2019, മാർച്ച് 19, ചൊവ്വാഴ്ച

മരണവൃത്താന്തം

പടിപ്പുര കടന്ന്
പുറത്തിറങ്ങി നിന്ന്
സാക്ഷ നീക്കി ഒരുവട്ടംകൂടി
നോക്കിക്കാണുകയാണ്.

ഇച്ചിരി വെട്ടവുമായി
ഒരു മിന്നാമിനുങ്ങ്
കൂട്ടിനു പറന്നെത്തുമെന്ന്
നിശ്വാസംകൊണ്ട്
കൈവീശി ഒരിറ്റുനേരം.

ഉറങ്ങിയ പൂക്കൾക്ക്
പുതപ്പുകളുമായി
നക്ഷത്രങ്ങളെക്കൂട്ടി
നിലാവുമെത്തുമായിരിക്കും.

തുറന്നുകിടക്കുന്ന
ജനാലക്കൊളുത്തുകളിൽ
തൂങ്ങിയാടുന്ന കാറ്റ്.
മിഴിച്ചുനോക്കുന്ന
വരികളിൽനിന്നെപ്പൊഴോ
ഊർന്നുപോയ തെളിച്ചം.
തുറന്നുവെച്ചിരിക്കുന്ന
പാട്ടുപെട്ടിയിൽ നിന്നെന്നോ 
ഒഴുകിപ്പോയൊരു
ഭാവഗീതത്തെയോർത്ത് 
ഇരുട്ടുകുടിച്ചു വയറുനിറച്ച
വായനമുറിയുടെ
വിളറിവെളുത്ത ചുവര്.

മരണാനന്തരവഴികളിൽ
എവിടെവെച്ചാവും
വീണ്ടും കണ്ടുമുട്ടുകയെന്ന്
ചീവീടുകളുടെയൊച്ച നേർപ്പിച്ച്,
വീടിന്റെ വരാന്തയിൽ
മടക്കിവെച്ചിരിക്കുന്ന പുൽപ്പായ.

ആൾക്കൂട്ടത്തിൽ
ഒറ്റയാവുകയെന്നതിനെക്കാൾ
ഒറ്റയെന്ന വാക്കിനുള്ളിലെ 
ഒരേയൊരൊന്നാവുക,
മരിക്കുക വീണ്ടും മരിക്കുക..!
_________________________________

2019, മാർച്ച് 7, വ്യാഴാഴ്‌ച

ആഴങ്ങളുടെ ഭൂമിക

പാടി നിർത്തിയ
വീടകത്തുനിന്നാണ്
നിലാവിന്റെ കണ്ണ്
പെയ്തിറങ്ങി
മുറ്റമാകെ നനയ്ക്കാൻ
തുടങ്ങിയത്.

വരച്ചു നിർത്തിയ
വരമ്പത്തുനിന്നാണ്
ഒതുക്കിയെടുത്ത്
ഒരു ചിറകിനെ 
ആകാശത്തോളം
വളർത്തിയെടുത്തത്.

മലമുകളിലിരുന്ന
കിളിയുടെ ചുണ്ടിൽ
ചുരമിറങ്ങുന്നേരം
അഴിച്ചുവെച്ചതാണ്  
രാഗങ്ങളുടെ നിറക്കൂട്ട്.

വളവുവരെ
കൂടെ പോന്നിരുന്നു
മഞ്ഞുപുതച്ച കാട്,
നീയിരുന്ന ചില്ല.

കുളിരായൊന്ന് 
തൊട്ടുതലോടാൻ
വഴിനോക്കി നിന്ന പുഴ
മറന്നുപോയതല്ല,
കൈ കുഴഞ്ഞിട്ടാണ്.

കാൽനഖംകൊണ്ടൊന്നു
വരയ്ക്കാൻ
ഞാനും മറന്നതല്ല,
വിരലുകളെപ്പൊഴോ
അടർന്നുപോയിരുന്നു.

പ്രകാശത്തിന്റെ
വേഗതയായിരുന്നു
നിന്നെയൊന്ന്
തൊട്ടുവിളിക്കാൻ
തിടുക്കപ്പെടുന്ന
എന്റെ വിരലുകൾക്ക്.

കനത്തുപെയ്യുന്ന
നിശ്വാസത്തിന്റെയിരുളിൽ
അടുക്കുന്തോറും
അലങ്കോലപ്പെടുന്ന ഞാൻ.

കണ്ടുകണ്ടിരിക്കെ
എത്ര വേഗത്തിലാണ്
തിരയിളക്കിയൊരു കടൽ
കണ്ണിലേയ്ക്കു ചേക്കേറുന്നത്.

___________________________

2019, മാർച്ച് 2, ശനിയാഴ്‌ച

മുറിവിന്റെ ഭൂമിശാസ്ത്രം

ശൂന്യതയുടെ
കുത്തൊഴുക്കിൽ
ഒലിച്ചുപോയവളെ
ഏതുമ്മറപ്പടിയിൽ നിന്നാണ്
വാരിപ്പെറുക്കിയെടുത്ത്
പുനർനിർമ്മിക്കാനാവുക.

ഉയിരെന്നൊരു
വാക്കിന്റെ കൊളുത്തിൽ
അടച്ചുറപ്പോടെയിരുന്നവളെ
ഏതു തിരയിൽനിന്നാണ്
അരിച്ചെടുത്ത്
പുനർവായിക്കാനാവുക.

പലവട്ടം മരിച്ചിട്ടും
ചരമക്കുറിപ്പിൽ
തെളിയാതെപോയൊരുവളെ
ഏതു ചാരത്തിൽനിന്നാണ്
വാരിയെടുത്ത്
പുനർജ്ജവിപ്പിക്കാനാവുക.

മുറിയാതുരുവിട്ടിട്ടും
ചിതറിപ്പോയ
മാത്രമെന്നൊരു വാക്കിനെ
ഏതാഴത്തിൽനിന്നാണ്
കോരിയെടുത്ത്
പുനഃപ്രതിഷ്ഠിക്കാനാവുക.

കാണാതെപോയ ഉത്സവത്തെ
ഏതു കുപ്പിവളകളുടെ
നിറം കൊണ്ടാണ്
കണ്ണെഴുതിച്ച്
കൂടെ നടത്തുക.

വര മാഞ്ഞ്
കരിയിലയിളകുന്ന മുറ്റം,
കനൽ കെട്ട അടുപ്പ്,
മധുരം താങ്ങി
പൊട്ടിവീണുറുമ്പരിക്കുമുറി,
ഒഴുക്കെടുത്തുപോയ
അടുക്കളവാതിൽപ്പടി.

നിന്നിൽ വിയർത്ത
ഞാനെന്ന തുള്ളിയെ
ഏതു വെയിൽത്തുമ്പുകൊണ്ടാണ്
തൊട്ടെടുക്കാനാവുക.

__________________________

2019, മാർച്ച് 1, വെള്ളിയാഴ്‌ച

ഓർമ്മപ്പാളത്തിലൂടൊരു വരയിട്ട്


ഒരു വഴി 
തൊണ്ടവരണ്ട്
ചുരം കയറുന്നു.

ചുവക്കാഞ്ഞിട്ടല്ല
അടർന്നു വീണതെന്ന്
വഴിവക്കിലെ കാട്ടുപൂവ്.

നീ മാത്രം
പൂക്കുമിടമായിരുന്നു
മലയെന്ന്
തിരഞ്ഞുതിരഞ്ഞ്
അവസാന ശ്വാസത്തിൽ
നമ്മളെന്നടയാളപ്പെടുത്തി
കുഴഞ്ഞുവീഴുന്ന കാറ്റ്.

നീയെന്നിടത്താണ്
ഞാാൻ പച്ചയായ്
കിളിർക്കുകയെന്ന്
വെയിലിലെഴുതിയ  
നീലിച്ച ചൂണ്ടുപലക
കാലൊടിഞ്ഞു വീണ്
മഞ്ഞുമുത്തിക്കിടപ്പാണ്.

ദൂരംതാണ്ടിയ
വളവുകൾ,
ഒരുമിച്ചിരുന്ന്
നടുവു നിവർത്താൻ 
പീടികത്തൂണ് 
ചാരിവെയ്ക്കുകയാവും.
ഏതു വഴിവക്കിലാണ് 
ഞാനെന്റെ കാലുകളെ
നിഴലു പൂക്കാതെ 
നട്ടുവെച്ചത്.
______________________________