2025, ഏപ്രിൽ 16, ബുധനാഴ്‌ച

പൊടിമൂടിയ ഗോവണി
കാലൊച്ച മറന്ന മച്ചകം
മച്ചകത്തെ വടക്കേമൂലയിൽ 
കമഴ്ത്തിവെച്ചിരിക്കുന്ന  
പേരുകൊത്തിയ ഓട്ടുരുളിക്കടിയിൽ 
മുനയൊടിഞ്ഞൊരെഴുത്താണി 
പിൻകാലൊടിഞ്ഞ 
കരിവീട്ടിയലമാരയിൽ നിന്ന് 
കഴുത്തൊടിഞ്ഞു താഴേക്കുതൂങ്ങിയ 
പട്ടുനൂലിന്റെ കുപ്പായം 
നാവുതേഞ്ഞ ചിരവയ്ക്കടിയിൽ
ഇറ്റു വീണു കിടന്ന് 
ചുവപ്പു മാറ്റി കറുപ്പണിഞ്ഞ 
കുറേ വട്ടങ്ങൾ
ആരോ വരച്ചതുപോലെ
കുറെയേറെയുണ്ട് ഇരുളിൽനിന്ന് 
തെളിഞ്ഞുവരുന്നത് 
ക്ലാവുപിടിച്ച തൂക്കുവിളക്ക് 
ചിതലുതിന്ന എഴുത്തോലകൾ
പൊടിനിറഞ്ഞ ആമാടപ്പെട്ടി 
നാഴിയൊഴിഞ്ഞ അരിപ്പെട്ടി 
ആഴമളന്നളന്നവശയായി 
തളർന്നുറങ്ങുന്ന കപ്പി 
തുരുമ്പിച്ച കൊളുത്തുകൾ
പാട്ട് തോർന്ന പാട്ടുപെട്ടി
അങ്ങനെയങ്ങനെ...........
പല്ലികളൊക്കെ കറുത്തുകൊഴുത്തിരിക്കുന്നു 
വലവിരിച്ച ഘടികാരത്തിലേക്ക് 
ഇളകി മാറിയ ഓടിനിടയിലൂടെ
എത്തിനോക്കുന്ന സൂര്യൻ 
വെളിച്ചം തൊട്ടെന്ന ഞെട്ടലിൽ
മച്ചകത്തെ തെക്കേമൂലയിൽ
കറുത്ത തുണിയുടുപ്പിച്ച
വക്കുപൊട്ടിയ നന്നങ്ങാടിക്കുള്ളിൽ-
 നിന്നെന്തോ..... 
വിരലുകളുടെ അനക്കം പോലെ !
വെളിച്ചത്തിനു നേർക്കു നീളുന്ന 
എന്റെ വലംകൈ
അറുത്തുമാറ്റിയവയുടെ 
ബാക്കിപത്രമായ് 
കാലമേറെയായിട്ടും
തുന്നിച്ചേർക്കാത്ത മുറിവുകളിൽ പരന്ന്
രണ്ടു തുള്ളി
വെളിച്ചം വെളിച്ചമെന്ന് 
ഉള്ളിലെവിടെയോ ഒരു തുടിപ്പ്..!