2023, ഡിസംബർ 22, വെള്ളിയാഴ്‌ച


ഓർമ്മയുടെ  
പാളികൾകൊണ്ടു വേണം 
പുര പണിയേണ്ടതെന്ന്
പ്രത്യേകം പറഞ്ഞിരുന്നു.
നാലു ചുവരുകൾ
വെയിലിനിരിക്കാൻ
നീളത്തിലൊരു വരാന്തയും
കാറ്റിന് കയറിയിറങ്ങാൻ
വലിയ ജനാലകളും.
ഒന്നേ നോക്കിയുള്ളു
എന്തൊരുചേലെന്നുടനെ
വലതുകാൽവെച്ചു. 
തിളച്ചുതൂവിയ പാൽമണത്തിന്റെ 
വെളുത്ത രാശിയിൽ
'നിന്റെ പുര'യെന്ന് 
ഞാനെന്നെ അടക്കിപ്പിടിച്ചു. 

ഒരു രാവ് കൊണ്ട് 
ആയിരത്തൊന്നോർമ്മകൾ 
തൊട്ടെടുത്ത് മണക്കണം.
നോക്കിനടന്ന് കാൺകെ
ചോർച്ചയില്ലാത്ത 
ഒരു ചുവരുപോലുമില്ലെന്ന്
ഇരുട്ടിനോട് പരാതിപ്പെട്ട്
തെളിഞ്ഞുകാണുന്ന 
നനഞ്ഞ  കവിൾത്തടങ്ങളിൽ വിരലോടിച്ച് 
തണുത്ത നിലമെന്ന് ഞാൻ ചുരുണ്ടു. 
ഒച്ചയെടുക്കാനറിയാത്ത 
മുൻവാതിൽ 
അടുത്തേക്ക് വിളിച്ചതുപോലെ.
ഓർമ്മയുടെ ഏതുപാളിയിലാവും 
അത് ചെത്തിമിനുക്കിയിട്ടുണ്ടാവുക.  
മുറ്റം നിലാവ് കുടിച്ചുറക്കത്തിൽ.
ഒരിറ്റുപോലും ചോരാതെ
ഉറപ്പുള്ള മേൽക്കൂരയിൽ 
ആകാശമങ്ങനെ ഞാൻ ഞാനെന്ന്
തലയുയർത്തിപ്പിടിച്ച്. 
ഈരേഴുപതിനാലുലോകങ്ങളിൽ 
എവിടെങ്കിലും
എന്റെ പുര പോലൊന്ന്
പണിഞ്ഞിട്ടുണ്ടാവുമോ അവൻ...!