2022, ഡിസംബർ 8, വ്യാഴാഴ്‌ച

നിന്റെ കൈക്കുള്ളിൽ, 
ആ ചൂടിൽ,
നീ ചെറുതായെന്നെ 
മുകളിലേയ്ക്കുയർത്തുമ്പോൾ 
ആകാശമെനിക്കായ് 
താഴ്ന്നിറങ്ങും.
ചിറകില്ലാന്നോർക്കാതെ 
മേഘങ്ങൾക്കിടയിലൂടെ 
ഞാനപ്പൊ പറക്കാനും.
പൊടുന്നനെ,
പൊടുന്നനെ അടർന്ന് 
നിന്റെ കൈക്കുള്ളിലേക്ക്.
അരിമണികൾ 
കൊത്തിത്തിന്നുന്നതിനിടയിൽ,
നീ ഏതുവിരൽകൊണ്ടാണ് 
ആ സൂചി മറച്ചുപിടിച്ചിരിക്കുന്നതെന്ന് 
പാളിനോക്കും. 
ഓർക്കാപ്പുറത്തൊരു ദിവസം
ഉയരെ,
മേഘങ്ങൾ വകഞ്ഞ്
ഉയരേയ്ക്ക്.......

എനിക്ക് ചിറകു തുന്നാൻ
അവനെന്തിനാണൊരു സൂചി !
താഴെ,
ആ കൈ ഒരു ചെരാതു പോലെ..!

ഉമ്മറത്ത്
കാത്തുനിൽക്കുന്നു,
പാട്ടും മൂളി 
തലമുടി പിഴിഞ്ഞൊതുക്കി 
മഴയിൽ കുളിച്ച രാത്രി.
മലമുകളിലിരുന്നാരോ
ചൂട്ടുകറ്റ വീശുന്നതുപോലെ.

ഇരുട്ടരിച്ച് 
ബാക്കിവെച്ചൊരു താളിൽ 
നക്ഷത്രംപോലെ തിളങ്ങുന്നു 
കല്ലുപതിച്ച 
കുണുക്കിട്ടൊരു വാക്ക്.
പ്രിയമുള്ളൊരു രാത്രി,
അവളുടെ
നേർത്ത വിരലുകൾകൊണ്ട് 
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടും.
നിലാവെന്റെ കവിളുകളിൽ
മാറിമാറി ഉമ്മവെക്കും.
ഞാനവിടെ മേഞ്ഞുനടക്കും.
അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും 
മൊട്ടിട്ടുനിൽക്കുന്ന നക്ഷത്രങ്ങളെ 
പറിച്ചെടുത്ത് 
വാക്കടർന്നുപോയ വരികളിൽ 
കോർത്തുവെക്കും.
രാത്രിയത് വാടാതിരിക്കാൻ 
ഒരു കുമ്പിൾ മഞ്ഞും കുടഞ്ഞ് 
ഒരു വല്ലം കിനാവും തന്ന് 
ആകാശത്തയുമഴിച്ചെടുത്ത-
വൾ തിരിച്ചുപോകും.