2026 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

അന്നൊരു വ്യാഴാഴ്ചയായിരുന്നു

നടത്തം കഴിഞ്ഞ്
വരാന്തയിലെ ചാരുകസേരയിൽ 
നീണ്ടുനിവർന്നു കിടക്കുന്നു 
പോക്കുവെയിൽ 
കൈത്തണ്ടയിലിരുന്ന്
നിർത്താതെ കറങ്ങുന്ന സമയം 
ചുവരിൽ തൂങ്ങിക്കിടന്ന് 
ഉറ്റുനോക്കുന്ന കാലൻകുട
അടുത്തിരുന്ന് വിയർപ്പുതുടയ്ക്കുന്ന
കറുത്ത ഫ്രെയിമിന്റെ കണ്ണട 
കാറ്റ് വിശറിയാകുന്നുണ്ട് 
നെഞ്ചിലെ കാട് 
മെല്ലെയിളകിയാടുന്നു 
അടുക്കളയെന്തോ ചോദിക്കുന്നു
ഉത്തരം കിട്ടാതെയത്
അടുത്തേക്കു വന്ന്
വീണുടയുന്നതിന്റെ കാതടപ്പിക്കുന്ന
ഒച്ച.

ചന്ദനത്തിന്റെ ഗന്ധം
ഊതിയാറ്റിക്കുടിച്ചശേഷം
കത്തിപ്പരക്കുന്ന വെളിച്ചവും പറഞ്ഞു
''ഉറങ്ങുകയാണെന്നേ തോന്നൂ."

2026 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

കുട്ടമ്മാവൻ മരിക്കുമ്പൊ
കുഞ്ഞുണ്ണിക്ക് എട്ടു വയസ്സ് 
കോടിപുതച്ച ദേഹത്തെ 
വെളുത്ത മുഖത്തിരുന്ന് 
കുട്ടമ്മാവന്റെ കറുത്ത മീശയുടെ 
കൊമ്പ് 
അനങ്ങുന്നതായി 
കുഞ്ഞുണ്ണിക്ക് തോന്നി 
എത്ര വിറപ്പിച്ചതാണ് ആ കൊമ്പ്
ഒരിക്കലെങ്കിലുമൊന്ന്
 പിടിച്ചുകുലുക്കാൻ മോഹിച്ചതാണ് 
"അവൻ ഒറ്റത്തടിയായിങ്ങനെ...."
അമ്മമ്മ ആരോടെന്നില്ലാതെ
പതിഞ്ഞ ശബ്ദത്തിലിടയ്ക്കിടെ
പറയുന്നത് കേട്ടിട്ടുണ്ട്
''ഡാ കുഞ്ഞുണ്ണീ''ന്ന് കുട്ടമ്മാവനുറക്കെ 
വിളിക്കും 
കുഞ്ഞുണ്ണീടെ കൈയിലിരുന്ന് 
ഈർക്കിലിപമ്പരം വിറയ്ക്കും 
അതു കണ്ട് പുഴ ഇളകി ചിരിക്കും 
കുഞ്ഞുണ്ണിക്കരിശം തോന്നും
കൂട്ടുകൂടില്ലെന്നവൻ മുഖംവീർപ്പിച്ച്
ഓട്ടം നിർത്തി മറയും.
''ഡാ കുഞ്ഞുണ്ണീ''
കുഞ്ഞുണ്ണീടെ കൈയീന്ന്
അണ്ണാൻകുഞ്ഞ് കുതറിയോടും
കുഞ്ഞുണ്ണി നിരങ്ങി നിരങ്ങി താഴേക്കും
മാവിൻചോട്ടിലിരുന്ന് കറുമ്പിപൂച്ച 
കുഞ്ഞൂകുഞ്ഞൂന്ന് കളിയാക്കും
നിന്നോടിനി മിണ്ടില്ലെന്നവൻ 
മുഖംതിരിച്ച് അകത്തേയ്ക്ക് കയറും. 

അമ്മമ്മ മരിക്കുമ്പൊ
കുഞ്ഞുണ്ണിക്ക് വയസ്സ് പതിനാല്
കോടിപുതച്ച ദേഹത്തെ വിളർത്ത
മുഖത്ത് 
എപ്പോഴുമെന്നപോലെ
ചിരി പരന്നൊഴുകുന്നുവെന്ന്
കുഞ്ഞുണ്ണിക്ക് തോന്നി
ഒരുവട്ടംകൂടിയൊന്ന്
കെട്ടിപ്പിടിക്കാൻ മോഹിച്ചതാണ്
'ഡാ കുഞ്ഞാ' ആ റേഡിയോ ഒന്ന് 
വെച്ചിട്ട് പോ
അമ്മമ്മ കണ്ണടച്ചിരുന്ന് വയലും വീടും 
കേൾക്കും
കുഞ്ഞുണ്ണി  പുസ്തകത്തിലേക്ക്
കണ്ണ് തുറക്കും
നക്ഷത്രങ്ങളെത്തിനോക്കും
'ഡാ കുഞ്ഞാ' 
ആ മുറുക്കാൻചെല്ലം എടുത്തോണ്ട്
വായോ 
കുഞ്ഞുണ്ണീടെ ചുണ്ടു ചുവക്കും 
അമ്മമ്മ മുറ്റത്തിറങ്ങിനിന്ന് നീട്ടി തുപ്പും
നിലാവതിൽ ചിത്രം വരയ്ക്കും.

കുഞ്ഞുണ്ണി മേൽചുണ്ടിനുമേൽ 
ചൂണ്ടുവിരൽ നീട്ടി കട്ടിമീശ തിരയും
പതിനഞ്ച് തികഞ്ഞു
ഇരുട്ട് കുലുങ്ങിച്ചിരിക്കും
നിരാശയോടെ ഉറക്കംപിടിക്കുമ്പൊ
കുഞ്ഞൂണ്ണീടെ മീശയുടെ 
ഇല്ലാത്ത കൊമ്പിലിരുന്ന് 
ഒരു വണ്ണാത്തിക്കിളി 
കലപില വയ്ക്കാൻ തുടങ്ങും.

2026 സെപ്റ്റംബർ 14, തിങ്കളാഴ്‌ച



തെരുവിലെ തിരക്കിൽ 
എന്തിനെയോ തിരഞ്ഞുനടക്കുന്നു 
കൂനും മുടന്തുമുള്ളൊരു കവിത 
ഏന്തിനടക്കുന്നതിനിടയിൽ 
കുഴഞ്ഞുവീഴുന്നുണ്ട് 
പണിപ്പെട്ടെഴുന്നേൽക്കുന്നുണ്ട്
മുഷിഞ്ഞ വേഷം കണ്ടിട്ടാവാം 
തിരക്ക്, മുതുകുവെട്ടിച്ച്
മുഖംതിരിച്ച്
മൂക്കുപൊത്തി
ആഞ്ഞു നടക്കുന്നു
കൂനും മുടന്തും മറച്ചുപിടിക്കാൻ 
തെരുവിനെ കാണാമറയത്തു വിട്ട്
ഭാരമെടുത്ത് തളർന്ന മൃഗത്തെപ്പോലെ
കവിത വേഗമളക്കുന്നു
ആളിറങ്ങിയിട്ടേറെ നാളായ
കുളം നിറയെ
പായൽ വിളഞ്ഞിരിക്കുന്നു
ഒരുപമപോലും കരയിലേക്ക്
പൊന്തിവന്നിട്ടില്ല
പാടത്തെ ഒരുമണി നെല്ലുമുതിർത്തില്ല
ഇതാ നിനക്കെന്നൊരു വാക്ക് 
നടത്തം,തണുത്ത തിണ്ണയിൽ 
കാൽ കുടഞ്ഞിരിപ്പായി
കുടിക്കാനിത്തിരി വെള്ളം
മധുരമുള്ള കിണർവെള്ളത്തിലാരോ 
കായം കലക്കിയതുപോലെ 
തളർന്നിരിക്കുന്നു 
കൂനും മുടന്തുമെടുത്ത് 
പത്തായത്തിനു മുകളിൽവെച്ചു 
കരണ്ടുതിന്നട്ടെ, 
ഒട്ടും ബാക്കിവെക്കാതെ 
പനയോലപ്പായ കുടഞ്ഞിട്ടു 
ഭ്രാന്തമായ് പൂത്ത ചെണ്ടുമല്ലിയുടെ 
പൂവിതളുകൾ കനത്തിൽ വിതറിയിട്ട്
തലയ്ക്കലിരിക്കുന്ന 
കരി കയറിയ മണ്ണെണ്ണവിളക്കിന്റെ
തിരിതാഴ്ത്തി
ഉറക്കത്തെ തപ്പിയെടുത്ത്
ചുണ്ടോട് ചേർത്ത്
മൃദുവിലും മൃദുവായ് പറയുകയാണ്
'ഏഴരവെളുപ്പിന്
കൂനില്ലാത്ത മുടന്തില്ലാത്തൊരു കവിത
എഴുന്നള്ളുമായിരിക്കും.



2026 സെപ്റ്റംബർ 6, ഞായറാഴ്‌ച

ആരോ....

പെറുക്കിത്തന്നതെന്റെ 
പിച്ചകം മുറ്റത്തൂർന്ന 
നനുത്ത വെളിച്ചത്തിൻ
പുത്തനാം നിലാച്ചീന്ത്.

ഒരുക്കിത്തുടങ്ങി ഞാൻ
ചേലായ് ഗോവണിയൊന്ന്
എത്തണമെനിക്കെന്റെ 
കിനാവിൻ മേടയ്ക്കുള്ളിൽ.

വരുന്നുണ്ടാരോ മേയ്ക്കും 
കുറുമ്പിൻ നിഴൽപറ്റം
മുറിഞ്ഞെൻ വിരലുകൾ 
ചിതറിയടുക്കുകൾ.

പിച്ചകത്തലപ്പിലൂടെത്തി 
നോക്കവേ കണ്ടു
ചോര ചിന്തിയ കണ്ണീർ 
തുടയ്ക്കും താരകപ്പൂവ്.







2026 സെപ്റ്റംബർ 2, ബുധനാഴ്‌ച

മീനിന്റെ മണമായിരുന്നു 
എന്റെ പെണ്ണുങ്ങളിലൊരുത്തിക്ക് 
എന്റെ അടുപ്പിലെ തിളച്ച എണ്ണയിൽ 
അവളുടെ കടൽ പാകപ്പെടുമ്പോൾ 
 പാതിവഴിയിലെവിടെയോ
 കുഞ്ഞുങ്ങളെയോർത്ത്
അവൾ തിടുക്കപ്പെടും
മൂത്തവൾ നോക്കിക്കൊള്ളുമെന്ന്
നെടുവീർപ്പിടും.

നേരമൊന്നു വെളുത്താൽ
അവൾ നീട്ടിവിളിക്കുന്ന പേരുകൾക്കായി 
ഞാനുമെന്റെ അടുക്കളയും 
കാത്തിരിക്കും
അക്കാ അക്കാളേ പെണ്ണേ കീതേ
എടിയേ മോളേ മുത്തേ......
ആദ്യവിളിയിൽതന്നെ ഞങ്ങൾ 
വാതിൽപ്പാളി മറഞ്ഞു നിൽക്കും
മൊത്തമിങ്ങ് പോരട്ടെ
കേൾക്കുക അതൊരു സുഖമാണ്
അനിർവചനീയമായ ആനന്ദമാണ്.
തലയിൽനിന്ന് ഇറക്കിവെയ്ക്കുന്ന
വലിയ ചരുവത്തിലിരുന്ന് അവളുടെ
കടൽ പിടയ്ക്കും
കഷണങ്ങളായി എന്റെ മീൻചട്ടിയിലേക്കും.

വല്ലപ്പോഴും മാത്രമാണ് കാണുന്നതെങ്കിലും 
രണ്ടുദേശങ്ങളിലിരുന്ന് ഞങ്ങളെന്നും
കണ്ടിരുന്നു
അവളും അവളുടെ കടൽക്കാറ്റേറ്റ്
ഉപ്പ് മണക്കുന്ന വീടും
ഞാൻ കാണാതെ കാണും
ഒറ്റയ്ക്ക് അഞ്ചുജീവനുകളെ പോറ്റുന്ന
ആ പെണ്ണൊരുത്തി
പൊന്നുപോലെയവളെ നോക്കിയ 
കണവനെക്കുറിച്ച് പറയുന്ന
നേരത്തുമാത്രം കരഞ്ഞിരുന്നു
വീറോടെ വാശിയോടെ 
വിധിക്കെതിരെ ആഞ്ഞു തുഴഞ്ഞവൾ
എനിക്ക് നമിക്കാൻ തോന്നിയ
പെണ്ണുങ്ങളിലൊരുത്തി.

ഒടുവിൽ...........
എന്നോടൊന്നും പറയാതെയാണ്
അവൾ പോയത്
ഞാനന്ന് മരുന്നുകളുടെ 
 മനംപുരട്ടുന്ന ലോകത്തായിരുന്നു.

ഇത്തവണ ഞാനൊരുക്കിയ
ഓണസദ്യക്ക് അടുത്തുവന്നിരുന്ന്
ഓരോ കറികളും രുചിച്ച് 
അവൾ മടങ്ങിപ്പോയി
നീയെന്തിനാണെന്നെയിങ്ങനെ  
കരയിക്കുന്നതെന്ന് ഞാൻ ചോദിച്ചില്ല
അവളിനി വരാതിരുന്നാലോ
ഓർമ്മകളിലെപ്പോഴും  
അലയടിക്കുന്ന സ്നേഹക്കടൽ
എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളിലൊരുത്തി
മെറ്റിൽഡയെന്ന എന്റെ മെറ്റി. 




2026 ജൂലൈ 1, ബുധനാഴ്‌ച

കുഞ്ഞുണ്ണിചരിതം

തണുത്ത തിണ്ണയിലും 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
താടിപ്പുറത്തിരുന്ന് 
വല്ലാതങ്ങ് വിയർത്തു.
വയറ്റീന്നൊരു കാളൽ മൂക്കുവിട്ട്
 പുറത്തേക്കും.
മഴ വന്നാലോ?
അങ്ങേപറമ്പിലെ ഓലമേഞ്ഞ 
പുരപ്പുറത്തിരുന്ന് 
തമ്മിൽതല്ലി രസിക്കുന്നു കാറ്റിൻകൂട്ടം.
മഴ വന്നാലോ? 
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
ഒരുവട്ടം കൂടി വിയർത്തു.
പാവം കുഞ്ഞുണ്ണി
അവനോടിപ്പോയി കുഞ്ചാളിപ്പുഴേൽ 
ആറാനിട്ട വെയിലിനെ 
പാളിമുറിച്ചു കൊണ്ടുവന്ന്
ഓട്ടകളെ അടച്ചുകിടത്തി.
മഴ വന്നാലോ?
കുഞ്ഞുണ്ണീടെ ചൂണ്ടുവിരൽ 
തണുത്തു'
പതിവുപോലെ ഇരുട്ട് 
ഒന്നുമോർക്കാതെ സമയമറിയിച്ചു,
 തുള്ളിച്ചാടി മഴയും.
അവർക്കു പുറകേ
ആടിയാടി കുഴഞ്ഞുവീണുമരിച്ചു
തിണ്ണയിലിരുന്ന വിളക്കുവെട്ടം.
കുഞ്ഞുണ്ണിയുടെ ചൂണ്ടുവിരൽ 
പിന്നേം വിയർത്തു.
അണഞ്ഞുപോയ തിണ്ണയിലിരുന്ന് 
അലിഞ്ഞുപോയ വെയിൽചീളുകളെയും
 ചൂട്ടുകറ്റയും കത്തിച്ചുവരുന്ന
മാനത്തെയും 
തിരഞ്ഞുകൊണ്ടിരുന്നു 
ഇത്തിരിപ്പോന്ന കണ്ണും കാതും.
കാറ്റ് ചൂണ്ടുന്ന ഓട്ടകളിലൂടെ 
വെള്ളം അകത്തേയ്ക്കിടമുറിയാതെ 
തേവിക്കൊണ്ടിരിക്കുന്ന മഴ.
പുരയുടെ ഉള്ള് പിടഞ്ഞുപിടഞ്ഞ്
പരക്കുന്നതിന്റെ ഒച്ച.
 കുഞ്ഞുണ്ണി.......
അവന്റെ ചൂണ്ടുവിരൽ 
പിന്നേം പിന്നേം പിന്നേം വിയർത്തു...!


2026 ഫെബ്രുവരി 15, ഞായറാഴ്‌ച

വിതയ്ക്കാനില്ലൊരു വാക്കും 
മെതിക്കാനില്ലൊരു പദവും
നീ'യൊഴിഞ്ഞ കൊടുംനോവിൽ
ഉരുൾപൊട്ടിയതാണെന്റെ നെഞ്ചകം.

2025 ജൂലൈ 10, വ്യാഴാഴ്‌ച

എങ്ങുനിന്നോ പറന്നെത്തി  
കുഞ്ഞുതൂവൽ മിനുക്കവെ
ദൂരെയങ്ങു വൻമതിൽത്തട്ടിൽ
കണ്ടു,മായും പാതിസൂര്യനെ.

ചുണ്ടു കൂർപ്പിച്ചു വേഗത്തിൽ
പാഞ്ഞു ചിറകടിച്ചാക്ഷണം
വീണുപോകാതെ കാക്കുവാൻ
താങ്ങുവാനിരട്ടവാലുമായവൻ..!
____________
കാറ്റു മൂളുന്ന വരികളൊന്നുമേ 
കേട്ടതില്ല മഴ ഉള്ളുലയ്ക്കയാൽ
പടവിറങ്ങി നീ പോയതിൽപിന്നെ 
പൂട്ടിയിട്ടില്ല കൺപോള  ജാലകം.

2025 ജൂൺ 27, വെള്ളിയാഴ്‌ച

അമ്മമ്മേടെ പേര് ലക്ഷ്മി 
അമ്മമ്മേടമ്മേടെ പേര് സരസ്വതി
അമ്മേടെ പേര് സീത 
എന്റെ പേര് ദുർഗ്ഗ 
എന്റെ മകളുടെ പേര് ജാനകി 
നോക്കണെ
എല്ലാരും ദൈവങ്ങളായ പെണ്ണുങ്ങൾ
പത്രപാരായണത്തിനിടെ 
എന്താ കഥയെന്നതിശയിച്ച്
കണ്ണട താഴ്ത്തി
അച്ഛനവളോട് ചോദിക്കുന്നതു കേട്ടു 
'ജാനൂട്ട്യേ നെന്റെ പേര് 
മാറ്റേണ്ടി വര്വോ?'
സംശയനിവാരണത്തിന്
ജാനകി അകത്തേയ്ക്കോടി
അടുത്ത മുറീന്ന് 
ഉച്ചസ്ഥായിയിലെത്തുന്നൊരൊച്ച
പൊട്ടിച്ചിരിച്ചതാണ്  'ജനകൻ.'




2025 ജൂൺ 26, വ്യാഴാഴ്‌ച


അന്തിക്കു കവലയിൽ 
കൂട്ടരെ പിരിയുന്നോ-
രച്ഛനെ തിരഞ്ഞെന്റെ 
കണ്ണുകൾ കലങ്ങുന്നു.

നോക്ക് മേലേയ്ക്കെന്ന് 
വിരലിൽ പിടിച്ചൊരു
കാറ്റു വന്നലയ്ക്കുന്നു 
പെട്ടെന്നു മുളച്ചപോൽ.

ആകാശക്കവലയിൽ
തെളിഞ്ഞു നിൽക്കുന്നതാ 
കൂട്ടരെ പിരിഞ്ഞൊരു
മിന്നുന്ന പൊൻതാരകം.

നോവിന്റെ തിരിനീട്ടി 
വഴി കാണിക്കേയെന്റെ 
മുന്നിലായ് പറക്കുന്നു 
താരമായ് മിന്നാമിന്നി..!

2025 ജൂൺ 19, വ്യാഴാഴ്‌ച




കാറ്റടങ്ങിയ മട്ട്
അടുക്കളത്തിട്ടയിൽ
പാഞ്ഞുകയറി 
കലം മറിച്ചിട്ട ഭ്രാന്തൻ 
മഴ.
വിശപ്പടക്കാൻ
വീടിനെയപ്പാടെ വിഴുങ്ങിയ 
പുഴ.
ദിക്കറിയാതെ പായുന്ന 
ജലത്തിന്റെ കൈകളിലൂടെ
കാറ്റ് പിഴുതെടുത്തതിന്റെ 
ഒഴുക്ക്.
കാടിളക്കി മലതുരന്ന്
മുണ്ടിന്റെ കോന്തല പിടിച്ച് 
മൂക്കുചീറ്റി കയറിപ്പോകുന്നു 
എന്റെ വീടേ'ന്നൊരലർച്ച.....



2025 ജൂൺ 8, ഞായറാഴ്‌ച

മുറിവടക്ക(യ്ക്ക)ൽ

ഇടവഴിനേരം
കിതയ്ക്കുന്നുണ്ട്
നടന്നു നടന്ന്.
പുഴ കാത്തുകിടക്കുന്നുണ്ട്
നിറഞ്ഞു നിറഞ്ഞ്.
വൈകിയെന്നൊരു കാറ്റ് 
പറന്നുപോകുന്നുണ്ട്
ആരോടെന്നില്ലാതെ
പറഞ്ഞു പറഞ്ഞ്. 
നീട്ടിപ്പിടിച്ച കാലുകളിൽ 
തണുത്ത വെള്ളമങ്ങനെ
താളമിടുന്നുണ്ട് 
മെല്ലെ മെല്ലെ.
തൊട്ടാവാടി കോറിയിട്ട മുറിവ്
ഞാൻ ഞാനെന്ന്
ഉമ്മകൊണ്ട് മൂടുന്നു പരൽമീനുകൾ.
തെളിഞ്ഞു തെളിഞ്ഞ്
ആട്ടം തുടങ്ങുന്നു നിഴലുകൾ.
രാവ് രാവെന്ന് 
കൂട്ടംതെറ്റാതെ കിളികൾ.
ഈറൻ മാറട്ടെ.....
കനലണയാത്ത മണ്ണടുപ്പ്
ചൂട് ചൂടെന്ന്
നെഞ്ചത്തൊരുക്കിവെച്ചിരിക്കുന്നു
പാൽക്കഞ്ഞി.
നെറയെ നെറയെയെന്ന്
കിണ്ണമറിയാതെ വിളമ്പിക്കൊടുക്കണം.
ചൂട്ടുകറ്റ കുത്തിയണച്ച് 
വേഗം വേഗമെന്ന്
തടുക്ക് നിവർത്തിയിട്ടിരിപ്പാണ് 
കറുത്ത രാവ്.

2025 ജൂൺ 2, തിങ്കളാഴ്‌ച

പാഠം.1 'കരി'

മദംപൊട്ടി വന്ന 
മഴ 
ചതച്ചരച്ചതാണെന്റെ 
മൺവീട്
നെഞ്ചത്തടിച്ചു കരഞ്ഞ 
മണ്ണെണ്ണവിളക്കും 
വാവിട്ടുകരഞ്ഞ തിണ്ണയും 
മലമുഴക്കുന്നുണ്ട് 
മരമുകളിലിരുന്നൊരു 
വാക്ക്.
-----------
നിന്റെയൊരു 
വാക്കിന്റെ കളിവഞ്ചി മതി- 
യെനിക്കീ 
കയമൊക്കെ മുറിച്ചുകടന്ന-
ക്കരെയെത്താൻ. 
നീ.....
ഒരു വിരൽകൊളുത്തുകൊണ്ട്
ഒരു കൊടുംകാറ്റിനെ
കിളിമരക്കൊമ്പത്ത് പിടിച്ചുകെട്ടിയവൻ.

2025 മേയ് 28, ബുധനാഴ്‌ച

അന്നൊരിക്കൽ  
അഴിഞ്ഞു കിടന്നിരുന്ന 
ശിശിരത്തിന്റെ നാഭിയിലാണ് 
നമ്മളൊരു നുണയുടെ വിത്ത് 
കുഴിച്ചിട്ടത് 
മുളവന്നതും പിന്നെ ഋതുക്കൾ
തളിരുകളിൽ ചുണ്ടുരുമ്മി
മടങ്ങിപ്പോകുന്നതും
നിലാവിൽ നോക്കിനിന്ന് 
ഒരേ ചുണ്ടുകൊണ്ട്
കല്ലുവെച്ച നുണകളെന്ന് 
നമ്മൾ വായിച്ചു ചിരിച്ചു
മലയിറങ്ങിവരുന്ന കാറ്റുംകോളും
കടപുഴക്കിയേക്കാവുന്ന
വർഷകാലത്തെയോർത്ത് 
നീയും ഞാനുമൊരുമിച്ച് പനിച്ചു 
മരിച്ചാലും മരിക്കാതെ
വേരുകളിലും പൂത്തുനിൽക്കുന്ന 
നുണകളെ കിനാവുകാണാൻ 
എന്റെയും നിന്റെയും
നെറ്റിയിൽ മഞ്ഞുനനച്ചിടുന്നു
രാവെന്ന പെരുംനുണ..!

2025 മേയ് 17, ശനിയാഴ്‌ച


ആകാശത്തോപ്പിലെ 
വല്യ നാലാൾവലുപ്പമുള്ള 
ആഞ്ഞിലിമരത്തിന്റെ 
വയറിൽ ചേർന്ന് മറഞ്ഞുനിന്ന് 
സന്ധ്യ പോയിക്കഴിഞ്ഞോന്ന് 
അവള് താഴേക്ക് എത്തിനോക്കി 
തുണിയൊതുക്കിപ്പിടിച്ച് 
പതിയെ ചുവടുവെച്ചു 
ഹാവൂ...
കുളക്കടവിനെ വാരിയെടുത്ത്
മുലക്കച്ചയുംകെട്ടി സന്ധ്യ
മുങ്ങാങ്കുഴിയിടാൻ പോയി
വരാന്തയിൽ നിലവിളക്കിനിരിക്കാൻ 
വിരിച്ചിട്ടിരുന്ന
പുൽപ്പായ മടക്കിവെച്ച് അവളിരുന്നു 
നിന്റെ കറുമ്പിപ്പശു 
ഇന്നെത്ര നാഴി പാല് തന്ന്?
കള്ളത്തി പൂച്ച ഇന്നും 
കറിച്ചട്ടീല് വലവിരിച്ച് മീൻപിടിച്ചാ?
കാറ്റ് കാറ്റെന്ന് ചൂണ്ടിപ്പറഞ്ഞ് 
മഴ ഓടിവന്ന് ചുറ്റിപ്പിടിച്ചാ?
അത്താഴത്തിനിന്നെന്തൊക്കെയാ 
വിളമ്പിക്കൊടുത്തത്?
രാവിനെയുറക്കാനിന്നേതു പാട്ടാ?
കിനാവെഴുന്നള്ളുമ്പോ എന്താ 
വിശേഷപ്പെട്ടത് കൊടുക്കാൻ?
പോ പെണ്ണേ കൊഞ്ചാതെ
ഞാനവളുടെ കവിള് നുള്ളിയെടുത്തു 
ചിരിയെ കുറേക്കൂടി വെളുപ്പിച്ചു 
പെണ്ണ്
മുറ്റത്തിറങ്ങി 
നിഴലുകളെയും മടിയിലിരുത്തി
അവള് ഊഞ്ഞാലാടുന്നതും നോക്കി 
ഞാനിരുന്നു
നരച്ചും വെളുത്തും
അവൾക്കു ഞൊറിഞ്ഞുടുക്കാൻ
ഒരേയൊരു പുടവ
ഉള്ളൊന്നു കറുത്ത് പെയ്തു
നാളെ 
നാളെ മഴവില്ല് ഓടിവന്ന് 
ഉച്ചിയിൽ ചിരിച്ചുനിൽക്കുമ്പോ 
അവൾക്ക് പുടവ നെയ്തവനോട് 
ഞാൻ ചോദിക്കും
പ്രിയപ്പെട്ട നെയ്ത്തുകാരാ, 
അതുപോലെ അതുപോലൊരെണ്ണം
എന്റെ നിലാവിനും.........


2025 മേയ് 12, തിങ്കളാഴ്‌ച

അപരാജിതയുടെ 
                  നോട്ടുപുസ്തകം

ഓർക്കാപ്പുറത്തായിരുന്നു 
യുദ്ധപ്രഖ്യാപനം 
പ്രബലമായൊരു രാജ്യമായാണ് 
ഞാനെന്നെ കണ്ടതും കേട്ടതും 
ഞെട്ടിയില്ല'എന്നു പറഞ്ഞാൽ... 
ഏയ്  അതൊരു 
സത്യവിരുദ്ധ പ്രസ്താവനയാവും 
തോൽപ്പിക്കാനാവില്ല 
അതൊരു പ്രതിജ്ഞ തന്നെയായിരുന്നു
നന്നായി പോറ്റിവളർത്തിയ 
ജീവകോശങ്ങളോട്
സന്ധിയില്ലാതെ പൊരുതേണ്ടിവരിക 
കഠിനം 
വൈദ്യശാസ്ത്രത്തിന്റെ 
അത്യാധുനിക പടക്കോപ്പുകൾ 
സന്നാഹങ്ങൾ 
തൂവെള്ള കിടക്കവിരിയിൽ 
നീലനിറത്തിലെ കുപ്പായമണിഞ്ഞ്
ജാഗരൂകയായി ഞാനെന്ന രാജ്യം
കീമോ
റേഡിയേഷൻ
ബിഎംറ്റി
ഒന്നൊന്നായി പുറത്തെടുത്ത് 
അണുകിട തെറ്റാതെ 
നീണ്ടുനിന്ന യുദ്ധം 
മൈനസിലേക്ക് താഴുന്ന 
തണുത്ത വൈകുന്നേരങ്ങളിലും 
അതിരാവിലെകളിലും 
റേഡിയേഷന്റെ ബാക്കിപത്രമായ
കറുത്തിരുണ്ട തൊലി 
കുളിമുറിയിലെ വെളിച്ചത്തിൽ 
അടർന്നു വീഴുമ്പോൾ
ജയിക്കാനുള്ളതാണ് 
നിനക്കീ യുദ്ധമെന്ന ധൈര്യപ്പെടൽ 
വലംകൈയിലെ പിക് ലൈനിലൂടെ 
വിലകൊടുത്തു വാങ്ങിയ
രക്തവും പ്ലേറ്റ്ലെറ്റും
ഊർജ്ജം പകരാൻ 
രാപകൽ ഇറ്റുവീഴുന്ന നേരത്ത്
ഇടംകൈയിൽ
രാജശ്രീ,ടി.ഡി, ഇന്ദുഗോപൻ,കല്പറ്റ  മങ്ങാട്ടൊക്കെ
മാറിമാറി പുറംചട്ടയിലിരുന്ന് ചിരിച്ചു 
ഓക്കാനം മറന്നു 
യുദ്ധം യുദ്ധമെന്ന് തികട്ടി
ഒരു തുള്ളി കണ്ണീരും ചിന്താതെ
പര്യവസാനം
ഓരോ പ്രഭാതവും 
യുദ്ധം ഒരനിവാര്യതയായിരുന്നെന്ന്
പറഞ്ഞുകൊണ്ടിരുന്നു
തച്ചുടച്ചത് കൊടുംഭീകരതയുടെ
അടിമുടി വേരോടിയ
താവളം
കുത്തിവെച്ച കൊടിക്കൂറയ്ക്ക് 
ചുവട്ടിലിരുന്ന്
നഷ്ടങ്ങളുടെ കണക്കെടുക്കുക
അത്
ഒരു ആഭ്യന്തരയുദ്ധത്തിന്റെ 
ഇരയായവൾക്ക് മാത്രം 
പിഴയ്ക്കാതെ എഴുതാൻ കഴിയുന്ന 
ദശാംശങ്ങളുടെ കണക്ക്.





2025 ഏപ്രിൽ 16, ബുധനാഴ്‌ച

പൊടിമൂടിയ ഗോവണി
കാലൊച്ച മറന്ന മച്ചകം
മച്ചകത്തെ വടക്കേമൂലയിൽ 
കമഴ്ത്തിവെച്ചിരിക്കുന്ന  
പേരുകൊത്തിയ ഓട്ടുരുളിക്കടിയിൽ 
മുനയൊടിഞ്ഞൊരെഴുത്താണി 
പിൻകാലൊടിഞ്ഞ 
കരിവീട്ടിയലമാരയിൽ നിന്ന് 
കഴുത്തൊടിഞ്ഞു താഴേക്കുതൂങ്ങിയ 
പട്ടുനൂലിന്റെ കുപ്പായം 
നാവുതേഞ്ഞ ചിരവയ്ക്കടിയിൽ
ഇറ്റുവീണു കിടന്ന് 
കറുപ്പു ചുറ്റിയ കുറേ വട്ടങ്ങൾ
ആരോ വരച്ചതുപോലെ.

കുറെയേറെയുണ്ട് ഇരുളിൽനിന്ന് 
തെളിഞ്ഞുവരുന്നവ
ക്ലാവുപിടിച്ച തൂക്കുവിളക്ക് 
ചിതലുതിന്ന എഴുത്തോലകൾ
പൊടിനിറഞ്ഞ ആമാടപ്പെട്ടി 
നാഴിയൊഴിഞ്ഞ അരിപ്പെട്ടി 
കരയാതുറങ്ങുന്ന കപ്പി 
തുരുമ്പിച്ച കൊളുത്തുകൾ
പാട്ട് തോർന്ന പാട്ടുപെട്ടി
അങ്ങനെയങ്ങനെ...........

കറുത്തുകൊഴുത്ത് 
ഉത്തരം വിഴുങ്ങുന്ന പല്ലികൾ
വലമൂടിയ ഘടികാരത്തിലേക്ക് 
ഇളകിമാറിയ ഓട് മെല്ലെ നീക്കി
എത്തിനോക്കുന്ന സൂര്യൻ
വെളിച്ചത്തിനു നേർക്കു നീളുന്ന 
എന്റെ വലംകൈ
അറുത്തുമാറ്റിയവയുടെ 
ബാക്കിപത്രമായ് 
കാലമേറെയായിട്ടും
തുന്നിച്ചേർക്കാത്ത മുറിവുകളിൽ പരന്ന്
രണ്ടു തുള്ളി !
വെളിച്ചം വെളിച്ചമെന്ന് 
ഉള്ളിലെവിടെയോ ഒരു തുടികൊട്ട്. 

തൊട്ടു' 
എന്നൊരു ഞെട്ടലിൽ
മച്ചകത്തെ തെക്കേമൂലയിലിരിക്കുന്ന
കറുത്ത തുണിയുടുപ്പിച്ച
കഴുത്തൊടിഞ്ഞ
നന്നങ്ങാടിക്കുള്ളിൽ നിന്നൊരു
ഭാഷ' 
വാക്കുകൾ കിട്ടാതെ 
വിതുമ്പി കരയുന്നതുപോലെ.!







2024 ഡിസംബർ 18, ബുധനാഴ്‌ച


താളത്തിൽ
ചുവടുവെയ്ക്കാൻ
ഇടയ്ക്കിടെയോടിവന്ന്
പഠിപ്പിക്കുന്നു പൂവിനെയവൻ.
വിറകൊണ്ടുനില്പാണവൾ, 
കാതില്ലാത്തവനോട്
എങ്ങനെ
പ്രണയം പറയുമെന്ന്
സന്ത്രാസപ്പെടുന്നൊരു
പാവം പെണ്ണിനെപ്പോലെ.!
------

നിലാത്തുഞ്ചത്തിരുന്നെന്റെ 
കിനാപ്പൊതിയൊന്നഴിക്കവെ
കിക്കിളിയിടുന്നു കാൽപ്പടത്തിൽ
പരൽമീൻപോൽ താരകക്കുഞ്ഞ്

2024 ഡിസംബർ 10, ചൊവ്വാഴ്ച

അത്തിമരച്ചോട്ടിൽ
അഴിഞ്ഞുവീണുകിടന്ന 
പാട്ടിന്റെ വരിയെടുത്ത് 
ചേലയും ചുറ്റി 
നിലാവ് നടക്കാൻ തുടങ്ങി
നിറമുപേക്ഷിച്ചുപോയ കരിയിലകൾ
താളംപിടിച്ചു കിടന്നു
നിറവയറിൽ സുഗന്ധങ്ങളേയും 
അടക്കിപ്പിടിച്ചുകൊണ്ട്
ചരിഞ്ഞും നിവർന്നും 
പച്ചയുടുത്ത് ഒത്തിരിപ്പേർ 
സ്നേഹമയിയായ വയറ്റാട്ടിയെപ്പോലെ 
നിലാവവരെ തലോടിക്കൊണ്ടിരുന്നു 
വീട് നല്ല ഉറക്കത്തിലാണ് 
'മുട്ടിവിളിക്കണ്ട
അകത്താരോ കിനാവിന് 
കിടക്കവിരിച്ച് കാത്തിരിക്കുന്നുണ്ട്'
ഓടിത്തളർന്ന് മരക്കൊമ്പിൽ 
വന്നിരുന്ന കാറ്റിറങ്ങിവന്ന് 
ചേലത്തുമ്പ് പിടിച്ചുവലിച്ചു
സമയത്തെയും മേയ്ച്ചുകൊണ്ട്
തിരക്കിട്ടു പറന്നുപോകുന്നു 
രാക്കിളികൾ
പതുങ്ങിവന്ന മയക്കം  
നിലാവിന്റെ കണ്ണിലിരിപ്പുറപ്പിച്ചു
അധികനേരമായില്ല
ആരോ തട്ടിവിളിച്ചതുപോലെ
രണ്ടുപേരുമൊരുമിച്ചുണർന്നു
മയക്കം മുടിവാരിക്കെട്ടി
എങ്ങോട്ടെന്നില്ലാതിറങ്ങിപ്പോയി
അവർക്കിപ്പൊ 
നോവ് കലശലായിട്ടുണ്ട്
നേരമടുത്തു
നിലാവിന്റെ വിരൽ പതിപ്പിച്ച
പൂപ്പാടകളൊന്നൊന്നായ് 
പൊട്ടാൻ തുടങ്ങി
പലപല നിറങ്ങളിൽ 
സുഗന്ധം പരത്തി മുറ്റം വിരിയാനും..!

(കിഴക്കേവീട്ടിലൊരുത്തൻ
 ചായക്കൂട്ടെടുക്കാനും........)
 



2024 ഡിസംബർ 8, ഞായറാഴ്‌ച



ആണൊരുത്തന് 
പത്താണ് തലയെന്നു വായിച്ച് 
ഒരു കഴുത്തിന് പത്തുതലകൾ വരച്ച്
നിന്റെ സുന്ദരമായ രൂപം
വികൃതമാക്കിയ വിരലുകൾ 
ഞാനെന്നേ മുറിച്ചു കളഞ്ഞതാണ്. 

അതിർത്തി ലംഘിച്ചില്ല
തൊട്ടില്ല ഗർജ്ജിച്ചടുത്തതുമില്ല
അപഹരിച്ചത് നേര്
ഒരു കാലോ കൈയോ അല്ല മുറിച്ചത്
മൂക്കും മുലയുമാണ് 
നിലവിളി ഞാനും കേട്ടതാണ്
കൂടെപ്പിറന്നവൻ മാത്രമല്ല
നീയൊരു രാജാവും കൂടിയാണ്
ഞാനോർത്തു
ആ അപമാനത്തിനു പകരമായി
അത്രയെങ്കിലും ചെയ്തില്ലെങ്കിൽ 
ചരിത്രത്തിൽ നീയാര്.

കേട്ട കഥയിലെ പ്രതിനായകനല്ല 
വീരനായ നീയെന്ന് 
ഉറക്കത്തെ ഞാനെത്ര വട്ടം 
പലവഴികളിലേക്ക് തിരിച്ചുവിട്ടു. 

മറച്ചുപിടിച്ചൊരേട്...
അതിൽ നീയാണേറ്റവും വലിയ ഭക്തൻ 
അതുകൊണ്ടുതന്നെയാണ് 
ശത്രുവിന്റെ ജയത്തിനുവേണ്ടി 
ശത്രുസമക്ഷമിരുന്ന്
അവനുവേണ്ടി പൂജചെയ്യേണ്ടിവന്നത് 
എല്ലാമറിഞ്ഞുകൊണ്ടുള്ള
പൂർണ്ണസമർപ്പണം
( ഇങ്ങനെ വേണ്ടിയിരുന്നോ രാമാ..)
ഞാൻ നിന്നെ നോക്കിനിന്നു 
നീ തന്നെയാണ് നായകനെന്ന് 
ഒന്നല്ലൊരായിരം വട്ടം 
ഞാനെന്നോട് മന്ത്രിച്ചു
അന്ന് പണിതുയർത്തിയതാണ്
നിനക്കായി ഞാനെന്റെ രാജ്യത്ത്  
ഒരു മഹാക്ഷേത്രം. 

.......രാവണ(രാമ)ൻ.........