2022, ഫെബ്രുവരി 28, തിങ്കളാഴ്‌ച


ഓടിവന്ന്  
മുഖമുരുമ്മിയിരിക്കും. 
വഴിയിലെവിടെങ്കിലും 
ഞാൻ മറന്നുവെയ്ക്കുന്നു-
വെന്ന തോന്നലിൽ 
വായനയ്ക്കിടയിലിരുന്ന് 
മറ്റേതോ ഭാഷയുടെ 
കൂർത്ത നഖംകൊണ്ടെന്റെ 
കൈത്തണ്ടയിൽ
ചെറുങ്ങനെ വരയും.

അടുത്തും അകന്നും
മാറിമാറിയിരിക്കും,  
ഇരുട്ടിലേക്ക്  
നിലാവ് പെയ്യുന്നതുപോലെ
വിരലുകൾകോർത്ത്.

പൊടുന്നനെ കാണാതാവും.
നനുത്ത
രോമങ്ങൾ കൊഴിച്ചിട്ട്
നനഞ്ഞ 
പൂച്ചക്കുഞ്ഞിനെപ്പോലെ.
മറ്റേതോ വരിയിൽ
കടന്നിരിക്കും,
വാക്കുകൾക്കു നടുവിൽ 
പുറം കുടഞ്ഞുകുടഞ്ഞ്.

ഞാനെന്റെ 
മുറിഞ്ഞവായനയെ
ഒരു നിശ്വാസത്തിലേക്ക് 
മടക്കിവെയ്ക്കും.

തണുക്കുന്നല്ലോയെന്ന്  
പാളിവരുന്ന 
നോട്ടത്തിന്റെ നീണ്ടപുരികം 
മെല്ലെ തലോടി
എന്റെ വാക്കേ,
എന്റെ പെരുംനുണയേ'യെന്ന്
തണുക്കാതിരിക്കാൻ
പതിച്ചുകൊടുക്കും
ഞാനൊരു വിരൽപ്പുതപ്പ്.
(വാക്കേ......)



2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

 

ഇരുട്ടിനെ 
നേർപ്പിച്ചെടുത്ത്
അകംപുറം പച്ചയായ  
കൂട്ടിൽ 
ചേർത്തിളക്കി 
ചുട്ടെടുത്ത കിനാവുകൊണ്ട് 
അടുക്കളയ്ക്ക്
പ്രാതലൊരുക്കുന്നു പകൽ.


2022, ഫെബ്രുവരി 16, ബുധനാഴ്‌ച

ന്യാസം

മുട്ടിവിളിക്കുന്ന
ഓർമ്മകൾക്ക് 
മുൻവാതിൽ 
തുറന്നുകൊടുക്കുന്ന   
വരാന്തയിലെ  
നേർത്ത തണുപ്പ്.
കൂട്ടിന്,
മുറ്റത്തു നിഴൽപുതച്ച് 
ചാഞ്ഞുറങ്ങുന്ന
ചില്ലകളുടെ പച്ച.

ഓരോ അറകളിലുമവർ
കയറിയിറങ്ങും.
ഒരു പോറലോ മുറിവോ
വന്നുപെട്ടിട്ടുണ്ടോയെന്ന്
അരിച്ചുപെറുക്കും.

അംഗഭംഗത്തിന്റെ 
ഒരടയാളംപോലും 
കണ്ടെത്താനാവാതെ
യുദ്ധമെന്നും
സമാധാനമെന്നുമവർ
പരസ്പരം വായിക്കും.

ജനനമെന്നോ 
മരണമെന്നോ  
രേഖപ്പെടുത്താത്ത     
മടങ്ങിപ്പോക്കിനിടയിൽ,
വിരൽ കൂട്ടിപ്പിടിച്ച്
അമർത്തിത്തലോടൽ.

ഉള്ളിലൊരു
പായ വിരിക്കണം.
വിയർത്തൊരുച്ചയെ
മടക്കിയെടുത്ത്
തലയിണയ്ക്കടിയിൽ
ഭദ്രമായ് വെച്ച്,
ജനലഴികളിൽ
കണ്ണുകളെയഴിച്ചു കെട്ടി
രാത്രിക്കെന്തൊരു

ചന്തമെന്ന് 

ഉരുവിട്ടുരുവിട്ടുറങ്ങണം.


തണലായ് 
മുളയ്ക്കുന്നൊ-
രോർമ്മയെ  
ഇല തൊട്ടു കൂട്ടി 
നട്ടു നനച്ച് 
നിഴലും നോക്കി  
പതിഞ്ഞിരിക്കുന്നു 
പച്ചയായൊരൊതുക്കുകല്ല്.

2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരിളം 
തെന്നൽപോലും
തൊട്ടുനോക്കാത്ത
ഉടലിൽനിന്ന്
നീ'എന്നെയൊരു-
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തംനുകരാത്ത
ചില്ലയറ്റത്ത് 
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളംവിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളങ്കാട്.
 
ഒരുതുള്ളി മഴയെ 
നീട്ടി നിവർത്തിവിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കടല് കൊയ്യാൻ
ഉച്ചവെയിൽനെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പുകൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാകപെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വാക്ക് ഒന്നു വായിച്ച്
കിനാക്കൾ നൂറു മെനയുന്നവളേ,
ഒരിലയുടെ പച്ച വരച്ച്
കാടായ് പൂക്കുന്നവൾ നീ'.!

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച


നീന്തിക്കടക്കാൻ 
ഒരു മല,
ചവിട്ടിക്കയറാൻ
ഒരു പുഴ,
വിരൽമിനുക്കാൻ 
ഒരു രാഗം.......

നീ'യില്ലയെങ്കിൽ
ഞാനൊരിലയായ്
വിണ്ണിൽ ചോക്കുന്നതെങ്ങനെ.

2022, ഫെബ്രുവരി 13, ഞായറാഴ്‌ച

മഴവില്ലു മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ,
കിനാവിന്റെ ചില്ലയെടുത്താ-
യിറമ്പൊന്നു ചെത്തിയൊരുക്ക്.

2022, ഫെബ്രുവരി 9, ബുധനാഴ്‌ച

ഉത്തരം കിട്ടാതെ
മരക്കൊമ്പിൽ
തലകീഴായി തൂങ്ങിയാടുന്നു
കാത് നഷ്ടപ്പെട്ടൊരു വാക്കിന്റെ
ചോരവാർന്ന ചുണ്ട്.



നിദ്രകൊണ്ട്
പകലിന്റെ നീളം 
വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 
അന്തിത്തിരി കത്താതെ
നിലവിളക്കില്‍
പച്ച പടരുകയാണെങ്കില്‍ 
നുരഞ്ഞുപൊങ്ങുന്ന രാഗവീചികള്‍ക്കുനേരെ
കാതുപൊത്തിപ്പിടിച്ച്‌
അസഹിഷ്ണുവാകുന്നുവെങ്കില്‍ 
പാറുന്ന ശലഭമിഥുനങ്ങളുടെ
ചലനവേഗം
നിര്‍വികാരതകൊണ്ടളക്കുക-
യാണെങ്കില്‍ 
മുഖത്ത് പടരുന്ന മഴത്തുള്ളികള്‍
തുടച്ചെറിഞ്ഞ് 
മേലേനോക്കി കയര്‍ക്കുകയാണെങ്കില്‍ 
നിന്റെ മുടിയിഴ തലോടാതെ
എന്റെ വിരലുകള്‍
മരവിച്ചിരിക്കുകയാണെങ്കില്‍ 
പ്രിയനേ,
നീയെനിക്ക്
ദയാവധത്തിന്റെ പുണ്യം തരിക.


നിലാ
*
പുറത്ത് 
രാക്കിളിയുടെ പാട്ട്.
പതിയെ
ആടിയാടി അലസമായ് 
നിൽക്കുന്നു 
ഒറ്റപ്പാളിയുള്ള വാതിൽ.
അകത്ത് 
പടരുന്ന വെളിച്ചം.
ഒരീയാംപാറ്റച്ചിറകോ, 
സർക്കസുകാരന്റെ 
മെയ് വഴക്കത്തോടെയത്  
ചുമലിലേറ്റാൻ
ഒരുറുമ്പോ....   
ഇല്ല,
അടയാളമൊന്നുമില്ല.
പട്ടുപാവാടഞൊറികളിൽ
ഇരുട്ട് 
ലാസ്യമായഴിയുന്നയൊച്ച.
നിറങ്ങൾ പൂക്കൂടയിലഴിച്ചുവെച്ച് 
പൂക്കൾ, 
ഈറൻമാറുന്ന
ത്രസിപ്പിക്കുന്ന ഗന്ധം.
നനഞ്ഞിട്ടും നനഞ്ഞിട്ടും  
വറ്റാത്തയെണ്ണയിൽ
ഒരു തിരി, 
ആയിരം വിരലുകളാൽ 
ആകെയുഴിഞ്ഞ് 
പൊതിഞ്ഞുപിടിക്കുന്നെന്നെ,
അവർണനീയമായ
ഒരു പുരാതനശിൽപത്തെയെന്ന-
പോലെ.
അത്രയുമത്രയുമാഴത്തിലാണ് 
നിന്നെ ഞാൻ കൊളുത്തിവെച്ച-
തെന്റെ പ്രണയമേ.



2022, ഫെബ്രുവരി 3, വ്യാഴാഴ്‌ച

വാതിൽപ്പടിയിൽ
വന്നുനിൽക്കുന്നൊരുവൾ,
ഉറക്കംവരാതെ
വരിയിൽനിന്ന് വേറിട്ട്,
അടർന്നുപോകാതെ
സ്വയമടക്കിപ്പിടിച്ച്.
തോരാത്ത കണ്ണുകളും 
മഷിയൊഴുകി കറുത്ത കവിളും.
അവളിരുന്നു,
ചെറിയൊരു പൊട്ടുപോലെ 
ശേഷം ഞാനും.
മുറ്റത്ത്,
കൊഴിഞ്ഞുവീണയിലകളിൽ  
സന്ധ്യ നിറമഴിച്ചുവെച്ച  
മഴയുടെ നേർത്ത ഗന്ധം. 
കാറ്റ് വലിച്ചുകെട്ടിയ മറയിൽ 
മരങ്ങൾക്കു താഴെ 
ഇണചേരുന്ന ചില്ലകളുടെ
നിഴലുകൾ.
നേരമാകുന്നു,
നിലാവസ്തമിക്കുന്നു,
തൊടിയിൽ 
വിളഞ്ഞ് പാകപ്പെടുന്നിരുട്ട്.
കൊയ്തുകഴിഞ്ഞ് ആകാശവും.
അകംപുറമെഴുതി 
കണ്ടെടുക്കേണ്ടതായുണ്ട്,
ഒരു വാക്കിനും 
ഒരു പൂർണവിരാമത്തിനുമിടയിൽ
പൂത്തുനിന്നൊരു കാലത്തെ  
പച്ചകുത്തിയ കയ്യൊപ്പ്.




2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

കൂടൊഴിഞ്ഞു
ഞാൻ'എന്ന വരി 
നീയെങ്ങനെയാണ്
വായിക്കുക.
ഒരടയാളവാക്കുപോലും 
കൈമാറാതിരിക്കെ.
നിലാവിന്റെ ജാലകവിരി
മെല്ലെയൊതുക്കിവെക്കണം.
വെളിച്ചത്തിൽ മുങ്ങി
നിശ്ചലമായിരിക്കുന്നുണ്ടാവും
ദൂരെയൊരൂഞ്ഞാൽ.
ഊഞ്ഞാൽപ്പലകയിലേക്ക്
പറന്നുവന്നിരിക്കുമപ്പോൾ
ഒരു കുഞ്ഞു വെളുത്തതൂവൽ.
കിനാവേയെന്ന് നീട്ടിവിളിക്കണം.
ഒരു മാത്ര.....
മറുവിളി മാഞ്ഞുപോകും.
ഇരുണ്ട്,
ജാലകവിരി ഊർന്നുവീഴും.
രാപ്പാടികൾ പതിവിലുമുച്ചത്തിൽ 
പാടിപ്പറന്നുപോകും.
ചീവീടുകൾ ശ്വാസമെടുക്കാതെ
ചിലച്ചുകൊണ്ടേയിരിക്കും
കറുകറുത്തൊരു പൂവ്
കാറ്റിന്റെ കൈക്കുള്ളിൽനിന്ന്
നിന്റെ 
വിരൽത്തുമ്പിലേക്കടർന്നുവീഴും.
അപ്പോൾ നീ......
ഇനിയും ജനിച്ചിട്ടില്ലാത്ത 
നിനക്കെങ്ങനെയാണ് 
എന്നെക്കുറിച്ചെഴുതാനാവുക.