കുഞ്ഞുണ്ണിചരിതം
[കഥനു(മു)റുക്ക്]
ചൂണ്ടുവിരൽ താടിപ്പുറത്തിരുന്ന്
വല്ലാതെ വിയർത്തു.വയറ്റീന്നൊരു കാളൽ മൂക്കുവിട്ട് പുറത്തേക്ക്...മഴ
വന്നാലോ?പാറുവേച്ചീടെ ഓലമേഞ്ഞ
പുരപ്പുറത്തിരുന്ന് കാറ്റിൻകൂട്ടം തമ്മിൽതല്ലി രസിക്കുന്നു.മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ ഒരുവട്ടം കൂടി വിയർത്തു.
അവനോടിപ്പോയി കുഞ്ചാളിപ്പുഴേൽ
ഉണക്കാനിട്ട വെയിലിനെ പാളിമുറിച്ച്
ഓട്ടകളെ അടച്ചുകിടത്തി. മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ തണുത്തു'.
പതിവുപോലെ ഇരുട്ട് ഒന്നുമോർക്കാതെ സമയമറിയിച്ചെത്തി.പുറകെ തുള്ളിച്ചാടി
മഴയും.തിണ്ണയിലിരുന്ന വിളക്കുവെട്ടം
ആടിയാടി കുഴഞ്ഞുവീണുമരിച്ചു.
കുഞ്ഞുണ്ണിയുടെ ചൂണ്ടുവിരൽ പിന്നേം വിയർത്തു.
അണഞ്ഞുപോയ തിണ്ണയിലിരുന്ന്
അലിഞ്ഞുപോയ വെയിൽചീളുകളെയും ചൂട്ടുകറ്റയും കത്തിച്ചുപിടിച്ചുവരുന്ന
മാനത്തെയും തിരഞ്ഞുകൊണ്ടിരുന്നു
അവന്റെ കുഞ്ഞു കണ്ണും കാതും.
കാറ്റ് ചൂണ്ടുന്ന ഓട്ടകളിലൂടെ വെള്ളം
അകത്തേയ്ക്കിടമുറിയാതെ
തേവിക്കൊണ്ടിരിക്കുന്ന മഴ. പുരയുടെ ഉള്ള് പിടഞ്ഞുപിടഞ്ഞു പരക്കുന്നതിന്റെ ഒച്ച.കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ പിന്നേം പിന്നേം പിന്നേം വിയർത്തു...!