2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

ശ്വാസമെന്നറികെ ...


മുറുകെപ്പിടിച്ചിരുന്ന ചൂണ്ടുവിരലിലെ പിടി വിട്ടു
എനിക്കും വല്ലാത്ത തിടുക്കമായിരുന്നു
ശ്വാസത്തിലിപ്പോഴും ചന്ദനത്തിന്റെയും
പനിനീരിന്റെയും സുഗന്ധം .
കണ്ണിനുള്ളിലെ ഇരുട്ടിലേയ്ക്ക്‌ പുരിയുടെ
പ്രവേശനദ്വാരവും അലങ്കാരങ്ങളും
ചിത്രഗുപ്താലയത്തിലെ പാപപുണ്യങ്ങളുടെ
കണക്കെടുപ്പ് വേഗം കഴിഞ്ഞു
ഇനി വിധിയറിയാന്‍ അവന്റെ കൊട്ടാരത്തിലേയ്ക്ക്
കിങ്കരന്റെ പാദമുദ്ര നോക്കി നഗ്നപാദയായി പിമ്പേ
കാത്തുകാത്തിരുന്ന സമാഗമം
അനുയാത്ര അവസാനിച്ചു .
കൂറ്റന്‍ ചിത്രത്തൂണുകള്‍ കൊണ്ടൊരു
അതിമനോഹരമായ കൊട്ടാരം .
അകത്തുകടന്നവന്‍ തിരികെയെത്തും വരെ
കൂട്ടിന് കണ്ണെത്താദൂരത്തെ കാഴ്ചകള്‍
ഇനിയുള്ള യാത്ര സ്വര്‍ഗ്ഗത്തിലേയ്ക്കോ
ഇരുപത്തിയെട്ടായി പകുത്ത നരകങ്ങളില്‍
ഒന്നിലേയ്ക്കോ അതോ .........
വലതുകാല്‍ വച്ചുടന്‍ വാതിലടഞ്ഞു
കൂരിരുട്ടില്‍ സൂര്യതേജസ്സോടെ അവന്‍
മുഖമുയര്‍ത്താതെ ചോദ്യാവലിയിലെ
ഉത്തരങ്ങളുടെ സൂക്ഷ്മപരിശോധന
മുന്നില്‍ ഒരു നോട്ടം മോഹിച്ച്‌ ഞാനും .
പരിസമാപ്തിയില്‍ നിന്ന്
ആദ്യത്തെ നോട്ടം .
'' പ്രണയിച്ചിട്ടുണ്ടോ ? ''
കേള്‍ക്കാന്‍ കൊതിച്ചപോലെ , '' ഉണ്ട് ''
'' എവിടെയാണവന്‍ ? ഇഹലോകത്തോ പരലോകത്തോ ? ''
'' ഇവിടെ ''
തിടുക്കത്തോടെ പറഞ്ഞു
മൂന്നാമത്തെ ചോദ്യത്തിനായി കാതുകൂര്‍പ്പിച്ച്‌ ,
ആ കണ്ണുകളിലേയ്ക്ക് നോക്കി .
'' ആരാണവന്‍ ? ''
'' ബ്രഹ്മസഭയിലെ ഒരു സാമാജികന്‍ ,
പിതൃലോകത്തിന്റെ അധിപന്‍ ,
നീതിന്യായത്തില്‍ ഏറ്റവും ധര്‍മിഷ്ടന്‍ ,
കര്‍മസാക്ഷിയായ സൂര്യന്റെ പുത്രന്‍ ''
തൊണ്ടയില്‍ കുടുങ്ങിപ്പോയ അടയാളവാക്യങ്ങള്‍ .
'' പുറത്ത് നിനക്കായി പാദുകങ്ങള്‍ കാത്തുകിടപ്പുണ്ട്
അവ നിന്നെ അവനിലേയ്ക്ക് നയിക്കും . ''
പിഴയ്ക്കാത്ത വാക്കിനൊപ്പം ചുവടളന്നു
വിരലുകളറിയുന്ന ഒരു തണുത്ത സ്പര്‍ശത്തിലൂടെ
അവനിലേയ്ക്ക് തിരികെയെത്താന്‍ ,
അവന്റെ ശ്വാസമാകാന്‍ .............


****************************************************************