2020, മേയ് 30, ശനിയാഴ്‌ച

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
നീ,വിരൽ കുടയും.
നമ്മൾ,   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓർക്കുന്നു, 
നീ ചാഞ്ഞുനിന്ന
ഉച്ചയെ
തൊട്ടു കൂട്ടിയ 
മണങ്ങളെ 
ഉതിർന്നു വീണ 
വരികളെ.

നട്ടുനനയ്ക്കണം
നീ തോർന്ന 
മണ്ണിനെ 
മുളപ്പിച്ചെടുക്കണം
വിരൽ വിട്ടുപോയ 
വാക്കിനെ.

കടലെടുത്ത 
മണ്ണിന്റെ പച്ചയായ്   
നീ കുറിച്ചിട്ട വാക്ക്.
ആകാശം പൊഴിച്ചിട്ട  
വിത്തായ്
ഞാൻ കോറിയിട്ട വര.
മഴയായ് പൂക്കണമൊരു  
വരിയിൽ.
നട്ടു വെച്ചിട്ടുണ്ടാവും
തിരകളവരുടെ മുറ്റത്ത്, 
വരയിൽ പതിവെച്ച വാക്ക്.


2020, മേയ് 25, തിങ്കളാഴ്‌ച

നിരന്തരം
വരയ്ക്കുകയാണവൻ.
പൂക്കൾക്കു പച്ച
ഇലകൾക്കു ചുവപ്പ്.
പാടുന്ന കാക്ക
കരയുന്ന കുയിൽ.
ചാടുന്ന ഒച്ച്
ഇഴയുന്ന പുൽച്ചാടി.
വെളിച്ചപ്പെടാൻ 
വിരൽ മോഹിച്ച് 
ഞാനിങ്ങനെ
ഇരുണ്ടുകൊണ്ടേ...
താളുകളൊന്നൊന്നായ്
മറിച്ചു നോക്കും
നീ പെയ്ത വരികളിൽ 
വിരലോടിക്കും
പച്ചയായിടങ്ങളിൽ
ഇലഞരമ്പായ് തിണർക്കും
മുറിഞ്ഞു പോയിടങ്ങൾ 
നിറമിറ്റിച്ചു ചേർത്തുവെക്കും.

നിലയ്ക്കാതോടിയിട്ടും
ഒരു മുനയുടെയറ്റം കൊണ്ടും
അടയാളപ്പെടാനാവാത്ത 
വൃത്തങ്ങളിൽ, 
മരിച്ചുപോയ കുട്ടിയുടെ
നാവിലേയ്ക്ക്
തുള്ളികളിറ്റിക്കുന്നതു പോലെ
വിറങ്ങലിക്കുന്നു വിരലുകൾ.




മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
താഴേയ്ക്കു വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ വിശറിയാലവനെ,
തണുക്കുവോളം.






ഊരിമാറ്റുമ്പോൾ
പതിഞ്ഞു പോയിരുന്നു
നീ വരച്ച ഒറ്റക്കല്ല്.
പെറുക്കിയെടുക്കുന്നേരം
നിറമറ്റ്  
കൊഴിഞ്ഞിരുന്നെന്റെ   
വിരൽത്തുമ്പുകൾ.
ഒതുക്കി വെയ്ക്കുന്നു 
കടലിന്റെ മൂടിയുള്ളൊരു
നോവു പാത്രത്തിൽ,
നീ മണം കൊടുത്ത 
നിലാവിന്റെ പച്ച.

2020, മേയ് 21, വ്യാഴാഴ്‌ച

ആരും കാണാതെ
ഉറങ്ങിയിരുന്നു 
ചിറ്റമ്മയുടെയലമാരയിൽ
ചില്ലിട്ടൊരു പടം.
താക്കോൽ തിരിയുന്ന ഒച്ചയിൽ
നെഞ്ചു പിടയ്ക്കും
ഒന്നു നന്നായി കാണാനായെങ്കിൽ.
അച്ഛൻ മരിച്ചതിന്റെ
ഒന്നാമാണ്ട് കഴിഞ്ഞ ശേഷമാണ്
എനിക്കൊന്നു തൊടാനായത്.

അമ്മയെ കൊന്നെന്ന് 
അമ്മയെക്കാൾ മുതിർന്നവർ 
എനിക്കായ്  
അടക്കം പറയുന്നതിൽ
പിടഞ്ഞു വീണ് 
നുണയാൻ കിട്ടാതെ പോയ 
മുലപ്പാലിനെയോർത്ത് 
തേങ്ങിയിട്ടുണ്ട്,
പല തവണ.

ചില ചില നേരങ്ങളിൽ
പുറത്തെടുത്ത് 
മേശമേൽ വെച്ച് നോക്കിയിരിക്കും
പുസ്തകങ്ങൾ ഓടിയൊളിക്കും
ചില്ലിനുള്ളിൽ നിന്ന്
അമ്മയുടെ കവിളിലെ കാക്കപ്പുള്ളി
ഇറങ്ങിവന്ന് ഒട്ടിപ്പിടിക്കും
അമ്മയതിൽ 
തലോടി നോക്കും
എത്ര മൃദുവാണാ വിരലുകൾ.
കണ്ണാടിയിൽ നോക്കി 
എന്തൊരു ചന്തമെന്ന് 
അമ്മ പിൻകഴുത്തിലുമ്മ വെക്കും
എന്തൊരു തണുപ്പാണപ്പോൾ.
അമ്മയിപ്പോഴും
ഉണർന്നിരിപ്പുണ്ടച്ഛനോടൊപ്പം
പൂട്ടി വെയ്ക്കാത്ത അലമാരയിൽ.

( ഏഴാം ദിവസമായിരുന്നത്രെ...)

വാക്കിന് 
ഈണം കൊടുത്ത് 
നീ വരികളെ 
എത്ര വേഗത്തിലാണ് 
അനായാസേന 
പാട്ടിലാക്കുന്നത്.
ഒരു തുള്ളി ജലം മതി
നിനക്ക് ഞൊടിയിടകൊണ്ട് 
കണ്ണും കടലും നിറയ്ക്കാൻ.

നിറങ്ങളൂതിപ്പറത്തി 
എത്ര വേഗത്തിലാണ് 
നീയെന്റെ ഭാരത്തെ 
നിന്റെ വിരലിലേയ്ക്ക്
തിരിച്ചെടുക്കുന്നത്,
ഒരു കുഴലൂത്തുകാരനെപ്പോലെ.

എത്ര വേഗത്തിലാണ്
നീയൊരു വരിയെ   
കുടയാക്കുന്നത്. 
ഞാനൊരു വാക്കായ് 
പൊഴിഞ്ഞു വീഴുന്നത്,
അതിശയത്തിന്റെ 
ഉടുക്ക് പൊട്ടിപ്പോയൊരു  
കുഞ്ഞിനെപ്പോലെ.

മഴ തേവി തളർന്നാലും
വിയർക്കുന്നെന്നവൻ 
പറയാറേയില്ല
കാറ്റൊരു വിശറി 
തുന്നാറുമില്ല  
കിളിയൊരു ചിറക് 
കുടയാറുമില്ല  
വെറുതേ മോഹിക്കും
ഇറങ്ങി വന്നെങ്കിലെന്ന്
തുടച്ചെടുക്കാമായിരുന്നു
ഇലച്ചാർത്തിൻ തൂവാലയാലവനെ,
തണുക്കുവോളം.






2020, മേയ് 16, ശനിയാഴ്‌ച

നിലാവ് 
പുതച്ചങ്ങനിരിക്കും
തുറന്നിട്ട ജനാലയിലൂടെ 
അകത്തു കടക്കും.

ഞാനൊരു 
മൂളിപ്പാട്ടിനെയുറക്കാൻ
കിടത്തുന്നേരം  
ഒരു പിയാനോയിലേയ്ക്കെ-
ന്നതു പോലെ 
ഉതിർന്നു വീഴും   
നിന്റെ വിരൽതുമ്പുകളെന്നിൽ.

നമ്മൾ 
ആദ്യമായ് കണ്ട 
ഉച്ചനേരത്തെക്കുറിച്ച്
നീ പറയുന്നേരം
ഞാൻ വിയർത്തൊഴുകും.

ജനലരികത്ത്
ഒറ്റയ്ക്കു പാടാനെത്തുന്ന 
കിളിയിലെത്തുന്നേരം 
നിലാമഞ്ഞപോലെ 
ഞാൻ പരന്നു നിറയും.

കാറ്റ് പിഴുതിട്ടുപോയ 
ചെമ്പകമരത്തിലേയ്ക്ക്
വേരറ്റു പോകുന്നേരം    
കണ്ണിലെ കടലിൽ 
ഞാൻ മുങ്ങി മരിക്കും.

ഉറക്കത്തിലും 
ഉറങ്ങാതിരിക്കുന്ന  
നിന്നോട്, 
വാതിലിനപ്പുറവും 
നീ തന്നെയാണെന്ന് 
ഞാനേതു നേരം'പറഞ്ഞാണ് 
അടയാളപ്പെടുത്തുക.



2020, മേയ് 14, വ്യാഴാഴ്‌ച

തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.

2020, മേയ് 12, ചൊവ്വാഴ്ച


പത്തായത്തിൽ
ഇപ്പോഴുമുണ്ട്  
വേനൽ കുടിച്ചു വറ്റിച്ച
കണ്ടങ്ങളുടെ ചേറുമണം.
അതിനു മേലേ
അരികു പറിഞ്ഞുപോയ
ഉണക്കപ്പായയിൽ
വെന്ത നെല്ലിന്റെ ചൂട്.

തുറന്നു നോക്കും
ഇടയ്ക്കിടെ.
ഉള്ളിലേയ്ക്ക് തലയിട്ട്, 
ആ ഇരുട്ടിലൂടെ
വരമ്പു മുറിച്ചു കടക്കും.
കാറ്റ് കൂടെ നടക്കും
വെയിലിറ്റിറ്റു വീണ് 
പച്ചയായ് പരക്കും 
പാവാടത്തുമ്പിൽ 
പറ്റിപ്പിടിക്കുന്ന മണ്ണ് 
കണങ്കാലിലുരഞ്ഞുരഞ്ഞ് 
നോവു പരത്തും.
നാവിന്നടിയിലിരുന്ന്
പാൽ ചുരത്തും 
ഇളം കതിരിന്റെ അരം.

വാഴക്കുല പഴുക്കാൻ 
കത്തിച്ചുവെയ്ക്കുന്ന   
ചന്ദനത്തിരികളുടെ 
മണം പോലും
അമ്മ കൊണ്ടുപോയിട്ടില്ല.

കിടക്കുമ്പോൾ  
തെളിഞ്ഞുവരും
ആളിക്കത്തുന്നൊരു ചിത.
പത്തായപ്പുരയിലേയ്ക്ക് 
തീ പടരാതെ 
ഉറക്കം തല്ലിക്കെടുത്തി    
ഇരുകൈകളും കോർത്ത്  
ഞാനെന്റെ നെഞ്ച് 
പൊതിഞ്ഞു പിടിക്കും.


2020, മേയ് 8, വെള്ളിയാഴ്‌ച

കണ്ണുകൾ
അവൾക്കു കൊടു-
ക്കുമ്പോൾ 
എന്റെ കാതുകളാരോ
പിഴുതെടുത്തിരുന്നു.
ഒരു നേർത്ത 
സ്പർശത്താൽ 
നീ തളിർക്കുമിടങ്ങളിൽ
ഞാനൊരു  
മഴയായ് മണക്കുമെന്ന
വരിയിൽ 
ഞാനെന്റെ വിരലുകൾ
മുറിച്ചു കുത്തുന്നു.
ഒരു തരി വെട്ടത്തിന് 
മിന്നാമിനുങ്ങിനെയും
തെളിയിച്ച്
നിഴലിനെ
ഉയിരാഴം കൊണ്ട്
ചികഞ്ഞെടുക്കുന്നു
മുറിഞ്ഞൊരൊച്ച.
പെരുമഴയെന്ന് 
വിരലാകെ വിടർത്തി 
ആകെ തണുത്തെന്ന്  
നെഞ്ചാകെ കൂട്ടിത്തുന്നി 
രാവിനെ പുതപ്പിച്ച്
ഉണരും വരെയങ്ങനെ. 
മധുരമായൊരൊച്ചയ്ക്ക്
തേനും വയമ്പും തന്നതേയില്ല
ഒരു രാവുമിതേ വരെ.


2020, മേയ് 3, ഞായറാഴ്‌ച

കാലുകൾ 
നീട്ടിവെക്കാനാവാതെ
മുട്ടു മടക്കി മുഖം കറുപ്പിച്ച്,
മടിയിൽ തിരിഞ്ഞും മറിഞ്ഞും
കിടന്ന്,
കാറ്റിന്റെ വിശറി വാങ്ങി 
മടക്കി വെച്ച്,
മൂക്കിൻതുമ്പത്തെ വിയർപ്പ് 
സാരിയിൽ തുടച്ച്,
നിഴൽ വീഴുന്ന നെഞ്ചിലേയ്ക്കെന്റെ
വിരൽ കൂട്ടിപ്പിടിച്ച്,
വെറുതേ ഉറക്കം നടിച്ചങ്ങനെ !
നിലാവേ,
പുതുക്കിപ്പണിയണം
നമ്മുടെ വീടിനൊരു വലിയ വരാന്ത.

ഒന്നും 
പറഞ്ഞില്ല,
ഓർത്തുവെയ്ക്കാനും. 
ആർത്തലയ്ക്കുന്നു 
തുള്ളിയായ് 
കടൽ. 
കിനിയുന്നുണ്ടിടയ്ക്കിടെ 
കടും ചുവപ്പായ് 
പ്രണയമെന്നു തിരണ്ട വരി.

2020, മേയ് 2, ശനിയാഴ്‌ച

വേനൽശിഖരങ്ങളിൽ
തട്ടിയുരഞ്ഞ്
മുറിവേറ്റ മേഘത്തിന്
ഞാനെന്റെ
കറുത്ത ഉടയാടയഴിച്ചു-
കൊടുക്കുന്നു.
ഒരു പെയ്ത്താകുമെന്ന
കിനാവിന്റെ ചിറകേറി
അവൾ പറന്നു നടക്കട്ടെ.


2020, മേയ് 1, വെള്ളിയാഴ്‌ച

ഒച്ച മുറിഞ്ഞ തീവണ്ടിയുടെ
കഷണങ്ങൾക്കിടയിൽ നിന്ന്
സാവിത്ര്യേച്ചിയെ 
പെറുക്കിക്കൂട്ടിയെടുത്തു 
ആരൊക്കെയോ കൊണ്ടുവന്ന് 
നിലത്തുവെച്ചപ്പോഴാണ്
ഹരിയേട്ടൻ ഉറക്കെക്കരഞ്ഞു 
കരഞ്ഞ്
ചിരിക്കാൻ തുടങ്ങിയത്.
പുകയുയരുന്നതു നോക്കി നിന്ന്
കൈകളുയർത്തി
ആരെയോ
അന്നുവരെ ആരും കേട്ടിട്ടില്ലാത്ത
പുലഭ്യങ്ങൾ പറഞ്ഞത്
ദിവസം കഴിയുന്തോറും
വരാന്തയിലങ്ങോട്ടുമിങ്ങോട്ടും
നടത്തത്തിനു വേഗത കൂട്ടിയത്.

എനിക്കു ഭയമാണുറക്കെ 
കരയാൻ

ഒരു കുട്ടിയുമുണ്ടാവില്ല
വിരലിനേക്കാൾ വളരാതെ 
നഖം വെട്ടിത്തരാൻ
മുടിയിലല്പം എണ്ണ പുരട്ടി
ഇല്ലാത്തതുണ്ടെന്നു പറഞ്ഞ്
കുളിമുറിവരെ കൊണ്ടുചെന്നാക്കാൻ
വഴിയിലേയ്ക്കൊരു കണ്ണും തന്ന്
കൂടെയിരിക്കാൻ
ഈ ലോകത്തിപ്പോൾ
ആരും മരിക്കാറില്ലെന്ന്
കൈവെള്ളയിലടിച്ച് സത്യം ചെയ്യാൻ.
കള്ളം പറഞ്ഞാൽ 
നിന്റെ തല പൊട്ടിപ്പോകുമെന്ന്
തിരിച്ചു പറയാൻ
എനിക്കന്ന് ബോധവുമുണ്ടാവില്ല.