2016, മാർച്ച് 31, വ്യാഴാഴ്‌ച

നീയിരിക്കും ഞാനിടങ്ങൾ

നീയറിഞ്ഞോ...

അന്നു നമ്മൾ നട്ട മുല്ലയിന്ന്
ആകാശത്തെ ചുംബിച്ചു നില്ക്കുന്നെന്ന് 
നക്ഷത്രങ്ങളെപ്പോലെ പൊഴിഞ്ഞ്
പൂക്കൾ എന്റെ മേൽ മണം വിതറുന്നെന്ന് ..

നീയറിഞ്ഞോ ...

നമ്മളിരുന്ന കരയിലിപ്പോഴും
ആറ്റുവഞ്ചികൾ പൂത്തുലഞ്ഞു നിൽക്കുന്നെന്ന്
ഒരു കുല പൂവ് പൊഴിച്ചിട്ടവൾ
എന്റെ സാരിത്തുമ്പിൽ നിറമായ്‌ നിറയുന്നെന്ന് ..

നീയറിഞ്ഞോ ...

നാട്ടുമാവിൻ ചോട്ടിൽ വെച്ച്
നന്ദിനിപ്പശുവിന് നീ കെട്ടിയ മണിയിന്നുമുണ്ടെന്ന്
അവളുടെ പേരക്കുട്ടീടെ പേരക്കുട്ടീടെ ....കുട്ടി
കഴുത്തിലിപ്പൊഴും അണിഞ്ഞുനടക്കുന്നെന്ന് ..

നീയറിഞ്ഞോ ...

വെയിൽ വെള്ളം കുടിക്കാൻ പോയനേരം
നമ്മൾ പെറുക്കിയ  കുന്നിമണികളിന്നുമുണ്ടെന്ന്
കണ്ണെഴുതിക്കണ്ണെഴുതി ചെപ്പിനുള്ളിൽ
സൊറ പറഞ്ഞു കണ്ണാടിനോക്കിയിരിപ്പുണ്ടെന്ന് ..

നീയറിഞ്ഞോ ...

അന്നു  പെരുമഴ തല്ലിയൊടിച്ചിട്ട  ചില്ലയിൽ
ഇന്നു മരത്തോളം തളിരു വീശിയെന്ന്
ഒരു പൂവുപോലുമുണരാതെ കാറ്റിലാടിയാടി
ആകാശത്തേയ്ക്കൊരു പ്രാർഥന നീട്ടുന്നെന്ന് ..

എനിക്കറിയാം

നീയൊരു പാലമുണ്ടാക്കുകയാണ്
നമുക്കൊരുമിച്ചു കൈപിടിച്ചക്കരെയെത്താൻ ..!2016, മാർച്ച് 28, തിങ്കളാഴ്‌ച

വേനൽതിരക്കില്ലാത്ത
ഊടുവഴികളിലൂടെ
പൂക്കൾ കൊഴിച്ചിട്ടു പോകുന്നു
മടുപ്പിന്റെ വസന്തം .

വിരലോടിക്കുന്ന വഴികളിലാകെ
വായിച്ചു മടുത്ത വരികളുടെ
ചോരവാർന്നു നീലിച്ച ഞരമ്പുകൾ .

വരകൾക്കുള്ളിൽ നിശ്വാസമുതിർത്ത് 
നരച്ചു മങ്ങിപ്പോയ നിറങ്ങൾ .

മുറ്റം നിറയെ പാറിവീണു കിടക്കുന്നു
കാറ്റുപേക്ഷിച്ചുപോയ കരിയിലക്കൂട്ടം .

മിണ്ടാനില്ലൊന്നുമേയെന്ന് നോക്കിയിരിക്കുന്നു
തളിരില്ലാ ചില്ലമേൽ ഇരട്ടവാലൻ കിളികൾ .

ഒരു തൊടിപോലും നനയ്ക്കാനാവുന്നില്ലെന്ന്
കരഞ്ഞുവറ്റിപ്പോയൊരു കിണർവട്ടം ..! 

 

2016, മാർച്ച് 20, ഞായറാഴ്‌ച

ശമനതാളം

മരിച്ചില്ലെന്ന്
താളം തെറ്റിയ
ശ്വാസവേഗങ്ങൾ .

ചവിട്ടുന്നിടത്തൊക്കെ
പച്ചച്ചോരയെന്ന്
മുറ തെറ്റിക്കാത്ത കാലുകൾ .

തൂങ്ങിയാടുന്ന സ്വപ്നങ്ങളുടെ
മഹാരോദനത്തിൽ
നിശ്ചലമായിപ്പോകുന്ന ഇലകൾ .

നാലുകാലുള്ള ദൈവങ്ങളുടെ
കൊടുംപ്രീതിക്കായ്
ഇരുകാലികളുടെ കഴുത്തറുത്ത് കുരുതി .

മൂർച്ച കൂട്ടുന്ന വാളുകളുടെ
അടങ്ങാത്ത ദാഹത്തിൽ
വിറങ്ങലിക്കുന്ന മതമില്ലാത്ത മണ്ണ് .

വെളുത്ത പ്രാവെന്ന് കുറുകി
തളർന്നുറങ്ങിപ്പോകുന്ന
കടുത്തു കറുത്ത രാത്രികൾ .

എവിടെയൊരു മനുഷ്യനെന്ന് 
മക്കളിൽ  ഉരുകിയുരുകി 
വാർന്നൊലിച്ചുപോയ നെഞ്ചകം .

ഒസ്യത്തിലെഴുതി വെയ്ക്കാൻ
ഒരൊറ്റ വാക്കു പോലുമില്ലെന്ന്
തലവാചകത്തിൽ ഒഴുകിപ്പടർന്ന്
ഏകാന്തതയെ ആവോളം പ്രണയിച്ച്
മരണത്തിന്റെ ഒറ്റമുറി വീട്ടിൽ
ഞാനിതാ സ്വയം വിശുദ്ധയാക്കപ്പെടുന്നു . 
2016, മാർച്ച് 16, ബുധനാഴ്‌ച

വിരുന്നുകാരി

ജനലരികത്ത്
നിറഞ്ഞുകത്തുന്ന
ശരറാന്തലുമൊത്തിരുന്ന്
മഴ കണ്ടിരിക്കെ
'ഞാനിവിടെയുണ്ടെന്ന്
പിൻകഴുത്തിൽ പതിയെ
തൊട്ടുവിളിച്ച്
കറുകറേയൊരുത്തി.

കളിപറഞ്ഞിരിക്കാൻ 
ഒരു തരി വെട്ടമില്ലെന്ന്
പേടി തോന്നിയാൽ
ഒളിച്ചിരിക്കാനിടമില്ലെന്ന്
കണ്ണ് നനയ്ക്കുന്നു
വലംകൈ അമർത്തിപ്പിടിച്ച്
പെണ്ണെ ,
കരയുരുതെന്ന്
ഞാനാ പുതുമഴ ചൂണ്ടുന്നു .

മുങ്ങിക്കുളിച്ചീറൻ മാറാൻ
ഒരു പുഴയുണ്ടോയെന്ന്
മുറിയാകെ നിവർത്തിയിടുന്നു
കാണാതായ കിനാക്കൾ
ഒളിച്ചിരിപ്പുണ്ടോയെന്ന്
തലയിണ പരതുന്നു
കുരുത്തംകെട്ട നക്ഷത്രങ്ങളെ
അലമാര നീക്കി നോക്കുന്നു
നനുനനുത്ത വിരലുകൾകൊണ്ട്
എന്റെ മുഖമാകെ തൊട്ടുതൊട്ട്
മുറിച്ചു മാറ്റപ്പെട്ട മരങ്ങളും
നുള്ളിയെറിയപ്പെട്ട മലകളും
തിരഞ്ഞു തളരുന്നു .

പാകമാകാതെ കരിഞ്ഞ
ഇലകളിൽ കണ്ണീർ നനച്ച്
സാരിത്തലപ്പ് നേരെയാക്കി
പകലിനൊരുങ്ങാൻ 
പൊന്നും ഉടയാടകളും
ഒരുക്കേണ്ടതുണ്ടെന്ന്
ധൃതിയിൽ നടന്ന്
അവളെന്റെ മുറ്റം കടക്കുന്നു .

വിരലടയാളങ്ങളെണ്ണിയെണ്ണി
പുതുമഴയുടെ മണമുഴിഞ്ഞ്
പണ്ടു പുതച്ചൊരാലിംഗനത്തിന്റെ
പച്ചയായൊരോർമ്മയിൽ
ഞാനും 
എന്നെക്കാക്കുന്നൊരീ
ഇത്തിരി വെളിച്ചവും ..!


2016, മാർച്ച് 10, വ്യാഴാഴ്‌ച

നീ പാടിയ ചില്ലയിൽ സ്വയം
വെയിലേറ്റു കരിഞ്ഞു ഞാനിതാ
മറുവാക്കു ചൊല്ലുവാൻ പ്രിയം
മുറിവേറ്റു തകർന്നു രാഗവും ..!

നിറയെ കുളിർപൂത്ത സന്ധ്യയിൽ
ഉണരും താരക മേട പൂകി നാം
തിരി കത്തിച്ചു തിരിച്ചു പോന്നിടം
ഉയിരിൽ കരിയാതെ കാക്കണം .

2016, മാർച്ച് 8, ചൊവ്വാഴ്ച

അമ്മയറിയാൻ ...

ഒരു കിടക്കയ്ക്ക് കൂട്ടിരിക്കുകയെന്നാൽ
ഒറ്റയ്ക്ക് നാലുകാലുകളിൽ ചലനമറ്റുകിടക്കുക
എന്നു നിർവചിക്കാം .

പുറപ്പെട്ടുപോയ  ചിരിയെ
ഏതോ തിരക്കിൽ എന്നേയ്ക്കുമായി
നഷ്ടപ്പെട്ടതുപോലെ വിറങ്ങലിക്കാം .

തണലാകാതെപോയ  മരത്തിന്
കുടപിടിച്ചുകൊടുക്കുകയെന്നാൽ
ജന്മത്തിന്റെ ശേഷപത്രമെന്നു വായിക്കാം .

നിസ്സഹായാവസ്ഥ നോക്കിയിരിക്കുകയെന്ന
നിസ്സഹായതയാണ്
ഏറ്റം വേദനാജനകമെന്ന് വിതുമ്പിക്കരയാം .

അമ്മയെക്കാണാൻ കരഞ്ഞ ഇടനാഴികളിൽ
അലസമായ് നടന്ന്
ജനിച്ച നക്ഷത്രരാശി തിരയാം .

ദൂരെയെവിടെയോ വെയിൽകായുന്ന
എന്നെ പെറ്റു നോവാത്തവളിൽ നിന്ന്
മുലപ്പാലിലിന്റെ രുചി തികട്ടിവരുന്നതുപോലെ .

ഒരു ചിരിയുടെ തിര ചക്രവാളം ഭേദിച്ച് ...
ഞാനാകെ നനയുകയാണ് .............!