2020, മേയ് 12, ചൊവ്വാഴ്ച


പത്തായത്തിൽ
ഇപ്പോഴുമുണ്ട്  
വേനൽ കുടിച്ചു വറ്റിച്ച
കണ്ടങ്ങളുടെ ചേറുമണം.
അതിനു മേലേ
അരികു പറിഞ്ഞുപോയ
ഉണക്കപ്പായയിൽ
വെന്ത നെല്ലിന്റെ ചൂട്.

തുറന്നു നോക്കും
ഇടയ്ക്കിടെ.
ഉള്ളിലേയ്ക്ക് തലയിട്ട്, 
ആ ഇരുട്ടിലൂടെ
വരമ്പു മുറിച്ചു കടക്കും.
കാറ്റ് കൂടെ നടക്കും
വെയിലിറ്റിറ്റു വീണ് 
പച്ചയായ് പരക്കും 
പാവാടത്തുമ്പിൽ 
പറ്റിപ്പിടിക്കുന്ന മണ്ണ് 
കണങ്കാലിലുരഞ്ഞുരഞ്ഞ് 
നോവു പരത്തും.
നാവിന്നടിയിലിരുന്ന്
പാൽ ചുരത്തും 
ഇളം കതിരിന്റെ അരം.

വാഴക്കുല പഴുക്കാൻ 
കത്തിച്ചുവെയ്ക്കുന്ന   
ചന്ദനത്തിരികളുടെ 
മണം പോലും
അമ്മ കൊണ്ടുപോയിട്ടില്ല.

കിടക്കുമ്പോൾ  
തെളിഞ്ഞുവരും
ആളിക്കത്തുന്നൊരു ചിത.
പത്തായപ്പുരയിലേയ്ക്ക് 
തീ പടരാതെ 
ഉറക്കം തല്ലിക്കെടുത്തി    
ഇരുകൈകളും കോർത്ത്  
ഞാനെന്റെ നെഞ്ച് 
പൊതിഞ്ഞു പിടിക്കും.