വീട്....
വെളുക്കെ ചിരിക്കുന്നു
ഉമ്മറത്തിരിക്കുന്ന റാന്തൽ.
ആദിയുമന്തവുമില്ലാത്ത
കറുകറുത്ത തലമുടി
പരക്കെ വിതിർത്തിട്ട്
പതിവുപോലെ അവൾ.
അടർത്തിവെച്ചിരുന്ന
മന്ദാരപ്പൂക്കൾ
ഞാനാ മുടിയിലവിടവിടെ
തിരുകിവെച്ചു.
വിവരിക്കുകയാണ്
ഒളിച്ചിരുന്ന ഇടത്തെക്കുറിച്ച്
വാതോരാതെയവൾ.
ഇടയിലൂടെ കേൾക്കാം
പൂമൊട്ടുകളോട് കാറ്റ്
കിന്നാരം പറയുന്നതിന്റെ ഒച്ച.
ഉറക്കമിളക്കാൻ വയ്യ
ചൂടുള്ള വെയിലുണ്ടതിന്റെ ക്ഷീണം.
വാതിലടച്ചു
റാന്തലിന്റെ തിരി കെടുത്തി,
ജാലകവിരി തെറുത്തുവെച്ചു.
പുറത്ത് വിരിഞ്ഞുനിൽപ്പുണ്ട്
ഞാൻ ചൂടിച്ച വെള്ളമന്ദാരപ്പൂക്കൾ..!