2020, മേയ് 21, വ്യാഴാഴ്‌ച

ആരും കാണാതെ
ഉറങ്ങിയിരുന്നു 
ചിറ്റമ്മയുടെയലമാരയിൽ
ചില്ലിട്ടൊരു പടം.
താക്കോൽ തിരിയുന്ന ഒച്ചയിൽ
നെഞ്ചു പിടയ്ക്കും
ഒന്നു നന്നായി കാണാനായെങ്കിൽ.
അച്ഛൻ മരിച്ചതിന്റെ
ഒന്നാമാണ്ട് കഴിഞ്ഞ ശേഷമാണ്
എനിക്കൊന്നു തൊടാനായത്.

അമ്മയെ കൊന്നെന്ന് 
അമ്മയെക്കാൾ മുതിർന്നവർ 
എനിക്കായ്  
അടക്കം പറയുന്നതിൽ
പിടഞ്ഞു വീണ് 
നുണയാൻ കിട്ടാതെ പോയ 
മുലപ്പാലിനെയോർത്ത് 
തേങ്ങിയിട്ടുണ്ട്,
പല തവണ.

ചില ചില നേരങ്ങളിൽ
പുറത്തെടുത്ത് 
മേശമേൽ വെച്ച് നോക്കിയിരിക്കും
പുസ്തകങ്ങൾ ഓടിയൊളിക്കും
ചില്ലിനുള്ളിൽ നിന്ന്
അമ്മയുടെ കവിളിലെ കാക്കപ്പുള്ളി
ഇറങ്ങിവന്ന് ഒട്ടിപ്പിടിക്കും
അമ്മയതിൽ 
തലോടി നോക്കും
എത്ര മൃദുവാണാ വിരലുകൾ.
കണ്ണാടിയിൽ നോക്കി 
എന്തൊരു ചന്തമെന്ന് 
അമ്മ പിൻകഴുത്തിലുമ്മ വെക്കും
എന്തൊരു തണുപ്പാണപ്പോൾ.
അമ്മയിപ്പോഴും
ഉണർന്നിരിപ്പുണ്ടച്ഛനോടൊപ്പം
പൂട്ടി വെയ്ക്കാത്ത അലമാരയിൽ.

( ഏഴാം ദിവസമായിരുന്നത്രെ...)