2010, ജനുവരി 24, ഞായറാഴ്‌ച

നടക്കണം , കാലത്തിനൊപ്പം .

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്കുള്ള ഒരു യാത്ര . പുറപ്പെടാനായി ഒരുങ്ങി നില്‍ക്കുന്ന
തീവണ്ടിയില്‍, വലിയ തിരക്കുകളൊന്നും അനുഭവിക്കാതെ ഞാനും മോനും കയറി ,
സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ കണ്ടെത്തി . പുറം കാഴ്ചകള്‍ കാണാന്‍ പാകത്തിനുള്ള സ്ഥലം
കണ്ടെത്തിയ സന്തോഷത്തിലായിരുന്നു അവന്‍ . ഈ ലോകത്തൊന്നുമല്ലെന്ന മട്ടില്‍ , രണ്ടുപേര്‍
ഞങ്ങള്‍ക്കെതിരെയുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു . ഞങ്ങളുടെ കംബാര്‍ട്ട് മെന്റിലേയ്ക്ക് മധ്യവയസ്കയായ
ഒരു സ്ത്രീയും ഭര്‍ത്താവും കടന്നുവന്നു . ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് ആ സ്ത്രീയെ നന്നേ
ഇഷ്ടമായി . സന്തോഷവതിയായ , കുലീനയായ ഒരു സ്ത്രീ . അവര്‍ എന്‍റെ അടുത്തായി സ്ഥാനം പിടിച്ചു .
അവരുടെ ഭര്‍ത്താവ് നേരെ എതിരെയുള്ള സീറ്റിലും . തീവണ്ടി അനങ്ങാന്‍ തുടങ്ങി . മോന്‍ നല്ല
ഉഷാറിലാണ് . പതിയെ പതിയെ തുടങ്ങി മുറുകി വരുന്ന തീവണ്ടിയുടെ താളം അവന്‍ നന്നായി
ആസ്വദിക്കുന്നുണ്ടായിരുന്നു . ആ താളം അവന്‍റെ കുഞ്ഞു വിരലുകളിലൂടെ എന്നെയും
അനുഭവിപ്പിച്ചുകൊണ്ടിരുന്നു . ഇടയ്ക്കിടയ്ക്ക് പോക്കറ്റില്‍ കയ്യമര്‍ത്തി , അവന്‍ സൂക്ഷിച്ചിരിക്കുന്ന
പൊതി അവിടെത്തന്നെയുന്ടെന്നു ഉറപ്പു വരുത്തുന്നുമുണ്ട് . യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവന്
അപ്പൂപ്പന്‍ കൊടുത്ത പോക്കറ്റ്മണി . അത് അവനുമാത്രം സ്വന്തമെന്ന് ഒരു ദിവസത്തേയ്ക്കെങ്കിലും
അവകാശപ്പെടാറുമുണ്ട് .

കുറേനേരം ആരും ഒന്നും മിണ്ടിയില്ല . ചിരിയില്‍ മാത്രം വിശേഷങ്ങള്‍
ഒതുക്കിയാല്‍ പോരെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാവണം അവര്‍ പരിചയപ്പെടലിനു തുടക്കമിട്ടത് .
ഞാനും മോനും എന്‍റെ വീട്ടില്‍ പോയതാണെന്നും എറണാകുളത്താണ് താമസമെന്നും അവിടെയെത്തുമ്പോള്‍
മോന്‍റെ അച്ഛന്‍ കൂട്ടിക്കൊണ്ടു പോകാന്‍ വരുമെന്നും ചോദ്യങ്ങള്‍ക്കുത്തരമായി ഞാന്‍ പറഞ്ഞു .
പിന്നെ അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കലായി . യാത്ര തൃശുരേയ്ക്കാണ് . അമേരിക്കയില്‍ പോയി
മകനെയും മരുമകളെയും ആദ്യമായി കിട്ടിയ പേരക്കുട്ടിയെയും കണ്ട് മടങ്ങിയെത്തിയ ശേഷമുള്ള
ആദ്യത്തെ യാത്ര . മരുമകള്‍ കൊടുത്തയച്ച സമ്മാനങ്ങള്‍ ബന്ധുവിന് കൊണ്ടു കൊടുക്കുക എന്നതാണ്
ഉദ്ദേശം . ഞാന്‍ നല്ലൊരു കേള്‍വിക്കാരിയാണെന്ന് തോന്നിയതുകൊണ്ടാവാം അവര്‍ ഉത്സാഹത്തോടെ
വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി .
സമ്മാനങ്ങളില്‍ കളിപ്പാട്ടം മുതല്‍ കത്തി വരെയുണ്ടെന്നു പറഞ്ഞ് അവര്‍
പൊട്ടിച്ചിരിച്ചു . ആദ്യമായി വിമാനത്തില്‍ കയറിയതും പേടി തോന്നിയതുമൊക്കെ അവര്‍ ഒരു കൊച്ചു
കുട്ടിയെപ്പോലെ വിവരിച്ചു . അവരെ കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ കുടുംബ സമേതം എത്തിയത്രേ .
ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത പേരക്കുട്ടി ... അവന്‍ വാശി പിടിച്ചു കരയാറെയില്ല ...അവന്‍ വളരുന്ന
വൃത്തിയും വെടിപ്പും മാത്രമുള്ള സാഹചര്യം ..അങ്ങനെ പോയി , ഞാന്‍ ഓര്‍ത്തു അഴുക്കിലും
ചെളിയിലുമൊക്കെ കിടന്നു വളര്‍ന്നാലേ ആരോഗ്യമുള്ള കുട്ടിയായി വരുകയുള്ളു എന്ന് അമ്മ
എപ്പോഴും പറഞ്ഞുതരുമായിരുന്ന ശാസ്ത്രം .ഞാന്‍ തിരുത്തി ഇത് അമേരിക്കയിലെ കുട്ടിയുടെ
കാര്യമാണല്ലോ പറയുന്നത് ! അവര്‍ തുടര്‍ന്നു , മകനും മകള്‍ക്കും പ്രത്യേകം പ്രത്യേകം കാറുകളുണ്ട്,
അമേരിക്കയില്‍ കാറുകള്‍ വൃത്തിയാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍ കണ്ടാല്‍ കേരളത്തിലുള്ളവര്‍
നാണിച്ചുപോകുമെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ , ഊറിവന്ന ചിരി ഉള്ളില്‍ത്തന്നെ അടക്കി നിര്‍ത്തി .
മകന്‍ ഒത്തിരി പൈസ ചിലവാക്കി വിസയെടുത്ത് കാനഡായില്‍ കൊണ്ടു പോയി നയാഗ്ര
വെള്ളച്ചാട്ടം കാണിച്ചതൊക്കെ പറയുമ്പോള്‍ ആ മുഖത്ത് അഭിമാനം തുടിച്ചുനിന്നിരുന്നു . അവരുടെ
കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ച് ഞാനിരുന്നു . നല്ലതു മാത്രം കണ്ട അവരുടെ അമേരിക്ക എന്ന ,
ഭൂമിയിലെ സ്വര്‍ഗത്തിലൂടെ എന്നെയും കൂട്ടി അവര്‍ നടന്നു . അപ്പോള്‍ തീവണ്ടിക്ക്‌
ഒരു ഉത്സവത്തിന്റെ താളമാണെന്ന് എനിക്ക് തോന്നി .

മോന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ മടിയിലേയ്ക്കു കിടന്നും വീണ്ടും
പുറം കാഴ്ചകള്‍ കണ്ടും അങ്ങനെ ഇരുന്നു . അവരുടെ ഭാവത്തില്‍ എന്തോ മാറ്റം വന്നപോലെ
തോന്നി . അഞ്ചാം ക്ലാസ്സുകാരനായ എന്‍റെ മകനെ അവര്‍ കണ്ണെടുക്കാതെ നോക്കിയിരുന്നു . മാറി
വന്ന അവരുടെ ഭാവത്തില്‍ നിന്ന് അവര്‍ അമേരിക്കയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയതായി
ഞാന്‍ വായിച്ചെടുത്തു . പിന്നീടുള്ള ഓരോ വാക്കിലും വേദനയുടെയും നിരാശയുടെയും നിഴല്‍
പരക്കുന്നതുപോലെ . സര്‍ക്കാരുദ്യോഗസ്ഥനായ ഭര്‍ത്താവ് ..ഒറ്റ മകന്‍ ..കാര്യമായ കുടുംബ സ്വത്തൊന്നും
പാരമ്പര്യമായി കിട്ടാതിരുന്ന ചെറിയ കുടുംബം . ഒരാളിന്‍റെ ശമ്പളം കൊണ്ടു വീട്ടുകാര്യങ്ങളും
മോന്‍റെ പഠിത്തവുമെല്ലാം ഭംഗിയായി നടത്താന്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്ന കാലം .മിടുക്കനായ മകനെ
ഏറ്റവും മികച്ച സൗകര്യങ്ങലോടെ പഠിപ്പിക്കാനായി സ്വന്തം ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വച്ചതും ,
പിന്നീടൊരിക്കലേയ്ക്ക് മാറ്റി വച്ചതും എല്ലാം . ബന്ധു വീടുകളിലെ കല്യാണങ്ങള്‍ക്ക് ക്ഷണിച്ചാല്‍
'നാലാളുടെ മുന്നില്‍ നില്‍ക്കാന്‍ കൊള്ളാവുന്ന വേഷം ' പോലും വാങ്ങാതെ മടിച്ചു നിന്ന പഴയ
നാളുകള്‍ . പുലരും മുന്‍പേ പണികളൊക്കെ തീര്‍ത്തു വച്ച് മാവേലി സ്റോറിന് മുന്നിലെ ക്യുവില്‍
ഒന്നാമതെത്താന്‍ പാഞ്ഞോടിയതും പിശുക്കെന്ന് പേരുകേള്‍പ്പിച്ചതുമൊക്കെ പറഞ്ഞപ്പോള്‍ അവരുടെ
മുഖത്തിന്‍റെ നിറം കുറയുന്നപോലെ തോന്നി . കോഴികളെ വളര്‍ത്തി മുട്ട അയല്‍ക്കാര്‍ക്ക് വിറ്റതും
പശുവിനെ വളര്‍ത്താനും അതിനു തീറ്റയുണ്ടാക്കാനും വേണ്ടി ആരോഗ്യം മറന്ന് കഷ്ട്ടപ്പെട്ടതും
പറഞ്ഞപ്പോള്‍ അവരുടെ വിഷമം കൂടിക്കൂടിവന്നു . അധ്വാനങ്ങള്‍ക്കൊടുവില്‍ ' കാലൊന്നെടുത്തു
വച്ചാല്‍ ബസ്സില്‍ കയറാന്‍ സൗകര്യത്തിന് ' അവര്‍ അവനുവേണ്ടി പണിത വീട് . അവന്‍
അമേരിക്കയില്‍ നിന്ന് വിട്ടുവരാന്‍ തയ്യാറല്ലെന്ന് അവരോടു പറഞ്ഞ നിമിഷം ..അവരുടെ
സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ടു തകര്‍ന്നുപോയ ആ നിമിഷത്തെക്കുറിച്ച് പറഞ്ഞ്
അവര്‍ തേങ്ങിപ്പോയി . ഒരു ജന്മത്തിന്റെ കൂട്ടലും കിഴിക്കലും ഒക്കെ ഒരു നിമിഷം കൊണ്ട്
പിഴച്ചതുപോലെയുള്ള തോന്നല്‍ . അവര്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആധുനിക സൗകര്യങ്ങള്‍ ,
മകനുവേണ്ടി കണക്കു കൂട്ടിയുണ്ടാക്കിയ സ്വപ്ന ഗൃഹത്തില്‍ അനാഥമായി തീരുമെന്ന ആ പുതിയ
അറിവ് , അതിന്‍റെ വേദനയുടെ ആഴം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍
വിഷമിക്കുകയായിരുന്നു . കണ്ണട മാറ്റി , ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ തുടയ്ക്കുന്ന അവരുടെ
ഭര്‍ത്താവിലേയ്ക്ക് എന്‍റെ നോട്ടം പതിഞ്ഞപ്പോള്‍ ഞാനും അവരിലൊരാളായി മാറിയിരുന്നു .
സ്വന്തം മകനെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റുള്ളവരുടെ വ്യാകുലതകളെ കുറിച്ച് ഒരിക്കല്‍ പോലും
ചിന്തിക്കാതിരുന്നതിലുള്ള പശ്ചാത്താപവും അവര്‍ മറച്ചു വച്ചില്ല . ഇനിയും നല്ല കാര്യങ്ങള്‍
ചെയ്യാന്‍ സമയവും അവസരവും ഉണ്ടാവുമെന്നൊക്കെ പറഞ്ഞ് ഞാന്‍ അവരെ സമാധാനിപ്പിക്കാന്‍
നോക്കിയെങ്കിലും കരച്ചിലടക്കാന്‍ അവര്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു .തീവണ്ടി ഒരു
ഞരക്കത്തിന്റെ താളത്തോടെ നിന്നു . എറണാകുളത്തെത്തി . അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍
ഞാന്‍ നെഞ്ചിലേയ്ക്ക് പകര്‍ന്നു വാങ്ങിയ ഭാരം എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു .

മോന്‍, അച്ഛനെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു . നിസ്സാരമായ
എന്തെങ്കിലും കാര്യമാകാം എന്‍റെ വല്ലായ്മയ്ക്ക് കാരണമെന്ന് അറിയാവുന്നതുകൊണ്ടാവാം
അവര്‍, അച്ഛനും മോനും അവരുടെ ലോകത്തായിരുന്നു . അവന് അപ്പൂപ്പന്‍ പോക്കറ്റ് മണി
കൊടുത്തതും പുഴ കാണാന്‍ കൊണ്ടുപോയതും മുറ്റത്തെ തൈ തെങ്ങില്‍ നിന്ന്, സൂര്യനെപ്പോലെ
ചുവന്നു തുടുത്ത ഇളനീര്‍ കൈ കൊണ്ട് അടര്‍ത്തിയെടുത്തു കൊടുത്തതും അമ്മൂമ്മ ഉണ്ണിയപ്പം
ഉണ്ടാക്കി കൊടുത്തതുമൊക്കെ ഒറ്റ ശ്വാസത്തില്‍ അവന്‍ അച്ഛനെ പറഞ്ഞ് കേള്‍പ്പിച്ചു . അമ്മയുടെ
സാരിത്തലപ്പില്‍ മുഖം തുടയ്ക്കാനെത്തിയ അവനെ അമ്മാവന്‍റെ മകള്‍ രണ്ടു വയസ്സുകാരി
അമ്മുക്കുട്ടി ഉമ്മ കൊടുക്കാനെന്ന മട്ടില്‍ കവിളില്‍ കടിച്ച് അടയാളം ഉണ്ടാക്കിയതായിരുന്നു
അവന്‍റെ ഒരേയൊരു സങ്കടം . അവന്‍റെ അമ്മയോട് അവകാശം സ്ഥാപിക്കാന്‍ എത്തിയതാനെന്നു
കരുതിയാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയാമായിരുന്നിട്ടും മോനോടുള്ള സ്നേഹക്കൂടുതല്‍
കൊണ്ടല്ലേ അവള്‍ അങ്ങനെ ചെയ്തത് എന്ന് അച്ഛന്‍ പറഞ്ഞ് കേട്ടപ്പോള്‍ അവന്‍റെ പരാതിയൊക്കെ
പമ്പ കടന്നു .

അടുക്കളയിലെ പണികളൊക്കെ തീര്‍ത്ത് ഞാന്‍ ഉറങ്ങാന്‍ എത്തിയപ്പോഴും അച്ഛനും
മോനും കഥ പറച്ചില്‍ അവസാനിപ്പിച്ചിരുന്നില്ല . വിശേഷം പറയാനുള്ള ഊഴം ഞാന്‍ അവനില്‍നിന്ന്
പിടിച്ചു വാങ്ങി . വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമൊക്കെ വേഗം പറഞ്ഞുതീര്‍ത്ത് , ഞാന്‍
എന്‍റെ അസ്വസ്ഥതയിലെയ്ക്ക് കടന്നു . തീവണ്ടിയിലെ ഞങ്ങളുടെ സംഭാഷണം വള്ളിപുള്ളി
വിടാതെ പറഞ്ഞു കേള്‍പ്പിച്ചു . കഷ്ടപ്പെട്ട് പഠിച്ച്‌ ഉയരങ്ങള്‍ കീഴടക്കുന്ന മിടുക്കനായ ആ മകന്‍റെ
പക്ഷത്തായിരുന്നു അദ്ദേഹം . മെച്ചപ്പെട്ട സുഖ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് അവന്‍
കഷ്ടപ്പെട്ടത് എന്ന ന്യായവും . ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്ന
ആ അച്ഛന്‍റെയും അമ്മയുടെയും പക്ഷത്തായിരുന്നു ഞാന്‍ . അദ്ദേഹം പറയുന്ന കാലത്തിന്‍റെ
പോക്കും അനിവാര്യതകളുമൊന്നും എന്‍റെ തലയില്‍ കയറുന്നില്ല . ആകെ ഒരു വീര്‍പ്പുമുട്ടല്‍ .
ആരുടെ ഭാഗത്താണ് തെറ്റെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ . എന്‍റെ മോനും , അവനും
ഇങ്ങനെയൊക്കെ ആകുമായിരിക്കും . വളര്‍ന്ന മണ്ണിന്‍റെ മണം ഉപേക്ഷിച്ച് , മുലപ്പാലിന്റെ രുചി
മറന്ന് അവനും വലിയ വലിയ കാഴ്ച്ചകളിലേയ്ക്ക് ഒരു ദിവസം പോകുമായിരിക്കും .

വിശേഷങ്ങളൊക്കെ ഇനി നാളെ ആകാമെന്ന് പറഞ്ഞ് മോനെ
ഉറങ്ങാന്‍ നിര്‍ബന്ധിച്ച് ഞാനും കിടന്നു . തലയിലൂടെ പുതപ്പു വലിച്ചിട്ട് അവന്‍
മനസ്സില്ലാ മനസ്സോടെ കിടന്നു . ക്ഷീണതതിനൊന്നും എന്‍റെ ഉറക്കത്തെ കൊണ്ടുവരാന്‍
കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു . കാലത്തിനൊപ്പം സഞ്ചരിച്ചേ മതിയാകൂ
എന്ന സത്യം അര്‍ത്ഥ വിരാമവും വിരാമവും അതിശയോക്തിയുമൊക്കെയിട്ട് മനസ്സിനെ
എഴുതിയെഴുതി പഠിപ്പിച്ചുകൊണ്ടേയിരുന്നു . ഏതിന് നേരെയാണ് ചുവന്ന
മഷികൊണ്ട് വരയ്ക്കേണ്ടതെന്നറിയാതെ മനസ്സ് അലഞ്ഞുകൊണ്ടേയിരുന്നു . ഞാന്‍
ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി , ഉത്തരം കണ്ടെത്തിയോ എന്ന് അദ്ദേഹം ചോദിച്ചു .
പുതപ്പിനടിയില്‍ നിന്ന് ചെറിയ ഒരു ശബ്ദം പുറത്തേയ്ക്ക് ഒഴുകിയെത്തി . "ഞാന്‍
മാര്‍സിലാണ് താമസിക്കാന്‍ പോകുന്നത് കേട്ടോ അമ്മേ ". അതെ , എന്‍റെ ചോദ്യത്തിന്
ഉത്തരം കിട്ടിയിരിക്കുന്നു , ഒരു പത്തു വയസ്സുകാരനില്‍ നിന്ന് . ഞാനൊന്നും മിണ്ടിയില്ല .
ഇനി ഉറങ്ങാം , സമാധാനമായി . അവന്‍ എന്‍റെ പുറത്തേയ്ക്ക് വലിച്ചിട്ട പുതപ്പിനുള്ളില്‍
അവനേക്കാള്‍ ചെറിയ കുട്ടിയായി , ഞാനവനെ കെട്ടിപ്പിടിച്ച് ഉറക്കത്തിനായി
പ്രാര്‍ത്ഥിച്ചുകൊണ്ടു കിടന്നു .