തെളിഞ്ഞു കാണാം
ഒരു കുഞ്ഞുനക്ഷത്രം
ഞാൻ ഞാനെന്ന്
മുകളിലേയ്ക്ക്
തുറിച്ചുനോക്കുന്നത് .
അന്നൊരിക്കൽ
പുതിയവീട്ടിലെ
പിന്നാപ്പുറത്തോടിവന്ന്
പടവുകളെണ്ണിത്തീർത്ത്
അവളെന്നെ നോക്കാതെ
മടങ്ങിപ്പോയിരുന്നു .
തെറിച്ചു വീണ
കുറ്റിപ്പെൻസിലിൽ
അവളൊരു
നിഴലായ് ചെന്നുതൊടുന്നത്
ശ്വാസമടക്കിപ്പിടിച്ച്
നിസ്സഹായതയോടെ
ഞാൻ കണ്ടുനിന്നു .
ദേവീന്ന്
ഉറക്കെയാരോ
വിളിക്കുന്നതു കേട്ട്
പിന്നെപ്പിന്നെ
ആക്രോശങ്ങളുടെ
കനത്ത ചീളുകൾ
അടുക്കള വാതിലിലൂടെ
പാഞ്ഞുവന്ന്
തൊടിയിലെ മരങ്ങളെ
മുറിവേൽപ്പിക്കുന്നതു കേട്ട്
അമ്മയെന്നാണോ
ഇവരുടെ പേരെന്ന്
നൂറുവട്ടം സംശയിച്ച്
ദേവൂട്ട്യേന്നു നീട്ടിവിളിക്കാൻ
പലവുരു കൊതിച്ചതാണ് .
അലക്കുകല്ലിൽ
തുണിയുമവളുമുരയുമ്പോൾ
ചോര പൊടിയില്ലേന്ന്
പലവട്ടം
സങ്കടപ്പെട്ടു .
ഭയന്നോടിവന്ന്
തിട്ടയിൽ ചാരിനിന്ന്
കണ്ണുതുടച്ച്
അവളാകാശത്താരെയോ
തിരഞ്ഞിരുന്നു .
മാറിമാറിക്കെട്ടിയ
ചരടിൽ
കറങ്ങിയും ഉറങ്ങിയും
ഒരേ ഉയരത്തിൽ നിൽക്കെ
അവളുടെ വളരുന്ന വിരലുകൾ
പലപ്പോഴും
വന്നു തൊട്ടുപോയിട്ടുണ്ട് .
അന്ന്
ഒരുച്ചനേരം
തീർത്തും നിസ്സംഗയായി
ഉള്ളിലേയ്ക്കിറങ്ങിയ
നിഴലും നോക്കിനിൽക്കുമ്പോൾ
അവളുടെ പിന്നിൽ
മറ്റൊരു നിഴൽ പതിഞ്ഞെന്നും
ആ നിഴലിന് അവളെക്കാൾ
ഉയരമുണ്ടായിരുന്നെന്നും
ഒച്ചയെടുത്തിരുന്നെന്നും
വിളിച്ചു പറയാൻ
നാവു പണിയാതിരുന്ന കൊല്ലൻ
അല്ലെങ്കിൽ തന്നെ
നാവുണ്ടായിട്ടെന്തു വിശേഷം !
വലിയ കൊട്ടയിൽ
ചീർത്തുമരവിച്ച
ശരീരവുംകൊണ്ടാണ്
അവസാനമായി ഞാൻ
കറങ്ങി നിന്നത് .
ഒറ്റയ്‌ക്കൊറ്റയ്‌ക്കെന്ന്
ഒന്നും ചെയ്യാനില്ലെന്ന്
ഉള്ളിലെ വെളിച്ചത്തിലേയ്ക്ക്
ഞാനെന്റെ കണ്ണിനെ തളച്ചിടുന്നു .