2026 നവംബർ 15, ഞായറാഴ്‌ച

ഒരക്ഷരംപോലും
തെറ്റിയിട്ടില്ല
മേൽവിലാസത്തിൽ. 
ജനാല അരികത്ത് 
വന്നിരുന്ന്
കത്തിച്ചുവെച്ച നിലാവിൽ 
കത്ത് പൊട്ടിച്ചു. 
തൂവെള്ള കടലാസ്സിലെ 
കറുത്തുരുണ്ട അക്ഷരങ്ങളിൽ
വിരലോടിച്ച് 
ഇരുട്ട്
വായിക്കാൻ തുടങ്ങി.
വരികൾക്കിടയിൽ 
മുറിഞ്ഞു മുറിഞ്ഞ്,
പൊന്തിവന്ന
ഒരു ദീർഘനിശ്വാസത്തിൽ
നിലാത്തിരി കെട്ടു.
കടലിനേക്കാൾ 
ഉപ്പു രുചിച്ച് 
മൂക്കത്ത് വിരൽതൊട്ട്
ഇല്ലാത്ത കല്ല് തെരഞ്ഞ്
ഇരുട്ട് പതിയെ പറഞ്ഞു,
"പാതിയിലിറങ്ങിപ്പോയല്ലോ 
ആ കല്ലുവെച്ച കത്ത്."