2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

പൊളിച്ചെഴുത്ത് / പൊളിയെഴുത്ത്

ഈയിടെ ടാറിട്ട
നാട്ടുവഴി കീറിമുറിച്ച്‌
ഇന്നലെ മൂവന്തിക്ക്
ചീറിപ്പാഞ്ഞൊരു  ഇരുകാലി .

ഇന്ന് പത്രത്താളിലെ 
ചരമക്കോളത്തിൽ
ചിരിച്ച മുഖമായി
ഞാനൊരു  വേറിട്ട വാർത്ത .

മേശപ്പുറത്ത്
നീട്ടി നിവർത്തിയിട്ട്
കീറിമുറിഞ്ഞ ശരീരത്തിൽ
മൂർച്ചയുള്ള കത്തികൊണ്ട്
തലങ്ങനെ വിലങ്ങനെ
വരകൾ .

ശ്വാസകോശം മുറിച്ച്
ശ്വാസമിറങ്ങിപ്പോയ
വഴികളിൽ  ആരൊക്കെയോ
കത്തിയുടെ മുന തൊടുന്ന 
കാൽപ്പെരുമാറ്റം .

നടന്നു ശീലിച്ച കാലുകളുടെ
നീളവും വീതിയും നിറവും
ഇടയ്ക്കിടെ മാറുമ്പോഴും
മേശയുടെ കാലുകൾക്ക്
ഞാനെത്ര കണ്ടിരിക്കുന്നു
എന്ന മട്ട് .

അടർത്തിയെടുത്ത് 
തിരിച്ചും മറിച്ചും നോക്കി
ചില്ലിനുമേലെ കുടഞ്ഞിട്ട
കറുത്തുപോയ കരളിന്റെ
ഒരു കഷ്ണം .

ആമാശയഭിത്തിയിൽ
ഇന്നലെ രാത്രി കുടിച്ചതിൽ
ഒറ്റപ്പെട്ടുപോയ
കഞ്ഞിയിലെ ഒരു വറ്റ്‌
എല്ലാവരും ചേർന്ന്
ഒരു വലിയ മല
താങ്ങിയെടുക്കുമ്പോലെയെടുത്ത്
പലവട്ടം പലതിൽ കുളിപ്പിച്ച്
ഉരുട്ടിയെടുത്ത് 
പുനഃസ്ഥാപിക്കൽ.

ഹൃദയമിരുന്നിടത്ത്
കുടിച്ചു വറ്റിച്ച
വേദനകളുടെ
സഹനത്തിന്റെ
പ്രത്യാശകളുടെ
അടഞ്ഞ വാതിലിന്റെ
നേർത്ത ഞരക്കം .

ചിതറിപ്പോയ ഗർഭപാത്രം
അവരൊരുമിച്ചു ചേർന്ന്
ഒതുക്കിക്കൂട്ടിയെടുക്കുകയാണ് 
എനിക്കൂഹിക്കാൻ കഴിയും
വെളുത്ത കടലാസ്സിൽ
എഴുതി തയ്യാറാക്കപ്പെട്ട 
ഒരു തിരക്കഥ
അടുത്തവൾ എത്തുംമുമ്പേ
എനിക്കിവിടം
ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട് .

അനാഥർ  കൊല്ലപ്പെടാറില്ല
ആത്മഹത്യ അവർക്കൊരു
നേരമ്പോക്കാണത്രെ ...!

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വരിയായവരിയൊക്കെ നീ പൂത്തതെന്ന്

കടലെടുത്ത വരിയെ
തിരകൊണ്ടെടുത്തപോലെ
ഒരു വരിയിൽ പൂവിട്ട്
ഋതുമതിയായ  രാവിനെ
വീണ്ടും പെറ്റ് മുലയൂട്ടണം .

മടക്കിവെച്ച നിലാവിനെ
നൂർത്തു നിവർത്തി വിരിച്ച് 
പാറ്റിയെടുത്ത കാറ്റിനെ
നിറയേ നിറച്ചൊരു 
തലയിണ തുന്നി 
ചാഞ്ഞു ചരിഞ്ഞിരുന്ന് 
വരിയേതുവരിയേതെന്ന്
നിലാവുന്ന ചന്ദ്രന്
ഇന്നലെ കണ്ട കിനാവിന്റെ
മുനമ്പെന്ന് വഴി കാട്ടണം .

രാക്കിളിയുടെ പാട്ടിൽ
മുറിയാതുറങ്ങാൻ
നാളെയൊരു മഴവില്ലിനെ
വരച്ചുകൊടുക്കാമെന്ന്
ആണയിട്ടുറപ്പിച്ച്‌  
നക്ഷത്രക്കുഞ്ഞുങ്ങളെ
താരാട്ടു പാടി കിടത്തണം .

ഒരു വരിയുടെ
വരകൊണ്ടത്രയും
ചോന്നതെങ്ങനെയെന്ന് 
തുടിക്കുന്നുണ്ട്
ഉള്ളകത്തിരുന്നൊരുവൾ .

നിറയെ പൂത്തുമലർന്ന
നിശാഗന്ധിയിൽ നിന്ന് 
ആ വരി കുടഞ്ഞെടുക്കണം
കടലെന്ന്
കരയെന്ന്
ആകാശമെന്ന്
നിവർന്നുകിടക്കുന്ന വരി..!

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കാഴ്ച്ചക്കുമപ്പുറം


തെളിഞ്ഞു കാണാം
ഒരു കുഞ്ഞുനക്ഷത്രം
ഞാൻ ഞാനെന്ന്
മുകളിലേയ്ക്ക് 
തുറിച്ചുനോക്കുന്നത് .

അന്നൊരിക്കൽ
പുതിയവീട്ടിലെ
പിന്നാപ്പുറത്തോടിവന്ന് 
പടവുകളെണ്ണിത്തീർത്ത്
അവളെന്നെ നോക്കാതെ
മടങ്ങിപ്പോയിരുന്നു .

തെറിച്ചു വീണ
കുറ്റിപ്പെൻസിലിൽ
അവളൊരു 
നിഴലായ് ചെന്നുതൊടുന്നത്
ശ്വാസമടക്കിപ്പിടിച്ച്‌
നിസ്സഹായതയോടെ
ഞാൻ കണ്ടുനിന്നു .

ദേവീന്ന്
ഉറക്കെയാരോ
വിളിക്കുന്നതു കേട്ട്
പിന്നെപ്പിന്നെ
ആക്രോശങ്ങളുടെ
കനത്ത ചീളുകൾ
അടുക്കള വാതിലിലൂടെ
പാഞ്ഞുവന്ന്
തൊടിയിലെ മരങ്ങളെ 
മുറിവേൽപ്പിക്കുന്നതു കേട്ട്
അമ്മയെന്നാണോ
ഇവരുടെ പേരെന്ന്
നൂറുവട്ടം സംശയിച്ച്
ദേവൂട്ട്യേന്നു നീട്ടിവിളിക്കാൻ
പലവുരു കൊതിച്ചതാണ് .

അലക്കുകല്ലിൽ
തുണിയുമവളുമുരയുമ്പോൾ
ചോര പൊടിയില്ലേന്ന്
പലവട്ടം
സങ്കടപ്പെട്ടു .

ഭയന്നോടിവന്ന് 
തിട്ടയിൽ ചാരിനിന്ന്
കണ്ണുതുടച്ച്
അവളാകാശത്താരെയോ 
തിരഞ്ഞിരുന്നു .
 
മാറിമാറിക്കെട്ടിയ
ചരടിൽ
കറങ്ങിയും ഉറങ്ങിയും
ഒരേ ഉയരത്തിൽ നിൽക്കെ 
അവളുടെ വളരുന്ന വിരലുകൾ
പലപ്പോഴും 
വന്നു തൊട്ടുപോയിട്ടുണ്ട് .

അന്ന്
ഒരുച്ചനേരം
തീർത്തും നിസ്സംഗയായി
ഉള്ളിലേയ്ക്കിറങ്ങിയ 
നിഴലും നോക്കിനിൽക്കുമ്പോൾ
അവളുടെ പിന്നിൽ
മറ്റൊരു നിഴൽ പതിഞ്ഞെന്നും
ആ നിഴലിന് അവളെക്കാൾ
ഉയരമുണ്ടായിരുന്നെന്നും
ഒച്ചയെടുത്തിരുന്നെന്നും
വിളിച്ചു പറയാൻ
നാവു പണിയാതിരുന്ന കൊല്ലൻ
അല്ലെങ്കിൽ തന്നെ
നാവുണ്ടായിട്ടെന്തു വിശേഷം !

വലിയ കൊട്ടയിൽ
ചീർത്തുമരവിച്ച
ശരീരവുംകൊണ്ടാണ്
അവസാനമായി ഞാൻ
കറങ്ങി നിന്നത് .

ഒറ്റയ്‌ക്കൊറ്റയ്‌ക്കെന്ന്
ഒന്നും ചെയ്യാനില്ലെന്ന്
ഉള്ളിലെ വെളിച്ചത്തിലേയ്ക്ക്
ഞാനെന്റെ കണ്ണിനെ തളച്ചിടുന്നു .


2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മഴവില്ല് മെടഞ്ഞു പിഴിഞ്ഞ്
മഴക്കൊട്ട നെറയ്ക്കാം പെണ്ണേ
കിനാവിന്റെ ചില്ലയെടുത്താ
ഇറമ്പൊന്ന് ചെത്തിയൊരുക്ക് .
*
*
മഴ വന്നു പോയിട്ട്
ഇലയുണ്ടു നിറഞ്ഞിട്ട്
കാറ്റൊന്നു കുടഞ്ഞിട്ടു
വിതയ്ക്കുന്ന് പുതുരാഗം.!

( ചിങ്ങപ്പെണ്ണുണർന്നല്ലോ പൂവേ ..)

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആദ്യമായി 'കവിത 'എന്ന് ഒരു പ്രസിദ്ധീകരണം പറയുന്നു .
സന്തോഷം .
( ബ്ലോഗിനെക്കുറിച്ച്‌  ശ്രീമതി .മൈത്രേയി ശ്രീലത
കേരളകൗമുദി വാരാന്തപ്പതിപ്പിൽ 2010 ജൂലായ് 31 ലക്കത്തിൽ 
എഴുതിയ ലേഖനം വായിച്ചപ്പോൾ തോന്നിയ സന്തോഷം
അതിനെ മറികടക്കാൻ ഇതിനു ആവുന്നില്ല തന്നെ..! )



2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ബ്ലാക്ക് & വൈറ്റ്

നടുവൊടിഞ്ഞ 
കോലായിലിരുന്ന്
പല്ലുപോയൊരു
ചാരുകസേര
കാലംതെറ്റി വരുന്ന
മഴയെ
കുടക്കാലുകൊണ്ട്
തൊഴിച്ചു നീക്കുന്നു .

ദെണ്ണത്തിന്
മരുന്നുണ്ടെന്ന്
മേശപ്പുറത്തു
തലകുമ്പിട്ടിരിക്കുന്ന
കേരളപാഠാവലിയിലേയ്ക്ക്
നടുവ് നിവർത്തുന്നു .

മരമിറങ്ങിപ്പോകുന്ന
വെളുത്ത കടലാസ്സിൽ
വിറകൊണ്ട്
നദിയെ വരച്ച്‌
തുഴയില്ലാത്തൊരു തോണി
ഒഴുക്കിവിടുന്നു .

പാകമെത്തും  മുമ്പേ
പറിച്ചുകൊടുക്കുമെന്ന് 
അണ്ണാറക്കണ്ണനെ വിളിച്ച്‌
നിറയെ കായ്ച്ച മാവിനെ നോക്കി
അറിയാത്ത  അക്ഷഹൃദയമന്ത്രം
ഉരുവിടാൻ തുടങ്ങുന്നു .

വിഷം തിന്നു ചീർത്ത
കരി പുരളാത്ത ചുവരിൽ
'അടുക്കളത്തോട്ടമില്ലാത്ത വീട്
വീടല്ലെന്ന് 'പറഞ്ഞ ചന്തുവിനെ
പഴയ നാലാംക്ലാസ്സുകാരന്റെ
ചിത്രകഥാപുസ്തകത്തിൽ നിന്നിറക്കി
ഒട്ടിച്ചു വെയ്ക്കുന്നു .

യന്ത്രപ്പെണ്ണുങ്ങളുടെ
ഗണികാഗൃഹവും
ശരീരസമൃദ്ധിയും കണ്ട് 
വലയിൽ കുടുങ്ങിയ
ഉറക്കച്ചടവുള്ള കണ്ണിനു നേരെ
ഒട്ടൊന്നു കൂനു നിവർത്തി 
വെറ്റിലക്കറ ആഞ്ഞുതുപ്പാൻ
കഴുത്തെവിടെയെന്നു
കാറിനോക്കുന്നു .

ചുവരിൽ തൂങ്ങുന്ന
കറുപ്പും വെളുപ്പും ചിത്രത്തിൽ
ഇടതുവശം ചേർന്ന ചിരി
തുപ്പൽകോളാമ്പി
അടുത്തേക്ക് നീക്കിവെച്ച്‌
കയറിപ്പോകുന്നു .