2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

 
ആഴമാകാൻ 
നേർത്തുനേർത്ത് 
പടരുന്നതും 
ആകാശമാകാൻ  
ഉയരമറിയാതെ    
പറക്കുന്നതും  
നീയെന്നെ 
ചേർത്തുപിടിക്കു-
മെന്നുറപ്പുള്ളതുകൊണ്ടു-
മാത്രമാണ്,
ഒരു പച്ചത്തഴപ്പിനെ
മണ്ണെന്നപോലെ.

2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ബധിരമാണ്
നിന്റെ 
രാപകലുകളെങ്കിൽ,
എനിക്കെന്തിനാണൊച്ച...
മൂകയായിരിക്കണമൊരു-
ശംഖിനുള്ളിൽ,
നീ ഊതിയെന്നെയൊരു- 
നാദമാക്കുംവരെ.

2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ദിനക്കുറിപ്പുകളിൽ
എന്നും കോറിയിടുന്നത്
'ഇരുട്ട്'.
മേശമേലെടുത്തുവെക്കുന്ന
ഇരുട്ടു നിറച്ച മൺഭരണി,
ചുവരിൽ ചാരിവെക്കുന്ന
ഇരുട്ടിൽനിന്നിരുട്ടിലേക്കുള്ള
ഗോവണി,
കോർത്തുപിടിച്ചു കയറാൻ 
ഇരുട്ടിന്റെ വിരലുകൾ, 
പൊത്തുകളിൽ നിന്ന്
കിനാക്കൾ ചിറകു കുടഞ്ഞ് 
പറന്നുയരുന്നതിന്റെയൊച്ചകൾ.
നക്ഷത്രങ്ങൾ 
ഗർഭത്തിനുള്ളിലിരിക്കുന്ന 
രാജ്യം,
ഇരുട്ട് പൂക്കുമിടം 
ഹാ ! ഇതെന്റെ രാജ്യം,
ഇരുട്ടിന്റെയും.

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

മുറിയാത്ത വാക്കും 
പൊട്ടാത്ത നേരും 
ചുറ്റിമുറുക്കി 
എത്ര വെണ്മയോടെയാണ്
ആഴത്തിലാണ്ടുപോയ 
ഞാനെന്ന ഭാരത്തെ
നീ നിന്റെ വിരൽത്തുമ്പിലെ
അപ്പൂപ്പൻതാടിയാക്കുന്നത്,
ഉൾക്കരുത്തുള്ളൊരു
ഖലാസിയെപ്പോലെ.

2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

നക്ഷത്രങ്ങളുടെ 
വിരൽത്തുമ്പ്  
തിരയുന്നുച്ചവെയിൽ.
ഒരു പകലിനെ
ഉരുക്കിയെടുത്താൽ
സൗരയൂഥങ്ങൾ
എത്രയെണ്ണം 
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്നൂ-
തിച്ചുവക്കുന്നു
ഒറ്റയ്ക്കിരുന്നൊരാല.
ഇരുട്ടു പൂക്കുന്നിടത്ത് 
കനൽപെറ്റു-
പെറ്റുതിരുമെന്ന് 
മണ്ണടരുകൾ വകഞ്ഞ്  
കാറ്റിന്റെയൊച്ച.

കാറ്റെടുത്ത്
പിന്നെ മഴയെടുത്ത്,
പുക മൂടിമൂടി 
കറുത്തത്.
വായിച്ചെടുത്തില്ല
ജനാലകൾ,
യാത്രയിലൊരിക്കലും.
ആകാശമെടുത്ത്   
കടലു മുക്കി
ഭൂമിയോളമുരുട്ടിയെഴുതി 
കിനാവ് നാട്ടിവെച്ച    
പിളരാത്ത പലക.

2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച


പിന്നിലേ- 
ക്കോടിമറയുന്ന  
വഴിപ്പച്ചകളുടെ 
കാതിലെ കൂടു'കളിൽ 
ഒളിപ്പിച്ചുവെക്കും   
കരിനീലക്കല്ലുകൾ.
ഇടയ്ക്കിടെ       
നിലാവും കത്തിച്ചു-
പിടിച്ചൊരു നടപ്പാണ്.
ഒരെണ്ണവും 
കളവുപോയിട്ടില്ലാ-
യെന്നുറപ്പുവരുത്താൻ.
പുലർച്ചക്ക്  
കാതുകുത്താനെത്തും
മഞ്ഞ്.
ഇത് 
ആകാശമെന്നും
ഇത് 
കടലെന്നും
ഒന്നൊന്നായ്  
പതിച്ചുവെച്ച്,  
അവൾക്കു കൊടുക്കണം 
ചന്തം തികഞ്ഞ 
പതിനാലലിക്കത്തുകൾ.

2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

കടലേ,
തിരയെന്നെഴുതുന്നേരം 
നിനക്കെന്തിനാണിത്രയുമൊച്ച. 

കേൾക്കാം,
തിരകൾക്കുമുകളിലൂടെ 
ഒരുവൾ നടന്നുപോയതിന്റെ, 
മരുന്നുമണമുള്ള ഉടൽ  
വലിച്ചെറിഞ്ഞതിന്റെ,
ആഴക്കടലിലൊരു 
പുര കെട്ടി മേഞ്ഞതിന്റെ, 
മൺചട്ടിയിൽ ഉപ്പുപരലിട്ട് മീൻകഴുകിയെടുക്കുന്നതിന്റെ,
വിളിച്ചിട്ടില്ലാത്ത എന്റെ പേര് 
ഇടയ്ക്കിടെയങ്ങനെ 
തൊണ്ടയിൽ കുരുങ്ങുന്നതിന്റെ,,
നിലയ്ക്കാത്ത ഒച്ചകൾ.

കാണാനാവും,
എന്നെ പെറ്റ ആ വയറിലെ 
നോവിന്റെ  
മായാത്ത അടയാളം.
 
ഉറക്കെ
വിളിക്കണമെന്നുണ്ട്  
ജനിച്ച തീയതിയും നക്ഷത്രവും
മറവിയെ ഊട്ടിയൂട്ടി നിറയ്ക്കുന്ന
സന്ധ്യകളിൽ ഉരുവിടുന്ന 
ആ പേര്.

ഇപ്പോഴുമുണ്ട് 
അലമാരയുടെ,
മേശയുടെ
വാതിലിന്റെ മറവുകളിൽ
കണ്ണീർ പൊഴിച്ചിട്ട 
കുഞ്ഞുനേരങ്ങളുടെ
ആഴത്തിലുള്ള മുറിവുകളുടെ
ഉണങ്ങാത്ത വിടവുകൾ.

ഞാനിതുവരെ  
കണ്ടിട്ടേയില്ല,
ഒരു കഥയിലോ കവിതയിലോ,
കടലെന്ന് വായിക്കുന്നേരം 
കരകവിയുന്ന എന്നെ.
പഴകിയൊരോർമ്മ നനച്ച് 
കണ്ണിലൊരു കാട് വളർത്തുന്നവളെ.

(ജീവിതത്തെ ഇങ്ങനല്ലാതെങ്ങനെ
എഴുതാൻ.)
 







2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒറ്റയ്ക്ക്
ഒരക്ഷരമാകുന്ന 
നേരങ്ങളിലാണ്
പേറ്റുനോവിനോടൊപ്പം 
കുടിയിറക്കപ്പെട്ട എന്റെ പേരിനെ
രണ്ടായി പകുത്ത് മുലയൂട്ടുക.
ഒറ്റ ശ്വാസം കൊണ്ട് 
പലയാവർത്തി വിളിക്കുക,
കൺവെട്ടത്തിൽ നിന്ന്
മറഞ്ഞുനിൽക്കുന്ന കുഞ്ഞിനെ-
യെന്നതു പോലെ.
ഉമ്മറത്തിരുന്നാൽ കാണാം
വീട് നട്ടു പിടിപ്പിച്ച
രണ്ടു മരങ്ങൾ തളിർത്തും പൂത്തും
തല നിറഞ്ഞ്, 
നിറങ്ങളുതിർത്തിട്ടങ്ങനെ.
വിരലോടിച്ചു നോക്കും
തലയിലൊന്നും തടയില്ല, 
നുള്ളിയെടുക്കാനൊരീരു പോലും.

2021, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

 
മെല്ലെ ചിറകനക്കി,
അടയിരിക്കുമാകാശത്തെ 
തൊട്ടുവിളിച്ച്
തിരിതാഴ്ത്തിവെച്ചൂ-
ന്നൊരു പേച്ച്.

വട്ടം കറങ്ങുന്ന 
നിലാക്കുരുന്നിനെ
വാരിയെടുത്ത് 
തലതോർത്തിയൊരുക്കി
തേനും വയമ്പും
പിന്നെ 
നുണയാനൊരീണവും
കൊടുത്തിട്ടുവേണം
രാവിന്റെ മാറിൽ
കൺപീലികൾകൊണ്ടെ-
നിക്കൊരു ചിത്രം വരയ്ക്കാൻ.

2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഒരേയൊ-
രാകാശമെന്ന് 
ഒരിലയിൽ പകുത്ത്
നിഴൽ വിരിച്ചിട്ട് 
പാട്ട് വിളമ്പി 
ഒരേ ചിറകെന്ന് 
തൂവൽ മിനുക്കി  
കേൾക്കാത്ത കഥയിൽ
ഉറക്കം പുതച്ച് 
ഞാൻ നീയാകുന്നു 
നീയതിന്റെ പച്ചയും.

2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

ആദ്യക്ഷരം  
ഒരു തൂവൽപോലെ
മിനുക്കിയെടുത്താണ്   
നീയെന്നെയെന്നും  
നീട്ടി വിളിക്കാറ്.

മിച്ചം വരുന്നതെടുത്ത് 
അടുക്കളയിലെ
ഉപ്പുഭരണിക്കും
പിന്നെ 
കൈയെത്തിപ്പിടിച്ച്
ഉറിക്കുമായി 
വീതിച്ചു കൊടുത്ത്   
ഞാനതിനൊപ്പം പറന്ന് 
ആകാശം കാക്കുന്നൊരു  
കിളിയാകും
നീന്തിത്തുടിക്കും.

മഴ 'കൊണ്ടും
വെയിൽ 'നനഞ്ഞും
ഉയരത്തിലുയരത്തിൽ.

പറന്നിറങ്ങി 
പാതിരായ്ക്കുറങ്ങാൻ 
പായവിരിക്കുന്ന നേരത്താണ് 
അക്ഷരങ്ങളൊന്നായ് ചേർന്ന് 
എന്റെ പേരിലേക്കിറങ്ങിക്കിടക്കുക.

2021, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ചുറ്റിനും,
കാറിത്തെളിയുന്ന
ചീവീടുകൾ.
തോരാനിട്ട 
ഇരുൾമണികൾ
മുറ്റം നിറയെ.
നനുത്ത കാറ്റിന്റെ 
തുഞ്ചത്തിരുന്ന്,  
നേർത്തവിരലാൽ   
വെളിച്ചത്തിന്റെ തരികൾ 
വിതറിയിടുന്നാരോ..!
ഒരു..........
ഒരു തൂവൽക്കിനാവുപോലെ.


2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

 
മിന്നാമിനുങ്ങിന്റെ
ഒരു തരി വെട്ടം
പാട്ടിന്റെ ഒരു വരിശ
കൊറിക്കാൻ
ഒരു കടലമണി
നനയാൻ ഒരു തിര
അലിയാൻ ഒരു വാക്ക് 
ഹാ !
എന്തൊരിരമ്പം
മണ്ണ് പൂത്തുലയുന്നതാവാം !!!