
ഒരേ രാഗം
കണ്ണുകളിരുട്ടിന് 
ദാനം ചെയ്ത്
വെളിച്ചപ്പെടാത്ത
വിരലുകളായത്  
അളവുകളറിയാതെ  
പറക്കാൻ 
ഒരൊറ്റത്തൂവൽ വര
ഞാൻ 
ഭൂപടം വരയ്ക്കാത്ത  
ഒരു ദേശം.

വാതിലിനപ്പുറം
നീയുണ്ടെന്നൊരുറപ്പിൽ
പായ വിരിച്ച് 
മറ നീക്കിവെയ്ക്കുന്നു
വിരലിന്റെ സാക്ഷ.
താക്കോൽപ്പഴുതിലൂടി-
ഴഞ്ഞു വരുന്ന 
നിലാവിന്റെ കുരുന്നിനെ 
മടിയിൽക്കിടത്തി 
മഷിയെഴുതുന്നിരുട്ടിന്റെ 
കണ്ണുകൾ    
പെയ്യാതിരിക്കുന്നതെങ്ങനെ  
വെളിച്ചത്തിന്റെ കീറിൽ
മണമായ്
ഒരു തുള്ളി വാക്ക്.


2020 ജൂൺ 19, വെള്ളിയാഴ്‌ച

മുങ്ങിമരിച്ചതിന്റെ   
മൂന്നാം നാൾ
നമ്മളാദ്യമായ് കാണുന്നു
വീശിയടിച്ച്
എന്റെ മുടിയിഴകൾകൊണ്ട്
നിന്നെ മറയ്ക്കാൻ
പാടുപെടുന്ന കാറ്റ്
നീലിച്ച താളിൽ നിന്ന്
തിണർത്ത ഞരമ്പുപോലെ
വരികളുടെ തിരപ്പച്ച 
നാവിനുള്ളിൽ നുരയുന്ന  
ആദ്യമായ് രുചിച്ച
ഉപ്പിന്റെ നനവ്.

വായിച്ചു തീരും മുമ്പേ
മരണപ്പെട്ട വരികൾക്ക്
എത്ര വിരലുകളുണ്ടായിരുന്നിരിക്കും.

2020 ജൂൺ 18, വ്യാഴാഴ്‌ച

മോഹങ്ങൾക്ക് 
പിന്നിലും
കിനാവുകൾക്ക് 
മുന്നിലും
നിന്നെയെഴുതുന്നു
കാറ്റു കൊഴിഞ്ഞുവീണ
ജനലഴികളിൽ
ഇരുട്ടു വലിച്ചുകെട്ടിയ   
വയലിൻ തന്ത്രികളിലെന്ന
പോലെ   
നിശ്വാസങ്ങളുടെ
വിരൽത്തുമ്പുകളോടിച്ച് 
നിന്നെ വായിക്കുന്നു
നിറഞ്ഞ മഴയിലേയ്ക്ക് 
കൈവെള്ളയിൽ നിന്ന് 
വട്ടമിട്ടു മറഞ്ഞുപോയ 
ചെറു കല്ലു പോലെ
തിരികെയെത്താത്ത
ഒരു തുള്ളി
ഉയിരാകെ പെയ്തു നിറയുമ്പൊഴും
ഊർന്നു വീഴാതെ
നിന്നെ 
ഞാൻ മൂടിവെയ്ക്കുന്നു 
വെറുതെ'.


2020 ജൂൺ 16, ചൊവ്വാഴ്ച

നിന്നെയൂട്ടുന്ന  
നേരങ്ങളിലൊക്കെയും 
ഞാൻ മറക്കുന്ന 
എന്റെ വിശപ്പ്
പൊട്ടിത്തെറിയിലും 
മറുകായ് തെളിയുന്ന 
വറവ് 
ഓരോ മൂർച്ചയിലും
രുചിയായ് പൊന്തുന്ന 
മണങ്ങൾ
പാട്ടിൻ മൂളലിൽ
ഒന്നായലിയുന്ന വിയർപ്പ്
എത്ര നിറമാണ്   
ഓരോ ചുവടിനുമെന്ന്
ജനലരികത്തിരുന്ന് 
കാറ്റും വെളിച്ചവും.

ഞാനണഞ്ഞാൽ
നീയെങ്ങനെയെന്ന്
ഉള്ള് കുറുകുന്നൊരാന്തൽ.

2020 ജൂൺ 13, ശനിയാഴ്‌ച

വിട്ടുപോരുമ്പോൾ
ചേർത്തുപിടിച്ചു കരഞ്ഞില്ല
കാണാമെന്നൊരു വാക്ക്
പറഞ്ഞതുമില്ല
ഇനിയുമേതോ വിരലുകൾ
മുട്ടിവിളിച്ചേക്കുമെന്ന
വെളിച്ചം കൊണ്ട് 
വാതിലടച്ചു തഴുതിട്ടിട്ടുണ്ടാവും
കുടിയേറിയ ഭൂമിക.
വരയ്ക്കാനാവാത്ത ചിത്രമില്ലെന്ന് 
ചുമടിറക്കിവെച്ച്
ഒരു രാജ്യനിർമ്മിതിക്കു വേണ്ടുന്ന
അസംസ്‌കൃത വസ്തുക്കൾ
മണ്ണിനുള്ളിൽ തിരയുന്നു
കുടിയിറക്കപ്പെട്ട വിരലുകൾ.

2020 ജൂൺ 12, വെള്ളിയാഴ്‌ച

 
വിളിപ്പാടകലെ  
നീയുണ്ടായിരുന്നന്ന്.
കാൽ നനച്ചു പാടാൻ
പൂത്തു നിന്നു കടവ്. 
കേട്ടിരിക്കാൻ,
കുറുകുന്ന ചില്ല
മേയുന്ന പച്ച
വീശുന്ന കുളിര്.
നീ മരിച്ചതിൽപ്പിന്നെ
പാടീട്ടില്ല ഞാനിതേവരെ.

2020 ജൂൺ 11, വ്യാഴാഴ്‌ച

കരിപുരണ്ട പാത്രങ്ങൾ   
നിശബ്ദതയിലേക്ക്
മോറിക്കമഴ്ത്തി 
മടിയിലുറങ്ങുന്ന രാത്രിയെ
ശ്വാസം മുറിയാതെ 
മാറ്റിക്കിടത്തി 
ഇരുട്ടു ചായുന്ന മുറിയിലേക്ക്
പതിയെ. 

നിലാവു കത്തിച്ചുപിടിച്ച് 
നിലക്കണ്ണാടിയിൽ 
നോക്കി നിൽക്കും.
ഒതുക്കിക്കെട്ടിയ തലമുടി 
വകഞ്ഞു മാറ്റി 
പുറത്തിറങ്ങുമപ്പോൾ   
നക്ഷത്രങ്ങൾ.
ആകാശം പിൻകഴുത്തിൽ 
ചുണ്ടുരുമ്മി നിൽക്കും 
മുറിവു തുന്നുന്ന   
അവന്റെ വിരലുകൾ
ഓരോ ഋതുവിലും പൂക്കുന്ന 
ഓരോരോ മണങ്ങൾ.
ഞാനപ്പോൾ 
കാണാത്ത ഭൂമികയിൽ 
തളിർക്കുന്ന പച്ച.

ഉരുകിത്തീരാറായ 
വെട്ടത്തിലൂടെ
താഴേക്ക്. 
വരച്ചിട്ടും വരച്ചിട്ടും
കടലും കരയും തെറ്റിക്കുന്ന   
ഭൂപടത്തിനെയെന്നപോലെ
നിലക്കണ്ണാടിയുടെ  
നെഞ്ചിനു മീതേ 
കറുത്ത രണ്ടു കുത്തിവരകൾ.

നിലാവതിന്റെ 
അവസാനശ്വാസവുമെടുത്ത്
മരണപ്പെട്ടിരിക്കും.
പുറത്തു വീണ്ടും 
വെളിച്ചം വെളിച്ചമെന്ന്
ചൂലിൻ തുമ്പത്ത് 
അനങ്ങാതിരിക്കുമൊരു തൂവൽ.

2020 ജൂൺ 9, ചൊവ്വാഴ്ച

മരണപ്പെട്ട വീടിന്റെ
പൂമുഖമാകെ 
തോരണങ്ങൾ തൂക്കുന്നു 
വെയിൽ.
ചുവരിലാടുന്ന
നീലിച്ചയീരടികളിൽ 
ചുണ്ട് നനച്ചിടുന്നു മഴ.
കുഴഞ്ഞു വീണുകിടക്കുന്ന
നിലാവിന് 
ശ്വാസം കൊടുക്കുന്നു കാറ്റ്.
കൊത്തിപ്പെറുക്കി  
നിരത്തിവെച്ച വിത്തുകൾ   
വിരലുകളായിരിക്കുന്നു. 
മുറ്റത്ത് പാകാം,
ഒരു വാക്കിന്റെ നനവിൽ. 
വരികളായ് മൊട്ടിട്ട് വിരിഞ്ഞേക്കും 
നമ്മളൊളിപ്പിച്ചു വെച്ച 
കിനാവിന്റെ മണം.

2020 ജൂൺ 8, തിങ്കളാഴ്‌ച

ഒറ്റയായൊരിരുട്ടാകുന്ന 
നേരങ്ങളിലാണ് 
വേദനകളുടെ
കറുത്ത നൂലുകോർത്ത്
തുന്നാനിരിക്കുക.
മുറിയുന്ന വിരലറ്റങ്ങളിലെ
പൊടിയുന്ന ചോര മുക്കി
ചുവന്ന കുപ്പായം 
തുന്നിയെടുക്കുക 
ജനലഴികളിൽ നിന്ന്  
നിലാവിനളവെടുക്കും 
ഒരു പദചലനംകൊണ്ട്
കറുപ്പിനെ വെളുപ്പാക്കുന്ന
കാറ്റിന് 
വിശറി തുന്നാൻ.

ഒറ്റയായൊരൊച്ചയാകും
നേരത്താണ്
ഞാനുറക്കെ പാടുക
കിളികളതേറ്റു പാടും
കാറ്റ് കരിയിലകൾ കുടഞ്ഞിട്ട്
അല്പനേരമിരിക്കും
മഞ്ഞുതുള്ളി പുൽക്കൊടിയെ
വരയ്ക്കാൻ തുടങ്ങും
ആകാശം 
ചിറകെന്നാർത്തിറങ്ങി വരും
മേഘങ്ങളിൽ വിയർത്ത്
ഞാനൊരു മഴത്തുള്ളിയായ്
മണ്ണിലേയ്ക്കടർന്നു വീഴും
വേരിന്നറ്റത്ത് കുടിയിരിക്കാൻ
ഉറവപൊട്ടി 
എന്റെയാകാശമേയെന്ന് 
വീണ്ടുമൊരു പാട്ടിൽ മുളയ്ക്കാൻ.


2020 ജൂൺ 6, ശനിയാഴ്‌ച

കൂട്ടിക്കെട്ടിയ 
കാൽവിരലുകളിൽ
ഇനിയുമെന്നു മുറുകുന്ന
വഴികൾ.
മൂടി വെച്ച ചുണ്ടിനുള്ളിൽ
അലിഞ്ഞു തീരാത്ത മധുരം
മരിച്ചുപോയവളെന്ന്
അലമുറയിടുന്നാരൊക്കെയോ 
കാറ്റ് കാവലിനുണ്ട് ചുറ്റും
കറുത്തു കനത്ത് 
ചുരത്താനെത്തും വരെ
മേഘങ്ങൾക്കായ്  
കണ്ണുകളടയാതിരിക്കണം
പറന്നു പോകാതെയടക്കിപ്പിടിക്കണം
ആകാശം കണ്ടൊരൊറ്റച്ചിറക്.

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഇരുട്ടിനു മറുകും വരച്ച്
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
പൂവിന് നിറവും വരച്ച് 
നീ,വിരൽ കുടയും.
നമ്മൾ   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓരോ തൂവലിലും
ഞാൻ പറന്ന നീയാകാശം.
മാഞ്ഞുപോയിട്ടില്ലിപ്പൊഴും 
ശ്വാസവേഗത്തിന് 
മണമായ് തുന്നിയ പുള്ളികൾ.
പൊതിഞ്ഞു പിടിച്ചിരിക്കുന്ന 
ഓരോ മണൽത്തരിക്കുമിപ്പോൾ  
ഭൂമിയോളം വലിപ്പം.
അലിഞ്ഞുപോയിരിക്കുന്നു 
നഖങ്ങളും 
വടിവായ് മിനുക്കിയ ഉടലും.
തുടിക്കുന്നുണ്ടിപ്പൊഴും 
ചുണ്ടിന്റെയോരത്ത്,
ഓരോ പറക്കലിന്റെയുച്ചിയിൽനിന്നും 
ഞാൻ കൊത്തിയെടുത്ത നിന്റെ പേര്.

സ്കൂളിൽ നിന്നു കിട്ടിയ
ഉരുണ്ട ഭൂമിയെക്കുറിച്ച്
വീട്ടിലെ മേശയ്ക്കു മുകളിൽ
അമ്മ, തിയറികൾ നിരത്തുമ്പോൾ
ഞാനുമച്ഛനും 
പരന്ന ഭൂമിയിലൂടെ നടന്നു.
ഭൂമിയെ ഉരുട്ടി വരയ്ക്കാനറിയാത്ത
അച്ഛന്റെ മേശപ്പുറത്തെ ചായങ്ങളിൽ
വിരൽ മുക്കിയെടുത്ത് 
ഞാനിരുട്ടിനെ വെളുപ്പിച്ചുകൊണ്ടിരുന്നു.
മുറുക്കാൻചെല്ലത്തിൽ നിന്ന്
നാലുംകൂട്ടി മുറുക്കാൻ
ഒരിക്കൽ മാത്രമെന്നൊരു 
രഹസ്യധാരണയിൽ
അപ്പൂപ്പനുമായി ഒപ്പുവെച്ച ദിവസമാണ്
ഭൂമി ഉരുണ്ടതു തന്നെയാണെന്നും
ഒരു സംശയവുമില്ലെന്നും
അമ്മയോട് അടിയറവു പറഞ്ഞത്.
അച്ഛനുമ്മയും
ഒരുമിച്ചു ചിരിച്ച ആ നിലാവെട്ടത്തിലാണ്
ഞാനാദ്യമായ് ഭൂമിയെ വരച്ചത്.

നിറയെ പൂവിടുന്ന
പേരറിയാത്ത മരത്തെ
പല പേരുകളിട്ടു വിളിച്ചിരുന്ന 
അച്ഛമ്മ
കനിവില്ലാത്തവനെന്ന്
ദൈവത്തെ വിളിച്ചു.
കാലം പഴകീട്ടും
മണം മാറീട്ടില്ലാത്ത 
തുണിത്തരങ്ങളും
തിളക്കം മാഞ്ഞിട്ടില്ലാത്ത 
പണ്ടങ്ങളും
മടിയിൽ വെച്ച് 
പിന്നാപ്പുറത്തിരുന്ന്
പൊന്നുപോലെ 
നോക്കിയവനെക്കുറിച്ചാ 
മരത്തോടു പറയും.
പുറപ്പെട്ടു പോയവളെന്ന്
എഴുതിത്തള്ളിയവൾ 
വൈക്കോൽക്കുനയ്ക്കുള്ളിൽനിന്ന് 
കുഞ്ഞുങ്ങളെയും കൂട്ടി 
ചികയാനെത്തുന്നതു കണ്ട്
അന്തംവിട്ട് ചിരിക്കുന്നത്,
നക്കിത്തുടച്ച മീൻചട്ടിയുമെടുത്ത് 
നന്ദികെട്ടവളെന്ന് പൂച്ചയെ 
ആട്ടിയോടിക്കുന്നത്,
തൊഴുത്തിലെ പെണ്ണുങ്ങൾ
പെറുന്നതെല്ലാം ആൺതരികളെന്ന് 
ഉച്ചത്തിൽ നിശ്വസിക്കുന്നത്,
ഒക്കെയും കണ്ടിട്ട്,കേട്ടിട്ട്  
പൂവടർത്തിയും
ചില്ല വിതിർത്തിട്ടും 
പച്ചയായ് ചേർന്നു നിൽക്കുമാ മരം.

വീടിനെ നോവിക്കാതെ
കനൽകെടാത്ത ചിതയിലേയ്ക്ക്
അച്ഛമ്മയെ ചേർന്നുകിടക്കാൻ
വേരോടെയവളും വീണുപോയ
ദിവസം. 
അന്നാണ്
ഒരു കവിത വായിച്ച്
ഞാനാദ്യമായ് പച്ചയ്ക്ക് കത്തിയത്.




അണമുറിഞ്ഞി-
രമ്പുന്നാകാശം
ചോർന്നൊലിച്ചു പെയ്യുന്നു 
കടൽ.
കിനാവരമ്പത്ത് 
കാറ്റു മുറിച്ചിട്ട്   
വെയിലേന്ന് പാട്ടും കോർത്ത്  
മഴവിരലുള്ളൊരു തുന്നൽക്കാരി.


 
നീ'യെന്ന വാക്കിൽ 
പെയ്തിറങ്ങുന്നു     
ഞാനെന്ന വരി
തോർത്തി നിൽക്കെ   
ആകാശമേടയിൽനിന്നി-
റങ്ങി വന്ന് 
കടലിനെ മിന്നുകെട്ടുന്നു 
തണുത്ത കാറ്റ്
നനഞ്ഞ സന്ധ്യയ്ക്ക്    
ചേല മാറ്റാൻ
മറപിടിച്ചോടിയെത്തുന്നിരുട്ട്
മുടിക്കെട്ടിലഴിഞ്ഞ് 
ഞാനൊരു പുഴ
നക്ഷത്രങ്ങളതിലൂർന്നുവീണ
പൂക്കൾ
ചിറകായൊരു വാക്ക് 
മൂടി വെച്ചേക്കും, 
കടലാഴത്തിൽ മുങ്ങി മരിച്ച
എന്റെ അടയാത്ത കണ്ണുകൾ.

2020 മേയ് 30, ശനിയാഴ്‌ച

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
നീ,വിരൽ കുടയും.
നമ്മൾ,   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓർക്കുന്നു, 
നീ ചാഞ്ഞുനിന്ന
ഉച്ചയെ
തൊട്ടു കൂട്ടിയ 
മണങ്ങളെ 
ഉതിർന്നു വീണ 
വരികളെ.

നട്ടുനനയ്ക്കണം
നീ തോർന്ന 
മണ്ണിനെ 
മുളപ്പിച്ചെടുക്കണം
വിരൽ വിട്ടുപോയ 
വാക്കിനെ.

കടലെടുത്ത 
മണ്ണിന്റെ പച്ചയായ്   
നീ കുറിച്ചിട്ട വാക്ക്.
ആകാശം പൊഴിച്ചിട്ട  
വിത്തായ്
ഞാൻ കോറിയിട്ട വര.
മഴയായ് പൂക്കണമൊരു  
വരിയിൽ.
നട്ടു വെച്ചിട്ടുണ്ടാവും
തിരകളവരുടെ മുറ്റത്ത്, 
വരയിൽ പതിവെച്ച വാക്ക്.


2020 മേയ് 25, തിങ്കളാഴ്‌ച

നിരന്തരം
വരയ്ക്കുകയാണവൻ.
പൂക്കൾക്കു പച്ച
ഇലകൾക്കു ചുവപ്പ്.
പാടുന്ന കാക്ക
കരയുന്ന കുയിൽ.
ചാടുന്ന ഒച്ച്
ഇഴയുന്ന പുൽച്ചാടി.
വെളിച്ചപ്പെടാൻ 
വിരൽ മോഹിച്ച് 
ഞാനിങ്ങനെ
ഇരുണ്ടുകൊണ്ടേ...
താളുകളൊന്നൊന്നായ്
മറിച്ചു നോക്കും
നീ പെയ്ത വരികളിൽ 
വിരലോടിക്കും
പച്ചയായിടങ്ങളിൽ
ഇലഞരമ്പായ് തിണർക്കും
മുറിഞ്ഞു പോയിടങ്ങൾ 
നിറമിറ്റിച്ചു ചേർത്തുവെക്കും.

നിലയ്ക്കാതോടിയിട്ടും
ഒരു മുനയുടെയറ്റം കൊണ്ടും
അടയാളപ്പെടാനാവാത്ത 
വൃത്തങ്ങളിൽ, 
മരിച്ചുപോയ കുട്ടിയുടെ
നാവിലേയ്ക്ക്
തുള്ളികളിറ്റിക്കുന്നതു പോലെ
വിറങ്ങലിക്കുന്നു വിരലുകൾ.




മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
താഴേയ്ക്കു വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ വിശറിയാലവനെ,
തണുക്കുവോളം.






ഊരിമാറ്റുമ്പോൾ
പതിഞ്ഞു പോയിരുന്നു
നീ വരച്ച ഒറ്റക്കല്ല്.
പെറുക്കിയെടുക്കുന്നേരം
നിറമറ്റ്  
കൊഴിഞ്ഞിരുന്നെന്റെ   
വിരൽത്തുമ്പുകൾ.
ഒതുക്കി വെയ്ക്കുന്നു 
കടലിന്റെ മൂടിയുള്ളൊരു
നോവു പാത്രത്തിൽ,
നീ മണം കൊടുത്ത 
നിലാവിന്റെ പച്ച.

2020 മേയ് 21, വ്യാഴാഴ്‌ച

ആരും കാണാതെ
ഉറങ്ങിയിരുന്നു 
ചിറ്റമ്മയുടെയലമാരയിൽ
ചില്ലിട്ടൊരു പടം.
താക്കോൽ തിരിയുന്ന ഒച്ചയിൽ
നെഞ്ചു പിടയ്ക്കും
ഒന്നു നന്നായി കാണാനായെങ്കിൽ.
അച്ഛൻ മരിച്ചതിന്റെ
ഒന്നാമാണ്ട് കഴിഞ്ഞ ശേഷമാണ്
എനിക്കൊന്നു തൊടാനായത്.

അമ്മയെ കൊന്നെന്ന് 
അമ്മയെക്കാൾ മുതിർന്നവർ 
എനിക്കായ്  
അടക്കം പറയുന്നതിൽ
പിടഞ്ഞു വീണ് 
നുണയാൻ കിട്ടാതെ പോയ 
മുലപ്പാലിനെയോർത്ത് 
തേങ്ങിയിട്ടുണ്ട്,
പല തവണ.

ചില ചില നേരങ്ങളിൽ
പുറത്തെടുത്ത് 
മേശമേൽ വെച്ച് നോക്കിയിരിക്കും
പുസ്തകങ്ങൾ ഓടിയൊളിക്കും
ചില്ലിനുള്ളിൽ നിന്ന്
അമ്മയുടെ കവിളിലെ കാക്കപ്പുള്ളി
ഇറങ്ങിവന്ന് ഒട്ടിപ്പിടിക്കും
അമ്മയതിൽ 
തലോടി നോക്കും
എത്ര മൃദുവാണാ വിരലുകൾ.
കണ്ണാടിയിൽ നോക്കി 
എന്തൊരു ചന്തമെന്ന് 
അമ്മ പിൻകഴുത്തിലുമ്മ വെക്കും
എന്തൊരു തണുപ്പാണപ്പോൾ.
അമ്മയിപ്പോഴും
ഉണർന്നിരിപ്പുണ്ടച്ഛനോടൊപ്പം
പൂട്ടി വെയ്ക്കാത്ത അലമാരയിൽ.

( ഏഴാം ദിവസമായിരുന്നത്രെ...)