2014, മേയ് 31, ശനിയാഴ്‌ച

പുത്തനടുക്കളയുടെ വാതിൽചാരി നിന്ന് ഞാൻ വായിച്ച ആദ്യത്തെ കവിത .
ഒരു തലക്കെട്ടിനായി പരതി ,ജനിമൃതികളിലൂടെ നടന്നുനടന്നു തളർന്ന് ,
ഒടുവിൽ തോറ്റു .
ഒരോ മഴയിലും നനഞ്ഞു കുതിർന്ന് , ഉണങ്ങിയടർന്ന് ,മണ്ണായിത്തീരാനാവാതെ,
വേറിട്ടുപോയൊരു ശരീരാവശിഷ്ടമായും പടർന്നുചെല്ലുന്ന ഒരു നിഷ്കളങ്കമായ
ചോദ്യമായും മാത്രം ആ കവിതയെ വിവർത്തനം ചെയ്ത്,വെറുമൊരു കാഴ്ചയാക്കി
അകത്തുപോയി താക്കോൽക്കൂട്ടമെടുത്ത് വരുമ്പോൾ മുന്നിൽ രണ്ടാമത്തെ
കവിത !
ഭയലേശമില്ലാതെ ഇത്രയും അടുത്തുപിടിച്ച് ആദ്യമായ് വായിക്കുന്നു .കാലൊന്നു
നീട്ടിവച്ചാൽ തൊട്ടറിയാം !
എന്തോ പറയാനുണ്ടെന്നമട്ടിൽ നാക്കുനീട്ടി ,പിന്നെ വേണ്ടാന്നുവച്ച് ,പടവുകളായി
രൂപാന്തരപ്പെടുത്തിയ പാറയുടെ അടരുകളിലൊന്നിൽ നിന്നിറങ്ങി വന്ന്
മുകൾത്തട്ടിലേയ്ക്ക് നീണ്ടുനീണ്ടുപോയൊരു വായന .ഉള്ളിലുള്ള അവകാശികളെ
നോക്കുകപോലുമില്ലെന്ന ഞാൻ കൊടുത്തൊരു വാക്ക് ,കേട്ടിട്ടാവാം തലയുയർത്തി ,
നെഞ്ചുവിരിച്ച് വീണ്ടുമൊരു വലിയ രേഖയായി ..പുൽനാമ്പുകൾ അവനിലേയ്ക്ക്
ചായുന്നതും കണ്ട് , ഞാനെന്റെ പകലിലേയ്ക്കും .

മൂന്നാമതൊരു കവിത വായിക്കുംമുമ്പ് ചിത്രത്തിൽപ്പോലും കണ്ടിട്ടില്ലാത്ത
'ത്രേസ്യാമ്മ ടീച്ചറെ ,ത്രേസ്യാമ്മ ചേട്ടത്തീന്ന് ഉറക്കെ വിളിച്ച് ,അടുത്തുവരുത്തണം .
കന്യകയായിത്തന്നെ നടന്ന് ,വാർധക്യത്തിലെത്തി എന്നേയ്ക്കുമായി ഉറങ്ങാൻ
പോയതാണ് .പൊള്ളിക്കുന്ന വാർത്തകൾ കേട്ടുംകണ്ടും ഉരുകിയൊലിക്കുന്ന
പകലിൽ എനിക്കൊരല്പനേരം ആ മടിയിൽ കിടക്കണം .മൂന്നുവിരലുകൾകൊണ്ട്
ആ ചട്ടയുടെ അറ്റത്തെ മിനുസം തൊട്ടറിഞ്ഞറിഞ്ഞ് പഴങ്കഥകൾ കേൾക്കണം .
''ഈ കഥ ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ ?''എന്നു ചോദിക്കുമ്പോൾ കേട്ടതാണെങ്കിലും
''ഇല്ലേയില്ല '' എന്നുപറഞ്ഞ് ആ വിരലുകളിൽ ഉമ്മ വയ്ക്കണം .നാളെ വരാമെന്നു
പറഞ്ഞ് ,കല്ലുപാകിയ മുറ്റമിറങ്ങി ,തിരിഞ്ഞുനോക്കുമ്പോൾ ആ ഞാന്നുകിടക്കുന്ന
കമ്മലിലെ കല്ലിന്റെ തിളക്കം എനിക്കെന്റെ കണ്ണിൽ നിറച്ചു വയ്ക്കണം .
2014, മേയ് 30, വെള്ളിയാഴ്‌ച

കണ്ടിട്ടും ,
ഒരു വാക്ക്
മിണ്ടിയില്ലാന്ന്
കണ്ണുനിറയ്ക്കും .
ഇത്രയും താഴേയ്ക്ക് ..
'വേണ്ടാ വേണ്ടാന്ന്
പതം പറഞ്ഞ്
ഒരു ചീന്ത് വെയിലെടുത്ത്
മുഖംമിനുക്കും .
പിന്നെ ...
ആകാശത്തേക്ക്
വീണ്ടുമൊരു കണ്ണിനായ്
ആടിയുലഞ്ഞ്
ഇതൾപൊഴിക്കും !


2014, മേയ് 14, ബുധനാഴ്‌ച

 വീട്ടിലേയ്ക്കുള്ള വഴി '

ഈവഴി വന്നവർക്കും  വരുമെന്നു പറഞ്ഞ് മോഹിപ്പിച്ചവർക്കും
ഒരുപാടൊരുപാട്  സ്നേഹം .ഒരു വർഷം തികയാനൊരു ദിവസം ബാക്കിനിൽക്കെ
തിരികെ നടന്ന് ,നാളെ ഞാൻ ഈ വഴിക്ക് അന്യയായിത്തീരുന്നു .

പുതിയ വഴിയുടെ അറ്റത്തുനിന്ന് എനിക്ക് രണ്ടു ചിറകുകൾ കണ്ടെടുക്കണം .
മലനിരമേലെ പറന്നെത്തി ,അണിഞ്ഞുതീരാത്ത മഞ്ഞിൽ ചിറകുവിടർത്തി ,
പഠിച്ചുതീരാത്ത ഭാഷകളിലൊന്നാവണം .തളിരിലകളിലമർന്നിരുന്ന് ഇടംനെഞ്ചിലെ
നോവിനെ തണുപ്പിക്കണം .ഒച്ചവയ്ക്കാതെ വാതിൽ തുറന്ന് ,പടികടന്നുചെന്ന്
ജനലഴികളിൽ വിരൽകോർത്തുനിന്ന് ഉദയം കാണണം .പറന്നിറങ്ങി , കാഴ്ചകൾ
ഓരോന്നായി പെറുക്കിക്കൂട്ടണം .ഇനിയും കണ്ടുതീരാത്ത മഴയുടെ ഭാവങ്ങളിലോരോന്നിലും
നനയണം .കാടനക്കങ്ങൾ കേട്ടും കണ്ടും കൊതിതീർക്കണം .ഇടവഴിയിലൂടെ പൂവും
പൂമ്പാറ്റയും കണ്ടുനടക്കുന്ന ബാല്യത്തെ കണ്‍നിറയ്ക്കണം .'ഇവിടെ പൂക്കൾക്കെന്താണിത്രയും
നിറമെന്ന് ചുരം കയറിയെത്തുന്ന കാറ്റിനോട് ചോദിക്കണം .ഒരലർച്ച മതിയാവും
ഭൂമിയെ അടിമുടി ചുംബിക്കാനെന്ന്, വേദനിപ്പിച്ചു പഠിപ്പിച്ച കുരങ്ങനോട് പരിഭവം പറയണം .
മലമുഴക്കിവരുന്നവളിൽ ഇടറി മുറിഞ്ഞുപോകുന്നൊരെന്റെ പാട്ടിന് തേൻപുരട്ടണം .
ഇടിമിന്നലെത്തുമ്പോൾ ആലിപ്പഴത്തിനായി കണ്ണിമവെട്ടാതെ കാത്തുനിൽക്കണം .
പിന്നെ ......പിന്നെ .........

ഒരു വിരൽത്തുമ്പുകൊണ്ടൊരു കല്ലിനെ തൊട്ടുനോക്കി മുഖമാകെ മഴവില്ല് വരച്ചവനെ
ഒരു ചുവന്ന പൊട്ടായി കരളിൽ പതിച്ചുവച്ച് , ചിറകുകുടഞ്ഞ്‌ , ആകാശവഴിയിൽ
എനിക്കൊരു കറുത്തപൊട്ടാകണം .

2014, മേയ് 2, വെള്ളിയാഴ്‌ചആദ്യതവണ ഇതുവഴി പോകുമ്പോൾ കാടിന്റെ പുതപ്പിന് കടുംപച്ച നിറമായിരുന്നു .
അരുവികൾ ഒച്ചയോടെ ഒഴുകിനടന്നിരുന്നു .

രണ്ടാമത്തെ തവണ പോകുമ്പോൾ വേനൽ ,നിറം കെടുത്തിയ പുതപ്പായിരുന്നു
കാടിന് .ഉണങ്ങിയ ചില്ലകൾ ആകാശം നോക്കി പരസ്പരം പുണർന്നുനിന്നിരുന്നു ,
വേരുകളിൽ ജീവന്റെ സ്പന്ദനം അവശേഷിപ്പിച്ചുകൊണ്ട് .അന്നാണിവൻ സ്വൈര്യമായി
സ്വന്തം  ആവാസവ്യവസ്ഥയിൽ മേഞ്ഞുനടക്കുന്നതു  കണ്ട് ,പതിയെ പതിയെ
കടന്നുപോയത് .അന്ന് ഒരു വേനൽ മഴയ്ക്ക് കാതോർക്കുകയായിരുന്നു ഇവനും കൂട്ടരും .

മൂന്നാമത്തെ  തവണ പോയില്ല .കാടിന്റെ പൊള്ളലേറ്റ ശരീരം കാണാൻ മനസ്സ്
ശക്തമായിരുന്നില്ല. വയനാട്ടിൽ ഞാൻ  കേട്ട ഏറ്റവും വേദനാജനകമായ വാർത്ത .
ആരൊക്കെയോ എറിഞ്ഞ തീപ്പൊരിയിൽ വെന്തു വെണ്ണീറായി ഒടുങ്ങിയ ജീവനുകൾ .
അടുപ്പ് പുകയ്ക്കാനുള്ള  വിറകുപോലും ശേഖരിച്ചു വയ്ക്കാൻ മിനക്കെടാത്ത കാടിന്റെ മക്കളെ
പുതിയ അദ്ധ്യായങ്ങൾ പഠിപ്പിക്കുന്ന ആരൊക്കെയോ .............ആ കാട്ടുതീയിൽ
ഇവനും  .............

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കും ജീവനുണ്ടെന്ന് എല്ലാ മനുഷ്യരും അറിയുന്ന
ഒരു കാലം , അതാണെന്റെ സ്വപ്നം .