2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

'' ഒളൈകൾ ''

കള കള ശബ്ദത്തോടെ ഒഴുകിയെത്തിയ ഒരു വാക്ക് .
ഉള്ളം നിറഞ്ഞു കവിയാൻ ഒരൊറ്റ വാക്ക് മതിയെന്ന് ഒരിക്കൽക്കൂടി !
' അമ്മ പോലെ ..........................
മലപോലെ ,മഴ പോലെ , മഞ്ഞ് പോലെ , മലർ പോലെ ...
ഉയിരിലുണരുമൊരു കിനാവുപോലെ ..................

( ബാവലിയിലും( മാനന്തവാടി ) സമീപപ്രദേശങ്ങളിലും
താമസിക്കുന്ന വേടഗൗഡരുടെ ഭാഷയിൽ ' ഒളൈകൾ എന്നാൽ പുഴ.
ബാവലി , ഗവ .യു . പി . സ്കൂളിലെ കുട്ടികളുടെ വെബ് ലോകത്തേയ്ക്കുള്ള 
പ്രവേശനം , ഒളൈകൾ' എന്ന് പേരിട്ട ബ്ലോഗിലൂടെ .)
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തോട്‌ കടപ്പാട് .

www.olaigal.com

2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ജീവി ഞെരിഞ്ഞമർന്നു മരണപ്പെടുന്നതിന്
ഒരു താളമുണ്ടെന്ന് നിങ്ങളാരെങ്കിലും  അറിഞ്ഞിട്ടുണ്ടോ?

ഞാനറിഞ്ഞിട്ടുണ്ട്‌
ഒരിക്കലല്ല  പലതവണ.
ഒരുറുമ്പിനെപ്പോലും 
നോവിക്കാൻ പാടില്ലെന്ന്
ആവർത്തിക്കുമ്പോഴും കേൾക്കാൻ കൊതിച്ചിട്ടുണ്ട്
ആ ഒരു കുഞ്ഞുസ്വപ്നത്തിനായി നോമ്പുനോറ്റിട്ടുമുണ്ട്.

പുഴയുടെയും മലയുടെയും നാട്ടിൽ നിന്നായിരുന്നു
എന്റെ അമ്മമ്മ ഇടയ്ക്കിടയ്ക്ക് 
വിരുന്നു വന്നിരുന്നത്.
കൂടെ ഒരു സഞ്ചി നിറയെ വിയർത്തുണ്ടാക്കിയ വിളകളും
ആരും കാണാത്ത കൊട്ടയിൽ 
എനിക്കുള്ള കഥകളും.

തലയിണയെക്കാൾ സുഖംതരുന്ന 
ആ കൈയിൽ തലവെച്ച്
ഒരു കിളിക്കുഞ്ഞിനെപ്പോലെ ചൂടേറ്റു ഞാനമർന്നു കിടക്കും.
അപ്പോൾ  കൊടുംകാട് കയറിയ  ഒരു വേടനെപ്പോലെ
ആ വിരലുകളെന്റെ തലയിൽ 
പതുങ്ങിനടന്നു ലക്‌ഷ്യം കാണും.

കഥപറച്ചിൽ  
തൽക്കാലം നിർത്തിവെച്ചിട്ട് 
ചുണ്ടും നാവും ചേർന്ന്  വായുവിനെ  ആവാഹിച്ചെടുത്ത
ഒരു പ്രത്യേക രാഗത്തിന്റെ അകമ്പടിയോടെയാണ്
കട്ടിലിന്റെ പടിയിൽവെച്ച് കൂരിരുട്ടിൽ 
കൊല നടത്തുക.

താളിതേയ്ച്ചു കുളിപ്പിക്കാത്തതിന്  
അമ്മയെ കുറ്റംപറയും
'അവൾക്കെപ്പോഴാണിതിനൊക്കെ നേരമെന്നുടനെ തിരുത്തും
മുറിഞ്ഞു പോയ കഥ വീണ്ടുമൊരിക്കൽക്കൂടി കൂട്ടിത്തുന്നും
കേട്ടുകേട്ട് ഞാനുറങ്ങും
പിന്നീടെപ്പൊഴോ അമ്മമ്മയും.

ഒരിടത്ത് പനിച്ചുവിറച്ചു കിടന്ന എന്റെയടുത്തേക്ക്
മറ്റൊരിടത്ത് മരിച്ചുവിറങ്ങലിച്ചു കിടന്ന ഉടലിൽ  നിന്നാണ് 
അവസാനമായി  അമ്മമ്മ  ഇറങ്ങി  ഓടിവന്നത്.
ആ വിരലുകളുടെ മാന്ത്രികത  ഞാനറിയുന്നുണ്ടായിരുന്നു.

സങ്കടപ്പെരുമഴ പെയ്യുന്ന 
ചില രാത്രികളിൽ
അമ്മയുടെ മടിയിൽ തലവെച്ച്  കൊതിയോടെ  ഞാൻ  കിടക്കും
നിരാശയോടെ അമ്മ വിരലുകൾ പിൻവലിക്കുമ്പോൾ 
മറഞ്ഞുപോയ  വിരലുകളെയോർത്ത്  
എന്റെ നെഞ്ച് പിടയും.






2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച



പരിഭവം പറയാതെ അടുക്കള കാക്കുന്നവളെ
കണ്ടുകണ്ട് അലിവു തോന്നിയിട്ടാവും
ഇന്നത്തെ പുലരി ഒരു സമ്മാനപ്പൊതി
ജനാലവഴി നീട്ടിത്തന്നത് .
നിവർത്തിപ്പിടിച്ച്  ഒരു നിമിഷം
ഞാനൊരു ആലീസായി
അത്ഭുതലോകം കണ്ട് മതിമറന്ന അതേ  ആലിസ്

കടുക് പൊട്ടുന്ന ഒച്ചയെ തോൽപ്പിച്ച്
ഓടിവന്ന്  കുടുകുടെ പെയ്തൊടുങ്ങി ഒരു  മഴ
തക്കംനോക്കിയിരുന്നതുപോലെ
ഓടിയെത്തി, ചിരിച്ചുനിന്നു
പൊന്നിൽ കുളിച്ച് , ഒരു വെയിൽ
അവളോട്‌ കിന്നാരം പറയാൻ
ചൂളം വിളിച്ച് , ചുരം കയറിയെത്തി
ഒരു താന്തോന്നിക്കാറ്റ്
മരങ്ങൾ കൂട്ടത്തോടെ ഒന്നുലഞ്ഞു
അവർക്കുമെലെയൊരു വസന്തമാകാൻ
നീർത്തുള്ളികൾ തുരുതുരെ അടർത്തിയിട്ട്
ആടിയുലഞ്ഞു  പച്ചിലക്കൂട്ടങ്ങൾ
വെയിലിനെ മുത്തിച്ചുവന്ന് , ചുവപ്പിച്ച്
ഊർന്നുവീണു കുഞ്ഞുഗോളങ്ങൾ !

വജ്രപ്പതക്കങ്ങളുടെ  ഒരു മായികലോകം!
അനുഭവിച്ചിട്ടില്ല  ഞാനിതുവരെയിങ്ങനെ .

ഇനിയുമൊരു കാറ്റ്  പൊൻവെയിൽ തേടിവന്നാൽ
അടർത്തിയിടാൻ ഒരു നീർമണിയില്ലെന്ന്
കരയുന്ന മരങ്ങളെ നോക്കി
ഞാനുമെന്റെ അടുക്കളയും വീണ്ടുമൊരു
മഴകാത്ത് , വെയിൽ കാത്ത്‌  ............




2013 സെപ്റ്റംബർ 10, ചൊവ്വാഴ്ച

നിലാവേ , നിറവേ .............

 ജാലകപ്പഴുതിലൂടെത്തിനോക്കുന്നുണ്ടൊരാൾ
പണ്ടു കണ്ടതേ മുഖം , മിന്നുന്ന കുപ്പായവും!
വിരൽ കോർക്കുക സഖേ ,നടക്കാം നമുക്കൽപ്പം
രാവുറങ്ങുമീ നാട്ടുവഴിയെ പകുത്തിടാം .

പൂക്കൂട വിരലില്‍ തൂക്കി തൊടിയിലലഞ്ഞതും
കൂട്ടരെ വിളിച്ചാർത്ത് സന്തോഷം പങ്കിട്ടതും
പൂവിറുക്കുവാനോടി കാല്‍മുട്ടു  മുറിഞ്ഞതും
കുഞ്ഞുടുപ്പിനാലതു  മറച്ച് , പൂവിട്ടതും

പൂക്കളമൊരുക്കിയ മുറ്റത്തിൻ മേലെയന്ന്
കാവലായ് പാൽപ്പുഞ്ചിരി പൊഴിച്ചു നീ നിന്നതും
നിൻ കണ്ണുവെട്ടിച്ചന്നു 'കള്ളത്തി' മഴ വന്നതും
പൂക്കളം വിരൽതുമ്പാലടർത്തിയെറിഞ്ഞതും

'കല്ലെടുക്കുക തുമ്പീ' ന്നലറും ചങ്ങാതിയെ
കൂട്ടിനായ് വിളിക്കില്ലെന്നുറക്കെ പറഞ്ഞതും
വിരലില്‍ വര്‍ണംചോർന്ന്  പാറിയ ശലഭത്തെ
കണ്ണീരും നോവും കൊണ്ട് തിരഞ്ഞു നടന്നതും

മുറ്റത്ത് താളത്തോടെ കളിക്കും പുലികളെ
വാതിലിന്‍ വിടവിലൂടൊന്നു നോക്കി നിന്നതും
അരണ്ട വെളിച്ചത്തില്‍ തുള്ളുന്ന വേഷം കണ്ട്
പേടിച്ചു മിഴി പൊത്തി വാവിട്ടു കരഞ്ഞതും

ഊഞ്ഞാലിന്‍ പടിമേലെ ആയത്തിലാടുന്നോരെ
വിടരും മിഴികളാല്‍ കണ്ടുനിന്നതും പിന്നെ
അമ്മതന്നടുത്തെത്തി പലഹാരവും വാങ്ങി
കൂട്ടുകാരുമൊന്നിച്ച്  രുചിയായ് കഴിച്ചതും

ഉമ്മറപ്പടിയിന്മേല്‍ അച്ഛനായ് കണ്‍പാര്‍ത്തതും
തുന്നിയോരോണക്കോടിയണിഞ്ഞു രസിച്ചതും
കുഞ്ഞുതുമ്പിലയിലെ സദ്യയും കഴിച്ചിട്ട് ,
അമ്മതന്‍ സാരിത്തുമ്പില്‍ ചുണ്ടുകള്‍ തുടച്ചതും

മഴവില്ലുപോല്‍ മിന്നും വളകള്‍ പെറുക്കി ഞാന്‍
കുഞ്ഞുപെട്ടിയില്‍ പൊട്ടാതടുക്കി സൂക്ഷിച്ചതും
ഓര്‍മകളെല്ലാമിന്നും ഉടയാതിരിക്കുന്നു
കാലചക്രത്തിന്‍ ഗതിയറിയും പെട്ടിയ്ക്കുള്ളില്‍ !!!

#

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഞാനിങ്ങനെയാണ്‌ ...


പണ്ട്  പണ്ട്
എന്നുവെച്ചാൽ  വളരെ പണ്ട്
ഈ മുറ്റം,ദേഹമാസകലം മണൽ പുതച്ചിരുന്നു
പുറം നോവിക്കാതെ ഞാനന്ന്  മുറ്റമടിച്ചു
കരിയിലകളുടെ  പിന്നാലെ മണലിറങ്ങിപ്പോയാൽ
അമ്മയുടെ നെഞ്ച്  പിടയും .
അതുകൊണ്ടാവും  തൊടുന്ന മാത്രയിൽ
ചൂൽ ഓർമപ്പെടുത്തും , ' പതിയെ , പതിയെ '.

മഞ്ഞ്  പൊഴിഞ്ഞു വീണ മണലിൽ
കുടിലും കൊട്ടാരവും പണിത് , പിന്നെ
ചാഞ്ഞും ചരിഞ്ഞും കിടന്ന്  ചന്തം നോക്കി
രസിച്ചു , ഞാനുമെന്റെ  കൂട്ടാരും .
നായ മൂത്രിച്ചോ ,പൂച്ച  അപ്പിയിട്ടോ ...
ആര്  അന്വേഷിക്കാൻ മിനക്കെടുന്നു അതൊക്കെ !
പെറ്റിക്കോട്ടിലൊളിച്ച് , വീട്ടിനുള്ളിൽ കയറിക്കൂടി
ചിതറിപ്പെയ്യുന്ന  മണൽത്തരികളോട്
അമ്മ വല്ലാതെ  കലഹിക്കും
അതാണെനിക്ക്  മനസ്സിലാകാതിരുന്നത് .

പിന്നീടെന്നോ , മണൽ നഷ്ടപ്പെട്ട്
പുഴയുടെ കണ്ണ്  ചുവന്നു
മുറ്റത്തിന്റെ  നെഞ്ച്  ഓടുകൊണ്ടുറച്ചു
അവളൊറ്റയ്ക്ക്  മാനം നോക്കിക്കിടന്നു തേങ്ങി .

ഇന്നീ  മുറ്റത്ത്  കാൽതൊടുമ്പോൾ പഴയ തണുപ്പ് ,
ഒരു കിളിയെപ്പോലെ ഉള്ളിലിരുന്നു കുറുകുന്നു 
ഞാനുണ്ടാക്കിയ കുടിലും കൊട്ടാരവും
മണലിൽ  പൂത്തുനിന്ന മരക്കൊമ്പും
ഇടിഞ്ഞുവീഴാതെ,വാടിക്കരിയാതെ
അവിടെത്തന്നെയുണ്ടാവും
എനിക്കങ്ങനെ  വിശ്വസിക്കാനാണിഷ്ടം ,
മണ്ണായിത്തീരുംവരെ ...

#


2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച



ചിങ്ങപ്പെണ്ണുണർന്നല്ലോ , പൂവേ,
കണ്ണിനു വിരുന്നൊരുക്ക നീ .
കാറ്റേ , താളം പിടിച്ചാട്ടെ,
കുഞ്ഞു  തുമ്പപ്പൂവിന്നാടുവാൻ !

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച



 സ്വാതന്ത്ര്യദിനപ്പുലരി, അറുപത്തേഴാം വയസ്സിലേക്ക് ...


ഇവിടെ ,

മല നിറഞ്ഞ് മരങ്ങൾ , മരം നിറയെ കിളികൾ ,
നൂറുനൂറ് രാഗങ്ങൾ കോർത്തൊരു കിളിപ്പാട്ട് ,
വിതയ്ക്കാത്തതിന്റെ , കൊയ്യാത്തതിന്റെ  ഈണം ,
സ്വാതന്ത്ര്യമെന്നാൽ ' ചിറക് ' എന്നൊരൊറ്റവരി ! .

2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച



ഇന്നലെ '  വീട്ടിലേയ്ക്കുള്ള യാത്ര , ധന്യമാക്കി മാറ്റിയ  ഉച്ചനേരം !
തൃശൂർ വഴി വയനാട് , 'ആര്യാസിൽ കൈകഴുകി ഊണിനു കാത്തിരിക്കുന്ന നേരം .
ഊണ്  കഴിഞ്ഞ്  , കൈതുടച്ചു  മുന്നിലൂടെ നടന്നടുക്കുന്ന ഒരു  വലിയ 'മനുഷ്യൻ .
എഴുത്തുകാരനിൽ ഒതുങ്ങാത്ത , ഒരുപാട് വിശേഷണങ്ങൾ  സ്വന്തമായിട്ടുള്ള ഒരു
വലിയ കലാകാരൻ . ശ്രീ . മാടമ്പ്‌ കുഞ്ഞിക്കുട്ടൻ .

ശ്രീ .  മാടമ്പ്‌  അടുത്തെത്തിയയുടനെ  ഞാനെഴുന്നേറ്റ് , കൈകൂപ്പി .അദ്ദേഹം
തിരിച്ചും . ഓർത്തു നോക്കി തിരിച്ചറിയാനാവുന്നില്ലല്ലോയെന്ന കുറ്റബോധത്തോടെ
അന്വേഷണം . അദ്ദേഹത്തിന്  തിരിച്ചറിയാൻ പാകത്തിൽ ഞാൻ ആരുമല്ലല്ലോ.
അതുതന്നെ ഞാൻ മറുപടിയായി പറഞ്ഞു . ചിരിച്ചുകൊണ്ടു തന്നെ എന്നെക്കുറിച്ച്
പറയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു . ഒരു ഡോക്കുമെന്ററിയുടെ വർക്കിലാണെന്ന്
പറഞ്ഞ്  കൈകൂപ്പി  യാത്ര പറഞ്ഞു . ഒരു വലിയ മനുഷ്യന്റെ മഹാമനസ്കതകൊണ്ട്‌
എന്റെ ആ  ഉച്ചനേരം ദൈവീകമാക്കപ്പെടുകയായിരുന്നു !

ഏകദേശം രണ്ടു  വർഷങ്ങൾക്കു മുൻപും കിട്ടി സമാനമായ ഒരനുഭവം .അതും ഒരു
ഉച്ചനേരം . കായംകുളത്തുവച്ച്  , ഫോട്ടോഗ്രാഫർ ശ്രീ .ശിവനും ഗായകൻ
ശ്രീ . ഉദയഭാനുവും . ഊണ് കഴിക്കുന്നതിനിടെ കണ്ടു , ദൂരെ രണ്ടാളെയും .ഊണ് കഴിച്ച്
കഴിയുന്നതുവരെ കാത്തു . കൈകഴുകി മാറുമ്പോൾ  കൈകൂപ്പി വന്ദിച്ചു . ഒരുപാട്
കേട്ട ശബ്ദം നേരിൽ  കേൾക്കണം എന്നൊരു  ആഗ്രഹം പറഞ്ഞു . അദ്ദേഹം ചിരിച്ചു .
'എറണാകുളത്ത്  ഒരു കല്യാണം കൂടാൻ പോകുകയാണ് , തീരെ വയ്യാ , വല്ലാത്ത
ചുമയുണ്ട്‌ ' , പറഞ്ഞു തീരും മുന്പ്  അദ്ദേഹം ചുമക്കാൻ തുടങ്ങി .പിന്നെ വിശേഷങ്ങൾ
ചോദിച്ചറിഞ്ഞതൊക്കെ  ശ്രീ .ശിവനായിരുന്നു .പതുക്കെപ്പതുക്കെ  നടന്നു  നീങ്ങുന്ന
ആ  കൂട്ടുകാരെ നോക്കി ഞാൻ നിന്നു . അപ്പോൾ  ഞാൻ  അറിയാതെ  മൂളിപ്പോയി
'' പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും ...................................................
.............................................................ഒരു വരിയും പാടിക്കേൾക്കാനായില്ലെങ്കിലും
കുറച്ചു വാക്കുകൾ ,അതുതന്നെ ധാരാളമായിരുന്നു എനിക്ക് . അനുഗ്രഹിക്കപ്പെട്ടവരുടെ
സാമീപ്യത്തിൽ ദൈവത്തെ കാണുന്ന അനുഭവം.













2013 ജൂലൈ 30, ചൊവ്വാഴ്ച

തൂവെള്ള വിരിയിട്ട കിടക്കയിൽ  ശരീരം ലംബമാക്കിവച്ച്  അച്ഛനിരുന്നു.  എന്തൊരു തിളക്കമായിരുന്നു ആ മുഖത്ത് . ഒരു തിരിച്ചുവരവിന്റെ അതിരില്ലാത്ത ആഹ്ളാദം !
മൗനവ്രതം  അവസാനിപ്പിച്ച  ഒരാളെപ്പോലെ അറിയാതെപോയതൊക്കെ 
ചോദിച്ചറിയാനുള്ള ആവേശമായിരുന്നു വാക്കുകളിൽ .

എന്റെ  നോട്ടം അച്ഛന്റെ ഒഴിഞ്ഞ ഇടംകൈത്തണ്ടയിലേക്ക് ഞാനറിയാതെ
ചിതറി വീണുകൊണ്ടിരുന്നു . അച്ഛന്റെ  സന്തതസഹചാരിയായ വാച്ച് , വീട്ടിലെ
മേശപ്പുറത്ത് അനാഥമായിട്ട് പത്തു ദിവസമായിരിക്കുന്നു .ഓർത്തെടുത്തു അച്ഛൻ .
വാച്ചിനൊപ്പംകുടയെടുക്കാൻ പറഞ്ഞില്ല .ആശുപത്രി കിടക്കയിൽ കുടയ്ക്കെന്തു
കാര്യം .

അച്ഛന്റെ അവസാനത്തെ ആവശ്യം നിറവേറ്റികൊടുക്കാനായില്ല .രാത്രിയോടെ
അച്ഛൻ  ബോധരഹിതനായി . വെന്റിലേറ്ററിനുള്ളിൽ  അവസാന ശ്വാസത്തിനായി
കാത്തുകിടന്നപ്പോഴും , അച്ഛന്റെ ഒഴിഞ്ഞ കൈത്തണ്ട ,സമയസൂചികളുടെ
ചലനത്തിന്  കാതോർത്തിട്ടുണ്ടാവും .

അച്ഛന്റെ കറുത്ത ഡയലുള്ള എച്ച് എം ടി  വാച്ച് ...
ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം. അച്ഛനെപ്പോലെ
സമയനിഷ്ഠ  പാലിക്കുന്ന മറ്റൊരാളെ  കിട്ടില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട്
തേങ്ങിയും കിതച്ചും കുറെ ഓടിയ ശേഷം അത്  നിശ്ചലമായി .നിഷ്ഠയോടെ ഓരോ
രാപകലുകളെ കൃത്യതയോടെ പകുത്തെടുക്കാത്തതിന്  മാത്രമാണ് എന്നെ  അച്ഛൻ
വഴക്ക് പറഞ്ഞിരുന്നത് . രാവിലെ അഞ്ചുമണിക്ക്  ഉണരുന്നതു മുതൽ  മുടങ്ങാത്ത
വൈകുന്നേരനടത്തത്തിലും  ഉറക്കത്തിലും  ഒക്കെ വഴികാട്ടിയായി  അച്ഛനൊപ്പം
വാച്ചുണ്ടാവും , ഇടയ്ക്കിടയ്ക്ക് അച്ഛന്റെ കൈയിലെ നീണ്ടുചുരുണ്ട രോമങ്ങളെ പിടിച്ചു
വലിച്ച്  നോവിച്ചുകൊണ്ട് .

കറുത്ത നിറമുള്ള പെട്ടിക്കുള്ളിൽ മൂന്ന്  ദിശകളിലേയ്ക്ക്  നോക്കിക്കിടക്കുന്നു ,
മരിച്ച മൂന്നു കുട്ടികളെയെന്നപോലെ സൂചികളും പേറി ആ  വാച്ച്‌ . മരിക്കാത്ത
ഓർമകളും  പേറി , ഞാനും .

( അച്ഛൻ  പോയിട്ട്  ഇന്ന് നാലുവർഷം )

#

2013 ജൂലൈ 29, തിങ്കളാഴ്‌ച

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം / സഹ്യമലക്ഷേത്രം .

#

ചുറ്റും മലനിരകൾ .മീതെ കുടമാറ്റം നടത്തുന്ന ആകാശം .പൊട്ടിച്ചിരിച്ച് ,
ആർത്തുല്ലസിച്ചൊഴുകുന്ന പാപനാശിനി .വരദാനമായൊരരുവി .
കല്ലുകളിൽ , വെറുംകാൽ ചവിട്ടി ,ഓരം ചേർന്ന് ,നടന്നപ്പോൾ കിട്ടിയ
അനുഭൂതി !പ്രകൃതിയെ അറിയുന്ന സ്വർഗീയമായ അവസ്ഥാവിശേഷം !!!

മന്ത്രങ്ങളുരുവിട്ട് , പിതൃതർപ്പണം .
മണ്‍മറഞ്ഞ  പിതാമഹരുടെ ആത്മാക്കൾക്ക്  നിത്യശാന്തിക്കായി
പ്രാർത്ഥന .അറിഞ്ഞോ   അറിയാതെയോ  ചെയ്തുപോയ തെറ്റുകൾക്ക്
ജലത്തെ സാക്ഷിയാക്കി മാപ്പിരക്കൽ . പിതൃക്കളെ   പ്രീതിപ്പെടുത്തൽ .
പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ ശരീരവും മനസ്സും പാടെ
ശുദ്ധീകരിക്കപ്പെട്ടതുപോലെ !

ഈറനുമായി  ഗണപതിക്കും ശിവനും മുന്നിൽ സമർപ്പണം .

ഓരോ കല്ലിലും പാദം തൊടുമ്പോഴും കണ്ണുകൾ ഇരുവശത്തേക്കും
തിരഞ്ഞുകൊണ്ടിരുന്നു .എല്ലാ മരങ്ങളെയും കണ്ണാലുഴിഞ്ഞു .അവയിൽ
ഏതിനായിരിക്കും എന്റെ അച്ഛന്റെ അസ്ഥി  വളമായിത്തീർന്നത്‌ ..
അച്ഛന്റെ അസ്ഥിക്ക് മേൽ മുളപൊട്ടിയ ചെടിക്ക്‌ ഇപ്പോൾ നാലുവയസ്സ്
പ്രായം .അച്ഛന്റെ മകളിതാ തൊട്ടടുത്തുണ്ടെന്ന്  ഏതു മരത്തിന്റെ വേരുകളാവും
അതിന്റെ ശിഖരങ്ങളോട്  രഹസ്യമായി പറഞ്ഞിട്ടുണ്ടാവുക?..

പടവുകൾ കയറി മുകളിൽ ചെന്നുനിന്ന്‌ ഒന്നുകൂടി നോക്കി .

മഹാവിഷ്ണുവിന്റെ തിരുസന്നിധിയിൽ  നെയ് വിളക്ക് സമർപ്പിച്ച്‌ ,കണ്ണുനിറയെ
പ്രാർത്ഥന .

ഇനി മടക്കം . തിരിച്ചറിയാനാവാതിരുന്ന ആ മരത്തെയും കൂടെയുള്ള എല്ലാ
മരങ്ങളെയും , അച്ഛൻ അസ്ഥിയായ്  ഉറങ്ങിയ , ആ  തെളിനീരരുവിയുടെ
മടിത്തട്ടിനെയും ഞാനെന്റെ  കരളിൽ പതിച്ചെടുത്തു വച്ചു . എനിക്കെന്നും
തണൽ വേണം , പുതച്ചുറങ്ങാൻ കുളിരും .

2013 ജൂലൈ 23, ചൊവ്വാഴ്ച

പ്രാർത്ഥിക ...

#

എത്ര വേഗത്തിലോടിയിട്ടും
ഞാനെന്താണെന്നും
ബാല്യത്തിന്റെ
ഉമ്മറപ്പടിയിൽത്തന്നെ
ജയിക്കുന്നു !

തൊഴുത്തിലെ ഓലവിടവിലൂടെ
പൂവാലിപ്പശുവിന്റെ  വയറിൽ
സൂര്യനെക്കണ്ടതും
നുള്ളിയെടുക്കാൻ നോക്കിയതും
ഇന്നലെ .

പത്തായത്തിനുള്ളിൽ തിരികത്തിച്ച്
പൂട്ടിവച്ച കദളിക്കുല
മഞ്ഞയുടുപ്പിട്ടോന്നു നോക്കാൻ
പതുങ്ങിപ്പതുങ്ങി പോയതും
ഇന്നലെ .

ആയമ്മ കനലിൽ ചുട്ടെടുത്ത കപ്പ
കൊതിമൂത്ത്‌  തട്ടിയെടുത്ത്
നാക്കു പൊള്ളിച്ചതു കണ്ട്
ചിരട്ടയിലിടിച്ച ചമ്മന്തി കളിയാക്കിച്ചിരിച്ചതും
ഇന്നലെ .

അച്ഛൻ  തന്ന പൈസ
കൈകുത്തി നിരങ്ങുന്ന ലക്ഷ്മണനു കൊടുത്തിട്ട്
അവന്റെ ചിരി തിരികെ വാങ്ങിയതും
കുറ്റിപ്പെൻസിൽകൊണ്ടെഴുതിയതും
ഇന്നലെ .

എന്നിട്ടുമെന്നിട്ടുമെന്തേ
ഭരണി നിറച്ച കുന്നിമണികൾക്കിടയിൽ നിന്ന്
കണ്ടെടുക്കാനാവുന്നില്ല
ആദ്യമായ്
കൂട്ടിവായിച്ച വാക്ക് ???!

#

2012 നവംബർ 16, വെള്ളിയാഴ്‌ച

ഒസ്സ്യത്ത്
#

പകലിന്റെ നീളം
നിദ്രകൊണ്ട്
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ,

അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ ,


നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ ,


കാത്തുകിടക്കുന്ന ആട്ടുകട്ടില്‍
കാറ്റിലാടിയാടി
പതിയെ കരയുകയാണെങ്കില്‍ ,

പാറുന്ന ശലഭമിഥുനങ്ങളുടെ
ചലന വേഗം
നിര്‍വികാരതകൊണ്ടളക്കുകയാണെങ്കില്‍ ,


മുഖത്തെ മഴത്തുള്ളികള്‍
വടിച്ചെറിഞ്ഞ്
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ ,

നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ ,

മകനേ ,
നീയെനിക്ക്
ദയാവധത്തിന്റെ
പുണ്യം തരിക .
#

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അക്ഷരം സമം അമൃതം

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു :...............




വിരല്‍ തൊട്ട് , അക്ഷരങ്ങള്‍ വായിച്ചതും അക്ഷരങ്ങള്‍ പെറുക്കി വെച്ച്
വാക്കുകള്‍ ഉണ്ടാക്കിയതും വാക്കിനര്‍ത്ഥം തെരഞ്ഞതും ഓര്‍മയിൽ
തിളങ്ങി നില്ക്കുന്ന മനോഹരചിത്രങ്ങള്‍ .

ഗുരുക്കന്മാര്‍ തിരഞ്ഞെടുത്തു തന്ന വാക്കുകള്‍ പെറുക്കിക്കൂട്ടി അന്നുണ്ടാക്കിയ
സ്വപ്നക്കൂട്  .ഇന്നും നോക്കിയിരിക്കുന്നു, അന്നത്തെ ആ കുഞ്ഞിന്റെ
അതേ  വിസ്മയത്തോടെ.......

എഴുതാന്‍ , വായിക്കാന്‍ , കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത , അര്‍ത്ഥമറിയുന്ന
അനവധി വാക്കുകള്‍ ഇന്നും !

തറ , പറ , പന , തല , വല യിലൂടെ , അമ്മ എനിക്ക്  എന്നും കാച്ചിയ
പാല്‍ തരുമെന്നും മുറ്റത്തൊരു മൈനയെന്നും കൂട്ടി വായിച്ച് , ആമയും
മുയലും പന്തയം വച്ചതും ആന തുന്നല്‍ക്കാരനെ വെള്ളം ചീറ്റി ,പകരം
ചോദിച്ചതും വായിച്ചുരസിച്ച് അക്ഷരങ്ങളിലൂടെ പിന്നെ ഒരു വിശാല -
ലോകത്തേയ്ക്ക് .........അക്ഷരം അമൃതമാണെന്നറിഞ്ഞുകൊണ്ട് !

ഏതോ  ഒരു ശുഭനിമിഷത്തിൽ , ആരോടും സഹായം ചോദിക്കാതെ ,
ഒറ്റയ്ക്ക്  അക്ഷരങ്ങൾ പെറുക്കിയെടുത്ത് , ചേർത്തുവച്ച്  വായിച്ച വാക്ക് .
ഏതായിരിക്കും ആ വാക്ക്  ? സ്വർഗീയമായ ആനന്ദം പകർന്നുതന്ന
ആ വാക്ക് .......ഒരു സ്വപ്നത്തിൽ  കടന്നുവന്നെങ്കിൽ ...............!!!!!

#







2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിരല്‍ തൊടുംവരെ ...

ഒച്ചയുണ്ടാക്കിയിക്കിളിയിട്ടൊരാ
കുഞ്ഞുകാലിലെ വെള്ളിക്കൊലുസ്സുകള്‍ ,

കാറ്റിലാടി കൊതിപ്പിച്ചു നിന്നൊരാ
നാട്ടുമാവിന്റെ കന്നിക്കിടാത്തികള്‍ ,

സ്വപ്നസഞ്ചാരവീഥിയില്‍ പൂത്തൊരാ
സൂര്യനും ചോരചിന്തിയ  സന്ധ്യയും ,

കണ്ടതെല്ലാം മനക്കണ്ണില്‍ത്തെളിയുവാന്‍
നീട്ടണേ വിരല്‍ ; ഞാനൊടുങ്ങുംവരെ .




                     

2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

'' വരദാനം തരൂ സൂര്യാ ...........''



കാവ്യലോകത്തെ  അതികായന്‍ കവി അയ്യപ്പന്റെയും ,
കാത്തുകാത്തുനിന്ന്  മുഴങ്ങിയ ആചാരവെടികളുടെയും
ഓര്‍മ്മയ്ക്ക്  ഇന്ന്  രണ്ടു വയസ്സ്  തികയുന്നു .







'' വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ  കണ്ടുവോ
പുരയില്ലാ വീടില്ലാ ..............''

അക്ഷരലോകത്തൊരു കൊട്ടാരം പണിതുവെച്ച് ,
 'പൂവിലൂടെ തിരിച്ചുപോയ ' അതിസമ്പന്നന്‍ .......

'' പൂക്കാത്ത മരത്തിനൊരു
പാട്ടു നീ പാടുക
പച്ച നിറത്തിനെ
മാമ്പഴമാക്കുക
.......................
വീണ്ടെടുക്കുക
നെഞ്ചില്‍ നിന്നമ്പിനെ
വീണ്ടും
കൊയ്യുക
എന്റെയീ
കണ്ണുകള്‍  ''

                   '' സ്നേഹിതാ ,
                 കാലത്തെക്കുറിച്ചു  പറഞ്ഞത്
                 ഏകവചനത്തിലെടുത്താല്‍ മതി
                 ഞാന്‍ പറഞ്ഞത്  നിന്നെക്കുറിച്ചാണ് .''


             




2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

'അസിധാര'

കൂടിച്ചേർന്നു നിന്ന വ്രതത്തെ അറിഞ്ഞുകൂടാത്ത വ്രതങ്ങളുടെ കൂട്ടത്തിൽ
ഉപേക്ഷിച്ച് , വായനയ്ക്കൊടുവിൽ എടുത്തുവച്ച വാക്ക് ' അസിധാര '.
എവിടെയും കണ്ടതായി ഓർക്കുന്നില്ല . ചന്തം തോന്നി മടിയിലിരുത്തി
ഊരും പേരും പേരിന്റെ പൊരുളും ചോദിച്ചു . എന്തൊക്കെയോ പറഞ്ഞു .
എനിക്കൊന്നും പിടികിട്ടിയില്ല . സ്ഥലവും സന്ദർഭവും ഒക്കെ കൂട്ടിവച്ചുനോക്കി .
എന്തോ ഒരു പന്തികേട്‌ . ഒടുവിൽ അവളെ ശബ്ദതാരാവലിയുടെ മുന്നിൽ
കൊണ്ടു പോയി  . എന്റെ മടിയിലിരുന്ന പാവം കുട്ടിയാണോ ഇവൾ ....!!!
ഞാനൊന്നു ഞെട്ടി .
നിലത്തുവയ്ക്കില്ല ഞാനിവളെ . അവൾ കൊണ്ടു പോയ വഴികൾ ,അവളുടെ
കുഞ്ഞുകവിൾ നുള്ളി നോവിച്ച് , ആ ഇളം ചുവപ്പിനെ ഉമ്മ കൊടുത്ത് , കടും
ചുവപ്പാക്കി മാറ്റിയ നിമിഷങ്ങൾ ! എങ്ങനെ മറക്കാൻ .......

വാക്കിനോളം ചന്തമില്ലൊരു വരയ്ക്കും വർണത്തിനും                   
                   
(അസിധാര',വാളിന്റെ വായ്‌ ത്തല  എന്നര്‍ത്ഥം.അസിധാരയ്ക്ക് പിന്നില്‍ ഒരു
വാക്ക് ചേര്‍ന്ന്  അസിധാരാവ്രതം ആയാലോ ......കാമോദ്ദീപങ്ങളായ സകല
 ശൃംഗാരോപകരണങ്ങള്‍ കൊണ്ട് അലംകൃതമായ ശയ്യാഗൃഹത്തില്‍ മനോമോ -
 ഹനങ്ങളായ വേഷാലങ്കാരങ്ങള്‍ കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്
സരസസല്ലാപം ചെയ്ത്  കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക
എന്ന വ്രതം (വാളിന്റെ മുനയില്‍ നില്‍ക്കുന്നതുപോലെ അത് ദുഷ്ക്കരമായ കാര്യം
എന്നര്‍ത്ഥം .)
അശ്വമേധം ചെയ്ത  കാലത്ത്  ധര്‍മപുത്രര്‍  ഒരു വര്‍ഷം ഈ വ്രതം അനുഷ്ടിച്ചു
എന്ന്  പുരാണം .

നീ
അസിധാരാവ്രതം മുടക്കിയ ആഗ്രഹം
ഞാൻ
പിഴച്ചുപോയ കല്ലുവീണ പിതൃത്വത്തിന്റെ ജലാശയം .

...കവി അയ്യപ്പൻ
( ദുരവസ്ഥ )
          
അനാഥരായി   അലയാന്‍ വിട്ട വാക്കുകളോടും മോഹിപ്പിച്ച് , കരയിച്ച
 വാക്കുകളോടും  മാപ്പിരക്കാന്‍ വേണമെനിക്കൊരു  ' വാക്ക് . '





2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

വാതിലിനിപ്പുറം



'' പണ്ട്  ഓരോരുത്തര്‍ക്കും ധാരാളം വീടുകളുണ്ടായിരുന്നു .അയല്‍പക്കത്തെ
വീടുകളും സ്വന്തം വീടുകള്‍ പോലെതന്നെ . അവയുടെ മുന്‍ വാതിലുകള്‍ എപ്പോഴും
തുറന്നുകിടന്നിരുന്നു . അന്യഥാ ബോധമില്ലാതെ എവിടെയും എപ്പോഴും കടന്നു -
ചെല്ലാമായിരുന്നു .ഇന്ന് എല്ലാ വീടുകളുടെയും മുന്‍വാതില്‍ അടഞ്ഞു കിടക്കുന്നു .
അയല്‍പക്കത്തെ കൊച്ചുകുട്ടി വീട്ടിലേയ്ക്ക് വരുന്നത് കോളിംഗ് ബെല്‍ അടിച്ച്
അനുമതി കിട്ടിയതിനുശേഷം മാത്രം ''
................റഫീഖ്  അഹമ്മദ് .


ഇന്നും പലര്‍ക്കും സ്വന്തമായി ധാരാളം വീടുകള്‍ .ഒരു കുട്ടിക്കായി ഒന്നിലധികം
വീടുകള്‍ ...എല്ലാ വീടുകളുടെയും മുന്‍ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു ..
.................കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ  വാതായനങ്ങള്‍  പോലെ ............
പലപല കാരണങ്ങള്‍ ..കാലത്തിനു മുന്പേ കുതിച്ചെത്താന്‍ നെട്ടോട്ടമോടുന്ന
മനുഷ്യരുടെ ലോകം ...അവിടെ സ്നേഹത്തിനോ പരസ്പരവിശ്വാസത്തിനോ
ഒന്നും  സമയം തികയുന്നില്ല ..ലോകത്തെ  തന്നിലേയ്ക്കൊതുക്കുന്ന ജീവിതശാസ്ത്രം !


ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ വീട്ടിലെ മുന്‍ വാതില്‍ മൂന്നുവര്‍ഷം മുന്‍പ്‌
വരെ സദാ തുറന്നു കിടന്നിരുന്നു . വീടിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന
അച്ഛന്റെ സാന്നിധ്യം , അമ്മയോട്  പറയുന്നുണ്ടാവും , 'കാലം നന്നല്ല , വാതിലടച്ച്‌
തഴുതിട്ടോളൂ ' എന്ന് ...അവിടെ അയല്‍പക്കത്തെ കുട്ടികള്‍ അനുമതിക്കായി
കാത്തുനിന്നിരുന്നില്ല . ഭിക്ഷക്കാരും വഴിതെറ്റി വരുന്നവരും അമ്പലപ്പിരിവുകാരും
അപരിചിതരും മാത്രം പുറത്തുവന്നു നിന്ന് ' ഇവിടാരുമില്ലേ ? ' എന്ന് ചോദിച്ചിരുന്നു .
തുറന്നു കിടക്കുന്ന വാതിലിന് കോളിംഗ് ബെല്‍ ഒരു അനാവശ്യവസ്തുവാണെന്ന്
അവരും തിരിച്ചറിഞ്ഞിരുന്നു .....


ചെന്നുകയറിയ വീടിന്റെ മുന്‍വാതിലും എപ്പോഴും തുറന്നുകിടന്നിരുന്നു !
ഉച്ചനേരത്ത്അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോഴും തുറന്നു കിടക്കുന്ന മുന്‍വാതില്‍ .
ഇന്നും വിരുന്നുകാരെപ്പോലെ വല്ലപ്പോഴും കയറിച്ചെന്ന് പൂട്ടിക്കിടക്കുന്ന
വാതില്‍ തുറന്നാല്‍ , രാത്രി ഉറങ്ങാന്‍ പോകുന്നതുവരെ വാതിൽ
തുറന്നുതന്നെ കിടക്കണമെന്ന്  എനിക്ക്   നിര്‍ബന്ധം .

മുന്‍വാതിലിലൂടെ അനുവാദം ചോദിക്കാതെ കടന്നുവരുന്ന പകലും ,തുറന്നിട്ട
ജനാലയിലൂടെ നക്ഷത്രങ്ങളെ കാണിച്ചുതന്ന് , അനുവാദം ചോദിക്കാതെ
ഉറക്കത്തിലേയ്ക്ക്  കൂട്ടിക്കൊണ്ടുപോകുന്ന രാത്രിയും....സ്വര്‍ഗത്തെക്കാള്‍ എത്ര
സുന്ദരിയാണ്  ഈ  ഭൂമി ....എനിക്ക് വല്ലപ്പോഴും സ്വന്തമാകുന്ന രാപ്പകലുകള്‍ .
എന്റെ ഇഷ്ടക്കാരായ ഈ രാപ്പകലുകളെ  പിന്‍മുറക്കാര്‍ക്ക്  കൈമാറണം ,
 ഇഷ്ടമെങ്കില്‍ ...ആവശ്യമെങ്കില്‍  അവരെടുത്തോട്ടെ .............


*******************



                                19 - 10 - 2012 - ലെ  മാതൃഭൂമി പത്രവാര്‍ത്തയാണിത്‌ .
                                ഈ പന്ത്രണ്ടുവയസ്സുകാരന്‍  ഭവനഭേദനത്തിന് പോയവനല്ല .
                                പന്തെടുക്കാന്‍ വീട്ടുവളപ്പില്‍ കയറിയതാണ് . കഷ്ടം !!!!!!
                                കാലം ഇന്നത്തെ മനുഷ്യനെ നോക്കി പകച്ചു ഓടുകയാണ് .



2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

Mercy അഥവാ ദയ അഥവാ കനിവ് .

                                                               
http://www.youtube.com/watch?v=3wk5aqCm9Ys


'' കാറ്റും മഴയും വെയിലും  മഞ്ഞും  കൂട്ടാക്കാതെയിതാരോ ...''
ദയാബായി .........................
ഈ പുസ്തകം തുറന്നു നോക്കിയാല്‍ ജീവിതം എന്ന വാക്കിന്റെ ശരിയായ
അര്‍ത്ഥം തെളിഞ്ഞു കാണാം .

മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അവരോടൊപ്പം നടന്ന് , കാലുകള്‍
വിണ്ടുകീറിയപ്പോഴൊക്കെ , നേരില്‍ കാണാന്‍ , ഒന്നു മിണ്ടാന്‍ ഒരുപാട്
മോഹിച്ചു .

ഇന്ന്  ആ വാക്കുകള്‍ ...അതിലെ ആര്‍ദ്രത , സ്ഥൈര്യം .....ഒരു നിമിഷം
കൊണ്ട് , ആ ശബ്ദത്തില്‍ ലയിച്ച്.... ഞാന്‍ പറന്ന് ബറൂളില്‍  എത്തി .

ചൂഷണം ചെയ്യപ്പെടുന്ന ആദിവാസി സമൂഹത്തിനുവേണ്ടി ജീവിതം
സമര്‍പ്പിച്ച്‌ , അവര്‍ക്കായി ഒറ്റയ്ക്ക്  പടവെട്ടുന്ന ധൈര്യശാലി .പ്രകൃതിയെ
സ്നേഹിച്ച് , സഹജീവികളെ സ്നേഹിച്ച് , വരും തലമുറകള്‍ക്ക് , മരിക്കാത്ത
ഭൂമിയെ കൈമാറാനായി  ഒരു  ജീവിതം .

രാസവസ്തുക്കളും കീടനാശിനികളും നിരോധിച്ചിരിക്കുന്ന സ്വന്തം മണ്ണില്‍
നെല്ലും ഗോതമ്പും ചോളവും ഞവരയും നാരങ്ങയും ചെറിയും എന്നല്ല
ഭക്ഷ്യയോഗ്യമായതെല്ലാം വിളയിച്ചെടുക്കുന്നതിന്റെ  പിന്നിലെ ശാസ്ത്രം
ലോകത്തെ ബോധ്യപ്പെടുത്തി  ഭൂമിയോട്  കാട്ടുന്ന ' ദയ .'

കേരളം മരിക്കാതെ, വളരണമെങ്കില്‍  ഒരു മരുന്നേയുള്ളൂ , അത്  കാര്‍ഷിക
വിപ്ലവമാണെന്ന എന്റെ  എളിയ അഭിപ്രായപ്രകടനത്തോട്  അവര്‍
 പ്രതികരിച്ചത് , ''ഇപ്പോള്‍ നമ്മള്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
 കൃഷി രീതികള്‍ അല്ല വേണ്ടത് .ആദിവാസികളുടെ കൃഷി ശാസ്ത്രമാണ്
 നമ്മള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അതാണ്‌  നമ്മള്‍
പിന്തുടരേണ്ടതും .'' സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ , ആ
 മണ്ണിന്റെ  പ്രിയപുത്രിയെ ഞാന്‍ മനസ്സാ  നമിച്ചു .

കടല്‍  മഴ പെയ്യിക്കുന്നത് കരയ്ക്കുവേണ്ടി . അതറിയാതെ നമ്മള്‍ മഴവെള്ളം
കടലിനു തന്നെ  തിരിച്ചു കൊടുക്കുന്നു . ദാഹം ശമിക്കാതെ ഞെളിപിരി
കൊള്ളുന്ന കര . കലിതുള്ളുന്ന  കടലിന്റെ ഒരു  നഖപ്പാട്  മതിയാവും
' പരശുരാമന്‍   മഴുവെറിഞ്ഞു  നേടിയ പുണ്യഭൂമി ' പുരാണത്തില്‍ നിന്ന്
 ചരിത്രത്തിലേയ്ക്ക്  ഒഴുകിപ്പോകാന്‍ .

ഭൂമിയുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കുന്ന ഉപഭോഗ സംസ്കാരം .
ഇടയ്ക്കിടെ  ഉരുള്‍ പൊട്ടിയും  നീരുറവകള്‍  വിഴുങ്ങിയും പ്രതിഷേധിക്കുന്ന
ഭൂമി .

ഭൂമിയോട്  ദയ കാണിക്കുക . അവള്‍  കനിഞ്ഞു തരും നീരുറവകള്‍ ....
ദയാബായിക്കെന്ന പോലെ !

ദയാബായി എന്ന പുസ്തകം മടക്കി വച്ച്  ഞാനെന്ന പുസ്തകം ഒന്നു
തുറന്നു നോക്കി . ജീവിതം എന്ന വാക്ക്  കണ്ടു . പക്ഷെ  അതിന്റെ
അര്‍ത്ഥം തെളിഞ്ഞിട്ടില്ല ,   വായിക്കാനാവുന്നുമില്ല ...........

***********************************************

2012 സെപ്റ്റംബർ 4, ചൊവ്വാഴ്ച

ആചരിക്കേണ്ടവ..

 #

പ്രിയ സഖേ ,
വാവിട്ടു കരഞ്ഞ്
ഒറ്റയ്ക്ക്  വന്നവര്‍  നമ്മള്‍ .
നമുക്ക്  കാണാനും
നമ്മളെ  കാണാനും
ഉള്ളിന്റെയുള്ളിലൊരു
വിളക്ക്  കൊളുത്തിവെയ്ക്കണം .
വന്നുപോകുന്നവര്‍ക്ക്
വലംകൈ  വീശി ,
നറുപുഞ്ചിരിയോടെ
ഒരു  യാത്രാമൊഴി .
പൂവ്  തരുന്നവര്‍ക്കും
മുള്ള്  പാകുന്നവര്‍ക്കും
പറയാതെ  പോകുന്നവര്‍ക്കും
ഒരു കുമ്പിള്‍  പ്രാര്‍ത്ഥന .
വച്ചുനീട്ടിയും
ഞൊടിയിടകൊണ്ട്
തിരിച്ചെടുത്തും ,
മധുരം കയ്പായ്  മാറ്റുന്ന
മായാജാലക്കാരനെ
പരിഭവമേതുമില്ലാതെ
നീതിമാനെന്ന്  വാഴ്ത്തണം .
അങ്ങനെയെന്നാല്‍
ചിരിച്ചുചിരിച്ച്‌
നമുക്ക്  തിരിച്ചുപോകാം .



2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വെറുതെ ...

 #

 
കാടും  മേടും  തേടിയലയുന്ന
പൂക്കളുടെ ആത്മാക്കള്‍
വേനല്‍ച്ചൂടില്‍ കരയുന്നത് കേട്ട് ,
 മുറ്റം  ഉരുള്‍പൊട്ടി
ഒലിച്ചുപോകുന്നത്   നോക്കിനിന്ന് ,
'അത്തം  പത്തിന്  പൊന്നോണമെന്ന്
ഞാനും പാടി ..
വെറുതെ ....വെറുതെ !

മുറ്റത്തെ  പഞ്ചാരമണലില്‍
ഊക്കോടെ  മുറുക്കിത്തുപ്പി ,
പഴങ്കഥ ചൊല്ലിയ  മുത്തശ്ശിയെ  ഓര്‍ത്ത് ,
വിരലുകള്‍  പൊള്ളിച്ച
രുചിയോര്‍മകള്‍  നുണഞ്ഞ് ,
ഒരു  തെളിനീര്‍ പുഴ  തേടിയലഞ്ഞ് ,
ഊഞ്ഞാലിനൊരു   കൊമ്പ്  നോക്കി
നടന്ന്‌ ,നടന്ന് , തളര്‍ന്ന്
ഒടുവിൽ ഞാനൊരു  പാട്ട്  മൂളി  ,
വെറുതെ ....വെറുതെ !

മനുഷ്യർ
മൃതമാക്കിയ  സ്വപ്നങ്ങളുടെ
ശവപ്പറമ്പിനു  മേലെ
ചമ്രം പടിഞ്ഞിരുന്ന് , സദ്യയുണ്ട് ,
തൂശനില മടക്കി , മുറ്റത്തേയ്ക്കിറങ്ങി ,
മഴയോട് രഹസ്യമായി പറഞ്ഞു ,
 ' ഞാനും  കൊണ്ടാടി  ഒരോണം '
വെറുതെ ...... വെറുതെ !

#

2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ബീഹാര്‍ സ്വദേശിയായ അഭ്യസ്തവിദ്യനായ ഒരു യുവാവ് മലയാളികളുടെ കൈകളാല്‍
ഈയിടെ കൊല്ലപ്പെട്ടു ......അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എത്തുംമുമ്പ് വര്‍ക്കലയില്‍
മുനി നാരായണപ്രസാദിനോടൊപ്പം 20 ദിവസത്തോളമുണ്ടായിരുന്നു ........അവിടത്തെ സര്‍വമതപ്രാര്‍ഥനയില്‍ നിന്ന് അയാള്‍ക്ക്‌ ഏറ്റവുമെളുപ്പത്തില്‍ ഹൃദിസ്ഥമായ പ്രാര്‍ഥനയായിരുന്നു ' ബിസ്മില്ലാഹി റഹ് മാനി റഹിം ' എന്നത് ..............ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടു എന്ന് പരക്കെ തിരിച്ചറിയപ്പെടുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് കേരള ഭരണകൂടം ഒട്ടകപ്പക്ഷിയെപ്പോലെ അതിന്റെ തല അവസരവാദ പരമായ വര്‍ഗീയതാ പ്രീണനന്റെയും സ്വജനപക്ഷപാതത്തിന്റെയും പൂഴിമണ്ണില്‍ നിയമവാഴ്ച്ചയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പൂഴ്ത്തിനില്‍ക്കുന്നു ..........ടി . പി .ചന്ദ്രശേഖരന്‍ വധത്തെ ശരിയായിത്തന്നെ അതിന്റെ എല്ലാ ഗൌരവത്തോടെയും കൈകാര്യം ചെയ്ത മാധ്യമങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ആള്‍ദൈവത്തിന്റെ മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്നത് ..............ഭഗവത്ഗീതയില്‍ രക്തചൊരിച്ചില്‍ ന്യായീകരിക്കപ്പെടുന്നത്‌ ധര്‍മയുദ്ധത്തിലാണ് .സത് നാം സിംഗ് ഒരു യുദ്ധവും ചെയ്തില്ല .
അയാള്‍ നിരായുധനും നിരാലംബനുമായിരുന്നു ................കരുണാമൂര്‍ത്തിയെന്നും സ്നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍ മുന്നില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ് മാനസികാരോഗ്യാശുപത്രിയിലെ
തറയിലൂടെ ഇഴഞ്ഞു കുളിമുറിയിലെ നിലത്തു വീണു കിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത് ........................................................

------------- ശ്രീ . സക്കറിയ
( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

കൊല ചെയ്യപ്പെട്ടത് ഒരു നിരായുധന്‍ .വാക്കുകളായിരുന്നു
ആയുധമെങ്കില്‍ , അവന്‍ ആരായിരുന്നു എന്ന് തെളിയിക്കാന്‍
അവന്‍ ജീവിച്ചിരിക്കണമായിരുന്നു .

ഒന്ന് വിരല്‍ ചൂണ്ടിയാല്‍ ,, ഉത്തരത്തിന്റെ മുനയൊടിച്ചാല്‍ ,,
തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അസഹിഷ്ണുക്കളും അസ്വസ്ഥരും
ആയിത്തീരുന്ന കാവല്‍ മാലാഖമാര്‍ , രാഷ്ട്രീയത്തിന്റെയും
മതത്തിന്റെയും കാവല്‍ മാലാഖമാരായി സ്വയം അവരോധിക്ക -
പ്പെട്ടവര്‍ . അവര്‍ക്ക് ദാഹം തീരണമെങ്കില്‍ എതിരെ വന്നു
നില്‍ക്കുന്നവന്റെ രക്തം കൂടിയേ തീരൂ .65 വര്‍ഷത്തെ
സ്വാതന്ത്ര്യാസ്വാദനത്തിന്റെ ബാക്കിപത്രം .

നഷ്ടം ഒരു കുടുംബത്തില്‍ മാത്രമായി എന്നേക്കുമായി
ഒതുങ്ങും .മറ്റുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ദുരന്തങ്ങള്‍
ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും .
മനുഷ്യരുടെ ഓര്‍മയ്ക്ക് ആയുസ്സ് കുറവാണെന്നും ചരിത്രത്തില്‍
മായം ചേര്‍ക്കാമെന്നും ആസൂത്രകര്‍ക്ക് നന്നായി അറിയാം

അഹിംസ , സത്യം , ത്യാഗം ,ധര്‍മം ഒക്കെയും കുഴിച്ചുമൂടിയ
ഈ മണ്ണില്‍ നിന്നുകൊണ്ട് , അമ്മമാരുടെ പെയ്തൊഴിയാത്ത
കണ്ണുകള്‍ കണ്ടില്ലാ എന്ന് നടിക്കാതെ നമുക്ക് നാളെ , ഈ
ഒരു ദിവസമെങ്കിലും ഉച്ചത്തില്‍ ഒന്ന് വിളിച്ചു പറയാം ,
' ഭാരത്‌ മാതാ കീ ജയ്‌ '

2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മോക്ഷത്തിലേയ്ക്ക് ...

 #

എന്റെ പ്രണയമേ ,

ഞാന്‍ നുകരുന്ന
പൂവിന്റെ മണവും
കാറ്റിന്റെ സംഗീതവും
മഴയുടെ കുളിരും
നിനക്ക്  തരാം
പകരം
നിന്റെ ശ്വാസതാളത്തില്‍
എന്നെയൊന്നുറക്കുക .

#

2012 ജൂലൈ 29, ഞായറാഴ്‌ച

തലക്കെട്ടില്ലാത്തത് ...


അന്നെനിക്ക്
രാത്രിയെ വല്ലാത്ത പേടിയായിരുന്നു
ചീവീടുകള്‍ ചിലയ്ക്കുന്നതും
നായ്ക്കള്‍ ഓരിയിടുന്നതും
മൂങ്ങ മൂളുന്നതും...
ചങ്ങല , താളത്തില്‍ കിലുക്കി
നിശാചരികള്‍ ദിശയറിയാതലയുമെന്നും
പാല പൂക്കുന്ന രാത്രികളില്‍
യക്ഷികള്‍ പനമുകളീന്ന് ഇറങ്ങുമെന്നും
മുടിയഴിച്ചിട്ട് , രക്തദാഹികളായി
പാടിനടക്കുമെന്നും കിനാവു കണ്ട്
പനിച്ചുവിറച്ച്
അമ്മച്ചൂട് പുതച്ചുറങ്ങിയിരുന്നു .

ഇന്നെനിക്ക്
രാത്രിയെ വല്ലാത്ത ഇഷ്ടമാണ്
കറുകറുത്ത മാനത്തെയും
അവിടെയാണ് എന്റെ അച്ഛന്‍
ഉറങ്ങിയുണരുന്നത്
പറന്നിറങ്ങി വന്ന്
അച്ഛന്‍ വിരല്‍ നീട്ടും
കണ്ണുകളടച്ച്‌ ,വിരല്‍തുമ്പ്‌ തൊടുമ്പോള്‍
ഞാനുമൊരു നക്ഷത്രമാകും .
വിണ്ണിലെ പേരില്ലാവീട്ടിലെ
ഭരണി തുറന്ന് ഒരു തുണ്ട് കല്‍ക്കണ്ടം
അച്ചനെന്റെ നാവില്‍ തരും
അലിഞ്ഞുതീരരുതേയെന്ന് പ്രാര്‍ത്ഥിച്ച്
ഞാനത് നുണയും
കണ്ണുകള്‍ തുറക്കുമ്പോള്‍
നെറ്റിയില്‍ ഒരുമ്മയും തന്നിട്ട്
അച്ഛന്‍ ആകാശത്ത്
വീണ്ടും ചിരിക്കും .

( എന്റെ അച്ഛന്‍ ഒരു നക്ഷത്രമായിട്ട് നാളെ മൂന്നുവര്‍ഷം)

*************

2012 ജൂലൈ 23, തിങ്കളാഴ്‌ച

മഴ വീഴുമ്പോള്‍ നിന്റെ വീട് എങ്ങനെയാണ് ? വേനലില്‍ 
തീ കായുന്ന ഭ്രാന്തിത്തള്ളയെപ്പോലെയോ? പനി പിടിച്ച്
വിറകൊള്ളുന്നതു പോലെയോ ? ......ഞാനൊരിക്കലും 
നിന്റെ വീട് കണ്ടിട്ടില്ല ,കാണുകയുമില്ല ...കണ്ടാല്‍ പിന്നെ 
എന്റെ വിഭാവനകള്‍ പരിമിതപ്പെടും . ആ വീടിനകത്തുള്ള
നിന്നെ മാത്രമേ പിന്നീട് എനിക്ക് വിചാരിക്കാനാവുള്ളൂ .
ഇപ്പോള്‍ എന്റെ മനസ്സില്‍ എത്രയെത്ര വീടുകളാണ് .
....ആ വീടുകളിലൊക്കെയും നീ കിനാവുകണ്ടിരിക്കുന്നു ,
പൊറുതികെട്ട് നടക്കുന്നു , മുടിയഴിച്ചിട്ട് മാനം നോക്കുന്നു,
കൈവിരല്‍ ഞൊടിക്കുന്നു , കാല്‍പ്പെരുമാറ്റങ്ങളെ പേടിച്ച്
ധൃതിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .........

മഴ കൊള്ളുന്ന നിന്റെ വീടിനെക്കുറിച്ചാണ് ഇപ്പോള്‍ എന്റെ
വിഭാവനകള്‍ . നിന്നെപ്പോലെ ആ വീട് എനിക്കു നേരെ
പരിഭവിക്കുന്നു .കണ്ണുകളില്‍ അനുരാഗം നിറച്ച് അമര്‍ഷം
നടിക്കുന്നു ..............

നിന്റെ വീട് കാണാതെ , നിന്നെമാത്രം കണ്ടുകൊണ്ട്‌
ഇങ്ങനെയോരോന്ന് മനസ്സിന്റെ രാജ്യങ്ങളില്‍ പണിതുകൊണ്ട്
ഈ നിമിഷങ്ങളില്‍ ഒരു കഥാകാരാനാകുകയാണ് ഞാന്‍ ...

'മഴ വീഴുമ്പോള്‍ '
'കഥകള്‍ '.... വി . ആര്‍ . സുധീഷ്‌

2012 ജൂലൈ 18, ബുധനാഴ്‌ച



അങ്ങകലെ
മറ്റൊരു ഭൂമിയുണ്ടത്രെ !
അവള്‍ക്ക് ചോപ്പു കുറഞ്ഞൊരു
സൂര്യനും !
അവളുടെ
ഭാരം മറന്നുള്ള
ഗതിവേഗത്തില്‍
നമുക്ക് ആയുസ്സ് കൂടുമത്രെ !

അവിടെ തെളിനീരുണ്ട്
ഭാണ്ഡം മുറുക്കി ,
കുട്ടികളെ ഉണര്‍ത്തുവിന്‍
വെള്ളക്കൊടിയും
ഉണങ്ങാത്ത വേരും
പിന്നെ ബോര്‍ഡും മറക്കണ്ട
ഇന്നലെ ഹരിശ്രീ കുറിച്ചവന്‍
എഴുതിയതാണത്
പിന്നാലെ എത്തുന്നവര്‍
വായിക്കട്ടെ ,
" ഇവിടെയാരും അണകെട്ടരുത് "

2012 ജൂലൈ 12, വ്യാഴാഴ്‌ച



'' ആഞ്ഞിലിപ്ലാവിന്റെ ചുവട്ടില്‍ വീണുകിടന്ന
ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടുമ്പോള്‍ കുഞ്ഞുഅമ്മ
 താനറിയാതെ അതേ വലിപ്പത്തിലുള്ള കല്ലുകളും
 പെറുക്കി പാവാടക്കുമ്പിളിലിട്ടു.ആഞ്ഞിലിക്കുരു അടുപ്പിലിട്ടു
ചുട്ടുതിന്നുമ്പോള്‍ കല്ലുചുട്ടതും അവള്‍ ഒപ്പം തിന്നു .
തിന്നുന്നത് കല്ലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അതുവരെ
 തിന്ന ഏതിനെക്കാളും സ്വാദ് അതിനാണെന്ന് അവള്‍ക്ക്
തോന്നി . ആഞ്ഞിലിപ്പ്ലാവിന്റെ മുതലവാലന്‍ വേരിന്റെ
ഇടയിലെ ഇത്തിരി വട്ടത്തില്‍ നിന്ന് പെറുക്കിയ കല്ലുകള്‍ ,
അതിന്റെ സ്വാദ് മറ്റുള്ളവര്‍ക്ക് എങ്ങനെ
മനസ്സിലാകാനാണ് ........

ഒന്നര മാസത്തെ യാതനകള്‍ക്കുശേഷം അവസാനമായി
അയ്യാട്ടുമ്പിള്ളിയിലെ ചുമരില്‍ ഒരിക്കല്‍ക്കൂടി സ്വമേധയാ
 തലയിടിച്ച്‌ മരിച്ചുവീഴുംവരെ കുഞ്ഞുഅമ്മ രക്തക്കറകളുടെ
ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞ ആ മുറിയില്‍ നിന്ന്
 പുറത്തിറങ്ങിയതേയില്ല ...........

എന്നാല്‍ ഒന്നെനിക്കറിയാം .പെണ്ണിന്റെ കണ്ണീരാണ്
പുരുഷന്‍ സ്ഥിരമായി ഭോഗത്തിനുപയോഗിച്ച സ്നിഗ്ദ്ധകം ,
എവിടെയും ; ഏതു കാലത്തും ...........

'ഒരു തെളിവ് കാണിച്ചു തരൂ ' അദ്ദേഹം നിര്‍ദയനായി
ചോദിക്കും ,' ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന്‌
ലക്ഷക്കണക്കിന്‌ മണിക്കൂറുകള്‍ക്കിടയില്‍ ,സ്വന്തം
 ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങള്‍ക്കായല്ലാതെ,
വരുംതലമുറയ്ക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു
 വെളിച്ചത്തിനുള്ള ഒരു തെളിവ് ..'' ഒന്നുമില്ല പ്രഭോ , .......
ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും
നരകത്തിലും ഒന്നുമില്ല '....................

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു .വിറയ്ക്കുന്ന
കൈകൊണ്ട് ആ പുസ്തകം വാങ്ങിയിട്ട് അവള്‍ അതിന്റെ
 പേര് വായിച്ചു , മനുഷ്യന് ഒരു ആമുഖം ................''

'' പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചു പോകുന്ന ഒരേയൊരു
 ജീവിയാണ് മനുഷ്യന്‍ '' എന്ന സത്യം അറിഞ്ഞ്..........
. ഒസ്യത്തില്‍ എഴുതിവയ്ക്കാന്‍ ഞാന്‍ സ്വന്തമാക്കിയ പുസ്തകം .
സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരു ആമുഖം '

*****

2012 ജൂലൈ 8, ഞായറാഴ്‌ച

''പ്രിയപ്പെട്ട എഴുത്തുകാരാ ... ഹൃദയം നിറഞ്ഞ 
വേദനയോടും അതിലേറെ സന്തോഷത്തോടെയുമാണ് 
ഞാനീ മെയില്‍ നിങ്ങള്‍ക്കയക്കുന്നത് ....എപ്പോഴെങ്കിലും 
എനിക്ക് നിങ്ങളെ ഒന്ന് നേരില്‍ കാണണമേന്നുണ്ട് ,
അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം 
ഒരു കഥയുണ്ട് ......അനുഭവിക്കുന്നവനുള്ളതല്ല കഥ ,
കേള്‍ക്കുന്നവനുള്ളതാണ് . അവനേ അതെഴുതാന്‍ കഴിയൂ 
...........പ്രിയ കഥാകാരാ ...ഒരു നോവലെഴുതണമെന്നും
അത് മലയാളത്തില്‍ എഴുതിയതില്‍ വച്ച് ഏറ്റവും സുന്ദരവും
മികച്ചതും വായിക്കപ്പെട്ടതും ആയിരിക്കണമെന്നും എന്റെ
ഒരു വലിയ മോഹമായിരുന്നു .അതിനു വേണ്ടി ഞാന്‍
നഷ്ടപ്പെടുത്തിയ വര്‍ഷങ്ങളെത്ര !...............

ലോകത്തിന്റെ ശബ്ദങ്ങള്‍ ഒടുങ്ങിയ ആ മഹാനിമിഷത്തില്‍
എഴുത്തുമുറിയിലേയ്ക്ക് കടന്ന്‌ ഞാനെന്റെ നോവലിലെ
ആദ്യവരി എഴുതി ......' സെലൂഷ്യയിലെ ഒരു തെരുവിലൂടെ
ഞാന്‍ നടക്കുകയാണ് , ഒരു ധൃവപ്രദേശത്തുകൂടി എന്നതു-
പോലെ കൈകള്‍ രണ്ടും ദേഹത്തോട് ചേര്‍ത്തുകെട്ടി
കൂനിപ്പിടിച്ചാണ് എന്റെ നടപ്പ് ......ജീവിതത്തിന്റെ കാലവും
കാലവും പരിസരവും മാറുന്നതനുസരിച്ച് പുതിയ ബന്ധങ്ങള്‍
ഉണ്ടാവുന്നു .അപ്പോള്‍ പഴയവ നമുക്ക് അന്യമാവുന്നു .
അവയെ നാം പടം പൊഴിച്ചു കളയുന്നു ..........

എന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒരു പിടി മണ്ണ് ഞാന്‍
അവള്‍ക്ക് കൂട്ടിനു കൊടുത്തു .എന്റെ സ്വപ്നങ്ങളുടെ ചൂട്
വഹിക്കുന്ന ഒരു പിടി മണ്ണ് ...!

അടക്കിവച്ച ഒത്തിരി സ്വപ്നങ്ങളുടെ മേല്‍ ഉറങ്ങുന്ന ഒരു
നിശാസുന്ദരിയാണ് നമ്മുടെ ഇന്ത്യ എന്ന് എനിക്കപ്പോള്‍
തോന്നിപ്പോയി .എപ്പോഴെങ്കിലും ഈ സ്വപ്നങ്ങളെല്ലാം
ഞെട്ടിയെഴുന്നേറ്റാല്‍ ...!

ഒടുക്കം കഥയെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ പറച്ചിലുകാരനും
കേള്‍വിക്കാരനും ഒരുപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്.
.............ഇനിയൊന്നും കേള്‍ക്കാനില്ലല്ലോ ഇനിയൊന്നും
പറയാനുമില്ലല്ലോ എന്നൊരു നൈരാശ്യം ...........

ഇതുവരെ ആരും പറയാത്ത ഒരു ഉപമ ഞാന്‍ കണ്ടു -
വച്ചിരുന്നല്ലോ .....അതെന്തായിരുന്നു ...? .....കൃത്യം
യോജിക്കുന്ന ഒന്ന് .അതെന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി
നഷ്ടപ്പെട്ടുപോയിരിക്കുന്നു ...! ''

( ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന
വിസ്മയിപ്പിക്കുന്ന നോവലില്‍ നിന്ന് )

2012 മേയ് 21, തിങ്കളാഴ്‌ച

ഓർമമരം .


2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

ശ്വാസമെന്നറികെ ...


മുറുകെപ്പിടിച്ചിരുന്ന ചൂണ്ടുവിരലിലെ പിടി വിട്ടു
എനിക്കും വല്ലാത്ത തിടുക്കമായിരുന്നു
ശ്വാസത്തിലിപ്പോഴും ചന്ദനത്തിന്റെയും
പനിനീരിന്റെയും സുഗന്ധം .
കണ്ണിനുള്ളിലെ ഇരുട്ടിലേയ്ക്ക്‌ പുരിയുടെ
പ്രവേശനദ്വാരവും അലങ്കാരങ്ങളും
ചിത്രഗുപ്താലയത്തിലെ പാപപുണ്യങ്ങളുടെ
കണക്കെടുപ്പ് വേഗം കഴിഞ്ഞു
ഇനി വിധിയറിയാന്‍ അവന്റെ കൊട്ടാരത്തിലേയ്ക്ക്
കിങ്കരന്റെ പാദമുദ്ര നോക്കി നഗ്നപാദയായി പിമ്പേ
കാത്തുകാത്തിരുന്ന സമാഗമം
അനുയാത്ര അവസാനിച്ചു .
കൂറ്റന്‍ ചിത്രത്തൂണുകള്‍ കൊണ്ടൊരു
അതിമനോഹരമായ കൊട്ടാരം .
അകത്തുകടന്നവന്‍ തിരികെയെത്തും വരെ
കൂട്ടിന് കണ്ണെത്താദൂരത്തെ കാഴ്ചകള്‍
ഇനിയുള്ള യാത്ര സ്വര്‍ഗ്ഗത്തിലേയ്ക്കോ
ഇരുപത്തിയെട്ടായി പകുത്ത നരകങ്ങളില്‍
ഒന്നിലേയ്ക്കോ അതോ .........
വലതുകാല്‍ വച്ചുടന്‍ വാതിലടഞ്ഞു
കൂരിരുട്ടില്‍ സൂര്യതേജസ്സോടെ അവന്‍
മുഖമുയര്‍ത്താതെ ചോദ്യാവലിയിലെ
ഉത്തരങ്ങളുടെ സൂക്ഷ്മപരിശോധന
മുന്നില്‍ ഒരു നോട്ടം മോഹിച്ച്‌ ഞാനും .
പരിസമാപ്തിയില്‍ നിന്ന്
ആദ്യത്തെ നോട്ടം .
'' പ്രണയിച്ചിട്ടുണ്ടോ ? ''
കേള്‍ക്കാന്‍ കൊതിച്ചപോലെ , '' ഉണ്ട് ''
'' എവിടെയാണവന്‍ ? ഇഹലോകത്തോ പരലോകത്തോ ? ''
'' ഇവിടെ ''
തിടുക്കത്തോടെ പറഞ്ഞു
മൂന്നാമത്തെ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ച്‌ ,
ആ കണ്ണുകളിലേയ്ക്ക് നോക്കി .
'' ആരാണവന്‍ ? ''
'' ബ്രഹ്മസഭയിലെ ഒരു സാമാജികന്‍ ,
പിതൃലോകത്തിന്റെ അധിപന്‍ ,
നീതിന്യായത്തില്‍ ഏറ്റവും ധര്‍മിഷ്ടന്‍ ,
കര്‍മസാക്ഷിയായ സൂര്യന്റെ പുത്രന്‍ ''
തൊണ്ടയില്‍ കുടുങ്ങിപ്പോയ അടയാളവാക്യങ്ങള്‍ .
'' പുറത്ത് നിനക്കായി പാദുകങ്ങള്‍ കാത്തുകിടപ്പുണ്ട്
അവ നിന്നെ അവനിലേയ്ക്ക് നയിക്കും . ''
പിഴയ്ക്കാത്ത വാക്കിനൊപ്പം ചുവടളന്നു
വിരലുകളറിയുന്ന ഒരു തണുത്ത സ്പര്‍ശത്തിലൂടെ
അവനിലേയ്ക്ക് തിരികെയെത്താന്‍ ,
അവന്റെ ശ്വാസമാകാന്‍ .............


****************************************************************

2012 ജനുവരി 25, ബുധനാഴ്‌ച

' വീടൊരുത്തി '

ഞാനിറങ്ങുകയാണ് . താഴിട്ട് നിന്നെ സുരക്ഷിതയാക്കുന്നില്ല .നിന്റെയുള്ളില്‍
ഇപ്പോള്‍ അവശേഷിക്കുന്നത്  ഓര്‍മ്മകള്‍ മാത്രം .പകര്‍ത്തിയെടുത്ത ഈ
ചിത്രത്തില്‍ ചിരിച്ചുതന്നെ  നില്‍ക്കും നീയെന്നും , സുന്ദരിയായി .

നാളെ   സൂര്യരഥം ഉയര്‍ന്നുപൊങ്ങുന്നതിന് പിന്നാലെ  വിരൂപിയായ ഒരു
നിഴല്‍പോലെ കൂറ്റന്‍ ചക്രങ്ങള്‍ നിന്റെനേരെ പാഞ്ഞടുക്കും.അവന്‍ നിന്നെ
ചേര്‍ന്നുനിന്ന്    അറകള്‍ ഓരോന്നും തച്ചുടയ്ക്കും . അപ്പോള്‍ നീ കരയരുത് .
വികസനത്തിന്റെ പുതുപുത്തന്‍ മുഖങ്ങള്‍ നിനക്കുമീതെ പായും.കിടക്കണം,
ശ്വാസമടക്കിപ്പിടിച്ച് .

പിച്ചവച്ച് , തടഞ്ഞുവീണെഴുന്നേറ്റ് , ഓടി നടന്ന് , തളര്‍ന്നുമയങ്ങി , സ്വപ്നം
കണ്ടുണര്‍ന്ന് , ഞാന്‍  പതിപ്പിച്ച അടയാളങ്ങളാണ്  നിന്റെ നെഞ്ച് നിറയെ .
നീയെന്നും  എന്റെ  രഹസ്യങ്ങളുടെ....എന്റെ സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരി .
ആര്‍ത്തുചിരിക്കാനും അലമുറയിട്ടുകരയാനുമുള്ള സ്വതന്ത്രമായ ഒരേയൊരു
സങ്കേതം .

ആകാശത്ത്  ആഘോഷത്തിന്റെ  ഒരു ചെറുനിഴല്‍  മതിയാവും  നിനക്ക്
പൊട്ടുകുത്താന്‍ .മിന്നുകെട്ടോ നൂലുകെട്ടോ ശ്രാദ്ധമോ  എന്തിനുമേതിനും
നീയൊരുങ്ങും, കഥയറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ !വേദനയിലും
ചിരിച്ചു നില്‍ക്കണമെന്നും  ഇരുളിന്റെ  വരമ്പിലേയ്ക്ക് വെളിച്ചം  കത്തിച്ചു -
പിടിച്ച് കാത്തിരിക്കണമെന്നും നീ പറയാതെ പറഞ്ഞുതന്ന പാഠങ്ങളുടെ
ആകെത്തുക .

വിണ്ണിലെ മാളികവീട്ടില്‍ ,  കാലത്തെ തോല്‍പ്പിച്ച് , ആരോ  തച്ചുടയ്ക്കുന്ന
മേഘക്കുടങ്ങള്‍  അലറിപ്പെയ്യുന്ന രാവുകളില്‍ നീയെന്ന ധൈര്യം പുതച്ച് ,
നിന്റെ  മാറിലൊളിച്ചുറങ്ങിയപ്പോഴൊക്കെ , ഞാന്‍ നിനക്ക് പകരമായി
തന്നത്  ' ഒരിക്കലും പിരിയില്ല ' എന്നൊരു വാക്ക് ...

ആകാശം പട്ടുടുക്കാന്‍ തുടങ്ങും മുമ്പേ നിന്നിലേയ്ക്ക്  ഓടിയണഞ്ഞിരുന്നത്
ഇനിയൊരോര്‍മ. മുറ്റത്ത്‌ നിറഞ്ഞുചിരിക്കുന്ന പലനിറത്തിലുള്ള കടലാസ്സു _
പൂക്കളും , കണ്ണുതട്ടാതെ നിന്നെ മറച്ചുപിടിച്ച മുത്തശ്ശി മാവും , ഉമ്മറത്ത്‌
ഞാനെന്നും കൊളുത്തി വയ്ക്കുന്ന നിലവിളക്കിന്റെ  തെളിച്ചവും , .................
..............വാക്ക് തെറ്റിച്ച് ഞാനിതാ പടിയിറങ്ങുന്നു .

കണ്ടതും കേട്ടതുമെല്ലാം ചരിത്രത്തിന് ദാനം ചെയ്ത് കാതോര്‍ത്ത് കിടക്കണം .
ഞാനെത്തും,ആദ്യമഴയില്‍ നനഞ്ഞ് ,മണ്ണിന്റെ ഞരമ്പുകളിലൂടെ നിന്നിലേയ്ക്ക്
പകര്‍ന്നു തരും കാണാക്കാഴ്ചകളുടെ മിടിപ്പുകള്‍ .................

*                             *                              *                           *                       *

വാക്കിന്റെ പ്രതിപുരുഷന്‍ ...

...........സുകുമാര്‍ അഴീക്കോട് .............


'' ഇന്ത്യയാകെ അഗ്നി പടരുകയാണ് , ഇവിടെയുള്ള യുവാക്കളോട് ഞാന്‍
പറയുന്നു , നിങ്ങള്‍ എല്ലാവരും അഗ്നിശമനയന്ത്രങ്ങളാകണം അല്ലെങ്കില്‍
കേരളത്തിനോ ഇന്ത്യക്കോ രക്ഷയില്ല . ''


'' ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നു കളയുന്നു
ഇത്‌ മനസ്സിലാക്കലാണല്ലോ വിവേകത്തിന്റെ ആരംഭം . "

'' ഉപനിഷത്തിന്റെ മുന്നില്‍ കാലം തൊഴുതു നില്‍ക്കുന്നു .....വാദങ്ങളും വിവാദങ്ങളും
നിറഞ്ഞൊരു വേദിയാണ് ഉപനിഷത് പഠനം ''

'' ഇന്ത്യയുടെ തത്ത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്‌ ;
ലോക ചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും .............

.................................................................... '' സുകുമാര്‍ അഴീക്കോട് .
















*

2012 ജനുവരി 1, ഞായറാഴ്‌ച

പുറപ്പാട് ...


അവനെത്തി , ദൂതനെ അയയ്ക്കാതെ ...
കുഴലില്ലാത്ത , മയില്‍‌പ്പീലി ചൂടാത്ത
ശ്യാമവര്ണന്‍ .
സമയനിഷ്ഠ തെറ്റിച്ച്
കാലേക്കൂട്ടി എഴുന്നള്ളി .
ചതഞ്ഞോ പാതി വെന്തോ
കാണാന്‍ ആവില്ലത്രേ .
ചമഞ്ഞൊരുങ്ങിയിരുന്നു
.
കുരവയില്ലാതെ മേളങ്ങളില്ലാതെ
കറുത്ത ചരടുകൊണ്ടൊരു
ബാന്ധവം .
കാഴ്ചയ്ക്ക് രണ്ടുപേര്‍ മാത്രം .
പോകാനൊരുങ്ങണം
ചുറ്റും ഇരുമ്പുകോട്ടയുള്ള ,
കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച
നൂറു തെരുവുകളുള്ള പുരിയിലേയ്ക്ക്.
ആഭരണങ്ങള്‍ അഴിച്ചുമാറ്റി
പൂക്കള്‍ അടര്‍ന്നു വീഴാതെ
മുടി അഴിച്ചിട്ടു .
തെക്കോട്ട്‌ വിരല്‍ ചൂണ്ടി
അവന്‍ പുറപ്പാട് കുറിച്ചു .
ജീവനുള്ള വാഹനത്തില്‍
അവനോടു ചേര്‍ന്നിരിക്കണം .
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു
വിരലുകള്‍ കൊണ്ട്
കാഴ്ചക്ക് മറ തീര്‍ത്തു .
ഇനി വഴി അവന്‍ വിധിക്കും .
മുടിയിഴകള്‍ ഒതുക്കി വച്ച്
ചുണ്ടുകള്‍ ചേര്‍ത്ത്
മൃദുവായി അവന്‍ ചോദിച്ചു
'' അടുത്ത ജന്മം ? ''
നാവ് വലിയൊരു നുണയെ
മടി കൂടാതെ പെറ്റിട്ടു ,
''കൊതിക്കുന്നില്ല ഇനിയൊരു ജന്‍മം ''

2011 നവംബർ 12, ശനിയാഴ്‌ച

പകുത്തുതരാനാവാത്തത് ...

ഇടയ്ക്കിടയ്ക്ക്
വയറ്റില്‍ നിന്ന്
നെഞ്ചിലൂടെ
രണ്ടു മുനകള്‍
കണ്ണിലെത്താറുണ്ട് ,
പുഴകളായൊഴുകാന്‍ .
ചിലപ്പോള്‍
മുനകളൊടിഞ്ഞ്
രണ്ടു കുളങ്ങളായ്‌
നിറഞ്ഞു നില്‍ക്കും .
ഒരു മിന്നാമിനുങ്ങായ്
കൂട്ടിനെത്തുന്ന അച്ഛന്‍ ,
ഒരു വഴിയോരക്കാഴ്ച ,
കുഞ്ഞിന്‍റെ നിലവിളി ,
കരഞ്ഞുകൊണ്ടിരിക്കുന്ന
വാര്‍ത്താചിത്രം ,
വിറങ്ങലിച്ചു കിടക്കുന്ന
നിശാശലഭം ,
ചങ്ങായി തന്നിട്ടു പോയ
ഒരു നുണക്കഥ ,
ഇണയെക്കാണാതെ
താളം മുറിഞ്ഞു പാടുന്ന
കുയില്‍
ഇതൊക്കെ മതി
മുനകള്‍ക്ക് മുളപൊട്ടാന്‍ .

#

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒന്ന്‌ ഒഴുകാനായെങ്കില്‍ .........

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഞാനവളെ കാണാന്‍പോവുകയാണ് .അടുത്തിരിക്കണം ,
ഒത്തിരി നേരം. പറയാന്‍ ഒരുപാടൊരുപാട് കഥകള്‍ , ഓരോന്നും അവളുടെ ഓരോ മൂളലിലും അലിഞ്ഞുചേരുന്നത് നോക്കിയിരിക്കണം .

ഒരാൾപ്പൊക്കമുള്ള പുല്‍ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്ന്
ഒരോർമ്മപ്പെടുത്തല്‍ , ''അധികനേരം ഇരിക്കണ്ട ,പഴയപോലല്ല ,സൂക്ഷിക്കണം.''
ഒറ്റക്കുതിപ്പിന് അടുക്കളവാതിലിലെത്താം,പിന്നെയെന്തിനീ ഓര്‍മ്മപ്പെടുത്തല്‍ ?!
കാര്യമില്ലാതെ നൊമ്പരപ്പെട്ടു .

ഒന്നേ നോക്കിയുള്ളൂ ,ഞാനെന്തേ ഇത്രയും വൈകി?കരഞ്ഞുകലങ്ങികുഴിയിലാണ്ട കണ്ണുകള്‍ .ചെവികള്‍ എത്ര തുറന്നുപിടിച്ചിട്ടും അവള്‍ പറയുന്നതൊന്നും എനിക്ക്
കേള്‍ക്കാനാവുന്നില്ല .അതോ മിണ്ടാത്തതോ! അവളുടെ ഉള്ളം എനിക്കിപ്പോള്‍
കാണാനാവുന്നില്ല .

അവളെ തൊടാനാവാതെ നോക്കിയിരുന്നു .എനിക്കെല്ലാം പറഞ്ഞേ തീരൂ .
ചങ്ങാത്തംകൂടിയതുമുതല്‍ ...

''ഞാനെറിഞ്ഞു തന്ന ചെറിയകല്ലുകള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് വട്ടത്തില്‍ചുഴറ്റി
എന്നെ പൊട്ടിച്ചിരിച്ചദിവസം നീയെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി .സമ്മാനമായി
നീ തന്ന പലനിറത്തിലുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ എന്‍റെ വെള്ളിച്ചിമിഴില്‍ ഇന്നും
ഉടയാത്ത കുപ്പിവളകള്‍ക്കൊപ്പം കിന്നാരം പറഞ്ഞിരിപ്പുണ്ട് .

പാദസരം തൊട്ടുനോക്കാന്‍ ആദ്യമായി അനുവദിച്ചത് നിന്നെയായിരുന്നു .എന്‍റെ കണങ്കാലുകള്‍ നിന്നിലൂടെ കണ്ടപ്പോൾ അവയിലൊരെണ്ണം ഒരു നാൾ നീ കൈക്കലാക്കുമെന്ന് ചിന്തിച്ചതേയില്ല .ഒട്ടും സങ്കടം തോന്നിയില്ല ,കാരണം നീയും എന്നെപ്പോലെ ആയിരുന്നല്ലോ .

കറങ്ങുന്നപമ്പരം കൊതിയോടെ നോക്കുന്നതു കണ്ട് ,നിനക്ക് തന്നതും ചേട്ടന്‍
ചെവിയില്‍ പിച്ചിനോവിച്ചതും നമ്മളൊരുമിച്ച് കരഞ്ഞതും ഞാന്‍ മറന്നിട്ടില്ല ,നീയും
മറന്നിട്ടുണ്ടാവില്ല അതൊന്നും .

നെയ്യപ്പത്തിന്റെ മണവും രുചിയും കാറ്റിനുമുന്പേ ഓടിയെത്തി നിനക്ക് തന്നിട്ട് ,
കൈയില്‍ പടര്‍ന്ന വെളിച്ചെണ്ണ ഉടനെ ആരും കാണാതെ കുഞ്ഞുപാവാടയില്‍
തുടയ്ക്കുന്നതു കണ്ട് നീ ഒളികണ്ണിട്ടു ചിരിച്ചു .

കളിച്ചുരസിച്ച് ,കുളിരുംപുതച്ച് ,അമ്മയുടെപിറകെ തിരിഞ്ഞുനോക്കിനടക്കുമ്പോള്‍
നീ എന്തൊക്കെയോ പറയുകയും പാടുകയും ചെയ്തു .

അന്നെനിക്കെന്തിഷ്ടമായിരുന്നു നിന്‍റെപുറത്ത് മലര്‍ന്നുകിടന്ന് സൂര്യനെ നോക്കാന്‍ .
ഞാനൊരു മിടുക്കികുട്ടിയാണെന്ന് നീയും അവനും ഒരുപോലെ സമ്മതിച്ചിരുന്നു .

അമ്പരപ്പോടെ ,വയസ്സറിയിച്ച കാര്യം പറഞ്ഞപ്പോൾ നീ ചിരിച്ചത് 

രണ്ടു കൈകളിലെയും കുപ്പിവളകള്‍ ഒരുമിച്ച് കിലുങ്ങുന്നതുപോലെ .
നിന്നോടൊപ്പമുള്ള
കുളി നിരോധിച്ച അന്ത്യശാസനം ഓടിവന്ന് വേദനയോടെ പറഞ്ഞപ്പോൾ
നീ ചിരിച്ചത് പൊട്ടിവീണ മാലയിലെ മുത്തുകള്‍ ചിതറുന്നത്‌ പോലെയും .

കഥയിൽ,കവിതയിൽ നമ്മൾ സന്ധ്യകൾ പകുത്തതും,ചിരിച്ചുംകരഞ്ഞും 

 നിന്നിൽ നനഞ്ഞ് ..ഒടുവിലൊരുനാൾ '' നിൻറെ പ്രണയമാണോ അനേകം
കാതങ്ങൾക്കപ്പുറം നില്ക്കുന്ന അവൻറെ ചുണ്ടുകളെ ഇത്രയും ചുവപ്പിക്കുന്നത് '' 
എന്ന് , കഥയിൽ
ചോദ്യമില്ലെന്ന് നിന്നെ പഠിപ്പിച്ച എന്നോട് , എണ്ണമില്ലാത്ത ചുണ്ടുകൾകൊണ്ട്‌
കൊലുസ്സില്ലാത്തകാലുകളിൽ മുത്തി നീ ചോദിച്ചതും, കൂടണയാൻ പറന്നുപോയ
കിളികളെ സാക്ഷിയാക്കി എന്റെ കണ്ണീരിൽ നീ ന
ഞ്ഞതും നമ്മൾ പിരിഞ്ഞതും ...''

ഇന്ന് ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ,ചിരിക്കാനാവാതെ,പാടാനാവാതെ 

ഒരു നെടുവീര്‍പ്പായി നീ !വികൃതമാക്കപ്പെട്ട ഉടലിൽ സാന്ത്വനം പോലെ തലോടുന്ന ,
കർമസാക്ഷിയായവന്റെ വിരലുകൾ ....

നീ നനച്ചു വളര്‍ത്തി , ഞാന്‍ അടര്‍ത്തിയെടുത്ത തെച്ചിപ്പഴങ്ങള്‍ ,കാറ്റില്‍ തലയാട്ടി
താളംപിടിച്ചുനിന്ന ഓണപ്പുല്ലുകള്‍,കാവല്‍ നിന്ന മുളംകൂട്ടങ്ങള്‍ എല്ലാം ഓര്‍മകള്‍ക്ക്
വഴിമാറിത്തന്നിരിക്കുന്നു .പഴയചിത്രത്തിലെ നിന്നെ കാണാനാവാതെ, നെഞ്ചിലെ
ഭാരമൊന്നിറക്കിവയ്ക്കാനാവാതെ ഉഴലുമ്പോള്‍ ഞാനറിയുന്നു , ഇന്നും നിന്നെ
ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നു .

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സത്രം .


വന്നുപോയവരാരും
പിന്നീട് വന്നില്ല .
ഭാണ്ഡം തുറന്ന്
വിഴുപ്പുകളെടുത്ത്
നെഞ്ചില്‍ തുറന്നുവച്ച്
വിയര്‍പ്പുതുള്ളികള്‍
മുഖത്ത് വടിച്ചെറിഞ്ഞ്
കുളിര് പുതച്ച്
സുഖമായുറങ്ങിയത്
അവര്‍ മറന്നിരിക്കും .
കരയാന്‍ പാടില്ല
പറയാനും പാടില്ല
കേള്‍ക്കുക മാത്രം
അതാണ്‌ , ധര്‍മ്മം .
ഓര്‍ക്കാതിരിക്കുന്നത്
മറവികൊണ്ടാവില്ല
തുറന്നുവയ്ക്കാന്‍ ഒരു
ഭാണ്ഡം ഇല്ലാഞ്ഞിട്ടുമാവില്ല
എനിക്കൊരു പേരില്ല ,
അതുതന്നെയാവാം !



2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

...ദേവസ്പര്‍ശം ...

അവരെ കാണാന്‍ പുറപ്പെടുമ്പോള്‍ മനസ്സ് നിറഞ്ഞുനില്‍ക്കുകയായിരുന്നു
എന്‍റെ ബാല്യകാലം . ഞാന്‍ ആര്‍ത്തുരസിച്ചു കുളിച്ച പുഴയും ഞാന്‍ കേട്ട
കുയില്‍പ്പാട്ടും ഞാന്‍ രുചിച്ച പായസത്തിന്റെ മധുരവും സ്വപ്നമായ്
കണ്ടുപോലും മനസ്സ് നിറയ്ക്കാനാവാത്ത കുട്ടികള്‍ .

ചിത്രം വരയ്ക്കുന്നതിനിടയില്‍ മഷി തീര്‍ന്നുപോയത്‌ ഈശ്വരന്‍ എന്തേ
അറിയാതെപോയി ? അശ്രദ്ധയായിരുന്നോ കാരണം ? അനാഥത്വത്തില്‍
നിന്ന് അവരെ കൈപിടിക്കാന്‍ ദൂതരെ അയച്ച് പ്രായശ്ചിത്തം ചെയ്തത്
അവന്‍റെ കാരുണ്യം .

പടികടന്ന്‌ അകത്തേയ്ക്ക് കയറുമ്പോള്‍ അവിടെ ഒരുപാട് കണ്ണുകള്‍
ഉറ്റുനോക്കുന്നുണ്ടായിരുന്നു . ഒച്ചയുണ്ടാക്കാതെ , ഒരുമയോടെ എല്ലാവരും
വിശാലമായ മുറിയില്‍ അനുസരണയോടെ വന്ന് , നിലത്തിരുന്നു . ഞാനും
അവര്‍ക്കൊപ്പം കൂടി .

ചിരിക്കുന്ന മുപ്പത് മുഖങ്ങള്‍ . ഒരമ്മ പെറ്റവരെപ്പോലെ . മുഖത്ത് പടര്‍ത്താന്‍
ഒരു ചിരിക്കുവേണ്ടി പാടുപെട്ട എന്‍റെ ദൈന്യത അവരെങ്ങനെ അറിയാന്‍ .
കൊട്ടിയടയ്ക്കപ്പെടുന്ന വാതിലിന് മുന്നില്‍ ചിന്തകള്‍ പിന്‍വാങ്ങുന്നതു
കൊണ്ടാവാം അവര്‍ക്കെപ്പോഴും ചിരിക്കാന്‍ കഴിയുന്നത്‌ .

ഞാന്‍ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന മട്ടില്‍ അവര്‍ ചിരിക്കുകയും
പറയുകയും ഒക്കെ ചെയ്തു . അതിന് നേര്‍ക്ക്‌ ചെവി നന്നായ് കൂര്‍പ്പിച്ച്
ഇരിക്കുന്നതിനിടയില്‍ പിറകില്‍ നിന്ന് '' അമ്മേ ന്ന് ഒരു വിളി . എന്‍റെ സാരി
ബലമായി പിടിച്ചുവലിച്ച് , മൂന്നു വയസ്സ് വരുന്ന ഒരു പെണ്‍കുഞ്ഞ് . നേരത്തെ
ഞാനവളെ ശ്രദ്ധിച്ചിരുന്നു . ഇരട്ട കുട്ടികളില്‍ ഒരുവള്‍ . അമ്മയുണ്ട്‌ അവള്‍ക്ക് .
കാണാന്‍ കിട്ടുന്നില്ല എന്ന് മാത്രം .

അവളുടെ കണ്ണുകള്‍, നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ വെമ്പുന്ന ഒരു പുഴ.
അവള്‍ എന്തോ എന്നോട് യാചിക്കുംപോലെ . അവളുടെ വിരലുകള്‍
ഞാനെന്റെ കൈകൊണ്ടു പൊതിഞ്ഞു. ചിരിയും നോട്ടവും അവള്‍ക്ക്
മാത്രമായി കിട്ടിയപ്പോള്‍ അവള്‍ സാരിയിലെ പിടിവിട്ട് എന്‍റെ മടിയില്‍
കയറിയിരിപ്പായി . സാരിയിലെ വര്‍ണപ്പൊട്ടുകള്‍ നുളളി എടുക്കാന്‍
അവളുടെ വിരലുകള്‍ പണിപ്പെട്ടുകൊണ്ടിരുന്നു . അതിനിടയിലും അവള്‍
'അമ്മ , അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു . ഇളകി വരാത്ത പൊട്ടുകളോട്
പിണക്കം ഭാവിച്ച് വിരലുകള്‍ തിരിച്ചെടുത്ത്‌ ,അവള്‍ എന്‍റെ മുഖത്ത് സൂക്ഷിച്ച്
നോക്കി . മുഖത്ത് പരതിനടന്ന വിരലുകള്‍ അവസാനം ചുവന്ന പൊട്ട്
കണ്ടെത്തി . നെറ്റിയില്‍ നഖമാഴ്ത്തി ഇളക്കാന്‍ നോക്കിയപ്പോഴേയ്ക്കും
ആ പൊട്ട് അവളുടെ വിരലില്‍ ഒട്ടിപ്പിടിച്ചു . അവളുടെ മുഖത്ത് ലോകം
കീഴടക്കിയ സന്തോഷം . അവള്‍ എന്‍റെ നെഞ്ചിലേയ്ക്ക് പതുക്കെ
ചാഞ്ഞു . ഞാനവളെ കെട്ടിപ്പിടിച്ചു . എന്‍റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗം
എന്നപോലെ അവള്‍ എന്നിലേയ്ക്ക് പറ്റിച്ചേര്‍ന്നു .

ആ നിമിഷം ഈശ്വരന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു .
ഞാനൊരു സുഖകരമായ മയക്കത്തിലേയ്ക്കു വഴുതി വീണതുപോലെ .
അപ്പോള്‍ എന്‍റെ കണ്ണുകള്‍ കവിളില്‍ രണ്ട് സമാന്തരരേഖകള്‍
വരയ്ക്കുകയായിരുന്നു ..................

*******************************************************

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മോചനം .

ഏകാന്തയുടെ തടവറയാണിപ്പോൾ എന്റെയീ ഒറ്റമുറി വീട്. എന്‍റെ വാക്ക് നിന്‍റെ വാക്കുമായിണചേര്‍ന്ന് ചാപിള്ള ജനിച്ച ദിവസമാണ് ഞാനെന്‍റെ മുറിക്ക് ചുവരുകള്‍ കെട്ടിയത്. വാതിലിന്‍റെ നെഞ്ചില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന കനമുള്ള ഒരു താഴ് അകത്ത്. സ്പര്‍ശമേറ്റ് തുറക്കാതിരിക്കാന്‍ ഞാന്‍ മുറിച്ചെറിഞ്ഞ എന്‍റെ വിരലുകള്‍ പുറത്ത്. ഇരുളും വെളിച്ചവും മാറിമാറി പുണര്‍ന്ന് കട്ടപിടിച്ച നിശബ്ദത. നീണ്ട പല്ലുകളും കൂര്‍ത്ത നഖങ്ങളും വെട്ടിമാറ്റി പതുങ്ങിയെത്തുന്നു, നെറികെട്ട വാക്കുകളുടെ ആത്മാക്കള്‍. അവരുടെനേര്‍ക്ക്‌ ഉയര്‍ത്തിപ്പിടിക്കുന്നു ഞാനീ വിരലുകളില്ലാത്ത കൈകള്‍. എന്‍റെ ചിരി മുഴങ്ങുന്നതറിയാതെ പുഴുക്കളുപേക്ഷിച്ച അസ്ഥികള്‍ തിരയുകയാണവര്‍.

2011 ജൂലൈ 19, ചൊവ്വാഴ്ച

ഒറ്റത്തുള്ളിമഴ !



ചിത്രത്തില്‍
നിറമടര്‍ന്ന കൈകളും
വിണ്ടുകീറിയ ഉടലും
എന്‍റെ അടയാളങ്ങള്‍.

മണ്ണിനെ പുണര്‍ന്ന്
ഒരു മിടിപ്പായ്
നെഞ്ചിലാഴ്ന്നിറങ്ങി
പ്രാര്‍ഥനയുടെ
മയക്കത്തിലാണിന്ന്.

കേള്‍ക്കുന്നുണ്ട്
ഭൂഗര്‍ഭത്തില്‍
ഒരു പുഴ കരയുന്നത്
തെളിനീരായ്‌
പരന്നൊഴുകാന്‍.

നിങ്ങളെന്നെ മുറിച്ച്
അഗ്നിശുദ്ധി വരുത്തരുത്
തേയ്ച്ചു മിനുക്കി
മോഹവില പറയരുത്
ഹൃദയം തുടിക്കുന്നുണ്ട്.

ഞാന്‍ ഉണരും
എന്‍റെ സ്വപ്‌നങ്ങള്‍
നിറങ്ങളായ്‌
ഉടലാകെ നിറയും
മഴ പെയ്യണം

ഒരു ഒറ്റത്തുള്ളി മഴ.


2011 ജൂലൈ 12, ചൊവ്വാഴ്ച

നനഞ്ഞ് ...നനഞ്ഞ് ........

ആദ്യമായ്  കണ്ടതോർമ്മയില്ല , അറിഞ്ഞതെന്നാണെന്നോർമയുണ്ട് !
പോകാൻ മടിച്ചുനിന്ന നിന്നെ സ്കൂൾവരാന്തയിലൂടെ നോക്കിനോക്കിനോക്കി
നടന്ന ഒരു ദിവസം .
വൈകുന്നേരവും നീ എന്‍റെകൂടെ വീട്ടില്‍ വന്നു.ചേര്‍ത്തുനിര്‍ത്തി തലതുടച്ച്
രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ,
നീയൊരു ഭീകരനാണെന്ന് .

മണ്ണിന്‍റെ നിറമായിക്കിടന്ന നിന്റെമേലെ പാദസരങ്ങളിളക്കിയപ്പോൾ
കുഞ്ഞുപാവാട നിറയെ പൂക്കൾ വിരിയിച്ച്  നീ ചിരിച്ചു , അല്ല നമ്മൾ ചിരിച്ചു .
അലക്കുകല്ലിൽ അമ്മയുടെ തല്ലുകൊണ്ട്  കരഞ്ഞുപിഴിഞ്ഞ്  വെയിലിൽ
കിടന്ന എന്റെ പാവാടയെ  വീണ്ടും കള്ളച്ചിരിയോടെ നീ എത്തിനോക്കി .

മാനം നോക്കിക്കിടന്ന നിന്റെ വിരിഞ്ഞ മാറിലൂടെ ഒരു വെളുത്തവഞ്ചിയിൽ
ഞാൻ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് അന്ന്  നീ
അക്കരെയെത്തിച്ചത് !

പശുക്കൾ കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കംകൂട്ടുന്നതുംകണ്ട് നിന്നെ
കാത്തുനിന്നൊരെന്നെ പറ്റിച്ച് ,നീയൊളിച്ചുകളിച്ചതും കാണാൻ  മോഹം
തോന്നിയപ്പോഴൊക്കെ ഓടിവന്നതും വിശാലമായ ആകാശത്തേക്ക് വിടർന്ന
എന്റെ മുഖത്ത് നിറങ്ങളായ്‌ നീ ചിന്നിച്ചിതറിയതും ഒരു കള്ളനെപ്പോലെ
ഇരുട്ടിനെ വകഞ്ഞുമാറ്റി,പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ സ്വപ്നമായ് ഉറങ്ങിയതും
വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ വച്ച്   ആവേശത്തോടെ നീയെന്നെ പുണർന്നതും
അന്ന് ' നീീയൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു' എന്ന് നിലക്കണ്ണാടി അടക്കം
പറഞ്ഞതും ........

പിൻകഴുത്തിലെ സ്പർശം അറികെ, ശ്രുതിമധുരമായ നിൻറെ പാട്ടിനുനേരെ
മനസ്സില്ലാമനസ്സോടെ ജനൽപ്പാളികൾ അടച്ചപ്പോൾ നിന്റെ മുഖം
വിളറിയോ .. ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ .......

ഇന്ന് ,
ഈ ജനവാതിലിലൂടെ നോക്കിയിരിക്കുമ്പോൾ ഞാനറിയുന്നു നമ്മൾ,പരസ്പരം
വായിക്കപ്പെട്ട രണ്ടു സന്ദേശങ്ങൾ .

2011 ജൂലൈ 6, ബുധനാഴ്‌ച

തത്ത്വമസി

കണ്ടു ..... !
എന്‍റെ ഇടതു കണംകൈയിലെ ചെറിയ കാക്കപ്പുള്ളിയുടെ മുകളിലൂടെ  
വിരല്‍ത്തുമ്പുകൊണ്ട്  മൃദുവായി ഒരു നേര്‍രേഖ വരച്ച് , മടങ്ങി.
രണ്ടു ക്ഷണം കഴിഞ്ഞ് വരാമെന്ന്  ഉറപ്പു പറഞ്ഞുകൊണ്ട് .
ആ 'ക്ഷണം'എത്ര നാഴികയും വിനാഴികയും ആണെന്നറിയാതെ ഞാന്‍
നോക്കിനിന്നു ,പെയ്തൊഴിയാത്ത കണ്ണുകളുമായി ,
അത് മറ്റാരും കാണാതെ മറച്ചുപിടിക്കാന്‍ പാടുപെട്ടുകൊണ്ട്.

പ്രത്യക്ഷമായ നേരത്ത് അപ്രിയമായതെന്തെങ്കിലും പറഞ്ഞുവോ ഞാന്‍ ?  
കാതിന് കുളിര്‍മ പകരേണ്ട സമയത്ത് പരാതികളുടെയും പരിഭവങ്ങളുടെയും
പട്ടിക നിരത്തിയത് നിന്നെ വല്ലാതെ അലോസരപ്പെടുത്തിയോ ?
അതുകൊണ്ടാണോ എന്‍റെ ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന പ്രണയാഗ്നിയുടെ 
താപം നീ അറിയാതെ പോയത് ?

തപംചെയ്ത് ഞാന്‍ വെടിപ്പാക്കിയ പാതയിലൂടെ നമ്മൾ നടന്നു .
സൂര്യതാപമേറ്റ്‌  കവിളിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നിൻറെ
തൂവാലകൊണ്ട് തുടച്ചുതന്നപ്പോള്‍ അതിലെ ഗന്ധം നീയറിയാതെ ഞാൻ
മുത്തിയെടുത്തു .
തളരുന്നെങ്കില്‍ താങ്ങിയെടുക്കാമെന്ന്  നീ പറഞ്ഞതും ശ്രുതിമധുരമായി പാടിയതും ഞാന്‍ കേട്ടു .  
പാടാനറിയാമെങ്കിലും ഒപ്പം പാടാതിരുന്നത്  ആ ഗാനത്തിൽ ഞാന്‍  
ലയിച്ചുപോയതുകൊണ്ടല്ലേ ...
വഴിയോരത്തെ കല്ലുകളില്‍ തട്ടി വീഴാതെ നീയെന്നെ ചേർത്തു പിടിച്ചു .
നോട്ടം എന്നെ വല്ലാതെ തളർത്തിയതുകൊണ്ടല്ലേ ഞാൻ താഴേയ്ക്ക് 
നോക്കിനിന്നത് ... 
നിന്നെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും
ഞാന്‍ ആരെയൊക്കെയോ ഭയപ്പെട്ടു .അതുകൊണ്ടല്ലേ നിന്നിലലിഞ്ഞ് ,ഒന്നായി , ഒരു ശിലയായിത്തീരാന്‍ ദാഹിച്ചിട്ടും ചേര്‍ന്നുനില്‍ക്കാന്‍ മടിച്ചതും
അടയാളമായി നിനക്കൊന്നും തരാതിരുന്നതും .

നീ വരുന്നതും കാത്ത് ഞാനിരുന്നു ,കണംകൈയിലെ തെളിയാത്ത  
നേര്‍രേഖയും നോക്കി, ഏറെ നാൾ .
പ്രകാശത്തില്‍ തുടങ്ങി പ്രകാശമയതയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്ന ജീവിതം .
എന്‍റെ ജീവിതം ഒരു ദേവായനം ആയിരുന്നില്ലേ !കണ്ണുകളടച്ച്‌ ധ്യാനിച്ചിരുന്നു . കണ്‍പോളകളിലൂടെ ഒരു പ്രകാശം അരിച്ചിറങ്ങുന്നു .
അങ്ങ് ദൂരെ ചക്രവാളത്തില്‍ ഒരു തിരിനാളം തെളിയുന്നതുപോലെ .
കണ്ണുകള്‍ മലര്‍ക്കെ തുറന്നു , മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. അടുക്കുന്തോറും
പ്രകാശനാളത്തിന്  രൂപം കൈവരുന്നു . നിന്‍റെ രൂപം .
നിന്‍റെ കണ്ണുകളിലെ തീഷ്ണമായ പ്രകാശം ..സൂക്ഷിച്ചുനോക്കി .
അല്ല , തൊട്ടു മുന്നിലെത്തിയ രൂപത്തിന് എന്‍റെ അതേ മുഖം .  
ഞാനായി മാറിയ നീ ! നീ പറഞ്ഞതിന്‍റെ പൊരുള്‍ ഞാന്‍ അറിയുന്നു .
നീയും ഞാനും ഒന്നാണെന്ന് .

ഇനി വൈകാന്‍ പാടില്ല . നടന്നു കയറണം ,
ജ്ഞാനകാണ്‍ഡത്തിലേയ്ക്ക് ,സത്യദര്‍ശനത്തിലേയ്ക്ക് .
നീ എന്‍റെ ചുണ്ടുകളിലേയ്ക്ക്   പകര്‍ന്നുതന്ന രസം ഓംകാരമായിരുന്നു
എന്ന് ഞാനറിയുന്നു .

യുക്തി പറയാനില്ലാത്ത ഭ്രമദര്‍ശനങ്ങളാകുന്ന മായയില്‍നിന്നു മുക്തിനേടണം . 
സങ്കല്‍പ്പമണ്ഡലങ്ങളെയും വാസനാമണ്ഡലങ്ങളെയും ജയിച്ച്
'അറിയാന്‍ മറ്റൊന്നില്ല ' എന്ന ലോകത്തെത്തണം, സ്വയം പ്രകാശിക്കണം .
അവിടെ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല .
*

2011 ജൂൺ 27, തിങ്കളാഴ്‌ച

മകളേ ...


മുറ്റത്ത്‌ കളിക്കുമീ പിഞ്ചുകാലുകള്‍ കണ്ട്
നെഞ്ചകം പിടയുന്നതറിയുന്നുവോ നിങ്ങള്‍ ?

വായിക്കാനവളൊരു വാര്‍ത്തയായ് നിറയുന്നു
ഭോഗത്തിനച്ഛന്‍ തച്ചുടച്ച കളിപ്പാട്ടം

സഹതപിച്ചൊരുപിടി അരുമപ്പേരുകളെത്തീ
പീഡിത , ഇര ,മാനഭംഗം വന്നുപെട്ടവള്‍

പറന്നു പോകുന്നത് പൂക്കളോ പൂമ്പാറ്റയോ
കൈക്കുള്ളിലൊതുക്കുവാന്‍ പായുന്നിതെന്നോമന .

ലിംഗഭേദമെന്നൊരു വാക്കവള്‍ക്കറിയില്ല
കുഞ്ഞു പെങ്ങളും താനുമേട്ടനുമൊരുപോലെ

ഇരുളിന്‍ നേരെ കണ്ണിന്‍ വെളിച്ചം കൊടുത്തവള്‍
അച്ഛനെ തിരയുന്നു കണ്ണുകള്‍ നിറയ്ക്കുന്നു

വാക്കുകള്‍ കൂട്ടിചൊല്ലാനറിയാ കുരുന്നിനോടെ -
ങ്ങനെ പറയും ഞാന്‍ അച്ഛന്‍റെ ചിത്തഭ്രമം

ഉമ്മയായ് സ്നേഹം കുഞ്ഞുകവിളില്‍ പകര്‍ന്നുഞാന്‍
നെഞ്ചിന്‍റെ താളം കൊണ്ട് താരാട്ടിയുറക്കുന്നു

ഉറക്കം മറഞ്ഞോരെന്‍ രാത്രിയിലിടയ്ക്കിടെ
കൂട്ടിനെത്തുന്നു കുഞ്ഞിന്‍ ഞെട്ടലും ഞരക്കവും

ചുണ്ടുകള്‍ അവ്യക്തമായ്‌ പറയുന്നതെന്താവാം
അവളെ തനിച്ചാക്കി പോകരുതെന്നല്ലയോ ?

''ഉറങ്ങാതിരിക്കും ഞാന്‍ നിന്‍റെ കാവലിനായി
അഗ്നി തുപ്പണം പാഞ്ഞടുക്കും കഴുകനെ ,

പിഞ്ചു കാലുകള്‍ നടന്നകലാന്‍ പഠിക്കുമ്പോള്‍
തന്നിടും നിനക്കെന്‍റെ കണ്ണിനുള്ളിലെ അഗ്നി '' .

***********************************

2011 ജൂൺ 12, ഞായറാഴ്‌ച

മൂക്കുത്തി ...

അന്നൊരിക്കല്‍ ചോര്‍ന്നുപോകാതിരുന്ന മാര്‍ക്കിന് അച്ഛനോട്
ആവശ്യപ്പെട്ട സമ്മാനം , ഒരു മൂക്കുത്തി .
ഭാവമാറ്റം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെട്ട് , അച്ഛന്‍റെ
ചോദ്യം , '' ഏത് നിറമാണ് വേണ്ടത് ?''
''വെള്ള '' ഞാന്‍ പറഞ്ഞു . '' നാളെയാവട്ടെ '' . നാളെയായി .
അച്ഛന്‍റെ ചോദ്യം , ''ഏത് നിറമാണ് മോള്‍ക്ക്‌ വേണമെന്ന്
പറഞ്ഞത് ?'' '' ചുവപ്പ് '' ഞാന്‍ പറഞ്ഞു . '' ഉം ..'' അച്ഛന്‍
മൂളിക്കേട്ടു . മൂന്നാം ദിവസം അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു .
'' പച്ച '' ഉത്തരം മാത്രം മാറിക്കൊണ്ടിരുന്നു .

പിറ്റേ ദിവസം അച്ഛന്‍ ഒരു സമ്മാനം തന്നു . സമയനിഷ്ഠ
പാലിക്കാന്‍ , നല്ല ഭംഗിയുള്ള ഒരു വാച്ച് .അത് കൈയില്‍
കെട്ടിത്തന്നിട്ട് ചോദിച്ചു . '' ഇഷ്ടമായോ ? '' '' ഉം ..'' അച്ഛന്‍റെ
മൂളല്‍ ഞാന്‍ കടമെടുത്തു . തെളിയാത്ത എന്‍റെ മുഖത്തെ
ആശ്വസിപ്പിക്കാനെന്നോണം അമ്മ പറഞ്ഞു , എന്‍റെ കാത്
കുത്തിയപ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയ കഥ .
കാതുകുത്തുന്നത് ഇഷ്ടമല്ലെന്നു പറയാന്‍ അന്നെനിക്ക്
അറിയില്ലായിരുന്നിരിക്കണം .

മൂക്കുത്തി കിട്ടാത്ത എന്‍റെ മൂക്ക് വല്ലാതെ പിറുപിറുത്തു .
ആരും കാണാതെ ഞാനൊരു ചെറിയ നുള്ള് വച്ചുകൊടുത്തു .
എന്തിനാണിങ്ങനെ ആവശ്യമില്ലാത്ത ഒരു മോഹം ..

എന്നിട്ടും പലപ്പോഴും മൂക്കുത്തിയിട്ട മൂക്കുകളെ തെല്ലൊരു
അസൂയയോടെ തന്നെ നോക്കി . അവരെ കുടിയിരുത്തുന്ന
തട്ടാന്മാരോടായിരുന്നു ദേഷ്യം .

കോളേജില്‍ ജന്തുശാസ്ത്രം പഠിപ്പിച്ചിരുന്ന ശാന്തകുമാരി ടീച്ചര്‍
തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ ദഹന വ്യവസ്ഥയുടെ ചിത്രം
വരച്ചപ്പോള്‍ കൂട്ടുകാരിയുടെ വകയായി ഒരു സമ്മാനം .
പേനകൊണ്ട് മൂക്കിനു ഒരു പോറല്‍ . പരിസരം മറന്നു ,
ക്ഷോഭത്തോടെ തിരിഞ്ഞു നോക്കി , കുറ്റവാളി ആരെന്നറിയാതെ
ടീച്ചര്‍ വര തുടര്‍ന്നു . എന്‍റെ മൂക്കിലെ വര ഒരു നീറ്റലോടെ
നീല നിറത്തില്‍ കട്ടപിടിച്ചിരുന്നു .

എന്‍റെ മൂക്കിന് മൂക്കുത്തി നന്നായി ഇണങ്ങുമെന്ന് ടീച്ചര്‍
പോയിക്കഴിഞ്ഞ്‌ അവള്‍ പറഞ്ഞു . അത് കേട്ട് എന്‍റെ മൂക്ക്
പരാതിപറച്ചില്‍ അവസാനിപ്പിച്ചു . അവളുടെ പേഴ്സിലെ
കുഞ്ഞു കണ്ണാടിയില്‍ ഒരു ചെറിയ നീലക്കല്ലുപോലെ മഷി
തെളിഞ്ഞു നിന്നു , മായ്ച്ചിട്ടും മായാതെ . നീല നിറത്തിലുള്ള
മൂക്കുത്തി ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ .

വധുവായി അണിയിച്ചൊരുക്കിയപ്പോഴും ആരും ഓര്‍ത്തില്ല
എനിക്കൊരു മൂക്കുത്തി ആവശ്യമുണ്ടെന്ന് . അങ്ങനെ പുതിയ
ജീവിതത്തില്‍ പഴയ മൂക്കുമായി ഞാന്‍ കടന്നുചെന്നു .

മടിച്ചുമടിച്ച് ഒരു ദിവസം എന്‍റെ മൂക്ക് രഹസ്യമായി ഒരു
ചെവിയോടു പറഞ്ഞു , മൂക്കുത്തിയോടുള്ള ഇഷ്ടം . അച്ഛന്‍റെ
മൂളലിനെക്കാള്‍ നീളമുള്ള ഒരു മൂളല്‍ പകരം കിട്ടി . എന്‍റെ
മൂക്കുത്തി മറ്റൊരു മൂക്കിനെ വേദനിപ്പിച്ചാലോ ? വേണ്ടാ ,
അന്ന് മൂക്കിന് സാമാന്യം നല്ല ഒരു നുള്ള് തന്നെ കൊടുത്തു.
അതിമോഹം ..

പിന്നീട് കുഞ്ഞു കൈകള്‍ നിറയെ കരിവള ഇട്ടുകൊടുത്തും
മുഖത്തും കൈകാലുകളിലും മതിയാവോളം ഉമ്മ കൊടുത്തും
താരാട്ട് പാടിയും കഥകള്‍ പറഞ്ഞും നടക്കുന്നതിനിടയില്‍
എന്‍റെ മൂക്കുത്തി എവിടെയോ പോയി മറഞ്ഞു .

ഇന്നിതാ വീണ്ടുമൊരുവള്‍ ചോര്‍ന്നുപോകാത്ത മാര്‍ക്കിന്
സമ്മാനമായി മൂക്കുത്തിയും ചോദിച്ചുകൊണ്ട് അവളുടെ
അച്ഛന്‍റെ മുന്നില്‍ . ഞാന്‍ അതിശയത്തോടെ അവളെ നോക്കി .
ഞാനവളോട് ഒരിക്കലും പറഞ്ഞിരുന്നില്ലല്ലോ അവളുടെ
പ്രായത്തില്‍ ഞാനിഷ്ടപ്പെട്ടിരുന്ന ഒരേയൊരു ആഭരണമാണ്‌
മൂക്കുത്തി എന്ന് .

ഒരു മൂളല്‍ പ്രതീക്ഷിച്ചു നിന്ന ഞാന്‍ ശരിക്കും ഒന്നു ഞെട്ടി .
അവളുടെ സന്തോഷത്തിന്‍റെ തീവ്രതയറിഞ്ഞത് , അവളുടെ
രണ്ടു വിരലുകള്‍ക്കിടയില്‍പ്പെട്ടു ഞെരിഞ്ഞ എന്‍റെ പാവം
മൂക്ക് .

വെട്ടിത്തിളങ്ങുന്ന മൂക്കുത്തി അവള്‍ക്ക് നന്നായി ഇണങ്ങുന്നു .
ചോറ് പകരുന്നതിനിടയില്‍ വീണ്ടും അവളുടെ ചോദ്യം ,
''അമ്മേടെ മോള്‍ക്ക്‌ മൂക്കുത്തി നല്ല ചേര്‍ച്ച , അല്ലേ ?'' ഇന്ന്
വാല്‍ക്കണ്ണാടിയെ സ്വസ്ഥമായി ഒരിടത്തൊന്നിരിക്കാന്‍ അവള്‍
അനുവദിച്ചിട്ടില്ല . അവളെ കണ്ണാടിയിലൂടെ ഞാനൊന്ന് നോക്കി .
വെള്ള മൂക്കുത്തിയുടെ തിളക്കം കണ്ണുകളിലേയ്ക്ക് പകര്‍ത്തി
അതില്‍ ഞാന്‍ .. പിറകില്‍ എന്‍റെ പിന്‍കഴുത്തില്‍ മുഖംചേര്‍ത്ത്
എന്നെ നോക്കുന്ന അമ്മ .

**********************************************

2011 ജൂൺ 2, വ്യാഴാഴ്‌ച

വാക്കും പൊരുളും


ഞാന്‍ മരിച്ചാലും
നീ മരിക്കില്ല
ഒരുചെവി കേട്ട്
മറുചെവി കളഞ്ഞ്
അലഞ്ഞുതിരിഞ്ഞ്
കൂട്ടം തെറ്റി
വീണ്ടും കൂട്ടുകൂടി
കൂടണഞ്ഞ
വാക്കിന്‍ നിര
ശിക്ഷയ്ക്ക് തലകുനിച്ചു .

വടിയെടുത്താല്‍
വക്കുടഞ്ഞാലോ
വക്കുടഞ്ഞാല്‍
വാക്ക് മാറും
വാക്ക് മാറിയാല്‍
പൊരുള്‍ ഒടുങ്ങും .

മുത്തശ്ശി മറഞ്ഞിട്ടും
തോട പോല്‍
മിന്നിത്തിളങ്ങുന്ന
കൂട്ടം തെറ്റാത്ത
വാക്കുകള്‍ ചേര്‍ത്തൊരു
ശിക്ഷ നടപ്പാക്കി
'' ഇരുട്ടത്ത് ചോറും
വെളിച്ചത്ത്‌ ഉറക്കവും ''

***********

2011 മേയ് 29, ഞായറാഴ്‌ച

കടിഞ്ഞൂല്‍ കനവ് ...

ഇന്നലെ ...
ഇരുട്ട് വിരുന്നിനെത്തിയ നേരം . കുളിരുംകൊണ്ടൊരു കാറ്റ്
ഓടി വന്നതറിഞ്ഞ് കൊതിയോടെ ഞാന്‍ മുറ്റത്തിറങ്ങി . കാറ്റിന്‍റെ
തലോടലില്‍ ഞാന്‍ കണ്ടു, മുറ്റത്തെ മുല്ലയിലും നിറയെ മൊട്ടുകള്‍ .
മേലേ മാനത്തെ കറുത്ത അമ്മയുടെ വെളുത്ത കുട്ടികള്‍ നിറഞ്ഞു
ചിരിക്കുന്നു . ചിരിച്ചു ചിരിച്ച് ഞാന്‍ ഒരുവനെ ഒരു നോട്ടം കൊണ്ട്
ഉള്ളംകൈയിലൊതുക്കി . വിരലുകള്‍കൊണ്ട്‌ അവനെ മൃദുവായി
പൊതിഞ്ഞുപടിച്ചു .
മുറ്റത്തെ പച്ചയില്‍ ഉള്ളംകൈയില്‍ പൊതിഞ്ഞ വെളിച്ചത്തെ
മടിയില്‍ വച്ച് ഞാനിരുന്നു . ഞങ്ങളെ ഉറ്റുനോക്കുന്നവര്‍ കേള്‍ക്കാതെ,
അറിയാതെ ഞാനവനോട് ഒരു സഹായം ചോദിച്ചു , അവന്‌ കടന്നു
ചെല്ലാന്‍ പറ്റാത്ത ഒരിടവും ഇല്ലെന്ന് എനിക്കറിയാമായിരുന്നു .എന്‍റെ
മനസ്സിനുള്ളില്‍ കടന്ന് ആദ്യമായ് ഞാന്‍ കണ്ട സ്വപ്നം എന്താണ്
എന്നറിയണം . അവനെ  താക്കോല്‍പഴുതിലൂടെ ഞാൻ കടത്തിവിട്ടു .

തിരികെ വരുന്നതും കാത്ത്  ആ കുളിരിൽ തുറന്നുപിടിച്ച വിരലുകളിൽ
നോക്കി ഞാനിരുന്നു .

നിമിഷങ്ങൾക്കുള്ളിൽ വിജയിയായി അവനെത്തി , അടുക്കിവച്ചിരുന്ന
പുസ്തകങ്ങളില്‍ ഏറ്റവും അടിയിലത്തേതുമായി . മഷിത്തണ്ടും
മയില്‍പ്പീലിയും വളപ്പൊട്ടുകളും കുറ്റിപ്പെന്‍സിലും കുന്നിമണികളും
സുന്ദരമായി വരച്ചു ചേര്‍ത്ത പുറം ചട്ടയുള്ള ഒരു പുസ്തകം .അവന്‍
എടുത്തുതന്ന പുറം ഞാന്‍ ആകാംഷയോടെ വായിച്ചു . ഒരിക്കലും
മറക്കാതിരിക്കാന്‍ വളരെ പണ്ട് ഞാന്‍ കുറിച്ചിട്ട വരികള്‍ .

''അസുഖവും ആശുപത്രിയും തന്ന വിരസമായ ദിവസങ്ങള്‍ .മുടി
നഷ്ടമായ തല കാണുമ്പോള്‍ എല്ലാറ്റിനോടും ദേഷ്യം . വാശിയോടെ
ഉണ്ടാക്കിയെടുത്ത ശീലങ്ങള്‍ . അവയില്‍ ഒന്നായിരുന്നു അമ്മയുടെ
മടിയില്‍ കിടന്ന് കഥ വായിച്ചു കേട്ട് ഉറങ്ങണം എന്നത് . ചുറ്റും
നിരത്തിയിട്ടിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും
കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ , കഥകളും കവിതകളും . അമ്മ നല്ല
ഈണത്തില്‍ ചൊല്ലുന്ന കവിതകളായിരുന്നു ചില ദിവസങ്ങളില്‍
ഏറെ ഇഷ്ടം .

കടലമണി തിരഞ്ഞുപോകുന്ന ഉറുമ്പിന്റെ പിറകെ പോയ ഒരുനാള്‍ .
ഉറുമ്പിനോടൊപ്പം മുട്ടില്‍ ഇഴയുമ്പോള്‍ മുന്നില്‍ തങ്കക്കൊലുസ്സിട്ട
കാലുകള്‍ . കൊലുസ്സുകള്‍ക്ക് മുകളില്‍ കസവുപാവാടയുടെ തിളക്കം .
മുകളിലേയ്ക്ക് നോക്കിയപ്പോള്‍ വിരല്‍ നീട്ടിനില്‍ക്കുന്നു ചന്ദനത്തിന്റെ
നിറമുള്ള ഒരു പെണ്‍കുട്ടി . എന്‍റെ അതേ പ്രായം . അവളുടെ വിരലില്‍
പിടിച്ചനേരം ഞാനും അവളും ഇരട്ട പെറ്റ കുട്ടികളെപ്പോലെ തോന്നിച്ചു .
അവള്‍ എന്‍റെ വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് എന്നെയും കൊണ്ട് ,
പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്വര്‍ണത്തേരിനടുത്തെയ്ക്കു നടന്നു .
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പറന്നു , മാനത്തെ കൊട്ടാരത്തിലേയ്ക്ക് .
ആദ്യമായി ഞാന്‍ സ്വര്‍ഗ്ഗകവാടത്തിലൂടെ കടക്കുകയായിരുന്നു . അന്ന്
ഞാന്‍ വായിച്ച കഥകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ഒന്നൊന്നായി
അവള്‍ എനിക്ക് കാണിച്ചുതന്നു .

പെട്ടെന്ന് ഭാരം വച്ച് , താഴേയ്ക്ക് വീണതുപോലെ ഒരു തോന്നല്‍.എന്റെ തല

എപ്പോഴാണ് അമ്മയുടെ മടിയില്‍ നിന്ന് തലയിണയിലേയ്ക്ക്  മാറിയത്  ....
നന്നായി കണ്ണുകള്‍ തിരുമ്മിത്തുറന്ന് മുട്ടോളമെത്തുന്ന വെള്ളപെറ്റിക്കോട്ടിൽ 

തൊട്ടുനോക്കി . നിലക്കണ്ണാടിയില്‍ പതിയാത്ത പട്ടുപാവാടയും കൊലുസ്സും .
പൊട്ടിക്കരയാന്‍ തോന്നി .മുറ്റത്തേയ്ക്ക് ഓടിയിറങ്ങി .മാനത്തെകൊട്ടാരം മേഘം 
വിഴുങ്ങിയിരിക്കുന്നു .തിളക്കമുള്ള ഒരു പളുങ്കുപാത്രം പകരം വച്ചിരിക്കുന്നു .''

വെളുത്തകുട്ടിയെ കറുത്തഅമ്മയ്ക്ക്
തിരികെ കൊടുക്കാൻ നേരമായിരിക്കുന്നു .
സുന്ദരമായ പുറം ചട്ടയുള്ള പുസ്തകവും ഇരുളില്‍
മറഞ്ഞു . യാത്ര പറയും മുമ്പേ
ഉള്ളം കൈയില്‍ പൊതിഞ്ഞ ആ
വെളിച്ചത്തെ കണ്ണുകളില്‍ ചേർത്തുപിടിച്ച്‌
ഞാന്‍ പറഞ്ഞു , '' ഇനിയും ഞാന്‍ നോട്ടമെറിയും , നീ  അരികിലെത്തണം
പുസ്തകമെടുക്കണം എന്‍റെ വായനയ്ക്ക് വെളിച്ചമാകണം ''


***************

2011 മേയ് 25, ബുധനാഴ്‌ച

ഒരു പഴങ്കഥ ...



ഇരുപ്പുറയ്ക്കാതെ അനങ്ങിത്തുടങ്ങി  എൻറെയൊരു പല്ല് .
എത്രയും വേഗം  അതിനെ താഴെയിറക്കി കൈയില്‍വച്ച് ഒന്നു
കാണണം .
നാക്കും വിരലുകളുംമത്സരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു .
ദിവസവും രാവിലെ അച്ഛന്‍റെ മുന്നില്‍ ഹാജരാകും .
ഓരോ ദിവസവും നാളെ വീഴും എന്ന് അച്ഛന്‍ പറയും .
പിന്നെ നാളേയ്ക്ക്  വേണ്ടിയുള്ള  കാത്തിരിപ്പ് .

ചേട്ടന്‍ പറഞ്ഞു, അത് വയറിനകത്ത്‌ പോയി , അവിടെ കിടന്നുവളര്‍ന്ന് ഒരു വലിയ  വെളുത്ത പാറയാവുമെന്ന് .
ചേട്ടന്‍ പലതവണ സ്വയം പല്ല് പറിച്ചെടുക്കുന്ന വിദ്യ കണ്ടിട്ടുണ്ട് .
പല്ലില്‍ നൂല് കെട്ടി നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ല്‌ കെട്ടി ,....
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഗമയില്‍ നടന്നു പോകുന്ന
ചേട്ടനെ അന്തംവിട്ട് ഞാനങ്ങനെ  നോക്കിനിൽക്കും .
ചേട്ടന്റെ മോണയില്‍ നിന്ന് കിനിയുന്ന  രക്തം കണ്ട തളര്‍ച്ചയില്‍
ആ ധീരതയ്ക്ക് മാർക്കിടും , പറയില്ല , ഗമ കൂടിയാലോന്നോർത്ത് !

കാത്തിരുന്ന ആ സുദിനം വന്നെത്തി, അച്ഛന്റെ അവധിദിവസം .
ഞാന്‍ ധൈര്യം സംഭരിച്ച്  അടുത്ത് ചെന്നു .
നോവിക്കരുതെന്ന അപേക്ഷയില്‍ അച്ഛന്‍ ഒപ്പിട്ടു .ചേട്ടന്‍റെ വിദ്യയില്‍ നിന്നും അല്പം വ്യത്യാസമുണ്ടെന്ന് അച്ഛന്‍ .
അച്ഛന്‍ നൂലുകൊണ്ട് പല്ലില്‍ശ്രദ്ധയോടെ ഒരു കുരുക്കിട്ടു .
അമ്മ അടുക്കളയിൽനിന്ന് എത്തിനോക്കിയിട്ട്  , പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്ക് എന്തുകാര്യം എന്ന മട്ടില്‍ തിരിഞ്ഞു നടന്നു .

അപ്പോഴാണ്‌ മുറ്റത്തെ തെങ്ങിന്‍ചോട്ടില്‍ , കുളിച്ച്‌ സുന്ദരിയായി
നിന്ന് അയവിറക്കുന്ന നന്ദിനിയെ ശ്രദ്ധിച്ചത് .
അവളുടെ പുറത്ത് ഒരു കാക്ക ചെന്നിരുന്ന് ചെവിയില്‍ കൊത്തുന്നു .
ചെവി മുറിഞ്ഞ് ചോര വരില്ലേ ? അവള്‍ക്ക് നോവില്ലേ ?
കാക്കയെ ഓടിക്കാനായി അറിയാതെ ഞാന്‍ എണീറ്റതും
എന്‍റെ പല്ല് അച്ഛന്‍റെ മടിയിൽ  തെറിച്ചു വീണതും ഒരുമിച്ച് .
അങ്ങനെ എനിക്ക് കരയാനുള്ള ഒരവസരം കൂടി നഷ്ടമായി .

പണി പകുതിയാക്കിക്കൊടുത്തു എന്ന് ചിരിച്ച്‌  അച്ഛന്‍ വേഗം
കൂജയിലെ വെള്ളം വായിലേയ്ക്ക് ഒഴിച്ചുതന്നു.
'നൊന്തോ എന്ന അച്ഛന്റെ ചോദ്യത്തിന്  'ഇമ്മിണി 'എന്നൊരുത്തരവും
കൊടുത്ത്  ആ പല്ല് ഒരു പഴുത്ത പ്ലാവിലയില്‍ എടുത്തുവച്ച്
കണ്ണുനിറയെ കണ്ടു .
അമ്മയെ ആ 'വിശിഷ്ട വസ്തു കാണിച്ചു കൊടുത്തിട്ട് നേരെതൊഴുത്തിലേയ്ക്ക് പോയി, അത്  ഊക്കോടെ മുകളിലേയ്ക്കെറിഞ്ഞു.
ചത്ത പല്ലിന് ഓലപ്പുരയ്ക്ക് മുകളിലാണത്രേ  സ്ഥാനം .
കണ്ണാടിയെടുത്ത് എന്‍റെ നഷ്ടം അച്ഛന്‍ കാണിച്ചു തന്നു .വലിയ ഒരു വിടവ് .
എനിക്ക് സങ്കടം വന്നു . ചുണ്ടുകള്‍ രണ്ടും കൂട്ടിപ്പിടിച്ച് , ഞാനപ്പോള്‍
ഒരു ശപഥം ചെയ്തു . ഇനി പുതിയ പല്ല് വരുന്നതുവരെ ചിരിക്കില്ല .
ആ ശപഥത്തിന്റെ ആയുസ്സ് മാത്രം കൃത്യമായി എനിക്കോര്‍മയില്ല .

2011 മേയ് 20, വെള്ളിയാഴ്‌ച

അതിഥി ദേവോ ഭവ : ...

അതിഥി ദേവോ ഭവ : ...അമ്മയില്‍ നിന്ന് കേട്ടും കണ്ടും
പഠിച്ച ഒരു പാഠം . നിറഞ്ഞ ചിരിയോടെ അതിഥിയെ
സ്വീകരിക്കുക ..നിറഞ്ഞ മനസ്സോടെ അവരെ യാത്രയാക്കുക ..
വിലപ്പെട്ട സമയം അവര്‍ നമുക്കായി മാറ്റിവച്ചതാണെന്ന്
അറിഞ്ഞ് ആദരിക്കുക ...

ഈ അവധിക്കാലത്ത്‌ ബന്ധുത്ത്വങ്ങളും സൌഹൃദങ്ങളും ഒന്നു
തേയ്ച്ചു മിനുക്കിയെടുക്കാന്‍ ഒരു മോഹം തോന്നി . ഉച്ചയൂണ്
കഴിഞ്ഞ് ഒന്നു മയങ്ങി . ആര്‍ക്കും ശല്യമാവാത്ത സമയം നോക്കി
ചെറിയ ഒരു യാത്ര , ഒരു ബന്ധുവീട്ടിലേയ്ക്ക് .

ഞങ്ങള്‍ ഗേറ്റിനടുത്ത് എത്തിയതും നായ വല്ലാതെ കുരച്ചു . അവന്‍
അവന്‍റെ ധര്‍മം നിര്‍വഹിക്കേ , ഗൃഹനാഥനും ഒപ്പം ഭാര്യയും
വാതില്‍ തുറന്നിറങ്ങി വന്നു . വളരെ ഹൃദ്യമായ സ്വീകരണം .
ഒന്നിനും തികയാത്ത സമയത്തെക്കുറിച്ചുള്ള വേവലാതികള്‍ ..കാണാന്‍
കഴിഞ്ഞതിലുള്ള സന്തോഷം ..നാട്ടു വിശേഷങ്ങള്‍ ..അതിനിടയില്‍ ഞാന്‍
മോളെക്കുറിച്ച് ചോദിച്ചു . ഉത്തരമെന്നോണം അവര്‍ അടച്ചിട്ടിരുന്ന
വാതിലില്‍ മുട്ടി വിളിച്ചു , അതിഥികളുടെ പേരും പറഞ്ഞു . കേട്ടു എന്ന്
അറിയിക്കാനായി അകത്തുനിന്ന് എന്തോ ഒരു ശബ്ദം പുറത്തും വന്നു .


ഭാവിയില്‍ ഒരു വലിയ എന്‍ജിനിയര്‍ ആകാനുള്ള കുട്ടിയാണ് .അവള്‍
തിരക്കിട്ട് പഠിക്കുകയാവും . മെല്ലെ തുറക്കുന്ന വാതിലും മനോഹരമായ
ചിരിയും പ്രതീക്ഷിച്ച് , ചായകൂട്ടലിന് സാക്ഷിയാവാന്‍ അടുക്കളയില്‍
പോകാതെ ഞാന്‍ വാതിലിലെയ്ക്ക് നോക്കിയിരുന്നു . കൈയില്‍ കിട്ടിയ
വാരികയിലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറാന്‍ കൂട്ടാക്കുന്നില്ല .തികട്ടി
വരുന്ന ഒരു ഓര്‍മയുടെ രൂക്ഷ ഗന്ധം ..

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്ന് വടക്കേ
അറ്റത്ത്‌ കൂട് കൂട്ടിയ കാലം .മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ച്
പഠിച്ച കൂട്ടുകാരനെ കാണണമെന്ന ഒരു മോഹത്തിനൊപ്പം കൂടി
ഞാനും കുട്ടിയും . ഒരു ആഘോഷം പ്രതീക്ഷിച്ച് ഞങ്ങളവിടെയെത്തി.
ചങ്ങാതിമാര്‍ പരിസരം മറന്നു.. പക്ഷെ വീട്ടമ്മയുടെ മുഖത്തുനിന്ന്
ഞാന്‍ വായിച്ചെടുത്ത അക്ഷരങ്ങള്‍ക്കൊന്നും വക്കുകളില്ലായിരുന്നു .
ആകെ വികൃതം .

തനി നാട്ടിന്‍പുറത്തുകാരിയായ എന്നെ കണ്ടിട്ട് ബോധിക്കാഞ്ഞിട്ടോ
അതോ നീളത്തില്‍ പിന്നിയിട്ട എന്‍റെ തലമുടിക്ക് ബോബുചെയ്ത
മുടിയുടെ മുതലാളിത്തം ഇല്ലാഞ്ഞിട്ടോ എന്തോ അവിടത്തെ കൊച്ചമ്മ ,
അടുപ്പില്‍ നിന്ന് ചായ നേരെ കപ്പിലേയ്ക്ക് പകര്‍ന്ന് , എന്‍റെ നാല്
വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു . കുട്ടിക്ക് ചായ തണുപ്പിച്ച്
കൊടുക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴൊക്കെ അവര്‍ മറ്റേതോ
ലോകത്തായിരുന്നു . ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ പാകമാകാത്ത
മനസ്സുള്ള എന്‍റെ കുട്ടി മേശപ്പുറത്തു നിരത്തിയ നിറമുള്ള പലഹാരങ്ങള്‍
ആദ്യമായി കാണുന്നതുപോലെ എടുത്തു കഴിച്ചു . കുട്ടികളുടെ ഈ
സ്വഭാവവിശേഷം പല അമ്മമാരും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ഞാന്‍
കലി അടക്കിയിരുന്നു . നിര്‍ബന്ധിച്ചാല്‍ പോലും വീട്ടില്‍ നിന്ന് കഴിക്കാത്ത
സാധനങ്ങള്‍ പുറത്തുനിന്ന് കിട്ടിയാല്‍ ആക്രാന്തത്തോടെ കഴിക്കുമെന്ന
തത്വം ആ അമ്മയ്ക്ക് അറിയുമോ എന്നായിരുന്നു എന്‍റെ സംശയം .

കുഞ്ഞു വിരലുകള്‍ പണി തീര്‍ത്തു എന്നറിഞ്ഞ് അവര്‍ ബാക്കിവന്ന
ആ പലഹാരങ്ങള്‍ , എടുത്ത പാത്രങ്ങളില്‍ തന്നെ തിരികെയിട്ട് അടച്ചു
വച്ചു . അലങ്കരിച്ച് , അടുത്ത അതിഥികളെ സല്‍ക്കരിക്കാനായി.

ഓര്‍മകളെ തള്ളിമാറ്റിക്കൊണ്ട് ചായയെത്തി . സല്‍ക്കാരവും പിന്നെ
വര്‍ത്തമാനവുമായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ . തുറക്കാതിരുന്ന
ആ വാതിലില്‍ വീണ്ടും ഊക്കോടെ മുട്ടിവിളി . മോളെ ശല്യപ്പെടുത്തണ്ട
എന്ന് പറഞ്ഞ് ഞങ്ങള്‍ സന്തോഷപ്രകടനം നടത്തി ഇറങ്ങി .

നായ കുരച്ചില്ല . വേണ്ടപ്പെട്ട അതിഥിയാണെന്ന് അവന്‌ തോന്നിയോ
അതോ തുറക്കാതിരുന്ന വാതില്‍ ഞങ്ങള്‍ക്ക് തന്ന അവഹേളനം അവന്‍
മണത്തറിഞ്ഞതോ ???
**************************************************

2011 ഏപ്രിൽ 5, ചൊവ്വാഴ്ച

സ്നേഹപൂര്‍വം സ്വന്തം അന്‍വിദ ....

'അനുക്കുട്ടീ ' അമ്മയുടെ നീട്ടിയുള്ള വിളി . ഈ അമ്മ ഒന്നു നേരെ കളിക്കാന്‍
സമ്മതിക്കൂലല്ലോ . പരീക്ഷ കഴിഞ്ഞിട്ടല്ലെയുള്ളൂ . എന്തൊരു വെപ്രാളാ ,
അനൂന്റെ പാവക്കുട്ടിക്ക്‌ നല്ലൊരു പൊട്ട് തൊടാന്‍പോലും സമ്മതിച്ചില്ല .
'' ടീച്ചര്‍ ഇപ്പൊ എത്തും , വേഗം പോയി കുളിച്ച്‌ ഡ്രസ്സ്‌ മാറിയേ '' .

പഠിക്കാന്‍ ഇഷ്ടാ , പക്ഷെ കുറച്ച്‌ കളിക്കണ്ടേ ? മുറ്റത്തൊക്കെ
ഇറങ്ങി നടന്ന് പൂക്കളേം തേന്‍ കുടിക്കാന്‍വട്ടമിട്ട് പറക്കുന്ന
പൂമ്പാറ്റകളേം ഒക്കെ കാണണ്ടേ ? മഴ നനയണ്ടേ ? മഴവെള്ളം
ചവിട്ടി തെറുപ്പിച്ച് ഓടണ്ടേ ?

അടുത്ത വീട്ടിലെ ദേവു അവളുടെ അനുജത്തിക്കുട്ടിയുടെകൂടെ
കളിക്കുമ്പോ ഈ അനു ഇവിടെയിരുന്നു കൊതിയോടെ നോക്കുന്നത്
അമ്മ കാണുന്നതല്ലേ . കല്യാണിക്ക് രണ്ടു ചേട്ടന്മാരുള്ളത് എന്തു
നല്ലതാണെന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു .
ഈ അമ്മയ്ക്കെന്തേ ഒട്ടും അലിവ് തോന്നാത്തത്.


ഡാന്‍സ് ടീച്ചര്‍ അമ്മയോട് പറയുന്ന കേട്ടു , '' വേഗം ഗ്രഹിക്കും , നല്ല കഴിവുണ്ട് .''
എന്നൊക്കെ . ടീച്ചര്‍ ചോദിച്ചു , '' അന്‍വിദയ്‌ക്ക് ആരെപ്പോലെ ആകാനാ ഇഷ്ടം ? ''
അനു പറഞ്ഞു , ആരേം പോലെ ആകണ്ടാ , നന്നായി പഠിച്ചാ മതി , എന്ന് . ടീച്ചറും
അമ്മയും പൊട്ടിച്ചിരിച്ചു . ദൂരെയിരുന്നു തലയാട്ടുന്ന ബൊമ്മ ഇപ്പൊ ചിരിച്ചത് അനു
പറഞ്ഞത് കേട്ടായിരിക്കും . അവന്‍റെ തല പിടിച്ച് നേരെ ആക്കീട്ട് തന്നെ ബാക്കി കാര്യം .
ചായയും കുടിച്ച്‌ , അനൂന്റെ കവിളില്‍ ഒരുമ്മയും തന്ന്‌ ടീച്ചര്‍ ബസ്സിന് സമയായി
എന്നും പറഞ്ഞു ഓടിപ്പോയി .

അച്ഛന്‍ ഓഫീസീന്ന് വരുന്നതിനു മുന്പ് എത്തിക്കോളാംന്നു പറഞ്ഞ്‌ അമ്മയ്ക്ക്
ഉറപ്പും ഒരു ഉമ്മേം കൊടുത്ത്‌ അനു ദേവൂന്റെ വീട്ടിലേയ്ക്ക് ഒരൊറ്റ ഓട്ടം .
അവിടെ എന്താ എല്ലാരും കിണറ്റിനു ചുറ്റും കൂടി നില്‍ക്കുന്നത് . ദേവൂം കൂട്ടുകാരും
കൈകൊട്ടി ചിരിക്കുന്നല്ലോ . അനു അടുത്തേയ്ക്ക് ചെന്നു . അയ്യോ സുന്ദരിപ്പൂച്ച
കിണറ്റിനകത്ത്‌ . എന്നും അവളുടെ കൂടെ കളിക്കുന്നതാണ് . അമ്മ തരുന്ന വറുത്ത
മീനും കൊണ്ടാണ് അവളെ കാണാന്‍ പോവുക. ആര്‍ത്തിയോടെ അതും തിന്ന്‌
സ്നേഹം കൂടാന്‍ വരും . അപ്പൊ അവള്‍ക്ക് ഏറ്റവും ഇഷ്ടം അനൂനോടാണെന്നു
തോന്നും . അവളുടെ വാല് എന്തു രസാ കാണാന്‍ . ഇവളെങ്ങനെ കിണറ്റിനകത്ത്‌
പോയി ?
ടെവൂന്റമ്മ കാണിച്ചുതന്നു . അവള്‍ ചെറിയൊരു ചെടിയില്‍ തൂങ്ങി
അള്ളിപ്പിടിച്ചിരിക്കുന്നു . ചെടി പിഴുതുപോയാല്‍ അവള്‍ വെള്ളത്തില്‍ . അവളെ
രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു . ദേവൂം കൂട്ടുകാരും ചിരിക്കുന്നുണ്ട് ഇപ്പോഴും .
അവളുടെ വെപ്രാളം കണ്ടിട്ടും ഇവര്‍ക്കെങ്ങനാ ചിരിക്കാന്‍ തോന്നുന്നത് ?

അനു തിരികെ നടന്നു , അനൂ ന് ഇതൊന്നും കാണാന്‍ വയ്യാ . അമ്മയോട്
പറഞ്ഞപ്പോ ' സാരമില്ല , മോള് വിഷമിക്കണ്ടാ , അവര്‍ രക്ഷപ്പെടുത്തും '' എന്ന്
പറഞ്ഞു . അനൂന് സങ്കടം സഹിക്കാന്‍ വയ്യാ , പൂജാമുറീല്‍ പോയി ദൈവങ്ങളുടെ
അടുത്തിരുന്നു . എല്ലാരും ചിരിച്ചോണ്ടിരിക്കുന്നു . സുന്ദരിയെ രക്ഷിക്കണെന്ന്
രണ്ടു കൈയും കൂപ്പി കണ്ണടച്ച് പ്രാര്‍ഥിച്ചു . അനൂന്റെ കണ്ണ് നിറഞ്ഞു . ഇന്നിനി
മറ്റൊന്നും ആവശ്യപ്പെടില്ലാന്നു ദൈവങ്ങളോട് സത്യം ചെയ്തു . അമ്മ വിളിക്കുന്നല്ലോ .
' അനൂ , പോയി നോക്കിയേ , പുറത്ത് എടുത്തൂന്ന് തോന്നുന്നു . അനു ഓടി .

സുന്ദരി മിടുക്കിയായി നടക്കുന്നു . ഒരു കൂസലുമില്ലാ . ഒനും സംഭാവിചില്ലാന്ന മട്ടില്‍
കുലുങ്ങിക്കുലുങ്ങി വാലും ഇളക്കി നടക്കുന്നു . അവള്‍ കിണറ്റിനകത്ത്‌ കിടന്നപ്പോ
കൈകൊട്ടിച്ചിരിച്ച കൂട്ടുകാര്‍ക്കൊപ്പം വികൃതികള്‍ കാണിക്കുന്നു . അനു അടുത്ത്
ചെന്നു നിന്നിട്ട് കണ്ട ഭാവം പോലും ഇല്ലാ . ആദ്യമായി കാണുന്നപോലെ .

അനു തിരിഞ്ഞു നടന്നു . സാരമില്ല . അവള്‍ക്ക് അറീല്ലല്ലോ , അനു ദൈവങ്ങളോട്
കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അവള്‍ രക്ഷപ്പെട്ടതെന്ന് . അതിനുള്ള ബുദ്ധി
ഉണ്ടായിരുന്നെങ്കില്‍ അവള്‍ കിണറ്റിനകത്ത്‌ എടുത്തുചാടുമാരുന്നോ ? ഇല്ല ...
അല്ലേ ???????????

**************************************************