2023, ഡിസംബർ 28, വ്യാഴാഴ്‌ച




കറുത്ത ചേലത്തുമ്പാൽ 
പൊതിഞ്ഞു പിടിച്ചെന്റെ
വെളുത്ത കിടക്കയിൽ
അമർന്നങ്ങിരുന്നതും

മൂക്കുത്തിയെവിടേന്ന് 
മുഖമൊന്നുഴിഞ്ഞു നീ
നെടിയ വീർപ്പോടെന്നെ 
അണച്ചുപിടിച്ചതും

തഴുകാൻ മുടിയില്ല!
വാക്കിനായ് പരതി നീ
നിറഞ്ഞ കണ്ണാൽ നോക്കി
തരിച്ചങ്ങിരുന്നതും.

പിന്നെ
വാക്കുകൾ മുറിഞ്ഞതും. 

ഒരു നിലാപ്പതിരെങ്ങാനും
ഉമ്മറം കടന്നാലും  
എങ്ങനെ മറക്കും ഞാൻ 
മരിക്കുംവരെ പൊന്നേ.

(ഇരുട്ടേ....)




2023, ഡിസംബർ 22, വെള്ളിയാഴ്‌ച


ഓർമ്മയുടെ  
പാളികൾകൊണ്ടു വേണം 
പുര പണിയേണ്ടതെന്ന്
പ്രത്യേകം പറഞ്ഞിരുന്നു.
നാലു ചുവരുകൾ
വെയിലിനിരിക്കാൻ
നീളത്തിലൊരു വരാന്തയും
കാറ്റിന് കയറിയിറങ്ങാൻ
വലിയ ജനാലകളും.
ഒന്നേ നോക്കിയുള്ളു
എന്തൊരുചേലെന്നുടനെ
വലതുകാൽവെച്ചു. 
തിളച്ചുതൂവിയ പാൽമണത്തിന്റെ 
വെളുത്ത രാശിയിൽ
'നിന്റെ പുര'യെന്ന് 
ഞാനെന്നെ അടക്കിപ്പിടിച്ചു. 

ഒരു രാവ് കൊണ്ട് 
ആയിരത്തൊന്നോർമ്മകൾ 
തൊട്ടെടുത്ത് മണക്കണം.
നോക്കിനടന്ന് കാൺകെ
ചോർച്ചയില്ലാത്ത 
ഒരു ചുവരുപോലുമില്ലെന്ന്
ഇരുട്ടിനോട് പരാതിപ്പെട്ട്
തെളിഞ്ഞുകാണുന്ന 
നനഞ്ഞ  കവിൾത്തടങ്ങളിൽ വിരലോടിച്ച് 
തണുത്ത നിലമെന്ന് ഞാൻ ചുരുണ്ടു. 
ഒച്ചയെടുക്കാനറിയാത്ത 
മുൻവാതിൽ 
അടുത്തേക്ക് വിളിച്ചതുപോലെ.
ഓർമ്മയുടെ ഏതുപാളിയിലാവും 
അത് ചെത്തിമിനുക്കിയിട്ടുണ്ടാവുക.  
മുറ്റം നിലാവ് കുടിച്ചുറക്കത്തിൽ.
ഒരിറ്റുപോലും ചോരാതെ
ഉറപ്പുള്ള മേൽക്കൂരയിൽ 
ആകാശമങ്ങനെ ഞാൻ ഞാനെന്ന്
തലയുയർത്തിപ്പിടിച്ച്. 
ഈരേഴുപതിനാലുലോകങ്ങളിൽ 
എവിടെങ്കിലും
എന്റെ പുര പോലൊന്ന്
പണിഞ്ഞിട്ടുണ്ടാവുമോ അവൻ...!


2023, ഡിസംബർ 13, ബുധനാഴ്‌ച

 
മുറിഞ്ഞു വീശുന്ന 
കനത്ത കാറ്റിൽ
ചുവന്നു കത്തുന്ന
കനൽതടം പോൽ
പരന്നു പെയ്യുന്ന
നിലാച്ചുവട്ടിൽ
തെളിഞ്ഞു പൊങ്ങുന്നു
ഒരു തുള്ളി ഓർമ്മ.
‐----------
ഒളിപ്പിച്ചതുമെന്തേ 
കറുത്ത ചേലത്തുമ്പാൽ
വിടർന്ന കണ്ണാലൊന്നു 
കുളിരെക്കണ്ടതുമില്ല.
ചേല നീ പിഴിഞ്ഞെന്റെ
നെറ്റിമേലിറ്റിച്ചതും
കണ്ടു ഞാനൊരുവട്ടം
മിന്നായംപോലെ കഷ്ടം.

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

അ(ശ)യനം

നിനച്ചിരിക്കാത്ത
നേരത്തായിരുന്നു വരവ് 
ഒരുങ്ങിയിരുന്നില്ല തീരെ.
ഗാഢമായവൻ പ്രണയിക്കുമ്പോഴും
ചിറകടിച്ച് മറ്റെവിടെയോ.....

മാവിൻചോട്ടിലെ കസേരയിൽ 
നടുവു നിവർന്നിരിക്കുന്ന
പാതിനിർത്തിയ വായനയിൽ,
ചിറകുകളൊതുക്കി മൂലയിലേക്ക് 
സന്ധ്യയായെന്ന്
കലമ്പൽകൂട്ടുന്ന കൂട്ടിനുള്ളിൽ,
മറന്നുപോയോന്ന് അമറി
വാലിളക്കി അസ്വസ്ഥമാകുന്ന 
തൊഴുത്തിൽ,
ഒരു പകൽ മെഴുകിയിറക്കിയ
വിയർപ്പിന്റെ കഥയെഴുതിയെടുക്കാ-
നാവാത്ത വേദനയിൽ 
മുങ്ങിക്കിടക്കുന്ന കടവിൽ,
അവിടെ കാവൽനിൽക്കുന്ന 
പടവുകളിൽ,
ഈറൻമാറിയ നനവിൽ 
ഉടലൊന്ന് തഴുകിപ്പോകാവാതെ 
കുറുമ്പുമായ്
ചില്ലകളിളക്കുന്ന വിരലുകളിൽ 
അങ്ങനങ്ങനെ...

ഒരുങ്ങിയിരിക്കണം
ഒരു പകലോ ഒരു രാവോ 
നിന്നെയിങ്ങനെ കണ്ടിട്ടിട്ടേയില്ലാന്ന്
അതിശയപ്പെട്ട്
മൂക്കിൻതുമ്പത്ത് വിരൽവെയ്ക്കും-
വിധം.
തട്ടിൻപുറത്തുപോലുമില്ല
മായ്ച്ചുകളഞ്ഞ അക്ഷരങ്ങൾ.
കാണാമറയത്തുമില്ല
പറത്തിവിട്ട കുറുകലുകൾ,
ഒരു മേച്ചിൽപ്പുറത്തുമില്ല
അഴിച്ചുവിട്ട അയവിറക്കൽ 
തിരയിളക്കങ്ങളിലൊന്നുമില്ല
മുങ്ങിനിവർന്ന ഒഴുക്ക്,
ഒരിരവുപകലുകളിലുമില്ല
കുളിരു ചുറ്റിയ വിരലുകൾ.

വെറുതെയെന്നൊരു
വാക്കിന്റെ മുറ്റത്ത്
തൂവൽ കൊഴിച്ചിടുന്നു ചിറക്.

കാത്തിരിക്കുകയാണ്
പുനർജ്ജനിക്കാനാവാത്തവിധം 
ഈയുള്ളവൾക്ക്
അവന്റെ പ്രണയത്തിൽ മരിക്കണം.