2016, ജനുവരി 29, വെള്ളിയാഴ്‌ച

പുഴയെഴുത്ത്

ആഴങ്ങളിലെവിടെയോ
മേഘക്കാർ
കനംവെയ്ക്കാൻ തുടങ്ങുന്നു .

വരവരികൾ മാഞ്ഞുപോയ
കടലാസ്സിൻ ചതുരത്താൽ
അളവഴകൊത്തൊരു തോണി .

തണുവ് പുതച്ച വരാന്ത നനച്ച്
നിറഞ്ഞൊഴുകുമൊരു  പുഴയായ്
മണൽവിരി  മൂടിയ മുറ്റം .

കട്ടുറുമ്പിൻ കുഞ്ഞുങ്ങളെ
കരിയിലത്തുഞ്ചത്താലെടുത്ത്
വള്ളത്തിലിരുത്തി പതിയെ ഒരുന്ത് .

നോക്കി നോക്കിയിരിക്കേ
ആളെയിരുത്തി മറഞ്ഞുപോകുന്നു
പുഴ നീന്തിയൊരു കടത്തുവള്ളം ..!

അക്കരെ നിന്നൊരാൾ
ഞാനല്ലേ നീയെന്ന്
ചൂളമിടുന്നുണ്ടോന്നു കാതുകൂർപ്പിക്കണം .

കുന്നിൻ ചെരുവിൽ കാണാമെന്ന്
വെറുതെ പറയുന്നതു കേട്ട്
വെറുതെ മോഹിച്ചിരിക്കണം .

പറത്തിവിടുന്ന കിളിയെ
ആരും കാണാതെയറിയാതെ
ചുണ്ടിനുള്ളിലൊളിപ്പിച്ചുവെയ്ക്കണം .

ഇന്നലെയ്ക്ക് ദാവണി ഞൊറിയുമ്പോൾ
ഇന്നത്തെ ഏകാന്തതയ്ക്കെന്തൊരു ചന്തം ...!











2016, ജനുവരി 26, ചൊവ്വാഴ്ച

വരവേൽപ്പ്

മൂടാൻ
ചെറുകമ്പളം തരാം
ചൂടാൻ
നറു താരകങ്ങളും
നുകരാൻ
മഞ്ഞിൻ ചഷകവും
നുണയാൻ
കടഞ്ഞ ചിരിയഴകും

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
മിഴിനീട്ടിയിരിപ്പാണ് 
ജാലകം

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ

വരിക
നറുനിലാമഞ്ചലിൽ
തരിക
കിനാപ്പൊൻതൂവൽ .





2016, ജനുവരി 14, വ്യാഴാഴ്‌ച

ചിതറി
പടർന്ന്
വൃത്തമിടുന്ന
ജലകണങ്ങളിൽ
തുളുമ്പിപ്പോകുന്ന
കിണർ .!

പതിയെ പതിയെയെന്ന
മന്ത്രണത്തിൽ
ആടിയാടി
ഒരുമാത്ര നിശ്ചലമാകുന്ന
തൊട്ടി.!
നീയെത്തിയിട്ടു വേണം
എനിക്കൊന്നു നനയാനെന്ന്
തിളങ്ങിയിരിക്കുന്നൊരു
ചെമ്പ്...!
( നിന്നെ തൊട്ട് ഞാനാകും നേരം )

2016, ജനുവരി 6, ബുധനാഴ്‌ച

മഴവില്ല് വരയുമോർമ്മയിൽ ...


നാളെകളുടെ രേഖീയമായ
ഏതോ ഒരക്കത്തിന്റെ വിരൽ പിടിച്ച്
ഞാൻ നടന്നു കയറുകയാണ് .

കണ്ണട നന്നായി തുടച്ച്
കൊതിതീരെ നോക്കിനില്ക്കുന്നു
പച്ചയുടുത്ത ഉന്മാദിനികളുടെ നടനം .

നേർത്ത വരകൾ പോലെ
കിതച്ചുവരുന്ന മഴയൊരു വിരൽത്തുമ്പാൽ
ഒരു മുത്തെടുത്ത് നെറ്റിമേലൊട്ടിക്കുന്നു .

ഞാനിവിടെയുണ്ടെന്ന്‌ ഓരോ മരവും
അരുമയായ് ഞാനിട്ടപേരിനെ
മുന്നിലേയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുനിർത്തുന്നു .

കൈവെള്ളയിലിരുന്നൊരു നീരുറവ
ചുളിവു വീണ കവിളിണകൾ
കനിവോടെ തൊട്ടു നനയ്ക്കുന്നു .

നന്നായിണങ്ങുന്നുവെന്നു തലോടി
കാറ്റുവിരലുകൾ ,ഒതുക്കിവെച്ച നര
നെറ്റിയിലേയ്ക്കു വിരിച്ചിടുന്നു .

ആ കാണുന്നതാണെന്റെ വീടെന്ന്
തണുപ്പിനെ കുടഞ്ഞെറിഞ്ഞ്‌
ഞാനോടിച്ചെന്നു കണ്ണുനിറയ്ക്കുന്നു .

തൂക്കുവിളക്കുവെട്ടത്തിലുറക്കെച്ചിരിച്ച്
ഞാനുറങ്ങിയിട്ടില്ലെന്നവളെന്നെ
ഇരുട്ടിനെ പരിചയപ്പെടുത്തുന്നു .

ചില്ല നിറഞ്ഞ മിന്നാമിനുങ്ങുകളെ കാട്ടി
ഇവളും ഋതുമതിയായെന്ന്
കവിളിലൊരു നുണക്കുഴി കുത്തുന്നു .

ബ്രാഹ്മമുഹൂർത്തത്തിലുണരണമെന്ന്
ഇരുട്ടിനെ മടിയിലുറക്കി
തണുപ്പിനെ വാരിയെടുത്ത് പുതയ്ക്കുന്നു .

നീയെന്നെ ചേർത്തുപിടിച്ചൊരു ചിത്രം
ചുവരിന്നും മായാതെ കാത്തുവെച്ചിരിക്കുന്നു .!