2017, ജൂൺ 16, വെള്ളിയാഴ്‌ച

കാഴ്ചവട്ടം


ഇരുട്ടിന്
കണികാണാൻ
തിരി കത്തിച്ചുവെച്ച
തൂക്കുവിളക്കുപോലെ
ഉള്ളകത്തിരുന്ന്
മിടിച്ചത്

ഒരു കീറിരുട്ടായ്
നുള്ളിയെടുത്ത്
മിന്നാമിനുങ്ങേന്ന്
ചൊല്ലിവിളിച്ച്
വിരലായ്
തുടിച്ചത്

തീയെന്നെടുത്ത്
ശ്വാസമിറ്റിച്ച്
തണുപ്പേന്ന്
ചേർത്തുപിടിച്ച്
ഉയിരായ്
പടർന്നത്

കാണാമറയത്തിരുന്ന്
വെളിച്ചപ്പെടുന്ന
കനിവേ

ഞാനിവിടെ,
ഉണങ്ങാനിട്ടിരിക്കുന്ന
മുറിവുകളുടെ മുറ്റത്ത്
വെയിൽകാഞ്ഞിരിക്കുന്നൊരോർമ്മ.

2017, ജൂൺ 15, വ്യാഴാഴ്‌ച

നിന്നെ വായിക്കുമ്പോൾ

വെയില് പൂത്ത
വഴിയിൽ
കവിത വിയർത്ത
കാറ്റേ ,

മുറുക്കിത്തുപ്പി
വിരിച്ചിടുന്നുണ്ട്
പൂവാക
ഒരു നാട്ടുവഴി

നിഴല് ചാഞ്ഞ
ചില്ലയിൽ
ഒരുങ്ങുന്നുണ്ടൊരു
കിനാക്കുടിൽ

തോരാതൊരു
വിരല് മിനുക്കി
ജലമെന്നു തൊട്ട്
നീയെന്നു വായിച്ച്
തുളുമ്പിപ്പോകുന്നൊരുവൾ

മറ്റെന്തു പറയാൻ
അവൾ ഞാനാണെന്നിരിക്കെ.
2017, ജൂൺ 4, ഞായറാഴ്‌ച

മഴമുറി(വ് )ചോരുന്ന
ആകാശത്തിന്
കുടപിടിക്കുന്ന
മറ്റൊരാകാശമായ്
ചോർന്ന്
അവൾ
ഉള്ളിലൊരു
നിറം മങ്ങിയ കുട
തലകീഴായ്
വിടർത്തി വെയ്ക്കും

ആർത്തലച്ച്
ഊർന്നിറങ്ങി
തുന്നിക്കെട്ടിയ
കണ്ണുകളിലൂടെ
ചോർന്നൊലിച്ച്
അവൻ
ഉള്ളാകെ നനയ്ക്കും

കീറത്തുണിയുടെ
മഴമറയിലൂടിറങ്ങി
പൊള്ളുന്ന പനിച്ചൂട്
തൊട്ടുനോക്കി
ചുരുണ്ടുകൂടുന്ന
പായപ്പുറത്ത്
ഊക്കോടെ ചിതറി
ചുട്ട മുളകിന്റെയെരിവിനായ്
ഞെരിപിരി കൊണ്ട്
അടിത്തട്ടിലാണ്ടുകിടക്കുന്ന
എണ്ണമുള്ള വറ്റുകളിൽ
ഇത്തിരി ചൂടുകാഞ്ഞ്
അടുക്കളത്തറയിലെ
ഒഴിഞ്ഞ പാത്രങ്ങളിൽ
നിറഞ്ഞു കവിയും

മഴയേ ,
കൊടും വേനലിലും
നനവാണെന്റെ കുടിലിന് .2017, ജൂൺ 1, വ്യാഴാഴ്‌ച

ആരോഹണം

ദൂരെ
കാണാത്ത
ദേശത്ത്
നിനക്കൊരു
കുടിലുണ്ടെന്ന്
മുറ്റത്തൊരു
പിച്ചകമുണ്ടെന്ന്
കിളിയുണ്ട്
കിളിമരമുണ്ടെന്ന്
മലയുണ്ട്
മലയ്ക്ക് ചൂടാൻ
മഞ്ഞുണ്ടെന്ന്
മഴയുണ്ട്
മദിച്ചുപെയ്യാൻ
കാടുണ്ടെന്ന്
കടവുണ്ട്
കരളു ചുവന്നൊരു
പുഴയുണ്ടെന്ന്
കിനാവിരുന്നിന്‌
വിരി വെയ്ക്കാൻ
കുളിരു ചുമന്നൊരു
കാറ്റുണ്ടെന്ന്

നീയുണ്ടെന്ന്
നിന്റെ നെഞ്ചിൽ
പച്ചകുത്തിയ
ഞാനുണ്ടെന്ന്

കുറിമാനവുമായ്
സന്ധ്യ വരുന്നുണ്ട്

നീയാം രാഗം തൊട്ട്
പൊട്ടുകുത്തട്ടെ ഞാൻ .